Leaderboard Ad

വേണം നമുക്കൊരു ഒൻപതാമനെ

0

നെതർലാന്റ്സ് എന്ന വാക്കിനർത്ഥം ‘പാതാളലോകം’ എന്നാണെന്നു കേട്ടിട്ടുണ്ട്. ഫുട്ബോളിന്റെ ലോകത്തിലെങ്കിലും ആ പേര് അവർക്ക് ഒട്ടും അനുയോജ്യമാവുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതടക്കം ഇതുവരെയുള്ള ഇരുപത് ലോകകപ്പുകളിൽ പത്തു തവണയും യോഗ്യത നേടിയ ടീം. അതിൽ തന്നെ ഇത്തവണത്തേതടക്കം അഞ്ചുതവണയും സെമിയിലെത്തിയ ടീം. അവയിൽ തന്നെ മൂന്നു തവണ ഫൈനൽ കളിച്ച ടീം. കളിമിടുക്കിന്റെ കാര്യത്തിൽ ബ്രസീൽ, ഇറ്റലി തുടങ്ങി പലവട്ടം കപ്പ് നേടിയ വമ്പൻ രാജ്യങ്ങളുടെ നിരയിൽ തന്നെ ഉണ്ടായിരുന്നു ഇവർ എല്ലാക്കാലത്തും. എന്നിട്ടും, ആ ലോകകിരീടം മാത്രം ഒരു കൈപ്പാടകലെ നിന്നത് ആശ്ചര്യകരമെന്നേ പറയാനൊക്കൂ.

ഞാൻ ഈ ടീമിനെ ശ്രദ്ധിച്ചു തുടങ്ങിയത്, പ്രശസ്തമായ “വാൻ ബാസ്റ്റൺ-ഗള്ളിറ്റ്-റൈക്കാർഡ് ത്രിമൂർത്തി”കളുടെ കാലം മുതൽക്കാണ്. റൈക്കാർഡ് മിഡ്ഫീൽഡ് ജനറലായും വാൻ ബാസ്റ്റണും, ഗള്ളിറ്റും മുന്നേറ്റ നിരയിലും നിന്നു നയിച്ച അക്കാലത്തെ അതിശക്തമായ ആ കൂട്ടുകെട്ടിനെ ലോകത്തിലെ ഏതൊരു പ്രതിരോധനിരയ്ക്കും ചങ്കിടിപ്പോടെ മാത്രമേ ഓർക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഈ കൂട്ടുകെട്ടിന്റെ മികവിലാണ് അവരുടെ ക്ലബ് ടീമായ എ.സി.മിലാൻ 1989, 1990 വർഷങ്ങളിൽ തുടർച്ചയായി യുറോപ്യൻ കപ്പ് വിജയികളായത്. ക്രിക്കറ്റിൽ ഇംഗ്ലണ്ട് എന്നതുപോലെയാണ് ഫുട്ബോളിൽ ഹോളണ്ട്. കളിമികവിന്റെ കാര്യത്തിൽ മറ്റാരെക്കാളും ഒട്ടും പിന്നിലല്ലാത്ത പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് ശ്രദ്ധേയമായ ടീമുകൾ. ഒന്നിലധികം തവണ ഫൈനൽ കളിച്ചിട്ടും ആ അന്തിമ വിജയിയാവാൻ മാത്രം സാധിക്കാതെപോയ നിർഭാഗ്യവാന്മാർ.

വേൾഡ് കപ്പ്‌

എന്നാൽ ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് തങ്ങൾക്കു തന്നെ എന്നുറപ്പിച്ചു കൊണ്ടായിരുന്നു ഹോളണ്ട് ബ്രസീലിലേക്ക് പറന്നിറങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ സ്പെയിനുമായി ആദ്യകളി. ഹോളണ്ടിന്റെ ഓറഞ്ചു കുപ്പായത്തിൽ വിയർപ്പു പൊടിയുന്നതിനു മുൻപേ കിട്ടിയ ഒരവസരം ലോകജേതാക്കൾ വലയിലെത്തിച്ചു. അതൊരുപക്ഷേ, ഹോളണ്ടിനുള്ള ഒരു ഉണർത്തുപാട്ടായിരുന്നു എന്നുവേണം കരുതാൻ. കളിക്കളത്തിൽ പിന്നെ കണ്ടത് വെണ്ണയിലേക്കിറങ്ങുന്ന കത്തിപോലെ ഓറഞ്ചുകാരുടെ സംഹാര താണ്ഡവമായിരുന്നു.

ഉദ്ഘാടനമൽസരത്തിലെ ഒരു വിജയം മാത്രമായിരുന്നില്ല അവരുടെ മനസ്സിൽ. കഴിഞ്ഞ തവണത്തെ ഫൈനലിൽ അവസാനനിമിഷത്തിൽ തങ്ങളുടെ നെഞ്ചിലേക്ക് തുളഞ്ഞുകയറിയ ആ ഗോളിൽ നഷ്ടമായ ലോകകിരീടത്തിനു തങ്ങളായിരുന്നു അർഹർ എന്നു വിളിച്ചറിയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അത് ഇത്തവണ പിടിച്ചടക്കാനാണ് തങ്ങൾ എത്തിയിരിക്കുന്നതെന്ന് നിലവിലെ ലോകജേതാക്കളുടെ നെഞ്ചിലേക്ക് അഞ്ചു തവണ നിറയൊഴിച്ചുകൊണ്ട് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു അവർ.

മിക്ക യൂറോപ്യൻ ടീമുകളും പിന്തുടരുന്ന എതിരാളികളെക്കൊണ്ട് ഗോളടിപ്പിക്കാതിരിപ്പിക്കുക എന്ന രീതിയല്ല ഹോളണ്ടുകാരുടെ കേളീശൈലി. ഈ ലോകകപ്പിൽ ക്വാർട്ടർ തീരുന്നതുവരെ ഏറ്റവുമധികം ഗോളടിച്ച ടീമാണ് ഇവർ എന്നതു മാത്രം മതി ഇവരുടെ കാൽപ്പന്തു കളിയുടെ ചാരുത എന്തെന്ന് അറിയാൻ. എതിരാളികൾ ഒരു ഗോളടിച്ചാൽ തിരിച്ചു രണ്ടു ഗോളടിച്ച്, ഗോളുകളിലൂടെ തന്നെ മറുപടി പറയുക എന്നതാണ് ഇവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ആദ്യകളിയിൽ ഒരു ഗോളിനു പിന്നിൽ നിന്നശേഷമാണ് അഞ്ചുഗോളടിച്ചത്. പിന്നെ ആസ്ത്രേലിയയോട് 1-2നു പിന്നിൽ നിന്നശേഷം തിരിച്ചടിച്ച് 3-2നു കളി ജയിച്ചു. ചിലിക്കെതിരേയും അടിച്ചു രണ്ടു ഗോളുകൾ. ലാറ്റിനമേരിക്ക യുറോപ്യൻ ടീമുകളുടെ ശവപ്പറമ്പാവുന്നു എന്ന വാദങ്ങൾ നിറഞ്ഞു കേട്ടുകൊണ്ടിരിക്കെയാണ് പ്രീക്വാട്ടറിൽ പാനമേരിക്കൻ ടീമായ മെക്സിക്കോക്കെതിരെയുള്ള 2-1 വിജയം. അപ്പോഴേക്കും 12 ഗോളകളുമായി ഹോളണ്ട് ഈ ലോകകപ്പിൽ ഏറ്റവും അധികം ഗോൾ നേടുന്ന ടീമായിക്കഴിഞ്ഞിരുന്നു.

ക്വാർട്ടറിൽ കോസ്റ്റാറിക്കയുമായുള്ള കളിയിൽ മാത്രമാണ് ഹോളണ്ടിനു ഗോളടിക്കാൻ സാധിക്കാതിരുന്നത്. അതിനുള്ള മുഴുവൻ പ്രശംസയും ഹോളണ്ടിനെ ഗോളടിപ്പിക്കാതിരിപ്പിക്കുക എന്ന കോസ്റ്റാറിക്കൻ കളിയടവിനും അവരുടെ ബാറിനു കീഴിൽ ഇരുപതോളം ഷോട്ടുകൾ തടങ്ങിട്ട അവരുടെ ഗോളിക്കുമുള്ളതാണ്. ആ കളിയിൽ ഗോളടിച്ചില്ലെങ്കിലും, അതിനകം അടിച്ച ഗോളുകൾ തന്നെ അവരുടെ സെമി ഫൈനൽ പ്രവേശം സാധൂകരിക്കുന്നതായിരുന്നു.

എപ്പോഴെങ്കിലും വീണുകിട്ടുന്ന ഒറ്റയാൻ ഗോളുകളോ, അവയിൽ തൂങ്ങിക്കൊണ്ടുള്ള കളിവിജയമോ, ഏതെങ്കിലും ഒറ്റയാൻ കളിക്കാരനോ അല്ല ഹോളണ്ടിന്റെ ശക്തി. ഒത്തിണക്കത്തോടെ കളിക്കുന്ന ടോട്ടൽ ഫുട്ബോൾ ആണ് അവരെ ഇതുവരെ വിജങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. അതിനിയും തുടരാനായാൽ, ഇനിയുള്ള കളികളിൽ പൂർവ്വാധികം നന്നായി നടപ്പാക്കാനായാൽ, ഇത്തവണ ലോകകപ്പ് ഉയർത്തുന്നതിൽ നിന്ന് അവരെ തടയാൻ ആർക്കുമാവില്ല.

Share.

About Author

146q, 0.653s