Leaderboard Ad

യജ്ഞ പുനരുത്ഥാനത്തിന്‍റെ പ്രത്യയശാസ്ത്ര പരിസരം

0

ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും കേരളത്തിലും പുനരുത്ഥാനവാദത്തിന്‍റെ സാംസ്കാരവും രാഷ്ട്രീയവും മേല്‍ക്കൈ നേടാന്‍ ശ്രമിക്കുകയാണ്. സാമ്രാജ്യത്വ മൂലധനകേന്ദ്രങ്ങളുടെയും ചിന്താസംഭാരണികളുടെയും സജീവമായ പിന്തുണയും സഹായവും ഈ പുനരുത്ഥാനശ്രമങ്ങല്‍ക്കുണ്ട്. മതത്തിന്‍റെയും ജാതിയുടെയും ഗോത്രവംശീയതയുടെയും പേരിലുള്ള ഈ പുനരുത്ഥാനശക്തികളുടെ പ്രത്യയ ശാസ്ത്രം ആഗോളമൂലധനാധിപത്യത്തെ സേവിക്കുന്നതാണ്. വിദൂരഭൂതകാലത്തിലെ വിചിത്രമായ വിശ്വാസങ്ങളെയും അചാരാനുഷ്ടാനങ്ങളെയും പുനരായനിക്കുന്ന പുനരുത്ഥാനത്തിന്‍റെ പ്രത്യയശാത്രത്തിനു സാമ്രാജ്യത്വ പ്രത്യയശാസ്ത്രവുമായി യാതൊരുവിധ വൈരുധ്യവുമില്ല. സാമ്രാജ്യത്വത്തിന്‍റെ നവകൊളോണിയല്‍ അധിനിവേശശ്രമങ്ങളുടെ ഭാഗമായി എല്ലാവിധ പ്രതിലോമ പ്രത്യയശാസ്ത്രങ്ങളെയും അത് പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നുവെന്നതാണ് വര്‍ത്തമാന യാഥാര്‍ത്ഥ്യം.

മതനിരപേക്ഷതയുള്‍പ്പടെ ആധുനിക ജനാധിപത്യ ദേശീയതയുടെ ഭാഗമായി ചരിത്രത്തിലേക്ക് ഉജ്ജ്വലപ്രകാശം പരത്തിക്കൊണ്ടു കടന്നുവന്ന എല്ലാവിധ ആശയസംഹിതകളെയും നിരാകരിക്കുന്ന ഉത്തരാധുനികതയാണ് നവലിബറല്‍ മുതലാളിത്തത്തിന്‍റെ ദാര്‍ശനികാടിത്തറ. സാമ്രാജ്യത്വവും സാംസ്കാരിക ചിന്താ രംഗങ്ങളില്‍ അത് രൂപപ്പെടുത്തിയെടുക്കുന്ന പുതിയ സംവിധാനവും മാനവികതയെ തിരസ്കരിക്കുകയും നവോത്ഥാന പൂര്‍വ്വ  മധ്യകാലിക മത വിശ്വാസങ്ങളെയും അതിന്‍റെ സാക്ഷാത്ക്കാര മാര്‍ഗ്ഗങ്ങളായങ്ങളായ അനുഷ്ഠാനപരതയെയും മൌലികവാദ സിദ്ധാന്തങ്ങളായി ആവിഷ്ക്കരിച്ചെടുക്കുകയാണ്. മത, വംശ, ഗോത്ര, ദേശ ആദി ഘടകങ്ങളുമായിച്ചേര്‍ന്ന സ്വത്വരാഷ്ട്രീയത്തേയും അതിന്‍റെ വിവിധതലത്തിലുള്ള പുനരുത്ഥാന രൂപങ്ങളെയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 

ആധുനികതയുടെതായ എല്ലാറ്റിനെയും ചോദ്യം ചെയ്തുകൊണ്ട് തത്വചിന്താരംഗത്ത് ആധിപത്യം തേടുന്ന ഉതാരാധുനിക സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് ആശയങ്ങള്‍ക്കെതിരായ ഒരു പ്രത്യയ ശാസ്ത്ര പദ്ധതിയെന്ന നിലയില്‍ സാമ്രാജ്വത്വ മൂലധന ശക്തികളാല്‍ പ്രോല്സാഹിപ്പിക്കപ്പെടുന്നു. 

മാര്‍ക്സിസം ഒരു സാമൂഹിക വിശകലന പദ്ധതിയെന്ന നിലയില്‍ അപ്രസക്തമായി കഴിഞ്ഞിരിക്കുന്നുവെന്നും അതിനാല്‍ അതിന്‍റെ പരാജയത്തില്‍ നിന്നും പുതിയ സൈദ്ധാന്തിക അന്വേഷണങ്ങള്‍ അനിവാര്യമായിരിക്കുന്നുവെന്നും വാദിച്ചു കൊണ്ടാണ് ഉത്തരാധുനിക ചിന്തകള്‍ രൂപം കൊള്ളുന്നത്‌. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക ജീവിതത്തെ നിര്‍ണ്ണയിക്കുന്ന ഭൗതിക  ഉത്പാദനപ്രക്രിയയും അവ തമ്മിലുള്ള പാരസ്പര്യത്തെയും ഇവയെല്ലാമായി ബന്ധപ്പെട്ട വിവധ ജ്ഞാനരൂപങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും ഉത്തരാധുനികത നിഷേധിക്കുന്നു. ബന്ധത്തെ മാത്രമല്ല ഇവതമ്മില്‍ ചരിത്രപരമായി വികസിച്ചുവന്ന അന്തരത്തെയും ഉത്തരാധുനികത നിഷേധിക്കുന്നു. മനുഷ്യന്‍റെ സാമൂഹ്യവികാസത്തിന്‍റെയും അതിസാധാരണമായ ഉത്പാദന ബന്ധങ്ങളിലെ മാറ്റങ്ങളെയും കാണാന്‍ വിസമ്മതിക്കുന്ന ഉത്തരാധുനികത യാഥാര്‍ത്ഥത്തില്‍ ചരിത്രപരതയെ തന്നെ നിഷേധിക്കുന്ന പ്രത്യയശാസ്ത്ര ലീലകളാണ് അവതരിപ്പിക്കുന്നത്‌. ചരിത്രത്തിന്റെ മിഥ്യാ പൂര്‍ണ്ണമായ വിശ്വസങ്ങളാണ് എല്ലാ മൌലികവാദ ശക്തികളും മുന്നോട്ടു വെയ്ക്കുന്നത്.

ഉത്പാദന പ്രത്യുല്പാദന ബന്ധങ്ങളില്‍ നിന്നും പ്രക്രിയകളില്‍ നിന്നും വേറിട്ട വിമോചനത്തിന്റെ ബഹു സാധ്യതകള്‍ എന്ന തരത്തിലാണ് മൌലികവാദ രൂപങ്ങളെ വളര്‍ത്തുന്നത്. ഇത്തരം മൌലികവാദ ശക്തികള്‍ വഴി സമൂഹത്തെ ശിഥിലമാക്കുകയും ചെയ്യുക എന്നതാണ് സാമ്രജ്വത്വ മൂലധനം ഉത്തരാധുനികതയിലൂടെ ലക്‌ഷ്യം വെക്കുന്നത്. വിവര വിപ്ലവത്തിന്‍റെ നട്ടെല്ലായ ഇന്റര്‍നെറ്റും ഉപഗ്രഹ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി മാറ്റുന്ന സാമ്രാജ്വത്വതന്ത്രങ്ങളുടെ മറുവശമാണ് മതവര്‍ഗ്ഗീയ വിഭജനങ്ങലൂടെ ശിഥിലീകരിക്കുന്ന നാനാവിധത്തിലുള്ള സ്വത്വവാദ ഗ്രൂപ്പുകളെ രൂപപ്പെടുത്തുന്നത്. സാമ്രാജ്വത്വമെന്ന ബൃഹത്തായ അധികാര ഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ആധുനിക ദേശീയ രാഷ്ട്രസങ്കല്‍പ്പങ്ങളെ തന്നെയാണ് ഉത്തരാധുനിക പണ്ഡിതന്‍മാര്‍ ബൃഹദാഖ്വാനങ്ങളെ നിരാകരിക്കാനുള്ള ആഹ്വാനങ്ങളിലൂടെ ചോദ്യം ചെയ്യുന്നത്.

സോഷ്യലിസത്തെയും ജനാധിപത്യദേശീയതയേയും ചിന്താരംഗത്ത് ആക്രമിച്ച് നശിപ്പിക്കുകയും കോളനി വല്കരണത്തിനാവശ്യമായ ദേശീയ അടിമത്തത്തെ പ്രജനനിപ്പിക്കുകയുമാണ് സാമ്രാജ്വത്വ ചിന്താകേന്ദ്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മതത്തിന്‍റെയും ജാതിയുടെയും സങ്കുചിതവിശ്വാസങ്ങളുടെയും അനുഷ്ഠാനപരതയുടെയും പുനരുജ്ജീവനശ്രമങ്ങള്‍ ഈയൊരു പ്രത്യയശാസ്ത്ര പരിപാടിയുടെ ഭാഗമാണ്. ഇന്ത്യയില്‍ സംഘപരിവാറും സഖ്യകക്ഷികളും ഹിന്ദുമതാധിപത്യത്തിന്‍റെ പ്രാചീന മഹത്വത്തെ പുനരായനിക്കുവാന്‍ ശ്രമിക്കുന്നത് പോലെ എല്ലാ മതപുനരുധാനശക്തികളും അവരവരുടെ അവകാശവാദങ്ങല്‍ക്കനുസരിച്ചുള്ള ഭൂതകാലമഹത്വങ്ങളുടെ അധികാരവും അധീശത്വവും പുനസ്ഥാപിച്ചെടുക്കാനുള്ള പ്രതിലോമയജ്ഞങ്ങളിലാണ്. ഇവരെല്ലാം ചരിത്രത്തിന്‍റെ കപടവും കൃതിമവുമായ വ്യാഖ്യാനങ്ങളില്‍ നിന്നാണ് പ്രത്യയശാസ്തപരമായ ഊര്‍ജ്ജം സംഭരിക്കുന്നത്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ പുനരുത്ഥാനശക്തികള്‍ സംസ്കാരത്തെ മധ്യകാലമൂല്യങ്ങളിലേക്കും അനുഷ്ഠാനപരതയിലേക്കും തിരിച്ചുകൊണ്ടുപോകാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്രത്തിന്‍റെ മിഥ്യാപൂര്‍ണ്ണമായ വ്യാഖ്യാനത്തിലൂടെ ഒരു മഹത്വവല്ക്ക്രിക്കപ്പെട്ട ഭൂതകാലം (സങ്കല്പ്പികലോകം) അവര്‍ സൃഷ്ടിക്കുന്നു. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വസ്തുനിഷ്ഠപ്രശ്നങ്ങളും ഈ സാങ്കല്പ്പികലോകത്ത്‌ പരിഹൃതമാകുമെന്നു പ്രചരിപ്പിക്കുന്നു. പുനരുത്ഥാനത്തിന്‍റെ സംസ്കാരവും രാഷ്ട്രീയവും അതിലധിഷ്ഠിതമായ യജ്ഞപുനരുജ്ജീവന ശ്രമങ്ങളെയും ആള്‍ദൈവങ്ങള്‍ ഏറ്റെടുക്കുന്നത് നവലിബറല്‍ നയങ്ങളുടെ സൌകര്യങ്ങളും സൌജന്യങ്ങളും പറ്റി വളര്‍ന്ന നവസമ്പന്നവര്‍ഗ്ഗങ്ങളും മധ്യവര്‍ഗ്ഗങ്ങളും ആണെന്ന് കാണാം. മുതലാളിത്തത്തിന്റെ നവലിബറല്‍ പരിഷ്കരണങ്ങള്‍ തകര്ത്തു കളയുന്ന സാധാരണക്കാരും അതിവേഗം പുനരുത്ഥാനവാദത്തിന്റെ സ്വാധീനത്തില്‍ പെട്ടുപോകുന്നുണ്ട്. ഹൃദയശൂന്യമായ മോണിട്ടറിംഗ് നയങ്ങളും സമ്പന്നവര്‍ഗ്ഗമുണ്ടാക്കുന്ന അരക്ഷിതബോധവും അത് പ്രോത്സാഹിപ്പിക്കുന്ന ഭൌതികവളര്‍ച്ചക്കുള്ള ആഗ്രഹവും കൊണ്ട് സമ്മര്‍ദ്ദത്തിനടിമപ്പെടുന്ന താഴ്ന്ന ഇടത്തരക്കാരും പുനരുത്ഥാനസംസ്കാരത്തില്‍ അഭിരമിക്കുന്നവരായി മാറുന്നു. പാപങ്ങളില്‍ നിന്നുള്ള ‘വെര്‍ച്വല്‍’ മോചനം കാംക്ഷിക്കുന്ന ഒരാള്‍ക്കൂട്ട സംസ്കാരമാണ് പുനരുത്ഥാനവാദം സൃഷ്ടിക്കുന്നത്.

മുതലാളിത്തത്തിന്‍റെ അനുദിനം ഭീകരവും യുക്തിരഹിതവും ഹൃദയശൂന്യവുമായ ലോകത്ത് ഉയര്‍ന്ന പദവികളിലും സ്ഥാനമാനങ്ങളിലും എത്തുന്നവര്‍വരെ അത്യന്തം ഒറ്റപ്പെട്ടവരും തങ്ങളുടെ വളര്‍ച്ചക്കായി സ്വീകരിച്ച വഴികളില്‍ കുറ്റബോധമുള്ളവരുമാകുന്നുണ്ട്. ഇത്തരക്കാര്‍ക്ക്‌ അഭയവും ആശ്വാസവുമാകുന്ന ആചാരാനുഷ്ഠാനങ്ങളുടെ വളര്‍ച്ച ഇന്നും മറ്റ് ലോകരാജ്യങ്ങളില്‍ എന്നപോലെ വികസിത മുതലാളിത്തരാജ്യങ്ങളിലും വ്യാപകമായി കഴിഞ്ഞിട്ടുണ്ട്. അനുദിനം പാപ്പരാകുന്ന ഉല്പാ്ദനമേഖലകളും ദുസ്സഹമാകുന്ന ജനജീവിതവും ഉയര്‍ത്തുന്ന പ്രതിരോധങ്ങളെ വഴിതെറ്റിക്കാനുള്ള ഒരു രക്ഷാകവചംകൂടി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ സാമ്രാജ്യത്വമൂലധനം ഇതിനെയെല്ലാം ആളും അര്ത്ഥവും നല്‍കി പ്രോത്സാഹിപ്പിക്കുന്നു.

സാധാരണ മതത്തിനും മതാരാധനക്കും അതിന്‍റെ വ്യവസ്ഥാപിതമായ പുരോഹിതന്മാര്‍ക്കും നല്‍കാനാവാത്ത രോഗശാന്തിയും ദുരിതനിവാരണങ്ങളുമാണ് ആള്‍ദൈവങ്ങളും നവലിബറല്‍ കാലത്തെ യജ്ഞപുനരുജ്ജീവനവാദികളും വാഗ്ദാനം ചെയ്യുന്നത്.കേരളത്തില്‍ മാസ്സ് ഹിസ്റ്റീരിയയായി കഴിഞ്ഞ അമൃതാനന്ദമയി മുതല്‍ പൊട്ടാ വരെയുള്ള അത്ഭുതഗുണഫലങ്ങളാണ് സ്പര്‍ശനവും ദര്‍ശനവും ഭക്തിഗാനാലാപനവും വഴി നല്കുലന്നത്! അത്ഭുതരോഗശാന്തി മുതല്‍ അഭൌമമായ ആത്മീയശാന്തിയും ആനന്ദനിര്വൃങതിയും വേറെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു!! പ്രാകൃതവും ആധുനികലോകബോധത്തെ പരിഹസിക്കുന്നതുമായ ആചാരാനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനത്തിലേക്കെത്തുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളാണ് പുരോഗമനകാരികള്‍ വിശകലനം ചെയ്യേണ്ടത്. ജനങ്ങളില്‍ വലിയൊരു വിഭാഗം യജ്ഞപുനരുജ്ജീവന ശ്രമങ്ങളുടെയും ആള്‍ദൈവങ്ങളുടെയും ഉപാസകരായി മാറുന്ന സാമൂഹ്യരാഷ്ട്രീയ കാരണങ്ങളെയും അതിലേക്ക് അവരെ നയിക്കുന്ന മന:ശാസ്ത്രപരമായ പ്രശ്നങ്ങളേയും പഠിക്കാതെ പുനരുജ്ജീവനവാദത്തിനെതിരായ നവോത്ഥാനപരമായ പ്രതിരോധങ്ങളെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ കഴിയില്ല.

കേരളത്തില്‍ കഴിഞ്ഞ മൂന്നു ദശകക്കാലത്തിനിടയില്‍ ഹിന്ദുമത പുനരുദ്ധാനപരത പുതിയ രൂപഭാവങ്ങളില്‍ ശക്തിപ്പെട്ടുവരികയാണ്. നവോത്ഥാനവും ഇടതുപക്ഷമുന്നേറ്റവും സൃഷ്ടിച്ച സാംസ്കാരിക അധീശത്വത്തെ ചോദ്യം ചെയ്തും വെല്ലുവിളിച്ചുമാണ് പുനരുത്ഥാനശക്തികള്‍ മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്നത്. ജാതിജന്മിത്തത്തിനും വര്‍ഗ്ഗീയവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരായ സമരങ്ങളിലൂടെയാണ് കേരളം മറ്റിന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരോഗതി നേടിയത്. ചരിത്രത്തിന്‍റെ സ്വാഭാവികവും പുരോഗമനാത്മകവുമായ ഗതിക്ക് തടസ്സം നിന്ന ഭൌതികബന്ധങ്ങളെ അറുത്തുമാറ്റിയാണ് കേരളം ഭൂപരിഷകരണവും വിദ്യാഭ്യാസ പരിഷ്കരണവും യാഥാര്‍ത്യമാക്കിയത്. ആധുനിക സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങളുടെ നിരന്തരമായ ശ്രമഫലമായി സാംസ്കാരികമണ്ഡലത്തില്‍ സ്ഥിതിസമത്വാശയങ്ങളും മതനിരപേക്ഷനിലപാടുകളും സ്വാധീനമുറപ്പിച്ചു. ഒപ്പം തന്നെ സാമ്പത്തികഘടനയില്‍ പുരോഗമനവര്ഗ്ഗാങ്ങളുടെ രൂപീകരണവും ഒരു പരിധിവരെ നടന്നു. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പുരോഗമനങ്ങളുടെയും ആശയങ്ങളുടെയും ആധിപത്യവും ഇപ്പോഴും ഒരു പരിധിവരെ നിലനില്‍ക്കുന്നു. എന്നാലിന്ന് ആശയമണ്ഡലത്തിലെ പുരോഗമനചിന്തകള്‍ക്ക് വെല്ലുവിളി ഉയര്ത്തി ക്കൊണ്ടാണ് പുനരുത്ഥാനശ്രമങ്ങള്‍ സജീവമായിരിക്കുന്നത്. ആധുനികലോകബോധത്തെയും അത് സൃഷ്ടിച്ച യുക്തിചിന്തയും ശാസ്ത്രബോധത്തെയും നിശബ്ദമാക്കിക്കൊണ്ടാണ് പുനരുത്ഥാനശക്തികള്‍ അവരുടെ വിഭാഗീയ കൃത്യങ്ങള്‍ നടപ്പിലാക്കുന്നത്.

ഈ അനാശ്വാസ്യകരമായ പ്രവണതകളെ ഗൗരവപൂര്വ്വംഎതിര്‍ത്ത്‌ തോല്പ്പിക്കേണ്ടതുണ്ട്. ദാര്‍ശനിക ആശയവാദത്തെ ചോദ്യം ചെയ്ത മാര്‍ക്സ്‌ ‌ തന്‍റെ ഭൗതികനിലപാട്‌ വ്യക്തമാക്കിക്കൊണ്ട്മനുഷ്യന്‍റെ സാമൂഹ്യഅസ്ഥിത്വമാണ് അവന്‍റെ ബോധത്തെ നിര്ണ്ണയിക്കുന്നതെന്ന് പ്രഖ്യാപിച്ചു. തത്ത്വചിന്തയിലെ വളരെ സാമാന്യമായ ഇത്തരമൊരു പ്രസ്താവത്തെ ഗണിതശാസ്ത്രത്തിലെ സൂത്രവാക്യം പോലെ മനസ്സിലാക്കുന്നത് തെറ്റായിരിക്കുമെന്ന് ലെനിന്‍ പറയുന്നുണ്ട്. ഭൗതികസാഹചര്യമാണ് ബോധത്തെ, ആശയത്തെ രൂപപ്പെടുത്തുന്നതെങ്കിലും ആശയത്തിന് ഭൗതികയാഥാര്‍ത്ഥ്യങ്ങളെ മാറ്റിത്തീര്ക്കാന്‍ കഴിയുന്നുവെന്നതാണ് യാന്ത്രിക ഭൗതികവാദത്തില്‍ നിന്നും മാര്ക്സിസ്റ്റ് ദര്ശ്നത്തെ വ്യത്യസ്തവും പ്രസക്തവുമാക്കുന്നത്.ആശയങ്ങള്‍ഭൗതികശക്തിയായി ഭൗതികയാഥാര്‍ത്ഥ്യങ്ങളില്‍ പ്രതിപ്രവര്‍ത്തിക്കുകയും മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഭൗതിക ഉല്‍പാദനത്തിന്റെ അടിസ്ഥാനസമ്പദ്ഘടനയുടെ ഉപരിഘടനയിലെ വിവിധജ്ഞാനചിന്താ രൂപങ്ങള്‍ക്ക്‌ അടിത്തറയെ തിരിച്ചു സ്വാധീനിക്കാന്‍ കഴിയും. ഇതുകൊണ്ടാണ് ഒരു വര്‍ഗ്ഗഘടന ചരിത്രത്തില്‍ നിന്നും തിരോഭവിക്കുമ്പോള്‍ അത് ഉല്‍പാദിപ്പിക്കുകയും നിലനില്‍പിനു ആധാരം ആക്കുകയും ചെയ്ത ആശയമണ്ഡലവും അവയ്ക്കൊപ്പം സ്വാഭാവികമായി തിരോഭാവിക്കുന്നില്ല എന്ന് മാര്‍ക്സിസ്റ്റുകാര്‍ പറയുന്നത്. സാമ്രാജ്യത്വത്തിന്‍റെ നവകൊളോണിയല്‍ മൂലധനശക്തികള്‍ തങ്ങളുടെ അധീശ്വത്തിന് ആവശ്യമായ രീതിയില്‍ കാലഹരണപ്പെട്ട വിശ്വാസങ്ങളും ആശയങ്ങളും തങ്ങളുടെ പ്രത്യയശാസ്ത്ര മൂലധനമാക്കി മാറ്റുന്നു.

ചൂഷണാധിഷ്ടിതമായ പുതിയ വ്യവസ്ഥയുടെ അതിജീവനത്തിനായി പഴയ ചൂഷണവ്യവസ്ഥയുടെ ആശയമണ്ഡലത്തിന്‍റെ സ്വാത്മീകരണമാണ് ഇവിടെ നടക്കുന്നത്. കാലഹരണപ്പെട്ട ആചാരങ്ങള്‍, ചിന്താരീതികള്‍, ജീവിതശൈലികള്‍ എന്നിവയെ പുതിയസാഹചര്യത്തിനു ആവശ്യമായ രീതിയില്‍ പുനരാവിഷ്കരണം നടത്തുകയാണ് പുനരുത്ഥാനശക്തികളുടെ സാമ്രാജ്യത്വമൂലധന ശക്തികള്‍ വര്‍ഗ്ഗബന്ധങ്ങളിലെ മാറ്റങ്ങളും വര്‍ദ്ധിതമാകുന്ന ഇടത്തരക്കാരും അത് സൃഷ്ടിക്കുന്ന മധ്യവര്‍ഗ്ഗസന്ദിഗ്ധതകളും ഉപഭോഗതൃഷ്ണയും ബഹുഭൂരിപക്ഷത്തിന്‍റെ അരക്ഷിതബോധവും മുതലെടുത്തുകൊണ്ടാണ് പുനരുത്ഥാനശക്തികള്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ആഗോളഫൈനാന്‍സ്മൂലധനം പുതിയഉല്‍പാദനബന്ധങ്ങളിലെക്കും സാമൂഹ്യബന്ധങ്ങളിലെക്കും കാലഹരണപ്പെട്ട ജീര്‍ണ്ണശക്തികളെയും മൂല്യങ്ങളെയും കൂടി സാംശീകരിച്ചു കൊണ്ടാണ് തങ്ങളുടെ അധീശത്വം ദൃഡീകരിച്ചെടുക്കുന്നത്.

ഈ ചരിത്രസാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നു വേണം കേരളത്തില്‍ തീവ്രഗതിയില്‍ വളര്‍ന്നുവരുന്ന പുനരുത്ഥാനശ്രമങ്ങളെ പരിശോധനാവിധേയമാക്കേണ്ടത്. യജ്ഞപുനരുജ്ജീവനശ്രമങ്ങളില്‍ വ്യാപൃതരായിരിക്കുന്ന സംഘങ്ങളുടെ ലക്ഷ്യം സംസ്കാരത്തിന്‍റെ പുനരുത്ഥാനമാണ്. ഈ പുനരുത്ഥാനവാദികളും അവരുടെ ആഗോളസൂത്രധാരന്മാരും അവര്‍ അവകാശപ്പെടുന്നതുപോലെ മതത്തോടോ ധര്‍മ്മവ്യവസ്ഥിതികളോടോ സാംസ്കാരിക, വിശ്വാസമണ്ഡലങ്ങളിലെ സ്വത്വസവിശേഷതകളോടോ പ്രതിബദ്ധരല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. അവരുടെ വിശ്വാസ സാംസ്കാരിക സങ്കല്‍പങ്ങളുടെ സത്തമൂലധനത്തോടുള്ള അധമ്യമായ വിശ്വസ്ഥതയും വിധേയത്വവുമാണ്. സംസ്കൃതപ്രാമാണ്യത്തിന്‍റെ ഇല്ലക്കഥകളില്‍ അഭിരമിക്കുന്ന ‘കിഴക്കിന്‍റെ പഠനങ്ങളാണ്’ യജ്ഞപുനരുജ്ജീവനത്തിന് പ്രചോദനമേകിയത്. പ്രാകൃതമായ ‘എഷ്യാറ്റിക്ക് സമൂഹത്തി’ന്‍റെ വിചിത്രരീതികളെ പരീക്ഷിച്ചറിയാനുള്ള ഓറിയറ്റലിസ്റ്റ് പണ്ഡിതന്‍മാരുടെ കൗതുകം മാത്രമായി ഇതിനെ ലഘൂകരിച്ചുതള്ളാനുമാവില്ല. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫ്രിസ്റ്റൊളും പാര്‍പോളയും 1975ല്‍ തുടങ്ങിവച്ച അതിരാത്രത്തിന്‍റെ അനുശൂതി നിലനിര്‍ത്തുവാന്‍ അദൃശ്യമായ കേന്ദ്രങ്ങളുടെ രക്ഷാകര്‍തൃത്വത്തില്‍ നിരവധിസംഘങ്ങള്‍ കേരളത്തില്‍ ജനിച്ചിട്ടുണ്ട്. 1982 ല്‍ പി.മാധവ്ജിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട “ഏര്‍ക്കര ഫൌണ്ടേഷന്‍” ശ്രൌതപാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള സംഘടനയാണ്. ഇവരാണ് 1984 ല്‍ തിരുവനന്തപുരത്ത് സോമയാഗം നടത്തിയത്. തൃശ്ശൂരില്‍ രൂപംകൊണ്ട ‘ശ്രൌതശാസ്ത്രപരിഷത്തി’ന്‍റെ നേതൃത്വത്തിലാണ് കുണ്ടൂരില്‍ അതിരാത്രയജ്ഞം നടത്തിയത്. 1992 ല്‍ ഏറണാകുളത്ത് നടന്ന ഇന്റര്‍നാഷണല്‍ പുത്രകാമേഷ്ടിക്ക് നേതൃത്വംനല്‍കിയത് “സെന്‍റെര്‍ ഫോര്‍ അസ്ട്രോളജിക്കല്‍ റിസര്‍ച്ച് ആന്‍ഡ്‌ ഡെവലപ്പ്മെന്‍റ് ” എന്ന സംഘടനയാണ്.

കോഴിക്കോട് സോമയാഗം സംഘടിപ്പിക്കുന്നത് കാശ്യപവേദ റിസര്‍ച്ച് ഫൌണ്ടേഷനാണ്. ഈ സംഘടനകളുടെയെല്ലാം സാമ്പത്തികസ്രോതസ്സും വൈദേശികബന്ധവും ആരും അന്വേഷിക്കാറില്ല. അദൃശ്യമായ ഏതൊക്കെ ശക്തികളാണ് യജ്ഞപുനരുജ്ജീവനത്തിനായി പണമൊഴുക്കുന്നതും സഹായമെത്തിക്കുന്നതെന്നും മനസ്സിലാവുമ്പോഴാണ് നവകൊളോണിവല്‍കരണത്തിന്‍റെ സാംസ്കാരികദാസ്യപണിയാണ് ഇത്തരം മധ്യകാല അനുഷ്ഠനങ്ങളുടെ പുനരായനമെന്നു വ്യക്തമാവും. ആര്യബ്രാഹ്മണ്യത്തെ പുനരുജ്ജീവിപ്പിക്കുന്ന കുത്സിതവൃത്തികളുടെ രാഷ്ട്രീയലക്ഷ്യം സമര്‍ത്ഥമായി മറച്ചുവച്ചുകൊണ്ടാണ് സോമയാഗസംഘാടകര്‍ കോഴിക്കോട് നടക്കുന്ന സോമയാഗത്തിന്‍റെ പ്രചാരണമാരംഭിച്ചിട്ടുള്ളത്. 

എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളുടെയും നിധികുംഭമെന്ന്‍ വൈദികാചാര്യന്‍ന്മാര്‍ വിശേഷിപ്പിക്കുന്ന സോമയാഗം എല്ലാവര്‍ക്കും വേണ്ടിയാണ് പോലും സംഘടിപ്പിക്കുന്നത്. 10 ലക്ഷംപേര്‍ക്കാണ് യാഗത്തോടനുബന്ധിച്ച് അന്നദാനം നടക്കുക. യാഗം ഒരു പ്രദേശത്തിനോ സമൂഹത്തിനോ രാഷ്ട്രത്തിനോവേണ്ടിയുള്ളതല്ലെന്നും മുഴുവന്‍ വിശ്വത്തിനുംവേണ്ടിയുള്ളതാണെന്നുമാണ് സംഘാടകരുടെ പ്രഘ്യാപനം. ഔഷധങ്ങളുടെ രാജാവായ സോമം ഇടിച്ചുപിഴിഞ്ഞ് അതിന്‍റെ രസം ഹോമിക്കുകയാണ് സോമയാഗത്തില്‍. അതിന്‍റെ ഫലങ്ങള്‍ അനവധിയാണ് പോലും. സല്‍സന്താന പ്രാപ്തി, ആരോഗ്യപ്രാപ്തി, കീര്‍ത്തി, രോഗവിമുക്തി, ധന-ധാന്യസമൃദ്ധി, നല്ല കാലാവസ്ഥാലഭ്യത, സുവൃഷ്ടി, ഭൂമി എന്നിവയെല്ലാമാണ്പോലും യാഗഫലങ്ങളായി ലഭിക്കുക. നല്ല കുട്ടികളെ കിട്ടേണ്ടവര്‍ സോമയാഗത്തിന്‍റെ യജ്ഞഷിഷ്ടം ഭക്ഷിക്കണം, ധനസമൃദ്ധി ലഭിക്കേണ്ടവര്‍ യാഗത്തിനുവേണ്ടി കഴിവനുസരിച്ച് ധനം ദാനമായി നല്‍കണം. യാഗത്തെ ആദ്യം മുതല്‍ അവസാനം വരെ സഹായിക്കുന്നവര്‍ക്ക്‌ രോഗവിമുക്തിയും ദീര്‍ഘായുസ്സും ആരോഗ്യവും ഫലമായി ലഭിക്കുമെന്നും പാപമോചനത്തിനായി യാഗശാല വലംവച്ച് ദക്ഷിണസമര്‍പ്പികണമെന്നും സോമയാഗസംഘാടകര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു തെരുവ് മരുന്നു കച്ചവടക്കാരന്‍റെ വാചകമടി പോലെയാണ് യാഗഫലങ്ങളെകുറിച്ച് കാശ്യപവേദറിസര്‍ച്ച് ഫൌണ്ടേഷന്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

മധ്യവര്‍ഗ്ഗസിന്ദിഗ്ധകളെയും അരക്ഷിതബോധത്തെയും മുതലെടുത്തുകൊണ്ടു കടന്നുവരുന്ന ഈ പുനരുജ്ജീവനശ്രമങ്ങള്‍ കേരളീയസമൂഹത്തില്‍ വേരുറപ്പിക്കുവാന്‍ ശ്രമിക്കുന്ന നവ ഹൈന്ദവവാദത്തിന്‍റെ മുഖങ്ങളിലൊന്നാണ്. അത് പല രൂപങ്ങളില്‍ പലവേഷങ്ങളില്‍ ഒരു വിവാഹത്തട്ടിപ്പുവീരനെപ്പോലെ പ്രത്യക്ഷപ്പെടുന്നെന്നുമാത്രം. ഇതിഹാസസന്ദര്‍ഭങ്ങളെ വര്‍ത്തമാനജീവിതത്തില്‍ സാക്ഷാത്കരിക്കാനാകുമെന്ന വ്യാജ മോഹമാണ് പാഞ്ഞാള്‍ മുതല്‍ കോഴിക്കോട് വരെയുള്ള യാഗപുനരുജ്ജീവന ശ്രമങ്ങളിലൂടെ ഉണര്‍ത്തിയെടുക്കുന്നത്. ഹൈന്ദവ പുനരുത്ഥാനത്തിന്‍റെ ഗൂഡലക്ഷ്യങ്ങളാണ് ഇത്തരം യാഗശ്രമങ്ങള്‍ക്ക് പിന്നിലുള്ളത്. ജനമനസ്സിനെ അമൂര്‍ത്തീകരിക്കുകയും അവരുടെ നിത്യജീവിതദുരിതങ്ങള്‍ക്ക് മഹത്വവല്‍ക്കരിക്കപ്പെട്ട ഒരു പ്രാചീനഭൂതകാലത്തിന്‍റെ തിരിച്ചുവരവ് പരിഹാരമായി നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന മതാധിഷ്ഠിത രാഷ്ട്രീയ പ്രത്യയശാസ്ത്രം തന്നെയാണ് സോമയാഗത്തിന്‍റെയും അടിത്തറ. വഞ്ചനാത്മകവും കപടവുമായ പ്രചാരവേലകളിലൂടെയാണ് യാഗവാദികള്‍ ജനമനസ്സുകളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നത്. 

കാശ്യപാശ്രമത്തിന്‍റെ പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ബ്രോഷറിലെ ലക്ഷ്യപ്രഖ്യാപനത്തിലും പ്രചരണത്തിലുമെല്ലാം ഈ വഞ്ചനാത്മകതയുടെ അടിസ്ഥാനധാര നമുക്ക് കാണാന്‍ കഴിയും. സംസ്കൃതയാവിധിപ്രകാരമുള്ള യജ്ഞ സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കുന്നവര്‍ വര്‍ത്തമാന മനുഷ്യദുഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരം തേടുകയാണെന്നാണ് യുക്തിരഹിതമായി അവകാശപ്പെടുന്നത്. ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന നിര്‍മാനുഷികതയും അസമത്വങ്ങളുമാണ് വിശ്വംമുഴുവന്‍ മനുഷ്യജീവിതത്തെ ദുരിതപൂര്‍ണമാക്കിതീര്‍ത്തത്. ആഗോളഫൈനാന്‍സ് മൂലധനത്തിന്‍റെ വ്യവസ്ഥാരഹിതവും നിരുപാധികവുമായ വ്യാപനശ്രമങ്ങളാണ് പ്രകൃതിയെ അസന്തുലിതമാക്കിയത്. കാലാവസ്ഥാമാറ്റങ്ങളും അപരിചിതങ്ങളായ മഹാവ്യാധികളുടെ വ്യാപനവും മുതലാളിത്തം സൃഷ്ട്ടിച്ച പാരിസ്ഥിതിക തകര്‍ച്ചയുടെ അനിവാര്യപരിണതികളാണ്. ഈ യാഥാര്‍ത്ഥ്യങളെയെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് ശ്രൌതയാഗങ്ങളുടെ മകുടമണിയായികൊണ്ടാടുന്ന സോമയാഗം മനുഷ്യദുരിതങ്ങള്‍ക്കും കാലാവസ്ഥാതകര്‍ച്ചക്കും പരിഹാരം ഉണ്ടാക്കുമെന്ന അവകാശവാദം ഉയര്‍ത്തുന്നത്. ബ്രാഹ്മണപൌരോഹിത്യ മേധാവിത്വത്തെയും വര്‍ണ്ണവ്യവസ്ഥയെയും ആദരണീയമാക്കുന്നതും നവലിബറല്‍ കമ്പോളസംസ്കാരം നിയന്ത്രിക്കുന്നതും സ്ത്രീകളുടെയും അധസ്ഥിതരുടെയും അന്തസ്സിനെ നിരാകരിക്കുന്നതുമാണ് യജ്ഞ സംസ്കാരം. അത് അശാസ്ത്രീയവും വിജ്ഞാനവിരുദ്ധവും വര്‍ഗീയ പ്രോക്തവുമായ രാഷ്ട്രീയത്തെയും സംസ്കാരത്തെയുമാണ് പുനരുജ്ജീവിപ്പിച്ച് ആധിപത്യത്തിലെത്തിക്കുക. പുതിയ പൌരോഹിത്യവും ധനാതിപത്യവും ചേര്‍ന്ന് മതത്തെ കച്ചവട ചാരക്കാക്കുന്നതിന്‍റെ ഭാഗംകൂടിയാണ് ഇത്തരം യജ്ഞപുനരുജ്ജീവനങ്ങള്‍ എന്നുകൂടി തിരിച്ചറിയണം. 

സാമ്രാജ്യത്വം ഇന്ത്യപോലുള്ള മുതലാളിത്ത പൂര്‍വ്വ ഉല്‍പാദനബന്ധങ്ങള്‍ നിലനില്‍ക്കുന്ന സമൂഹങ്ങളിലെ ഫ്യൂഡല്‍ മതാത്മകഘടനകളെ തങ്ങളുടെ അധിനിവേശത്തിനുള്ള ആധാരവും മാധ്യമവുമാക്കുന്നു. അതിനായുള്ള പ്രത്യയശാസ്ത്രരൂപീകരണവും സൂക്ഷ്മമായ അതിന്‍റെ വിന്യാസവും ആസൂത്രിതമായിതന്നെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ പ്രതിലോമ ആശയങ്ങളെയും മതാനുഷ്ഠാനങ്ങളെയും ജീര്‍ണ്ണ സാംസ്കാരിക രൂപങ്ങളെയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സാമ്രാജിത്വത്തിന്‍റെ ഓറിയന്‍റലിസ്റ്റ് ഗവേഷണകേന്ത്രങ്ങള്‍ വിപണിയുടെ താല്പര്യങ്ങളുമായി ചേര്‍ത്ത് അവയെ അവതരിപ്പിക്കുകയും ചെയ്യുന്നു. കിഴക്കിന്‍റെ ഗുരുക്കന്മാരും ലഹരിയും മതവും കലയും യജ്ഞ സംസ്കാരവും ഇന്ന് വിദേശിയുടെ ഉപഭോഗസംസ്കാരത്തിന്‍റെ ഭാഗംകൂടിയാണ്. ഒരു ആധുനിക മതനിരപേക്ഷസമൂഹത്തിനായി കഴിഞ്ഞ ഒരുനൂറ്റാണ്ടിലേറെക്കാലമായി കേരളീയസമൂഹം നടത്തിക്കൊണ്ടിരിക്കുന്ന മഹദ് യത്നങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് വ്യാപകമാവുന്ന യജ്ഞപുനരുജ്ജീവന ശ്രമങ്ങളെയും അതിന്‍റെ പിറകിലെ സാമ്രാജ്യത്വ താല്പര്യങ്ങളെയും തുറന്നുകാട്ടിക്കൊണ്ടേ നവോത്ഥാനം സൃഷ്ട്ടിച്ച മാനവിക സംസ്കാരത്തെ സംരക്ഷിക്കാനാവൂ. നവോത്ഥാനത്തിന്‍റെ എതിര്‍ദിശയില്‍ കടന്നുവരുന്ന പുനരുജ്ജീവനസംസ്കാരത്തിന്‍റെ എല്ലാ രൂപങ്ങളെയും എതിര്‍ത്തു തോല്‍പ്പിക്കുവാന്‍ പുരോഗമനശക്തികള്‍ വിട്ടുവീഴ്ചയില്ലാതെ രംഗത്തിറങ്ങണം. അസംബന്ധങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും കാര്യവിവരമുള്ളവരുടെ മൌനം  സമ്മതമായിത്തീരുമെന്ന് നാം തിരിച്ചറിയണം. 

Share.

About Author

134q, 0.646s