Leaderboard Ad

രുചിയും നാദവും

0

  പ്രപഞ്ചവുമായി നമ്മെ ബന്ധിപ്പിക്കുന്നത് നമ്മുടെ സംവേദനേന്ദ്രിയങ്ങളാണ്. ഇന്ദ്രിയരഹിതനായ ഒരാള്‍ക്ക് ശാരീരിക വളര്‍ച്ചയുണ്ടാവുമെങ്കിലും മനസ്സ് എന്ന ഒന്ന് ഉണ്ടാവില്ല എന്നാണ് അറിവുള്ളവര്‍ പറയുന്നത്. കാരണം അത് ജന്മസിദ്ധമല്ല. മറിച്ച് ഇന്ദ്രിയങ്ങളിലൂടെ പ്രകൃതിയുമായി നടക്കുന്ന കൊള്ളക്കൊടുക്കലിലൂടെ പടിപടിയായി ഉരുത്തിരിഞ്ഞു വരുന്നതാണ്.

സംവേദനേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രാധാന്യം കണ്ണിനാണെന്ന് കരുതപ്പെടുന്നു. ഏതാണ്ട് എണ്‍പത് ശതമാനം അറിവുകളും നമ്മള്‍ കൈവരിക്കുന്നത് കണ്ണിലൂടെയാണത്രേ. പിന്നെ കേള്‍വിയും ശരീരത്തിന്റെ ബാലന്‍സിങ്ങും കൈകാര്യം ചെയ്യുന്ന ചെവി , മൂക്ക് , ത്വക്ക്, പിന്നെ നാവ്. അതായത് ഇന്ദ്രിയധര്‍മ്മമനുസരിച്ചുനോക്കിയാല്‍ താരതമ്യേന നിസ്സാരനായണ് നാക്ക്.ഇവനോളം ചലന സ്വാതന്ത്ര്യമുള്ള മറ്റൊരവയവം നമുക്കില്ല.നീട്ടാം, ചുരുട്ടാം, വളയ്ക്കാം വേണമെങ്കില്‍ കറക്കുകയുമാവാം. ഈ നാവാണ് നമ്മെ രുചിക്കാന്‍ പഠിപ്പിച്ചത്. ഉമിനീരിലലിയുന്ന ഭക്ഷണത്തിന്റ തന്മാത്രകള്‍ നാവിലെ മസമുകുളങ്ങളെ ഉത്തേജിപ്പിക്കുമ്പോഴാണ് നാം രുചിയറിയുന്നത്.

നമ്മുടെ പാചകവിധികളൊക്കെത്തന്നെ നാവിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഭക്ഷണത്തില്‍ ഉപ്പ് , മുളക്, പഞ്ചസാര , മസാല ഇവയൊക്കെ ചേര്‍ക്കുന്നതും അത് വേവിക്കുന്നതും വറുക്കുന്നതും പൊരിക്കുന്നതും ആമാശയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനല്ല . ദഹനപ്രകൃയ സുഗമമാക്കാന്‍ വേണ്ടിയുമല്ല. എന്നുമാത്രമല്ല, ഇത്തരം രുചിക്കൂട്ടുകളുടെ ഉപയോഗം ശരീരത്തിന്റെ താത്‍പര്യങ്ങള്‍ക്കെതിരാണ് , രോഗകാരിയും പലപ്പോഴും മരണകാരിയുമാണ്.

വൈദ്യശാസ്ത്രത്തിന്റെ വികാസത്തോടെ പകര്‍ച്ചവ്യാധികള്‍ ഏറേയും വരുതിയിലായിക്കഴിഞ്ഞെന്നും ജീവിതശൈലീരോഗങ്ങളാണ് ഇക്കാലത്തെ വെല്ലുവിളി എന്നുമാണ് പറഞ്ഞുകേള്‍ക്കുന്നത്. രക്തസമ്മര്‍ദ്ദം, ‍ഡയബറ്റിസ്, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങയ മുന്തിയ ജീവിതശൈലീരോഗങ്ങളെല്ലാം തെറ്റായ ഭക്ഷണരീതിയുമായി ബന്ധപ്പെട്ടുണ്ടാവുന്നതാണ്.

ഇന്ന് മലയാളക്കരയിലെ പല മധ്യവര്‍ഗ്ഗ വീടുകളിലും ആഴ്ചയില്‍ എല്ലാ ദിവസവും ഇറച്ചിക്കറിയുണ്ടെങ്കിലേ ഊണ് സുഖമാവൂ.മക്കളെ സന്തോഷിപ്പിക്കാനും അതിഥികളെ സല്‍ക്കരിക്കാനും ബേക്കറി പലഹാരങ്ങള്‍ കൂടിയേതീരൂ നമുക്ക്. വിവാഹസദ്യകളില്‍പ്പോലും പച്ചക്കറി വിളമ്പുന്നത് അപൂര്‍വ്വമായി. ഫലമോ, കേരളത്തില്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രികള്‍ മുളച്ചുപൊങ്ങുന്നു, മുപ്പതു കടക്കുമ്പോള്‍തന്നെ ആണും പെണ്ണും കുടവയറും പൊണ്ണത്തടിയുമായി അവയുടെ വരാന്തയില്‍ ക്യൂ നില്‍ക്കുന്നു.

ഇവിടെയെല്ലാം പ്രതിക്കൂട്ടില്‍ നില്കുന്നത് നമ്മുടെ നാവാണ്.എന്നാല്‍ ഇതേ നാവാണ്, ശൂന്യതയിങ്കലാദ്യമമൃതം വര്‍ഷിച്ചുകൊണ്ട് പിറവിയെടുത്ത നാദം ഇരിപ്പിടമാക്കിയിട്ടുള്ളത്. സംഗീതവും മൊഴിയും അവയ്കെല്ലാമാധാരമായ ശബ്ദവും ഇദ്ദേഹത്തിന്റെ കുത്തകയാണ്. എത്രയോ മനുഷ്യര്‍ക്ക് ചരിത്രത്തില്‍ ഇടം ലഭ്യമായത് ഇയാളുടെ മിടുക്കുകൊണ്ടാണ്. എന്നാല്‍ ഇതിന്റെ മറുവശവും കാണാതിരുന്നുകൂട.നാവിന്റെ ഉടമസ്ഥന് വിവേചനബുദ്ധി കമ്മിയാണെങ്കില്‍ കഥമാറിയെന്നുവരാം. അതുകൊണ്ടാണ് പണ്ട് പല്ല് ഇപ്രകാരം നാവിനോട് പ്രാര്‍ത്ഥിച്ചത്. നാക്കേ നീ അധികപ്രസംഗിയാകരുത്, നീ അപരാധം പ്രവര്‍ത്തിച്ചാല്‍ എനിക്ക് (പല്ലിന്) സ്ഥാനഭ്രംശം ഉണ്ടാവും. ( ത്വയാപരാധേ തു കൃതേ സ്ഥാനഭ്രംശോ ഭവേ ന്മമ) അപ്പോള്‍ പറഞ്ഞുവന്നതിതാണ് , നാക്കിനെ നമ്മുടെ വരുതിയിലാക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കലും നാക്കിന്റെ അടിമയാവാതിരിക്കുക

Share.

About Author

151q, 0.689s