Leaderboard Ad

സദാചാര ഭീകരതയും ചുംബന സമരവും

0

കഴിഞ്ഞ  കുറെ  ദിവസങ്ങൾ ആയി മാധ്യമങ്ങൾ വലിയ രീതിയിൽ പ്രചരണം നൽകികൊണ്ടിരിക്കുന്ന ഒരു വിഷയം ആണ് ” ചുംബന സമരം “. കോഴിക്കോട് നഗരത്തിലെ “ഡൌണ്‍ ടൌണ്‍ കഫെ” യിൽ യുവമോർച്ച നടത്തിയ അക്രമങ്ങളുടെ പ്രതിഷേധം എന്ന നിലയിൽ ഒരു ചെറിയ ആൾക്കൂട്ടം എറണാകുളം മറൈൻ ഡ്രൈവിൽ ഒത്തു ചേരുകയും പരസ്പരം ഉമ്മ വച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയെന്നോണം ആണ് കോഴിക്കോട് മോഫ്യൂസിൽ ബസ്‌സ്റ്റാന്റ് പരിസരത്ത് വച്ച് ഈ കഴിഞ്ഞ ദിവസം ചുംബന സമരം നടന്നത്. ഈ രണ്ടു സമരവും അരാഷ്ട്രീയമായ ആൾക്കൂട്ടത്തിന്റെ സമരം ആയിരുന്നു എങ്കിലും തീർത്തും ജനാധിപത്യപരമായ മാർഗ്ഗത്തിലൂടെ  നിയമ സംവിധാനങ്ങൾ അനുവദിക്കുന്ന രീതിയിൽ തന്നെ സംഘടിപ്പിക്കപ്പെട്ടവയായിരുന്നു. എന്നാൽ ഈ സമരത്തിനോട് പ്രതിഷേധം ഉള്ള ഒരു സംഘം ആളുകൾ ഇതിനെ നേരിട്ടത് തീർത്തും ജനാധിപത്യ വിരുദ്ധമായ മാർഗ്ഗത്തിൽ ആണ്. സംഘപരിവാരവും എൻ.ഡി.എഫും ലീഗും ഒരേ മനസ്സോടെയാണ് സമരക്കാരെ  കായികമായി ആക്രമിച്ചത്.  ഇതേ സമയം ഈ അക്രമങ്ങളെ തടയുകയും ക്രമസമാധാനം പാലിക്കുകയും  ചെയ്യാൻ ചുമതയുള്ള പോലീസ് മതതീവ്രവാദ സംഘങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുകയും,  ഒരു പടികൂടി കടന്നു സമരക്കാരെ ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിയും ഉണ്ടായി. ഈ മത തീവ്രവാദികൾക്ക്   അഴിഞ്ഞാടാൻ അവസരം ഒരുക്കി കൊടുക്കുകയും അതെ സമയം ജനാധിപത്യ രീതിയിൽ സമരം ചെയ്തവർക്ക് എതിരെ കേസ് ചുമത്തുകയും ചെയ്യുന്ന അതിദാരുണമായ  ഭരണഭീകരതക്ക് കൂടി സാക്ഷിയാകേണ്ടിയും വന്നു പ്രബുദ്ധ കേരളം.

54608b146289b.image

 

ഈ ഒരു ഘട്ടത്തിൽ ആണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നത്. ആദ്യം മുതൽ തന്നെ ഡി.വൈ.എഫ്.ഐ പറഞ്ഞിരുന്നത് ജനാധിപത്യപരമായി സമരങ്ങൾ സംഘടിപ്പിക്കാൻ അവകാശം ഉള്ള നാടാണ് നമ്മുടേത്‌, ആ സമരങ്ങളോട് എതിർപ്പ് ഉള്ളവര്‍ അതിനെ കായികമായി നേരിടുന്നത് ഫാസിസ്റ്റ് സമീപനം ആണ്, അത്തരം സമീപനങ്ങളെ അനുവദിക്കാൻ സാധ്യമല്ല. എന്നാൽ സദാചാര പോലീസിംഗിനെ ചെറുത്തു തോൽപ്പിക്കാൻ ഉള്ള സമരങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിൽ എടുത്തു കൊണ്ടുള്ളതാവണം, ഒരു ചെറു ന്യൂനപക്ഷത്തിനു മാത്രം പങ്കെടുക്കാൻ സാധിക്കുന്ന സമരരീതികൾ  അഭികാമ്യം അല്ല. ഇങ്ങനെ തീര്‍ത്തും സുതാര്യവും, ക്രിയാത്മകവും ആയ ഒരു നിലപാട് തന്നെയാണ്  ആദ്യം ഘട്ടം മുതൽഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ സംഘടനകള്‍ ഈ വിഷയത്തിൽ സ്വീകരിച്ചു വന്നിട്ടുള്ളത്.

കോഴിക്കോട് നടന്ന രണ്ടാം ചുംബന സമരത്തിലും സമാനമായ സ്ഥിതി വിശേഷം തന്നെയാണ് ഉണ്ടായത്. സമരത്തെ ഒരു സംഘം മതതീവ്രവാദികൾ ആക്രമിക്കുകയും പോലീസ് സംഘം അക്രമകാരികളെ സഹായിക്കുകയും ചെയ്തു. കോഴിക്കോട് സമരത്തോടെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മറ്റൊരു തലത്തിലേക്ക് വളരുകയും ചർച്ചകളെ കൃത്യമായ ധാരണയോടെ വഴിതിരിച്ചു വിടാൻ ആസൂത്രിതമായ ഒരു നീക്കം നടക്കുകയും ചെയ്തു. രാജ്യത്തെ അക്രമങ്ങളെ തടയേണ്ട ചുമതയുള്ളത് പോലീസിനാണ്, ഉമ്മൻചാണ്ടി സർക്കാരിന്റെ, പോലീസ് മത തീവ്രവാദികൾ അഴിഞ്ഞാടുമ്പോൾ അതിനെ തടയാൻ ശ്രമിച്ചില്ല എന്ന് മാത്രം അല്ല അക്രമികളെ സഹായിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്തു. പക്ഷെ സമരക്കാരെ സംബന്ധിച്ച് ഇതൊന്നും ഒരു വിഷയമേ അല്ലാതെ ആയി മാറുകയും, ഡി.വൈ.എഫ്.ഐ ഇവരെ സംരക്ഷിച്ചില്ല എന്ന് സംഘടിതമായി പ്രചാരണം തുടങ്ങുകയും ചെയ്തു. ഏതോ മുൻധാരണ പ്രകാരം പോലെ ചർച്ച മുഴുവൻ സിപിഎംനെയും ഡി.വൈ.എഫ്.ഐ യെയും കേന്ദ്രീകരിച്ചു വഴി തിരിച്ചു വിട്ടു.

attacked

യഥാർത്ഥത്തിൽ എന്തായിരുന്നു ചുംബന സമരം എന്ന് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. കോഴിക്കോട് ഡൌണ്‍ ടൌണ്‍ കഫേയിൽ നിന്നും ഉള്ള ചില  ദൃശ്യങ്ങള്‍ ജെയ്ഹിന്ദ് ചാനൽ പുറത്തു വിട്ടതിന്റെ പേരിൽ യുവമോർച്ചക്കാർ ഹോട്ടൽ ആക്രമിക്കുകയുണ്ടായി. ഇതിനെതിരെ ഒരു കൂട്ടം ആളുകൾ മറൈൻ ഡ്രൈവിൽ ചുംബന സമരം എന്ന പേരിൽ പരസ്പരം ഉമ്മ വച്ച് ഒരു “സമരം” നടത്തുകയും ചെയ്തു. ഏതൊരു  സമരത്തിനും ഒരു ലക്ഷ്യവും മുദ്രാവാക്യവും ഉണ്ടായിരിക്കണമല്ലോ, സമരരീതി  അത് പ്രതിനിധാനം ചെയ്യേണ്ടുന്ന മുഴുവൻ വിഭാഗത്തിനും സ്വീകാര്യമോ അസ്വീകാര്യമോ ആയിരിക്കാം. പക്ഷെ ലക്ഷ്യത്തിലേക്ക് ഉള്ള ഒരു മാർഗ്ഗം ആണ് ഓരോ സമരങ്ങളും. ഈ സമരത്തെ സിപിഎം വിലയിരുത്തിയത്  ഇങ്ങനെയാണ്  “സദാചാര പൊലീസിനെതിരെ രൂപപ്പെട്ട കൂട്ടായ്മയാണ് ചുംബനസമരം. സദാചാര പൊലീസിനെതിരായ മുഴുവന്‍ പേരെയും ഒന്നിച്ചണിനിരത്താവുന്ന സമരമുറയല്ല ഇത്.” പാർട്ടിയുടെ വിലയിരുത്തൽ വളരെ കൃത്യമായതും ആയിരുന്നു. പൊതുസമൂഹത്തിനകത്ത് ഈ സമരം സ്വീകാര്യം ആയില്ല എന്ന് മാത്രമല്ല വലിയ ഒരു വിഭാഗം ആളുകൾ സമരരീതിയോടു എതിർപ്പ് പ്രകടിപ്പിക്കുകയു ചെയ്തിരുന്നു. സദാചാര ഗുണ്ടായിസത്തിനു എതിരായി ഉയർന്നു വന്നിരുന്ന ഒരു വലിയ  ജനവികാരത്തെ യഥാർത്ഥത്തിൽ ഐസോലേറ്റ് ചെയ്യപ്പെടുകയാണ് സമരത്തിന്റെ അനന്തരഫലം ആയി ഉണ്ടായത്.

സദാചാര ഗുണ്ടായിസം ഏതൊക്കെ തരത്തിൽ നമ്മളെ ബാധിക്കുന്നു എന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്. കേരളത്തിൽ പ്രത്യക്ഷമായ രീതിയിൽ സദാചാര ഗുണ്ടാ അക്രമത്തിനെതിരായ ചെറുത്തു നിൽപ്പ് ഉണ്ടാകുന്നത് 2011 ൽ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ബീവറേജസ് ഔട്ട്‌ലെറ്റിൽ വന്ന യുവതിയെ ഒരു മതസംഘടനാ വക്താക്കൾ സംഘം ചേർന്ന് ആക്രമിക്കുകന്നതോടെയാണ്. അന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മറ്റിയുടെ നിലപാട് ഇങ്ങനെയായിരുന്നു “രാജ്യത്ത് അനുവദനീയമായ കാര്യങ്ങൾ ചെയ്യാൻ പുരുഷനും സ്ത്രീക്കും തുല്ല്യ അവകാശം ഉണ്ട്, അതിനെ തടസ്സ്പ്പെടുത്താനും, ഒരു പ്രത്യേക മതനിയമം അടിച്ചേൽപ്പിക്കാനും ഉള്ള ശ്രമങ്ങള്‍ ആണ് ചിലര്‍ നടത്തി വരുന്നത്. ഇതിനെ എന്ത് വിലകൊടുത്തും ചെറുത്തു തോൽപ്പിക്കും”. ഈ വിഷയത്തിൽ ശക്തമായ നിയമനടപടികൾ കൈകൊള്ളാൻ അന്ന് സിപിഐഎം ഇടപെടൽ നടത്തി.

ഇതിനു തൊട്ടു പിറകെയാണ് കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്തു ഷാഹിദ് ബാവ എന്ന ചെറുപ്പക്കാരന്‍ സദാചാര ഗുണ്ടകളാല്‍ കൊലചെയ്യപ്പെടുന്നത്. ഇത് സദാചാര ഭീകരതയുടെ ഒരു വേര്‍ഷന്‍ ആണെങ്കില്‍ മറ്റൊരു വേര്‍ഷന്‍ ആടി തിമിര്‍ക്കുന്നത് നമ്മുടെ പോലീസ് തന്നെയാണ്. ആലപ്പുഴയില്‍ ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന കേരള ശാസ്ത്രസാഹിത്യപരിഷദ് ജില്ല കമ്മിറ്റി അംഗം രാജേഷിനെയും ഭാര്യ ശ്രീജയെയും സദാചാരം പറഞ്ഞു പോലീസ് അറെസ്റ്റ്‌ ചെയ്തു. തിരുവനന്തപുരത്ത് വച്ച് സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന നാടകപ്രവര്‍ത്തക ഹിമ ശങ്കറിനെ തടഞ്ഞു വച്ച പോലീസ് സദാചാരം വിഷയം പറഞ്ഞു ഇവരെ അറെസ്റ്റ്‌ ചെയ്യുന്ന സ്ഥിതിയും ഉണ്ടായി. ഇത്തരത്തില്‍ നിരവധിയായ വിഷയങ്ങള്‍ നമുക്കിടയില്‍ ഈ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭാര്യക്കും ഭര്‍ത്താവിനോടൊപ്പവും അമ്മക്ക് മകനൊപ്പവും മകള്‍ക്ക് അച്ഛനൊപ്പവും സഹോദരിക്ക് സഹോദരനൊപ്പവും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തി ചേര്‍ന്നു. ഈ സാഹചര്യത്തില്‍ ആണ് ഡി.വൈ.എഫ്.ഐ ഇതിനെതിരെ പ്രത്യക്ഷ ക്യാംപയിനുകളും പ്രതിരോധവും ഏറ്റെടുക്കുന്നത്.

പ്രാദേശികമായി വിവിധ വിഷയങ്ങള്‍ ഏറ്റെടുത്തു കൊണ്ട് വ്യത്യസ്തങ്ങളായ ക്യാംപയിനുകളും സമരങ്ങളും ഡി.വൈ.എഫ്.ഐ നടത്തി വരികയായിരുന്നു. സദാചാര ഗുണ്ടായിസം തടസ്സപ്പെടുത്തുന്ന എല്ലാ വിഷയങ്ങളെയും അഡ്രസ്‌ ചെയ്യുന്ന തരത്തില്‍ വളരെ വിശാലമായ കാഴച്ചപ്പാടോട് കൂടി തന്നെയാണ് ഡി.വൈ.എഫ്.ഐ സദാചാര ഗുണ്ടായിസത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. പുരുഷനും സ്ത്രീക്കും ഒരുമിച്ചു യാത്ര ചെയ്യാന്‍ ഉള്ള സാഹചര്യം ഒരുക്കാനും, ഏതു രാത്രിയും ഒരു സ്ത്രീക്ക് നിര്‍ഭയമായി നമ്മുടെ തെരുവുകളിലൂടെ നടന്നു പോകാനും ഉള്ള സ്വാതന്ത്ര്യം ഒരുക്കാനും, മിശ്രവിവാഹിതര്‍ക്ക് സ്വസ്ഥതയോടെ ജീവിക്കാന്‍ ഉള്ള അവസരം ഒരുക്കാനും ഉള്ള  ഇടപെടലുകള്‍ ഡി.വൈ.എഫ്.ഐ ഈ ക്യാംപയിന്‍റെ ഭാഗം ആയി നടത്തുന്നുണ്ട്. ഈ സമരങ്ങളെ ഒരു പൊതുരൂപത്തില്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് 2014 ജൂലായ്‌ മാസം 10ആം തിയ്യതി   “നാടും നഗരവും ഞങ്ങള്‍ക്കും സ്വന്തമാണ് ” എന്ന മുദ്രാവാക്യം ഉയര്‍ത്തി രാത്രി 8 മുതല്‍ 12 വരെ യുവതീയുവാക്കള്‍ കേരളത്തിലെ നഗരങ്ങളില്‍ ഒത്തു ചേര്‍ന്നു. സദാചാര ഗുണ്ടായിസത്തിനു എതിരെ ഇന്നോളം കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഒരു സമരവും ബഹുജനമുന്നേറ്റവും ആയിരുന്നു DYFI യുടെ ” നൈറ്റ്‌ അസ്സംബ്ലി “.  ഇതിന്‍റെ തുടര്‍ച്ചയെന്നോണം വിവിധ കേന്ദ്രങ്ങളില്‍ സ്നേഹ ശൃംഖലകളും ഡി.വൈ.എഫ്.ഐ പ്രത്യക്ഷ സമരം എന്നാ രീതിയില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തരം സമരങ്ങള്‍ എല്ലാം വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമാണ്.

എന്നാല്‍ ഈ സമരങ്ങള്‍ക്കൊന്നും മാധ്യമങ്ങള്‍ യാതൊരു വിധ പരിഗണയും നല്‍കുകയോ ഇതിന്‍റെ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ വളരെ ചെറിയ ഒരുകൂട്ടം അരാഷ്ട്രീയ വാദികള്‍ വ്യക്തമായ ഒരു മുദ്രാവാക്യം പോലും മുന്നോട്ടു വക്കാതെ പ്രഖ്യാപിച്ച ഈ ചുംബന സമരത്തിന്‌ മാധ്യമങ്ങള്‍ വലിയ പ്രചാരണം നല്‍കുകയും ഇതു വലിയ പ്രക്ഷോഭം ആണെന്ന പ്രതീതി പരത്തുകയും ചെയ്തു. ഇത് കൊണ്ട് യഥാര്‍ത്ഥത്തി  ലക്‌ഷ്യം വക്കുന്നത് സദാചാര ഗുണ്ടായിസത്തിന് എതിരെ ഇടതുപക്ഷ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രൂപം കൊണ്ട് വരുന്ന വിശാലമായ ഒരു പ്ലാറ്റ്ഫോമിനെ തകര്‍ക്കുകയും അത് വഴി നടക്കേണ്ട വലിയ മുന്നേറ്റങ്ങളെ ഇല്ലാതെയാക്കുകയും ചെയ്യുക എന്നത് തന്നെയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചുംബനസമരം കോഴിക്കോടെക്ക് വരുന്നതോടെ, സമരത്തിന്‌ ഡി.വൈ.എഫ്.ഐ സംരക്ഷണം നല്‍കണം എന്ന ആവശ്യം സമരക്കാര്‍ ഉന്നയിച്ചു തുടങ്ങിയിരുന്നു, ഞങ്ങളുടെ സമരം ആണ് സദാചാരഗുണ്ടായിസത്തിനു എതിരായ യഥാര്‍ത്ഥ സമരം എന്നും, അതിനെ നിങ്ങള്‍ പിന്തുണക്കണമെന്നും സമരത്തിനെ വളണ്ടിയര്‍മാരെ വിട്ടു സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു. കോഴിക്കോടെ സമരത്തിനു നേരെ ഹനുമാന്‍സേന അക്രമം നടത്തുകയും സമരക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. മതഭീകരവാദികള്‍ സമരത്തിനു നേര നടത്തിയ അക്രമത്തെ നിഷ്ക്രിയമായി നോക്കി നിന്ന പോലീസിനോടും, ഇവരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരിനോടും യാതൊരു വിധ അമര്‍ഷവും ഇല്ലാത്ത സമരക്കാര്‍ക്കും അവരുടെ പ്രായോജകര്‍ക്കും പക്ഷെ അമര്‍ഷം മുഴുവന്‍ ഡി.വൈ.എഫ്.ഐ യോടാണ്. സമരക്കാരുടെ ഇത്തരം സമീപനങ്ങള്‍ തന്നെയാണ് ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ സംശയം ഉളവാക്കുന്നതും.

kiss-of-love-5

ചുംബന സമരം യഥാര്‍ത്ഥത്തില്‍ സദാചാര ഗുണ്ടായിസത്തിന് എതിരായ ഒരു പ്രതിരോധം ഉയര്‍ത്തുന്നുണ്ടോ ?

സദാചാര ഭീകരത എന്നത് കേവലം തൊലിപ്പുറത്ത് കാണുന്ന ഒരു പാട് മാത്രം അല്ല. സമൂഹത്തിലെ ഒരു വിഭാഗത്തെ ഗ്രസിച്ചു തുടങ്ങിയ മതനിയമങ്ങള്‍ നടപ്പാക്കാന്‍ ഉള്ള വ്യഗ്രതയുടെ ഉപോല്‍പ്പന്നം ആണ് സദാചാര ഗുണ്ടായിസം. ഇതിനെ കേവലം ഡൌണ്‍ ടൌണ്‍ കഫെയിലെ ഉമ്മയിലെക്ക് ചുരുക്കുന്നതോടെ, സദാചാര ഭീകരതക്ക് ഇരയായവര്‍ പോലും ഇത്തരം പ്രതിഷേധങ്ങളോടു മുഖം തിരിക്കുകയാണ് ചെയ്യുന്നത്.ഭാര്യക്കും ഭര്‍ത്താവിനും വിവാഹ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ വക്കാതെ യാത്രചെയ്യാനും, സുഹൃത്തുക്കളായ സ്ത്രീക്കും പുരുഷനും റസ്റ്റ്‌രെന്റില്‍ ഒരുമിച്ചു ചായ കുടിക്കാനും, ജോലി കഴിഞ്ഞു വരുന്ന സ്ത്രീക്ക് പുരുഷന്‍റെ തുണയില്ലാതെ 8 മണിക്കോ 10 മണിക്കോ വീട്ടിലേക്ക് വരാനും ഉള്ള അവകാശം വേണം എന്നും അത്തരം അവകാശങ്ങളില്‍ കൈകടത്തുന്ന സദാചാര ഗുണ്ടായിസത്തിന് എതിരായ ചെറുത്തു നില്‍പ്പുകളില്‍ ഞങ്ങളും ഭാഗഭാക്കാവുന്നു എന്നുംപ്രഖ്യാപിച്ചു കൊണ്ടാണ് ഓരോരുത്തരും ഡി.വൈ.എഫ്.ഐയുടെ സദാചാര ഭീകരതാ വിരുദ്ധ സമരങ്ങളില്‍ അണിചേര്‍ന്നു നിന്നത്. പക്ഷെ പൊതുനിരത്തില്‍ പരസ്യമായി ചുംബിക്കാന്‍ ഉള്ള അവകാശം വേണം എന്നത് ഒരു അനിവാര്യതയല്ല എന്നത് കൊണ്ട് തന്നെയാണ് ഇത്തരം ഒരു സമരത്തെ ഡി.വൈ.എഫ്.ഐ ഏറ്റെടുക്കാത്തത്. പൊതുനിരത്തുകളില്‍ വച്ച് പരസ്പരം ഉമ്മ വക്കാന്‍ ഉള്ള അവകാശം പരമപ്രധാനം എന്ന് കരുതുന്ന ജനവിഭാഗം അതിന്യൂനപക്ഷം ആണ് എന്നത് ഒരു സാമൂഹിക യാഥാര്‍ത്ഥ്യം കൂടിയാണ്. പക്ഷെ ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് സമരം നടത്താന്‍ ഉള്ള അവകാശം നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അത്തരം അവകാശങ്ങളെ കായികമായി നേരിടാനും ആക്രമിക്കാനും ആര്‍ക്കും അധികാരമില്ല.

ഡി.വൈ.എഫ്.ഐ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്. “സദാചാരപോലീസിനെതിരായി പരസ്യ ചുംബനം എന്ന സമരരീതിയോട് ഞങ്ങൾക്ക് യോജിപ്പില്ല. ആ സമരരീതിക്ക് സാമൂഹ്യപിന്തുണയുമില്ല. സമരത്തിനെത്തുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്…. എന്നാൽ ചുംബിച്ചുതന്നെ പ്രതിഷേധിക്കണം എന്നാഗ്രഹിക്കുന്നവരെ അക്രമിക്കാൻ ആർക്കും അവകാശമില്ല…. ചുംബനസമരക്കാർ അക്രമിക്കപ്പെടുമ്പോൾ ഡി.വൈ.എഫ്.ഐ ഓടിയെത്തി അക്രമികളുമായി ഏറ്റുമുട്ടണമെന്നും ചുംബനസമരക്കാർക്ക് പോറലേൽക്കാതെ അവരെ സംരക്ഷിക്കണമെന്നുമൊക്കെയാണ് പലരും വാദിക്കുന്നത്. എവിടെ ഡി.വൈ.എഫ്.ഐ എന്നൊക്കെ ഇക്കൂട്ടർ ചോദിക്കുന്നുണ്ട്. ചുംബിക്കാനെത്തുന്നവരെ പൊതിഞ്ഞു സംരക്ഷിച്ചുകൊള്ളാമെന്നും ക്രമസമാധാനപരിപാലനത്തിന്റെ ചുമതല ഏറ്റെടുത്തുകൊള്ളാമെന്നും എപ്പോഴാണ് ഡി.വൈ.എഫ്.ഐ പറഞ്ഞിട്ടുള്ളത്? ഞങ്ങൾ പറയുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യത്തിന് ഞങ്ങളെ പഴിക്കുന്നതെന്തിന്? അക്രമിക്കാൻ വരുന്ന മൃഗസേനക്കാരെ സ്വയം പ്രതിരോധിക്കാൻപോലും ശ്രമിക്കുന്നതിന് മുമ്പ് എവിടെ ഡി.വൈ.എഫ്.ഐ എന്ന് ആക്രോശിക്കുന്നവരോട് വ്യക്തമാക്കട്ടെ ഞങ്ങൾ നിങ്ങളുടെ സമരത്തിന്റെ രക്ഷിതാക്കളല്ല. സ്‌പോൺസർമാരുമല്ല. നിങ്ങളുടെ സമരരീതിയോട് യോജിക്കുന്നവരുമല്ല.

വസ്തുതകള്‍ ഇതായിരിക്കേ, ഡി.വൈ.എഫ്.ഐ യുടെ നിലപാടിനെ വക്രീകരികാനും അധിക്ഷേപിക്കാനും ചുംബന സമരക്കാരും സ്പോണ്‍സര്‍മാരും കാണിച്ച ആവേശം; സമരത്തെ ആക്രമിച്ച സദാചാരഗുണ്ടകളെയും അതിനെ അനുകൂലിച്ച പോലീസിനെയും മതതീവ്രവാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കി കൊടുത്ത സര്‍ക്കാര്‍ നിലപാടിനെയും തുറന്നു കാണിക്കുന്നതില്‍ കാണിച്ചിരുന്നുവെങ്കില്‍ അത് ഒരു ചെറിയ രീതിയില്‍ എങ്കിലും ശരിയുടെ പക്ഷത്തു നില്‍ക്കുന്ന നിലപാട് ആകുമായിരുന്നു. ഇടതുപക്ഷം ഉയര്‍ത്തികൊണ്ട് വന്ന പ്രക്ഷോഭങ്ങളുടെ ഭാഗം ആയി  സദാചാര ഗുണ്ടായിസത്തിന് എതിരെ ഉയര്‍ന്നു വന്ന ജനവികാരത്തിന്‍റെ ഐക്യപ്പെടലുകളെ നിരുത്സാഹപ്പെടുത്താന്‍ സാധിച്ചു എന്നതില്‍ ചുംബന സമരക്കാര്‍ക്ക് അഭിമാനിക്കാം.

ലേഖകൻ : വിനീഷ് കെ വിജയൻ

Share.

About Author

137q, 0.739s