Leaderboard Ad

രണ്ടാമത്തെ അരും കൊല!! (ഒരു ഉത്തരാധുനിക വടക്കന്‍ പാട്ട്)

0

അരും കൊല കാണാ കടത്തനാട്ടില്‍

അന്നാദ്യമായ് ക്രൂര വധം നടന്നു,

‘ഒഞ്ചിയം’ തീണ്ടാ വടകരയില്‍

അഞ്ചല്ല അമ്പത്തിയൊന്നുപാടി

വെട്ടുകവിതപിറന്നു വീണു…,

തട്ടുകടകളില്‍ വിറ്റഴിഞ്ഞു.

വീണ്ടും തെറിച്ചൂ കോലത്തുനാട്ടില്‍,

വീറുറ്റ നാടിന്റെ ആര്‍ഷവീരം!

എന്നെ ഞെട്ടിക്കുവാന്‍ വീണ്ടുമെത്തീ-

യെന്നത്തെയും പോലെ ചാനലേമാന്‍!

അമ്പത്തിയൊന്നും കടത്തിവെട്ടി,

വമ്പിച്ചയാഘോഷവേദി തീര്‍ത്തു!

നാളത്തെ കാര്യങ്ങള്‍ ചെയ്തുകൂട്ടാ-

നാളുകളായ് ചിലരുണ്ടുപോലും

അവരാണിടതന്മാര്‍ ഭീകരന്മാര്‍

അലയുന്നതങ്ങിങ്ങു കത്തിയുമായ്‌!

അവരുടെ താങ്ങില്‍ തന്റെടമായാ-

ലവരെ പഴിയ്ക്കാന്‍ തുനിഞ്ഞിടേണം.

ആചാരത്തോടെ അടക്കത്തോടെ

ആടുന്നു നേരില്ലാ വീരന്മാരും.

അംബാനിത്തേനൂറും സ്വര്‍ഗ്ഗരാജ്യം‍

ചുംബിച്ചുറങ്ങുന്ന ജിഹ്വകളോ,

അന്തിക്കടുപ്പില്‍ തീ കൂട്ടുവാനാ-

യെന്തെന്ന് ചിന്തിച്ചിതോടിടുന്നു…!

കമ്പ്യൂട്ടര്‍ തള്ളുന്ന കൈവിരലാല്‍

ക്ലാവ് പിടിച്ചെന്‍ തലതടവി,

അമര്‍ഷം നിറഞ്ഞൊരാ കോട്ടുവായില്‍,

അമര്‍ത്തിപ്പിടിച്ചു തെറിപറയാന്‍

ആരോമല്‍ ചേകവര്‍ തന്‍കവചം

ആവേശത്തോടെയെടുത്തണിഞ്ഞു.

നാല്ച്ചുമരുള്ളില്‍ തിളച്ചുതൂവും

നാടിന്‍ സമാധാന ശീലുകളില്‍്‍

പണയപ്പെടുത്തിയോരെന്‍ തലച്ചോര്‍

പതിയെ മയക്കികിടത്തി വച്ചു!

പിന്നെയുറക്കമാലസ്യമായി,

പിന്നെന്‍ സ്വകാര്യത മാത്രമായി!

ഇടയിടെയായി പെരുത്തുകേറും

അടവായടവുകള്‍ ചേര്‍ത്തുവച്ചൂ..,

കള്ളച്ചുവടു വഴക്കത്തോടെ,

പൊള്ളത്തരങ്ങള്‍ കഥകളാക്കി,

അഭിനവ പാണന്റെ ചേലചുറ്റി

അതിരറ്റയാനന്ദധാരതീര്‍ത്തൂ…!! 

(സമര്‍പ്പണം: ഫാസിസ്റ്റുകളുടെയും ജാതി-മത വര്‍ഗ്ഗീയ കോമരങ്ങളുടെയും ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ കാണാതെപോയ മനുഷ്യ ജീവനുകള്‍ക്ക്.)

Share.

About Author

136q, 0.951s