Leaderboard Ad

ശവക്കുഴിയെടുത്ത് വെച്ച് അവർ നമ്മെ തിരിച്ചു നടത്തുന്നു

0

നമ്മുടെ കേരളത്തിന്‌ ചില പ്രത്യേകതകളുണ്ട്. സാമൂഹ്യമായി ഇന്ത്യയിൽ ഏറ്റവും പുറകിൽ കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പട്ടിക്കും പൂച്ചക്കും നടന്നുപോകാൻ അനുവാദമുണ്ടായിരുന്ന വഴികളിലൂടെ ജാതിയിൽ പിന്നോക്കമായിരുന്നതുകൊണ്ട് മാത്രം ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും വഴിനടക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്ന നാട്. സമുഹത്തിലെ 70% വരുന്ന പിന്നോക്ക ജാതിക്കാർക്കും വിദ്യഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചിരുന്നു ഇവിടെ. അവിടെ നിന്നാണ് സാമൂഹ്യ പരിഷ്കർത്താക്കളും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തിയ ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെ ഇന്നത്തെ അവസ്ഥയിലേക്ക് നാം എത്തിയത്.

ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന കാലമായപ്പഴേക്കും നിയമം വഴി തന്നെ അയിത്തവും ജാതീയതയും ഒരു പരിധിവരെ തടയപ്പെട്ടിരുന്നു. എന്നാൽ വിദ്യാലയത്തിൽ പോകാനുള്ള ജാതിപരമായ തടസ്സം ഇല്ലാതായെങ്കിലും സാംബത്തീക തടസ്സം നിലനിര്‍ത്തിയിരുന്നു. അതിനാൽത്തന്നെ പാവപ്പെട്ടവർക്ക് അങ്ങോട്ടെത്തിപ്പെടാനായിരുന്നില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി പിന്നെയും 10 കൊല്ലം കഴിഞ്ഞു കേരളത്തിൽ സഖാവ് ഇ. എം. എസിന്റെ ഗവർമെണ്ട്‌ വരേണ്ടിവന്നു ഈ നിലയ്ക്ക് മാറ്റം വരുത്താൻ.
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി ഭൂപരിഷ്കരണ നിയമവും സമഗ്ര വിദ്യാഭ്യാസ നിയമവും പാസ്സാക്കിയെടുത്തത് ഈ ഗവർമെണ്ടാണ്. 12-ആം ക്ലാസുവരെ എല്ലാവർക്കും പൂർണ സൗജന്യ വിദ്യാഭ്യാസം. അതിനു മുകളിലുള്ള ഉന്നത വിദ്യാഭ്യാസവും കേരളത്തിലെ ഏറ്റവും ദരിദ്രരായ മാതാപിതാക്കളുടെ മക്കൾക്കും എത്തിപിടിക്കാനാവുന്ന നിയമം. അങ്ങനെ കേരളത്തിലെ പാവപ്പെട്ടവരുടെയും പിന്നോക്ക സമുദായക്കാരുടെയും മക്കൾ മലവെള്ളപ്രവാഹം പോലെ വിദ്യാലയങ്ങളിലേക്ക് ഒഴുകിയെതാൻ തുടങ്ങി. നല്ലപോലെ പഠിച്ച അന്നത്തെ മലയാളിക്ക് കേരളം തികയാതെ വന്നു. അവർ രാജ്യമാകെ പരന്നൊഴുകി. പിന്നെയും പിന്നെയും പടിച്ചുയർന്ന മലയാളിക്ക് ഇന്ത്യ തികയാതെ വന്നു. അവർ ലോകമാകെ അലയടിച്ചു. അങ്ങനെ ലോകത്ത് മലയാളിയില്ലാത്ത നാടെയില്ല എന്ന അവസ്ഥ വന്നു.  മലയാളി കരുത്തനായി …ലോകമെങ്ങും സ്വീകാര്യനായി.

598

ആരോഗ്യ മേഖലയിലും നാം വമ്പിച്ച കുതിച്ചു ചാട്ടം നടത്തി. കേരളത്തിലെ ശരാശരി ആയുസ്സ് അമേരിക്കാരന്റെതിനെക്കാളും അഞ്ചു മാസം കൂടുതലായി. ലോകം അത്ഭുതത്തോടെ ഇത് വീക്ഷിച്ചു. ഈ മുന്നേറ്റങ്ങളെ കുറിച്ചു പഠിക്കാൻ വിദേശികൾ ഇവിടെ വന്നു. എന്നാൽ സമീപ കാലത്ത് നാം തിരിച്ചു നടത്തം ആരംഭിചിരിക്കയാണ്. അതിവേഗം വിദ്യഭ്യാസ-ആരോഗ്യ മേഖലകൾ സ്വകാര്യവൽക്കരിക്കപ്പെടുകയാണ്. ജനങ്ങൾക്ക് ആരോഗ്യവും വിദ്യാഭ്യാസവും നൽകാനുള്ള ബാധ്യതകളിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒഴിയുകയാണ്. മഹാഭൂരിപക്ഷം വരുന്ന ദരിദ്രരെ അവഗണിക്കുന്ന ഭരണകൂടങ്ങൾ, ‘പണമുളളവന്റെത് മാത്രമാണ് ഈ ലോകം..അതിജീവിക്കാൻ കെൽപ്പുള്ളവൻ മാത്രം നിലനിന്നാൽമതി’ എന്ന സാമ്രാജ്യത്ത്വ-തത്ത്വശാസ്ത്രത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്. അതിവിദഗ്ദമായി അന്യ വർഗ ആശയങ്ങൾ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ്. പോരാട്ടങ്ങളെ വിസ്മരിക്കാൻ പ്രേരിപ്പിക്കുകയാണ്. താൽക്കാലികമായ ഭൌതിക സുഖങ്ങളിലേക്ക് ആകർഷിക്കുകയാണ്.

കേരളം മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും പറുദീസയായി മാറ്റപ്പെടുന്നു. പ്രതിവർഷം 2500 കോടി രൂപക്ക് അരിവാങ്ങുന്ന കേരള വാസി 12000 കോടി രൂപക്ക് മദ്യം വാങ്ങികുടിക്കുന്നു. ജനസംഖ്യയുടെയും ഭൂവിസ്താരതിന്റെയും കാര്യത്തിൽ രാജ്യത്തിന്റെ 4% മാത്രമുള്ള കേരളം മദ്യ ഉപയോഗത്തിൽ ഇന്ത്യയുടെ 19% ആണ്. ഇതിന്റെ അനന്തരഫലമായി ഇന്ത്യയിൽ വിറ്റഴിക്കുന്ന അലോപ്പതി മരുന്നുകളുടെ 28% വാങ്ങികഴികുന്നവരും നാം തന്നെ. കൊടുമുടികളിൽ നിന്നും തള്ളിയിടപ്പെടുന്ന നാം നാശത്തിന്റെ അഗാധ ഗർത്തങ്ങളിലേക്കു നിലം പതിക്കുകയാണ്.

ഇക്കഴിഞ്ഞ ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട സർക്കാർ റിപ്പോർട്ടിൽ പ്രധാന മന്ത്രി പറഞ്ഞത് 124 കോടി ഇന്ത്യൻ ജനതയിലെ 94 കോടിയും പ്രതിദിനം 20 രൂപക്ക് താഴെ മാത്രം വരുമാനമുള്ള ദരിദ്രരാണ് എന്നാണ്. ഇക്കഴിഞ്ഞ പാർലമെന്റിന്റെ മറ്റൊരു സവിശേഷത, 545 അംഗങ്ങളിലെ 306 പേരും ദശ  കൊടീശ്വരന്മാരും ചിലർ ശത കൊടീശ്വരന്മാരും ആയിരുന്നു എന്നതുമാണ്‌. ദരിദ്ര ജനതയെ നയിക്കാൻ കോടീശ്വരപടയുടെ നേതൃത്ത്വം.

ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെ ഈ തിരിഞ്ഞോട്ടത്തെ പ്രതിരോധിചില്ലെങ്കിൽ ഭാവി തലമുറക്ക്‌ ജീവിക്കാനുള്ള ഇടം പോലും നഷ്ടപ്പെടും. മുറുകെ പിടിച്ചിരുന്ന മൂല്യങ്ങളൊക്കെ കൈവിട്ടു പൊയ്കൊണ്ടിരിക്കുന്ന നമുക്ക് ഇനി ഭൂമിയും ജലവും വായുവും നഷ്ടപ്പെടും. ഇവയെല്ലാം കൊത്തിപറിക്കാനുള്ള കഴുകന്മാർ കേരളത്തിൽ വട്ടമിട്ടു പറന്നുകൊണ്ടിരിക്കയാണ്. ആഗോള തലത്തിൽ മലയാളി ഉണരുകയും സമരോല്സുകരാകുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

>ബാബു എം പാലിശ്ശേരി

Share.

About Author

135q, 0.546s