Leaderboard Ad

സീമാസ് സമരം : ചാരം നീങ്ങുന്ന തീക്കനല്‍

0
ആലപ്പുഴ സീമാസിലെ സമരം വിജയിച്ചിരിക്കുന്നു. ഒരു സ്ഥാപനം കൂടി പൂട്ടിക്കാനൊ ഈ സമരമെന്ന്  പരിഹസിച്ചവർക്ക് സമരം കൊണ്ട്  തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളുടെ പട്ടിക പരിശോധിക്കാം. ആർഭാടമായൊ അനർഹമായതൊ  എന്തെങ്കിലും  ഉണ്ടോ  എന്ന് പരിശോധിക്കാം. സിപിഐഎം നേതൃത്വം കൊടുത്തു എന്നത്  കൊണ്ട് മാത്രം സമരത്തെ തള്ളിപ്പറഞ്ഞവർക്ക്  നമോവാകം. അവർ മരുന്നില്ലാത്ത  രോഗത്തിന് അടിമപെട്ടിരിക്കുന്നു.
കാശ് മുടക്കുന്നവന്റെ ഇഷ്ടം പോലെ സ്ഥാപനം നടത്താം എന്ന ഒരു മനോഭാവം മലയാളക്കരയെ ചുരുങ്ങിയ കാലം കൊണ്ട്  ഗ്രസിച്ചിട്ടുണ്ട്. മഹത്തായ  അവകാശപ്പോരാട്ടങ്ങൾക്ക്  സാക്ഷ്യം നിന്ന മണ്ണിൽ  അങ്ങിനെയൊരു ചിന്ത വളരുന്നത്‌  വലിയ ദുസ്സൂചനയാണ് നല്കുന്നത്. ജോലിക്ക് കയറുമ്പോൾ തന്നെ അറിയില്ലേ ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന്, പറ്റില്ലെങ്കിൽ ഇട്ടെറിഞ്ഞു പറ്റുന്ന തൊഴില ചെയ്തൂടെ.. എന്നൊക്കെയുള്ള  ചോദ്യങ്ങൾ  ഈ സമര കാലത്തിനിടക്ക്  മുഴങ്ങിക്കേട്ടിരുന്നു.  അവർ പറയുന്നത്  ശരിയാണ്, പക്ഷെ ജനാധിപത്യ രാജ്യത്തിനു ഭൂഷണമായ ശരിയല്ല അത്. ജനാധിപത്യ രാജ്യത്ത്  ഓരോ വ്യക്തിക്കും ചില മാനുഷിക അവകാശങ്ങൾ ഉണ്ട്. ആ അവകാശങ്ങൾ നിഷേധിച്ചു കൊണ്ട് സ്ഥാപനം ജോലി വാഗ്ദാനം ചെയ്യുന്നത് ചോദ്യം ചെയ്യപ്പെടെണ്ടാതാണ്. മാനുഷിക മൂല്യങ്ങളിൽ നിബന്ധനകൾ വെച്ച് കൊണ്ട്  തൊഴിലുടമ  തൊഴിലിടം വിഭാവനം ചെയ്യുകയാണെങ്കിൽ അത് ആ സ്ഥാപനത്തിന്റെ അവകാശമല്ല എന്ന് ചുരുക്കം. അത്തരം തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്താനും തടയാനും ജനാധിപത്യപരമായി ഇടപെടാനും  ഭരണകൂടത്തിനു സംവിധാനങ്ങളുണ്ട്. നമ്മുടെ കേരളത്തിന്‌  സ്വന്തമായി തന്നെ തൊഴില നിയമങ്ങളും  തൊഴിൽവകുപ്പും മന്ത്രിയും പരിവാരങ്ങളുമുണ്ട്.
അത്തരം സംവിധാനങ്ങൾ എല്ലാം നോക്കുകുത്തികൾ ആകുമ്പോൾ മാത്രമാണ് തൊഴിലാളികൾക്ക് മുഷ്ടി ചുരുട്ടി പ്രതിഷേധിക്കേണ്ടി വരിക. കേരളത്തിലെ സംഘടിതതൊഴിലാളി പ്രസ്ഥാങ്ങൾക്ക് നിയമവ്യവസ്ഥയും സംവിധാനങ്ങളും നിലനില്ക്കെ തന്നെ  അവകാശങ്ങള്ക്ക് വേണ്ടി തെരുവിൽ  ഇറങ്ങേണ്ടി  വന്നിട്ടുണ്ട്. അവകാശപെട്ടത്  തന്നെയായിട്ടും  നേടിയെടുക്കാൻ രക്തം ചിന്തേണ്ടി വന്നിട്ടുണ്ട്. സംഘടിത  തൊഴിലാളിക്ക്പോലും സുഗമമായി നല്കാൻ  മടിക്കുന്ന  അവകാശങ്ങൾ അസംഘ്ടിതർ ആയവര്ക്ക്  എങ്ങനെയാണ്  ലഭിക്കുക . കേരളത്തിൽ  വലിയ  വ്യവസായ ശാലകൾ വിരളമാണ്. ഭൂരിപക്ഷം തൊഴിലാളികളും  ആശ്രയിക്കുന്നത്  ചെറുകിട വ്യാപാര വ്യവസായ ശാലകൾ ആണ്. ഇത്തരം സ്ഥാപനങ്ങളിൽ  പണിയെടുക്കുന്ന തൊഴിലാളികൾ സിംഹഭാഗവും  അസംഘടിതരാണ്. മുതലാളി അറിഞ്ഞു കൊടുക്കുന്ന ശംബളതിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കാത്തവനുമാണ്.  എപ്പോഴും പിരിച്ചുവിടൽ ഭീഷണിക്ക് വശംവദരായവരാണ് . അവകാശങ്ങളെ പറ്റിയുള്ള ബോധ്യംപോലും  കഞ്ഞികുടിമുട്ടിക്കുമെന്ന ഭീതിയിൽ കഴിയുന്നവരാണ്. തീര്ച്ചയായും അത്തരമൊരു ബന്ധമല്ല തൊഴിലാളികള്ക്ക് ഉടമകളുമായി ജനാധിപത്യം വിവക്ഷിക്കുന്നത്. തൊഴിലാളികൾ ഒരു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമൂഹമാണ്. ആരോഗ്യമുള്ള തൊഴിലാളികൾ  ആണ് ആരോഗ്യമുള്ള രാഷ്ട്രത്തിന്റെ  അടയാളം. രാഷ്ട്ര നിർമ്മാണത്തിന്റെ മുഖ്യ പങ്കുവഹിക്കുന്നത് തൊഴിലാളികളാണ്. ആ നിലക്ക് പൂജ്യനീയമായ കടമ നിർവ്വഹിക്കുന്നവരാണ് നിരവധി പ്രതിസന്ധികൾക്ക്  നടുവിലും  തൊഴിലാളികൾ. അതുകൊണ്ട് തന്നെ തോലിലാളികൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷയും മാന്യമായ തൊഴിൽ  സാഹചര്യങ്ങളും സൃഷ്ടിക്കേണ്ടത്‌ അല്ലെങ്കിൽ ഉറപ്പു വരുത്തേണ്ടത്  രാഷ്ട്രത്തിന്റെ ബാധ്യതയാണ്.  പലപ്പോഴും തൊഴിലിടങ്ങളിൽ  ഭരണകൂടം ചൂഷകനു കുടപിടിക്കുന്ന നിലപാടുകൾ സ്വീകരിക്കുമ്പോൾ തൊഴിലാളിക്ക് ശബ്ദമുയര്തെണ്ടി വരും. നീതിക്കായുള്ള ശബ്ദം. ആ ശബ്ദത്തിനു മുഴക്കം പോരാതെ അവഗണിക്കപ്പെടുന്ന  സാഹചര്യം കൂടി നിലനില്ക്കുന്നത് കൊണ്ടാണ് തൊഴിലാളികൾക്ക്  സംഘടിത രൂപം ആവശ്യമായി വരുന്നത്. സംഘടിത തൊഴിലാളിയുടെ ശബ്ദത്തിനു ചെവികൊടുക്കാതിരിക്കാൻ തൊഴിലുടമക്കോ ഭരണകൂടതിനോ സാധിക്കില്ല.
തൊഴിലാളികളുടെ സംഘടിതരൂപത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നതാണ്  സീമാസിലെ തൊഴിലാളി സമരത്തിന്റെ ചിത്രം. പ്രതികരണങ്ങൾ ഉയരുന്നില്ല എന്നതിന് മറ്റു സ്ഥാപനങ്ങളിൽ ചൂഷണം നടക്കുന്നില്ല എന്നര്തമില്ല. ഒറ്റപ്പെട്ട ശബ്ദങ്ങൾ  വളരെ എളുപ്പം അടിച്ചമാര്തപ്പെടുന്നു എന്നെയുള്ളൂ. ഭരണകൂടം തന്നെ മുൻകയ്യെടുത്തു അസംഘടിത തൊഴിലാളികൾക്ക് സംഘടിതരാകാനുള്ള അവസരം നല്കണം. അവർ അനുഭവിക്കുന്ന തീവ്രമായ മനുഷ്യാവകാശ ലംഘനങ്ങളെ ഉൾക്കൊള്ളണം. ന്യായമായ തൊഴില സാഹചര്യങ്ങൾ ഒരുക്കാൻ സ്ഥാപന ഉടമകള്ക്ക് അന്ത്യശാസനം നല്കണം.  തൊഴിൽ മന്ത്രാലയത്തിൽ എല്ലാ തൊഴിലാളികളെയും രെജിസ്റെർ ചെയ്യാനുള്ള  സംവിധാനം ഉണ്ടാകണം. രേജിസ്റെർ ചെയ്യാത്ത തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്ക്ക്  നേരെ നടപടിയുണ്ടാകണം. മാന്യമായ വേതനം ഉറപ്പു വരുത്തണം.  മാന്യമായ ഭക്ഷണവും താമസവും ഉറപ്പുവരുത്തണം. ഇതെല്ലാം നടപ്പിലാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടിയുണ്ടാകണം.  ജില്ലകൾ തോറും തൊഴിൽ കോടതികൾ സ്ഥാപിക്കണം. ഏതു  നടപ്പാതിരക്കും തൊഴിലാളിക്ക് അവന്റെ പ്രശങ്ങൾ ബോധിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. തൊഴിലിടങ്ങളിലെ പീഡനങ്ങളിൽ തൊഴിലുടമ പ്രതിയാക്കപ്പെടുന്ന, വിചാരണ ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാക ണം.
ഓരോ സ്ഥാപനത്തിന്റെയും ഉയര്ച്ച ആ സ്ഥാപനത്തിലെ തൊഴിലാളികളുടെ വിയര്പ്പിന്റെ ബാക്കിയാണ്. സ്ഥാപനത്തിന്റെ വളർച്ചക്കാനുപതികമായ ജീവിതനിലവാര-പുരോഗതിക്ക് അതുകൊണ്ട് തന്നെ തൊഴിലാളി അർഹനാണ്. അത്തരത്തിലുള്ള ഒരു ബന്ധത്തിലൂടെയാണ് ഒരു സമൂഹവും ജനാധിപത്യ രാഷ്ട്രവും പുരോഗതി വരിക്കുന്നത് . ലോക മുതലാളി പട്ടികയിൽ എണ്ണം കൂടുമ്പോഴല്ല സാധാരണക്കാരന്റെ  ജീവിത  നിലവാരം ഉയരുമ്പൊഴാണ് രാഷ്ട്രം പുരോഗതിയിലേക്ക് നീങ്ങാൻ തുടങ്ങുന്നത്.
റന്‍ മിത്ത്
Share.

About Author

136q, 0.790s