Leaderboard Ad

സര്‍ അലെക്സ് ഫെര്‍ഗൂസന്‍ അഥവാ കാല്‍പ്പന്തുകളിയിലെ ഒരു യുഗം

0

അലെക്സ് ഫെര്‍ഗൂസന്‍  2013 മെയ്‌ മാസം 20-ആം തീയതി മാഞ്ചെസ്റ്റർ യുണൈറ്റഡ് എഫ്.സി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോംവിച്ചിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ആ കളിയുടെ ഫലം എന്ത് തന്നെയായിരുന്നാലും അത് അപ്രസക്തമായിരുന്നു, ആ കളി ഒരു യുഗത്തിന്‍റെ അവസാനമായിരുന്നു, കാല്‍പ്പന്ത്‌ കളിയില്‍ നിറഞ്ഞു നില്‍ക്കുന്ന നാടകീയതയുടെ, അടങ്ങാത്ത പകയുടെ, നിറഞ്ഞു തുളുമ്പുന്ന ആവേശത്തിന്‍റെ ഒരു പതിപ്പിന്‍റെ അവസാനം, സര്‍ അലെക്സ് ഫെര്‍ഗൂസന്‍ എന്ന ഒരു കാലഘട്ടത്തിന്‍റെ അവസാനം, ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണാന്‍ കഴിയും

മറ്റുള്ള കളികളിലെ പോലെ ഒട്ടും എളുപ്പമല്ല ഫുട്ബോളില്‍ ഒരു കോച്ചിന്‍റെ(മാനേജര്‍) ഉത്തരവാദിത്വങ്ങള്‍. കളിക്കാരെ പരിശീലിപ്പിക്കുന്നതിന് ഒപ്പം തന്നെ നല്ല ഗെയിം പ്ലാനുകള്‍ ഉണ്ടാക്കുന്നതും ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുക്കേണ്ടതും അവരില്‍ നിന്നും ഗെയിം പ്ലാനിന് ചേര്‍ന്ന കളിക്കാരെ കളത്തില്‍ ഇറക്കേണ്ടതും അവസാന വിസില്‍ അടിക്കും വരെ കളത്തില്‍ ഉള്ളവരുടെയും ബെഞ്ചില്‍ ഇരിക്കുന്നവരുടെയും ആവേശം ചോര്‍ന്നു പോകാതെ നോക്കേണ്ടതും അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഒരു മാനേജരുടെ ചുമതലയാണ്. കളിക്കാര്‍ ചെയ്യുന്ന ഒരു ചെറിയ തെറ്റിന് പോലും മാനേജര്‍ പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരും. മികച്ച താരങ്ങള്‍ ഒരുപാടുള്ള ഒരു ടീമിന്‍റെ കോച്ച് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അവരില്‍ ഏതു കളിക്കാരെ ആദ്യം കളത്തിലിറക്കും എന്നത്, ആ പ്രശ്നം നേരിടാന്‍ കഴിഞ്ഞതാണ് ഫെര്‍ഗൂസന്‍റെ ഏറ്റവും വലിയ വിജയം എന്ന് തോന്നുന്നു.

ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ കാണുന്ന ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഏറ്റവുമധികം ആരാധകര്‍ ഉള്ള ക്ലബ്‌ ആണ് “റെഡ് ഡെവിള്‍സ്” എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മാഞ്ചെസ്റ്റെര്‍ യുണൈറ്റഡ്, ആ ക്ലബ്ബിന്‍റെ മാനേജര്‍ ആയി 1986 സീസണില്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ഫെര്‍ഗൂസന് മുന്‍പില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു, നല്ല കളിക്കാര്‍ ഒട്ടനവധി ഉണ്ടായിട്ടും അവരെ നിയന്ത്രിക്കാനാകുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ലീഗില്‍ പിന്തള്ളപ്പെട്ടു പോയ ക്ലബ്ബിനെ രക്ഷിച്ചെടുക്കണം, അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു. അച്ചടക്കനടപടികള്‍ ശക്തമാക്കിയ ഫെര്‍ഗൂസന്‍ ആ സീസണില്‍ 21-ആം സ്ഥാനത് കിടന്ന ക്ലബ്ബിനെ 11ആം സ്ഥാനത്തെത്തിച്ചു. മോശം കളിക്കാരെയും ഫോമില്‍ ഇല്ലാതിരുന്ന കളിക്കാരെയും ഒഴിവാക്കി പുതിയ ട്രാന്‍സ്ഫറുകള്‍ നടത്തിയ ഫെര്‍ഗൂസന്‍ അതിനടുത്ത സീസണില്‍ ക്ലബ്ബിനെ പരമ്പരാഗതവൈരികളായ ലിവര്‍പൂളിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ബാക്കിയെല്ലാം ചരിത്രമാണ്‌, അവഗണിക്കാന്‍ ആകാത്ത ചരിത്രം. ചുവന്ന ചെകുത്താന്മാര്‍ അക്ഷരാര്‍ഥത്തില്‍ ആ പേര് അന്വർത്ഥമാക്കുകയായിരുന്നു. 38 കിരീടങ്ങള്‍, അതില്‍ 13 പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ 2 പ്രാവശ്യം ചാമ്പ്യന്‍സ്‌ലീഗ് ലീഗ് കിരീടം, രണ്ട് വർഷം യൂറോപ്പിലെ പ്രമുഖ മൂന്ന് കിരീടങ്ങള്‍ നേടിയ ടീം(പ്രീമിയർ ലീഗ് ടൈറ്റിൽ, യു ഇ എഫ് എ ചാമ്പ്യൻസ് ലീഗ് പിന്നെ എഫ് എ കപ്പ്‌.

വന്‍തുക മുടക്കി മറ്റ് ക്ലബ്ബുകളില്‍ നിന്നും കളിക്കാരെ വാങ്ങുക എന്നൊരു ഏര്‍പ്പാട് ഫെര്‍ഗൂസന്‍ കുറച്ചിരുന്നു, ക്ലബ്ബിന്‍റെ ജൂനിയര്‍ ടീമിലൂടെ മികച്ച കളിക്കാരെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഫെര്‍ഗൂസന്‍ മുന്‍കയ്യെടുത്തു. അവരെ മറ്റുള്ള ക്ലബ്ബുകള്‍ക്ക് കൈമാറുന്നതിലൂടെ വന്‍വരുമാനം ഉണ്ടാക്കാനും ക്ലബ്ബിന് കഴിഞ്ഞു. ഫെര്‍ഗൂസന്‍ കളിപഠിപ്പിച്ച കുട്ടികളെ വാങ്ങാന്‍ ക്ലബ്ബുകള്‍ മത്സരിക്കാന്‍ തുടങ്ങി, “”FERGIE’S FLEDGLING’S”” എന്നൊരു പ്രയോഗം പോലും നിലവില്‍ വന്നു.അവരില്‍ മികച്ചവരെ മറ്റുള്ളവര്‍ക്ക് കൊടുക്കാതെ സ്വന്തം ടീമില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്തു. തന്‍റെ പതിനേഴാം വയസ്സില്‍(1990) സീനിയര്‍ ടീമില്‍ കളിയാരംഭിച്ച റയാന്‍ ഗിഗ്ഗ്സും(RYAN GIGGS) 1995ഇല്‍ സീനിയര്‍ ടീമില്‍ കളിയാരംഭിച്ച പോള്‍ ഷോള്സും(PAUL SCHAULS) ഇന്നും മാഞ്ചെസ്റ്റര്‍ വിട്ടിട്ടില്ല, അവര്‍ക്കതിന്‍റെ ആവശ്യം ഇല്ലായിരുന്നു, താരജാടകള്‍ ഇല്ലാത്ത നന്നായി കളിക്കുന്ന ഏതൊരു കളിക്കാരനും ഫെര്‍ഗിയുടെ ടീമില്‍ സ്ഥാനം സുരക്ഷിതമായിരുന്നു. ഫോമില്‍ അല്ലാതിരുന്നു എന്ന കാരണത്താല്‍ ഡേവിഡ്‌ ബെക്കാം, നിസ്ടല്‍ റൂയ് തുടങ്ങിയ കുറെയധികം സൂപ്പര്‍ താരങ്ങള്‍ക് ടീമില്‍ സ്ഥാനം നഷ്ടമാകുകയും ചെയ്തു.

അലെക്സ് ഫെര്‍ഗൂസന്‍

കളിക്കാരന്‍ എന്ന നിലയില്‍ അധികമൊന്നും നേട്ടങ്ങള്‍ സ്വന്തമായി ഇല്ലാത്ത ഒരാളായിരുന്നു ഫെര്‍ഗൂസന്‍. 1957ഇല്‍ QUEEN’S PARK എന്ന ക്ലബ്ബില്‍ സ്ട്രൈക്കെര്‍ ആയിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്, സ്ഥിരമായി ഒരു ക്ലബ്ബില്‍ സ്ഥാനമുറപ്പിക്കാന്‍ ഫെര്‍ഗിക്ക് കഴിഞ്ഞിരുന്നില്ല. ഇടക്കൊന്ന് ദേശീയ ടീമില്‍ മുഖം കാണിക്കാന്‍ കഴിഞ്ഞു എന്നതൊഴിച്ചാല്‍ ഫെര്‍ഗിയുടെ കരിയര്‍ ഒരു പരാജയം ആയിരുന്നു. കളിയില്‍ നിന്നും വിരമിച്ച ശേഷം 1974ഇല്‍ EAST STRINGSHIRE എന്ന ടീമിന്‍റെ മാനേജര്‍ ആയിട്ടായിരുന്നു കോച്ചിംഗ് രംഗത്ത്‌ തുടക്കം കുറിക്കുന്നത്, 1986 ലെ SCOTLAND ടീമിന്‍റെ മാനേജര്‍ സ്ഥാനത്ത് നിന്നും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബില്‍ എത്തി, അതിന് ശേഷം ഫെര്‍ഗിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല, ഇന്നിവിടെ 2013ഇല്‍ എത്തിനില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മികച്ച മനേജര്‍ക്കുള്ള പുരസ്ക്കാരം നേടിയ കോച്ചാണ് ഫെര്‍ഗൂസന്‍, ഏറ്റവുമധികം കാലം ഒരു ടീമിനെ നിയന്ത്രിച്ചയാള്‍ ഏറ്റവുമധികം തവണ മൂന്ന്‍ കിരീടങ്ങളും ഒരു വർഷം നേടിയ കോച്ച്, സര്‍, KNIGHT പുരസ്കാരങ്ങള്‍ അങ്ങനെ ഒരുപാടൊരുപാട് പുരസ്കാരങ്ങള്‍ ഫെര്‍ഗിയെ തേടിയെത്തി, ഇതിലെല്ലാമുപരി ലോകം മുഴുവന്‍ നിറഞ്ഞുകിടക്കുന്ന ആരാധകവൃന്ദവും.

എവിടെയോ വായിച്ച ഒരു ലേഖനം ഓര്‍മ്മ വരുന്നു. ഒരു കുട്ടിയോട് ഒരാള്‍ ചോദിക്കുന്നു “ആരാകാനാണ് ഇഷ്ടം?”
കുട്ടി പറഞ്ഞു ““ഫെര്‍ഗൂസന്‍””
“അതെന്താ ഫെര്‍ഗൂസന്‍? റൊണാള്‍ഡോ, മെസ്സി, ബെക്കാം അങ്ങനത്തെ കളിക്കാര്‍ ആകാനല്ലേ ആഗ്രഹിക്കേണ്ടത്?”
“റൊണാള്‍ഡോ, ബെക്കാം അവരൊക്കെ എത്ര നാള്‍ ഉണ്ടായിരുന്നു മാഞ്ചെസ്റ്ററില്‍? അവരൊക്കെ വന്ന പോലെ പോയില്ലേ? എന്നിട്ട് ഫെര്‍ഗി പോയോ?”

Image Courtesy : വിക്കിപീടിയ, ഐക്കണ്‍ ആർചീവ്

Share.

About Author

146q, 0.796s