Leaderboard Ad

മാറ്റത്തിന്റെ കാറ്റ് മൗദൂദിസത്തിന്റെ ശ്വാസകോശത്തിലെത്തുമ്പോള്‍

0
ഇന്ത്യയില്‍ ആദ്യമായി ഭിന്നലിംഗ നയം നടപ്പിലാക്കിയ സംസ്ഥാനം എന്ന ചരിത്രനേട്ടം കൈയെത്തിപ്പിടിച്ചിരിക്കുകയാണ് കേരളം. ലിംഗം എന്ന സമസ്യക്കുതന്നെ ആണും പെണ്ണും എന്ന ദ്വന്ദത്തിനപ്പുറമുള്ള മാനങ്ങള്‍ സമൂഹം അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. തിരുവനന്തപുരത്തെ സ്വകാര്യ കോളെജ് ലയോള സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ക്യാംപസ് ആയി മാറിക്കഴിഞ്ഞു. ഇത്തരം ഒരു കാലഘട്ടത്തില്‍, 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍, ആണും പെണ്ണും ഒന്നിച്ചിരുന്നാലെന്ത് എന്ന ചോദ്യം തന്നെ ആഭാസകരമാണ്. നിര്‍ഭാഗ്യവശാല്‍ നൂറ്റാണ്ടുകളുടെ ചിലന്തിവലയുമായി ആ ചോദ്യം കേരളത്തിന്റെ സമൂഹമനഃസാക്ഷിക്കുമുന്‍പില്‍ അവതരിച്ചിരിക്കുകയാണ്. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ക്ലാസെടുക്കാന്‍ സാധ്യമല്ല എന്നു പറഞ്ഞതിനെതിരെ ഫറൂഖ് കോളെജിലാണ് ആദ്യം ഈ ചോദ്യം പിറവിയെടുക്കുന്നത്. ക്യാംപസിലെ പൊതുഇടങ്ങളില്‍ പോലും ആണ്‍-പെണ്‍ വേര്‍തിരിവു നടപ്പാക്കുകയും, ചോദ്യംചെയ്തപ്പോള്‍ വിദ്യാഭ്യാസസ്ഥാപനം മദ്രസയാക്കുന്നതില്‍ അഭിമാനമേ ഉള്ളു എന്നു വിളിച്ചുപറയുകയും ചെയ്ത അധികൃതരാണ് ഈ സമസ്യയെ സാംസ്‌കാരിക കേരളത്തിനു മുന്നിലേക്ക് പെറ്റിട്ടത്. മത-ജാതി-ലിംഗ ഭേദമന്യേ എല്ലാവരും അനുകൂലിച്ച ഫറൂഖ് കോളെജിലെ വിദ്യാര്‍ഥി പ്രതിഷേധത്തെ അവഗണിക്കുക മാത്രമല്ല, ഇതിനെ അനുകൂലിച്ചവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടാണ് പല കേന്ദ്രങ്ങളും സ്വീകരിച്ചത്. ജമാഅത്തെ ഇസ്ലാമിയും അതിന്റെ മുഖപത്രവും ഈ ചേരിയിലാണു നിലയുറപ്പിച്ചത്.
നവംബര്‍ 21നു പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ സി. ദാവൂദിന്റെ ‘ഫറൂഖ് കോളെജും മാര്‍ക്‌സിന്റെ ശ്വാസതടസവും’  എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ലേഖനം ഈ വിമര്‍ശനങ്ങളുടെ സാമാന്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതാണ്. എന്തുകൊണ്ടു ഫറൂഖ് കോളെജ് മാത്രം എന്ന പതിവു വാദത്തിനൊപ്പം സിപിഎമ്മിന്റെ നേതാക്കളായ തോമസ് ഐസക്കിനെയും എം. എ. ബേബിയേയും കടന്നാക്രമിക്കാനും ലേഖനം ഉത്സാഹിക്കുന്നു. ഇതില്‍, എന്തുകൊണ്ട് ഫറൂഖ് കോളെജ് എന്ന ചോദ്യത്തിന് ഇതിനോടകം അസംഖ്യം മറുപടികള്‍ പ്രമുഖരും പ്രഗല്‍ഭരുമായ നിരവധിപ്പേര്‍ തന്നുകഴിഞ്ഞു. പൊതുഇടങ്ങളില്‍പ്പോലും ആണ്‍-പെണ്‍ വേര്‍തിരിവു നടത്തുകയും, വിദ്യാര്‍ഥികളുടെ സ്വാഭാവിക പ്രതിഷേധം ശക്തമായി ഉയര്‍ന്നുവരികയും ചെയ്തപ്പോഴാണ് ഫറൂഖ് കോളെജ് വിഷയം മാധ്യമശ്രദ്ധ നേടുന്നത്. ഇതിനെത്തുടര്‍ന്നാണ് തോമസ് ഐസക് അടക്കമുള്ളവര്‍ പ്രതികരിക്കുന്നതും. എന്നാല്‍ ഇത്തരം പ്രതികരണങ്ങളെ ഇസ്ലാമോഫോബിയ എന്ന രീതിയിലേക്കു വരുത്തിത്തീര്‍ക്കുന്നതിനുള്ള പതിവു ശ്രമം ഈ ലേഖനത്തിലും തുടരുന്നുണ്ട്.
ഫറൂഖ് കോളെജ് മദ്രസയാണെങ്കില്‍ അതില്‍ അഭിമാനിക്കുന്നു എന്നു പറയുന്ന മാനേജ്‌മെന്റും കോളെജില്‍ ക്ഷേത്രമുള്ളതിനാല്‍ ബീഫ് അനുവദിക്കില്ല എന്നു പറയുന്ന കേരള വര്‍മ കോളെജ് മാനേജ്‌മെന്റും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്. വിദ്യാലയങ്ങളില്‍പ്പോലും മതത്തിന്റെ അധീശത്തം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രവണതയ്‌ക്കെതിരെ പുരോഗമന പ്രസ്ഥാനങ്ങള്‍ എതിര്‍ക്കുന്നതില്‍ എന്ത് അസ്വഭാവികതയാണുള്ളത്.
ലിംഗവിവേചനമല്ല കോളെജില്‍ നടക്കുന്നതെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ലേഖനം പക്ഷേ തുടക്കത്തില്‍തന്നെ പെണ്‍കുട്ടികളെപ്പറ്റിയാണ് തങ്ങളുടെ ആശങ്ക മുഴുവനും എന്നു വ്യക്തമാക്കുന്നു. ‘ഫാറൂഖ് കോളജിലെ പെണ്‍കുട്ടികളിന്ന് ഇടതു വരേണ്യതയുടെ വലിയ ആകുലതയായി കഴിഞ്ഞിരിക്കുന്നു.’ എന്നു തുടങ്ങുന്ന ലേഖനത്തിലുടനീളം സ്ത്രീശാക്തീകരണത്തെ കമ്മ്യൂണിസത്തോളംതന്നെ വലിയ ശെയ്ത്താനായി കണ്ട അബ്ദുള്‍ അഅ്‌ല മൗദൂദിയുടെ ഭയാശങ്കകളാണു നിഴലിക്കുന്നത്. കോളെജിലെ പൊതുഇടങ്ങളില്‍ വിദ്യാര്‍ഥികള്‍തമ്മില്‍ ഇടപെടുന്നതില്‍ വേര്‍തിരിവു കാണിക്കുന്ന കോളെജിന്റെ നടപടിയെ ബാലിശമായ കുയുക്തിയുമായാണ് ലേഖകന്‍ ന്യായീകരിക്കുന്നത്.
‘ലിംഗ വേര്‍തിരിവിനെതിരായ/ ലിംഗ വിവേചനത്തിനെതിരായ സമരം ബെഞ്ചുകളുടെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?  വെവ്വേറെ ബെഞ്ചുകള്‍ ഇടുന്നതിനും എത്രയോ മുമ്പ് തന്നെ ആണ്‍/പെണ്‍കുട്ടികള്‍ക്ക് വെവ്വേറെ ഹോസ്റ്റലുകള്‍ നിലവിലുണ്ടല്‌ളോ. ‘താലിബാനി’കള്‍ മാത്രമല്ല, വീരശൂര പുരോഗമനകാരികള്‍ നടത്തുന്ന കലാലയങ്ങളിലും ഹോസ്റ്റലുകള്‍ വേറെ വേറെയാണ്. സാക്ഷാല്‍ പീപ്ള്‍സ് റിപ്പബ്‌ളിക് ഓഫ് ജെ.എന്‍.യുവിലുമുണ്ട് ലിംഗം തിരിച്ച ഹോസ്റ്റലുകള്‍. എന്തുകൊണ്ടാണ് സി.പി.എമ്മും എസ്.എഫ്.ഐയും അതിനെതിരെ സമരം ചെയ്യാത്തത്? ഇരിപ്പു ബെഞ്ചിന്റെ കാര്യത്തില്‍ വേര്‍തിരിവ് പാടില്ല, കിടപ്പു മുറിയുടെ കാര്യത്തില്‍ ആവാം എന്നതിന്റെ സൈദ്ധാന്തിക ന്യായമെന്താണ്?’ എന്നും ലേഖനം ചോദിക്കുന്നു. ക്യാംപസില്‍ ഇരിക്കുന്നതും ഹോസ്റ്റലില്‍ കിടക്കുന്നതും തുല്യമാണെന്നു പറയുന്നതിലൂടെ അന്യപുരുഷന്‍മാരെ സ്ത്രീകള്‍ കാണുകകൂടി ചെയ്യുന്നതു വിലക്കുന്ന മൗദൂദിസത്തിന്റെ കടുപ്പക്കെട്ടുകളിലേക്കാണ് ദാവൂദ് തര്‍ക്കം എത്തിക്കുന്നത്.
തങ്ങളുടെ സ്ഥാപനത്തില്‍ ആണ്‍-പെണ്‍ സൗഹൃദം പോയിട്ട് സ്വാഭാവിക സാമൂഹ്യ ഇടപെടലുകളെപ്പോലും എത്രമാത്രം അസഹിഷ്ണുതയോടെയാണു കാണുന്നതെന്നു ലേഖനത്തില്‍ തുടര്‍ന്നും വ്യക്തമാക്കുന്നു. കേരളത്തിലെ ഭൂരിഭാഗം ക്യാംപസുകളിലേയും പൊതുഇടങ്ങള്‍ പൊതുഇടങ്ങളായിതന്നെ നിലനില്‍ക്കുമ്പോഴും ഫറൂഖ് കോളെജിനെ ന്യായീകരിക്കുന്നതിനു തുനിഞ്ഞിറങ്ങിയ ലേഖകനു സിപിഎമ്മിനോടാണ് വെല്ലുവിളികള്‍ ഉയര്‍ത്താനുള്ളത്. വിശേഷിച്ച്, ജനാധിപത്യ മഹിളാ അസോസിയേഷനോട് :
‘ലിംഗ വിവേചനത്തിന്റെ വിഷയത്തില്‍ അല്‍പം കൂടി വ്യക്തത വരുത്താന്‍ സര്‍വത്ര നടമാടുന്ന ഒരു ലിംഗ വിവേചനം ഞാന്‍ ഐസക്കിന്റെ ശ്രദ്ധയില്‍ പെടുത്താം. പാര്‍ക്കിലും ബീച്ചിലുമൊക്കെ ആണുങ്ങള്‍ക്ക് തങ്ങളുടെ മാറിടം പ്രദര്‍ശിപ്പിച്ചുകൊണ്ട് വന്നിരിക്കാം; കാറ്റുകൊള്ളാം. എന്നാല്‍, സ്ത്രീകള്‍ക്ക് അതിന് അവകാശമില്ല. ശരിക്കും നോക്കിയാല്‍ കൊടിയ ലിംഗ വിവേചനം. സ്ത്രീവാദ ചിന്തകള്‍ വികസിച്ച മുറക്ക് ഇതിനെതിരെ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. പൊതുവെ ടോപ്ലെസ് റൈറ്റ്‌സ് മൂവ്‌മെന്റ്‌സ് എന്നാണവ അറിയപ്പെടുന്നത്. ഫെമിനിസത്തിന്റെ വികാസം എന്നാണ് അത്തരം മുന്‍കൈകള്‍ അടയാളപ്പെടുത്തപ്പെടുന്നത്. സ്ത്രീകള്‍ക്കും പൊതുസ്ഥലങ്ങളില്‍ മാറിടം തുറന്ന് നടക്കാനുള്ള അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡസനോളം സംഘടനകളുണ്ട്. മഹിള അസോസിയേഷന്റെ അടുത്ത സമ്മേളനത്തിലേക്ക് ഇതിന്റെ പ്രതിനിധിയെ കൊണ്ടുവരാന്‍ തോമസ് ഐസക്കോ ടി.എന്‍. സീമയോ ശ്രമിക്കുമോ?’
സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട ഒരു സാമാന്യ മര്യാദയാണ് എതിര്‍പക്ഷത്തിന്റെ ലിംഗ-ശാരീരിക പ്രത്യേകതകള്‍ വാദമായി ഉപയോഗിക്കാതിരിക്കുക എന്നത്. ഈ സാമാന്യനീതി പോലും ഇവിടെ ലേഖകന്‍ പാലിച്ചിട്ടില്ല. മുലക്കരം ചോദിച്ച പൊന്നുതമ്പുരാന് മുലയരിഞ്ഞുകൊടുത്ത നങ്ങേലിമാരുടെ നാടാണ് മലയാളം. എന്തും പറയാമെന്നുള്ള ധാര്‍ഷ്യം കണ്ടാല്‍ താണുപോകുന്ന കരുത്തല്ല ഇവിടെ സ്ത്രീപക്ഷത്തു നിലയുറപ്പിച്ചിരിക്കുന്നവരുടേത്. എങ്കിലും, ഇത്തരം വാദമുഖങ്ങള്‍ ഉന്നയിച്ചതിലൂടെ ഈ വിഷയത്തില്‍ തങ്ങളുടെ ശരിയായ സ്ത്രീവിരുദ്ധ രാഷ്ട്രീയം കൂടി വ്യക്തമാക്കിയിരിക്കുകയാണ് മാധ്യമവും ജമാഅത്തെ ഇസ്ലാമിയും.
മാറ്റത്തിന്റെ കാറ്റ് മൗദൂദിസത്തിന്റെ ശ്വാസകോശങ്ങളില്‍ എത്തുമ്പോള്‍ ഏറെയും ആഹ്ലാദിക്കുന്നത് പെണ്‍കുട്ടികളാണ്. വര്‍ഷങ്ങളായി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മതില്‍ക്കെട്ടില്‍ കഴിഞ്ഞ, അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട നമ്മുടെ പാവം പെണ്‍കുട്ടികള്‍. 1882ല്‍ മാര്‍ക്‌സ് അനുഭവിച്ച ശ്വാസതടസത്തെപ്പറ്റിയും അദ്ദേഹം പ്രകടിപ്പിച്ച വര്‍ഗ-വര്‍ണ വിവേചനത്തെപ്പറ്റിയും വിമര്‍ശിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പത്രം, 1979ല്‍ മരിക്കുംവരെ അബ്ദുള്‍ അഅ്‌ല മൗദൂദി സാഹിബ് അനുഭവിച്ച ശ്വാസതടസത്തെപ്പറ്റി കൂടി ചിന്തിക്കണം. ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുമ്പോഴും ഏഴാം നൂറ്റാണ്ടിലെ നിയമങ്ങള്‍ പാലിക്കാന്‍ ശ്രമിച്ച്, ഒരുപരിധിവരെ വിജയിച്ച സ്ഥാപകനേതാവിന്റെ ശ്വാസതടസം ഫറൂഖ് കോളെജിലെ കുട്ടികളെ കാണുമ്പോള്‍ 21ാം നൂറ്റാണ്ടിലെ ശിഷ്യനും ഉണ്ടാകുന്നതു സ്വാഭാവികം. പക്ഷേ അതിനുള്ള ഇന്‍ഹെയ്‌ലര്‍ സിപിഎമ്മിന്റെയോ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയോ പോക്കറ്റിലല്ല തിരയേണ്ടത്.
(നവംബര്‍ 21നു പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ സി. ദാവൂദിന്റെ ‘ഫറൂഖ് കോളെജും മാര്‍ക്‌സിന്റെ ശ്വാസതടസവും’ എന്ന ലേഖനത്തിന്റെ മറുപടി)
എം. എസ്. അനുപമ
Share.

About Author

136q, 0.753s