Leaderboard Ad

വ്യാജവാര്‍ത്തകള്‍ ; നിര്‍മിതികളുടെ സമ്മതി രൂപപ്പെടുത്തുന്ന അപകടങ്ങള്‍

0

“ഞാൻ ഒരു വാക്ക് പ്രയോഗിക്കുമ്പോൾ ഞാൻ നിശ്ചയിക്കുന്ന അർത്ഥമാണതിനുള്ളത്…” ഹംടി ഡംടി ആലിസ്സിനോട്.ഹംടി ഡംടിയുടെ ആത്മവിശ്വാസം ഇന്നത്ര എളുപ്പമല്ലാത്തതു കൊണ്ട് വാക്കുകളുടെ അർത്ഥവിവക്ഷകളെപ്പറ്റി ആശങ്കാകുലരാകാതിരിക്കാൻ ഒരു മാർക്സിസ്റ്റിനും ആവില്ല.” സാംസ്കാരിക വിമർശത്തെ അപഗ്രഥിച്ചു കൊണ്ട് പരേതനായ എഴുത്തുകാരൻ ടി കെ രാമചന്ദ്രൻ എഴുതിയ കുറിപ്പിലെ ഈ നിരീക്ഷണമാണ് കേരളത്തിലെ മാധ്യമങ്ങളുടെ സമകാലികരീതിയെക്കുറിച്ചാലോചിക്കുമ്പോൾ ഓർമ വരുന്നത്.മാധ്യമങ്ങൽ വിനിമയത്തിനുപയോഗിക്കുന്ന ഭാഷ അത് വാക്കുകളോ ദൃശ്യങ്ങളോ ആകട്ടെ തങ്ങൾക്കാവശ്യമുള്ള അർത്ഥോത്പാദനത്തിന് ഉതകുന്ന നിലയിൽ അതിവിദഗ്ദമായി സന്നിവേശിക്കപ്പെടുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.ഗൗരവമേറിയ രാഷ്ട്രീയവിഷയങ്ങൾ ഫലിതമായും വെറുംകൗതുകം മാത്രമുണ്ടാവേണ്ട ചില കാര്യങ്ങൾ ഗൗരവരാഷ്ട്രീയവിഷയങ്ങളായും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ അസാധാരണമല്ല.ഇതു കൂടാതെ വ്യാജമായി സൃഷ്ടിച്ചെടുക്കുന്ന വാർത്തകളിലൂടെ പൊതുബോധനിർമിതി ആവശ്യാനുസരണം നടത്താൻ കഴിയുമോ എന്ന പരീക്ഷണത്തിനും ശക്തി കൈവന്നിരിക്കുന്നു.നിങ്ങൾ ആരുടെ ചേരിയിൽ എന്ന് ഒരു കാലത്ത് മുഴങ്ങിക്കേട്ടിരുന്ന ആ പഴയ ചോദ്യം ഒരു പക്ഷേ ഇന്ന് ഏറ്റവും പ്രസക്തമാവുന്നത് മാധ്യമങ്ങളുടെ കാര്യത്തിലാണെന്ന് പറയേണ്ടി വരും. കേരളത്തിലെ വലതുപക്ഷമാധ്യമങ്ങൾ സ്വന്തം ചെയ്തികളിലൂടെ തങ്ങൾ ഏതു പക്ഷത്താണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല മറുപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നു.കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന തീക്ഷ്ണമായ ജീവിതയാഥാർത്ത്ഥ്യങ്ങളുടെ ആഴവും പൊരുളും തിരയുന്നതിനു പകരം അവർ ചെയ്യുന്നത് ജനകീയമായ ചെറുത്തുനില്പുകളെ അപഹസിക്കുകയോ അവമതിക്കുകയോ ചെയ്യുന്ന തരം വ്യാജവസ്തുതകളുടെ അവതരണമാണ്.ജനങ്ങളോടൊപ്പം നിൽക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും ലക് ഷ്യമിട്ടുള്ള ഈ പകർന്നാട്ടം തീവ്രമാകുമ്പോൾ നഷ്ടമാകുന്നത് ചരിത്രം സഹനങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും രൂപപ്പെടുത്തിയെടുത്ത ജനാധിപത്യസംസ്കാരമാണ്. “ഭയകൗടില്യലോഭങ്ങൾ വളർക്കില്ലൊരു നാടിനെ”എന്ന് സധൈര്യം വിളിച്ചു പറഞ്ഞ മലയാള മാധ്യമസദ്പാരമ്പര്യത്തിന്റെ കൊടിക്കൂറ ഉയർത്തി ജനങ്ങൾക്കൊപ്പം നിൽക്കാൻ തയ്യാറുള്ള മാധ്യമങ്ങളുടെ കൂടെ വലതുപക്ഷ മാധ്യമങ്ങളുടെ കാപട്യം തുറന്നുകാട്ടിക്കൊണ്ട് ‘നേർ രേഖ’യുമുണ്ടാകുമെന്ന് ഈ കെട്ട കാലത്ത് ഞങ്ങൾ ഉറപ്പ് നൽകുന്നു.

Share.

About Author

141q, 0.786s