Leaderboard Ad

സാക്ഷി

0

“മുഹമ്മദെ?”
“ഉം ..ആരാണ്”
രൂപം പെട്ടെന്ന് മനസ്സിലായില്ല,ദാ‍വണിയും പാവടയും ഉടുത്ത് മുടി സൈഡിലേക്ക് ചീകി വെച്ച് ബുക്ക് മാറത്ത് ചേർത്ത് എന്നെ നോക്കി ചിരിച്ച് നിൽക്കുന്ന സുന്ദരി.
ഇരു നിറമാണ് അവൾക്ക് എങ്കിലും മെലിഞ്ഞ് നീണ്ട മൂക്കും അൽ‌പ്പം വലിയ കണ്ണുകളും അവളെ സുന്ദരിയാക്കിയിട്ടുണ്ട്
“എന്നെ അറിയുമോ അറിയില്ലായിരിക്കും താനൊക്കെ വലിയ ആളായില്ലടോ പേർഷ്യക്കാരനല്ലേ..” ഒറ്റവാക്കിൽ അവൾ പറഞ്ഞുതീർത്തു
“മനസ്സിലാ‍യീ.. ലക്ഷ്മിക്കുട്ടിയല്ലേ..?”
“ഓ ഭാഗ്യം മറന്നില്ലല്ലോ..!”
“എന്താ ഇവിടെ..?”
“ഞാൻ സ്ക്കൂളീൽ വന്നതാണ് ഒന്ന് കാണാൻ നമ്മുടെ പഴയ ടീച്ചർമാർ അങ്ങിനെ ആരെക്കൊയ്യോ ഇവിടെ ഉണ്ടാവുമല്ലോ..”!
പഠനക്കാലത്തെ ജീവിതത്തെ എപ്പോഴും ഓർക്കാറുണ്ട്,എത്ര മനോഹരമായിരുന്നു ആ കാലം.. അതോർക്കുന്നതുതന്നെ ഒരു സുഖമാണ്..
മനസ്സ്, കൈവെള്ളയിലൂടെ എന്നോ വഴുതിപോയ കൌമാരത്തെ തിരികെ ഓർക്കാൻ ശ്രമിക്കുന്നു കൌമാരകിനാക്കളെയും.
“താൻ വീട്ടിലേക്കാണോ..?“
“അതെ ബസ്സിനു കാത്തുനിൽക്കുകയാണ്..”
“എടോ നമ്മുക്ക് നടന്നാലോ..?“
അവളുടെ സമ്മതങ്ങൾ കാത്തുനിൽക്കാതെ ഞാൻ നടന്നു.. ഒരു സ്വപ്നാടകയെന്നപോലെ എന്നെ തുടർന്ന് അവളും.. കാറ്റിന്റെ അത്ര വേഗത്തിൽ, ഇന്നലത്തെ മഴയുടെ ചെളി തെറിപ്പിച്ച് ബസ്സ് ഡബിൾ ബെല്ലടിച്ച് പാഞ്ഞ് പോയീ… ബസ് ബാക്കി വെച്ച കാറ്റ് മുഖത്ത് തലോടലായി നിന്നു..ഇടവഴികൾ പിന്നിട്ട് ഇനി നോക്കത്താ ദൂരത്ത് പാടമാണ്, പാടത്തിനുമപ്പുറത്ത് ആണ് അവളുടെ വീട്…
പ്രവാസം തുടങ്ങിയിട്ട് 5 വർഷം.. നേരെത്തേ നാടുവിട്ടു.. പ്രാരാബ്ദങ്ങൾ ഇല്ലാഞ്ഞിട്ടും.. 5 വർഷം മണൽകാറ്റേറ്റ് കിടന്നു.. പോവണ്ടായിരുന്നു..
കാലം അതിന്റെ കിരാതഭാവത്തിലെന്ന് തോന്നുന്നു- രൂപത്തിലും ഭാവത്തിലും ഭാഷയിലും ആളുകൾ മാറിയിരിക്കുന്നു..
പീഡനങ്ങൾ
പിതാവിന്റേയും പുത്രന്റേയും പേരിലും മാത്രമല്ല അദ്ധ്യപകരുടെ പേരിലും ലേഖനമാവുന്നു.. ഏറെ കഷ്ടപെടേണ്ടിവന്നു ഡ്രിൽ ടീച്ചർക്ക് പഴയ ‘കേടി മുഹമ്മദി‘നെ തിരിച്ചറിയിപ്പിക്കാൻ
ടീച്ചറുടെ ഭാഷയിൽ അദ്ധ്യാപകരെ കമന്റ് അടിക്കുന്ന അഞ്ചാംക്ലാസുക്കാരുപോലും ഉണ്ടെത്രെ…
ലക്ഷ്മിയുടെ വിവരണത്തിൽ ഇതെല്ലാം ചെറുതെത്രെ..! പാടത്തേക്കിറങ്ങി മത്ത് പിടിപ്പിക്കുന്ന ചെളിയുടെ മണം…ഞാറുകൾ നല്ല പച്ചപ്പിൽ ന്യത്തം വെക്കുന്നു കാറ്റിന്റെ താളം അവർ ആസ്വാദിക്കുന്നതുപോലെ… വലിയ കുഴലിലൂടെ വെള്ളം കണ്ടങ്ങളിൽ നിന്ന് കണ്ടങ്ങളിലേക്ക് സ്വയം പടരുന്നു, വെള്ളത്തിന്റെ ശബ്ദം കാതിനൊരുതരാട്ടാവുന്നു… അവിടെ ഞാൻ പരൽ മീനുകളെ കണ്ടോ..!!
ഞങ്ങൾ നിശബ്ദരായിരിക്കുന്നു… ഇനി പാടത്തിനു കുറുകെ ഒറ്റവരമ്പാണ് ഞാൻ യോദ്ധാവിനെ പോലെ മുന്നിൽ, പിന്നിൽ സന്തോഷങ്ങൾ മുഖത്ത് മിന്നായമാക്കി ലക്ഷ്മിക്കുട്ടി.. അടുത്ത ഇടവഴിയുടെ മുഖത്ത് എത്തുമ്പോൾ അവളിലൊരു കള്ളചിരി പടർന്നോ..?
“മുഹമ്മദെ ഈ കുളം ഓർമ്മയുണ്ടോ..? പോട്ടെ ഈ മാവ് നീ മറക്കില്ല..!“
ഏറ്റവും ഉയരത്തിലെ കൊമ്പിലെ മാങ്ങ വീഴ്ത്തുന്ന കേടി മുഹമ്മദ് കൂട്ടുക്കാർക്കിടയിലെ കേമനാണ്.. കുളത്തിലെ നീരാട്ടും മാവിലെ എത്താകൊമ്പിലെ മാങ്ങയും.. വീട്ടിലെ കേൾവിക്കേട്ട മാവിനേക്കാൾ രുചി എറിഞ്ഞുവീഴ്ത്തുന്ന ഈ കണ്ണൻ മാങ്ങക്കുണ്ടയിരുന്നു..
പറമ്പുക്കാരന്റെ പരാതിയിൽ, കേടി എന്ന പേരിനെപ്പം ഉപ്പാടെ തല്ലും ഉമ്മാടെ ശകാ‍രവും… ഉമ്മ മനസ്സിലൊരു ഓർമ്മയായി.. വേദനയായി
ഇടവഴി.. നീണ്ടുനിവർന്ന് കിടക്കുന്നു വേലിയിൽ തെറിച്ചുനിൽക്കുന്ന മുള്ളുകളോ പടർപ്പുകളോ തട്ടാതിരിക്കാനോ എന്തോ ലക്ഷ്മി ഇപ്പോൾ എന്നോട് ചേർന്ന് നടക്കുകയാണ്… ഇടവഴി ദീർഘിച്ച മൌനം മാത്രം.. “ലക്ഷ്മി.. അമ്മയുടെ വിവരങ്ങൾ.. തിരുമേനി വരാറുണ്ടോ..?”
ആ ചോദ്യങ്ങൾ വേണ്ടായിരുന്നു … മുഖം ദാവണിതുമ്പിൽ മറക്കുന്നു.. വിതുമ്പൽ.. സവർണ്ണന്റെ അവർണ്ണവെറി… ജന്മം കരയാൻ മാത്രമാവുന്നു. യാത്ര, ഒരക്ഷരവും ബാക്കിയില്ലാത്ത യാത്ര.. ആകെയുള്ളത് വല്ലാതെ പടർന്ന മൌനം മാത്രം… വാക്കുകൾ കടം കിട്ടാൻ പോലുമില്ലാത്ത നിമിഷങ്ങൾ.. വിതുമ്പലെപ്പോഴെ കരച്ചിലായോ..?
“സാരമാക്കേണ്ട.. ലക്ഷ്മി.. എന്ത് സഹായം ചെയ്യാൻ ഞാൻ തെയ്യാറാണ് കുട്ട്യേ..”
“സഹായം… നാട്ടുക്കാർക്ക് പറഞ്ഞ് പരത്താൻ ഒരു കഥകൂടെ.. അമ്മയെ തിരുമേനി സഹായിച്ചു.. മകളെ ഇതാ മാപ്പിള സഹായിക്കുന്നു.. എന്റേ മുഹമ്മദേ…ഒരു പേർഷ്യൻ പാവടയും സ്പ്രേയും പൂതിയില്ലാത്ത ആളൊന്നുമല്ല ഞാൻ …പേടിച്ചിട്ടാടോ… എല്ലാ ആഗ്രഹങ്ങളും നെഞ്ചിൽ പൂഴ്ത്തിവെക്കുന്നത്…”
ലക്ഷ്മി പൊട്ടിത്തെറിച്ചിരിക്കുന്നു… ഞാൻ കണ്ട നാണം കുണിങ്ങിയിൽ നിന്ന് അനുഭവങ്ങൾ ഇത്തരത്തിൽ അവളെ മാറ്റിയിരിക്കുന്നു..
ഇടവഴി തീർന്നു അടുത്ത പാടം തുടങ്ങുകയായി.. ഈ പാടത്തിനപ്പുറത്ത് ആണ്.. ലക്ഷിയുടെ വീട്.. ഒരു ചായ്പ്പ് എന്ന് പറയുന്നതായിരിക്കും.
“തിരുമേനി അത് ദൈവത്തിനെ വിളിക്കുന്നതല്ലേ മുഹമ്മദേ.. അയാൾ തിരുമാലിയാണ്.. തിരുമാലി.., മാനം കട്ട് കൊണ്ടുപോകുന്ന കള്ള തിരുമാലികൾ..”
അമ്മയും ഭാര്യയും സഹോദരിയുമായ സ്ത്രീ ഏത് കാലഘട്ടത്തിലും സംരക്ഷിക്കപെടേണ്ടവൾ ആണ്,നിയമവും കാഴ്ച്ചപാടുകളും അതാണ് ശരിവെക്കുന്നത് എന്നാൽ ലക്ഷിക്കുട്ടിയുടെ കാര്യത്തിൽ-
ജാതിയുടേയും പ്രമാണിത്ത്വത്തിന്റെയും മേൽക്കൊയ്മ എല്ലാം തകിടം മറച്ചു.. പിതാവിന്റെ സ്വത്തിനോ സംരക്ഷണത്തിനോ യാതൊരുവിധ അവകാശങ്ങളും പറയാനാവാത്ത ജാരസന്തതികൾ.. സംബന്ധങ്ങളുടെ അസംബന്ധങ്ങളായി എത്രയെത്ര അനാഥരായ ലക്ഷ്മിക്കുട്ടിമാർ,
ഞങ്ങളുടെ യാത്ര തീരാറായി,നെഞ്ചിൽ വേദനകളുടെ ഗദ്ഗദങ്ങൾ .. ഇനി ഈ തോടുക്കൂടെ കടക്കണം അക്കരെ അവൾക്കെത്തണമെങ്കിൽ, അവളുടെ കണ്ണിൽ യാത്രമൊഴി, മാറിടം ഇപ്പോഴും വിതുമ്പെലെന്ന പോലെ ഉയർന്നു താഴുന്നു..
കുറുകെയിട്ട കവുങ്ങിലൂടെ അപ്പുറത്തേക്കുള്ള സഹാസശ്രമങ്ങൾ, അപ്പുണ്ണിയുടെ വല മീനിനെ കാത്ത് വെള്ളത്തിൽ അക്ഷമയോടെ പൊന്തിതാഴുന്നു.. ദാരിദ്രത്തിന്റെ പൊട്ടിയ വലകണ്ണികളും കാണാം… പൊട്ടിയ വലകൾ മീനുകളുടെ അതിജിവനത്തിന്റെ വഴികളാണ്..,
വീഴാതിരിക്കാൻ വഴുക്കലിൽ നിന്ന് രക്ഷപെടാനെന്ന പോലെ എന്റെ കൈയ്യിൽ പിടിച്ച് ലക്ഷിക്കുട്ടി അക്കരയിലേക്ക്-
കണ്ണിൽ നിന്ന് ലക്ഷ്മിയുടെ കണ്ണുകൾ മറഞ്ഞു.. അവൾ നടന്നു നീങ്ങി ഒരിക്കൾ പോലും തിരിഞ്ഞുനോക്കാതെ
അവളുടെ പാവടപുള്ളികൾ കണ്ണിൽ നിന്ന് മറയുന്നതുവരെ, അവിടെ നിന്നു, പിന്നിൽ, സന്ധ്യ ഇരുട്ടായി വളർന്നിരുന്നു

Share.

About Author

145q, 0.642s