Leaderboard Ad

മുറിവേല്‍ക്കപ്പെടാതിരിക്കട്ടെ നമ്മുടെ ബാല്യങ്ങള്‍

0

     ബാല്യങ്ങള്‍ -കുട്ടികള്‍ ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാല്‍ കുറ്റവാളികളെ  ശിക്ഷിക്കുന്നതിനു നമ്മുടെ സംസ്ഥാനത്തെ നിയമവ്യവസ്ഥ പര്യാപ്തമല്ലെന്ന് മനസ്സിലാക്കുകയും ഇക്കാര്യം നിയമനിര്‍മ്മാണസഭകളുടെ ശ്രദ്ധയില്‍ വരണമെന്ന ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിരീക്ഷണം പത്രദ്വാരാ അറിയുകയാലും ഭാരതത്തിലെ ഭരണഘടനയിലെ 39 (എഫ്) അനുച്ഛേദപ്രകാരം, ഒരു നിയമനിര്‍മ്മാണം ഉചിതമെന്ന് കാണുകയും മേല്‍ ഉദ്ദേശം നിറവേറ്റുന്നതിന് ഒരു ഒരു പുതിയ നിയമം അനിവാര്യമാണെന്ന് കാണുകയാലും  ഈ ബില്ല് കൊണ്ടുവരുന്നു.

   പന്ത്രണ്ടും പതിമൂന്നും കേരളനിയമസഭകളില്‍ ഞാന്‍ അവതരിപ്പിച്ച ബാല-ബാലികാ പീഡന നിരോധന നിയമത്തിന്റെ ഉദ്ദേശ കാരണങ്ങള്‍ ആണ് മുകളില്‍ പറഞ്ഞത് . ഇതില്‍ നിന്നും ചില കാര്യങ്ങള്‍ ബോധ്യമാവും.

1. കുഞ്ഞുങ്ങള്‍ ആണായാലും പെണ്ണായാലും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്

2.നിയമ വ്യവസ്ഥ പര്യാപ്തതമല്ലാത്തതിനാല്‍ കുറ്റവാളികള്‍ പലപ്പോഴും വേണ്ട രൂപത്തില്‍ ശിക്ഷിക്കപ്പെടുന്നില്ല

3.നിയമവ്യവസ്ഥ ഉണ്ടാക്കേണ്ടത് നിയമനിര്‍മ്മാണ സഭകളുടെ ഉത്തരവാദിത്തമാണ്

5. ഭരണഘടനയുടെ 38 അനുച്ഛേദപ്രകാരം നിയമനിര്‍മ്മാണം സാധ്യമാണ്.

1956 ലെ ബാലാധ്വാന നിരോധന നിയമം, 2006 ലെ ദേശീയ ബാല്യാവകാശ കമ്മീഷന്‍ നിയമം, 1986 ഇല്‍ നിലവില്‍ വന്നതും പിന്നീട് പരിഷ്കരിക്കപ്പെട്ടതും ആയ ബാലനീതി നിയമം തുടങ്ങി നിരവധി നിയമങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ നീതി നല്‍കുന്നതിനായി ഇന്ത്യയില്‍ ഉണ്ടെങ്കിലും അവര്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ ഇവയൊന്നും വ്യവസ്ഥ ചെയ്യുന്നില്ല. കുറച്ചെങ്കിലും പര്യാപ്തമായ ഒരു നിയമം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലവിലുള്ളത് ഗോവയില്‍ ആണ്.ഗോവന്‍ നിയമത്തിന്റെ ചുവടു പിടിച്ചാണ് ബാല-ബാലികാ പീഡന നിരോധന നിയമം തയ്യാറാക്കിയിട്ടുള്ളത്. ഈയ്യിടെ കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ഉള്ള ഒരു നിയമം (The protection of children from sexual offences bill ) ലോക്സഭ പാസാക്കി. ഇന്ത്യ മുഴുവന്‍ ബാധകം ആകുന്ന രൂപത്തില്‍ ഇത് നിയമം ആകുന്നതോട് കൂടി കുഞ്ഞുങ്ങളുടെ ജീവിതാന്തസ്സ് ഉയരുന്നതിനുള്ള സാഹചര്യം സംജാതമാകുമെന്നു പ്രതീക്ഷിക്കാം. ലോക്സഭയില്‍ ബില്ല് വന്ന സാഹചര്യത്തില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രസക്തി ഇല്ലാതായതിനാല്‍ അത് പിന്‍വലിക്കേണ്ടി വരും.

   പതിനെട്ടു വയസ്സിനു താഴെ ഉള്ളവരെ മുഴുവന്‍ ഈ നിയമം കുട്ടികള്‍ ആയാണ് പരിഗണിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ നേര്‍ക്കുണ്ടാകുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് പരിശോടിച്ചാല്‍ ഞെട്ടിപ്പിക്കുന്ന കാര്യം 50 ശതമാനം കുട്ടികളും പീടിപ്പിക്കപ്പെടുന്നത് സ്വന്തം വീടുകളില്‍ വച്ചാണ് എന്നതാണ്. ചെറുതല്ലാത്ത ശതമാനം പെണ്‍കുട്ടികളെയും പീഡിപ്പിച്ചത് സ്വന്തം പിതാക്കള്‍ തന്നെ ആണ് എന്നതാണ് മറ്റൊരു വസ്തുത. ബന്ധുക്കള്‍, അയല്‍ക്കാര്‍, കുടുംബ സുഹൃത്തുക്കള്‍ എന്നിവരും പ്രതിപ്പട്ടികയില്‍ വരുന്നുണ്ട്. അച്ഛനില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നും പീഡനം ഏറ്റു വാങ്ങുന്ന ഇവര്‍ ജീവിതകാലം എങ്ങിനെ തള്ളിനീക്കും എന്നാ ചോദ്യത്തിന് ഉത്തരം പറയാന്‍ ചിന്തിക്കുന്ന ഒരു സമൂഹം ബാധ്യസ്ഥരാണ്.

ബാല്യങ്ങള്‍ -

 ഭരണഘടനയുടെ 39(എഫ്) അനുച്ഛേദം ഇങ്ങനെ പറയുന്നു:

കുട്ടികള്‍ക്ക് ആരോഗ്യകരവും സ്വതന്ത്രവും അന്തസ്സുമുള്ള പരിതസ്ഥിതികളിലും വളരുവാന്‍ അവസരവും സൌകര്യവും നല്‍കുകയും ചൂഷണത്തില്‍ നിന്നും സാന്മാര്‍ഗ്ഗികവും ഭൌതികവുമായ പരിത്യജനത്തില്‍ നിന്നും ബാല്യത്തെയും യൗവ്വനത്തെയും സംരക്ഷിക്കുകയും ചെയ്യുക.

   മേല്‍പ്പറഞ്ഞ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ ആയി അറുപതിലേറെ വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു. നിയമസഭയില്‍ കൊണ്ട് വന്ന സ്വകാര്യ ബില്ലിലും പാര്‍ലമെന്റില്‍ ഇപ്പോള്‍ അവതരിപ്പിച്ച് പാസ്സാക്കിയ ബില്ലിലും പരാമര്‍ശിക്കപ്പെട്ട രണ്ടു സുപ്രധാന വക വകുപ്പുകള്‍ സ്വകാര്യതക്കുള്ള അവകാശം സംബധിച്ചും തെളിവ് നല്‍കേണ്ട ബാധ്യതയെ കുറിച്ചും ആണ്. സ്വകാര്യത സംബന്ധിച്ച് കേന്ദ്ര നിയമത്തില്‍ ഇങ്ങനെ പറയുന്നു , യാതൊരു കാരണവശാലും പരത്തി തന്ന കുട്ടിയെ രാത്രി മുഴുവന്‍ പോലീസ്‌ സ്റ്റേഷനില്‍ ഇരുത്താന്‍ പാടില്ല, മൊഴി രേഖപ്പെടുത്തുമ്പോള്‍ പോലീസ്‌ മഫ്തിയില്‍ ആയിരിക്കണം, ആവശ്യമെങ്കില്‍ ദ്വിഭാഷിയുടെ സഹായം തേടാം, മെഡിക്കല്‍ പരിശോധന രക്ഷിതാക്കളുടെ സാനിധ്യത്തില്‍ ആയിരിക്കണം, പെണ്‍കുട്ടി ആണെങ്കില്‍ പരിശോധന നടത്തുന്നത് വനിതാ ഗൈനക്കോളജിസ്റ്റ് ആയിരിക്കണം. കുട്ടിയുടെ വിശദാംശങ്ങള്‍ വിചാരണകോടതിയുടെ സമ്മതമില്ലാതെ മാധ്യമങ്ങള്‍ പരസ്യപ്പെടുത്തരുത്.

    തെളിവ് നല്‍കേണ്ട ചുമതലയെക്കുറിച്ച് കേന്ദ്രനിയമം പറയുന്നതിങ്ങനെ, കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാന്‍ ഉള്ള ബാധ്യത കുറ്റാരോപിതന്‍ ആയ വ്യക്തിക്കാണ്, ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും.

ബാല്യങ്ങള്‍ -   

സ്വകാര്യ ബില്ലിലെ വകുപ്പ്‌ 7 സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഇത് പ്രകാരം നിയമപ്രകാരമുള്ള നടപടി ക്രമങ്ങളില്‍ പീഡനത്തിന് ഇരയായ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ അവകാശം അന്വേഷനാധികാരി ഉറപ്പുവരുത്തേണ്ടതും പീഡനത്തിനിരയായ കുട്ടിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിധീകരിക്കല്ലെന്നു ഉറപ്പുവരുത്തേണ്ടതാണ് . ഈ നിയമപ്രകാരം പീഡനത്തിന് വിധേയരായ കുട്ടികളെ തിരിച്ചറിയുന്ന വിധത്തില്‍ ഏതെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ പ്രസ്തുത മാധ്യമത്തെ പത്തു ദിവസത്തേക്ക് സംസ്ഥാനസര്‍ക്കാര്‍ നിരോധിക്കെണ്ടതും ആണ്.

    വകുപ്പ്‌ 8 ഇങ്ങനെ പറയുന്നു. ഈ വകുപ്പ് പ്രകാരം കുറ്റം ആരോപിക്കപ്പെട്ട ആള്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനാണ്‌.. .

    തെളിയിക്കേണ്ട കടമ കുറ്റാരോപിതന്‍റെ ബാധ്യതയാവുന്നത് നമ്മുടെ പരമ്പരാഗത നീതി സങ്കല്‍പ്പത്തിനും സ്വാഭാവിക നീതിക്കും വിരുദ്ധമാണോ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. എന്നാല്‍ കുട്ടികള്‍, സ്ത്രീകള്‍,പാര്‍ശ്വവല്കൃതര്‍ എന്നിവരുടെ കാര്യത്തിലെങ്കിലും നിയമം ഇങ്ങനെ ചിന്തിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതാണ് എന്ന് തന്നെ കരുതാം.

Image courtesy : FreeDigitalPhotos.net

Share.

About Author

135q, 0.751s