Leaderboard Ad

വരൻ പേർഷ്യക്കാരനാവണം

0

ഞാനും എന്റെ ആത്മാര്‍ത്ഥ സുഹൃത്തായ രാജനും കൂടെ ഒരേ ദിവസമാണ് നെടുമ്പാശേരിയിൽ വന്നിറങ്ങിയത്. ഞാൻ ദുബായിലും അവൻ ഖത്തറിലും ആണ്. ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ചു, പഠിച്ചു വളർന്ന കളിക്കൂട്ടുകാരൻ. ഞാൻ ഒരു മാസത്തെ ലീവിന്നാണ് നാട്ടിലേക്ക് വന്നത്. പക്ഷെ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ, രാജൻ വിസ ക്യാന്‍സല്‍ ചെയ്ത് നോ എൻട്രി അടിച്ചാണ് വരുന്നത്.

എനിക്ക് 32 വയസ്സായി. എന്റെ കല്യാണത്തെപ്പറ്റി ആർക്കും ഒരു ചിന്തയുമില്ല. പലരൂപത്തിലും അച്ഛനെയും അമ്മയെയും മനസ്സിലാക്കിക്കാൻ ശ്രമിച്ചു. ഒരു രക്ഷയുമില്ല. എന്റെ അതെ പ്രായക്കാരനായ രാജനും കല്യാണം കഴിച്ചിട്ടില്ലല്ലോ എന്ന സമാധാനം മാത്രം. ഒടുവിൽ ദൈവം തുണച്ചു. കല്യാണം കഴിച്ചോളാൻ സമ്മതം കിട്ടി.

ബ്രോക്കർ (സോറി – മാര്യേജ് ബ്യൂറോ എജെന്റ്) കുമാരേട്ടനോട് വിവരം പറഞ്ഞു.’സിദ്ധൻ എന്താണ് നിന്റെ ഡിമാന്റ്?’ കുമാരേട്ടന്റെ ഇന്റർവ്യൂ. ‘ഓ. അങ്ങിനെ വലിയ ഡിമാന്റ് ഒന്നുമില്ല. ഒരു ഇരുന്നൂറ്റമ്പത് പവൻ സ്വര്ണം, ഒരു കാറും മതി’ നിസ്സാരമായി ഞാൻ പറഞ്ഞു. ‘അങ്ങിനെയാണെങ്കിൽ ഒരു കുട്ടിയുണ്ട്. വയസ്സ് ഒരു പതിനേഴ്.’ കുമാരേട്ടൻ സംസാരിക്കുന്നതിന്നിടയിൽ ഞാൻ പറഞ്ഞു ‘അത് മതി, അത് മതി’

കുമാരേട്ടന്റെ ബാക്കി വാചകം കേട്ടപ്പോൾ എന്റെ സന്തോഷത്തിന്നു അധികം ആയുസ്സുണ്ടായിരുന്നില്ല. ‘ഞാൻ പറഞ്ഞു വന്നത് പതിനേഴ്‌ വയസ്സ് നിന്നെക്കാൾ കൂടുതലുണ്ടാവുമെന്നാണ്’. ഞാൻ തോറ്റു. ഡിമാന്റ് ഒന്നും ഇല്ല എന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് കുമാരേട്ടൻ വന്നു. മുതുക്കാലടിയിൽ നല്ലൊരു പെണ്‍കുട്ടി ഉണ്ടെന്നും ഒക്കുമെങ്കിൽ ഇന്ന് തന്നെ പോകാമെന്നും കുമാരേട്ടന്റെ തേൻമൊഴി. ഭാഗ്യത്തിന്നു രാജൻ അടുത്ത് തന്നെയുണ്ട്‌. അവനാണെങ്കിൽ വിവാഹം ഒരിക്കലും കഴിക്കില്ലെന്ന് ദൃഡപ്രതിജ്ഞയെടുത്തിരിക്കുകയാണ്. കൂടെ വരാൻ രാജനെ ക്ഷണിച്ചു. ഇലക്ഷൻ ആയതു കൊണ്ട് പ്രവർത്തനത്തിന്നു പോവുകയാണെന്നും വരാൻ ബുദ്ധിമുട്ടാണെന്നും ആയിരുന്നു രാജന്റെ മറുപടി. എങ്കിലും ഞാൻ കുറച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ അവൻ വരാമെന്നേറ്റു.

പേർഷ്യക്കാരെന്ന് മാത്രമേ വിവാഹം കഴിച്ചു കൊടുക്കുകയുള്ളൂ എന്ന കാര്യം പോകുന്നതിന്ന് മുമ്പ് കുമാരെട്ടൻ ഞങ്ങളെ ഓർമിപ്പിച്ചു. രണ്ട് പെങ്ങന്മാരേയും പെണ്ണ് കാണാൻ പോകാൻ ക്ഷണിച്ചു. മൂത്തപെങ്ങൾക്ക് ഒരു ഡിമാന്റ്. നല്ല ഒരു സാരി വേണമെന്ന്. അത് കേട്ടപ്പോൾ അനിയത്തിക്കും അത് പോലെ ഒരു സാരി വേണമത്രേ. അത് രണ്ടും ഏറ്റു. പുരകത്തുമ്പോഴല്ലേ വാഴ വെട്ടാൻ പറ്റൂ. ഞാഞ്ഞൂലിന്നും വിഷം വരുന്ന സമയമാണല്ലോ ഇതൊക്കെ. അന്തോണിയേട്ടന്റെ അംബാസഡർ കാർ വിളിപ്പിച്ചു. 1970കളിൽ അത്തരം കാറുകളല്ലേ ഉള്ളൂ. നാല് മണിക്ക് തന്നെ പുറപ്പെട്ടു, യാത്രക്കിടെ രാജനോട്‌ ചോദിച്ചു ‘എന്തെ നീ വിവാഹം കഴിക്കാത്തത്?’ അവന്റെ മറുപടി പെട്ടെന്നായിരുന്നു. ഞാൻ ജീവിതകാലത്ത് ഒരിക്കലും വിവാഹം കഴിക്കില്ല’ അത് പറഞ്ഞ് നിമിഷ കവിയായ അവൻ ഒരു കവിത ചൊല്ലി.

”നാരികൾ, നാരികൾ പാരിൽ പുരുഷന്ന്
നരകം നൽകുന്ന പോരാളിയാണവർ”

എന്നിട്ട് പിൻസീറ്റിലേക്ക് നോക്കി എന്റെ സഹോദരിമാരെ നോക്കി അവൻ പറഞ്ഞു ‘ഇതിൽ നിങ്ങൾപ്പെടത്തില്ല’ മുതുക്കാലടി തികച്ചും ഒരു കുഗ്രാമം. ചെമ്മണ്‍പാതയിലൂടെ പൊടിപാറിച്ച് കാർ അവരുടെ വീട്ടിലെത്തി. വീട്ടിൽ ഞങ്ങളെ പ്രതീക്ഷിച്ചു കുറെ ആളുകളുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും പരസ്പരം പരിചയപ്പെടുത്തി. കൂട്ടത്തിൽ പ്രായം ചെന്ന ഒരാൾ പറഞ്ഞു ‘എന്റെ മകനും പേർഷ്യയിലാണ്’ പേർഷ്യയിൽ എവിടെയാണെന്ന് രാജൻ ആ മനുഷ്യനോട് ചോദിച്ചു. പേർഷ്യയിൽ ദുബായിലാണത്രെ. ദുബായിൽ എവിടെയാണെന്ന രാജന്റെ ചോദ്യത്തിന്നു കിട്ടിയ മറുപടി രസാവഹമായിരുന്നു. ദുബായിൽ ഖത്തറിൽ ആണ്. ദുബായിൽ ഖത്തറിലോ എന്ന അടുത്ത രാജന്റെ ചോദ്യത്തിന്നു ആ മനുഷ്യൻ വിശദീകരിച്ച് മറുപടി നൽകി. പേർഷ്യ രാജ്യം എല്ലാം അടങ്ങുന്ന സ്ഥലത്തിന്റെ പേരാണ് ദുബായ്. അതിലുള്ള ഒരു പട്ടണമാണ് ഖത്തർ. ഞങ്ങൾ ചിരി അടക്കിപ്പിടിച്ചു. ഭാഗ്യത്തിന്നു അപ്പോഴേക്കും എന്റെ ഭാവി വധു സൗമ്യ ഒരു താലത്തിൽ കുറച്ചു സോഫ്റ്റ്‌ ഡ്രിങ്ക്സ്മായി വന്നു.

വരൻ

അവൾ സോഫ്റ്റ്‌ഡ്രിങ്ക്സ് എല്ലാവര്ക്കും കൊടുത്തു. അവൾ നാണം കൊണ്ട് തലകുനിച്ചു നിൽക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ അവളോട്‌ പൊയ്ക്കൊള്ളാൻ ആരോ പറഞ്ഞു. ഞാൻ രാജനേയും കൂട്ടി കിണറിന്നടുത്തെക്ക് നടന്നു. അവളുടെ മുടി കണ്ടിട്ട് ഞാൻ രാജനോട്‌ പറഞ്ഞു. ‘ഡാ, അവളുടെ മുടി അഴിച്ചിട്ടാൽ താഴെ കിടക്കും’ ‘നീ ഒന്ന് പോടാ സത്യാ, അത് വല്ല തിരുപ്പനുമായിരിക്കും’ എന്നായിരുന്നു അവന്റെ മറുപടി. ‘എന്ത് ഭംഗിയാണെടാ അവളെ കാണാൻ’..’ഉവ്വേ, ഏതെങ്കിലും ബ്യൂട്ടിപാർലറിൽ പോയി ഒപ്പിച്ചതായിരിക്കും’. അകത്തു സൌമ്യയുടേയും ഒരു സ്ത്രീയുടെയും സംസാരം കേൾക്കാം. ഞങ്ങൾ പുറത്ത് നിൽക്കുന്നത് അവർ കണ്ടിട്ടില്ല. ‘എനിക്ക് ഇപ്പോൾ കല്യാണം വേണ്ടമ്മേ’ ‘പിന്നെ ഇനി വയസ്സായി മൂത്ത് നരച്ച് മൂക്കിൽ പല്ല് വന്നിട്ടോ. എത്ര നാള് കഴിയാനാണ് നീ പറയുന്നത്?’ അമ്മയുടെ ചോദ്യത്തിൽ സ്വല്പം ദേഷ്യം ഉണ്ട്. ‘അമ്മെ ഞാൻ പഠിക്കുകയല്ലേ? നാളെ മുതൽ പരീക്ഷയല്ലേ? ഒരാഴ്ച പരീക്ഷയില്ലേ. അത് കൊണ്ട് ഒരാഴ്ച കഴിഞ്ഞു മതി കല്യാണം’. അമ്മയുടെ ചിരി പുറത്തേക്ക് കേൾക്കാം. കുറച്ച് കഴിഞ്ഞു അളിയൻ വന്നു ഞങ്ങളെ വിളിച്ചു.

‘അല്ല, ഇന്നത്തെ കാലമല്ലേ, അവർക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടാവും’. അളിയൻ ഇത് എല്ലാവരോടുമായി പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി. ഏതോ ഒരു റൂമിൽ ഞാനെത്തി. കസേരയിൽ ഇരുന്നു. മേശപ്പുറത്ത് ഒരു വലിയ പുസ്തകം. അഷ്ടാംഗഹൃദയം. എന്റെ മനസ്സ് തുടികൊട്ടുകയാണ്. കുറച്ച് കഴിഞ്ഞപ്പോൾ സൗമ്യ റൂമിലേക്ക്‌ വന്നു. എന്റെ മനസ്സിൽ വീണ്ടും ലഡ്ഡു പൊട്ടി. പക്ഷെ, കൂടെ സൗമ്യയുടെ വാലായി ഒരു പത്ത് വയസ്സായ പെണ്‍കുട്ടിയും. അടുത്ത കസേരയിൽ ഇരുന്നോളാൻ പറഞ്ഞു. അവർ ഇരുന്നില്ല. സ്വതവേ പാചകവീരനല്ലെങ്കിലും വാചകവീരനായ ഞാൻ എന്റെ നാവ് വായിൽ തന്നെയില്ലേ എന്നൊരു സംശയം. ഒരു വിധം ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു ‘സൌമ്യെ സൗമ്യയുടെ പേരെന്താ?’ സൗമ്യ താഴെ നോക്കി കാൽവിരൽ കൊണ്ട് കളം വരയ്ക്കുകയാണ്. അവൾ ചെറുതായി ചിരിച്ചോ എന്ന് സംശയം

‘സൗമ്യ മാമിയുടെ പേര് കല്യാണിക്കുട്ടീന്നാ’ മറുപടി പറഞ്ഞത് ആ ചീട് പെണ്‍കുട്ടിയാണ്. ഇവൾ ആള് കൊള്ളാമല്ലോ എന്ന് തോന്നി. എന്റെ ഒരു ഫ്യൂസ് പോയി.’എന്തിനാ പഠിക്കുന്നെ?’ ഞാൻ അടുത്ത ചോദ്യം ഇട്ടു. ‘വെറുതെ വീട്ടിലിരിക്കണ്ട എന്ന് കരുതി പറഞ്ഞയക്കുന്നതാ’ അതും ആ നത്തോലി പറഞ്ഞുഎന്നെ ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിനു ഉവ്വ് എന്ന അർത്ഥത്തിൽ തലയാട്ടി. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പുറത്ത് വന്നു. എന്നെ ബ്രോക്കർ പുറത്തേക്ക് വിളിച്ചു അഭിപ്രായം ചോദിച്ചു. അളിയന്മാരുടെ, പെങ്ങൾമാരുടെ സൗമ്യയുടെ വീട്ടുകാരുടെ അഭിപ്രായം എന്താണെന്ന് കുമാരേട്ടനോട് ഞാൻ ചോദിച്ചു. അവർക്കെല്ലാവർക്കും ഇഷ്ടമാണെന്ന് മറുപടി കിട്ടി. സാധാരണ ആലോചിച്ചു പറയാമെന്നാണ് പറയുക. പക്ഷെ, എന്റെ ലീവ് കുറവായത് കൊണ്ടാണ് കാര്യങ്ങളൊക്കെ അസാധാരണമായാത്. എനിക്ക് നൂറുവട്ടം ഇഷ്ടമാണെന്ന് പറഞ്ഞു. ഞങ്ങൾ തിരിച്ചു പോന്നു.

ഇനി നിശ്ചയം എന്ന ചടങ്ങ് വേണ്ടെന്നും. കാർന്നവന്മാർ തമ്മിൽ സംസാരിച്ചു നല്ല മുഹുർത്തം നോക്കി വിവാഹം നടത്താമെന്നും തീരുമാനിച്ചു ഫോണ്‍ ചെയ്തു സംസാരിക്കാനുള്ള സംവിധാനമൊന്നും 1970ൽ ഇല്ലല്ലോ?. ഒരാഴ്ച കഴിഞ്ഞു.. ഒരു ദിവസം ബ്രോക്കർ കുമാരേട്ടൻ ഓടി കിതച്ചു കൊണ്ട് വന്ന് പറഞ്ഞു ‘ഈ കല്യാണത്തിന്നു ചില പ്രശ്നങ്ങളുണ്ട്’. ഇത് കേട്ടപ്പോൾ അത് വരെ ഞാൻ കൊണ്ട് നടന്ന മനക്കൊട്ടയെന്ന ചില്ലുകൊട്ടാരം തകർന്നു വീണു. തലചുറ്റുന്നത് പോലെ തോന്നി. ഒരു വിധം പരിസരബോധം വന്നപ്പോൾ ഞാൻ ചോദിച്ചു. ‘എന്താ കുമാരേട്ടാ കാരണം? ജാതകചേർച്ചയില്ലാത്തത് കൊണ്ടാണോ?’ ‘ജാതകം ചേരുന്നതാണ്. മറ്റെന്തോ കാരണമാണെന്ന് തോന്നുന്നു’.കുമാരേട്ടൻ തന്റെ നിസ്സഹായാവസ്ഥ പറഞ്ഞു. സംഭവിച്ചതെല്ലാം നല്ലതിനു എന്ന് കരുതി ഞാനൊരു തീരുമാനമെടുത്തു. ഇപ്രാവശ്യം ഇനി വിവാഹം വേണ്ട എന്ന്. എന്റെ ലീവ് തീർന്നു. ഞാൻ ദുബായിലെത്തി. രണ്ട് ദിവസം കഴിഞ്ഞുള്ള ഒരു മലയാളപത്രത്തിൽ എന്റെ സഹമുറിയന്മാർ ഒരു ആശംസ പരസ്യം കൊടുത്തു. അത് ഇങ്ങിനെയായിരുന്നു.

‘അഞ്ചാം പ്രാവശ്യവും വിവാഹത്തിന്നു നാട്ടിൽ പോയി വിവാഹം നടക്കാതെ തിരിച്ചു വന്ന സത്യന്നു ആശംസകൾ’. കുറച്ചു ദിവസങ്ങൾക്കു ശേഷം പോസ്റ്റിലൂടെ വന്ന ഒരു കല്യാണകത്ത് ഞാൻ പൊട്ടിച്ചു വായിച്ചു. അത് ജീവിത കാലം മുഴുവൻ അവിവാഹിതനായി കഴിയുമെന്നും നാരികൾ മോശമാണെന്നും പറഞ്ഞ എന്റെ ആൽമാർത്തസുഹൃത്ത്‌ രാജന്റെയായിരുന്നു. വധു ആരാണെന്നോ. അതെ അത് സൗമ്യ തന്നെ. വിവരങ്ങൾ അന്വേഷിച്ച് ഞാൻ നാട്ടിലേക്ക് കത്തെഴുതി ചോദിച്ചു. അതിന്നു കിട്ടിയ മറുപടി ഇങ്ങിനെയായിരുന്നു.

ഞാൻ പെണ്ണ്കണ്ടു പോന്നതിന്ന് ശേഷം രാജൻ അവരുടെ വീട്ടിൽ ചെന്ന് ഞാൻ വിസ കെൻസൽ ചെയ്തു വന്നതാണെന്ന് പറഞ്ഞത്രേ. അത് കേട്ട അവർ എന്റെ ആലോചന വേണ്ട എന്ന് തീരുമാനിക്കുകയും സൗമ്യയെ രാജന് വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്റെ ആൽമാർത്തസുഹൃത്ത് എന്നെ വഞ്ചിച്ചു എന്നുള്ള വിഷമത്തെക്കാൾ എന്നെ ചിന്തിപ്പിച്ചത് പേർഷ്യക്കാരന്നു മാത്രമേ വിവാഹം കഴിച്ചു കൊടുക്കുകയുള്ളൂ എന്ന് നിശ്ചയിച്ച ആ വീട്ടുകാരുടെ ഗതിയാണ്.

* * *
മേമ്പൊടി:
സുന്ദരിയായ പെണ്‍കുട്ടിയെ പെണ്ണ് കാണാൻ പോകുമ്പോൾ ആൽമാർത്ത സുഹൃത്തുക്കളെ കൊണ്ട് പോവാതിരിക്കുകയും, പെണ്‍കുട്ടികൾ സുന്ദരിയായ കൂട്ടുകാരികളെ വരനാകാൻ പോകുന്ന ആളുടെ മുന്നിൽ വരുത്താതിരിക്കുകയും ചെയ്യുക.

ഷെരീഫ് ഇബ്രാഹിം,

ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

Share.

About Author

137q, 0.656s