Leaderboard Ad

സഞ്ചാരികളുടെ സ്വന്തം ഡല്‍ഹി

0

    ത്രയൊക്കെ യാത്ര പറഞ്ഞ് മടങ്ങിയാലും പിന്നെയും തിരിച്ചു വിളിച്ചു കൊണ്ടേയിരിക്കും ഈ മഹാനഗരം. കാഴ്ചകളുടെ ഒരു മഹാസാഗരം തന്നെയാണ് ഡല്‍ഹി എന്ന് പേരുണ്ടായിരുന്ന ദില്ലി നഗരം. തലസ്ഥാനമെന്ന പെരുമക്ക് അക്ഷരാര്‍ത്ഥത്തില്‍ തിലകം ചാര്‍ത്തുന്ന കാഴ്ചകള്‍ നിങ്ങള്‍ക്കായി കരുതി വച്ചിട്ടുണ്ട് ഏഴു നഗരങ്ങളുടെയും ആയിരം സ്മാരകങ്ങളുടെയും ഈ നഗരം.1003157_4429742080782_151981540_n
    ക്രിസ്തുവിനും മുന്നേയുള്ള ചരിത്രം പറയാനുണ്ട് ദില്ലിക്ക്, മൗര്യരാജവംശത്തിന്‍റെ തിരുശേഷിപ്പുകള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പതിനൊന്നു ചക്രവര്‍ത്തിമാരുടെ ശവകുടീരങ്ങള്‍ ഉണ്ട് ദില്ലിയില്‍ . ക്രിസ്തുവര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ സമൃദ്ധിപ്രാപിച്ചിരുന്നു ദില്ലിയിലെ ആദ്യനഗരമായ ഇന്ദ്രപ്രസ്ഥം. തുടര്‍ന്ന് നിരവധി രാജവംശങ്ങള്‍ ദില്ലിയുടെ അധികാരം കൈയ്യാളി, രജപുത്രരും ചൗഹാന്‍മാരും മുഹമ്മദ്‌ ഘോറിയുടെ സേനാനായകന്‍ ആയിരുന്ന കുതബ്ദീന്‍ ഐബക്കിന്‍റെ അടിമരാജവംശവും, ഖില്‍ജിരാജവംശവും, തുഗ്ലക്ക് രാജവംശവും, സയ്യിദ് രാജവംശവും, ലോധി രാജവംശവും പിന്നെ മുഗള്‍ രാജവംശവും ഈ പൗരാണിക നഗരത്തില്‍ അധികാര കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. നാദിര്‍ഷായുടെ ആക്രമണത്തോടെ പെരുമ നഷ്ടപ്പെട്ട നഗരം, പത്തൊന്‍പതാം നൂറ്റാണ്ടില്‍, 1911-ല്‍])] ബ്രിട്ടീഷുകാര്‍ ഭരണസിരാ കേന്ദ്രം കൊല്‍കത്തയില്‍ നിന്നും ദില്ലിയിലേക്ക് മാറ്റിയതോടെ വീണ്ടും രാഷ്ട്രീയപ്രാധാന്യം കൈവരിച്ചു.

     ദില്ലിയുടെ പ്രധാന ആകര്‍ഷണമാണ് ചെങ്കോട്ട (റെഡ്ഫോര്‍ട്ട്‌)/, ലാല്‍കില), ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പ്രധാനമന്ത്രി പതാകഉയര്‍ത്തുന്നത് ഇവിടെയാണ്‌..,. 2 കിലോമീറ്റര്‍ ചുറ്റളവുള്ള ഈ കോട്ടനിര്‍മ്മിച്ചത്‌ മുഗള്‍ രാജാവായ ഷാജഹാന്‍ ആണ്.ലാഹോറി ഗേറ്റ്, ഛത്ത ചൗക്ക്, നോബത്ഖാന, ദിവാൻ-ഇ ആം,  നഹർ-ഇ ബിഹിഷ്ട്, ഷാ ബുർജ്, ഹീര മഹൽ, ഹമ്മം, മോത്തി മസ്ജിദ്, ദിവാൻ-ഇ ഖാസ്, ഖാസ് മഹൽ, രംഗ് മഹൽ, മുംതാസ് മഹൽ, ഹയാത് ബക്ഷ് പൂന്തോട്ടം, ബ്രിട്ടീഷ് ബാരക്കുകൾ ഇതൊക്കെയാണ് ചെങ്കോട്ടയുടെ ഉള്ളിലെ കാഴ്ചകള്‍. ചെങ്കോട്ടയില്‍ നിന്നും പുറത്തിറങ്ങിയാല്‍, ഇന്ത്യയിലെ പൗരാണികവും തിരക്കുള്ളതുമായ വ്യാപാരകേന്ദ്രമായ ചാന്ദിനി ചൌക്കിലേക്ക് പോകാം. ഇതിന്‍റെ ആദ്യപേര് ഉര്‍ദുബസാര്‍ എന്നായിരുന്നു. ചെങ്കോട്ട മുതല്‍ ഫത്തേപ്പൂര്‍ മസ്ജിദ് വരെ നീണ്ടു കിടക്കുന്ന ഒരു തെരുവാണ് ഇത്. 64131_4429734360589_499490688_nഇന്ത്യയുടെ തനതായ മധുരപലഹാരങ്ങളും വസ്ത്രങ്ങളുമാണ് ഇവിടത്തെ കൊച്ചു കൊച്ചു കടകളുടെ പ്രധാന വ്യാപാരം. ചാന്ദിനിചൗക്കിലാണ്  ഇന്ത്യയിലെ പുരാതനമായ ആരാധനാലയങ്ങളില്‍ ഒന്നായ ഡല്‍ഹി ജുമാ മസ്ജിദ് ഉള്ളത്. ഷാജഹാന്‍ ആണ് ചരിത്രപ്രസിദ്ധമായ ഈ ആരാധനാലയം നിര്‍മ്മിച്ചത്‌.. ദില്ലിയിലെ അഞ്ചാമത്തെ നഗരമായ ഫിറോസ്‌ ഷാ കോട്ട്ലയും ഉള്ളത് ഇതിനു അടുത്തായി തന്നെയാണ് . ഫിറോസ്‌ ഷാ തുഗ്ലക്ക് ആണ് ഈ നഗരം നിര്‍മ്മിച്ചത്‌…. ബ്രിട്ടീഷ് ഭരണകാലത്ത് നിരവധി കലാ-സംഗീത-നൃത്ത പരിപാടികള്‍ അരങ്ങേറിയിരുന്നത്‌ ഇവിടെയായിരുന്നു.

     മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ട്‌ ലേക്ക് ഇവിടെ നിന്നും പ്രവേശനകവാടമുണ്ട്. ഗാന്ധി സ്മൃതി മണ്ഡപവും ഗാന്ധി മ്യൂസിയവുമുണ്ട് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍… ന്യൂഡല്‍ഹിയുടെ നിര്‍മാണത്തിന് വേണ്ടി പഴയ നഗരത്തിന്‍റെ ഏറിയ പങ്കും പൊളിച്ചു കളഞ്ഞിരുന്നു, പുതിയ നഗരം രൂപകല്‍പന ചെയ്തത്   ബ്രിട്ടീഷ് വാസ്തുശിൽപ്പിയായ ഏഡ്വിൻ ല്യൂട്ടേൻസ് ആണ്.RajGhat ന്യൂഡല്‍ഹിയിലെ പ്രധാന ആകര്‍ഷണകേന്ദ്രമാണ് രാഷ്ട്രപതി ഭവന്‍.ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഈ ഔദ്യോഗിക ഭവനം സ്ഥിതി ചെയ്യുന്നത് റെയ്സിന കുന്നുകളില്‍ ആണ്. ബ്രിട്ടീഷ് ഭരണകാലത്ത്  വൈസ്രോയിയുടെ കൊട്ടാരം ആയിരുന്നു ഇത്. ലോകരാഷ്ട്രതലവന്മാരുടെ വസതികളില്‍ ഏറ്റവും വലുതും ഇതാണ്. ദില്ലിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് സന്‍സദ്‌ ഭവന്‍ (പാര്‍ളിമെന്‍റ്മന്ദിരം). ന്യൂഡല്‍ഹിയിലെ പ്രധാന പാതയായ സന്‍സദ്‌ മാര്‍ഗ്ഗിലാണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്.  പ്രശസ്ത വാസ്തുശിൽപികളായ സർ എഡ്വിൻ‌ ല്യുട്ടെൻസ്, സർ‌ ഹെബേർട്ട് ബേക്കർഎന്നിവർ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാർലമെന്റ് ഭവനം. 1927 ല്‍ ആണ് ഇതിന്‍റെ പണികള്‍ തീര്‍ന്നത്, മന്ദിരത്തിനു ചുറ്റുമായി 144 വലിയ തൂണുകളും 12 കവാടങ്ങളും ഉണ്ട്, ഇതില്‍ പ്രധാന കവാടം സന്‍സദ്‌ മാര്‍ഗ്ഗിലേക്കാണ് തുറക്കുന്നത്. ലോകസഭയും രാജ്യസഭയും ഇതിനകത്താണ് ഉള്ളത്, രാജ്യത്തിന്‍റെ അധികാരകൈമാറ്റമടക്കം നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ക്ക് നടന്ന സെന്‍ട്രല്‍ ഹാളും ഇതിനകത്താണ്. ന്യൂഡല്‍ഹിയിലെ മറ്റൊരു പ്രധാനആകര്‍ഷണമാണ് ജന്തര്‍ മന്ദര്‍, 13 ജ്യോതിഷ ഉപകരണങ്ങളുടെ മാതൃകകള്‍ ആണ്  ഇവിടെക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 1724ല്‍ ഇത് പണികഴിപ്പിച്ചത് ജയ്പൂരിലെ രാജാവായിരുന്ന മഹാരാജ ജെയ് സിങ് രണ്ടാമനായിരുന്നു.ദില്ലിയിലെ സമരങ്ങളുടെ സിരാകേന്ദ്രംകൂടിയാണ് ജന്തര്‍ മന്ദര്‍.. ഡല്‍ഹിയിലെ ഒരു പ്രധാനപാതയാണ് രാജ്‌പഥ്. പേര് സൂചിപ്പിക്കുന്നത്സെ പോലെ തന്നെ തലസ്ഥാനനഗരിയുടെ രാജകീയ പാതതന്നെയാണ് സെക്രെട്ടെറിയെറ്റ് മന്ദിരത്തിനു ഇടയിലൂടെ രാഷ്ട്രപതി ഭവന്റെ മുമ്പിൽ നിന്ന് തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യ ഗേറ്റ് വഴി നാഷണൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്ന രാജ്‌പഥ്.

 നഗരത്തിലെ പ്രധാന ആരാധനാലയമാണ് ബിര്‍ള മന്ദിര്‍ എന്നറിയപ്പെടുന്ന ലക്ഷ്മി നാരായണ മന്ദിര്‍..,. വിഷ്ണുവാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ, വേറെയും പ്രതിഷ്ടകള്‍ ഇവിടെയുണ്ട്. ചെറിയ ഉദ്യാനങ്ങളും വെള്ളചാട്ടങ്ങളും ഇതിനകത്തുണ്ട്. 1622 വീർ സിംഗ് ദേവ് ആണ് ഇത് നിര്‍മ്മിച്ചത്‌, പിന്നീട് 1793 ൽ പൃഥ്വി സിംഗ് നവീകരിച്ചു. 1938 നു ശേഷം ഈ അമ്പലം നടത്തിപ്പിന്റെ ചെലവുകളും മറ്റും ബിർള കുടുംബത്തിൽ നിന്നാണ്.ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളില്‍ ഒന്നായ ഇന്ത്യ ഗേറ്റ്.256920_4395372261558_1683440727_o ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും മരിച്ചവരുടെ സ്മാരകമാണ്. നിരവധി സഞ്ചാരികള്‍ വന്നു പോകുന്നു ഇവിടെ. സ്വാതന്ത്ര്യത്തിനു ശേഷം അമര്‍ ജവാന്‍ ജ്യോതി എന്ന പേരില്‍  ഇന്ത്യന്‍ സേനയുടെ യുദ്ധസ്മാരകം ഇതിനുള്ളില്‍ സ്ഥാപിച്ചു. രാജ്പഥിലാണ് ഇന്ത്യ ഗേറ്റ് സ്ഥിതി ചെയ്യുന്നത്.എഡ്വിന്‍ ല്യൂട്ടന്‍സ് ആണ് ഇതിന്‍റെ ശില്പി, ആദ്യനാമം All India War Memmorial എന്നായിരുന്നു. യുദ്ധത്തില്‍ മരിച്ച സൈനികരുടെ പേര് ഇതില്‍ കൊത്തിവച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നായ ദില്ലിയിലെഅക്ഷര്‍ധാം ക്ഷേത്രം. ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ താല്‍പര്യപ്രകാരമാണ് ഈ ക്ഷേത്രം പണിതത്. പിങ്ക് നിറത്തിലുള്ള മണല്‍ക്കല്ലും മാര്‍ബിളും ചേര്‍ത്താണ് ക്ഷേത്രം പണിതിരിക്കുന്നത്. 2005 ല്‍ ആണ് ഇത് ടൂറിസത്തിനായി പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. ഇന്ത്യയുടെ സംസ്‌കാരവും വാസ്തുവിദ്യയും ആത്മീയയും എല്ലാം ഒന്നുപോലെ മേളിയ്ക്കുന്ന ആരാധനാലയമാണിത്. ദില്ലിയിലെ പ്രധാന വ്യാവസായിക കേന്ദ്രമായ കൊണാട്ട് പ്ലെയ്സ്, നിരവധി സ്ഥാപനങ്ങളുടെ പ്രധാന ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.രാജീവ് ചൌക്കെന്നും ഇവിടം അറിയപ്പെടും. ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ഓഫീസ് സ്പെയ്സുകളില്‍ മൂന്നാം സ്ഥാനമാണ് കൊണാട്ട് പ്ലെയ്സിനുള്ളത്. വലിയ കെട്ടിടങ്ങളും ഷോപ്പിംഗ്‌ മാളുകളും നിറഞ്ഞ സമ്പന്നതയുടെ പെരുമ വിളിച്ചോതുന്ന വീഥി. ഷോപ്പിങ്ങിന്‍റെ വ്യത്യസ്തമായ ഒരു അനുഭവം പകര്‍ന്നു തന്നു ഭൂനിരപ്പിന് താഴേക്കു പണിതീര്‍ത്ത വ്യാപാര കേന്ദ്രമായ പാലികാ ബസാര്‍..,വസ്ത്രങ്ങളുടെയും ലെതര്‍ ഉല്‍പ്പന്നങ്ങളുടെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും ഒരു വലിയ ലോകം തന്നെയാണ് ഇവിടം.  

       ഇന്ത്യയുടെ ചരിത്രത്തിലേക്ക് വഴിതുറക്കുന്ന നിരവധി മ്യൂസിയങ്ങളുമുണ്ട് ദില്ലിയില്‍,. നാഷണല്‍ മ്യൂസിയം, നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്‌, നെഹ്രു മ്യൂസിയം, റെയില്‍ ട്രാന്‍സ്പോര്‍ട്ട് മ്യൂസിയം, ടിബറ്റ്‌ ഹൌസ്, ഇന്റര്‍നാഷണല്‍ ഡോള്‍  മ്യൂസിയം, ക്രാഫ്റ്റ് മ്യൂസിയം, ഗാന്ധി ദര്‍ശന്‍, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മ്യൂസിയം, ഇവയൊക്കെയാണ് ദില്ലിയിലെ പ്രധാന മ്യൂസിയങ്ങള്‍… ഞങ്ങളുടെ അടുത്ത ലക്ഷ്യം നിസാമുദ്ദീന്‍ ദര്‍ഗ്ഗയാണ്. സൂഫിവര്യനായ നിസാമുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗ്ഗ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഇപ്പോള്‍ നിസാമുദ്ദീന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്, മധുര റോഡില്‍ ഹുമയൂണ്‍ ടോംബിനു അടുത്തായി ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ദിവസവും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടെ വന്നു പോകുന്നു. ദില്ലിയിലെ ഒരു പ്രധാന റെയില്‍വേസ്റ്റേഷനും ഇവിടെയാണ്‌… മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിന്‍റെ ശവകുടീരമാണ് ഹുമയൂണ്‍ ടോംബ്. നിസാമുദ്ദീനില്‍ ആണ് ഇതും സ്ഥിതി ചെയ്യുന്നത്, മറ്റു പലരുടെയും ശവകുടീരം ഇതിനടുത്തയുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള ശവകുടീരത്തിന്റെ ഇത്തരത്തിലുള്ള വാസ്തുശില്പ്പരീതി ഇന്ത്യയിൽ ആദ്യത്തേതാണ്, ഇന്ത്യന്‍– പേര്‍ഷ്യന്‍ വാസ്തുശില്പരീതിയുടെ സങ്കലനമാണ് 1570 കാലഘട്ടത്തില്‍ പണിത ഈ മന്ദിരം. ഹുമയൂണിന്‍റെ മരണശേഷം അദ്ദേഹത്തിന്റെ വിധവയായിരുന്ന ഹമീദ ബാനു ബേഗമാണ് ശവകുടീരത്തിന്റെ നിർമ്മാണത്തിന് ഉത്തരവിട്ടത്.

     നഗരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രം ലോകത്തിലെ ഏറ്റവും അധികം ഉയരമേറിയ മിനാരമായ, ഖുതബ് മീനാര്‍ ആണ്. 1003325_4429852763549_367567159_nഖുതബ്ദ്ദീന്‍ ഐബക്ക് ആണ് 1199-ല്‍ ഇത് നിര്‍മ്മിച്ചത്‌.. അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് പലപ്പോഴായി ഇതിന്‍റെ കേടുപാടുകള്‍ തീര്‍ത്തിട്ടുണ്ട്. ഇന്‍ഡോ-ഇസ്ലാമിക് വാസ്തുശില്പരീതിയിലാണ് ഇതിന്‍റെ നിര്‍മാണം.യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.  പിന്നീട് ഞങ്ങള്‍ പോയത് പുരാനാ കിലാ ( Old Fort ) യിലെക്കാണ്. 1540ല്‍ ഷേര്‍ഷായാണ് ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുന്നത്.മൂന്ന് കവാടങ്ങളും ഉയരത്തിലുള്ള ഭിത്തിയുമുള്ള ഗോപുരസമാനമായ പുരാന കില എന്ന പ്രാചീനഭംഗികളുള്ള ഈ പള്ളി ഇന്നും സുരക്ഷിതമായി നിലനിര്‍ത്തപ്പെട്ടിരിക്കുന്നു. ഒരു ഗ്രന്ഥശാലയും പുരാവസ്തു മ്യൂസിയവും ഈ പള്ളിയിലുണ്ട്.  ദില്ലിയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ്, ലോദി രാജകുടുംബാംഗങ്ങളുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന ലോദി ഗാര്‍ഡന്‍.. പിന്നെ ഞങ്ങള്‍ പോയത് മുഗൾ രാജാവായിരുന്ന മുഹമ്മദ് ഷായുടെ പ്രധാനമന്ത്രി ആയിരുന്ന സഫ്ദർജംഗിന്‍റെ സ്മരണാര്‍ത്ഥം പണിഞ്ഞാ ശവകുടീരമായ സഫ്ദര്‍ജംഗ് ടോംബ് കാണാനാണ് . ഇതിന്‍റെ നാലു വശത്തും ചെറിയ കനാലുകളുണ്ട്. 1754ല്‍ മുഗള്‍ വാസ്തുവിദ്യയില്‍ ആണ് ഇത് പണിഞ്ഞിരിക്കുന്നത്. ഞങ്ങളുടെ അടുത്ത ലക്ഷ്യം ബഹായി മന്ദിരം (ലോട്ടസ് ടെമ്പിള്‍),) ആയിരുന്നു. ദില്ലിയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന ഇടമാണ് ഇവിടം, ബഹായി മതക്കാരുടെ ഏറ്റവും വലിയ ആരാധനാലയവും ആണിത്. താമരപൂവിന്‍റെ ആകൃതിയില്‍ പണിതീര്‍ക്കപ്പെട്ട ഈ കെട്ടിടം ഒന്‍പതു കുളങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടത്തെ വലിയ പ്രാര്‍ത്ഥനാ ഹാള്‍ ഒരു നല്ല അനുഭവം ആയിരുന്നു, ഹാളില്‍ കയറി ഇരുന്നത് മുതല്‍ അവിടത്തെ വോളണ്ടിയര്‍മാര്‍ പറഞ്ഞിരുന്നത് നിശബ്ദമായി ഇരിക്കാന്‍ ആയിരുന്നു. നിശബ്ദത നല്‍കുന്ന അനുഭൂതി തിരിച്ചറിഞ്ഞത് അപ്പോഴാണ്‌..

     ഇനിയും ഒരുപാടു കാഴ്ചകള്‍ ബാക്കി തല്‍കാലം ദില്ലിയോടു വിടപറയുന്നു. വര്‍ണ്ണകാഴചകളുമായി ഈ നഗരം പിന്നെയും സഞ്ചാരികളെയും കാത്തിരിക്കുന്നു, ട്രെയിനുകളില്‍ വന്നിറങ്ങുന്ന മനുഷ്യര്‍ രാജവീഥികളിലെ തിരക്കുകളിലേക്ക് ഊളിയിട്ടു പോകുന്നു. റിക്ഷാക്കാര്‍ സഞ്ചാരികളെയും കാത്ത് പ്രതീക്ഷയോടെ നില്‍ക്കുന്നു, തട്ടുകടകള്‍ എപ്പോഴും ആളുകളെകൊണ്ട് നിറഞ്ഞിരിക്കുന്നു.പൌരാണികതയുടെ പ്രൌഡിയും ആധുനികതയുടെ വശ്യതയും പിന്നെ അധികാരതിന്‍റെ സങ്കീര്‍ണ്ണതകളും നിറഞ്ഞ ഈ നഗരത്തെ ഒരിക്കലെങ്കിലും അറിയാതെ അനുഭവിക്കാതെ  പോകരുത്.

Share.

About Author

134q, 0.713s