Leaderboard Ad

മുല്ലപ്പൂ വിപ്ലവത്തിന്റെ ചരിത്രവും വർത്തമാനവും

0

മുല്ലപ്പൂ വിപ്ലവം ഗോത്രത്തലവന്‍മാരാലും രാജാക്കന്മാരാലും എകാധിപതികളാലും മത പൌരോഹിത്യത്താലും നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട അറബ് സമൂഹം ആധുനിക ജനാതിപത്യത്തിന്‍റെയും മതേതരത്വത്തിന്റെയും പൂവസന്തത്തിലേക്ക് പരിണമിക്കുന്ന മനം കുളിരുന്ന കാഴ്ചയാണ് ലോകം ദര്‍ശിക്കുന്നത്. ഏതൊരു സമൂഹത്തെപ്പോലെയും മഹത്തായൊരു ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും വസന്തകാലം അറബ് സമൂഹത്തിനും ഉണ്ടായിരുന്നിരിക്കണം. ചരിത്രത്തിന്‍റെ കുത്തൊഴുക്കില്‍ എവിടെയോ വെച്ച് അറബ് സമൂഹം ലോകത്തിന്‍റെ പുറകിലേക്ക് തള്ളപ്പെട്ടു.

നിരക്ഷരതയും ദാരിദ്ര്യവും മാത്രം കൈമുതലായുണ്ടായിരുന്ന പൂര്‍വ്വകാല അറബ് സമൂഹം കടലോരങ്ങളില്‍ കക്ക പെറുക്കിയും കടലാമകളെ ചുട്ടുതിന്നും മൃഗങ്ങളെ വേട്ടയാടിയും ഗുഹകളില്‍ അന്തിയുറങ്ങിയും ജീവിച്ചു പൊന്നു.മറ്റേതൊരു അപരിഷ്കൃത ഭൂഖണ്ഡങ്ങളിലെ ജനങ്ങള്‍ക്ക് സമാനമായി. ചരിത്രവികാസത്തിനു തുടക്കം ക്കുറിച്ച കൃഷിയും,ഉല്‍പന്നവും ഉത്പാദനവും,അടിമയും ഉടമയും ക്രയവിക്രയവുമെല്ലാം രൂപപ്പെടുത്തിയെടുത്ത ആധുനിക സമൂഹത്തിനൊപ്പമെത്താന്‍ അപ്പോഴും അറബ് സമൂഹങ്ങള്‍ക്ക് ആയില്ല. ആതിപത്യ മോഹങ്ങള്‍ പരസ്പ്പര വെട്ടിപ്പിടുത്തങ്ങളില്‍നിന്ന് ഗോത്രയുദ്ധങ്ങളിലേക്ക് വളരുകയും.ഗോത്രത്തലവന്‍മാര്‍ നാട്ടുപ്രമാണികള്‍ ആവുകയും നാട്ടുരാജ്യങ്ങള്‍കീഴടക്കി കയ്യൂക്കുള്ള പ്രമാണി രാജാവായി മാറുകയും ചെയ്തു.അങ്ങിനെയുള്ള ഒട്ടേറെ നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നുണ്ടായ രാജ്യങ്ങളുടെ ചോദ്യം ചെയ്യാത്ത രാജാക്കന്മാരുണ്ടായപ്പോള്‍ അറബ് സമൂഹത്തിനു ജനാതിപത്യത്തിന്റെ ജീവ വായു ആസ്വദിക്കാനായില്ല. ഒട്ടേറെ ചരിത്രപരമായ കാരണത്താല്‍ അങ്ങിനെ സംഭവിച്ചതാവാം.അറബികളുടെ പൂര്‍വ്വ കാല ചരിത്ര വിശകലനമല്ല ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത്.

ലോകോത്തര സാഹിത്യ സൃഷ്ടികളും,ഗ്രന്ഥ ശാലകളും,പ്രണയങ്ങളും പ്രണയ കാവ്യങ്ങളും, ഇബ്ൻ ബത്തൂത്തയെപ്പോലുള്ള സഞ്ചാരികളും,ഇബ്നു സീനയെപ്പോലുള്ളവരുടെ വൈദ്യ ശാസ്ത്രവും, എന്തിനു അധികം  ആണ്‍- പെണ്‍  വക ഭേദമില്ലാതെ നോബല്‍ ജേതാക്കള്‍ വരെയുണ്ട്. എണ്ണമറ്റ മജീഷ്യന്മാരും, എല്ലാ ചരിത്രത്തിന്‍റെ ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്നു. പിന്നീട് ആരാണ്  അറബ് സമൂഹത്തിനു  ആധുനിക ജനാതിപത്യത്തിന്‍റെ തെളിനീര്‍ നിഷേധിച്ചതെന്ന് നാം വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ സാമ്രാജ്യത്വക്കഴുകന്‍മാരിലേക്കും അവരാല്‍ വളര്‍ത്തപ്പെട്ട മത  ബ്രാന്തന്മാരിലേക്കുമായിരിക്കും ചെന്നെത്തുക. ചരിത്ര വികാസത്തിന്‍റെ ഒരു സവിശേഷ ദിശാസന്ധിയില്‍ ഉയര്‍ന്നുവന്ന ഒരു സാമൂഹിക-ആത്മീയ സന്ദേശമാണ് അറബ് ഇസ്ലാം. പതിനാലു ശതകം പഴക്കമുള്ള ആ മതത്തെ ആ നിലക്ക് കാണുന്നതിനു പകരം യാതൊരു തത്വദീക്ഷ യുമില്ലാതെ വെറുമൊരു അന്തകാരമായി പുനര്‍ നിർവചിക്കുകയും   പുനരവതരിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് സി ഐ എ എക്കാലത്തും സ്വീകരിച്ചതും ഇപ്പോഴും പയറ്റുന്നതും. മതരഹിത-ദൈവ രഹിത കമ്മ്യൂണിസത്തെ കശാപ് ചെയ്യാനുള്ള ആവേശം അറബ് മുസ്ലിം വിശ്വാസികളിൽ  കുത്തി വെച്ച് തുടക്കം കുറിച്ചു കൊണ്ടുള്ള അമേരിക്കന്‍ ചാര സംഘടനയുടെ ബുദ്ധികേന്ദ്രം തിരിച്ചറിഞ്ഞത് മുതല്‍ അറബ് ലോകത്ത് അശാന്തിയുടെ നാളുകള്‍ ആരംഭിച്ചു.

മുല്ലപ്പൂ വിപ്ലവം

അങ്ങിനെയാണ് അമേരിക്കന്‍ യുദ്ധങ്ങളും അമേരിക്കന്‍ ഇസ്ലാമും ഉണ്ടാവുന്നത്. ബൈബിളില്‍ പറയുന്ന ‘’ആര്‍മഗഡണ്‍’’ തന്‍റെ ഭരണ കാലത്ത് സംഭവിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന റൊണാൾഡോ റീഗൻ    ഒരിക്കല്‍ പറഞ്ഞിരുന്നു എന്ന് ചരിത്രം രേഖപെടുത്തിയിട്ടുണ്ട്‌. ബൈബിളില്‍ പറഞ്ഞ’’ആര്‍മഗഡന്‍’’നന്മയും തിന്മയും തമ്മിലുള്ള അന്തിമ യുദ്ധമാണ്. അഥവാ മുതലാളിത്തം എന്ന നന്മയും കമ്മ്യൂണിസം എന്ന തിന്മയും തമ്മിലുള്ള യുദ്ധം തന്‍റെ കാലത്ത് നടക്കുമെന്നും. കമ്മ്യൂണിസം ഭൂമുഖത്തുനിന്നും തുടച്ചു നീക്കപെടുമെന്നുമാണ് റീഗന്‍ അര്‍ത്ഥമാക്കിയത്. എവിടെയൊക്കെ  സോഷ്യലിസ്റ്റ്‌ – കമ്മ്യൂണിസ്റ്റ്‌  ചിന്താഗതി മേല്‍ക്കൈ നേടാന്‍ ശ്രമിച്ചുവോ അവിടെയൊക്കെ അമേരിക്കന്‍ ഉപജാപങ്ങളും അട്ടിമറികളും കൊലപാതകങ്ങളും,ആഭ്യന്തരകലാപങ്ങളും സംഘടിപ്പിച്ചു പോന്നു. കൊറിയയും,കോംഗോയും ,വിയറ്റ്നാം,ഇന്തോനേഷ്യയും ബൊളീവിയയും,ക്യൂബയും,ചിലിയും,എന്‍സാല്‍വഡോറും,നിക്ക്വരാഗ്വയുമൊക്കെ ഉദാഹരണങ്ങളാണ് . അഫ്ഗാനില്‍ സോവിയറ്റ് അനുകൂല ഭരണം വന്നപ്പോള്‍ അവിടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉപജാങ്ങള്‍ എത്തി. നജീബുള്ള സർക്കാരിനെതിരെയും  സോവിയറ്റ് സേനക്കെതിരെയും അഫ്ഗാനില്‍ ഗറില്ലാ യുദ്ധം നടത്തിയിരുന്ന മുജാഹിദുകളും പിന്നീട് നിലവില്‍ വന്ന താലിബാനും സി ഐ എ സൃഷ്ടികള്‍ ആയിരുന്നെന്നു ഇന്ന് ലോകത്തിനു ബോധ്യമായ കാര്യമാണ്.

മതരഹിത-ദൈവരഹിത കമ്മ്യൂണിസത്തിനെതിരെയുള്ള യുദ്ധം ഇസ്ലാമികമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഇസ്ലാമിക്ക് ജിഹാദികളുടെ സഹായത്താല്‍ അമേരിക്കന്‍ സാമ്രാജ്യത്വം സോവിയറ്റ് യൂണിയനെ തകർത്ത് തരിപ്പണം ആക്കിയതിന്റെ പരിണിത ഫലമോ കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, തുര്‍ക്കിമെനിസ്ഥാന്‍, അസര്‍ബൈജാന്‍, ഭുഖാര, സെര്‍ബ് തുടങ്ങിയ പട്ടിണി റിപ്പബ്ലിക്കുകള്‍ ഉണ്ടായി. അവിടങ്ങിളില്‍ ആവട്ടെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിക്കു എതിരേ കലഹിച്ച പഴയ സോവിയറ്റ് മുസ്ലിംകളും കൊടിയ ദാരിദ്യത്തില്‍ ആണ്ടു പോയ സ്ത്രീകളും പിന്നീട് ലോകത്തുള്ള മുഴുവന്‍ ചുവന്ന തെരുവുകളിലേക്കും പറിച്ചു നടപ്പെട്ടു. മുതലാളിത്വത്തിന്റെ പഞ്ച നക്ഷത്ര കൊട്ടാരങ്ങളിൽ ,അവരുടെ തന്നെ തെരുവുകളിലും ജീവിതം ഹോമിക്കപ്പെട്ടൂ.അന്ന് അമേരിക്കയും കൂട്ടാളികളും സോഷ്യലിസ്റ്റ്‌  സോവിയറ്റ് യൂണിയനെ ശിഥിലമാക്കിയത്തിന്റെ ഏറ്റവും കൊടിയ സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നതും മുസ്ലിം സമൂഹമാണ്. ഇപ്പോഴും മേല്‍പ്പറഞ്ഞ റിപ്പബ്ലിക്കുകളിലെ മുസ്ലിംസ്ത്രീകളെ മുതലാളിത്ത നാഗരിക നഗരങ്ങളില്‍ മാംസക്കച്ചവടം നടത്തുന്ന ദയനീയ യാഥാര്‍ത്ഥ്യം നമുക്ക് കാണാവുന്നതെയുള്ളൂ. സോഷിലിസത്തിന്റെയും സമാധാനത്തിന്റെയും മേല്‍ അമേരിക്കന്‍ സാമ്രാജ്യത്വം തുടര്‍ച്ചയായ ജൈത്രയാത്ര തുടരുന്ന ഒരു ഘട്ടത്തില്‍ ലോക മുസ്ലിം സമൂഹം തിരിച്ചറിവിന്റെ പാതയിലേക്ക് വന്നൂ എന്ന് വേണം മനസ്സിലാക്കാന്‍,അമേരിക്കയുടെ തന്നെ സൃഷ്ടിയായ ഇസ്ലാമിക്ക് ജിഹാദികള്‍ അമേരിക്കയുടെ തന്നെ കടുത്ത ശത്രുക്കള്‍ ആയി ചരിത്രം തിരിഞ്ഞു കൊത്തിത്തുടങ്ങി.

മുല്ലപ്പൂ വിപ്ലവം

ക്രൈസ്തവതയ്ക്ക്  എതിര്‍ ഇസ്ലാം എന്നോ അമേരിക്കയുടെ ശത്രു  ഇസ്ലാം എന്നോ അല്ലെന്ന് ജിഹാദി മുസ്ലിംകള്‍ അല്ലാത്ത ലോകത്തുള്ള എല്ലാ മുസ്ലിംകളും മനസ്സിലാക്കി. അറബ് മേഘലയില്‍ ജനാതിപത്യത്തിന്റെ ഇടിമുഴക്കങ്ങള്‍ ആരംഭിച്ചു.മതേതരത്വത്തിന്റെ വിശാലതയെക്കുറിച്ച് വീണ്ടു വിചാരമുണ്ടായി.ഉത്തരാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ നിന്നാണ് കാറ്റ് വീശിത്തുടങ്ങിയത്. അമേരിക്കന്‍ സാമ്രാജ്യത്വം പാലൂട്ടിപ്പോന്നിരുന്ന തീവ്ര ഇസ്ലാമിസ്റ്റുകള്‍ ടുണീഷ്യയിൽ നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. .മിതവാദി ഇസ്ലാമിക കക്ഷിയായ റഷീദ് ഗനൌഷി നയിക്കുന്ന ‘’എന്നഹദു’’(നവോത്ഥാനം )പാര്‍ട്ടി ഏറ്റവും കൂടുതല്‍ സീറ്റ് നേടി.സൈനുല്‍ അബിധീന്‍ ബെന്‍ അലിയുടെ 22വര്‍ഷം നീണ്ട അമേരിക്കന്‍ പിന്തുണയോടെയുള്ള എകാതിപത്യ വാഴ്ചക്ക് അറുതിവരുത്തിയ മുല്ലപ്പൂ വിപ്ലവമാണ് ടുണീഷ്യയില്‍ ഈ ജനവിധിക്ക് വഴിയൊരുക്കിയത്.സ്ത്രീകളും കുട്ടികളും ഇടകലര്‍ന്നു നില്‍ക്കുന്ന നീണ്ട ക്യൂ ലോകം ദര്‍ശിച്ചു. ജനാതിപത്യത്തോടുള്ള അടങ്ങാത്ത ദാഹം വോട്ടു ചെയ്യാന്‍ വേണ്ടി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നത് ടുണീഷ്യന്‍ ജനതയെ  ആലോസരപ്പെടുത്തില്ലെന്നു മാത്രമല്ല തെരഞ്ഞെടുപ്പു അവര്‍ ആഘോഷിക്കുകയായിരുന്നു. മിതവാദി ഇസ്ലാമിക് പാര്‍ട്ടിയായ’’അന്നഹദയ്ക്ക്.” ഏറ്റവും കൂടുതല്‍ വോട്ടു ചെയ്തത് സ്ത്രീകള്‍ ആയിരുന്നൂ എന്നതും ആവേഷമുണ്ടാക്കുന്നു. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 1960കളില്‍ രൂപീകരിച്ച ‘’ടുണീഷ്യന്‍ ഇസ്ലാമിക്ക് ട്രെന്‍റ് മൂവ്മെന്‍റ്’’ആണ് അന്നഹദ എന്ന് പേര്മാറ്റിയതും, മാത്രമല്ല.ജനാതിപത്യത്തിലും ബഹുകക്ഷി  സമ്പ്രദായത്തിലും ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു എന്ന് പ്രഖ്യാപിക്കുകയും  ചെയ്തു.ഏറെക്കുറെ തുര്‍ക്കിയിലെ ഭരണ കക്ഷിയായ ‘’ജസ്റ്റിസ് ആന്റ് ഡവലപ്പ്മെന്റു പാര്‍ട്ടിയുടെ സ്വഭാവമാണ്.ടുണീഷ്യയിലെ അന്നഹദയ്ക്ക്.ഇരുപതു വര്‍ഷത്തോളം ഏകാധിപതി ആയിരുന്ന ബെന്‍ അലി ആയിരക്കണക്കിന്  അന്നഹദ. പാര്‍ട്ടിക്കാരെ തുറങ്കലില്‍ അടച്ചിരുന്നു.അന്നഹദ നേതാവ് റഷീദ് ഗനൌഷി ബ്രിട്ടനില്‍ പ്രവാസിയായി കഴിയുകയായിരുന്നു.ബെന്‍ അലിയെ ഏകാതിപത്യത്തില്‍ നിന്ന് പറിച്ചു എറിഞ്ഞ  ശേഷമാണ് അദ്ദേഹം ടുനീഷ്യയില്‍ തിരിച്ചെത്തിയത്‌.മോന്‍സെഫ്  മർസൗക്കി  എന്ന മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോക്ടറുടെ  നേതൃത്വത്തില്‍ 2001ല്‍ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ്‌ ഫോര്‍ റിപ്പബ്ലിക്(സി എഫ് ആര്‍)ആണ് ടുണീഷ്യയിലെ രണ്ടാം കക്ഷി.മദ്ധ്യ ഇടതുപക്ഷ കക്ഷിയായി അറിയപ്പെടുന്നു സി എഫ് ആര്‍ എന്ന രണ്ടാം പാര്‍ട്ടി.അറബ് ദേശീയതക്കൊപ്പം മത നിരപേക്ഷ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നു.മൂന്നാം സ്ഥാനത്ത് എത്തിയത് സോഷിലിസത്തിനും മത നിരപേക്ഷതക്കും ദേശീയതക്കും വേണ്ടിപൊരുതുന്ന ‘’ബ്ലോക്ക് ഫോര്‍ലേബര്‍ ആന്‍റ് ലിബര്‍ട്ടിസ് ആണ്.മുസ്തഫ ബിന്‍ ജാഫര്‍ മുല്ലപ്പൂ വിപ്ളവാനന്തരം രൂപീകരിക്കപെട്ട സര്‍ക്കാരിലെ ആരോഗ്യ മന്ത്രികൂടിയാണ്.അന്നഹദയുടെ പ്രത്യയ ശാസ്ത്ര നിലപാടുകളെ എതിര്‍ക്കുന്ന ഒരു കടുത്ത സോഷ്യലിസ്റ്റ്‌  മതേതരപാര്‍ട്ടി വേറെയുമുണ്ട് അവിടെ.പതിനേഴു സീറ്റ് അവര്‍ക്ക് കിട്ടിഎന്നതും മതേതര വാദികള്‍ക്ക് ആവേശകരമാണ്.ഈ ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാപക നേതാവും അഭിഭാഷകനുമാണ് ‘’അഹമദ് നജീബ് ചബ്ബി’’2006മുതല്‍ മായ ജിബ്രി എന്ന വനിതയാണ്‌ ഈ ഇടതുപക്ഷ പാര്‍ട്ടിയെ നയിക്കുന്നത്.

ടുണീഷ്യയില്‍ നിന്ന് വസന്തത്തിന്റെ കൊടുങ്കാറ്റ്‌ നേരെ ചരിത്ര പ്രസിദ്ധമായ ഈജിപ്തിലേക്ക് ആയിരുന്നു. സുപ്രസിദ്ധമായ ഇസ്ലാമിക ജ്ഞാനികളാൽ ,പ്രവാചകന്‍ യൂസഫിന്റെയും ബീവി സുലൈഖയുടേയും ആസിയ ബീവിയുടെയും അബ്ദുല്‍ അസീസ്‌ രാജാവിന്റെയും ഫറോവയുടെയും നമ്രൂധിന്റെയും പ്രവാചക ശൃംഖലകളുടെ തന്നെ ചരിത്ര ഭൂമിയിലേക്ക് ആയിരുന്നു.അല്‍ മലകുല്‍ ഫവാധും,മകന്‍ ഫാരൂക്കുംമുഹമ്മദ്‌ നജീബും,ജമാല്‍ അബ്ദുല്‍ നാസറും,അന്‍വര്‍ സാദത്തും,ഹുസ്നി മുബാറക്കും,ഏറ്റവുമൊടുവില്‍ മുർസിയും  ഈജിപ്ഷ്യന്‍ ജനതയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു.കേട്ടിടത്തോളവും അറിഞ്ഞിടത്തോളവും ജമാല്‍ അബ്ദുന്നാസിര്‍ സോഷ്യലിസ്റ്റ്‌  മനോഭാവക്കാരനായിരുന്നു എന്നാണ്.അദ്ദേഹത്തിന്റെ കാലത്താണ് സാഹിത്യ സൃഷ്ടിക്ക്  അറബ്മേഘലയില്‍ നിന്ന് ആദ്യമായി ഒരു നോബെല്‍ ജേതാവുണ്ടാവുന്നത്.നജീബ് മഹ്ഫൂസ് എന്നാണ് അദ്ദേഹത്തിന്‍റെ പേര്.നജീബ് മഹ്ഫൂസ് സൃഷ്ടിച്ച പിരമിഡ്  എന്നാണ് ലോകം ആ സുദിനത്തെ വാഴ്ത്തിയത്.

മുല്ലപ്പൂ വിപ്ലവംസ്വീഡിഷ്  അക്കാദമിയുടെ  രാഷ്ട്രീയപക്ഷം പിടിച്ചുള്ള പതിവ് മുറകള്‍ തെറ്റിച്ചു ആദ്യമായി ഒരു അറബ് സാഹിത്യകാരന് കിട്ടിയ നോബൈല്‍ അംഗീകാരം.ജമാല്‍ അബ്ദുല്‍ നാസറിന് ശേഷം അധികാരത്തില്‍വന്നത് അന്‍വര്‍ സാദത്താണ്.സാദത്തിന്  ശേഷം വന്ന എകാധിപതിയും കുപ്രസിദ്ധനും ആയ  ഹുസ്നി മുബാറക്കാണ് നീണ്ട മുപ്പതു വര്‍ഷത്തില്‍ കൂടുതലായി ഈജിപ്ഷ്യന്‍ ജനതയെ സമ്പൂര്‍ണ്ണമായി കൊള്ളയടിച്ച ഏകാധിപതി. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വത്തോടും ഇസ്രായേല്‍ സയണിസത്തോടും ഇണങ്ങാനും പിണങ്ങാനും മടിയില്ലാത്ത ക്രൂരനായ ഏകാധിപതി.സ്വാതന്ത്ര്യത്തിനും ജനാതിപത്യത്തിനും ദാഹിച്ചിരുന്ന ഈജിപ്ഷ്യന്‍ ജനതക്ക് ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ളവം പ്രചോദനമാവുകയായിരുന്നു.സമരവേലിയേറ്റങ്ങള്‍ പ്രസക്തമാക്കിയ തെഹരീര്‍ സ്ക്വയറില്‍ നിന്ന് ഉയര്‍ന്ന ജനാതിപത്യത്തിന്റെ മുഷ്ട്ടിചുരുട്ടിയ കൈകള്‍ കൊടിയ സ്വേച്ഛാധിപതിയുടെ കൈകള്‍ക്ക് വിലങ്ങു വെച്ച് കാരാഗ്രഹത്തിലേക്ക് തള്ളിയിട്ടു.ലോകത്തിലെ ഏതൊരു സ്വേച്ഛാധിപതിയെയും കാത്തിരിക്കുന്നത് കൈവിലങ്ങുകള്‍ തന്നെയാണെന്ന്.അവസാനമായി തെളിയിച്ചത് മിസ്രിന്റെ തെരുവിലെ ജനാധിപത്യ മതേതര മോഹികള്‍ ആയിരുന്നു. എന്നാല്‍ ജനാധിപത്യത്തില്‍ ഒളിഞ്ഞിരിക്കുന്ന ഏകാധിപത്യവും മതാധിപത്യവും തിരിച്ചറിയുന്നതില്‍ ഈജിപ്ഷ്യന്‍ ജനത പിന്നെയും പരാജയപ്പെട്ടു.അങ്ങിനെയാണ് കടുത്ത മതവാദിയും പിന്തിരിപ്പനുമായ ബ്രദര്‍ഹുഡ് നേതാവ് മുർസിയെ ഒരു വര്‍ഷത്തോളം മിസ്രിലെ ജനങ്ങള്‍ക്ക് ചുമക്കേണ്ടി വന്നത്.

മുല്ലപ്പൂ വിപ്ലവം

സാമ്പത്തിക ജനായത്തഭരണവും സാംസ്ക്കാരിക ജനാധിപത്യവും ആയിരുന്നില്ല മതവാദിയായ മുർസിയുടെ ലക്ഷ്യം.പുറമേ ഇസ്ലാമിക് മിതവാദവും അകമേ കടുത്ത താലിബാനിസവും സൂക്ഷിക്കുന്ന ബ്രദര്‍ഹുഡ് സംഘടനയുടെ മത ഫാസിസ്റ്റ് ഫെണ്ടമെന്‍റ്ലിസം നിശബ്ദമായി നടപ്പാക്കല്‍ ആയിരുന്നു മുർസിയുടെ ലക്ഷ്യം.ജനാതിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബാല പാഠങ്ങള്‍ പഠിച്ച ഈജിപ്ഷ്യന്‍ ജനതക്ക് ചരിത്രത്തിന്‍റെ അനുഭവങ്ങളില്‍ നിന്ന് മുർസിയുടേയും കൂട്ടരുടെയും മതാത്മകവും പ്രാകൃതവുമായ ഹിഡന്‍ അജണ്ട മനസ്സിലാക്കാന്‍ മുർസിയെ ഒരു വര്‍ഷത്തില്‍ തന്നെ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. കാരണം കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ സ്വച്ഛന്ദതയുടെ ജീവ വായു അവര്‍ കണ്ണിലെ കൃഷ്ണമണിപോലെ ശ്രദ്ധിക്കുകയായിരുന്നു.കൊള്ളരുതാത്ത ജനാതിപത്യത്തെ ചോദ്യം ചെയ്യാന്‍ കൂടി ഈജിപ്ഷ്യന്‍ ജനത വളര്‍ന്നു എന്നതാണ് രാഷ്ട്രീയ നിരീക്ഷണ വിദഗ്ധര്‍ക്കും രാഷ്ട്രീയ വിദ്യാർഥികള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുക. സാമ്പത്തിക-സാമൂഹിക-സാംസ്ക്കാരിക-ആധുനിക ജനാധിപത്യം നടപ്പാവുന്നില്ലെങ്കില്‍ രാഷ്ട്രീയ ജനാധിപത്യം അർത്ഥരഹിതമാണ്   ലോകത്തിന്റെ കോമാളിത്ത ജനാധിപത്യത്തില്‍ നിന്ന് അവര്‍ പഠിച്ചു കഴിഞ്ഞതിന്‍റെ കൂടി ഫലമാണ്. മുർസിയുടെ സ്ഥാന ചലനം.മുതലാളിത്ത സര്‍വ്വാതിപത്യ ജനാധിപത്യത്തില്‍ സാധാരണ മനുഷ്യര്‍ക്ക്‌ ഇടമില്ലെന്ന് കപടവും വ്യര്‍ത്ഥവുമായ ജനാതിപത്യ വ്യവസ്ഥിതിയിൽ  ഞെരിഞ്ഞമര്‍ന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.അത്തരം ജനാധിപത്യ – സര്‍ഗാത്മകമായ ഉയര്‍ന്ന വിമര്‍ശന നിരീക്ഷണ വര്‍ഗപാഠങ്ങള്‍ എത്ര പെട്ടന്നാണ് ഈജിപ്ഷ്യന്‍ ജനത തിരിച്ചറിഞ്ഞത് എന്ന് ഓര്‍ക്കുമ്പോള്‍ അവരെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

അറബ് വസന്തത്തിന്റെ സാക്ഷാത്‌കാരത്തിന്റെ മുന്നിൽ  രണ്ടു വലിയ വെല്ലുവിളികള്‍ നമുക്ക് നിരീക്ഷിക്കാന്‍ കഴിയും ഒന്ന് സര്‍വ്വ വ്യാപിയായ മുതലാളിത്വ സാമ്രാജ്യത്വ വെല്ലുവിളി ലോകം ചെറുത്തു നില്‍ക്കും പോലെ  അറബ് ലോകവും ചെറുക്കേണ്ടി വരും. മറ്റൊന്ന് അറബ് ലോകത്ത് ശക്തമായും അറബ് മുസ്ലിം ലോകത്തിന് പുറത്ത് ഭാഗികമായും നേരിടേണ്ടിവരുന്ന മത തീവ്രവാദവും.ഈജിപ്തിനെ സംബന്ധിച്ചു രണ്ടാമത്തെ വെല്ലുവിളിയാണ് വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളത്.ലോകം ഇസ്ലാമിക വൽക്കരിക്കാൻ  കഴിയുമെന്ന് മണ്ടന്‍ധാരണ സ്വപ്നം കാണുന്ന തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആസ്ഥാനമാണ്‌ ഈജിപ്തിന്റെ തലസ്ഥാനമായ ഖൈറൊ. ഇസ്ലാമിക ഫാസിസം അവര്‍ക്ക് അന്യമല്ല.ദൈവത്തിന്റെ ഭൂമിയില്‍ ദൈവാധിപത്യം വേണമെന്ന മൌധൂധി സാഹിബിന്റെ ഗുരുക്കന്‍മാരായ കുതുബികളാണ്  അവിടെ ഗവേഷണം നടത്തുന്നതും.താലിബാനിസം പ്രചരിപ്പിക്കുന്നതും.മഹത്തായ ഇസ്ലാമിക പാരമ്പര്യ മുള്ള നല്ല ഒന്നാം തരം മുസ്ലിംകളില്‍ പ്പോലും യുദ്ധക്കൊതി ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയും.മറ്റേതൊരു ഫാസിസത്തെപ്പോലെ ഇതിനും  ആഗോള ശൃംഖലയുണ്ട് .സത്യത്തില്‍ ഈ ഇസ്ലാമിക തീവ്ര സംഘടനകള്‍ സഹതാപം അര്‍ഹിക്കുന്നുണ്ട്.വേദഗ്രന്ഥങ്ങളെ തെറ്റായും പരമ്പരാഗതവിവര ശൂന്യതയാലും വ്യാഖ്യാനിക്കുക വഴിയും ആഗോള സാമ്രാജ്യത്വത്തിന്റെ മനപ്പൂര്‍വമായ പ്രകോപനങ്ങളില്‍ പെട്ടുപോവുന്നവരുമാണ് തീവ്ര ഇസ്ലാമിക്ക് സംഘടനകള്‍, ഇസ്ലാമിക രാഷ്ട്രങ്ങളിലെ എണ്ണയില്‍ കണ്ണ് നട്ടിരിക്കുന്ന സാമ്രാജ്യത്വക്കഴുകന്മാര്‍ ഇടുന്ന ചൂണ്ടയില്‍ വേഗത്തില്‍ കൊത്തുന്ന ചെറുമീനുകളാണ്  ഒരര്‍ത്ഥത്തില്‍ ഇസ്ലാമിക്ക് തീവ്ര വാദ സംഘടനകള്‍, ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍. ഇറാഖിലും ലിബിയയിലും അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ലബനോണിലും പലസ്തീനിലും എന്നല്ല.കൊറിയയിലും ക്യൂബയിലും,വിയത്നാമിലും വെനിസ്വലയിലും എവിടെയും എവിടെയും മുതലാലിത്ത മൂലധന ശക്തികള്‍ നടപ്പാക്കുന്നത് അവരുടെ മൂലധന താല്പര്യമാണ്.ഈ ആഗോള മൂലധന ശക്തികളെ നേരിടേണ്ടത് മുതലാലിത്ത വിരുദ്ധ സോഷ്യലിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ ചേരിയാണ്. സാമ്രാജ്യത്വത്തിനു പകരം ജനാതിപത്യ മതേതര സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയാണ് എന്ന് അംഗീകരിക്കാന്‍ ഇപ്പോഴും ഇസ്ലാമിക്ക് തീവ്ര വാദികള്‍ കൂട്ടാക്കുന്നില്ല. അന്തകാലത്തെ ഗോത്ര ലഹളയും കൊച്ചു കൊച്ചു യുദ്ധങ്ങളും വീര ധീര കഥകളായി പുളകം കൊള്ളുന്ന സമീപനത്തില്‍ നിന്ന് അവര്‍ പിന്തിരിയണം.ലോകത്തുള്ള മഹാഭൂരിപക്ഷം സാധാരണ മുസ്ലിംകള്‍ ചിന്തിക്കുന്നതുപോലെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ചിന്തിച്ചേ മതിയാവൂ.ഈ ലോകം തന്നെ സ്വര്‍ഗമാക്കാം.പട്ടിണിയും ദാരിദ്ര്യവും കഷ്ട്ടപ്പാടുമില്ലാത്ത മനുഷ്യസമൂഹമാണ് സോഷിലിസത്തിന്റെ അനന്തര ഫലം.ചത്തുപോയാല്‍ സ്വര്‍ഗമുണ്ടെന്നു വിശ്വസിച്ചു അരയില്‍ ബോംബുകള്‍ വെച്ച് ചാവേറുകള്‍ ആകുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനു പൊട്ടിച്ചിരിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ല. വസന്തത്തിന്റെ പുതിയ ഇടിമുഴക്കങ്ങള്‍ക്ക് വേണ്ടി നമുക്ക് പോരാട്ടങ്ങളില്‍ ഒന്നിക്കാം.മതാന്ധതയില്‍ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വെള്ളി വെളിച്ചത്തിലേക്ക് കുതിക്കുന്ന അറബ് വസന്തത്തിനു ലാല്‍സലാം..

ഫോട്ടോ കടപ്പാട് (photo courtesy): freerangestock.com

Share.

About Author

133q, 0.667s