Leaderboard Ad

ലോകം കേരളത്തോട് കടപ്പെട്ടിരിക്കുന്നു, കേരളം ഈ ഡോക്ടറോടും’

0

ഹജീവികളുടെ ജീവനുപോലും വിലകല്‍പ്പിക്കാത്ത മനുഷ്യന്‍റെ ലാഭക്കൊതി എന്‍ഡോസള്‍ഫാന്‍ രൂപത്തി കാസറഗോടിന്‍റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പെയ്തിറങ്ങി ദുരിതം വിതച്ചത് ആര്‍ക്കും എളുപ്പമൊന്നും മറക്കാന്‍ കഴിയില്ല. അമേരിക്കയുടെ യുദ്ധക്കൊതിയുടെ ഫലമായി ഹിരോഷിമയിലും നാഗസാക്കിയിലും തലമുറകള്‍ക്കിപ്പുറവും പേറേണ്ടി വരുന്ന ദുരിതങ്ങളെപറ്റി കേട്ടുവായിച്ചും മാത്രം അറിഞ്ഞ നമുക്ക് മുന്നില്‍ ഒരു പക്ഷേ അത്തരം ദുരന്തചിത്രങ്ങളെ കാട്ടിത്തരികയായിരുന്നു എന്‍ഡോസള്‍ഫാന്‍.

സമാനതകളില്ലാത്ത ദുരിതപര്‍വ്വം താണ്ടുന്ന ഒരു ജനതയുടെ വേദനകള്‍ക്ക് അറുതിയാകുന്നില്ലെങ്കിലും പ്രതീക്ഷയുടെ കിരണങ്ങള്‍ തീര്‍ക്കുകയാണ് മനുഷ്യസ്നേഹികളുടെ കൂട്ടായ യത്നങ്ങള്‍.

ഡോക്ടര്‍ മുഹമ്മദ് അഷീലിനെ പോലുള്ളവര്‍ പ്രലോഭനങ്ങളെ അതിജീവിച്ചും എതിര്‍പ്പുകളെ അവഗണിച്ചും നേതൃത്വം നല്കിയ ഒരു ജനതയുടെ അതിജീവന പോരാട്ടത്തിന്‍റെ വിജയമാണ് സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ നമുക്ക് നേടിയെടുക്കാന്‍ കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള തീരുമാനം.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങള്‍ക്കും ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും കേരളീയ സമൂഹത്തെ പ്രതിനിധീകരിച്ച് സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്ത ഡോക്ടര്‍ മുഹമ്മദ് അഷീല്‍ ‘നേര്‍രേഖ’യുമായി സംവദിക്കുന്നു.

1932484_10152279445948255_39746326_n
ദുരിതബാധിതരെക്കുറിച്ച്, എതിര്‍പ്പുകളെയും പ്രലോഭനങ്ങളെയും കുറിച്ച, പ്രതീക്ഷകളെ കുറിച്ച്.

ചോദ്യം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനും അതിന് എതിരായ പ്രക്ഷോഭങ്ങള്‍ക്ക് ജനപിന്തുന്ന നേടിയെടുക്കുന്നതിലും ഡോക്ടറെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ വിഷയം ഡോക്ടറുടെ ശ്രദ്ധയില് വരുന്നത് എപ്പോഴാണ് ?

2010 ഡിസംബര്‍ മാസം ആണ് ഞാന്‍ കാസര്‍ഗോഡ്‌ ജില്ലയിലല്‍ എത്തുന്നത് . അന്ന് എന്‍ഡോസള്‍ഫാന്‍ എന്നത് ഒരു വലിയ ‘മീഡിയ ഹൈപ്’ ആണെന്നും വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നുമായിരുന്നു എന്‍റെ ധാരണ. എന്നാല്‍ കാസറഗോഡ് വന്നതിനു ശേഷം കണ്ട കാഴ്ചകളും ക്യാമ്പുകള്‍ നടത്തുന്ന സമയത്തുണ്ടായ അനുഭവങ്ങളും ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും ഇടപെടാനും പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ ലോകത്തിന്‍റെ പലഭാഗത്തും എന്‍ഡോസള്‍ഫാനെ കുറിച്ചുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നും , എന്‍ഡോസള്‍ഫാന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനുള്ള വ്യക്തമായ തെളിവുകള്‍ നമുക്ക് മുന്നില്‍ ഉണ്ടെന്നും ബോധ്യപ്പെടുന്നത്.

ചോദ്യം: ആദ്യഘട്ടത്തില്‍ എന്‍ഡോസള്‍ഫാന് എതിരായുള്ള പ്രവര്‍ത്തനം ഏത് രൂപത്തിലായിരുന്നു ആരംഭിച്ചത്?

എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ മനസ്സിലാകാത്തത് കൊണ്ടാണ് കേന്ദ്ര സര്ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകാത്തത് എന്ന ധാരണയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതിന്‍റെ അടിസ്ഥാനത്തില്‍ ലോകത്ത് നടന്ന പഠനങ്ങളെ ക്രോഡീകരിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എന്‍റെ ജൂനിയേഴ്സ് ആയിരുന്ന വിപിന്‍ കെ നായര്‍ , നിര്‍മല്‍ രാജ് തുടങ്ങിയവരുടെ സഹായത്തോടെ ആയിരുന്നു ഈ പ്രവര്‍ത്തങ്ങള്‍ . എന്നാല്‍ തുടര്‍ന്നുണ്ടായ അനുഭവങ്ങള്‍ ഞങ്ങളുടേത് പരിചയക്കുറവിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടായ തെറ്റായ ധാരണ ആണെന്ന് ബോധ്യപ്പെട്ടു.

ചോദ്യം: ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് ശേഷം സര്‍ക്കാര്‍ നടപടിക്ക് വേണ്ടി ശ്രമിക്കുകയുണ്ടായോ?

ഞങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന ശ്രീമതിടീച്ചര്‍ക്ക് സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് ടീച്ചര്‍ ഈ വിഷയത്തില്‍ സജീവമായ ഇടപെടലുകളലാണ് നടത്തിയത്. പിന്നീട് മന്ത്രി ഈ റിപ്പോര്‍ട്ട്‌ അന്നത്തെ മുഖ്യമന്ത്രിയായ ശ്രീ വി എസ് അച്ചുതാനന്ദന് സമര്‍പ്പികുകയും എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണമെന്നുള്ള ശക്തമായ നിലപാട് സര്‍ക്കാര്‍ എടുക്കുകയും ചെയ്തു.

എന്‍ഡോ സള്‍ഫാന്‍ ഒരു ‘പൊളിറ്റിക്കല്‍ ഇഷ്യൂ’ യായി ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഞങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ശ്രീമതി ടീച്ചറുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും സന്ദര്‍ശിച്ച സര്‍വ്വകക്ഷി സംഘം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.

5

ചോദ്യം: താങ്കളുടെ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് എതിരായിട്ടും സ്റോക്ക് ഹോം കണ്‍വെന്‍ഷന് പോകാനുണ്ടായ സാഹചര്യം വിശദമാക്കാമോ..?

ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ നിസ്സംഗത ഇനി എന്തെന്ന് ചിന്തിക്കാന് ഞങ്ങളെ പ്രേരിപ്പിച്ചു. അങ്ങിനെയാണ് എന്‍ഡോസള്‍ഫാനെ കുറിച്ച് തീരുമാനം എടുക്കുന്ന സ്ഥലങ്ങളെ കുറിച്ച് ഞങ്ങള്‍ ഗൂഗിള്‍ ചെയ്ത് തുടങ്ങിയതും തുടര്‍ന്നുള്ള അന്വേഷണത്തില്‍ സ്റോക്ക് ഹോം കണ്‍വെന്‍ഷനെ കുറിച്ച് മനസ്സിലാക്കുന്നത്. പിന്നീട് ഞങ്ങളുടെ ആലോചന എങ്ങിനെ നമ്മുടെ വാദങ്ങള്‍ അവിടെ എത്തിക്കാം എന്നതായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കിയത് ഇന്ത്യാ ഗവ: അല്ലാതെ രാജ്യത്ത് നിന്നും സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അംഗീകാരം ഉള്ള ഏക സംഘടന തിരുവന്തപുരത്താണെന്നും അതിന്‍റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സ്വദേശിയായ ശ്രീ. ജയകുമാര്‍ ആണെന്നും മനസ്സിലാക്കുന്നത്‌. “ നിങ്ങള് ആത്മാര്‍തമായി ഒരു കാര്യം ആഗ്രഹിക്കുന്നു എങ്കില്‍ ലോകം മുഴുവന്‍ നിങ്ങളെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കും” എന്നുള്ള പൌലോ കൊയ്ലോയുടെ വാചകങ്ങള് ശരിയാണെന്ന് തോന്നിയത്.

കേന്ദ്രസര്‍ക്കാരിനു നല്‍കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില് ഇത് സ്റ്റോക്ക്ഹോം കണ്‍വെന്‍ഷ കൊണ്ടുപോകാന്‍ അനുമതി തരണമെന്ന് ശ്രീമതി ടീച്ചറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട്‌ കൈമാറുന്നത്‌ ടീച്ചര്‍ ഡല്‍ഹിയില്‍ പോകുന്നതിനായി നെടുമ്പാശ്ശേരിയില്‍ നില്‍ക്കുന്ന സമയത്താണ്. അവിടെ വച്ച് മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വച്ചാണ് ടീച്ചര്‍ പറയുന്നത് “ഇത് ഇവിടെ കൊടുത്തിട്ട് ശരിയായില്ലെങ്കില്‍ ഇതും കൊണ്ട് ഇവന്‍ ജനീവയിലേക്ക് പോകുന്നുണ്ട്”.

അതോടെ കണ്‍വെന്‍ഷന് നമ്മുടെ മാധ്യമ ശ്രദ്ധയും കിട്ടി. പ്രധാനമന്ത്രിയെ കണ്ടശേഷം ശ്രീമതി ടീച്ചര്‍ ഡല്‍ഹിയില്‍ നിന്നും ഫോണ്‍ ചെയ്ത് പറഞ്ഞത് “അഷീലെ , നമുക്ക് ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരെ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ…ഇവരാരും ഒന്നും ചെയ്യാന്‍ പോകുന്നില്ല, ഈ നീ എവിടെയാണ് വേണ്ടതെന്ന് നോക്കി വേണ്ടത് ചെയ്തോളൂ എന്നാണ്.

പിന്നീട് ടീച്ചര്‍ പറഞ്ഞതനുസരിച്ച് ജനീവയില്‍ പോകുന്നതിന് തലേനാള്‍ കണ്‍വെന്‍ഷന് പോകാനുള്ള അനുമതിക്കായി അപേക്ഷയും നല്‍കുകയുണ്ടായി. ഒരു ഇടപെടലും നല്‍കിയ അപേക്ഷയില്‍ നടത്തിയില്ലെങ്കിലും ഉത്തരവിറക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ശുഷ്കാന്തി അന്നത്തെ വി എസ് സര്‍ക്കാറിന്‍റെയും പ്രത്യേകിച്ച് ശ്രീമതി ടീച്ചറുടെയും ഈ വിഷയത്തില്‍ ഉള്ള അത്മാര്ഥതയാണ് കാണിക്കുന്നത്.

ഭാര്യയുടെ സ്വര്‍ണ്ണം പണയം വച്ചാണ് യാത്രാച്ചെലവിനുള്ള തുക കണ്ടെത്തിയത്. സര്‍ക്കാര്‍ ഉത്തരവ് തയ്യാറായ കാര്യം അറിയാത്തത് കൊണ്ട് പണം തിരിച്ചു കിട്ടും എന്നുള്ള ഒരുറപ്പും പോകുന്ന സമയത്ത് ഉണ്ടായിരുന്നില്ല.

ചോദ്യം: കണ്‍വെന്‍ഷന് പോകുന്ന സമയത്തുള്ള മാനസികാവസ്ഥ എന്തായിരുന്നു?

കണ്‍വെന്‍ഷന് പോകുന്നതിന്‍റെ തലേനാള്‍ ഞാനും ജയകുമാര്‍ സാറും മുഖ്യമന്ത്രി വി എസ്സിനെ കാണാന്‍ പോയിരുന്നു. ജയകുമാര്‍ സാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞത് അവിടെ പോയി കാര്യങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ആരെയെങ്കിലും തല്ലുമോ എന്നാണ് സാറിന്‍റെ പേടി എന്നതായിരുന്നു. മറുപടിയായി വി എസ് പറഞ്ഞത് – “ ഡോക്ടറെ തല്ലണ്ട “ എന്നായിരുന്നു. പുറത്തിറങ്ങുമ്പോ അന്നത്തെ പ്രസ്സ് സെക്രട്ടറി ഞങ്ങളോട് വന്നു പറഞ്ഞു തല്ലണ്ടാ എന്നെ വി എസ് പറഞ്ഞുള്ളൂ അതിനടുത്ത് വരെ പോകാം എന്നാണ്. ഞാനിത് പറഞ്ഞത് സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഞങ്ങള്‍ക്ക് അത്രയധികം പിന്തുണ കിട്ടിയിരുന്നു എന്ന് കാണിക്കാനാണ്.

സ്വിറ്റ്സര്‍ലാന്‍ഡിലെ സൂറിച്ചില്‍ നിന്നും ജനീവയിലേക്കുള്ള ട്രെയിന്‍-യാത്ര മനോഹരമായ ലാന്‍ഡ്സ്കേപ്പിലൂടെയായിരുന്നു. വിന്‍ഡോസിന്‍റെ അതിപ്രശസ്തമായ ചിത്രം പോലും എടുത്ത മനോഹരമായ ആ ലാന്‍ഡ്സ്കേപ്പിലൂടെ സഞ്ചരിക്കുമ്പോള്‍ പോലും ഞാന്‍ ടെന്‍ഷന്‍ കൊണ്ട് ചുറ്റുപാടും കണ്ടിരുന്നില്ല. കാരണം ക്രിക്കറ്റ് കലക്കാന്‍ പോകുന്ന ഒരു കളിക്കാരന്‍ തോല്‍ക്കുമോ ജയിക്കുമോ എന്നുള്ള ടെന്‍ഷന്‍ മാത്രമേ ഉണ്ടാകൂ തോറ്റാലും ജയിച്ചാലും നാളെ ഈ ലോകത്ത് ഒരു മാറ്റവും ഉണ്ടാക്കാന് പോകുന്നില്ല . എന്നാല്‍  ഞങ്ങളെ സംബന്ധിച്ച് അങ്ങിനെ ആയിരുന്നില്ല; ലോകത്തിന്‍റെ പലഭാഗത്തുമുള്ള ആളുകള്‍ ഞങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്. പരാജയപ്പെട്ടാല്‍ വരുന്ന പത്ത് വര്‍ഷത്തേക്ക് കൂടി എന്‍ഡോസള്‍ഫാന്‍ ലോകത്ത് ഉപയോഗിക്കും; വിജയിച്ചാല്‍ അത് ഈ മാരക കീടനാശിനിയുടെ നിരോധനത്തിന് കാരണം ആകുകയും ചെയ്യും.

1911197_10152275065298255_1759133479_o

ചോദ്യം: രാജ്യത്തിന്‍റെ പ്രതിനിധി സംഘത്തിന്‍റെ നിലപാടുകള്‍ക്കെതിരെ ഒരു സംസ്ഥാനത്തിന്‍റെ ജനങ്ങളുടെ പ്രതിനിധിയായി താങ്കള്‍ക്ക് കണ്‍വെന്‍ഷനില്‍ ഉണ്ടായ അനുഭവം പങ്കുവെക്കാമോ?

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പാടില്ല എന്ന നിലപാടായിരുന്നു ഇന്ത്യാ ഗവ. ഔദ്യോഗിക പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞത്. കഴിഞ്ഞ നാല്‍പതു വര്‍ഷമായി രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നു എന്നും യാതൊരു വിധ പ്രശ്നങ്ങളും ഇല്ല എന്നുമായിരുന്നു. തുടര്ന്ന് ഞങ്ങള്ക്ക് അവസരം ലഭിച്ചപ്പോള് ജയകുമാര് സര് ആരംഭിച്ചത് തന്നെ..

“ We are from Kerala, a state in India. We as a state is on hunger strike today and our ‘87 year young’ chief minister leading by example.
Kerala may be the only state in the world where you can start talking on endosulfan and stockholm convention”

മുഖ്യമന്ത്രി നിരാഹാരം കിടന്നത് കൊണ്ടാണോ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് എന്ന് ചിലര് ചോദിച്ചിരുന്നു. അല്ല, പക്ഷെ എന്ത് കൊണ്ട് ഒരു മുഖ്യമന്ത്രി നിരാഹാരം കിടക്കുന്നു എന്നുള്ള ചര്‍ച്ച അവിടെ തുടങ്ങാന്‍ സാധിച്ചു. ഒരു സംസ്ഥാനത്തെ ഭരണ നേതൃത്വം ആകെ നിരാഹാരത്തിന് പോകുന്ന അത്ര പ്രാധാന്യം ഉള്ള വിഷയമാണ് ഇത് എന്ന് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സഹായകമായി. ജനീവയില്‍ ഈ കണ്‍വെന്‍ഷനെ കുറിച്ച് അധികം ആളുകള്‍ അറിയാന്‍ സാധ്യത ഇല്ലാത്തിടത്ത് കേരളത്തിലെ ഒരു ചായക്കടയില് പോലും ഇത് ചര്‍ച്ചയാകുന്നു എന്നുള്ളതും പ്രതിനിധികളെ സ്വാധീനിച്ചു. മാത്രമല്ല; ഇന്ത്യയില്‍ നിന്നാണ് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ ഇന്ത്യാക്കാര്‍ ആണെന്ന് പറയുമ്പോള്എന്‍ഡോസള്‍ഫാന്‍ അനുകൂലികള്‍ ആയാണ് പലരും ഞങ്ങളെ ആദ്യം കണ്ടിരുന്നത്. അവരോടു ഞങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ മറ്റൊരു ഇന്ത്യയെ ആണ് പ്രതിനിധീകരിക്കുന്നത് എന്നായിരുന്നു.

ഒരു കളി കാണുമ്പോഴും മറ്റും നമ്മള്‍ ഇന്ത്യ ജയിച്ചു കാണാന്‍ ആഗ്രഹിക്കുകയും അതിനു വേണ്ടി ശബ്ദം മുഴക്കുകയും ചെയ്യും എന്നാല്‍ ജീവിതത്തില്‍ ആദ്യമായി രാജ്യത്തിന്‍റെ ഔദ്യോഗിക സംഘം തോല്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അപ്പോള്‍ ഉണ്ടായ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ലാപ്ടോപ്പില്‍ “ WE REPRESENT INDIA’’ എന്ന് പ്രദര്‍ശിപ്പിച്ചിരുന്നു; ഞങ്ങളാണ് യഥാര്ത്ഥ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എന്ന് സ്വയം ബോധ്യപ്പെടുത്താന് കൂടി ആയിരുന്നു അത്.

ചോദ്യം: കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ലോബികളുടെ ഏജന്റുകള്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡോക്ടറിന്‍റെ അനുഭവം ഒന്ന് പങ്കുവേക്കാമോ..?

അവിടെ എത്തിയ ആദ്യ ദിവസം തന്നെ ഞെട്ടിച്ചത് എക്സല്‍ ഗ്രൂപ് എന്ന ഇന്ത്യയിലെ മൂന്ന് എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനികളില്‍ ഒന്നിന്‍റെ ജനറല്‍ മാനേജര്‍ ആയ എസ് ഗണേഷ് പേര് രജിസ്റര്‍ ചെയ്തത് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി ആയാണ്. ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘം എന്നത് ഈ കമ്പനികളുടെ പ്രാക്ടിക്കല്‍ അടിമകള്‍ ആയിരുന്നു , ഇത് വെറുതെ പറഞ്ഞതല്ല രണ്ടിടതായാണ് കമ്പനി പ്രതിനിധികളും (ഇവര്‍ മറ്റു സ്വതന്ത്ര എജന്‍സികളുടെ പേരിലാണ് വന്നത്) – ഇന്ത്യയുടെ ഔദ്യോഗിക സംഘവും ഇരുന്നത് എന്നാല്‍ ഒരുദ്യോഗസ്ഥന്‍ ഇവര്‍ക്കിടയില്‍ ഓടിനടന്നു എന്തൊക്കെ പറയണം എന്നുള്ളത് അപ്പപ്പോള്‍ കമ്പനികളുമായി ആലോചിക്കുന്നുണ്ടായിരുന്നു. സത്യത്തില് ഒരു IAS കാരന് ഇവര്‍ക്ക് വേണ്ടി പ്യൂണ് ജോലി ചെയ്യുകയായിരുന്നു. കമ്പനികള്‍ പറയുന്നത് മാത്രമായിരുന്നു ഇന്ത്യന്‍ സംഘം അവിടെ അവതരിപ്പിച്ചത്. സത്യത്തില്‍ ഇന്ത്യന്‍ സംഘത്തോട് സഹതാപവും പുച്ഛവും അമര്‍ഷവുമാണ് തോന്നിയത്. അടുത്ത ദിവസം അവര്‍ അടവ് മാറ്റി ഏഷ്യ പസഫിക് രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ സംഘം ഒരു കത്തെഴുതി; എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ത്താല്‍ അവരുടെ മറ്റു ആവശ്യങ്ങളെ ഇന്ത്യ പിന്തുണക്കും എന്ന് പറഞ്ഞായിരുന്നിത് ഇത്. വളരെ നാണക്കേടുണ്ടാക്കിയ അനുഭവം, നമ്മുടെ രാജ്യത്തിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധികള്‍ ആണെന്നൊരു ധാരണ അവിടെ ഉള്ള പല പ്രതിനിധികള്‍ക്കും ഉണ്ടായി എന്നുള്ളതാണ്. അവരില്‍ ചിലര്‍ നേരിട്ട് ചോദിക്കുകയും ചെയ്യുകയുണ്ടായി. മറ്റൊരു അനുഭവം ഹസാര്‍ഡ്സ് കെമിക്കല്‍ മാനേജ്മെന്‍റ് ഡയറക്ടറി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര് ആയ സ്ത്രീ ഇങ്ങനെ ഒരുല്‍പ്പന്നം ഉണ്ടാക്കുന്ന കമ്പനിക്ക് വേണ്ടി നിലകൊള്ളുന്നു എന്നുള്ളതാണ്. അവിടെ കണ്ടത് ഈ സ്ത്രീയെ കമ്പനിയുടെ മാനേജര്‍ ചീത്തപറയുന്നത് കണ്ട് നില്‍ക്കേണ്ടി വന്നിട്ടുണ്ട്.

ചോദ്യം : എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ടു വന്‍ ലോബികള്‍ സോക്ക്ഹോം കണ്‍വെന്‍ ഷനില്‍ സജീവമായിരുന്നപ്പോള്‍ താങ്കള്‍ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു ? പ്രലോഭനങ്ങള്‍ എങ്ങിനെ ആയിരുന്നു; അതെ കുറിച്ച് ….

മുന്‍പ് സൂചിപ്പിച്ച എസ് ഗണേശന് ആദ്യം തന്നെ എന്നെ വന്നു കണ്ടു. മിണ്ടാതിരിക്കാന് എന്ത് തരണം എന്ന് അയാള്‍ തുറന്നു ചോദിക്കുകയായിരുന്നു. എന്ത് കൊടുക്കും എന്നുള്ളത് ഇന്ത്യന് സംഘത്തിന്റെ അടിമത്തം കണ്ടാല്‍ അറിയാമായിരുന്നു. ഗണേശന് പറഞ്ഞ ന്യായം ആണ് രസകരം ഇത്രയും കാലം വന്നവര്‍ മിണ്ടാതിരിക്കുയായിരുന്നു എന്നാല്‍ അതിനവര്‍ക്ക് ഒന്നും കിട്ടിയില്ല എനിക്ക് മിണ്ടാതിരിക്കുന്നതിനു ലഭിക്കാന് പോകുന്നതു കോടികള്‍. അതിനാണേല്‍ കുറ്റബോധവും ആവശ്യമില്ല എന്‍ഡോസള്‍ഫാന്‍ പ്രശ്നക്കാരന്‍ അല്ല എന്ന് എവിടെയും പറയേണ്ടതില്ല മിണ്ടാതിരുന്നാല്‍ മതി.

ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ജോലിയോട് ആത്മാര്ഥത ഉള്ളവരാ യിരുന്നാല്‍ രാജ്യം ആയിരം മടങ്ങ് നന്നാവും. നമ്മുടെ IAS ഉദ്യാഗസ്ഥര്‍ എന്തിനാണ് ഇവര്‍ക്ക് മുന്നില്‍ വഴങ്ങുന്നത് . നിസ്സാരനായ എന്നോട് പോലും പ്രലോഭിപ്പിക്കാനും ഭീഷണിപ്പെടുത്താനും മാത്രമേ കഴിയൂ. തീരുമാനം എടുക്കേണ്ടത് ഞാന് മാത്രമാണ്. ഓരോ ഉദ്യാഗസ്ഥരും തങ്ങളുടെ അധികാരം ശരിയായി മനസിലാക്കി വിനിയോഗിക്കുക്ക മാത്രമാണ് ചെയ്യേണ്ടത്.

ആദ്യഘട്ടത്തില്‍ പ്രലോഭനവുമായി വന്നവര്‍ രണ്ടാം ഘട്ടത്തില്‍ അടവ് മാറ്റി സമരസം ആയിരുന്നു അടുത്തത്. ഇന്ത്യന്‍ സംഘത്തിന്‍റെ നേതാവ് ഞങ്ങളെ വന്നു കണ്ടു നമുക്ക് ഇപ്പോള്‍ പാശ്ചാത്യരാജ്യങ്ങള്‍ പറയുന്നത് കേള്‍ക്കാം. നാട്ടിലെത്തിയ എത്തിയ ശേഷം അവിടെ കമ്മറ്റി ചേര്‍ന്ന്‍ തീരുമാനിക്കാം എന്നും പറഞ്ഞു. എന്നാല്‍ കമ്മറ്റി ചേരുന്നു എങ്കില്‍ നിരോധനത്തിന് ശേഷം അതെങ്ങിനെ നടപ്പില്‍ വരുത്തും എന്നതിനെ കുറിച്ചാകാം എന്ന നിലപാട് ഞങ്ങളും എടുത്തു. അടുത്തത് പ്രകോപനം ആയിരുന്നു. അവിടെ നിരോധനത്തിന് വേണ്ടി സംസാരിക്കുന്നവര്‍ പ്രധാനമായും ഞങ്ങള്‍ – ഞാനും ജയകുമാര്‍ സാറും അടക്കം അഞ്ചുപേരായിരുന്നു . ഞങ്ങള് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരു ബ്രിട്ടിഷ് വനിതാ ഞങ്ങളുടെ അടുത്ത് വന്നിരിക്കുകയും ഞങ്ങളോട് “നിങ്ങള്‍ കേരളക്കാര്‍ ഇന്ത്യയില്‍ ഒരു ആഭ്യന്തര കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ,നിങ്ങള് വിഘടനവാദികളാണ് തുടങ്ങി പ്രകോപനപരമായ സംസാരം തുടങ്ങി . അതിനോട് രൂക്ഷമായി പ്രതികരിച്ച എന്നെ തടഞ്ഞ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു പ്രതിനിധി പറഞ്ഞത് അവര്‍ ആഗ്രഹിക്കുന്നത് ഇത് തന്നെ ആണ് എന്നാണ്. ഞങ്ങളെ പ്രകോപിപ്പിച്ചു ഞങ്ങള് വല്ലതും ചെയ്താല്‍ അതിന്‍റെ പേരില്‍ അവിടെ നിന്നും പുറത്താക്കാം എന്നാണ് കണക്കുകൂട്ടിയത്.

ചോദ്യം: സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ മറ്റുരാജ്യങ്ങളില്‍ നിന്നും ലഭിച്ച പിന്തുണ എത്രത്തോളം ആയിരുന്നു?

മറ്റു പല രാജ്യങ്ങളില്‍ നിന്നും വന്ന പ്രതിനിധികള്‍ പലരും നല്ല പിന്തുണയാണ് നല്‍കിയിരുന്നത്. അതുപോലെ ഞങ്ങള്‍ കൊണ്ടുപോയ പുസ്തകങ്ങള്‍ കോപി എടുത്തു വിതരണം ചെയ്തത് ഇറാന്‍ പ്രതിനിധിയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച ചെയ്യാന്‍ ഉള്ള കോണ്‍ടാകറ്റ്ഗ്രൂപ്പ് നയിച്ചത് ഒരു ഖത്തര്‍ വനിതയായിരുന്നു. അവര്‍ നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു. നിര്‍മ്മാണ കമ്പനികള്‍ക്കും ഔദ്യാഗിക പ്രതിനിധി സംഘത്തിനും ഇടയിലുള്ള അന്തര്‍ധാര അനുവദിക്കില്ല എന്നവര്‍ ഉറപ്പു തന്നു. നാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറുന്നു എന്ന വിഷയത്തില്‍ ഗ്രൂപ് നേതൃത്വം നല്കുന്ന വ്യക്തി പക്ഷപാത പരമായി പെരുമാറുന്നു എന്നും ആക്ഷേപിച്ചു മുന്നോട്ടു വന്നു. മാനസികമായി പിന്തുണ നല്‍കിയ ആ സ്ത്രീയെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ധര്മ്മ സങ്കടത്തിലായിരുന്നു ഞങ്ങള്‍. എന്നാല്‍ ഒഴിഞ്ഞു മാറി നടന്ന ഞങ്ങളെ വിളിച്ചു ഞങ്ങളോട് പറഞ്ഞത് “Tell the people of Kerala that I am with them” എന്നായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ ശ്രീമതി ടീച്ചറെ ഫോണില്‍ വിളിച്ചു മാഡത്തിനു ഫോണ് കൈമാറി ടീച്ചര്‍ അവരെ കേരളത്തിന്‍റെ അഥിതി ആയി ക്ഷണിക്കുകയും ചെയ്യുകയുണ്ടായി.

ഞങ്ങള്‍ക്ക് മാനസികവും ധാര്‍മികവുമായ പിന്തുണ നല്‍കിയതിന് ശ്രീമതി ടീച്ചറിനോട് എത്ര നന്ദി അറിയിച്ചാലും മതിയാവില്ല. ഞങ്ങളുടെ സമയം നോക്കി പാതിരാത്രി വരെ ഉറക്കമൊഴിച്ച് നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു. ഒരു സംസ്ഥാന ത്തിന്‍റെ ആരോഗ്യമന്ത്രി ഈ വിഷയത്തില്‍ എങ്ങിനെ ഇടപെടണമെന്ന് സമൂഹത്തിന് കാണിച്ച് നല്‍കാന്‍ ടീച്ചര്‍ക്കായിട്ടുണ്ട്. അതുപോലെ തന്നെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുകയും ദുരിതഭാ തിതര്‍ക്ക് വേണ്ടി എപ്പോഴും പ്രവര്‍ത്തിച്ച് വരുന്ന കാസറഗോഡ് എം പി ശ്രീ. പി കരുണാകരന്‍ നല്‍കിവന്ന ശക്തമായ പിന്തുണയും എടുത്ത് പറയേണ്ടതായിട്ടുണ്ട്.

ചോദ്യം : നിരോധനം പ്രഖ്യാപിച്ചപ്പോള്‍ എന്ത് തോന്നി?

ഞാന്‍ എന്‍റെ ജീവിതത്തില്‍ ഏറ്റവും സന്തോഷത്തോടെ കേട്ട വാര്‍ത്ത ഒരു പക്ഷേ ഈ നിരോധന പ്രഖ്യാപനമായിരിക്കും. അന്ന് ലോകത്തിലെ പലരാജ്യങ്ങളും പറഞ്ഞത് “ ലോകം കേരളത്തോട് കടപ്പെട്ടിരിക്കുന്നു “ എന്നായിരുന്നു.

അനില്‍ ബേപ്പ്

*ഫോട്ടോ കടപ്പാട് : മധുരാജ്

Share.

About Author

152q, 0.614s