Leaderboard Ad

ലേബര്‍ ക്യാമ്പിലെ ഒളിക്യാമറ

0

രോ ഇരുനില കട്ടിലിലും
കാലവും ചകിത സ്വപ്നങ്ങളും
വായിലൂടെ ഒലിച്ചുപോയ തലയണയടയാളങ്ങള്‍”

“ലേബര്‍ ക്യാമ്പിലെ ഒളിക്യാമറ”- പ്രവാസിയുടെ ജീവിത നേര്‍ക്കാഴ്ച്ചകളെ കോറിയിട്ട ചില കൊച്ചു കൊച്ചു വരികള്‍ അല്ലെങ്കില്‍ വരകള്‍. പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ക്കൊപ്പം പച്ചയായ ജീവിത യ്ധാര്ത്യങ്ങളിലൂടെയുള്ള കവിയുടെ യാത്രയും കാണാന്‍ സാധിക്കും.ഇടുങ്ങിയ ഫ്ലാറ്റ്‌ മുറികളിലെ ഇരുനില കട്ടിലുകളില്‍ വൈകി ഉറങ്ങുവാനും അതിരാവിലെ ഉണരുന്നതിനുമിടയിലെ മിഴിവാര്‍ന്ന സ്വപ്നങ്ങളാണ് പലപ്പോഴും അവരെ പിന്നെയും മുന്നോട്ടു കുതിക്കുവാനുള്ള പ്രേരക ശക്തികളാകുന്നത്. പലവിധ ജോലിഭാരങ്ങള്‍ താണ്ടുന്ന പ്രവാസിക്ക് മാനസിക-ശാരീരിക വ്യത്യാസങ്ങള്‍ കാണാമെങ്കിലും അടിസ്ഥാനപരമായി ഒരു രൂപവും ഭാവവും തന്നെയാണ്. ഈ പരുക്കന്‍ അനുഭവങ്ങളുടെ സമ്പന്നമായ തൂലികാ ചിത്രം, യാഥാര്‍ത്യങ്ങളെ അതേപടി ഒപ്പിയെടുത്ത്‌ കടുപ്പിച്ച അക്ഷരങ്ങളാല്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ട് കവി.

“ഇരുനിലയുള്ള ഇരുമ്പ് കുടിലിലെ
ബെഡ് സ്പെയിസില്‍ കിടന്നു
നാട്ടില്‍ കെട്ടുന്ന ഇരുനില മാളികയ്ക്ക്
പ്ലാന്‍ വരയുന്ന ഇരുകാലികള്‍”

വാനപ്രസ്ഥം എന്ന കവിതയില്‍ സ്വപ്‌നങ്ങള്‍ മുന്നോട്ടു നയിക്കുന്ന കഴുതയെപ്പോലെ പണിയെടുക്കുന്ന കുതിരയുടെ കരുത്തുള്ള മനുഷ്യരെകുറിച്ചു വര്‍ണ്ണിക്കുന്നതിങ്ങനെയാണ്. കുടുംബക്കാരുടെ ദുരിതങ്ങളെ ഒരു പരിധിവരെയെങ്കിലും മറികടക്കാന്‍ തനിക്കാകുന്നുണ്ടെന്ന ബോധത്തില്‍ ലഭിക്കുന്ന ആനന്ദം. നാളെയുടെ ചില സ്വകാര്യ സ്വപ്നങ്ങളും ഇതോടൊപ്പം ചേരുമ്പോള്‍ ഒരു പ്രവാസ ജീവിക്ക് അടിസ്ഥാനപരമായി വേണ്ടുന്ന ഇന്ധനമായി.അതായത്, ആഗോള വത്കരണത്തിന്റെ മധുര വാഗ്ദാനങ്ങള്‍ തന്നെയാണ് എവിടത്തെയും പോലെ പ്രവാസികളെയും പിന്തുടരുന്നതും സ്വാധീനിക്കുന്നതും എന്ന വര്‍ത്തമാനകാല സത്യം അടിവരയിട്ടുറപ്പിക്കുകയാണ് കവി.

“അസ്വാതന്ത്ര്യത്തില്‍ നെടുവീര്‍പ്പിടുന്ന മനുഷ്യന്റെ
ചിന്ത വറ്റിയ തലയ്ക്കകത്തെ ഞരമ്പുകള്‍
പുറത്തേക്കു തെറിച്ചതാണ് മുടികള്‍” എന്നത് കേവലം ഒരു അലന്കാരമല്ല; മറിച്ച്, ജീവിത ദുരിതങ്ങളില്‍ മരവിച്ച മരണത്തെ മുഖാമുഖം കാണുന്ന ചില മനുഷ്യ മനസ്സുകളിലെ ആകുലതകളാണ്. അതായത് ഇടം കിട്ടുമ്പോഴേക്കും ഇടമില്ലാതെ പോകുന്ന, പിന്നെയും ഇടം തേടിയുള്ള യാത്രയാണ് പ്രവാസം, എന്ന് വച്ചാല്‍ പ്രവാസമാണ് ഭൂലോകത്തെ ഓരോ ജീവിതവും.
തങ്ങള്‍ക്കിടയിലെ കൊച്ചു കൊച്ചു സ്വകാര്യതകള്‍ എന്ന് കരുതുന്ന പ്രശ്നങ്ങളും ദുരിതങ്ങളും ദുഖങ്ങളും ഒക്കെത്തന്നെയാണ് ലോകം ചര്‍ച്ച ചെയ്യുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങള്‍ എന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങള്‍ നമുക്ക് സമ്മാനിക്കുന്നുണ്ട് തന്റെ വരികളില്‍ അനില്‍ പള്ളൂര്‍. ഒപ്പം പ്രവാസിയെ സ്നേഹിക്കുകയും അവനെ ആവോളം അനുഭവിക്കുകയും ചെയ്യുന്ന സമൂഹം കാണാതെയും അറിയാതെയും പോകുന്ന ചില നേര്‍ക്കാഴ്ച്ചകളുണ്ട്. തന്റെ വരികളില്‍ അനില്‍ പള്ളൂര്‍ അതില്‍ ചിലത് നന്നായി വരച്ചു കാണിക്കുന്നുണ്ട്.

“ഇല്ലാത്ത ദൈവം ഉള്ള മനുഷ്യരെ കാണുന്നുണ്ടെന്ന തോന്നലാണ്” ഈ ദുരിത യാധാര്ത്യങ്ങള്‍ക്കിടയിലും ചില സ്വപ്നാടങ്ങളെ നയിക്കുന്നത് എന്ന് കവി തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

‘കിനാവുകള്‍ തളിര്ത്തും
ഓരോ ചില്ലയില്‍ നിന്നും അടര്ന്നും
ഓരോ കായായി വളര്‍ന്നും
തന്നില്‍ തന്നെ ഞെട്ടറ്റു വീഴു’ന്ന ദൈന്യത പേറുന്ന, ചോരയും വീഞ്ഞും ഒരുപോലെ പതയ്ക്കുന്ന കുപ്പികളെപോലെ കുറെ മനുഷ്യര്‍.ആഗോള വത്കരണം ഉള്‍പ്പെടെയുള്ള മുതലാളിത്ത നയങ്ങളുടെ ഭാഗമായുണ്ടായ വെല്ലുവിളികളും ജീവിത പ്രശ്നങ്ങളും സൂക്ഷ്മമായും ലളിതമായും വരച്ചുകാണിക്കുന്ന ചില കവിതകളും ഈ സമാഹാരത്തിലുണ്ട് എന്നത് അനില്‍ പള്ളൂര്‍ എന്ന കവിയുടെ വര്‍ഗ്ഗ ബോധത്തിന്റെയും സാര്‍വ്വ ദേശീയ കാഴ്ചപ്പാടുകളുടെയും കൂടി പ്രതിഫലനമാണ്.ചരിത്രവും പ്രവാസവും മാധ്യമ ഭീകരതയും കാപട്യം നിറഞ്ഞ സാമ്രാജ്യത്വ ഭീകരതയും വിദ്യാഭ്യാസ കച്ചവടവും തീവ്ര ഇടതുപക്ഷ വായാടിത്തവും തുടങ്ങി നാനാവിധങ്ങളായ ജീവിത സമസ്യകളെ വരച്ചുകാട്ടുന്നുണ്ട്. ഇതിലൊക്കെ തന്നെയും നാം ഓരോരുത്തരും തങ്ങള്‍ക്കാകും വിധം ഈ ഭൂഗോളത്തെ നയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇടയ്ക്കിടെയുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്.

ഒരു കലാകാരനില്‍ നിന്നും ഇന്നത്തെ സമൂഹം പ്രതീക്ഷിക്കുന്നതും ഇതാണ്. ജീവിക്കുവാനുള്ള സമരത്തില്‍ അവരോടൊപ്പം നില്‍ക്കുക എന്നത്. അതില്‍ അനില്‍ പള്ളൂര്‍ എന്ന കവി മുന്നില്‍ തന്നെയുണ്ട് എന്ന് വിളിച്ചു പറയുന്നു. കടലുകള്‍ കടന്ന് അറബിനാട്ടിലെ പ്രവാസ ജീവിതം നയിക്കുമ്പോഴും കേരളവും ജന്മനാടായ മയ്യഴിയും ഒക്കെ കടന്നുവരുന്നുമുണ്ട്. ബൂര്‍ഷ്വാ വിരുദ്ധതയെന്ന മുദ്രാവാക്യം പൊയ്മുഖമാക്കി ബൂര്‍ഷ്വാസിയുടെ തന്നെ മാരീച വേഷങ്ങള്‍ തിമര്‍ക്കുന്ന ആഗോളീകരണത്തിന്റെ കാലത്ത് നിന്നിടത്തു തന്നെ പിടിച്ചു നില്‍കാന്‍ സാധിക്കാതെ അലയേണ്ടിവരുന്ന നിരാലംബരുടെ ശബ്ദം തന്നെയാണ് ഈ വരികളില്‍ ഏറിയും നിറഞ്ഞു നില്‍ക്കുന്നത്‌ എന്ന് പറയാതെ വയ്യ. പരമ്പരാഗതമായ ചില നിയമങ്ങളുടെയും ശൈലികളുടെയും പ്രത്യക്ഷമായ പല ലങ്ഘനങ്ങും ഈ വരികളില്‍ കണ്ടേക്കാം. ആലാപനത്തിനുള്ളതാണ് കവിത എന്ന് വാദിക്കുന്നവര്‍ക്ക് ശ്രവണ രസം കുറവാണെന്നും ആക്ഷേപിക്കാം. പക്ഷെ ഒരു സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും പ്രതിഷേധങ്ങളുമാണ് കലാ സൃഷ്ടിയായി പിറക്കുന്നതെന്ന് വരികള്‍ക്കിടയിലെ വായനക്കാരന് തിരിച്ചറിയാന്‍ സാധിക്കുക തന്നെ ചെയ്യും.അപകടകരമായ അരാഷ്ട്രീയവത്കരണത്തില്‍ നിന്നും ആഗോള പ്രവാസികളെ പ്രതിരോധത്തിന്റെ രാഷ്ട്രീയം പഠിപ്പിക്കുന്ന ഒരു പിടി വരികള്‍ അനില്‍ പള്ളൂര്‍ കരുതി വച്ചിട്ടുണ്ട് എന്നത് ഈ കൊച്ചു കവിതാ പതിപ്പിന്റെ സാമൂഹിക ഉത്തരവാദിത്തത്തെ എടുത്തു കാണിക്കപ്പെടുന്നു.

Share.

About Author

147q, 0.654s