Leaderboard Ad

മുഖപുസ്തകത്തിലെ പെൺമുഖങ്ങൾ!

0

     ന്നിപ്പോൾ സാമൂഹിക, സാമ്പത്തിക സമത്വത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന കാലം. സമസ്തമേഖലകളിലുമുള്ള സ്ത്രീകളുടെ ഉന്നമനത്തെപ്പറ്റിയും സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റിയും ചർച്ചകൾ നടക്കുന്ന കാലം. പണ്ടെന്നുമുള്ളതിനേക്കാൾ സ്ത്രീകൾക്ക്‌ അവരുടെ ആവശ്യങ്ങളും അവകാശങ്ങളും തുറന്നു പറയാൻ കഴിയുന്ന കാലം. അതിനൊക്കെ ഒരു തുറന്ന വേദിയായി മാറിയിരിക്കുന്നു ഫെയ്സ്‌ബുക്കും അതുപോലുള്ള സോഷ്യൽ മീഡിയകളും. മുൻപ്‌ സമൂഹത്തിൽ ഒരുതരത്തിലും ഇടപെടാൻ അവസരം കിട്ടാതിരുന്ന സ്ത്രീകൾക്ക്‌ തങ്ങളുടെ അഭിപ്രായം തുറന്നുപറയാൻ തുറന്നുകിട്ടിയ ഒരിടം.

മുഖപുസ്തകത്തിലെ പെൺമുഖങ്ങൾ!

   ഇന്നും ഇന്നലെയുമല്ല സ്ത്രീകൾക്ക്‌ കുടുംബകാര്യങ്ങളിലും പൊതുകാര്യങ്ങളിലും അഭിപ്രായം ഉണ്ടായിത്തുടങ്ങിയത്‌. പുരുഷനുള്ളതുപോലെതന്നെ എല്ലാകാര്യങ്ങളിലും അവൾക്കും എന്നും അഭിപ്രായം ഉണ്ടായിരുന്നു. പക്ഷേ, വായമൂടിക്കെട്ടപ്പെട്ട ഒരു സാമൂഹികവ്യവസ്ഥിതിയിൽ അവളുടെ സ്വരം അവളുടെയുള്ളിൽത്തന്നെയൊടുങ്ങി. വിദ്യാഭ്യാസവും തൊഴിൽപരവുമായ മുന്നേറ്റത്തിലൂടെ സമൂഹത്തിൽ സ്ഥാനം കണ്ടെത്തിയപ്പോൾ അവളുടെ അഭിപ്രായത്തിനു കാതോർക്കാനും ആളുണ്ടായി, എതിർപ്പുകൾ ഉണ്ടായെങ്കിലും അതിനേക്കാൾ പിന്തുണ അവളുടെ ശബ്ദത്തിനുണ്ടായി.

         ഒരുകാലത്ത്‌, പ്രതികരിക്കുന്നവർക്ക്‌ വളരെ ചെറിയ ഒരു പ്ലാറ്റ്‌ഫോമേ ഉണ്ടായിരുന്നുള്ളൂ. അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും വളരെ ചെറിയ ഇടമേ അവർക്കു നൽകിയിരുന്നുള്ളൂ. ഇന്നിപ്പോൾ ഫെയ്സ്ബുക്കോ അതുപോലുള്ള മാധ്യമങ്ങളോ സാധാരണക്കാർക്കുനൽകുന്ന അഭിപ്രായാവതരണസ്വാതന്ത്ര്യം വളരെ വലുതാണ്‌. വളരെ കുറവുമാത്രം പെണ്ണെഴുത്തുകൾ പ്രത്യക്ഷപ്പെടുന്ന ഇക്കാലത്ത്‌ രാഷ്ട്രീയ-സാമൂഹികകാര്യങ്ങളിൽ ഇടപെടാൻ, അതുവഴി ചെറുതല്ലാത്ത അവബോധം സഹജീവികൾക്കുണ്ടാക്കാൻ അവൾക്കു കഴിയുന്നുണ്ടെങ്കിൽ അതിനു കാരണം ഈ സോഷ്യൽ മീഡിയകൾ തന്നെ.

      ജോലിക്കുപോകുന്ന ഒരു സ്ത്രീക്കുപോലും സന്ധ്യക്കു ഏഴുമണികഴിഞ്ഞു റോഡിൽ കണ്ടാൽ പത്തുപേർക്കു സമാധാനം പറയേണ്ട ഈ കാലത്തും അർദ്ധരാത്രിയിലും പുരുഷന്മാരുടെ ഇടയിലിരുന്നെന്നപോലെ തമാശപറയാനും ഗൗരവചർച്ചകൾ നടത്താനും കഴിയുന്നു എന്നത്‌ രസകരമായ പുരോഗതി തന്നെ. എന്നാലും പന്ത്രണ്ടുമണി കഴിഞ്ഞാൽ ഒരു പെണ്ണിന്റെ “പച്ചലൈറ്റ്‌” കത്തിക്കിടന്നാൽ “ഉറങ്ങാറായില്ലേ പെങ്ങളേ” എന്നന്വേഷിക്കുന്ന വ്യാകുലന്മാരിന്നും ഒട്ടും കുറവല്ല. ഈ ഭൂമി ഉരുണ്ടതാണെന്നും നമുക്ക്‌ ഇരുട്ടുമ്പോൾ മറ്റു പലയിടത്തും വെളുക്കുമെന്നും ഇവരിൽ പലർക്കും അറിയില്ലാന്നു തോന്നുന്നു.

        പഠനങ്ങൾ പറയുന്നത്‌ പുരുഷന്മാരെക്കാൾ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നത്‌ സ്ത്രീകൾ ആണെന്നാണ്‌. അതിശയിപ്പിക്കുന്ന മറ്റൊരു കണ്ടെത്തൽ 45 നു മുകളിലുള്ള സ്ത്രീകളാണേറ്റവും കൂടുതൽ ഇവിടെ സജീവമെന്നുള്ളതാണ്‌. എന്തായിരിക്കാം സ്ത്രീകൾ ഇവിടെ ചെയ്യുന്നത്‌? ഇവയൊക്കെ ഉപയോഗിക്കുന്നതിൽ എന്തു വ്യത്യാസമാണ്‌ സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഉള്ളത്‌? പ്രധാനവ്യത്യാസം പുരുഷന്മാർ വാർത്തകൾ പങ്കുവയ്ക്കുമ്പോൾ സ്ത്രീകൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു എന്നതാണ്‌. പുരുഷൻ വിശേഷങ്ങൾക്കിടയിലെ വാർത്തകൾ ചികയുമ്പോൾ സ്ത്രീ വാർത്തയ്ക്കുള്ളിലെ വിശേഷങ്ങൾ പരതുന്നു. അങ്ങനെ സോഷ്യൽ മീഡിയകൾ ആകെത്തുകയിൽ വാർത്തകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

മുഖപുസ്തകത്തിലെ പെൺമുഖങ്ങൾ!

     സാഹിത്യവാസനയും കലാവാസനയും പരിപോഷിപ്പിക്കാനും ഇതൊരു നല്ല ഇടമാണ്‌. തന്റെ ചെറിയതോതിലുള്ള എഴുത്തുകൾ മറ്റെങ്ങുമില്ലാത്തവിധം അംഗീകരിക്കപ്പെട്ടുകാണുമ്പോൾ അവൾക്കുണ്ടാകുന്ന ആനന്ദം ചെറുതല്ല. സൗഹൃതകൂട്ടായ്മകളും കുടുംബ സംഗമങ്ങളും നടപ്പാക്കാനും അതിലൂടെ അക്ഷരലോകത്തിനപ്പുറമുള്ളൊരു യാഥാർത്ഥ്യലോകം കണ്ടെത്താനും അവളെപ്പോഴും ശ്രമിക്കുന്നു.

  എല്ലാ നാണയങ്ങൾക്കും ഉള്ളതുപോലൊരു മറുവശം ഇതിനുമുണ്ടാകാതെ വയ്യല്ലോ. സമൂഹത്തിലെവിടെയും നേരിടുന്നപോലെ ഇവിടെയും പലതരത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നു. ഏറ്റവും മുന്നിൽ നിൽക്കുന്നത്‌ സാമൂഹികസുരക്ഷാപ്രശ്നംതന്നെ. ഇതുകൊണ്ടുതന്നെ, സ്ത്രീകൾ സ്വന്തം വിവരങ്ങൾ ഒരുപരിധിവിട്ടുവെളിപ്പെടുത്താൻ വല്ലാതെ ഭയക്കുന്നു. സമൂഹത്തിന്റെ പരിച്ഛേദമാണീ സോഷ്യൽ മീഡിയകളും എന്ന തിരിച്ചറിവിൽ തങ്ങളെ ചൂഴ്‌ന്നുനിൽക്കുന്ന അപകടങ്ങളെപ്പറ്റി ബോധ്യമുള്ളവരെന്നനിലയിൽ അവരെപ്പോഴും സംശയലാക്കോടെ ഇതിനെയും നോക്കിക്കാണുന്നു. അവരുടെ സംശയങ്ങളിൽ കഴമ്പില്ല എന്നു പറയാനാവില്ല.സൈബർബുള്ളിയിംഗ്‌ എന്നു വിളിക്കപ്പെടുന്ന പലതരം പ്രവൃത്തികളിലൂടെ സ്ത്രീകളെ മാനസ്സികമായി തകർക്കുന്ന കുറച്ചധികംപേർ സോഷ്യൽ മീഡിയകളിൽ സജീവമാണ്‌. സ്നേഹഭാവേന ചാറ്റിങ്ങിലൂടെ സമ്പാദിക്കുന്ന ഫോൺ നമ്പറുകളും സ്വകാര്യവിവരങ്ങളും, എന്തിനു അവളിട്ടിരിക്കുന്ന പ്രൊഫെയിൽ പിക്ചർ പോലും അവളുടെ നിൽനിൽപ്പിനുതന്നെ എതിരാവുന്നു. പലർക്കും ഫോൺ നമ്പർ മാറ്റേണ്ടിവരുന്നു. എക്കൗണ്ട്‌ ഡീആക്റ്റിവേറ്റ്‌ ചെയ്തു പോകേണ്ടിവരുന്നു.

       മറ്റൊന്നു മാനസികമായ പിരിമുറുക്കമാണ്‌. പല സ്ത്രീകളും ഇത്തരം മീഡിയകളെ സമീപിക്കുന്നത്‌ സ്വയം വെളിപ്പെടാനവസരം കിട്ടാത്തവർക്കുള്ള അത്താണിയായിട്ടാണ്‌. പുതിയ സൗഹൃതങ്ങൾ സ്ഥാപിച്ചും അവരോടു സല്ലപിച്ചും തനിക്ക്‌ ഉറ്റവരിൽനിന്നും കിട്ടാത്ത പരിഗണനയും അതുവഴിയുള്ള ആത്മവിശ്വാസവും അവൾ നേടിയെടുക്കുകയാണ്‌. അതുകൊണ്ടുതന്നെ, ഒരു പുതിയ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുമ്പോൾ അതിൽ കിട്ടുന്ന ലൈക്കുകളും കമന്റുകളും അവൾക്കു വിലപിടിച്ചതാവും. അതു നോക്കാനായിമാത്രം അവൾ പാതിരാത്രി എണീറ്റെന്നുവരും. അതുകിട്ടാതാവുമ്പോൾ ആവശ്യമില്ലാത്ത അങ്കലാപ്പിൽ ഉഴറീന്നു വരും. മറ്റൊരാൾ ഇട്ട മനോഹരമായ ചിത്രങ്ങളും കൊതിപ്പിക്കുന്ന യാത്രാവിവരണങ്ങളും കേമത്തം വിളംബുന്ന പാചകക്കുറിപ്പുകൾവരെ ചിലരുടെ ഉറക്കം കെടുത്തും. തന്നെക്കൊണ്ടൊന്നിനും കൊള്ളില്ലാന്നും മറ്റുള്ളവരെല്ലാം തന്നെക്കാൾ മിടുക്കികളെന്നും കരുതി വിഷാദത്തിലേക്കു കൂപ്പുകുത്താനും അധികനേരം വേണ്ട. സോഷ്യൽ മീഡിയ ആങ്ക്സൈറ്റി ഡിസോർഡർ എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ തന്റെ ശ്രദ്ധിക്കപ്പെടാതെപോയ ഒരു സ്റ്റാറ്റസോ, ഫോട്ടോയോ തന്റെതന്നെ പരാജയമായി അവൾ വിലയിരുത്തുന്നു.

     പെണ്ണുണ്ടായകാലം മുതൽതന്നെ അവൾക്കു സൗന്ദര്യബോധവും താൻ എല്ലാരാലും ശ്രദ്ധിക്കപ്പെടണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. എല്ലാകാര്യങ്ങളും ലൈംഗികമായ ഒരു കണ്ണിലൂടെക്കാണുന്നൊരു സമൂഹത്തിൽ, അങ്ങനെതന്നെ പ്രദർശിപ്പിക്കപ്പെട്ടാലേ നിലനിൽപുള്ളൂ എന്നു പെൺകുട്ടികൾ ധരിച്ചുവശായ ഒരു ചുറ്റുപാടിൽ അതിനു കിട്ടുന്ന അവസരങ്ങളിൽ ചെറുപ്പക്കാരികൾ തങ്ങളെ അങ്ങനെതനെ അവതരിപ്പിക്കുന്നു. ശരിക്കുപറഞ്ഞാൽ, പുരുഷകേന്ദ്രീകൃതവും പുരുഷനിർമ്മിതവുമായ ഒരു സമൂഹത്തിൽ, അവന്റെ ഇച്ഛയ്ക്കനുസരിച്ചുതന്നെയാണവൾ പെരുമാറുന്നത്‌. അതവളറിയാതെയാണെങ്കിൽപോലും. ഫെയ്സ്ബുക്ക്‌ ഉപയോഗിക്കുന്നതിൽ നല്ലൊരുപങ്കും സ്ത്രീകളാണെന്നും അതിൽത്തന്നെ നല്ലൊരുപങ്ക്‌ വരുമാനമാർഗ്ഗമുള്ള മുപ്പതുകവിഞ്ഞവർ തന്നെ എന്നറിയുമ്പോഴും സന്തോഷിക്കുന്നതിലും കൂടുതൽ പുരുഷന്മാർ തന്നെയാവണം. കാരണം, ഫെയ്സ്ബുക്കിൽ വരുന്ന ഒരു നല്ല ശതമാനം സ്ത്രീകൾ അതിലെ പരസ്യങ്ങൾ സ്ഥിരമായി നോക്കുന്നുവെന്നും അതിലാകൃഷ്ടരായി ഓൺലൈൻ പർച്ചേസ്‌ നടത്തുന്നുവെന്നും കാണാം. കൗമാരക്കാർ കൂട്ടുകാരോടു ചാറ്റ്‌ ചെയ്യാൻ ഇവ ഉപയോഗിക്കുമ്പോൾ മുപ്പതുകഴിഞ്ഞവർ ലോകവുമായി “കണക്റ്റ്‌” ചെയ്യാനാണിതുയോഗിക്കുന്നത്‌.

മുഖപുസ്തകത്തിലെ പെൺമുഖങ്ങൾ!

     ഇത്തരം പ്രശ്നങ്ങളൊന്നും പുരുഷന്മാർക്കില്ലാന്നല്ല. യഥാർത്ഥത്തിൽ സ്ത്രീകളെക്കാൾ വൈകാരികപ്രശ്നങ്ങൾ പുരുഷന്മാർക്കുണ്ടാകാറുണ്ട്‌ പക്ഷെ, സ്വതവേ ദുർബലമനസ്സുള്ള സ്ത്രീകളെ ബാധിക്കുന്നതുപോലെ മോശമായി പുരുഷന്മാരെ ഇതു പിടികൂടില്ല. സ്ത്രീകളതു മനസ്സിൽകൊണ്ടുനടക്കുകയും പെരുപ്പിച്ചു ചിന്തിക്കുകയും കൂടുതൽ വിഷാദിക്കുകയും ചെയ്യും. ഇതിൽനിന്നൊക്കെ രക്ഷവേണമെന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കില്ലേ? ഒരു ഏറ്റവും ഫലപ്രദമായ ഉപായം പറഞ്ഞുതരട്ടേ? മൗസ്‌ പോയിന്റ്‌ നേരെ ലോഗ്‌ ഔട്ട്‌ ബട്ടണിലേക്കു കൊണ്ടുപോകുക. ക്ലിക്ക്‌! യു ആർ ലോഗ്ഡ്‌ ഔട്ട്‌. നല്ലൊരു പുസ്തകം കൈയിലെടുക്കുക. തലയിലോടുന്ന ഫെയ്സ്ബുക്ക്‌ ചോണനുറുമ്പുകളെ കുടഞ്ഞെറിഞ്ഞ്‌ വായന തുടങ്ങുക. അല്ലെങ്കിൽ പൂന്തോട്ടത്തിലേയ്ക്കിറങ്ങുക. ചെടിക്കു വെള്ളം കോരുക, വാടിയ പൂക്കൾ നുള്ളുക, വൈകുന്നേരം നല്ല വേഗതയിൽ ഒരരമണിക്കൂർ നടക്കുക. ഇളംകാറ്റിനൊപ്പം നിങ്ങളുടെ മുടിയിളകുമ്പോൾ മുഖത്തു തണുത്തകാറ്റുരസുമ്പോൾ എല്ലാ അങ്കലാപ്പുകളും അസ്ഥാനത്താണെന്നു തോന്നുന്നില്ലേ? ഈ സ്ക്രീനിൽ കാണുന്നതിനപ്പുറമൊരു വിശാലലോകം. കാറ്റിനുപോലും കിന്നാരം പറയാൻ എന്തെങ്കിലുമുള്ളൊരു ലോകം!

         എല്ലാവർക്കും പ്രശ്നങ്ങളുണ്ടെന്നും അവരുടെയൊരു ഫോട്ടോയോ ഒരു കുറിപ്പോ കണ്ടിട്ട്‌ ആരെയും വിലയിരുത്താൻ കഴിയില്ലെന്നും മനസ്സിലാക്കുന്നിടത്ത്‌ പ്രശ്നങ്ങൾ ഒരുവിധം നിവൃത്തി വരുന്നു. ഈ ചതുരസ്ക്രീനിനപ്പുറം ഒരു ലോകമുണ്ടെന്നും എല്ലാവരെയും ബോധ്യപ്പെടുത്തി ജീവിക്കാനാവില്ലാന്നും തിരിച്ചറിയുമ്പോൾ ഇത്തരം അസ്വാസ്ഥ്യങ്ങളിലെ അർത്ഥശൂന്യതയെ നാം തിരിച്ചറിയും. സംഭവബഹുലമായ ഈ ലോകത്ത്‌ അൽപനേരത്തെ മാനസ്സികോല്ലാസത്തിനോ അഭിപ്രായപ്രകടനത്തിനോ അപ്പുറം പ്രാധാന്യമൊന്നും ഇതിനില്ല എന്നു തിരിച്ചറിയുമ്പോൾ, ഒരു രണ്ടോമൂന്നോനാൾ അങ്ങോട്ടു ചെല്ലാതിരുന്നാൽ അന്വേഷിക്കാൻ പോലും മെനക്കെടാത്തവിധം മറക്കപ്പെട്ടുപോകാൻ തക്കവണ്ണമുള്ള സുഹൃത്ബന്ധങ്ങളേ അതിലുള്ളൂ എന്നു തിരിച്ചറിയുമ്പോൾ, ഇതിനെയൊക്കെ കൂടുതൽ സൗമനസ്യത്തോടെ, കൂടുതൽ സമാധാനത്തോടെ സമീപിക്കാൻ കഴിയും.

ഫോട്ടോ കടപ്പാട്: iconarchive.com

Share.

About Author

137q, 1.274s