Leaderboard Ad

വ്യാജ ഇന്റർനെറ്റ്‌ പ്രൊഫൈലിന്റെ മനശാസ്ത്രം

0

  വ്യക്തിത്വം വളരെ സങ്കീര്‍ണ്ണമായ സങ്കല്‍പമാണ്. പൊതുവിൽ, സ്വത്വം അല്ലെങ്കിൽ വ്യക്തിത്വം എന്നത് മനുഷ്യന്റെ/രുടെ പ്രചോദനങ്ങളെയും ചേഷ്‌ടകളെയും സംബന്ധിച്ച അപഗ്രഥനമായാണ് മനശാസ്ത്ര ലോകം കരുതി പോരുന്നത്. അതെ സമയം മറ്റു പല സങ്കീര്‍ണ്ണ പ്രതിഭാസങ്ങൾ പോലെ തന്നെ ഒരാളുടെ വ്യക്തിത്വത്തെ ഒറ്റ വാക്കിലോ വാചകത്തിലൊ നിർവചിക്കാൻ എളുപ്പമല്ല എന്ന് തത്വത്തിൽ കരുതിപ്പോരുന്നു.

മറച്ചു പിടിക്കേണ്ട ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ജനല്‍മറയാണ് ഇരട്ട വ്യക്തിത്വം.ജീവിതവുമായി ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും ഇരട്ട വ്യക്തിത്വത്തിന്റെ സര്‍വ്വവ്യാപകത്വം നമുക്ക് ദർശിക്കാൻ സാധിക്കും. വളരെ ചുരുങ്ങിയ കാലം കൊണ്ട് ആധുനിക ജീവിതത്തിന്റെ ഭാഗമായിത്തീർന്ന ഇന്റർനെറ്റും മറ്റു സാങ്കേതികവിദ്യകളും ഇതിൽ നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ടാണ് , സൈബർ മേഖലയിലെ ഇരട്ട വ്യക്തിത്വങ്ങൾ മനശാസ്ത്ര ശാഖയിലെ വിദ്യാർഥികൾക്ക് ഗൗരവം ഉള്ള ഗവേഷണ വിഷയമായി മാറുന്നത്.

സൈബർ ഇടങ്ങൾ പോലെ ഒരു വ്യക്തിക്ക് വളരെ എളുപ്പത്തിൽ ദേശാന്തരഗമനം നടത്താൻ കഴിയുന്ന സംവിധാനം വേറെ ഇല്ല. ഇതിൽ വളരെ പ്രധാന പങ്കു വഹിക്കുന്ന മേഖലയാണ് ഫേസ്ബുക്ക്‌ പോലെ ഉള്ള സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ. “ഞാൻ” എന്ന വ്യക്തിത്വം വളരെ ചുരുങ്ങിയ സമയം കൊണ്ട് പുരുഷനായും, സ്ത്രീയായും, പൂവായും , കവിതയായും, പ്രണയമായും, ഒരു പ്രസ്ഥാനമായുമൊക്കെ പരിണാമം സംഭവിക്കുന്നു. ചിരിച്ചു തള്ളിയേക്കാവുന്ന “രസങ്ങൾ”ക്കപ്പുറം “ഞാൻ” എന്ന വ്യക്തിത്വം “എന്റെ മനസിനെ” തൃപ്തിപ്പെടുത്തുന്ന ഒരു അവസ്ഥയും കൂടെയാണിത്. പ്രതിയോഗിയെ “വകവരുത്താനുള്ള” ഗറില്ല ആക്രമണ തന്ത്രമായും ചിലർ ഇതിനെ ഉപയോഗിച്ച് പോരുന്നു. “ഞാൻ” മറ്റൊരാളായി മാറുന്നതിലൂടെ ലഭിക്കുന്ന താൽക്കാലിക “സുരക്ഷിത”ത്വത്തിൽ നിന്നുണ്ടാവുന്ന സ്വാതന്ത്ര്യവും ആഹ്ലാദവും ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഊർജത്തിന്റെ അടിസ്ഥാനം.

ഇരട്ട വ്യക്തിത്വത്തിന്റെ സ്വാധീനം പൊതുവിൽ എല്ലാ മനുഷ്യരിലും കാണാവുന്ന ഒരു അവസ്ഥയാണ്. പകൽക്കിനാവ്‌ കാണുന്നവരും, “സ്ഥലകാല ബോധം ഇല്ലാതെ നടന്നു” പോകുന്നവരും എല്ലാം ഈ വിഭാഗത്തിൽ പെടുന്നു. എന്നാൽ ചുരുക്കം ചിലരിൽ ഈ ഒരവസ്ഥ മൂര്‍ധന്യത്തിൽ എത്തുകയും യാഥാർത്ഥത്തിൽ നിന്ന് ഇച്ഛാപൂര്‍വ്വകമല്ലാത്ത അകലം പാലിക്കുകയും സ്വന്തം വ്യക്തിത്വത്തിൽ നിന്ന് അലകം പാലിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ ഒന്നായ ഫേസ്ബുക്കിൽ എല്ലാ ദിവസവും ഇരട്ട ഐ ഡി ഉപയോഗിക്കുന്നവർ കുറവല്ല.

ധാർമികതയും വ്യക്തിത്വവും പരസ്പ്പര പൂരകങ്ങൾ ആണ്. ഒരു പക്ഷെ ധാർമികത തന്നെയാണ് വ്യക്തിത്വ വികസനത്തിന്റെ അടിസ്ഥാനവും. അതിനാൽ “സ്വാഭാവിക” വ്യക്തിത്വം പുലർത്തുന്ന ഒരാളിൽ നിന്ന് സമൂഹം ഉയർന്ന നിലയിലുള്ള ധാർമികതയും പ്രതീക്ഷിക്കുന്നുണ്ട്. അനുഭവത്തിന്റെ വെളിച്ചത്തിൽ ആരോഗ്യകരം ആയ വ്യക്തിത്വത്തിന്റെ ഉടമകളിൽ സ്വാഭാവികമായും മാന്യതയും അനുകമ്പയും ഉള്ളവരായിരിക്കും.

എന്നാൽ പൊതു സമൂഹത്തിലും സ്വന്തം സ്വത്വത്തിലും ഇരട്ട വ്യക്തിത്വം പുലർത്തുന്നവരിൽ ഇത് പുറത്തുവരുന്നത്‌ രണ്ടു തരത്തിലായിരിക്കും. ഒരു ഉദാഹരണത്തിനു പൊതു ഇടങ്ങളിൽ വളരെ മാന്യമായി ഇടപെടുന്നവർ, പരുഷം ആയി വീട്ടിലും, ഭാര്യയോടും മക്കളോടും പെരുമാറുന്ന സംഭവങ്ങൾ ഇന്ന് മനശാസ്ത്ര ലോകത്ത് അന്യമല്ല. സോഷ്യൽ നെറ്റ്‌വർക്ക് മാധ്യമങ്ങൾ സജീവം ആയതോടെ ഇത്തരക്കാർക്ക് കൂടുതൽ അവസരങ്ങൾ ആണ് തുറന്നു കിട്ടുന്നത്. സ്വന്തം ഫേസ്ബുക്ക്‌ ഐ ഡി യിൽ വളരെ തന്മയത്വത്തോടെയും മാന്യമായും പെരുമാറുന്ന ഇത്തരക്കാർ മറ്റൊരവസരത്തിൽ വ്യാജനാമത്തിൽ അപരിഷ്കൃതമായും അശ്ലീലമായും ഇടപെടുന്നത് ഒരു പുതിയ കാര്യമല്ല.

വ്യക്തിത്വത്തെ ബാധിക്കുന്ന പലവിധ മാനസിക പ്രശ്നങ്ങൾ തന്നെയാണ് ഇതിനെല്ലാം ആധാരം. ഇത്തരം വ്യക്തിത്വത്തിനുടമകളെ കൃത്യമായ മനശാസ്ത്ര സമീപനത്തിലൂടെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ശാസ്ത്ര ലോകം കരുതുന്നു.

Share.

About Author

134q, 0.708s