Leaderboard Ad

‘യേനുണ്ടോടി അമ്പിളി ചന്തം’ വഴികള്‍, വിശേഷങ്ങള്‍

0

സംഘം ചേര്‍ന്നു പണിയെടുക്കുന്ന മനുഷ്യന്‍ അദ്ധ്വാനത്തിന്റെ ആയാസം ലഘൂകരിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയതാണ് നമ്മുടെ നാടന്‍ പാട്ടുകളും കലാ രൂപങ്ങളും. കലയും സംഗീതവുമൊക്കെ വരേണ്യ വര്‍ഗ്ഗത്തിന്റെ ഉരുക്ക് മുഷ്ടിക്കുള്ളില്‍ പിടഞ്ഞു നിന്ന ഒരു കാലത്ത്‌ അധകൃതന്റെയും അടിയാളന്റെയും അടക്കി പിടിച്ച പ്രതിഷേധത്തിന്റെ പച്ചയായ ആവിഷ്കാരങ്ങളുമായി നാടന്‍ കലാരൂപങ്ങള്‍ മാറിയതങ്ങനെയാണ്. വിയര്‍പ്പിന്റെ മണവും ഉയിര്‍പ്പിന്റെ കരുത്തുമുള്ള നാടന്‍ പാട്ടുകളിലൂടെ കവിതാ ശകലങ്ങളിലൂടെ തന്റെ അടിയാള പക്ഷ പാതിത്വം സുവ്യക്തമാക്കിയ പ്രതിഭ ശ്രീ. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ആദ്യമായി യു.എ.ഇ സന്ദര്‍ശിക്കുകയുണ്ടായി. ഉറുമിയിലെയും സെല്ലുലോയിഡിലെയുമെല്ലാം പ്രസിദ്ധമായ നാടന്‍ ശീലുകളിലൂടെ പ്രശസ്തിയുടെ ഉത്തുംഗതയില്‍ നില്‍ക്കുന്ന അദ്ദേഹം കത്തുന്ന മലയാള വര്‍ത്തമാനത്തിന്റെ സാംസ്കാരിക പ്രതിസന്ധിയെ സംബന്ധിച്ചും ഭാഷയുടെ അതിജീവനത്തെ കുറിച്ചും നേര്‍രേഖയോട് സംവദിക്കുന്നു.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

? എഴുത്തിലെക്കുള്ള വഴി

ഞാന്‍ ജനിച്ചു വളര്‍ന്ന ഏങ്ങണ്ടിയൂര്‍ ചേറ്റുവ പുഴ മുതല്‍ കൊടുങ്ങല്ലൂര്‍ വരെ നീളുന്ന പ്രദേശത്തില്‍ ഉള്‍പ്പെട്ടതാണ്. കടലും കായലും പാടങ്ങളും നിറഞ്ഞ ഈ സ്ഥലം അതീവ രമണീയമായിരുന്നു. കറുക പുല്ലുകള്‍ തളിര്‍ത്ത പാട വരമ്പിലൂടെയാണ് ഞങ്ങള്‍ സ്കൂളിലേയ്ക്ക് പോയിരുന്നത്. പാറ്റിയ ബ്രാല്‍ (വരയാല്‍) തന്റെ നൂറു കണക്കായ ചുവന്ന കുഞ്ഞുങ്ങളുമായി കണ്ടങ്ങളില്‍ മെല്ലെ നീങ്ങുന്നതും ചെറിയ നീര്‍ച്ചാളുകളില്‍ പിടക്കുന്ന പരല്‍ മീനുകളും ഞങ്ങളുടെ സ്ഥിരം കാഴ്ചകളായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ പ്രകൃതിയുടെ മനോഹരമായ കണിയൊരുക്കങ്ങളും നിഷ്കളങ്ക ഗ്രാമീണതയുടെ സഹവാസവും തന്നെയായിരിക്കണം എന്നിലെ എഴുത്തിനെ രൂപപ്പെടുത്തിയത്‌. ഏങ്ങണ്ടിയൂര്‍ അമ്പലത്തിന്റെ ഭാഗമായി ഒരു കലാ-സമിതി രൂപീകരിച്ചാണ് തുടക്കം. പിന്നീട് ഞാന്‍ പത്രാധിപരായി  ‘രചന’ എന്ന പേരില്‍ ഒരു ഇന്‍ലാന്റ് മാസിക പുറത്തിറക്കി. 1977 – 1980 കാലയളിവിലാണ് ഈ പ്രവര്‍ത്തനം. സാംസ്കാരികമായും വളരെ ഏറെ പ്രാധാന്യമുല്ലതായിരുന്നു ഞങ്ങളുടെ പ്രദേശം. പി ഭാസ്കരന്റെയും രാമു കര്യാട്ടിന്റെയും ജന്മ വീടുകളാണ് ഞങ്ങളുടെ ദേശത്തിന്റെ രണ്ട് അതിര്‍ത്തികള്‍. കുഞ്ഞുണ്ണി മാഷിനെയും മുല്ലനേഴിയെയും രാവുണ്ണിയെയും പോലുള്ള വലിയ എഴുത്തുകാര്‍ എന്നെ നല്ല തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.

? നാടന്‍ പാട്ടിലേക്ക് എങ്ങനെയാണ് എത്തുന്നത്.

പാടത്തും പറമ്പിലും പണിയെടുക്കുന്ന അടിയാളന്‍ അവന്റെ അധ്വാന ഭാരം ലഘൂകരിക്കുന്നതിന് ഒറ്റയ്ക്കും സംഘം ചേര്‍ന്നും നടത്തിയ ആവിഷ്കാരങ്ങളായിരുന്നു നാടന്‍ പാട്ടുകളും കലാരൂപങ്ങളും. എല്ല് മുറിയെ പണിയെടുത്തിട്ടും അരവയര്‍ നിറയ്ക്കാന്‍ കഴിയാത്തവന്റെ, സ്വന്തം നട്ടെല്ലില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്തവന്റെ വേദനയും രോഷവുമായിരുന്നു അതിന്റെ അന്തര്‍ധാര. പലപ്പോഴും വടക്ക്‌ നിന്നുത്ഭവിച്ച് തെക്കോട്ട് തെക്കോട്ട് പാടപ്പറമ്പുകളിലൂടെ പാടിപാടി പോകുന്നവയായിരുന്നു അവ. അതിന്റെ ഈണങ്ങളും ശീലങ്ങളും എന്നെ ചെറുപ്പം മുതല്‍ തന്നെ നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. അച്ചമ്മ എന്നെ വളര്‍ത്തിയത് പണിയെടുക്കുന്നവരുടെ കഥകളും പാട്ടും പറഞ്ഞുതന്നാണ്.  ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ സമതയ്ക്ക് വേണ്ടിയാണ് ‘നിന്നെ കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ ‘ എഴുതിയത്. ഇന്നും മലയാള നാടന്‍പാട്ടുകളില്‍ മികച്ചു നില്‍ക്കുന്ന ഈ പാട്ടിന്റെ എഴുത്തുകാരനെ തേടി ആരും പോകാറില്ല. പരമ്പരാഗത നാടന്‍പാട്ടായാണ് ഇതിനെ പലരും കാണുന്നത്.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

? സിനിമയിലെ പാട്ടെഴുത്തിനെക്കുറിച്ച്.

സത്യത്തില്‍ സിനിമ പാട്ടെഴുത്തില്‍ സജീവകാന്‍ തുടങ്ങിയ  ‘ചന്ദ്രനിലേക്കുള്ള വഴി’ എന്ന ചിത്രം ഇനിയും വെളിച്ചം കണ്ടില്ലാത്ത ഒരു സിനിമയാണ്. അതിനു മുമ്പ് 2003 ഇല്‍ ജപം, 2007 ഇല്‍ മുന്ന എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി എഴിതിയിരുന്നു എങ്കിലും ബിജു വര്‍ക്കിയുടെ ചന്ദ്രനിലേക്കുള്ള വഴിക്ക്  വേണ്ടി ഞാന്‍ നാല് പാട്ടുകള്‍ എഴുതി. രാമു കാര്യാട്ട് അവാര്‍ഡ്‌ അടക്കം ചില അവാര്‍ഡുകള്‍ ആ സിനിമയ്ക്ക് ലഭിക്കുകയുമുണ്ടായി. നിര്‍ഭാഗ്യവശാല്‍ ആ ചിത്രം റിലീസ്‌ ചെയ്യപ്പെട്ടില്ല. അത് കൊണ്ട് തന്നെ ‘ചന്ദ്രനിലെക്കുള്ള വഴി’ ‘ചന്ദ്രശേഖരിനിലെക്കുള്ള വഴി’യായി മാറിയതുമില്ല. പിന്നീട്  തട്ടത്തിന്‍ മറയത്ത്,ഉറുമി, ഗ്രാന്‍ഡ്‌ മാസ്റര്‍, ഉറുമി, ചപ്പാക്കുരിശ്, സെല്ലുലോയിഡ് എന്നീ    സിനിമയിലേക്ക്  പാട്ടുകള്‍ എഴുതി. അവിയല്‍ ബാന്‍ഡ് നു വേണ്ടിയും വളരെ സ്വീകരിക്കപ്പെട്ട ചില ആല്‍ബങ്ങള്‍ക്ക് വേണ്ടിയും ഗാനരചന നിര്‍വഹിച്ചു. ശ്യാമപ്രസാദ്‌ന്റെതടക്കം നിരവധി പുതിയ പ്രോജക്ടുകള്‍ മുമ്പിലുണ്ട്.

? കവിതയും പാട്ടെഴുത്തും ; പരിമിതികളും സാദ്ധ്യതകളും.

കവിത ആത്മാവിഷ്കാരത്തിന്റെ വലിയ ഒരു സാദ്ധ്യതയാണ് തുറക്കുന്നത്. എന്തും പച്ചയ്ക്ക് പറയാന്‍ കവിത പോലെ മറ്റൊരു മാധ്യമമില്ല. പദ്യവും ഗദ്യവും അതിനു ഒരു പോലെ വഴങ്ങും. തൃശ്ശൂര്‍ അക്കാദമി ഹാളില്‍ കവിയരങ്ങുകള്‍ പതിവായിരുന്നു,. ഒരിക്കല്‍ കടമ്മനിട്ടയെ പോലെ വലിയ കവികള്‍ ഉജ്ജ്വലമായ കവിതകള്‍ ചൊല്ലിയ ഒരു കവിയരങ്ങില്‍ സച്ചിദാനന്തന്റെ ഒരു കവിതയുടെ ഒരു ഊക്കില്‍ കേട്ടിരുന്ന ഒരാള്‍ മോഹാലസ്യപ്പെട്ടു വീണിട്ടുണ്ട്. കവിതയ്ക്ക് ഒരാളെ വീഴ്ത്താനുള്ള കഴിവുണ്ട്. സിനിമാ പാട്ട് എഴുത്തിന്റെ മറ്റൊരു മാനമാണ്. നല്ല രീതിയില്‍ ചിട്ടപ്പെടുത്തുന്നതും സുന്ദരമായി ആലപിക്കപ്പെടുന്നതും ആയതു കൊണ്ട് അത് വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിക്കും. കവിത ഒറ്റയാളുടെ ആവിഷ്കാരമാണ്. സിനിമാഗാനമാകട്ടെ എഴുത്ത്, സംഗീതം, ആലാപനം, ചിത്രീകരണം അങ്ങനെ ഒരു പറ്റം ആള്‍ക്കാരുടെ പ്രവര്‍ത്തന ഫലമായി രൂപപ്പെടുന്നതാണ്.

? ഭാഷ നേരിടുന്ന വെല്ലുവിളികള്‍.

ഒരു പ്രാദേശിക ഭാഷ എന്ന രീതിയില്‍ നമ്മുടെ മലയാളം വളരെ വലിയ വെല്ലുവിളികള്‍ തന്നെയാണ് നേരിടുന്നത്. അത് യാദ്രശ്ചികമായി സംഭവിക്കുന്ന ഒന്നല്ല. ആഗോളവല്ക്കരണത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍ നല്‍കുന്ന അനുഭവം അനേകം പ്രാദേശിക ഭാഷകളുടെയും സംസ്കാരങ്ങളുടെയും തകര്‍ച്ച തന്നെയാണ്. ഒരു ഭാഷ തകരുമ്പോള്‍ ഒരു സംസ്കാരമാണ് തകരുന്നത്. കാസറഗോഡ് മുതല്‍ തിരുവനതപുരം വരെ നീളുന്ന ഭാഷയുടെ വ്യത്യസ്തതയും വ്യതിരിക്തതയും തന്നെയാണ് നമ്മുടെ ഭാഷയുടെ ഏറ്റവും വലിയ കരുത്ത്. ഓരോ ദേശക്കാരനും ഓരോ ‘മലയാള’മാണ് പറയുന്നത്. ആ തനിമ നിലനിര്‍ത്തേണ്ടതുണ്ട്. മറ്റൊരു കാര്യം ഭാഷയ്ക്ക് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന പദസമ്പത്താണ്. പലപ്പോഴും ഞാന്‍ ബോധപൂര്‍വം തന്നെ ചില പദങ്ങള്‍ പാട്ടിലും മറ്റും പെടുത്താറുണ്ട്. ഇത്തരം പദങ്ങള്‍ മലയാളത്തില്‍ ഉണ്ടെന്നു പുതിയ തലമുറയെ ബോധ്യപ്പെടുത്താനും പദങ്ങള്‍ നില നിര്‍ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണത്. പുത്തന്‍ ‘ചാനല്‍’ ഭാഷ സംസ്കാരത്തിനും നമ്മുടെ മാതൃഭാഷയെ നശിപ്പിക്കുന്നതില്‍ ഒരു പങ്കുണ്ട്. ഇവിടെ യു.എ.യില്‍ വന്നപ്പോള്‍ നമ്മുടെ കുട്ടികള്‍ നല്ല രീതിയില്‍ കവിത ചൊല്ലുന്നതും മലയാളം സംസാരിക്കുന്നതും കേട്ടപ്പോള്‍ വലിയ ആശ്വാസം തോന്നി. ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ പോന്ന ആര്‍ജ്ജവം നമ്മുടെ മാതൃഭാഷയില്‍ അന്തര്‍ലീനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

? അംഗീകാരം, അവാര്‍ഡുകള്‍ എന്നിവയെ കുറിച്ച്.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

കുമാരനാശാന്‍ അവാര്‍ഡ്‌ (പൂപ്പാട്ടും തീപ്പാട്ടും), രാമുകാര്യാട്ട് അവാര്‍ഡ്‌ (ഉറുമി-യിലെ ഗാനങ്ങള്‍), ബ്രഹ്മാനന്ദന്‍ അവാര്‍ഡ്‌( സെല്ലുലോയിഡ്-ലെ ഗാനങ്ങള്‍) തുടങ്ങി എട്ടോളം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

മൂന്നു പുസ്തകങ്ങള്‍ എഴുതി. കവിതാ സമാഹാരങ്ങളാണ്. വീതൂണ്, പൂപ്പാട്ടും തീപ്പാട്ടും, നിന്നെ കാണാന്‍ എന്നെക്കാളും.

? കുടുംബം

ഭാര്യ ഉഷ. വനിതാസഹകരണ ബാങ്കില്‍ ജോലി ചെയ്യുന്നു. രണ്ടു മക്കള്‍ ശ്രീലക്ഷ്മിയും ശരത്ചന്ദ്രനും.

Share.

About Author

150q, 0.661s