Leaderboard Ad

സഫ്ദര്‍ ഹാഷ്മി

0

2014 ജനുവരി ഒന്നിന് സഫ്ദര്‍ ഹാഷ്മി കൊല ചെയ്യപ്പെട്ടിട്ട് 25 വര്ഷം പിന്നിടുകയാണ്.  ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ സഹിബാബാദ് എന്ന വ്യവസായ നഗരത്തിലെ ജണ്ടാപൂര്‍ എന്ന ഗ്രാമത്തിലെ അംബേദ്‌കര്‍ പാര്‍ക്കില്‍ വെച്ചാണ് “ഹല്ലാ ബോള്‍” എന്ന തെരുവ് നാടകം കളിക്കുന്നതീനിടയില്‍  1989 ലെ പുതുവര്‍ഷ ദിനത്തില്‍ (ജനുവരി ഒന്നിന്) രാവിലെ പതിനൊന്ന് മണിക്ക് സഫ്ദര്‍ ഒരു കൂട്ടം കോണ്ഗ്രസ് ഗുണ്ടകളുടെ അക്രമണത്തിനിരയാകുന്നത്.    

 

അന്നേ ദിവസം നാടകം കാണാന്‍ അവിടെ എത്തിയ ഗ്രാമവാസിയായ രാം ബഹാദൂര്‍ അക്രമികളുടെ വെടിയേറ്റ്‌ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. സഫ്ദര്‍ പിറ്റേ ദിവസം ജനുവരി രണ്ടിന് രാവിലെ പത്ത് മണിക്ക് മരണത്തിനു കീഴടങ്ങി. ഇരുമ്പ് ദണ്ട് കൊണ്ട് തലക്കേറ്റ ശക്തമായ അടിയെ തുടര്‍ന്ന്‍ തലക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണ കാരണമായത്‌. സഫ്ദറിനെ  ഉടന്‍ തന്നെ അടുത്തുള്ള സി.ഐ.ടി.യു. ഓഫീസില്‍ എത്തിച്ചുവെങ്കിലും അക്രമികള്‍ അവരെ പിന്തുടര്‍ന്ന്‍ അവിടെ നിന്നും ആക്രമിച്ചതിനാല്‍ തൊട്ടടുത്തുള്ള ഗാസിയാബാദിലെ മോഹന്‍ നഗറിലെ നരേന്ദ്ര മോഹന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തുടര്‍ന്ന്‍ ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിറ്റേ ദിവസം മരണത്തിനു കീഴടങ്ങുകയായിരുന്നു.

 

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ജനുവരി നാലിന് സഫ്ദര്‍ ഹാഷ്മി കൊല്ലപ്പെട്ട അതെ സ്ഥലത്ത് ആയിരകണക്കിന് ആളുകളെ സാക്ഷി നിര്‍ത്തി അദ്ദേഹത്തിനു മുഴുവിക്കാനാകാതിരുന്ന “ഹല്ലാ ബോള്‍” എന്ന തെരുവ് നാടകം അദ്ദേഹത്തിന്റെ പ്രിയ പത്നി മാലശ്രീ (മോളായ്ശ്രീ ഹാഷ്മി)  പൂര്‍ത്തീകരിച്ചത് ചരിത്ര സംഭവമായി മാറി.

 

മരിക്കുമ്പോള്‍ അദ്ദേഹത്തിനു 34 വയസ്സ് മാത്രമായിരുന്നു പ്രായം.  കവിയും നാടക കൃത്തും എന്ന നിലയില്‍ പ്രസിദ്ധനായ സഫ്ദര്‍ ഹാഷ്മി സി.പി.ഐ. എം. നേതാവുമായിരുന്നു. ഗാസിയാബാദ് സിറ്റി ബോര്‍ഡിലെക്കുള്ള തിരെഞ്ഞെടുപ്പ് ജനുവരി പത്തിന് നടക്കുന്നതിന്റെ ഭാഗമായി കൌണ്‍സിലര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി.പി.ഐ. എം. നേതാവ്  രാമനാഥ്   ഝാ യെ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ തെരുവ് നാടകമായിരുന്നു അത്. ജന നാട്യ മഞ്ചിന്റെ കീഴിലായിരുന്നു നാടകം അവതരിപ്പിച്ചത്. നാടകം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കോണ്ഗ്രസ് സ്ഥാനാര്‍ഥിയായ മുകേഷ് ശര്‍മയുടെ നേത്രുത്വത്തില്‍ ഒരു സംഘം അക്രമികള്‍ കടന്നു വരികയും നാടകം കളിക്കുന്നതിനിടയിലൂടെ പാര്‍ക്കിന്റെ അപ്പുറത്തേക്ക് കടക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും അതിനു വഴങ്ങാതിരുന്ന നാടക ട്രൂപ്പിനെയും പൊതുജനങ്ങളെയും ഇരുമ്പ് ദണ്ട് കൊണ്ടും തോക്ക് കൊണ്ടും നേരിടുകയുമായിരുന്നു.

സംഭവം നടന്നു പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം 2003 നവംബര്‍ 3ന് ഗാസിയാബാദ് കോടതി പ്രതികള്‍ക്ക് പതിനാല് വര്‍ഷത്തെ ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിനിടയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട അക്രമികളില്‍ രണ്ടു പേര്‍ മരണമടഞ്ഞിരുന്നു.  ബാക്കി ഒമ്പത് പേര്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണ്. മറ്റ് കാരണങ്ങള്‍ക്ക് പുറമേ, തനിക്കെതിരെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രാമനാഥ്   ഝായ്ക്ക്  അനുകൂലമായി സഫ്ദര്‍ ഹാഷ്മി പ്രചാരണം നടത്തിയതാണ് മുകേഷ് ശര്‍മ്മയെ പ്രകോപിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

1954  ഏപ്രില്‍  12ന്  ഹനീഫയുടെയും ഖമര്‍ ആസാദ് ഹാഷ്മിയുടെയും മകനായി ഡല്‍ഹിയില്‍ സഫ്ദര്‍ ഹാഷ്മി ദില്ലിയിലാണ് സഫ്ദര്‍ ജനിച്ചത്. 1975-ല്‍  ദില്ലിയിലെ സെന്റ്. സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. കോളേജ് കാലത്ത് സഫ്ദര്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ (എസ്.എഫ്. ഐ യില്‍)  അംഗമായിരുന്നു. പിന്നീടാണ് ഇദ്ദേഹം ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍  അസോസിയേഷനില്‍ ചേരുന്നത് 1973-ല്‍ സ്ഥാപിതമായ ജനനാട്യമഞ്ച് (ജനം) എന്ന തെരുവ് നാടക സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് സഫ്ദര്‍ ഹാഷ്മി. 1976-ലാണ് ഇദ്ദേഹം  സി.പി.ഐ. എം.ല്‍അംഗത്വം നേടുന്നത്.

ഒരു അദ്ധ്യാപകനായും ജോലിയെടുത്തിട്ടുള്ള സഫ്ദര്‍,   സാക്കിര്‍ ഹുസൈന്‍ കോളേജ്, ഡല്‍ഹി, ശ്രീനഗര്‍, ഗഡ്‌‌വാള്‍ എന്നിവടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ഓഫീസറായി വെസ്റ്റ് ബംഗാള്‍, ന്യൂ ഡെൽഹി, എന്നിവടങ്ങളിലും സഫ്ദര്‍ തന്റെ ഔദ്യോഗിക ജീവിതം ചിലവഴിച്ചിട്ടുണ്ട്. 1983-ഓടു കൂടി സഫ്ദര്‍ ഒരു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകുനും, ഒരു സജീവ തെരുവു നാടക കലാകാരനായും മാറി

ജനനാട്യമഞ്ച് എന്ന നാടക സംഘത്തില്‍  ഒരു സജീവ പ്രവര്‍ത്തകനായി മാറിയ സഫ്ദര്‍, ഈ സംഘത്തിനുവേണ്ടി ധാരാളം നാടകങ്ങള്‍  രചിക്കുകയും, സംവിധാനം ചെയ്യുകയും ഉണ്ടായി. അക്കാലത്ത് ഇദ്ദേഹത്തിന്റെ നാടകങ്ങളില്‍  ഏറെ ജനശ്രദ്ധയാകര്‍ഷിച്ച നാടകങ്ങളില്‍ ചിലതാണ്; മഷീര്‍ഓരത്ഗാവോം സെ ഷെഹര്‍ തക്രാജ ക ബാജഹത്യാര്‍ തുടങ്ങിയവ. ഇതില്‍  ചില നാടകങ്ങള്‍ക്ക് വേണ്ടി ഇദ്ദേഹം ഗാനങ്ങളും രചിക്കുകയുണ്ടായിട്ടുണ്ട്. സഫ്ദറിന്റെ, ജന നാട്യ മഞ്ചിലെ വിലയേറിയ പ്രവർത്തനങ്ങള്‍  ഇന്ത്യയൊട്ടാകെയുള്ള തെരുവു നാടകസംഘങ്ങളുടെ മുന്നേറ്റത്തിനു തന്നെ കാരണമായി.

ഉത്തര്‍പ്രദേശിലെ അലിഗഡിലും ഡെല്‍ഹിയിലുമായി തന്റെ ബാല്യം കഴിച്ചു കൂട്ടിയ സഫ്ദര്‍ ഡല്‍ഹി സെന്റ്‌ സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ഡല്‍ഹി യൂനിവേര്‍സിറ്റിയില്‍ നിന്ന് എം.ഏ. ബിരുദവും കരസ്ഥമാക്കി. ഇവിടെ വെച്ചാണ് എസ്.എഫ്. ഐ.യുടെ സാംസ്ക്കാരിക വിഭാഗവുമായി സഫ്ദര്‍ കൂടുതല്‍ അടുക്കുന്നതും അതിന്റെ ഭാഗമാകുന്നതും. എന്നാല്‍ അതിനു മുന്നേ തന്നെ കുട്ടിക്കാലത്ത് തൊട്ടേ മാര്‍ക്സിയന്‍ ചിന്താഗതികള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഇതോടൊപ്പം Indian People’s Theatre Association (IPTA)യുമായി ഇദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിക്കുകയും നിരവധി നാടകങ്ങളില്‍ ഭാഗവാക്കാകുകയും ചെയ്തു. കിംലേഷ് അതില്‍ പ്രധാനപ്പെട്ട നാടകമാണ്. ഈ നാടകമാണ് കര്‍ഷകരുടെ സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. അത് പോലെ ദേക്തെ ലേന.

1973-ല്‍ തന്റെ പത്തൊമ്പതാം വയസ്സില്‍  “ജനനാട്യമഞ്ച്”  (JANA  NATYA MANCH) JANAM  ജനം   എന്ന തെരുവുനാടക ഗ്രൂപ്പിലൂടെ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെത്തിയ സഫ്‌ദര്‍ ഹാഷ്മി, തന്റെ തെരുവു നാടക ട്രൂപ്പിലൂടെ സമകാലിക സാമൂഹിക-രാഷ്ട്രീയ വസ്തുതകള്‍ സാധാരണക്കാരുടെ മുമ്പില്‍ അവതരിപ്പിച്ചു. ഒരേ സമയം നാടക കൃത്തും കവിയും നടനും സംവിധായകനും ഒക്കെയായിരുന്നു സഫ്ദര്‍ ഹാഷ്മി. ഇന്ത്യയിലെ രാഷ്ട്രീയ തെരുവ് നാടകത്തിന്റെ മുഖ്യശില്പ്പിയും ശബ്ദവുമായി ഇപ്പോഴും അദ്ദേഹത്തെ കണക്കാക്കുന്നു. 1970മുതലേ സി.പി.ഐ.എമ്മുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു സഫ്ദര്‍.  1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് വരെ ഡല്‍ഹി ബോട്ട് ക്ലബ് പരിസരത്തടക്കം ആഴ്ചയില്‍ ഒരു തെരുവ് നാടകം എന്ന രീതിയില്‍ നിരവധി നാടകങ്ങള്‍ സഫ്ദര്‍ അവതരിപ്പിച്ചിരുന്നു. അതില്‍ പ്രധാനമായത് കുര്‍സി, കുര്‍സി, കുര്‍സി എന്ന തെരുവ് നാടകമായിരുന്നു. ജനനാട്യ മഞ്ചിന്റെ വഴിത്തിരിവായി ഈ നാടകം മാറി.

അടിയന്തിരാവസ്ഥ കാലയളവില്‍ ഇംഗ്ലീഷ് അധ്യാപകനായി ഗഡ് വാള്‍, കാശ്മീര്‍, ഡല്‍ഹി യൂനിവേര്‍സിറ്റികളില്‍ ജോലി ചെയ്തു. അടിയന്തിരാവസ്ഥക്ക് ശേഷം വേണ്ടും രാഷ്ട്രീയത്തില്‍ സജീവമായി.1978 നവംബര്‍ ഇരുപതിന് രണ്ടു ലക്ഷം കര്‍ഷകര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ജന നാട്യ മഞ്ചിന്റെ തെരുവ് നാടകം അവതരിപ്പിച്ചു മെഷിന്‍.   ഇത് കൂടാതെ ഗാവോം സെ ശഹര്‍ തക്,,  ഹത്യാരെ ആന്റ് അപഹരന്‍ ഭായിചാരെ കി.,  തീന്‍ ക്രോര്‍,,  ഔരത്,,  ഡി.ടി.സി. കി ഡന്ധലി എന്നിവയും പല തരത്തിലുള്ള ഡോക്യുമേന്ററികളും ദൂരദര്‍ശന് വേണ്ടി ടി.വി. സീരിയലുകളും അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യന്‍ നാടകങ്ങളെക്കുറിച്ചുള്ള വിമര്‍ശനവും കുട്ടികള്‍ക്കുള്ള പുസ്തകവും അദ്ദേഹം ഇതിനിടയില്‍ എഴുതുകയുണ്ടായി.   

ജനനാട്യ മഞ്ച് നാടകങ്ങളുടെ സംവിധായകന്‍ സഫ്ദര്‍ ഹാഷ്മിയായിരുന്നു. സഫ്ദറിന് തന്റെ മരണം വരെയായി  24 നാടകങ്ങള്‍ 4000 വേദിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചു അതും കൂടുതലായി വര്‍ക്ക് ഷോപ്പ്, ഫാക്ടറി തൊഴിലാളികള്‍ എന്നിവരടങ്ങുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. 1979 ലാണ് തന്റെ കൂടെ ജന നാട്യ മഞ്ചില്‍ പ്രവര്‍ത്തിക്കുന്ന നാടക നടി കൂടിയായ മാലശ്രീയെ സഫ്ദര്‍ തന്റെ ജീവിത പങ്കാളിയാക്കുന്നത്.   പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ (പി.ടി.ഐ) യിലും, ദ ഇക്കണോമിക് ടൈംസിലും ജേര്‍ണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഡല്‍ഹിയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയും ജോലി നോക്കി. 1984 ല്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി.

ഹാഷ്മിയുടെ മരണശേഷവും ജന നാട്യമാഞ്ച് അതിന്റെ പ്രവര്‍ത്തനം തുടര്‍ന്നു.   2012 ഏപ്രില്‍ 12 ന് ഹാഷ്മിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി പശ്ചിമ ദില്ലിയിലെ പട്ടേല്‍ നഗറിനടുത്ത് ശാദികംപൂരില്‍ ഒരു സഫ്ദര്‍ സ്റ്റുഡിയോ ഉത്ഘാടനം ചെയ്തു. ഇത് തെരുവ് നാടകങ്ങളുടെ അവതരണത്തിനും വര്‍ക്ക് ഷോപ്പ് നടത്തുന്നതിനും വേണ്ടിയുള്ളതാണ്.  

1989 ഫെബ്രുവരിയില്‍  Safdar Hashmi Memorial Trust (SAHMAT) സഹമത് എന്ന പേരില്‍ പ്രസിദ്ധ എഴുത്തുകാരനായ ഭീഷം സാഹ്നിയും കൂട്ടരും ചേര്‍ന്ന് ഒരു തുറന്ന വേദി  രാഷ്ട്രീയമായും സാംസ്ക്കാരികമായും സമാന മനസ്ക്കരായ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മക്ക് രൂപം നല്‍കി. എല്ലാവര്‍ഷവും ഒരു ദിവസം നീളുന്ന സാംസ്ക്കാരിക പരിപാടി സഫ്ദര്‍ കൊല്ലപ്പെട്ട ജനുവരി ഒന്നിന് അദ്ദേഹത്തിന്റെ സ്മരണക്കായി സഹമത് ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിക്കുന്നു. ജനനാട്യ മഞ്ചിന്റെ സ്മരണ നിലനിര്‍ത്താനും ഈ ദിവസം ഉപയോഗപ്പെടുത്തുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി സൌജന്യ പരിശീലനം നല്‍കുന്ന സഫ്ദര്‍ ഹാഷ്മി നാട്യസംഘം  1998 മുതല്‍ കോഴിക്കോടും പ്രവര്‍ത്തനം ആരംഭിച്ചു.  1989 ല്‍ എം.എഫ്. ഹുസൈന്‍ വരച്ച സഫ്ദര്‍ ഹാഷ്മി പെയിന്റിംഗ് നാല്‍പ്പത്തി നാല് മില്യനാണ്‌ ലേലത്തില്‍ പോയത്. ഒരു ഇന്ത്യന്‍ ആര്‍ട്ടിസ്റ്റിന്റെ പെയിന്റിംഗ് ആദ്യമായി പത്ത് ലക്ഷത്തില്‍ കൂടുതല്‍ വിലക്ക് ചിലവായത് ഈ വര്‍ഷമായിരുന്നു 2008ല്‍ ഹല്ലാ ബോളിനെ ആസ്പദമാക്കി രാജ്കുമാര്‍ സന്തോഷി ഹല്ലാ ബോള്‍ എന്ന ഹിന്ദി സിനിമ എടുത്തു. അജയ് ദേവഗണും വിദ്യാബാലനും ആയിരുന്നു അതിലെ പ്രധാന കഥാപാത്രങ്ങള്‍.

സഫ്ദർ ഹാഷ്മി നാടകമത്സരം

 1973 – ൽ തന്റെ 19-ആം വയസ്സിൽ  ജനനാട്യമഞ്ച് എന്ന തെരുവു നാടകഗ്രുപ്പിലൂടെ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെത്തിയ സഫ്ദര്‍ ഹാഷ്മിയുടെ സ്മരണാർത്ഥം  ഡല്‍ഹി മല്യാളികലുടെ കൂട്ടായ്മയായ ജനസംസ്കൃതി എന്ന സംഘടന വർഷത്തിൽ ഒരുക്കുന്ന  നാടക മത്സരമാണ് സഫ്ദർ ഹാഷ്മി നാടകമത്സരം 1980 മുതൽ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മല്യാളികലുടെ ഒരു സാമൂഹ്യ സാംസ്കാരിക സംഘടനയാണ്  ജനസംസ്കൃതി. ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി 22ബ്രാഞ്ചുകളിലായി പതിനായിരത്തിൽപരം അംഗങ്ങൾ ജനസംസ്കൃതിയിൽ പ്രവർത്തിക്കുന്നു. ജനസംസ്കൃതിയുടെ ഡൽഹിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നെത്തിയ കലാകാരന്മാർ ഇതിൽ പങ്കെടുത്ത് നാടകങ്ങൾഅവതരിപ്പിക്കുന്നു. മിക്കവാറും ഈ നാടകമത്സരത്തിനു വേദിയാവുന്നത് ഡൽഹിയിലെ   നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ആണ്. നാടകത്തിൽ ഒന്നാം സമ്മാനാർഹമായ നാടകത്തിനും, മികിച്ച നടനും, നടിക്കും, സഹനടനും,സഹനടിക്കും, സംവിധായകനും ഇതിൽ സമ്മാനം നൽകുന്നു. ഡൽഹി മലയാളികൾ വളരെ ആവേശത്തോടുകൂടിയാണ് ഇതിൽ പങ്കെടുക്കുന്നത്. നാടകമത്സരത്തിന്റെ ഉദ്ഘാടനസമ്മേളനത്തിനായി   സാഹിത്യ സാംസ്കാരിക  രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ‍ പങ്കെടുക്കാറുണ്ട്.

സഫ്ദര്‍ ഹാഷ്മി നമ്മെ വിട്ടു പിരിഞ്ഞിട്ട് 25 വര്ഷം പിന്നിട്ടുവെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ദീപ്തമായ സ്മരണകളും അദ്ദേഹം ഏറ്റെടുത്ത ദൌത്യവും നമ്മെ വിട്ടു പിരിയുന്നില്ല എന്നുള്ളത് ഓരോ വര്‍ഷവും നമ്മുടെ മുന്നില്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞ് വരുന്നു.

Share.

About Author

136q, 0.563s