Leaderboard Ad

സംഘപരിവാര്‍ പ്രത്യയശാസ്ത്രവും പ്രതിരോധമേഖലയുടെ അമേരിക്കാവല്‍ക്കരണവും

0

മോഡിസര്‍ക്കാര്‍ അതിന്റെ രാജ്യദ്രോഹകരമായ സാമ്രാജ്യത്വദാസ്യം രാജ്യത്തിന്റെ സമസ്ത മേഖലകളിലും വിദേശമൂലധന നിക്ഷേപത്തിന് അതിരുകളില്ലാത്ത അനുമതിനല്‍കാനുള്ള നടപടികളിലൂടെ പ്രകടിപ്പിക്കുകയാണ്. പ്രതിരോധരംഗത്തും മറ്റ് തന്ത്രപ്രധാന മേഖലകളിലും നൂറ് ശതമാനം വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കാനുള്ള തീരുമാനം സംഘപരിവാറിന്റെ രാജ്യദ്രോഹകരമായ ‘ദേശീയതാവാദ’ത്തിന്റെ കാപട്യത്തെയാണ് സ്വയം അനാവരണം ചെയ്യുന്നത്. പ്രതിരോധമേഖലയില്‍ നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം ഉയര്‍ത്തുവാന്‍ മോഡി സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനം ഹിന്ദുത്വശക്തികളുടെ തികഞ്ഞ അമേരിക്കന്‍ പക്ഷപാതിത്വത്തെയാണ് കാണിക്കുന്നത്. 2001-ല്‍ വാജ്‌പേയി സര്‍ക്കാരന്റെ കാലത്താരംഭിച്ച ഇന്തോ-യുഎസ് പ്രതിരോധ ധാരണകളുടെ പൂര്‍ത്തീകരണമാണ് മോഡിസര്‍ക്കാര്‍ ത്വരിതഗതിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. പെന്റഗണും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുമാണ് ഇന്ത്യയെ അമേരിക്കയുടെ ലോകാധിപത്യ ശ്രമങ്ങളുടെ തന്ത്രപരമായ പങ്കാളിയാക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. വാജ്‌പേയി സര്‍ക്കാര്‍ തുടക്കമിട്ടതും യു.പി.എ സര്‍ക്കാര്‍ 2005-ല്‍ അമേരിക്കയുമായി ധാരണയായതുമായ പ്രതിരോധ രംഗത്തെ സഹകരണത്തിനുള്ള കരാറിന്റെ സഫലീകരണമാണ് മോഡി ധൃതിവെച്ച് നിര്‍വ്വഹിക്കുന്നത്.

സംഘപരിവാര്‍ പ്രത്യയശാസ്ത്രവും

രാജ്യരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ 2001 മെയ് മാസത്തിലാണ് പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയില്‍ തുറന്നുകൊടുക്കുവാന്‍ വാജ്‌പേയി സര്‍ക്കാര്‍ തീരുമാനിച്ചത്. ഈയൊരു പശ്ചാത്തലത്തിലാണ് അമേരിക്കക്കും ഇന്ത്യക്കും പങ്കാളിത്തമുള്ള ഉന്നത സാങ്കേതികവിദ്യ സഹകരണഗ്രൂപ്പിനെ (യുഎസ്-ഇന്ത്യ ഹൈടെക്‌നോളജി ഗ്രൂപ്പ്) അടിസ്ഥാനമാക്കിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കൃതമാകുന്നത്. സംയുക്ത സൈനിക ഗവേഷണ-പരിശീലനപരിപാടികള്‍ നടപ്പാക്കാനും പൊതുമേഖലയും സ്വകാര്യമേഖലയും ഉള്‍പ്പെട്ട പങ്കാളിത്ത സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ശാസ്ത്രസാങ്കേതിക ചട്ടക്കൂട് കരാര്‍ ഇതനായി രൂപപ്പെടുത്തി. സിവില്‍ ബാഹ്യാകാശ സഹകരണത്തിനുവേണ്ടിയുള്ള ഇന്തോ-യുഎസ് വര്‍ക്കിങ്ങ് ഗ്രൂപ്പിനും രൂപം നല്‍കി. ബഹികാരാകാശ പര്യവേഷണം, ഉപഗ്രഹ വിക്ഷേപണപ്രവര്‍ത്തനങ്ങള്‍, ബഹിരാകാശ വാണിജ്യമണ്ഡലം തുടങ്ങിയ രംഗങ്ങളില്‍ അടുത്ത സഖ്യവും സഹകരണവും ഉറപ്പുവരുത്തുന്ന നിരവധി സംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

ഇത് 1992-ല്‍ അമേരിക്കന്‍ ജനറല്‍ കിക്‌ലൈറ്റര്‍ മുന്നോട്ടുവെച്ച സംയുക്ത സൈനിക സഹകരണത്തിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളുടെ തുടര്‍ച്ചയായിരുന്നു. റാവു സര്‍ക്കാരിലെ പ്രതിരോധമന്ത്രി എസ്.ബി.ചവാനും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി വില്യംപെറിയും 1995-ല്‍ ഒപ്പുവെച്ച സംയുക്ത പ്രതിരോധക്കരാറിന്റെ അടുത്തഘട്ടം എന്ന നിലയിലാണ് 2001-ല്‍ അധികാരത്തില്‍ വന്ന എന്‍.ഡി.എ ഗവര്‍മെന്റ് അമേരിക്കയുമായുള്ള സൈനിക സഹകരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയത്. 2004-ല്‍ അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാര്‍ ഇന്തോ-അമേരിക്കന്‍ പ്രതിരോധ ചട്ടക്കൂട് കരാറിന് രൂപം കൊടുക്കുകയായിരുന്നു. 2000-ല്‍ അമേരിക്കന്‍ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി പീറ്റര്‍ ബ്രൂക്ക് അമേരിക്കന്‍ കോണ്‍ഗ്രസ്സിന് സമര്‍പിച്ച റിപോര്‍ട്ടില്‍ അമേരിക്കയുടെ ലോകാധിപത്യത്തിനുവേണ്ടിയുള്ള നീക്കങ്ങളില്‍ ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് എടുത്ത് പറയുന്നുണ്ട്. അമേരിക്കയും ഇസ്രയേലും ഇന്ത്യയും ചേര്‍ന്നുള്ള സൈനിക സഖ്യം ഇറാനും ചൈനയും ഉയര്‍ത്തുന്ന ഭീഷണികളെ നേരിടുന്നതിന് ഒഴിവാക്കാനാവത്തതാണെന്ന് പീറ്റര്‍ബ്രൂക്ക് കോണ്‍ഗ്രസ്സിനെ ഓര്‍മ്മിപ്പിക്കുന്നു. പെന്റഗണ്‍ തയ്യാറാക്കിയ ‘ഇന്തോ-അമേരിക്കന്‍ സൈനിക ബന്ധങ്ങള്‍- സാധ്യതകളും പ്രതീക്ഷകളും’ എന്ന പഠനം ഏഷ്യന്‍ നാറ്റോ രൂപീകരണമാണ് വിഭാവനം ചെയ്യുന്നത്.

ഇന്ത്യന്‍ സമുദ്രങ്ങളില്‍ സ്വാധീനം ഉറപ്പിച്ചുകൊണ്ട് തെക്കും കിഴക്കോട്ടുമുള്ള തങ്ങളുടെ സാമ്രാജ്യത്വ വ്യാപനത്തിന്റെ സുഗമമായ ഗതി ഉറപ്പുവരുത്താന്‍ 1950 മുതല്‍ അമേരിക്ക ശ്രമങ്ങളാരംഭിച്ചതാണ്. അക്കാലത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ഫോസ്റ്റര്‍ ഡള്ളസ് സൗത്ത് ഏഷ്യയിലെ തങ്ങളുടെ താല്പര്യ സംരക്ഷണത്തിന്, വിശിഷ്യാ ചൈനയും കമ്യൂണിസവും ഉയര്‍ത്തുന്ന ഭീഷണി നേരിടാനും, ഇറാനിലെ മുസാദിക്ക് സര്‍ക്കാരിനെ പ്രതിരോധിക്കാനും ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് എടുത്ത് പറയുന്നുണ്ട്. അന്നതിനായി മനിലാസഖ്യം രൂപീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇന്ത്യയുടെ ശക്തമായ ചേരിചേരാ സമീപനവും സ്വതന്ത്ര വിദേശനയവും അമേരിക്കയുടെ താവളമാക്കി ഇന്ത്യയെ മാറ്റാനുള്ള നീക്കങ്ങളെ തടസ്സപ്പെടുത്തി. ഇന്നിപ്പോള്‍ നവലിബറല്‍ നയങ്ങള്‍ക്ക് വഴങ്ങിക്കഴിഞ്ഞ കോണ്‍ഗ്രസ്സിന്റെയും വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെയും ഭരണകൂടങ്ങള്‍ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാക്കി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുകയാണ്. അത്യന്തം ഗുരതരമായ പ്രത്യാഘാതങ്ങളാണ് ഈ നീക്കങ്ങള്‍ നമ്മുടെ രാജ്യരക്ഷക്ക് ഉണ്ടാക്കുവാന്‍ പോകുന്നത്.

സംഘപരിവാര്‍ പ്രത്യയശാസ്ത്രവും

എന്നും അമേരിക്കന്‍ താല്പര്യങ്ങളുടെ പരിചാരകന്മാരായ ആര്‍.എസ്.എസ്സ് നേതൃത്വം കൊടുക്കുന്ന മോഡിസര്‍ക്കാര്‍ പ്രതിരോധമേഖലയില്‍ 100% എഫ്.ഡി.ഐക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ വകുപ്പ് തയ്യാറാക്കിയ കരടുകുറിപ്പ് വിവിധ മന്ത്രിമാരുടെ കൂടിയാലോചനകള്‍ക്കായി വാണിജ്യവ്യവസായ മന്ത്രാലയം കൈമാറിയിരിക്കുകയാണ്. നവലിബറലല്‍ പാതയിലൂടെ രാജ്യത്തെ അമേരിക്കന്‍ താല്പര്യങ്ങളുടെ സാമന്തപ്രദേശമാക്കാനാണ് യു.പി.എസര്‍ക്കാരിനേക്കാള്‍ ത്വരിതഗതിയില്‍ മോഡിസര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിരോധമേഖലയുടെ അമേരിക്കാവല്‍ക്കരണം രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സൈനിക രംഗത്തെ അതിവേഗം ആഗോള കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്ക് അടിയറവെക്കുന്നതിലേക്കാണ് നയിക്കുക. രാഷ്ട്രീയ സൈനിക മേഖലയുടെ അമേരിക്കാവല്‍ക്കരണമാണ് ആര്‍.എസ്.എസിന്റെ ഹിന്ദുത്വത്തില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പ്രത്യയശാസ്ത്രം.

വി.ഡി.ചോപ്രയുടെ ‘പെന്റഗണ്‍ ഷാഡോ ഓണ്‍ ഇന്ത്യ’ എന്ന പുസ്തകം ആര്‍.എസ്.എസിന്റെ ചരിത്രപരമായ അമേരിക്കന്‍ ബാന്ധവത്തെയും രാജ്യദ്രോഹകരമായ അമേരിക്കന്‍ ദാസ്യത്തെയും അനാവരണം ചെയ്യുന്നതാണ്. വിയറ്റ്‌നാം യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന നാളുകളില്‍ വാജ്‌പേയി വഴി അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ലിണ്ടന്‍ ജോണ്‍സണ് ഗോള്‍വാള്‍ക്കര്‍ കൊടുത്തയച്ച ഒരുകത്ത് ചോപ്ര ഉദ്ധരിക്കുന്നുണ്ട്. ലോകത്തിന്റെ ധര്‍മ്മസാരഥ്യം അമേരിക്കയും ലിണ്ടണ്‍ ജോണ്‍സണുമാണെന്ന് കത്തിലൂടെ ഗോള്‍വാള്‍ക്കര്‍ പുകഴ്ത്തുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടെന്ന പോലെ ഇന്ന് ലോകജനതയുടെ ശത്രുവായ അമേരിക്കന്‍ സാമ്രാജ്യത്വത്തോട് ഒട്ടിനില്‍ക്കുന്ന പ്രത്യയശാസ്ത്രവിചാരമാണ് ആര്‍.എസ്.എസിന്റേത്. പ്രതിരോധമേഖലയില്‍ 100% വിദേശ നിക്ഷേപം അനുവദിക്കുമ്പോള്‍ അമേരിക്കന്‍-ഇസ്രയേല്‍ ബഹുരാഷ്ട്രകമ്പനികള്‍ ഇന്ത്യയുടെ ആയുധ വ്യവസായരംഗത്തെ സമ്പൂര്‍ണ്ണമായി വരുതിയിലാക്കും. രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന രാജ്യദ്രോഹകരമായ നടപടിയാണിത്. സങ്കുചിത ദേശീയവികാരങ്ങളെ കുത്തിയിളക്കി ഇന്ത്യയുടെ ബഹുസ്വരതക്കും മതനിരപേക്ഷതക്കും ഭീഷണി ഉയര്‍ത്തുന്ന സംഘപരിവാറിനെ നയിക്കുന്ന സാമ്രാജ്യത്വ പ്രത്യയശാസ്ത്രധാരണകളാണ് ഇത്തരം രാജ്യദ്രോഹനടപടികളിലേക്ക് അവരെ എത്തിച്ചിരിക്കുന്നത്.

സുദീര്‍ഘമായ കൊളോണിയല്‍ വിരുദ്ധസമരങ്ങളിലൂടെ ഇന്ത്യന്‍ ജനത നിര്‍മ്മിച്ചെടുത്ത ദേശീയതക്ക് വിപരീതമായ പാതയിലൂടെയാണ് ഹിന്ദുത്വശക്തികള്‍ എന്നും ചരിച്ചിട്ടുള്ളത്. ദേശീയതയെ സാമ്രാജ്യത്വ വിരുദ്ധതയുമായി ബന്ധിപ്പിച്ച് നിര്‍വ്വചിക്കുന്നതില്‍ എന്നും സംഘവിചാരകന്മാര്‍ എതിരായിരുന്നു. ഹെഡ്‌ഗേവാര്‍ മുതല്‍ മോഹന്‍ഭഗത് വരെയുള്ള സംഘതലവന്മാര്‍ ഇന്ത്യയുടെ ദേശീയരാഷ്ട്രരൂപീകരണത്തെ വികലപ്പെടുത്തുകയും ദേശീയതയെ തടസ്സപ്പെടുത്തുകയും ചെയ്ത സാമ്രാജ്യത്വ പ്രത്യയശാസ്ത്രത്തിന്റെ ആരാധകരും സ്തുതിപാഠകരുമായിരുന്നു. കോളണി രാജ്യങ്ങള്‍ക്ക് സാമ്രാജ്യത്വവിരുദ്ധമായല്ലാതെ ദേശീയ സ്വത്വത്തെ പ്രകാശിപ്പിക്കാനും സാക്ഷാത്കരിക്കാനും കഴിയില്ലെന്ന ജനാധിപത്യദേശാഭിമാന വീക്ഷണങ്ങളുടെ ശത്രുക്കളായിരുന്നു സംഘ ബുദ്ധിജീവികള്‍.

മുസ്ലീം വിരുദ്ധതയെ സാമ്രാജ്യത്വ വിരുദ്ധതക്ക് പകരം വെക്കുന്ന സംസ്‌കാര സംഘര്‍ഷത്തിന്റെ സങ്കുചിത വീക്ഷണങ്ങളാണ് ആര്‍.എസ്.എസിന്റെ ദേശീയതാസങ്കല്‍പ്പങ്ങളെ രൂപപ്പെടുത്തിയത്. ഗോള്‍വാള്‍ക്കറും ദീനദയാല്‍ഉപാധ്യയും സാമ്രാജ്യത്വ വിരുദ്ധതക്ക് പകരം ‘ഭാവാത്മക’വും ‘സംരചനാത്മക’വുമായ ദേശീയതയെക്കുറിച്ചുള്ള കസര്‍ത്തുകള്‍ നടത്തുകയാണ് ചെയ്തത്. ആര്‍ഷമഹിമയില്‍ ഊന്നുന്ന ആര്‍.എസ്.എസിന്റെ ദേശീയതക്ക് കൊളോണിയല്‍ പ്രത്യയശാസ്ത്ര ഉള്ളടക്കമാണുള്ളത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഓറിയന്റലിസ്റ്റുകളായ ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും രൂപപ്പെടുത്തിയ ഭൂതകാലത്തെക്കുറിച്ചുള്ള മിഥ്യാഭിമാനം വളര്‍ത്തുന്ന സാമ്രാജ്യത്വ പ്രത്യയശാസ്ത്രമാണ് സംഘപരിവാറിന്റെ സാംസ്‌കാരിക ദേശീയത.

ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രയോഗങ്ങള്‍ കൊളോണിയലിസത്തെ സാധൂകരിക്കാനും ശാശ്വതീകരിക്കാനുമുള്ള ദേശീയവഞ്ചനയുടേതായിരുന്നു. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്ര ഗ്രന്ഥമായ ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’ യില്‍ ഒരിടത്തും സാമ്രാജ്യത്വ വിരുദ്ധമായി ഒന്നും കണ്ടെത്താനാവില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിച്ച ദേശീയ അടിമത്വത്തെക്കുറച്ച് ഗോള്‍വാള്‍ക്കര്‍ പുലര്‍ത്തുന്ന മൗനം സംഘപരിവാറിന്റെ രാജ്യദ്രോഹകരമായ കൊളോണിയല്‍ദാസ്യത്തെ സ്വയം തുറന്നുകാട്ടുന്നതാണ്. ഇന്ത്യയുടെ ആഭ്യന്തരവിപത്തുകളായി ഗോള്‍വാള്‍ക്കര്‍ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയുമാണ് അവതരിപ്പിക്കുന്നത്. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരെ അദ്ദേഹം സാമന്യം വിപുലമായിതന്നെ എഴുതുന്നുമുണ്ട്.

കൊളോണിയല്‍ ശക്തികള്‍ക്ക് ഇന്ത്യയില്‍ മണ്ണൊരുക്കിയ ജീര്‍ണ്ണജാതി മേധാവിത്വത്തിനും ബ്രാഹ്മണ്യത്തിനുമൊപ്പമായിരുന്നു ആര്‍.എസ്.എസ്സ് എന്നും നിലകൊണ്ടത്. ബ്രാഹ്മണ്യ ആഭിമുഖ്യത്തെയും കൊളോണിയല്‍ ബാന്ധവത്തെയും ആന്തരവല്‍ക്കരിച്ച ആര്‍.എസ്.എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ദേശീയതയായി അവതരിപ്പിക്കാനുള്ള ഹീനവും കുത്സിതവുമായ രീതിശാസ്ത്രമാണ് വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ സ്വീകരിച്ചിട്ടുള്ളത്. ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ഒരുഘട്ടത്തിലും പങ്കെടുത്തില്ലാത്ത ആര്‍.എസ്.എസിന്റെ കൊളോണിയല്‍ ദാസ്യത്തെ മറച്ചുപിടിക്കാന്‍ വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ നടത്തുന്ന ചരിത്രവിരുദ്ധമായ ശ്രമങ്ങള്‍ക്ക് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. അദ്ദേഹമെഴുതുന്നു; ‘മാതൃഭൂമിയുടെ അഖണ്ഡതയും പവിത്രതയും സംരക്ഷിക്കുന്നതിന് സ്വന്തം ജീവരക്തം ചൊരിഞ്ഞതും അവരാണ് (ഹിന്ദുക്കള്‍). ഇതെല്ലാം ചെയ്തത് ഹിന്ദുക്കള്‍ മാത്രമാണെന്ന സത്യത്തിന് നമ്മുടെ ആയിരമായിരം വര്‍ഷങ്ങളുടെ ചരിത്രം വാചാലമായ സാക്ഷ്യം വഹിക്കുന്നു’.

ഇന്ത്യയില്‍ കൊളോണിയല്‍ ആധിപത്യത്തിന്റെ ചരിത്രം തുടങ്ങുന്നത് വാസ്‌കോഡിഗാമയുടെ വരവോടെയാണ്. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ചരിത്രം തുടങ്ങുന്നത് വാസ്‌കോഡിഗാമക്കെതിരായ കുഞ്ഞാലിമരക്കാരുടെ രണോത്സുകമായ പോരാട്ടങ്ങളിലൂടെയാണ്. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരായി പടനയിച്ച കുഞ്ഞാലിമരക്കാര്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയെങ്കില്‍ ഗോള്‍വാള്‍ക്കര്‍ കൊട്ടിഘോഷിക്കുന്ന ഹൈന്ദവ അഖണ്ഡതയുടെയും പവിത്രതയുടെയും പ്രതിനിധികളായിരുന്ന സാമൂതിരിയും കൊച്ചിതമ്പുരാനും തിരുവിതാംകൂര്‍ രാജാവും കൊളോണിയല്‍ ശക്തികളെ ഒളിഞ്ഞുംതെളിഞ്ഞും സഹായിച്ചവരാണ്. കേരളത്തിലെ ഹിന്ദുനാടുവാഴി സ്വരൂപങ്ങളാണ് കൊളോണിയല്‍ അധികാരികള്‍ക്ക് ചുവപ്പുപരവതാനി വിരിച്ചുകൊടുത്തത്. പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും ഒടുവില്‍ ബ്രിട്ടീഷുകാരും ഇന്ത്യയിലേക്ക് വന്നവഴി ഹിന്ദുനാടുവാഴികളുടെ കൊട്ടാരപാതകളായിരുന്നു. രാജ്യഭരണം ശ്രീപത്മനാഭനടിയറവെച്ച തിരുവിതാംകൂര്‍ രാജാക്കന്മാര്‍ തന്നെയാണ് ശ്രീപത്മനാഭനുമുകളില്‍ റസിഡന്റ് സായിപ്പിനെ വാഴിച്ചതെന്ന ചരിത്രസത്യം വിസ്മരിച്ചുകളയരുത്. കുഞ്ഞാലിമരക്കാരെപോലെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിവീണ പഴശ്ശിയെയും വേലുത്തമ്പിയെയും ഹിന്ദുരാജഭരണകൂടങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന ചരിത്രയാഥാര്‍ത്ഥ്യങ്ങളെ സംഘവിചാരകന്മാര്‍ക്ക് അത്രയെളുപ്പം കുഴിച്ചുമൂടാവുന്നതുമല്ല. ഹിന്ദുവായ വേലുത്തമ്പിയുടെ പേരുപോലും ശ്രീപത്മനാഭദാസന്മാര്‍ക്ക് പേടിസ്വപ്നമായിമാറി എന്നതും ചരിത്രമാണല്ലോ.

സംഘപരിവാറിന്റെ പ്രത്യയശാസ്ത്രവും പ്രയോഗപദ്ധതികളും എന്നും സാമ്രാജ്യത്വതാല്പര്യങ്ങളെയാണ് പ്രതിനിധീകരിച്ചതും സേവിച്ചതും അതെന്നും ദേശദ്രോഹപരമായ വര്‍ഗപക്ഷപാതിത്വങ്ങള്‍ സൂക്ഷിച്ച കൊളോണിയല്‍ ഉല്‍പ്പന്നമായിരുന്നു. ആര്‍.എസ്.എസിന്റെ കൊളോണിയല്‍ ബാന്ധവ മാണ് മുസ്ലീമിനോടുള്ളതിനേക്കാള്‍ ശത്രുത കമ്യൂണിസത്തോടും സ്ഥിതിസമത്വാശയങ്ങളോടുമുള്ളതാക്കി തീര്‍ത്തത്. മുസ്ലീമിനെയും ക്രിസ്ത്യാനിയെയും പ്രതിയോഗികളാക്കി ഹിന്ദുത്വസ്വത്വത്തെ ആക്രമണോത്സുകമായി വളര്‍ത്തിയെടുക്കുകയാണ് ആര്‍.എസ്.എസ്സ് ചെയ്യുന്നത്. അതാണ് അവരുടെ ഭാവാത്മകവും സംരചനാത്മകവുമായ ദേശീയത.

ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ ചൈന വിരുദ്ധ പ്രചാരണവും സങ്കുചിത ദേശീയതാവാദം വളര്‍ത്തിയെടുക്കാനായി ആര്‍.എസ്.എസ്സ് സമര്‍ത്ഥമായി ഉപയോഗിക്കുന്നു. നെഹ്‌റുവിയന്‍ വികസനവീക്ഷണങ്ങളെയും സോഷ്യലിസത്തെയും എത്ര അസഹിഷ്ണുതയോടെയാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ അധിക്ഷേപിച്ചിട്ടുള്ളത്. അദ്ദേഹം എഴുതുന്നു; ‘സോഷ്യലിസത്തിന് മറപിടിച്ചുകൊണ്ട് വാസ്തവത്തില്‍ നടക്കുന്നത് എന്താണ്? ഇവിടെ നടക്കുന്ന നടപടികളെല്ലാം തന്നെ ചൈനയില്‍ സംഭവിച്ചതിന്റെ കാര്‍ബണ്‍ പതിപ്പ് മാത്രമായാണ് നാം കണ്ടുവരുന്നത്… ചൈനയിലെ ഇന്നത്തെ കമ്യൂണിസ്റ്റ് ഗവര്‍മെന്റ് ആദ്യം അധികാരത്തില്‍ വന്നപ്പോള്‍ തങ്ങളുടെ പരമാധികാരത്തിന് നേരെ യാതൊരു വെല്ലുവിളിയും വേണമെന്നാഗ്രഹിച്ചില്ല. അതിനാലവര്‍ പഴയ പ്രഭുക്കന്മാരെയും നാടുവാഴികളെയും വ്യവസായികളെയുമെല്ലാം തുടച്ചുനീക്കി. ഇവിടെയും ജന്മിമാരെ ഇല്ലാതാക്കി ഇപ്പോള്‍ 17-ാം ഭേദഗതിമൂലം അര ഏക്കര്‍ ഭൂമിമാത്രമുള്ള ചെറിയ കര്‍ഷകനെ പോലും എസ്റ്റേറ്റ് ഉടമകളാക്കി കണക്കാക്കി അവന്റെ സ്വത്ത് ഫലത്തില്‍ കണ്ടുകെട്ടാനുള്ള അധികാരം ഗവര്‍മെന്റിനുണ്ടായിരിക്കും. സഹകരണകൃഷി, കൂട്ടുകൃഷി, ബാങ്ക് ദേശസാല്‍ക്കരണം, വ്യവസായ ദേശസാല്‍ക്കരണം തുടങ്ങിയ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളെല്ലാം അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നു…’ സാമ്രാജ്യത്വ മുലധന താല്പര്യങ്ങളും ഭൂപ്രഭുവര്‍ഗപക്ഷപാതിത്വവുമാണ് ഗോള്‍വാള്‍ക്കറുടെ വിചാരങ്ങളെ നിര്‍ണ്ണയിച്ചത്. എന്നും ആഗോളമൂലധന വ്യവസ്ഥയുടെ ചോറ്റുപട്ടാളത്തില്‍ ആളെക്കൂട്ടുക എന്നതിനപ്പുറത്ത് സംഘപരിവാറിന് ഒരുദേശീയതാല്പര്യവും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. കൊളോണിയല്‍ ഭക്തിയും വര്‍ഗതാല്പര്യങ്ങളുമാണ് ബ്രിട്ടനെതിരെ സംഘത്തെ നിശ്ശബ്ദമാക്കിയത്. ഇന്നിപ്പോള്‍ അതിനെ നയിക്കുന്നത് അമേരിക്കന്‍ പക്ഷപാതിത്വവും വിധേയത്വവുമാണ്.

സംഘപ്രചാരകനായ മോഡി അതിവേഗം ഇന്ത്യയെ അമേരിക്കന്‍ മൂലധന താല്പര്യങ്ങളുടെ സാമന്തപ്രദേശമാക്കാനാണ് ഭരണനടപടികളിലൂടെ ശ്രമിക്കുന്നത്. രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും അധമവും സര്‍വ്വതലസ്പര്‍ശിയുമായ ദേശീയ അടിമത്വത്തിലേക്കാണ് പതിക്കുന്നത്. വിദ്വേഷ പ്രചരണവും വര്‍ഗീയതയും ഉപയോഗിച്ച് പ്രതിസന്ധിയിലായ ലോകഫൈനാന്‍സ് മൂലധന ശക്തികളുടെയും അതിന്റെ ഇന്ത്യന്‍ അനുബന്ധങ്ങളുടെയും അതിജീവനമാണ് കടുത്ത സാമ്രാജ്യത്വ അനുകൂല പരിഷ്‌കാരങ്ങളിലൂടെയും നയപരിപാടികളിലൂടെയും മോഡി സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നത്.

കെ.ടി.കുഞ്ഞിക്കണ്ണന്‍

Share.

About Author

135q, 0.979s