Leaderboard Ad

ആത്മീയവ്യാപാരം ചെറുക്കുക.

0

ആത്മീയാന്വേഷണത്തിന്റെ മറവിൽ കുറ്റകൃത്യങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള ചർച്ച അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് വന്ന വെളിപ്പെടുത്തലുകളോടെ സജീവമായി നടക്കുകയാണ്.കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങൾ ജനപ്രിയമാകുന്നതും വിശ്വാസ്യത നേടുന്നതും ലാഘവത്തോടെ സമീപിക്കാവുന്ന പ്രശ്നമല്ല.ഒരു കാലത്ത് ‘ഭ്രാന്താലയം’എന്ന് വിശേഷിക്കപ്പെട്ട പ്രദേശത്ത് മനുഷ്യസ്നേഹികൾ ചോരയും കണ്ണീരും ഒഴുക്കി,ജീവൻ പറിച്ചെറിഞ്ഞ് രൂപപ്പെടുത്തിയ പുരോഗമനോന്മുഖവും ജനാധിപത്യപരവുമായ ജീവിതാവസ്ഥയെയാണ് ആധുനികവും സമകാലികവുമായ തന്ത്രങ്ങൾ സമർത്ഥമായി ഉപയോഗിച്ച് പഴയ ഭ്രാന്താലയതുല്യമായി മാറ്റിക്കൊണ്ടിരിക്കുന്നത്.

നവോത്ഥാന മുന്നേറ്റങ്ങളുടെ ഒരു ഘട്ടത്തിൽ ഗുരുവായൂർ സത്യാഗ്രഹകാലത്ത് ആ സമരത്തിന്റെ രാഷ്ട്രീയം വിശദീകരിച്ചു കൊണ്ട് സഖാവ് കൃഷ്ണപിള്ള എഴുതിയ കുറിപ്പിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വളർന്നുവന്ന അനാചാരങ്ങൾ എങ്ങനെ സാമൂഹികജീർണതയായി മാറുന്നു എന്ന് നിരീക്ഷിക്കുന്നുണ്ട്.അത്തരം ജീർണതകൾക്കെതിരെയുള്ള പോരാട്ടം ആരാധനാലയങ്ങളിൽക്കൂടി നടക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് നവോത്ഥാനപ്രവർത്തനങ്ങളുടെ ഒരു മുഖം ഇത്തരം സമരങ്ങളിലൂടെ പ്രകാശിതമാകാനിടയാക്കിയത്.എന്നാൽ പിൽക്കാലകേരളത്തിൽ ജനാധിപത്യവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ പുരോഗമനമൂല്യങ്ങളെ പിഴുതെറിയാൻ ആസൂത്രിതമായി തന്നെ ശ്രമങ്ങൾ നടന്നിട്ടുണ്ട്.നടക്കുന്നുണ്ട്.ക്ഷേത്ര(പള്ളി)പുനരുദ്ധാരണം,സ്വർണ,താംബൂല,ദേവപ്രശ്നങ്ങൾ,യാഗങ്ങൾ,നേരത്തെ പ്രചാരത്തിലില്ലാത്ത മതാഘോഷങ്ങളുടെയും ആചാരങ്ങളുടെയും സ്വീകാര്യത,ആൽദൈവങ്ങൾ ഇവയൊക്കെ ഇത്തരമൊരു ശ്രമത്തിന്റെ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഭാഗമാണ്.കേവലമായി അന്ധവിശ്വാസം എന്ന് തള്ളിക്കളയാവുന്നവയല്ല ഇവ എന്നും നമ്മുടെ രാജ്യത്ത് ആധിപത്യത്തിനു ശ്രമിക്കുന്ന സാമ്പത്തികതാല്പര്യങ്ങളുടെ സാംസ്കാരികമുഖമാണ് ഇവ പ്രതിനിധാനം ചെയ്യുന്നത് എന്നും നാം തിരിച്ചറിയണം.

ഡോ;കെ എൻ ഗണേശ് എഴുതിയ ഈ നിരീക്ഷണം വളരെയധികം പ്രസക്തമാണ്. “പുതിയ ഹിന്ദുമതവും മൂലധനാധിപത്യവും തമ്മിലുള്ള ബന്ധവും മറന്നുകൂട. മാതാ അമൃതാനന്ദമയിമഠം വിദേശ ഫണ്ടുവാങ്ങുന്നുവെന്നു മാത്രമല്ല, അതു നടത്തുന്ന നിരവധി സ്ഥാപനങ്ങളിലൂടെ ഇന്നത്തെ മൂലധനാധിപത്യത്തിന് കീഴടങ്ങുന്ന ഭൗതികതതന്നെയാണ് പ്രചരിപ്പിക്കുന്നത്. മറ്റു നിരവധി “ഹിന്ദു” സ്ഥാപനങ്ങളുടെയും പ്രവര്ത്തനവും വ്യത്യസ്തമല്ല. “ഹിന്ദുത്വം” പ്രചരിപ്പിക്കുകയും “”പാശ്ചാത്യഭൗതിക “”സംസ്കാരത്തെ എതിര്ക്കുകയും ചെയ്യുന്നവര് ഇപ്പോള് ഇന്ത്യന് ജനതയെ കാര്ന്നുതിന്നുകൊണ്ടിരിക്കുന്ന നവലിബറല് പരിഷ്കാരങ്ങളെ വിമര്ശിക്കാന് തയ്യാറില്ല. ഹിന്ദുത്വത്തിന്റെ “വികസനനായക”നായ മോഡിയുടെ പരിഷ്കാരങ്ങള് പൂര്ണമായും തികഞ്ഞ കോര്പറേറ്റ്വല്ക്കരണമാണ്. ഇതിനെക്കുറിച്ചുനടന്ന വിവാദങ്ങളിലൊരിടത്തുപോലും നമുക്ക് ഹിന്ദുത്വവാദികളെയോ സന്യാസികളെയോ കാണാനാവില്ല. “”ആധ്യാത്മിക”” ഹിന്ദുമതത്തിന് ഭൗതികമായ മൂലധനാധിപത്യവുമായി ഒരുവിധത്തിലുള്ള പിണക്കവുമില്ല. നേരെതിരിച്ചും അങ്ങനെതന്നെയാണെന്നും വ്യക്തമാണ്.”

നമ്മുടെ നാടിനെ എല്ലാ അർത്ഥത്തിലും തകർക്കാൻ ശ്രമിക്കുന്ന ശക്തികളുടെ പ്രതിനിധാനമായി മാറിയ ഈ സാംസ്കാരികാഭാസങ്ങളെ മനസ്സിലാക്കി പ്രതിരോധിക്കാൻ ഓൺ ലൈൻ മീഡിയ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ‘നേർ രേഖ’ കലവറയില്ലാതെ പിന്തുണക്കുന്നു.

Share.

About Author

141q, 0.569s