Leaderboard Ad

വേനല്‍തുമ്പികള്‍

0

Venal 1

നുജൂദ് നുജൂദ്… നമുക്കിടയിലും നുജൂദുമാരില്ലേ എന്ന ചോദ്യത്തോടെ കുട്ടികൾ കാണികൾക്കിടയിലേക്കിറങ്ങുന്നു. വേനൽതുമ്പികൾ 2013ന്റെ മുഖ്യ ആകർഷണമായ ‘നുജൂദ്, ധീരതയാർന്ന രണ്ട് കണ്ണുകൾ’ എന്ന നാടകം അവസാനിക്കുന്നതിവിടെയാണ്. ഞാൻ നുജൂദ് വയസ് 10 വിവാഹമോചിത എന്ന ആത്മകഥയിലൂടെ ലോകശ്രദ്ധയാകർഷിച്ച യെമനിലെ നുജൂദ് അലിയെ കേരളത്തിനു പരിചയപ്പെടുത്തുകയാണ്, വേദനകളിൽ കഴിയുന്ന കേരളത്തിലെ കുഞ്ഞുങ്ങളോട് പുത്താൻ നുജൂദുമാരാകാൻ ആഹ്വാനം ചെയ്യുകയാണ് വേനൽതുമ്പികൾ 2013. എട്ടും പൊട്ടും തിരിയാത്ത ഒന്പതാം വയസ്സിൽ വിവാഹിതയായി, ഭർത്താവിൽ നിന്ന് ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന്, ഒടുവിൽ സ്വന്തം ദുർവിധികളോട് അസാമാന്യ ധീരതയോടെ പൊരുതി മുന്നേറിയ നുജൂദിന്റെ കഥ, അല്ല ജീവിതം ബാലവിവാഹം സുലഭമായ നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങൾക്ക് പ്രതികരിക്കാൻ സഹായകരമാകും എന്നതില സംശയമില്ല. ലോകനാടകവേദിയിലെ അതിനൂതനമായ ഒരു തീയറ്റർ എക്സ്പെരിമെന്റ് ആണ് ഇലാസ്റ്റിക് തീയറ്റർ. ഈ സങ്കേതം ഇന്ത്യയിൽ ആദ്യമായി ഉപയോഗിക്കുന്നത് ഈ നാടകത്തിലാണ്,ഈ കൊച്ചുകേരളത്തിലെ വേനൽതുമ്പികളാണ് എന്നതും ഈ വർഷത്തെ ഒരു പ്രധാന പ്രത്യേകതയാണ്. മനസ്സിൽ ഒരു വിങ്ങലായാണ്, ഒരു നൂറു ചോദ്യവുമായാണ് ഓരോ വേദിയിലും ഗോപികുറ്റിക്കോൽ രചിച്ച ‘നുജൂദ്, ധീരതയാർന്ന രണ്ട് കണ്ണുകൾ’ എന്ന നാടകം അവസാനിക്കുന്നത്.

വേനൽതുമ്പികൾ കേരളത്തിലെ ഒരു ‘സാംസ്കാരികാത്ഭുത’മാണ്. 1990ൽ  ആരംഭിച്ച് ഇക്കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി കുട്ടികളുടെ ഒരു തീയറ്റർസംരംഭം കേരളത്തിന്റെ മുക്കിലും മൂലയിലും പരിപാടികൾ അവതരിപ്പിക്കുന്നു എന്നതിനെ അദ്ഭുതം എന്നല്ലാതെ പിന്നെന്തു വിശേഷിപ്പിക്കാൻ?ഒരു അവധിക്കാലത്ത്  2000 ഓളം വേദികളിൽ, 100 ഓളം കലാജാഥയിലെ 2000ഓളം കലാകാരന്മാർ ലക്ഷക്കണക്കിന്‌ ജനങ്ങളുടെ മുന്നിൽ ഒരേ പരിപാടികൾ അവതരിപ്പിക്കുന്ന ഒരു സംവിധാനം ലോകനാടകചരിത്രത്തിൽ തന്നെ ഉണ്ടായിട്ടുണ്ടാകില്ല. ഓരോ പ്രദേശത്തെയും കുട്ടികളുടെ കലാ-കായിക-സാഹിത്യകഴിവുകൾ  പ്രകടിപ്പിക്കാനുള്ള ബാലോത്സവവേദികളിലാണ് വേനൽതുമ്പികൾ പറന്നിറങ്ങുക. ഈ വർഷം ഏകദേശം 10 ലക്ഷത്തോളം ആളുകളെയാണ് ബാലോല്സവ-വേനൽതുമ്പി വേദികളുടെ പ്രേക്ഷകരായി പ്രതീക്ഷിക്കുന്നത്. അവധിക്കാലങ്ങളിൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ സജീവമായിരുന്ന വായനശാലകളുടെയും ,ക്ലബ്ബുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന കുട്ടികളുടെ നാടകസംഘങ്ങൾ ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്. അവധിക്കാലത്തെ കുട്ടികളുടെ കളിക്കൂട്ടങ്ങളും, എന്തിനധികം കൂട്ടുകൂടൽ പോലും അന്യം നിന്ന് കൊണ്ടിരിക്കുന്ന ഈ കാലത്ത്, ആ നല്ല ഇന്നലെകളെ തിരിച്ചുപിടിക്കാനുള്ള പരിശ്രമമാണ് വേനൽതുമ്പികളിലൂടെ ബാലസംഘം ചെയ്യുന്നത്. ഒരു കാലത്ത് മുതിർന്നയാളുകളുടെ ചിന്തയും ശൈലിയും കുത്തിനിറച്ചിരുന്ന, വായിൽകൊള്ളാത്ത ഡയലോഗുകൾ എന്തെന്നറിയാതെ കുഞ്ഞുങ്ങൾ അവതരിപ്പിച്ചിരുന്ന നാടകവേദികളിൽ നിന്ന് കുട്ടികളുടെ ചിന്തയും,ശൈലിയും, സംസാരവുമൊക്കെയുള്ള, കുട്ടിത്തമുള്ള ഒരു നാടകവേദിയായി കേരളത്തിലെ കുട്ടികളുടെനാടകരംഗം മാറിയതിൽ ബാലസംഘം വേനൽതുമ്പികളുടെ സംഭാവന ആർക്കും നിഷേധിക്കാനാകില്ല. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലത്തെ സ്കൂൾ നാടകവേദിയുടെ പരിണാമങ്ങൾ ഈ വീക്ഷണത്തെ സാധൂകരിക്കുന്നു. അതുകൊണ്ട് തന്നെയാണ് ‘ആകാശം പൊട്ടി വീണേ’ എന്ന് തുടങ്ങി വേനൽതുമ്പികൾ വേദിയിലവതരിപ്പിച്ച പല നാടകങ്ങളും പിന്നീട് നമ്മുടെ ഔദ്യോഗികപാഠപുസ്തകങ്ങളിൽ സ്ഥാനം പിടിച്ചതും. അനൂപ്‌ ചന്ദ്രനെപ്പോലെ ,വിനയ് ഫോര്ട്ടിനെപ്പോലെ, മണികണ്ടൻ പട്ടാമ്പിയെപ്പോലെ പ്രതിഭാധനന്മാരായ ആയിരക്കണക്കില് കലാകാരന്മാരെ മലയാളത്തിന് ഈ മഹാപ്രസ്ഥാനം സംഭാവന ചെയ്തതാണ്.

Untitled

ഈ വർഷത്തെ വേനൽതുമ്പികൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 1938ഡിസംബർ  28ന് കണ്ണൂർ കല്യാശ്ശേരിയിൽ രൂപീകരിച്ച ദേശീയ ബാലസംഘത്തിന്റെ 75ആം വാർഷികാഘോഷങ്ങൾ നടന്നുവരികയാണ്. ഈ വർഷത്തെ വേനൽതുമ്പികൾ 75 ആം വാർഷികത്തിന്റെ ഭാഗമായി കൂടുതൽ വിഭവങ്ങളോടെയാണ് ഒരുക്കിയതും. എല്ലാം കമ്പോളത്തിന് കീഴ്പ്പെടുന്ന പണാധിപത്യത്തിന്റെ ഈ നെറികെട്ട കാലത്ത്, നേരിന്റെ പതാകാവാഹകരാകാൻ കുട്ടികൾക്കേ കഴിയൂ എന്നോർമ്മിപ്പിക്കുകയാണ് കലാജാഥയിലെ ഓരോ പരിപാടികളും. കുഞ്ഞുങ്ങളെ സ്വയം പ്രതിരോധത്തിന്റെ പടച്ചട്ടയണിയിക്കുക , മുതിര്ന്നവരെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് അണിനിരത്തുക എന്നുമുള്ള   ചരിത്ര ദൗത്യം നിർവഹിക്കാനുള്ള ശക്തമായ ശ്രമം വേനൽതുമ്പിയിലുടനീളമുണ്ട്. അതുകൊണ്ട് തന്നെയാണ് ലോകത്താകെയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനായി പൊരുതിയ മലാല യൂസഫ്സായി, ലോകത്താകെയുള്ള ബാലാവകാശപ്രവർത്തകരുടെ  ആവേശം നുജൂദ്അലി,തിരൂരിൽ പാതയോരത്ത് കിടന്നുറങ്ങുമ്പോൾ ക്രൂരമായി പിച്ചിച്ചീന്തപ്പെട്ട ഞങ്ങളുടെ കുഞ്ഞനുജത്തിക്കുമാണ് ഈ വർഷത്തെ വേനൽതുമ്പികൾ ഞങ്ങൾ സമർപ്പിച്ചത്.

Untitled

മൂന്നും ആറും മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ പോലും പീഡിപ്പിക്കപ്പെടുന്ന നാടായി മാറിയിരിക്കുന്നു നമ്മുടെ സാക്ഷര-സുന്ദരകേരളം. സുരക്ഷിത ജീവിതം സ്വപ്നം മാത്രമായി അവസാനിപ്പിക്കപ്പെടുന്ന കേരളീയ ബാല്യത്തിന്റെ ‘ആരുണ്ടിവിടെ തുണയ്ക്കായ്‌?’ എന്ന ചോദ്യത്തോടെയാണ് വേനൽതുമ്പികൾ 2013 ആരംഭിക്കുന്നത്. കരയുന്ന കുഞ്ഞിന്റെ കണ്ണുനീരൊപ്പുന്ന അമ്മയും,കരുണയുടെ കടലിരമ്പുന്ന അച്ഛനും,കുതിരപ്പുറത്തെത്തി പെങ്ങളുടെ മാനം കാക്കുന്ന സോദരന്മാരും എവിടെപ്പോയ് മാഞ്ഞുവെന്ന് ചോദിക്കുന്ന,കുഞ്ഞുങ്ങളുടെ ദീനരോദനങ്ങൾക്ക്‌ മുന്നിൽ ചെവിയും മനസ്സുമടയ്ക്കുന്ന സമൂഹത്തിനുനേരെ ഒരുപിടി ചോദ്യങ്ങളെറിയുന്ന ഈ സംഗീതശില്പ്പത്തിന്റെ ശക്തമായ വരികളൊരുക്കിയത് ഹരിശങ്കർമുന്നൂർക്കോടാണ്. ശ്രോതാക്കളുടെ ഹൃദയത്തെ തൊട്ടുണർത്തുന്ന ഒരുപിടി നല്ലഗാനങ്ങളുമുണ്ട്. ജിനേഷ്കുമാർ എരമം,വി ആതിര,ആനന്ദ് മോഹൻ,യൂസഫ്‌ കീച്ചേരി തുടങ്ങിയവരുടെ വരികൾക്ക് കെ എം ഉദയൻ, എം ശിവശങ്കരൻ എന്നിവർ ഈണം പകർന്നിരിക്കുന്നു.

ജാലിയൻവാലാബാഗിലെ ഒരു പിടി ചോരപുരണ്ട മണ്ണുവാരി പ്രതിജ്ഞ ചെയ്ത 12കാരൻ ഭഗത്സിംഗ്, കോടതിമുറികളിലെ ധീരർ ആസാദും  ഉദ്ദംസിംഗും,ഭഗത്സിംഗിനെ തൂക്കിക്കൊല്ലാൻ വിധിച്ച ജഡ്ജിയെ വെടിവെച്ചു വീഴ്ത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനികൾ ശാന്തിഘോഷും സുനിതചൗധരിയും,ബ്രിട്ടീഷുകാർ ജയിലിലടച്ച അമ്മമാരെ മോചിപ്പിക്കാൻ ജയിളിനുമുന്നിൽ കൂട്ടുകാരോടൊപ്പം സമരം നയിച്ച കോഴിക്കോട് ഗണപത് സ്കൂൾ വിദ്യാർത്ഥിനി ജയലക്ഷ്മി,കയ്യൂർ സമരസഖാക്കൾ ഉൾപ്പെടെയുള്ള ദേശീയബാലസംഘത്തിന്റെ ധീരരായ പോരാളികൾ,ഉച്ചക്കഞ്ഞിക്ക് വേണ്ടി സമരം നയിച്ച ദേശാഭിമാനി ബാലസംഘത്തിന്റെ പ്രവർത്തകർ….. അതെ ചരിത്രത്തിൽനിന്നു മാറിനിന്നവരല്ല കുട്ടികൾ,മാറ്റി നിർത്തേണ്ടവരുമല്ല. എന്നും ചരിത്രത്തോടൊപ്പം, സ്വന്തം ജീവിതയഥാര്ത്യങ്ങളോട് ധീരമായി പ്രതികരിച്ചവരാണ് കുഞ്ഞുങ്ങൾ എന്ന് ഓർമ്മപ്പെടുത്തുകയാണ് ബാലസംഘത്തിന്റെ ചരിത്രം വിവരിക്കുന്ന സുനിൽ കുന്നരു രചിച്ച ‘ഒരുമതൻ പൂമരച്ചോട്ടിൽ’ എന്ന നാടകം.ബാലസംഘം രൂപീകരണത്തിന്റെ 75ആം വാര്ഷികത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഈ നാടകത്തിൽ കുട്ടികളുടെ സംഘടനയുടെ രൂപീകരണം മുതലിങ്ങോട്ടുള്ള ചരിത്രവും,മേൽസൂചിപ്പിച്ച പോരാളികളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരവും കാണാം.. കുട്ടികളുടെ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നേതൃത്വം കൊടുത്ത കുട്ടികളുടെ സഖാവ് പി കൃഷ്ണപ്പിള്ളയും, എകെജി യുമൊക്കെ ഈ നാടകത്തിലൂടെ കാണികൾക്ക് മുന്നിലെത്തുന്നു.പ്രതികരണശേഷിയും ചരിത്രബോധവുമില്ലാത്ത അരാഷ്ട്രീയ ബാല്യത്തെ കേരളത്തിൽ വളർത്തിയെടുക്കാനുള്ള കുത്സിത ശ്രമങ്ങളെ ‘ഞങ്ങൾ വെറും കുട്ടികളല്ല’എന്നാ മുദ്രാവാക്യം കൊണ്ട് പ്രതിരോധിക്കാനുള്ള ശ്രമമായി ഈ നാടകത്തെ നമുക്ക് കാണാം.

Untitled

അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലെ, സ്വപ്നം കാണാനും ഉറങ്ങാനും പോലും സ്വാതന്ത്ര്യമില്ലാതെ പഠിക്കുന്ന കുഞ്ഞുങ്ങൾ അനുഭവിക്കുന്ന മാനസികപിരിമുറുക്കങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന എ ആർ ചിദംബരത്തിന്റെ ‘ഉറക്കമത്രേ നിൻ ശത്രു’വെന്ന ചൊൽക്കാഴ്ച, ഇംഗ്ലീഷ് മീഡിയം ഭ്രമവുമായി നടക്കുന്ന  രക്ഷിതാക്കളെ ഒന്നിരുത്തിചിന്തിപ്പിക്കുന്നതാണ്. കൂട്ടുകാർക്ക് ചിരിക്കാനും,ചിന്തിക്കാനും അവസരമൊരുക്കുന്ന മുഖംമൂടി നാടകമാണ് കെ പി പ്രിയദർശൻ രചിച്ച ‘ആംഷി കൂംഷി’ 1990ലെ ആദ്യ വേനൽതുമ്പിയിൽ അവതരിപ്പിക്കപ്പെട്ട ‘അപ്പമരം’എന്നാ നാടകം പുനരവതരിപ്പിക്കപ്പെടുകയാണ് ഈ വർഷത്തെ വേനൽതുമ്പിയിൽ. ഡി പാണി രചിച്ച ഈ നാടകം,വിശക്കുന്ന കുഞ്ഞുങ്ങളെ അപ്പംകാട്ടി കൊതിപ്പിച്ച് അവരുടെ ചോരകുടിക്കുന്ന പൊട്ടിപ്പിശാചിനെതിരെ പ്രതിരോധത്തിന്റെ അപ്പമരം തീർക്കുന്ന കുട്ടികളുടെ വിജയകഥ പറയുന്നു. സ്നേഹശൂന്യമായ ലോകത്തിന്റെ ഉള്ളറകൾ തുറന്നുകാട്ടുന്ന അഖില,പ്രവീണ്‍ എന്നിവരെഴുതിയ ലഘുനാടകങ്ങളും ഈ വർഷത്തെ തുമ്പികൾ അവതരിപ്പിക്കുന്നു. വേനൽതുമ്പികളും ബാലസംഘവും എന്നും നല്ല പാട്ടുകൾകൊണ്ട് സമൃദ്ധമാണ്. ഒഎൻവി,എഴാച്ചേരി,ശ്രീരേഖ,സിആർദാസ്,എംവി മോഹനൻ,ആര്യൻ കണ്ണനൂർ,എംഎസ് കുമാർ,ഇ രാമചന്ദ്രൻ, ഹരിശങ്കർ മുന്നൂർക്കോട് ,ടി കെ നാരായണദാസ് എന്നിവരെഴുതി വേനൽതുമ്പികൾ പലപ്പോഴായി  അവതരിപ്പിച്ച ഗാനങ്ങളുടെ ഈരടികൾ കോർത്തിണക്കിയ ഗാനമാലികയോടും നാടൻപാട്ടോടുംകൂടി വേനൽതുമ്പി  പരിപാടികൾ അവസാനിക്കും… ആലുവയിൽ വെച്ച് ഏപ്രിൽ 2 മുതൽ 9 വരെ നടന്ന ബാലസംഘം സംസ്ഥാനക്യാമ്പിൽ വെച്ച് രൂപംകൊണ്ട ഈ കലാപ്രകടനങ്ങൾക്ക് രംഗഭാഷയൊരുക്കിയത് പ്രൊഫ. പി ഗംഗാധരൻ,ഗോപി കുറ്റിക്കോൽ ,കെ പി പ്രിയദർശൻ, ശ്രീജിത്ത് പൊയിൽക്കാവ്‌,ഡോ. എൻകെ ഗീത, മണിപ്രസാദ്, സുവർണൻ, തൃദീപ് ലക്ഷ്മണ്‍,കലാമണ്ഡലം ആർച്ച എന്നിവരാണ്.

Untitled

കളിവിരുന്നൊരുക്കാനാണ് തുമ്പികളുടെ വരവെങ്കിലും, ഒന്ന് കാതോർത്താൽ കരളുപൊള്ളിടുന്ന നൂറായിരം കാര്യങ്ങൾ നമുക്ക് കേൾക്കാം. വേനൽക്കാലത്ത്  വർഷത്തിന്റെ വരവറിയിച്ചുകൊണ്ടാണ് തുമ്പികൾ പറക്കാറ്‌. സ്നേഹത്തിന്റെ ഉറവകൾ വറ്റിവരണ്ട് മരുഭൂമികളായി മാറിയ മനുഷ്യമനസ്സുകളിലേക്ക് നന്മവിളയുന്ന ഒരു നല്ല കാലം വരുമെന്ന പ്രതീക്ഷയുമായാണ് വേനൽതുമ്പികൾ പറന്നിരങ്ങുന്നത്. അതെ,നാടും നഗരവും ചുട്ടുപൊള്ളുന്ന ചൂടിൽ പൊരിയുമ്പോൾ, സ്നേഹത്തിന്റെ കുളിർമഴയായി പെയ്തിറങ്ങാൻ ആട്ടവും പാട്ടുമായി തുമ്പികളെത്തുകയായ്‌,നിങ്ങളുടെ തൊട്ടടുത്ത ബാലോത്സവവേദിയിലേക്ക്.

Share.

About Author

137q, 0.553s