Leaderboard Ad

വെളിപ്പാടത്തെ വെള്ളക്കൊക്കുകള്‍

0

വെക്കേഷന് നാട്ടില്‍ പോകുമ്പോള്‍ പഴയ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമൊക്കെ കാണണമെന്ന് തീരുമാനിച്ചിരുന്നു. ഏറെക്കാലം ഒന്നിച്ചു ജോലി ചെയ്യുകയും ഒരേ റൂമിലുറങ്ങുകയും ചെയ്തിരുന്ന രണ്ടു മൂന്നു സുഹൃത്തുക്കളുടെ

പെട്ടെന്നുള്ള മരണമാണ് അങ്ങനെ ചിന്തിപ്പിച്ചത്.

കൂട്ടത്തില്‍ ഇക്കുറിയെങ്കിലും ഹഫ്സയെ ഒന്ന് കാണണം ..

ഓരോ അവധിക്കാലത്തും അവളെയൊന്നു കാണണമെന്ന മോഹം മുളപൊട്ടും ..

പല കാരണങ്ങളാല്‍ അത് നടക്കാതെ പോവാറാണ് പതിവ്.

കളിക്കൂട്ടുകാരിയായിരുന്നു. സമൃദ്ധിയില്‍ ജനിച്ചു വളര്‍ന്ന കാണാന്‍ നല്ല ചേലുള്ള സുന്ദരിക്കുട്ടി. അഞ്ചാം ക്ലാസ് വരെ ഒന്നിച്ചായിരുന്നു. മദ്രസ്സയിലേക്കും സ്കൂളിലേക്കും ഒന്നിച്ചായിരുന്നു പോക്ക്.അവളുടെ തൊടിയിലെ വടക്കേ അറ്റത്തെ നാടന്‍ മാവില്‍ നിന്ന് വീണ മധുരമേറിയ മാങ്ങകള്‍ അതിരാവിലെ അവള്‍ ചെന്ന് പെറുക്കി കൂട്ടും ..

മദ്രസ്സയിലേക്ക് പോകും വഴി എനിക്കും തരും കുറെയെണ്ണം.

വീട്ടിലുണ്ടാക്കിയ പലഹാരങ്ങളുടെ ഒരു പങ്ക് കീറിയ പത്രത്തില്‍ പൊതിഞ്ഞു കൊണ്ടു വരും..

എട്ടാം ക്ലാസില്‍ നിന്നാണ് ഒരു ദിവസം ആ വാര്‍ത്ത അറിയുന്നത്..അവളുടെ കല്യാണമാണ്..

സാധാരണ അയല്പക്കങ്ങളിലെ കല്യാണ വാര്‍ത്തകള്‍ സന്തോഷമാണ് പകരുക..പക്ഷെ ഈ വാര്‍ത്ത എവിടെയോ ഒരു നീറ്റലായി മനസ്സാകെ പടരുന്നുണ്ട് എന്ന് ഒരു ഞെട്ടലോടെ അറിഞ്ഞു…

പാഠപുസ്തകങ്ങളില്‍ നിന്ന് വിയര്‍ത്തിറങ്ങി ജീവിത പാഠാവലികളിലൂടെ വെയില്‍ കൊറിച്ചു നടന്നപ്പോഴൊക്കെയും അവളുണ്ടായിരുന്നു മനസ്സില്‍. വായിക്കുന്ന കഥകളിലെ നയികമാര്‍ക്കൊക്കെ അവളുടെ മുഖമായിരുന്നു..

ചെന്നിറങ്ങിയതിന്റെ നാലാം നാള്‍ അവളുടെ വീടിനു മുമ്പിലൂടെ കാറില്‍ പോകുമ്പോള്‍ ഭാര്യ പറഞ്ഞു:

‘നിങ്ങളുടെ ബാല്യകാല സഖി ഒരു ദിവസം വന്നിരുന്നു..

നമ്മുടെ വീടൊക്കെ അവള്‍ക്കു വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ട്…

‘ഒരു പാട് വിഷമിച്ചിട്ടുണ്ട്..ഇപ്പോഴെങ്കിലും രക്ഷപ്പെട്ടല്ലോ…’ അവള്‍ പറയുന്നത് കേട്ടു..

‘എന്താണ് അവളുടെ അവസ്ഥ’?

‘കൂടുതലൊന്നും പറഞ്ഞില്ല …പക്ഷെ വാക്കുകള്‍ക്കിടയില്‍ വല്ലാത്ത പ്രയാസം ഉണ്ടെന്നു തോന്നി..നാല് മക്കളുണ്ട്..പെണ്‍കുട്ടികളാണ്..ആരോഗ്യമൊക്കെ ക്ഷയിച്ചു.. അവള്‍ക്കു പ്രസവം നിര്‍ത്തണമെന്നുണ്ട്..അതിനു അയാള്‍ സമ്മതിക്കില്ലത്രെ… ഗര്‍ഭ കാലത്ത് കാലില്‍ നീര് വന്നു നിറയും..ഞരമ്പുകള്‍ ചുരുണ്ട് വലിഞ്ഞു പൊട്ടും..സഹായത്തിന് ഒരാളെ നിര്‍ത്താന്‍ പോലും സമ്മതിക്കില്ല… ഇനി എനിക്ക് മക്കളെ തരല്ലേ ന്റെ പടച്ചോനെ എന്നാന്നു എന്റെ പ്രാര്‍ത്ഥന ..

അത് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു…

‘ഇന്നത്തെ കാലത്തും ഇത്തരം ആളുകളുണ്ടോ..’?

അയാള്‍ പണിക്കൊന്നും പോവില്ലേ?

അയാള്‍ ഒന്നിനും പോവില്ലത്രേ..തന്തയാണ്‌ കാര്യങ്ങള്‍ നോക്കി നടത്തുന്നത്..റബ്ബറും തേങ്ങയും അടക്കയുമൊക്കെയായി നല്ല വരുമാനം ഉണ്ട്.. പക്ഷെ കാര്യമായി ഒന്നും വാങ്ങിച്ചു കൊണ്ട് വരില്ല.. തൊടിയിലുണ്ടാവുന്ന വല്ല മുരിങ്ങയോ മത്തന്റെ ഇലയോ ചക്കയോ ചേമ്പോ ചേനയോ ഒക്കെ കൂട്ടാന്‍ വെക്കും.. ”

”നമുക്ക് ഇന്നത്തെ യാത്ര അങ്ങോട്ടാക്കിയാലോ”?

”അപ്പൊ വല്യ താത്താന്റൊട്ക്കോ ”?

”അത് മറ്റൊരു ദിവസം ആക്കാം…”

വഴി ചോദിച്ചും അന്വേഷിച്ചും ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ അകത്തു നിന്ന് കുട്ടികളുടെ വാശി പിടിച്ച കരച്ചില്‍ കേള്‍ക്കുന്നുണ്ട്…

ഒരു വലിയ തറവാട് വീട്.. ഓടിട്ടതാണ്..

റബ്ബര്‍ ഷീറ്റിന്റെയും അടക്കയുടെയും വൈക്കോലിന്റെയും ഇളുമ്പ് മണം.തേങ്ങയും മട്ടലും ചകിരിയും മറ്റുമായി മുറ്റം വിഭവ സമൃദ്ധം !

അകത്ത് അവളും കുഞ്ഞുങ്ങളും മാത്രമേയുള്ളൂ എന്ന് മനസ്സിലായി..

അത് നന്നായെന്നു എനിക്കും തോന്നി..

വാതിലില്‍ മുട്ടി കാത്തിരിക്കുമ്പോള്‍ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു…

അവള്‍ വാതില്‍ തുറന്നു..

തീരെ പ്രതീക്ഷിക്കാതെ ഞങ്ങളെ കണ്ട വെപ്രാളം ആ മുഖം നിറഞ്ഞു കിടന്നു..

ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.. അവള്‍ ആകെ മാറിയിരിക്കുന്നു…

പ്രസന്നത വറ്റിയ ചടച്ച മുഖം..കണ്ണുകളില്‍ അസ്തമയം കാത്ത് ഒരു തിളക്കം മാത്രം അവശേഷിക്കുന്നുണ്ട്…

മുഷിഞ്ഞ മാക്സിയില്‍ കൈ തുടച്ചു, ഞങ്ങളെ എങ്ങനെ സ്വീകരിക്കണമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു അവള്‍..

ചെറിയ കുട്ടിക്ക് ചോറ് വാരി കൊടുക്കുകയായിരുന്നു അവളെന്ന് മനസ്സിലായി..

ഒക്കത്ത് കുട്ടിയും കയ്യില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ കുറച്ചു ചോറും..അതിനു മീതെ എന്തോ ഒരു മഞ്ഞക്കറി ഒഴിച്ചിട്ടുണ്ട്…

ഒരു മത്തി ചോറിനു മീതെ നീണ്ടു നിവര്‍ന്നു കിടക്കുന്നുണ്ട്..ഒന്നേ നുള്ളിയിട്ടുള്ളൂ…

പെട്ടെന്ന് , ഒക്കത്തിരുന്ന കുട്ടിയുടെ നേരെ മൂത്ത കുട്ടിയാണെന്ന് തോന്നുന്നു,

ഒരു കാക്ക വന്നു കൊത്തിപ്പറക്കും പോലെ

ഓടി വന്ന് ചോറില്‍ കിടന്ന മീന്‍ റാഞ്ചി കൊണ്ട് പോകുന്നത് കണ്ടു..

ഉടനെ ഒക്കത്തിരുന്ന കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി…

ഒന്നും വേണ്ടെന്നും വരുന്ന വഴി വെള്ളം കുടിച്ചതെ ഉള്ളൂ എന്നും കളവു പറഞ്ഞു പെട്ടെന്ന് അവിടെ നിന്നിറങ്ങുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ നോവുന്നുണ്ടായിരുന്നു.

Share.

About Author

145q, 1.113s