Leaderboard Ad

വിലയേറിയ നിമിഷങ്ങൾ (മാറ്റങ്ങൾ -സ്വാഗതാർഹവും അല്ലാത്തവയും-2)

0

 ജീവിതത്തിലൊരിയ്ക്കലെങ്കിലും സമയം വൈകിയതിന്റെ ശിക്ഷ അനുഭവിയ്ക്കാത്തവരുണ്ടാകില്ല, തീർച്ച. കൊച്ചുകുട്ടിയായിരിയ്ക്കുമ്പോൾ തന്നെ അറിഞ്ഞും അറിയാതേയും ശീലിച്ചുവരുന്ന സമയനിഷ്ഠയുടെ പാഠങ്ങൾ പലപ്പോഴും ബോധപൂർവ്വം തന്നെ നാം മറക്കാൻ ശ്രമിയ്ക്കുന്നതും പതിവാണ്. “Time nor tide wait for no man.” എന്നു തുടങ്ങി  നൂറുകണക്കിന് സമയത്തെക്കുറിച്ചുള്ള ഉദ്ധരിണികളും നമുക്കു പുതുമയല്ല. പരീക്ഷ , ഇന്റർവ്യൂ, എന്നീ  വേളകളിലും അത്യാസന്നരായവരെ  ആസ്പത്രിയിൽ കൊണ്ടു പോകേണ്ടി വരുമ്പോഴുമെല്ലാം സമയത്തിന്റെ വില ഏറെ കൂടുന്നതായാണനുഭവം. 

ഇതെഴുതാൻ കാരണമില്ലാതില്ല. സാധാരണയായി നഗരവീഥികളിലും ഹൈവേകളിലും അപകടശേഷം രക്തത്തിൽ കുളിച്ചു കിടക്കുന്നവരെ തിരിഞ്ഞു നോക്കാതെ കടന്നു പോകുന്നവർ ധാരാളം. കൂട്ടമായി ചുറ്റും നിന്നു എല്ലാം കാണാൻ ആളുകളെത്തുമെങ്കിലും അത്യാവശ്യമായി അവരെ ആസ്പത്രിയിലെത്തിയ്ക്കാനുള്ള സന്മനസ്സ് അധികമാരും കാണിയ്ക്കാറില്ല. ആസ്പത്രിയിലെത്തിയ്ക്കാനും മരുന്നു വാങ്ങിക്കൊടുക്കാനും ചിലവു വേണ്ടിവരുമെന്നോർത്തോ പോലീസ് ചോദ്യം ചെയ്യലുകൾ ഒഴിവാക്കാനോ എന്തോ, ഇല്ലാത്ത തിരക്കും നടിച്ചു സ്ഥലത്തു നിന്നു മുങ്ങാൻ എല്ലാവരും വിദ്ഗ്ദ്ധർ തന്നെ. ഇതിനൊരപവാദം കണ്ടപ്പോൾ ശ്രദ്ധിയ്ക്കാതിരിയ്ക്കാനായില്ല.

 സ്ഥലം ഗാർഡൻ സിറ്റിയെന്നറിയപ്പെടുന്ന ബാംഗളൂർ നഗരത്തിലെ റെസിഡൻസി റോഡ്. ചീറിപ്പാഞ്ഞ ഒരു മോട്ടോർ സൈക്കിൾ  തട്ടിത്തെറിപ്പിച്ച ഒരു 21 കാരി നടുറോഡിൽക്കിടന്ന് വേദനയെടുത്തു പുളഞ്ഞപ്പോൾ അവൾക്കു സഹായഹസ്തവുമായി അപരിചിതയായ ഒരു 23 കാരി എത്തി. ചുറ്റും കൂടി നിന്നിരുന്ന ജനസഞ്ചയം കൈയ്യും കെട്ടി നോക്കി നിൽക്കെ സ്വയം അവളെ വലിച്ചിഴച്ച്  സഹൃദയനായ ഒരു ഓട്ടോ റിക്ഷാ ഡ്രൈവറുടെ സഹായത്താൽ ആസ്പത്രിയിലെത്തിയ്ക്കാനും അവൾക്കായി.പരിക്കേറ്റയാളെ ഉടനടി ആസ്പത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ അതിനു കൂലി വാങ്ങാൻ തയ്യാറായില്ല. കണ്ടു നിന്നവരുടെയും പിറ്റേന്ന് പത്രത്തിൽ ഈ വാർത്ത വായിച്ചവരുടേയും മനസ്സിൽ എവിടെയൊക്കെയോ നേരിയ ചലനങ്ങൾ ഉണ്ടായിക്കാണില്ലേ? സ്വാഗതാർഹമായ ഇത്തരം മാറ്റങ്ങൾ കൂടുതൽക്കൂടുതലായി ഉണ്ടാവാൻ നമ്മളും ശ്രമിയ്ക്കേണ്ടതല്ലേ?. കാരണം അപകടങ്ങൾ ആർക്കും സംഭവിയ്ക്കാവുന്നവ മാത്രം!

ചിലപ്പോൾ ഇങ്ങനെയാണ്, ചിലരുടെ കൊച്ചു കൊച്ചു പ്രവർത്തികൾപോലും മറ്റുള്ളവർക്കു പ്രചോദകമായി മാറുന്നു അഥവ ആനന്ദ പ്രദായകമായി മാറുന്നു. സ്ത്രീയ്ക്കെന്നും നിഷേധിയ്ക്കപ്പെട്ട ഒന്നാണല്ലോ പൌരോഹത്യം. മാംഗളൂരിലെ ഒരു ശിവക്ഷേത്രത്തിൽ വിധവകളായ രണ്ടു സ്ത്രീകളെ പൂജാകർമ്മങ്ങൾ ചെയ്യാൻ  അവരോധിച്ചതായി പത്രത്തിൽ വായിച്ചപ്പോഴും ഏറെ സന്തോഷമാണ് തോന്നിയത്.പുരുഷന്മാർക്കു മാത്രമല്ല, സ്ത്രീകൾക്കും ഇതെല്ലാം ചെയ്യാം, അതിൽ തെറ്റൊന്നുമില്ല എന്ന് ചിലർക്കെങ്കിലും തോന്നിത്തുടങ്ങിയല്ലോ? സ്ത്രീയെ കൂടുതൽ ബഹുമാനിയ്ക്കുമ്പോൾ അത് സമുദായത്തിന്റെ വളർച്ചയ്ക്കു കാരണമാകുന്നു. സ്വാഗതാർഹമായ ഈ മാറ്റം ഇനിയും ഇത്തരം മാറ്റങ്ങൾക്കു നിദാനമാകട്ടെ!

Share.

About Author

134q, 0.540s