Leaderboard Ad

വിവരം, വ്യാഖ്യാനം, വിമര്‍ശം: സുനില്‍ പി ഇളയിടം

0

«ഡോ.സുനിൽ പി ഇളയിടം നടത്തിയ പ്രസംഗത്തിന്റെ പകർത്തിയെഴുത്തു»

//ഈ വീഡിയോയില്‍ വിജ്ഞാനത്തിന്‍റെ മൂന്നു തലങ്ങളായ വിവരം, വ്യാഖ്യാനം, വിമര്‍ശം എന്നിവ എന്താണ് എന്ന് ശ്രീ. സുനില്‍.പി.ഇളയിടം വിശദീകരിക്കുന്നു. വിവരം മാത്രം മതി വ്യാഖ്യാനവും വിമര്‍ശവും വേണ്ട എന്ന നിലയിലേക്ക് നാം ഇന്ന് എത്തിപ്പെട്ടിരിക്കുന്നു.ചോദ്യം ചെയ്യാതെ എന്തും വിഴുങ്ങുന്ന സമൂഹം രൂപപ്പെടുന്നത് ബോധപൂര്‍വ്വമായ നവലിബറല്‍ അജന്‍ഡയുടെ ഭാഗമായാണ്. നമ്മുടെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ നിന്നു പോലും വിമര്‍ശനാവബോധം മാറ്റപ്പെടുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.//

Youtube link: വിവരം, വ്യാഖ്യാനം, വിമര്‍ശം

വിജ്ഞാനം എന്ന തലത്തെ മുന്‍ നിര്‍ത്തി സംസാരിക്കുമ്പോള്‍ വീണ്ടും കുറെ മുന്നോട്ടു പോകാന്‍ കഴിയും. അതായത്, ഹേബെര്‍ മാർകോസ് മൂന്നു പ്രതലങ്ങളെക്കുറിച്ച്‌ പറയുന്നുണ്ട്. വിവരം, വ്യാഖ്യാനം വിമര്‍ശം. ഇഫര്‍മേഷന്‍, ഇന്റര്‍പ്രെറ്റേഷന്‍, ക്രിറ്റിക് എന്നു പറയുന്ന മൂന്ന്‌ തലങ്ങള്‍. ഇന്‍ഫര്‍മേഷന്‍ എന്ന്‌ അദ്ദേഹം പറയുന്നത്‌ ഭൂതകാലത്തിന്റെ ഒരു സ്റ്റോക്ക്‌ രജിസ്റ്റര്‍ ആണ്‌.

വിവരം

ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണ്‌ എന്ന്‌ ചോദിച്ചാല്‍ മന്‍മോഹന്‍ സിങ്ങാണ്‌ എന്നു പറയുന്നതാണ്‌ ഇവരം, അല്ലെങ്കില്‍ വാര്‍ അന്റ് പീസ്‌ എഴുതിയത്‌ ആരാണ്‌ എന്നു ചോദിച്ചാല്‍ ടോള്‍സ്റ്റോയി എന്നു പറയുന്നതാണ്‌ വിവരം. ക്വിസ്‌ കോമ്പറ്റീഷനിലൊക്കെ കുട്ടികള്‍ ഉത്തരം പറയുന്നത്‌ വിവരമുണ്ടായിട്ടാണ്‌. ഈ വിവരത്തിനുള്ള മൌലികമായ പരാധീനത എന്തെന്നുവെച്ചാല്‍, ഇതിൽ വിവരമുള്ള ആള്‍ക്ക്‌ പങ്കാളിത്തമൊന്നുമില്ല, അയാള്‍ ഒരു പാസീവ്‌ റിസീവിങ്ങ്‌ എൻഡ് ആണ്. അയാള്‍ വിവരം ശേഖരിച്ചു വെക്കുന്നു. ധാരാളം വിവരം ശേഖരിച്ച്‌ വെച്ച്‌ ലോകത്തുള്ള എന്ത്‌ ചോദ്യം ചോദിച്ചാലും ഉത്തരം പറയുന്ന ഭീകരന്മാരുണ്ട്, എന്താ പ്രയോജനമെന്ന്‌ അറിയില്ല. എന്നാലും ചിലര്‍ അങ്ങനെയാണ്‌ എന്ത്‌ ചോദിച്ചാലും ഉത്തരം പറഞ്ഞേക്കും. ലോകത്തെ ഏറ്റവും വലിയ വാക്കെന്താണ്‌, ലോകത്ത്‌ എത്ര തരി മണ്ണുണ്ട് എന്നൊക്കെ ഒരാള്‍ അന്വേഷിച്ച്‌ കണ്ടുപിടിച്ചിട്ട്‌ വല്ല കാര്യമുണ്ടോ എന്നെനിക്കറിയില്ല. നാട്ടില്‍ ഒരു ചൊല്ലുണ്ട് പഠിച്ച്‌ പഠിച്ച്‌ വഷളായി എന്ന്‌; അത്‌ ഇതിനാണ്‌ പറയുന്നത്.

Knowledge

Powered by: fotopedia

വിവരത്തിന്റെ പ്രശ്നം പാസീവായിട്ടുള്ള നിസംഗമായ ഒരു സ്വീകരണസ്ഥാനമായിട്ടിരിക്കുകയാണ്‌. അങ്ങനെ വിവരത്തിന്‌ ഒരര്‍ത്ഥത്തില്‍ അദ്ദേഹം പറയുന്ന പാസീവിറ്റി ഉണ്ട്‌. അതൊരുതരത്തിൽ വിധേയത്വത്തെ കൂടിയുള്ള ഉൾക്കൊള്ളലാണ് . കാരണം അത്‌ ഏജന്‍സി ഇല്ലാത്ത അറിവാണ്‌ എന്നു കൂടി പറയാം. ഏജന്‍സി എന്നു പറഞ്ഞാല്‍ നിര്‍വ്വഹണശേഷി. ഇടപെടല്‍ ശേഷിയില്ലാത്തത്‌, അത്‌ ഇങ്ങോട്ട്‌ മാത്രമേ ഉള്ളൂ അത്‌ അങ്ങോട്ട്‌ ഇടപെടില്ല. വെറുതെയല്ല ഇന്‍ഫര്‍മേഷന്‍ വിപ്ളവമെന്നു പറയുന്നത്‌.
നിയോലിബറല്‍കാലത്തിന്റെ അറിവിനെ ലോകത്തെ നമ്മള്‍ വിവരവിപ്ളവത്തിന്റെ കാലമെന്നു നമ്മള്‍ വിളിക്കുന്നത്‌ വെറുതെയല്ല വിവരത്തിന്റെ ഈ അടിസ്ഥാനസ്വഭാവം ഇതാണ്‌. അത്‌ പാസീവ്‌ റിസീവിങ്ങ്‌ എൻഡായിട്ട് ഏജന്‍സി ഇല്ലാത്ത, നിര്‍വ്വാഹകത്വമില്ലാത്ത കര്‍ത്താക്കളായി മനുഷ്യരെ രൂപാന്തരപ്പെടുത്തുന്നു. അതുകൊണ്ട്‌ ഇന്‍ഫര്‍മേഷന്‍ പെരുകുന്നു എന്നുള്ളത്‌ ഒരര്‍ത്ഥത്തില്‍ ആധിപത്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു യുക്തിയാണ്‌.

അതുകൊണ്ടാണ്‌ സോഷ്യല്‍ സയന്‍സും, ഹ്യുമാനിറ്റീസും ഭാഷയും സാഹിത്യവുമൊക്കെ പുറത്തായിട്ട്‌ സാങ്കേതിക വിദ്യയും മാനേജീരിയല്‍ പഠനങ്ങളും മാത്രമേ വേണ്ടൂ എന്ന്‌ അംബാനിയും ബിര്‍ളയുമൊക്കെ പറയുന്നത്‌. വാജ്പേയീ ഗവണ്‍മെന്റിന്റെ കാലത്ത്‌ കുമാരമംഗലം ബിര്‍ളയും മുകേഷ്‌ അംബാനിയും കൂടി ചേര്‍ന്ന്‌ തയ്യാറാക്കിയ ഉന്നതവിദ്യാഭ്യാസ റിപ്പോര്‍ട്ട്‌ നമ്മള്‍ ചര്‍ച്ച ചെയ്തതാണല്ലോ. ആ റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശമെന്താണ്‌, ഉന്നതവിദ്യാഭ്യാസമെന്നത്‌ സാങ്കേതവിജ്ഞാനം മാനേജീരിയല്‍ പഠനങ്ങള്‍ എന്നിവയിലേക്ക്‌ ചുരുങ്ങണം. അങ്ങനെ, ഒരു പ്രയോഗജ്ഞാനമായി, വൈഭവം മാത്രമായി അറിവ്‌ മാറിത്തീരുക അതിനുമപ്പുറത്ത്‌ ഒന്നുമുണ്ടാകാതിരിക്കുക.

വ്യാഖ്യാനം

രണ്ടാമത്തെ തലമായി അദ്ദേഹം പറയുന്ന കാര്യമാണ്‌ ഇന്റര്‍പ്രറ്റേഷന്‍ – വ്യാഖ്യാനം. വ്യാഖ്യാനമെന്ന്‌ പറയുമ്പോള്‍ സംഭവിക്കുന്നത്‌ ലളിതമായി പറഞ്ഞാല്‍ നിലവിലുള്ള, കൈവന്ന വിവരങ്ങള്‍ കൊണ്ട് ഒരു സ്ഥിതിവിശേഷത്തെ വിശദീകരിക്കലാണ്‌ വ്യാഖ്യാനം. വ്യാഖ്യാനം നിങ്ങളുടെ കയ്യിലുള്ള വിവരങ്ങള്‍ മാത്രമല്ല ആ വിവരങ്ങളെ കൂട്ടിയിണക്കി നിങ്ങളൊരു സ്ഥിതിവിശേഷത്തെ വിശദീകരിക്കുമ്പോളാണ്‌ വ്യാഖ്യാനമാകുന്നത്‌. വ്യാഖ്യാനം വേണമെങ്കിലുള്ള പ്രശനം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക്‌ ഒരു നിലപാട്‌ വേണം. ഒരു നിലപാടില്ലാതെ ഒരു തിയററ്റിക്കല്‍ പൊസിഷന്‍ ഇല്ലാതെ നിങ്ങള്‍ക്ക്‌ വിവരങ്ങളെ കൂട്ടിയിണക്കാന്‍ സാധ്യമല്ല. അതായത്‌ അശോകന്റെ കാലത്ത്‌ ബുദ്ധമതം വ്യാപിച്ചത്‌ എന്തുകൊണ്ടാണ്‌ എന്ന ചോദ്യത്തിന്‌ ഉള്ള ഉത്തരം വ്യാഖ്യാനാത്മകമാണ്‌ വിവരമല്ല. അശോകന്റെ കാലത്ത്‌ ബുദ്ധമതം വ്യാപിച്ചു എന്നതാണ്‌ വിവരം. അത്‌ പുതിയ ഒരു കാര്‍ഷിക സമൂഹത്തിന്റെ ആവശ്യങ്ങളോട്‌ ബന്ധപ്പെട്ടുകൊണ്ടാണ്‌ എന്നു പറയുന്നത്‌ വ്യാഖ്യാനമാണ്‌. അല്ല അശോകന്‌ കലിംഗയുദ്ധം കഴിഞ്ഞപ്പോള്‍ സങ്കടം വന്നതാണെന്നും നാട്ടുകാര്‍ക്കെല്ലാം സങ്കടം വന്ന്‌ എല്ലാവരും ബുദ്ധമതം സ്വീകരിച്ചതാണ്‌ എന്നു പറയുന്നത്‌ മറ്റൊരു വ്യാഖ്യാനമാണ്‌. ഇത്‌ രണ്ടും വ്യാഖ്യാനമാണ്‌ വിവരമല്ല. വ്യാഖ്യാനങ്ങള്‍ സാധ്യമാകുന്നതാകട്ടെ നിങ്ങളുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌. വ്യാഖ്യാനാത്മക ജ്ഞാനമെന്നു പറയുന്നത്‌ വിപുലമായ ഒരു ലോകബോധം, ഒരു വീക്ഷണം, ഒരു രാഷ്ട്രീയം ആവശ്യപ്പെടുന്നു എന്നര്‍ത്ഥം. രാഷ്ട്രീയമുള്ള അറിവാണ്‌ വ്യഖ്യാനാത്മകമായ ജ്ഞാനം.
മൂന്നാമത്തെ പ്രതലമായി അദ്ദേഹം പറയുന്നത്‌ വിമര്‍ശം, ക്രിട്ടിക്‌ എന്നു പറയുന്നത്‌. വിമര്‍ശനമല്ല ക്രിട്ടിക്‌ . ക്രിട്ടിക്‌ എന്നു പറയുന്നത്‌ ഒരു വിവരത്തെ അല്ലെങ്കില്‍ ഒരറിവിനെ അറിവാക്കിത്തീര്‍ക്കുന്നത്‌ എന്ത്‌ എന്നുള്ള അവബോധമാണ്‌ വിമര്‍ശം. കാരണം, അറിവ്‌ അറിവായിത്തീരുന്നത്‌ എവിടെ വെച്ചാണ്‌, അറിവിന്‌ “അറിവ്‌” എന്ന പദവി കൈവരുന്നത്‌ എവിടെയാണ്`..? അറിവിനെത്തന്നെയാണ്‌ അതൊരര്‍ത്ഥത്തില്‍ problematize എന്നുപറയാം.

Friedrich Hegel
കാര്‍ട്ടോഗ്രാഫിയെ മുന്‍നിര്‍ത്തി ചോദിച്ചാല്‍ എന്തു കോണ്ടാണ്‌ ഭൂപടം ഇങ്ങനെയായിപ്പോയത്‌? ഭൂമി ഉരുണ്ടിട്ടാണല്ലോ, ഭൂപടം പരന്നിട്ടും ആണ്‌. അതുകൊണ്ട് ഈ ഉരുണ്ടഭൂമിയെ പരന്ന്‌ കാണുമ്പോള്‍ ഇങ്ങനെ കാണുന്നതിന്റെ കാരണമെന്താണ്‌. ഇങ്ങനെയാണ്‌ ഭൂമി എന്നാണ്‌ നമ്മള്‍ തെറ്റിദ്ധരിച്ചത്‌, അതാണ്‌ അതിന്റെ വിജയം. ഇപ്പോള്‍ വടക്കുഭാഗം മുകളിലായിട്ടാണല്ലോ, എന്താണ്‌ വടക്കുഭാഗം മുകളില്‍ വരാന്‍..? മഹാപ്രപഞ്ചത്തില്‍ എന്താണ്‌ തെക്കും വടക്കും? മഹാപ്രപഞ്ചത്തില്‍ തെക്കും വടക്കുമൊന്നുമില്ലല്ലോ. മര്‍ക്കേറ്റര്‍ പ്രൊജക്ഷന്റെ ഒരു ഘട്ടത്തില്‍ യൂറോപ്പ്‌ ലോകത്തെ കോളനിയാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ആണല്ലോ ഭൂഖണ്ഡമായിട്ട്‌ യൂറോപ്പ് മാറിയത്‌. വാസ്തവത്തില്‍ യൂറോപ്പിന്‌ ഭൂഖണ്ഡമെന്ന്‌ വിളിക്കാന്‍ പാകത്തില്‍ എന്ത്‌ ജിയോളജിക്കല്‍ ജിയോഗ്രഫിക്കല്‍ സ്പെസിഫിസിറ്റിയാണ് ഉള്ളത്? ഏഷ്യയുടെ ഒരു മൂലയുടെ പേരാണല്ലോ ഇത്‌. വാസ്തവത്തില്‍ ഏഷ്യാഭൂഖണ്ഡത്തിന്റെ ഒരു മൂലയാണ്‌ യൂറോപ്പ്‌. അല്ലാതെ യൂറോപ്പൊന്നുമില്ല. പക്ഷെ യൂറോപ്പിനെ ഭൂഖണ്ഡമാക്കി റഷ്യയെ യൂറോപ്യന്‍ റഷ്യയായും ഏഷ്യന്‍ റഷ്യയായും വിഭജിച്ചു. എന്നിട്ട്‌ നമ്മള്‍ ഈ കുഞ്ഞുങ്ങളെയെല്ലാം പഠിപ്പിച്ചു. ഇപ്പോഴും കുഞ്ഞുങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്നു. വേറൊരു കാര്യം പറഞ്ഞാല്‍: ഭൂമി സൂര്യനെ ചുറ്റിക്കറങ്ങുകയാണ്‌ എന്ന്‌ പറഞ്ഞത്‌ കോപ്പര്‍ നിക്കസ്‌ ആണ്‌, ഗലീലിയോയുടെയും കോപ്പര്‍നിക്കസിന്റെയും പേരിലാണ്‌. ആര്യഭടീയത്തില്‍ നോളഭാഗത്തില്‍ ഒമ്പതാമത്തെ ശ്ലോകത്തില്‍ ഇങ്ങനെ ഒരു പരാമര്‍ശമുണ്ട്‌ നിങ്ങള്‍ ഒരു തോണിയില്‍ കയറി പുഴയിലൂടെ സഞ്ചരിച്ചാല്‍ നദീതീരത്തെ സസ്യലതാദികള്‍ അനങ്ങുന്നതായും നിങ്ങള്‍ അനങ്ങാതെ നില്‍ക്കുന്നതായും എങ്ങനെയാണോ തോന്നുക അതുപോലെയാണ്‌ ഭൂമി സൂര്യനെ ചുറ്റിക്കറങ്ങുന്നതായും ഭൂമി നിശ്ചലമായി നില്‍ക്കുന്നതായും നിങ്ങള്‍ക്ക്‌ അനുഭവപ്പെടുന്നത്‌ എന്ന്‌ എ.ഡി 499 ൽ എഴുതിയ ആര്യഭടീയത്തിലുണ്ട്. കോപ്പര്‍നിക്കസ്‌ 1000 കൊല്ലം കഴിയണം പിന്നെയും വരാന്‍. ഞാന്‍ ഇങ്ങനെ പറയുന്നതിന്റെ അര്‍ത്ഥം എല്ലാം ഇന്ത്യയിലുണ്ടായിരുന്നു എന്ന വാദമല്ല, ആ അസുഖം എനിക്കില്ല. അത്‌ ഒരു സൂക്കേടാണ്‌ അതിനു പരിഹാരമില്ല, അത്‌ എനിക്കില്ല.
ജെ.ഡി ബര്‍ണലിന്റെ മകന്‍ മാര്‍ട്ടിന്‍ ബര്‍ണല്‍ പറയുന്നുണ്ട്, എന്റെ അച്ഛന്‍ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു. അദ്ദേഹത്തിൻറെ അച്ഛനും അമ്മയും തമ്മില്‍ ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ല, ഔപചാരിക വിവാഹബന്ധമില്ല അതുകൊണ്ട്‌ “ഞാനൊരു ബാസ്റ്റാര്‍ഡാണ്‌, അതുകൊണ്ട്‌ എനിക്കൊരു വിപ്ലവകാരിയാകാതിരിക്കാന്‍ പറ്റില്ല.” ഞാന്‍ ഒരു വിദ്വംസക ചിന്തകനാണ്‌, റാഡിക്കലാണ്‌ എന്നും അദ്ദേഹം പറയുന്നുണ്ട്. മാര്‍ട്ടിന്‍ ബര്‍ണലിന്റെ പുസ്തകത്തിന്റെ തലക്കെട്ടു തന്നെ കൌതുകമുള്ളതാണ്‌ ‘ബ്ലാക്ക്‌ അഥീന’ അഥീനാ ദേവിയാണല്ലോ ഗ്രീക്കുകാരുടെ വിജ്ഞാന ദേവത. അദ്ദേഹം പറയുന്നത്‌ ഈ വിജ്ഞാനം മുഴുവന്‍ ഈജിപ്ഷ്യന്‍ ട്യുണീഷന്‍ വിജ്ഞാനമാണ്‌. ഈജിപ്ഷ്യന്‍, ട്യുണീഷന്‍ വിജ്ഞാനപാരമ്പര്യത്തെ അപ്രോപ്രിയേറ്റ്‌ ചെയ്യുന്നതാണ്‌ ഗ്രീക്ക്‌ പാരമ്പര്യം.
-Claudius_Ptolemy-_The_World
പതിനേഴും പതിനെട്ടും നൂറ്റാണ്ടുവരെ ഇത്‌ ഗ്രീക്ക്‌ ചരിത്രത്തിലൊക്കെ ഇത്‌ അംഗീകരിക്കപ്പെട്ടിണ്ട്‌, പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ഇത്‌ തമസ്കരിക്കപ്പെട്ടു., എന്തു കൊണ്ട്; കൊളോണിയലിസം. കൊളോണിയലിസം തമസ്കരിച്ച ഈ ഭൂതപാരമ്പര്യത്തെ വീണ്ടെടുത്തുകൊണ്ടല്ലാതെ അധിനിവേശത്തിനെതിരായ യുദ്ധം പൂര്‍ത്തിയാക്കാന്‍ പറ്റില്ല എന്നും അതുകൊണ്ട് അഥീന എന്നൊരു വിജ്ഞാന ദേവതയുണ്ടെങ്കില്‍ അത്‌ കറുത്തിട്ടാണ്‌ അല്ലാതെ വെളുത്തിട്ടല്ല. അതാണ്‌ ബ്ലാക്ക്‌ അഥീന. വലിയ കോളിളക്കം ഉണ്ടാക്കിയ പുസ്തകമാണത്‌. ആ നിലയില്‍ ഇതിനെ നോക്കിക്കാണുന്ന രീതിയാണ്‌ മാര്‍ട്ടിന്‍ ബര്‍ണല്‍ എടുക്കാന്‍ ശ്രമിച്ചത്‌. ഇതാണ്‌ വിമര്‍ശം എന്നു പറയുന്ന അറിവിന്റെ പ്രത്യേകത.

വിമര്‍ശം

വിമര്‍ശം എന്നുവിളിക്കുന്നത്‌ ഒരറിവ്‌ അറിവായിത്തീര്‍ന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ചോദ്യം ആണ്‌ ഉന്നയിക്കുന്നത്‌. അതോടെ, അറിവിനെ വ്യാഖ്യാനാത്മകമായ തലങ്ങള്‍ക്കപ്പുറത്തേക്ക്‌ അത്‌ പോകും. ഈ വ്യാഖ്യാനയുക്തി എവിടെ നിന്നുമാണ്‌ വന്നത്‌ എന്ന ചോദ്യം ഉയരും. അതായത്‌ നിങ്ങള്‍ക്ക്‌ വിവരങ്ങളെ കൂട്ടിയിണക്കി ആ വിവരങ്ങളില്‍ നിന്ന്‌ ആ സമീക്ഷയെ വികസിപ്പിച്ചെടുക്കുന്നതിന്‌ ഉള്ള കരുക്കള്‍, അതിന്റെ ചട്ടക്കൂട്‌, പാരഡയിം എവിടുന്നാണ്‌, ഏതാണ്‌, ആരാണിത്‌ സമ്മാനിച്ചത്‌ ആ പാരഡൈമിന്റെ സ്വഭാവം എന്താണ്‌. അങ്ങനെ വരുന്നതോടെ അറിവിന്റെ അറിവായിരിക്കുന്ന സ്വഭാവം, അറിവിന്റെ പ്രകൃതം എന്താണ്‌ എന്ന ചോദ്യത്തിലേക്ക്‌ നമ്മള്‍ കടക്കും. അതോടെ അറിവ്‌ എന്ന്‌ പറയുന്നതു തന്നെയാണ്‌ പ്രോബ്ലമാറ്റിക്കായിത്തീരുക എന്നു പറയാം.

എന്തുകൊണ്ടാണ്‌ ഹെറിഡോട്രസി പിതാവായത്‌? എന്തുകൊണ്ടാണ്‌ ഇബ്ൻ ബത്തൂത്ത ഇസ്ലാമിക ചരിത്രകാരനായത്? വാസ്തവത്തില്‍ ഇന്ന്‌ ഫ്രെഞ്ച്‌ ആംഗല്‍ ഹിസ്റ്ററി എന്നോ സമഗ്ര ചരിത്രം എന്നൊക്കെ പറയുന്നതിന്റെ പൂര്‍വ്വസ്ഥാനം നിങ്ങള്‍ക്ക്‌ ഘല്‍ദൂനില്‍ കാണാം പതിനാലാം നൂറ്റാണ്ടിലൊക്കെ, പരിസ്ഥിതിയെ, കാലാവസ്ഥയെ, ഭൂപ്രകൃതിയെ ഒക്കെ പരിഗണിച്ചു കൊണ്ട്‌ ഒരു പ്രദേശത്തിന്റെ ചരിത്രം എഴുതുന്ന വിചാരരീതി ഘല്‍ദൂനിലുണ്ട് അല്ലാതെ ഡാന്റെ പറഞ്ഞപോലെ വസ്തുതകള്‍ സ്വയം സംസാരിക്കുന്ന ചരിത്രമൊന്നുമല്ല അത്‌. ഘല്‍ദൂനെക്കുറിച്ച്‌ അറിയണമെന്നുണ്ടെങ്കില്‍ ഇസ്ലാമിക്‌ ഹിസ്റ്ററി പഠിക്കണം അല്ലാതെ ചരിത്രം പഠിച്ചാലും പറ്റില്ല. ഡാന്റെയെ നിങ്ങള്‍ ക്രിസ്ത്യന്‍ ചരിത്രകാരന്‍ എന്നു വിളിച്ചിട്ടില്ല, ഹെഗലിനെ വിളിച്ചിട്ടില്ല അവരൊക്കെ തനി ചരിത്രം, മാര്‍ക്സ്‌ പറഞ്ഞ വാചകമാണ്‌, ബൂര്‍ഷ്വാസി സ്വന്തം മാതൃകയില്‍ ലോകം നിര്‍മ്മിക്കും.

crtique

Powered by: Fotopedia

അതുകൊണ്ട്‌ ഒരു വിജ്ഞാനവ്യവസ്ഥയെന്നു പറയുന്നത്‌ യാഥാര്‍ത്ഥ്യത്തിന്റെ നേരായ ഒരവതരണമല്ല യാഥാര്‍ത്ഥ്യത്തിന്റെ ക്രമീകരിക്കപ്പെട്ട ഒരവതരണമാണ്‌. ഈ ക്രമീകരണ യുക്തിയിലേക്ക്‌ കണ്ണ്‌ ചെല്ലുകയും ബദല്‍ ക്രമീകരണങ്ങളെക്കുറിച്ച്‌ ആലോചിക്കുകയും ചെയ്യുന്ന വിജ്ഞാനത്തിന്റെ മണ്ഡലത്തെയാണ്‌ ഒരര്‍ത്ഥത്തില്‍ വിമര്‍ശം എന്ന്‌ പറയുന്നത്‌. അതുകൊണ്ടാണ്‌ മാര്‍ക്സ്‌ എഴുതുന്ന പുസ്തകങ്ങള്‍ക്കൊക്കെ ക്രിട്ടീക്ക്‌ എന്ന് സബ്ടൈറ്റില്‍ കൊടുത്തത്‌.’ദാസ്കാപ്പിറ്റലിന്റെ’ സബ്‌ടൈറ്റില്‍ ‘എ ക്രിട്ടീക്ക്‌ ഓഫ്‌ പൊളിറ്റിക്കല്‍ എക്കണോമി എന്നാണ്‌’. അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ‘ക്രിട്ടീക്ക്‌ ഓണ്‍ ദി ഹെഗല്‍സ്‌ ഫിലോസഫി ഓഫ് ഫ്രൈറ്റ്‌’ എന്നാണെങ്കില്‍ അവസാനത്തെ പുസ്തകത്തിന്റെ പേരു ‘ക്രിട്ടീക്ക്‌ ഓഫ്‌ ഗോഥാ പ്രോഗ്രാം’ എന്നാണ്‌. ‘ക്രിട്ടീക്ക്‌’ എന്ന പദം മാര്‍ക്സ്‌ ഉടനീളം ഉപയോഗിച്ചിട്ടുണ്ട്‌ കാരണം അറിവ്ക വെറും ക ണ്ടമ്പ്ലേറ്റീവ്‌ നോളഡ്ജല്ല മറിച്ച്‌ അറിവ്‌ എന്ന്‌ പറയുന്നത് ഒരു രാഷ്ട്രീയ ഇടപെടലായിത്തീരുകയാണ്‌, അറിവിനെത്തന്നെ ഒരു രാഷ്ട്രീയ പ്രക്രിയയാക്കി ഒരു പ്രയോഗമാക്കി, പ്രോസസ് ആക്കി മാറ്റുന്ന തരത്തിലാണ്‌ അറിവ്‌ കിട്ടുന്നത്‌.
ഞാന്‍ പറയാനാഗ്രഹിച്ചതെന്തെന്നാല്‍ അറിവിന്റെ വ്യാഖ്യാനാത്മകവും വിമര്‍ശനാത്മകവുമായ തലങ്ങളെ കഴിയുന്നത്ര തമസ്കരിച്ച്‌ അറിവിനെ വിവരവത്കരിക്കുക എന്നത്‌ നിയോലിബറല്‍ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനമാണ്‌. അത്‌ വിദ്യാഭ്യാസത്തിലാകട്ടെ, അത്‌ മാധ്യമ മണ്ഡലത്തിലാകട്ടെ, അത്‌ കലയെയും സാഹിത്യത്തെയും കുറിച്ചുള്ള ചര്‍ച്ചകളിലാകട്ടെ, ഇവിടെയൊക്കെ ഈ വിവരവത്കരണം കേന്ദ്രമായിത്തീരുകയും വ്യാഖ്യാനം മങ്ങിമങ്ങി വിമര്‍ശമെന്നത്‌ മിക്കവാറും അപ്രത്യക്ഷമാകുകയും ചെയ്യുന്നു.

Share.

About Author

133q, 0.658s