Leaderboard Ad

സമരമോ? സമരം കൊണ്ട് നിങ്ങള്‍ എന്ത് നേടി??

0

    ന്തിനോടും ഏതിനോടും പുച്ഛം. ഞാന്‍ മാത്രം ശരി മറ്റുള്ളവര്‍ ഒക്കെ തെറ്റ്. ഞാന്‍ വിചാരിക്കുന്ന, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എപ്പഴും നടക്കണം അതിനു ആരെങ്കിലും തടസ്സമായി തോന്നിയാല്‍ അവരെ തെറിവിളിച്ചും അവര്‍ക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തിയും ദ്വേഷ്യം തീര്‍ക്കും. ചുരുക്കത്തില്‍ ഞാനും എന്റെ ഭര്‍ത്താവും തട്ടാനും മാത്രം മതി എന്ന രൂപത്തിലേക്ക് പലരും ചുരുങ്ങിപോകുന്നു.

ഓരോ മനുഷ്യനും തന്നിലേക്ക് തന്നെ ചുരുങ്ങി പോകുന്ന ഈ ഒരു പ്രത്യേക പരിതസ്ഥിതിയില്‍ ആണ് സാധാരണക്കാരായ എല്ലാവരുടെയും ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജനപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അവരെ സംഘടിപ്പിച്ച് അത് നിഷേധിച്ച അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരോടുള്ള സമരത്തിനു തയ്യാറാവുന്നത്.

വിത്യസ്ത രൂപത്തിലുള്ള സമരങ്ങളും സമര മുറകളും നിലവിലുള്ള ഒരു രാജ്യമാണ് നമ്മുടേത്. ജനാധിപത്യ സര്‍ക്കാരാണ് നമ്മളെ ഭരിക്കുന്നത്‌ എന്ന് പറഞ്ഞാലും പലപ്പോഴും ഇത്തരം സമരങ്ങളോട് അവര്‍ സ്വീകരിക്കുന്ന നടപടികള്‍ തീര്‍ത്തും ജനവിരുദ്ധമാണെന്ന് പറയാതെ വയ്യ. പോലീസിനെയും കോടതിയും അവര്‍ ഇതിനു പച്ചയായി ഉപയോഗപ്പെടുത്താറുമുണ്ട് ഒപ്പം മാധ്യമങ്ങളെയും. പോലീസിനെ ഉപയോഗിച്ച് സമരത്തെ നിഷ്ക്കരുണം അടിച്ചമര്‍ത്തുമ്പോള്‍ അവര്‍ എടുക്കുന്ന കള്ളകേസുകള്‍ ഉപയോഗിച്ച് കോടതിയില്‍ അവര്‍ വേട്ടയാടപ്പെടുന്നു. ഒപ്പം മാധ്യമ വിചാരണയും കൂടെയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാവുന്നു. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളായി പോലീസിനെയും പട്ടാളത്തെയും മാത്രമേ ആദ്യകാലത്ത് കണ്ടിരുന്നുള്ളൂവെങ്കില്‍ ഇന്ന് മാധ്യമങ്ങള്‍ കൂടി ആ ഗണത്തില്‍ പെട്ടിരിക്കുന്നു. മസ്തിഷ്ക പ്രക്ഷാളനം ആണ് അവരുടെ ഒരു മര്‍ദ്ദന രീതി. ഒപ്പം കടുത്ത മാധ്യമ വിചാരണയും വേട്ടയാടലും.

തങ്ങള്‍ പറയുന്ന ചെയ്യുന്ന കാര്യങ്ങളെ ശരിവെക്കുന്നതിനു വേണ്ടി മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി കൊണ്ട് അവരുടെ മാനസിക നില തയ്യാറാക്കുക എന്നതാണ് ഇതിനു അവര്‍ ഉപയോഗിക്കുന്ന രീതി. അങ്ങിനെ പല കാര്യങ്ങളുമായി നമ്മള്‍ അറിയാതെ സമരസപ്പെടുകയും മറ്റു പലതിനോടും നമുക്ക് പുച്ഛം തോന്നി തുടങ്ങുകയും ചെയ്യും.

കേരളത്തിലെ മധ്യ വര്‍ഗം ഇന്ന് സമൂഹത്തില്‍ അതി ശക്തമായ സ്വാധീനമാണ്‌ ചെലുത്തുന്നത്. അവരുടെ ചിന്താഗതികളും ആവശ്യങ്ങളുമാണ് ഇന്ന് സമൂഹത്തെ നിയന്ത്രിക്കുന്നത്‌. ഇത് കണ്ടറിഞ്ഞ് അവരെ കൂടെ നിര്‍ത്തുക എന്നുള്ളതാണ് പലരും ചെയ്യുന്നത്.

1970 ന് ശേഷം കേരളത്തില്‍ രൂപം കൊണ്ട മധ്യ വര്‍ഗം ക്രമേണ ക്രമേണ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അതു മലബാര്‍ മേഖലയില്‍ നിന്ന് ഗള്‍ഫു പ്രവാസികളുടെ എണ്ണം കൂടിയപ്പോഴും അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലേക്ക് മധ്യ തിരുവിതാം കൂറില്‍ നിന്നുള്ള കുടിയേറ്റം ഉണ്ടായപ്പോഴും കേരളമാകെ റബ്ബറിന്റെ സ്വാധീനത്തില്‍ വന്നപ്പോഴും ആണ് എന്ന് നമുക്ക് ഇന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഇതോടൊപ്പം ഐ.ടി. മേഖല കൂടിയായപ്പോള്‍ ഈ മധ്യ വര്‍ഗ സമൂഹത്തിന്റെ ജീവിത രീതികളും ചിന്താഗതികളും കേരള സമൂഹത്തെ പൊതുവായി ബാധിക്കുവാന്‍ തുടങ്ങി. മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമായ കേബിള്‍ ടി.വി. നെറ്റ് വര്‍ക്ക് എന്നിവ കൂടിയായപ്പോള്‍ ഓരോ ആളും സ്വയം തന്നിലേക്ക് തന്നെ ഒതുങ്ങാന്‍ ആരംഭിച്ചു. തങ്ങളുടേതായ സ്വകാര്യ ലോകത്തില്‍ അവര്‍ അഭിരമിക്കാന്‍ തുടങ്ങി.

അങ്ങിനെ കേരളീയ പൊതു സമൂഹത്തില്‍ മധ്യ വര്‍ഗ ചിന്താഗതികള്‍ ശക്തി പ്രാപിച്ചപ്പോള്‍ മദ്യപാനം ഒരു സോഷ്യല്‍ സ്റ്റാറ്റസും സിംബലും ആയി മാറി. മദ്യം കഴിക്കാത്തവന്‍ ഒന്നിനും കൊള്ളാത്തവനായി. കുഞ്ഞിന്റെ പാല്കൊടുക്കല്‍ മുതല്‍ ശവം പട്ടടയിലേക്ക് എടുക്കുന്നത് വരെയുള്ള എന്തിനും ഏതിനും മദ്യം കൂടിയെ തീരൂ എന്നായി. വൈകുന്നേരങ്ങള്‍ ആയാല്‍ ചെറുപ്പക്കാര്‍ കൂട്ടം കൂടി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിരുന്നിടത്ത് പിന്നീട് അത് കൂട്ടം ചേര്‍ന്ന് ഷെയര്‍ ഇട്ടു മദ്യം മോന്തുന്നത് വരെയായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പഴയ പോലെ പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. പരസ്യമായി പകല്‍ പോലും ബൈക്കുകളില്‍ കറങ്ങി നടന്നു ചെയിന്‍ മോഷണം നടത്തുക പലയിടത്തും വ്യാപകമായി. ഇതോടൊപ്പം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാഴ്ചയും കണ്ടു. പീഡന വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ ഇല്ലെന്നായി. പന്ത്രണ്ടു വയസ്സുള്ള കുട്ടികള്‍ വരെ മദ്യപാനത്തിന് അടിമയായി മാറുന്ന സമൂഹത്തില്‍ എല്ലാ കൊള്ളരുതായ്മകളും നടക്കും എന്നുള്ളത് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.

എന്തൊക്കെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ഷങ്ങളായുള്ള പോരാട്ടങ്ങളുടെ ഫലമായി നമ്മള്‍ ഇല്ലായ്മ ചെയ്തുവോ അതൊക്കെ ബോധപൂര്‍വം വളരെ ശക്തിയായി നമ്മുടെ മുന്നിലേക്ക് വീണ്ടും അവതരിപ്പിക്കപ്പെട്ടു. അതില്‍ മാധ്യമങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമായ പങ്കുണ്ട് പ്രത്യേകിച്ച് ചാനലുകള്‍ക്ക്. ആള്‍ ദൈവങ്ങളും അന്ധവിശ്വാസങ്ങളും വദ്ധിച്ചു വരുന്ന കാഴ്ചയാണ് അനുദിനം കാണുന്നത്. ഇതിനെതിരെ, ഇതിനൊക്കെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുകയും താറടിക്കുകയും ചെയ്യുന്ന പ്രവണത കൂടി കൂടി വരുന്നു.

ചരിത്ര ബോധമോ, സാംസ്ക്കാരിക ബോധമോ രാഷ്ട്രീയ ബോധമോ ഇല്ലാത്തവരാണ് ഇന്നത്തെ ചാനലുകളില്‍ കൂടുതലും എന്ന് പറഞ്ഞാല്‍ അത് അതിശോയക്തി അല്ല. തന്നിലേക്ക് തന്നെ സ്വയം തളക്കപ്പെട്ട മലയാളി എന്തിനും ഏതിനും ആശ്രയിക്കുന്നത് ഈ ചാനല്‍ മാധ്യമങ്ങളേയാണ് അത് കൊണ്ട് തന്നെ അതിന്റെ സ്വാധീനം വളരെ വലുതാണ്‌. ആ ദു:സ്വാധീനം അപകടകരവും ആത്മഹത്യാപരവുമാണ്.

നവ ലിബറല്‍ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ എല്ലാ കൊള്ളരുതായ്മകളും നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന വിഡ്ഢിപ്പെട്ടിയിലെ ചാനലുകള്‍ നമ്മെ നാമറിയാതെ മാറ്റുന്നത് ഗൌരവമായി തന്നെ കാണേണ്ടതാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ തന്നെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നവരായി അവര്‍ ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് വന്നാല്‍ അതിനെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ആ ഹര്‍ത്താല്‍ ആണ് ഇവരെ സംബന്ധിച്ചിടത്തോളം വിലവര്‍ദ്ധനവിനെക്കള്‍ ഭയാനകം. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവു മൂലം വരുന്ന പൊതുവായ വില വര്‍ദ്ധനവ് ഒന്നും ഇവര്‍ക്ക് പ്രശ്നമല്ല. അതിനെതിരെ സമരം ചെയ്യരുത്. അഥവാ ചെയ്‌താല്‍ നിങ്ങള്‍ ഹര്‍ത്താല്‍ നടത്തിയാല്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ അത് പിന്‍വലിച്ചു വില കുറക്കണം. ഇല്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തിനു സമരം ചെയ്യണം? ഹര്‍ത്താല്‍ നടത്തണം? നിങ്ങള്‍ സമരം ചെയ്തിട്ട് ഹര്‍ത്താല്‍ നടത്തിയിട്ട് സര്‍ക്കാര്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ സമരം കൊണ്ട് എന്തുകാര്യം? മറിച്ച് അത് ജനങ്ങള്‍ക്ക് അലോസരമുണ്ടാക്കുകയല്ലേ ചെയ്യുക? ഈ രൂപത്തിലാണ് അവര്‍ നിങ്ങളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.

കൂട്ടത്തില്‍ അവര്‍ ചിലതുകൂടി നിങ്ങളുടെ മുന്നില്‍ വയ്ക്കും. നോക്കൂ സമരം കാരണം ഹര്‍ത്താല്‍ കാരണം എത്ര തൊഴില്‍നഷ്ടം സംഭവിച്ചു. എത്ര കോടികള്‍ നഷ്ടമായി? ആളുകള്‍ക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടായി? ഗര്‍ഭിണി വഴിയില്‍ പ്രസവിക്കുക. രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാല്‍ വഴിക്ക് വെച്ച് മരിക്കുക, വിദേശി ടൂറിസ്റ്റ്‌കാര്‍ വാഹനവും ഭക്ഷണവും കിട്ടാതെ വലയുക.അങ്ങിനെ നിരവധി കാര്യങ്ങള്‍ നിങ്ങളുടെ മുമ്പാകെ വെച്ചിട്ട് നിങ്ങളോട് ചോദിക്കും ഈ സമരം കൊണ്ട് നിങ്ങള്‍ എന്ത് നേടി? സര്‍ക്കാര്‍ എന്തായാലും കൂട്ടിയ വില കുറയ്ക്കില്ല. അത് കൊണ്ട് നിങ്ങള്‍ സമരം ചെയ്യേണ്ട. സമരം ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ഒറ്റ സമരത്തില്‍ സര്‍ക്കാര്‍ ഈ വിലവര്‍ദ്ധനവ് പിന്‍വലിക്കണം.

ദശാബ്ദങ്ങള്‍ നീണ്ടു നിന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം എന്തായിരുന്നു? ഏതൊക്കെ സമര മുറകള്‍ ആയിരുന്നു അതില്‍ പരീക്ഷിക്കപ്പെട്ടത്? ചിലത് സമാധാനപരമായിരുന്നു. ചിലത് അക്രമത്തില്‍ കലാശിച്ചിരുന്നു. അങ്ങിനെ നിരന്തരമായ സമരങ്ങളിലൂടെയാണ് നാം ബ്രിട്ടീഷ്കാരെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിച്ചത്. ഒരു ഉപ്പു കുറുക്കിയത് കൊണ്ടോ ഒരു ക്വിറ്റ്‌ ഇന്ത്യാ സമരം നടത്തിയത് കൊണ്ടോ ജാലിയന്‍ വാലാബാഗ് സംഭവത്തിനാധാരമായ യോഗം നടത്തിയത് കൊണ്ടോ ഒന്നുമല്ല നിരവധി അനവധി സമരങ്ങളിലൂടെ നീണ്ട ദശാബ്ദങ്ങള്‍ പിന്നിട്ട സമരങ്ങളിലൂടെയാണ് നാം അത് നേടിയെടുത്തത്.

അതിനെയൊക്കെ പരിഹസിക്കുന്ന രൂപത്തിലുള്ള കാഴ്ചപ്പാടുകള്‍ ആണ് ഇന്ന് പൊതുജന സമക്ഷം ചില ചാനലുകാരും പത്രക്കാരും ഈ സമരത്തിന്റെ പിന്മുറക്കാര്‍ എന്നവകാശപ്പെടുന്ന രാഷ്ട്രീയക്കാരും മുന്നോട്ട് വയ്ക്കുന്നത്. ഓരോ സമരവും സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വലുതാണ്‌. അതിനു ആ സമരം എപ്പോഴും വിജയിക്കണം എന്നില്ല. പരാജയപ്പെടുന്ന സമരങ്ങളും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത് മനസ്സിലാക്കണമെങ്കില്‍ വേറെ എങ്ങും പോകേണ്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം മാത്രം വായിച്ചാല്‍ മതിയാകും.

ഈ ഒരു ബോധത്തോട് കൂടി വേണം ഇടതുപക്ഷമുന്നണി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ നടത്തുന്ന സമരത്തെ കാണാന്‍. സെക്രട്ടറിയേറ്റ് സമരമായാലും, കരിങ്കൊടി സമരമായാലും, ഉപരോധ സമരമായാലും മറ്റെന്ത് സമര രീതികളായാലും അതിന്റെ പ്രത്യക്ഷ നേട്ടത്തെ നോക്കിയല്ല ആ സമരം വിലയിരുത്തേണ്ടത്. ഇത് വിലയിരുത്തുന്നവര്‍ക്ക് അറിയാഞ്ഞിട്ടില്ല അതും ബോധപൂര്‍വ്വം തന്നെയാണ്. ജനങ്ങളെ നിരാശരാക്കുക പ്രതീക്ഷക്ക് വകയില്ലാത്തവരാക്കുക. അപ്പോള്‍ അവരുടെ പ്രതിഷേധവും ആവേശവും എല്ലാം കെട്ടടങ്ങിക്കൊള്ളും എന്ന് ഇവര്‍ വ്യാമോഹിക്കുന്നു.

ഇതിന്റെ ഭാഗമായിട്ടുള്ള കൊണ്ട് പിടിച്ച പ്രചാരണങ്ങള്‍ നടത്തുന്ന ചാനലുകളും പത്രങ്ങളും ഏതൊക്കെയാണെന്നും അത്തരം പ്രസ്താവനകള്‍ ഇറക്കുന്ന രാഷ്ട്രീയക്കാര്‍ ആരൊക്കെയാണെന്നും നിങ്ങള്‍ സ്വയം മനസ്സിലാക്കുക. അവരെ തിരിച്ചറിയുക. ഒപ്പം വരാനിരിക്കുന്ന സമരമുഖങ്ങളില്‍ നിങ്ങള്‍ സജീവ സാന്നിധ്യമാവുമെന്നു സ്വയം ഉറപ്പു വരുത്തുക.

ഒരു കാര്യം മനസ്സില്‍ ഉറപ്പ് വരുത്തുക. കരയുന്ന കുഞ്ഞിനെ പാലുള്ളൂ സ്വന്തം അമ്മയില്‍ നിന്ന് പോലും !!

നമുക്ക് എന്തെങ്കിലും ലഭിക്കണമെങ്കില്‍ നമ്മള്‍ സമരം ചെയ്യണം. ഇല്ലെങ്കില്‍ നമ്മള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അവകാശങ്ങള്‍ പോലും അവര്‍ കവര്ന്നെടുക്കും. എങ്ങിനെ ഏതൊക്കെ വിധത്തില്‍ എന്നാണെങ്കില്‍. നിങ്ങള്‍ക്ക് ലഭിക്കുന്ന സബ്സിഡികള്‍ എടുത്ത് കളയും ഗ്യാസിന്റെ വില സബ്സിഡി എടുത്ത് കളയുന്നതോടെ രണ്ടായിരത്തിനടുത്ത് വരും. ഭക്ഷ്യ സുരക്ഷ പ്രകാരം മൂന്നു രൂപയുടെ അരി തന്നിട്ട് രണ്ടായിരം രൂപ വരുന്ന ഗ്യാസ് സിലിണ്ടര്‍ വാങ്ങി ചോറ് വെക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എങ്ങിനെ വെക്കും? അപ്പോള്‍ ഈ ഭക്ഷ്യ സുരക്ഷ കൊണ്ട് നിങ്ങള്‍ക്കെന്ത്‌ നേട്ടം? നിങ്ങളുടെ കുട്ടികള്‍ക്ക് സ്കൂളിലും കോളേജിലും പോകുന്നവര്‍ക്ക് ലഭിക്കുന്ന യാത്രാ കണ്‍സെഷന്‍ എടുത്ത് കളഞ്ഞാല്‍ അവരും മുഴുവന്‍ ടിക്കറ്റ് കൊടുക്കേണ്ടി വരും. അങ്ങിനെ നിങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഓരോന്ന് ഓരോന്നായി കവര്ന്നെടുക്കുമ്പോള്‍ നിങ്ങള്‍ നിശ്ശബ്ദം പ്രതികരിക്കാതിരിക്കുകയാണോ വേണ്ടത്? അതോ അതിനെതിരെ സമര മുഖത്തേക്ക് ഇറങ്ങുകയാണോ വേണ്ടത്?

അങ്ങിനെ സമര മുഖത്തേക്ക് പോകുന്ന നിങ്ങള്‍ നിങ്ങളുടെ ഒറ്റ സമരം കൊണ്ട് ഇതൊക്കെ പരിഹരിക്കപ്പെടും എന്ന വ്യാമോഹത്തോടെയാണോ പോകേണ്ടത് അല്ല നിരന്തര പോരാട്ടത്തിലൂടെ അത് നെടിയെടുക്കാം എന്ന ചിന്തയോടെയാണോ? നിങ്ങള്‍ സ്വയം തീരുമാനിക്കുക.

Share.

About Author

134q, 0.542s