Leaderboard Ad

‘സുദേവന്‍ പറയട്ടെ’

0

C.R 89 എന്ന ആദ്യ ചിത്രത്തിലൂടെ നെറ്റ്പാക്ക്‌ പുരസ്കാരം നേടിയ സുദേവന്‍ പെരിങ്ങോടുമായി ശാലിനി രഘു നടത്തിയ സംഭാഷണത്തില്‍ നിന്ന്

ഒരു വിനോദം എന്നതിനപ്പുറം സിനിമ ഇടം പിടിച്ചിട്ടില്ലായിരുന്ന പെരിങ്ങോട് എന്ന ഗ്രാമമാണ് സുദേവന്‍ എന്ന സംവിധായകന്‍റെ തട്ടകം… അതേകുറിച്ച്..?

പെരിങ്ങോട്ട് എന്ന നാട്ടിന്‍പുറം സിനിമ പോലുള്ള സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയില്ലതിരിക്കുന്ന ഇടമാണ്. സിനിമ പോലൊരു മാധ്യമത്തിലേക്ക് അതിന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് ആളുകള്‍ വരികയെന്നതും ശ്രമകരമായിരുന്നു. എന്നാല്‍ അത്തരം സാഹചര്യത്തില്‍ നിന്നുകൊണ്ടും അതിനിണങ്ങിയ സിനിമകള്‍ എടുത്തുകൊണ്ടായിരുന്നു തുടക്കം ആദ്യം ഒന്നുരണ്ടു സിനിമകള്‍ വളരെ രഹസ്യമായി, വളരെ കുറച്ചുപേര്‍ചേര്‍ന്നു ചിത്രീകരിക്കുകയായിരുന്നു. അത് സിനിമയാകുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. പെരിങ്ങോട്ടെയും പരിസരപ്രദേശങ്ങളിലെയും ആള്‍സഞ്ചാരം കുറഞ്ഞ ഇടവഴികളും, കുന്നുമെല്ലാമായിരുന്ന ആദ്യസിനിമയുടെ പശ്ചാത്തലങ്ങള്‍ ഒടുവില്‍ സിനിമകള്‍ ഇറങ്ങിയപ്പോള്‍ പിന്നീട് ആളുകള്‍ അത് മനസ്സിലാക്കുവാനും സഹകരിക്കുവാനും തുടങ്ങി

നിര്‍മ്മാണ ചിലവുകളെ നേരിട്ടതെങ്ങിനെ?

എത്ര ചുരുക്കിയാലും സിനിമ സിനിമയാകുന്നതിന്‍റെ ഒരടിസ്ഥാനം സാമ്പത്തികമാണ്, പെയ്സ് ട്രസ്റ്റ് ആണ് ആ പിന്തുണ നല്‍കിയത്. നിലവിലുള്ള സിനിമാ നിര്‍മ്മാണ രീതികളില്‍ നിന്നും വ്യത്യസ്തമായി തികച്ചും ജനകീയമായ കൂട്ടായ്മകൊണ്ടാണ് ട്രസ്റ്റ് സിനിമള്‍ പുറത്തിറക്കിയത്. നിര്‍മ്മാണത്തിന്‍റെ വിവിധഘട്ടങ്ങളില്‍ സുഹൃത്തുക്കളും, സിനിമാ സ്നേഹികളും നല്‍കിയ സംഭാവനകള്‍ ഉപയോഗിച്ചാണ് ഒരോ സിനിമയും പൂര്‍ത്തിയാക്കിയിട്ടുള്ളത്. കുറഞ്ഞ ബഡ്ജറ്റില്‍, ഹാന്‍ഡിക്യാം പോലുള്ളവ ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിച്ചിരുന്നു. വരു, പ്ലാനിംഗ്, തട്ടുമ്പുറത്തപ്പന്‍, രണ്ട് എന്നീ സിനിമകളും നിര്‍മ്മിച്ചിരിക്കുന്നത് ട്രസ്റ്റിന്‍റെ ബാനറിനുകീഴിലാണ്.

സാമ്പത്തിക സഹായങ്ങള്‍ സംവിധായകന്‍റെ സ്വന്തന്ത്രത്തെ നിയന്ത്രിക്കുന്നു എന്ന് തോന്നിയിട്ടുണ്ടോ?

ഫണ്ട് തരുന്ന ആളുകള്‍ അതു തിരികെ വേണമെന്ന് നിര്‍ബന്ധമുള്ളവരല്ലാത്തതുകൊണ്ട് തന്നെ എന്‍റെ സിനിമകളില്‍ എനിക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നിര്‍ബന്ധിച്ചു സിനിമകള്‍ വില്‍ക്കേണ്ടതായും വന്നിട്ടില്ല. മറിച്ച് ഒരു കച്ചവട മനസ്സോടെ സിനിമ ചെയുമ്പോള്‍ നിര്‍മ്മാതാവിനും, സാമ്പത്തികത്തിനും കുറച്ചുകൂടി പ്രാധാന്യം നല്‍കേണ്ടതായി വരും. അതൊരു കോംപ്രമൈസിന്‍റെകൂടി ഭാഗമാണ്.

ന്യൂ / ഓള്‍ഡ്ജനറേഷന്‍ , ആര്‍ട്ട്/ കൊമേഴ്സ്യല്‍ എന്നീ വേര്‍തിരിവുകളെക്കുറിച്ച് ?

ന്യൂ / ഓള്‍ഡ് , ജനറേഷന്‍ , ആര്‍ട്ട് കൊമേഴ്സ്യല്‍ എന്നിങ്ങനെ തരംതിരിച്ച് പേരിട്ട് വിളിക്കുന്നതില്‍ വലിയ കാര്യമുണ്ട് എന്ന് തോന്നിയിട്ടില്ല. സിനിമയോടുള്ള ഓരോരുത്തരുടേയും സമീപനത്തിലൂടെയാണ് അത് വിലയിരുത്തപ്പെടുന്നത്. സിനിമയ്ക്ക് ശക്തമായ ഒരു ഭാഷയുണ്ട് അതിലൂടെ പ്രേക്ഷകരോട് സംവദിക്കുകയും ചെയ്യുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ എല്ലാ സിനിമകളും ഒരു പോലെയാണ്. മാത്രമല്ല, സിനിമ ഒരു കാലഘട്ടത്തിന്‍റേതു കൂടിയാണ്. അതിന്‍റേതായ സവിശേഷതകള്‍ അതിനുണ്ടായിരിക്കും. ഒരു സിനിമയെ മറ്റൊന്നുമായി താരതമ്യം ചെയ്യുന്നത് രണ്ടു വ്യക്തികളെ താരതമ്യം ചെയ്യുന്നതു പോലെയാണ്.

ഹ്രസ്വചിത്രങ്ങള്‍ക്കു പ്രാധാന്യം നല്‍കുവാനുള്ള കാരണം?

ഹ്രസ്വചിത്രമായാലും അല്ലാത്തതായാലും രണ്ടിനും പ്രാധാന്യം ഒരുപോലെയാണ്. രണ്ടരമണിക്കൂര്‍ നീളുന്ന ഒരു ചിത്രത്തിനു പറയാന്‍ സാധിക്കാത്തത് ഒരു ഹ്രസ്വചിത്രത്തിലൂടെ സാധിക്കും. ചിലപ്പോള്‍ തിരിച്ചും. വ്യക്തിപരമായ അഭിപ്രായത്തില്‍ കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ ഇടപെടാവുന്നതാണ് ഹ്രസ്വചിത്രങ്ങള്‍ എന്നു തോന്നിയിട്ടുണ്ട്.

C.R 89 നെക്കുറിച്ച് സംവിധായകന്‍റെ അഭിപ്രായം ?

വ്യത്യസ്തമായ ലോകകാഴ്ചപ്പാടുകളെ മുന്നോട്ടു വയ്ക്കുന്ന ചിത്രം. ആശയപരമായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി തന്നെ സിനിമയില്‍ കൊണ്ടുവരാനും പ്രേക്ഷകരിലേക്ക് പകരുവാനും കഴിഞ്ഞിട്ടുണ്ട്. സാങ്കേതികതയുടെ പരിമിതികള്‍ ഉള്ളതുകൊണ്ടു തന്നെ അത്തരത്തില്‍ നോക്കുമ്പോള്‍ ഇനിയും പാകപ്പെടാവുന്ന സിനിമ എന്നും പറയാം. ഇതുവരെ ലഭിച്ച അംഗീകാരത്തിനും പ്രതികരണങ്ങള്‍ക്കും നന്ദിയുണ്ട്.

ഫിലിം ഫെസ്റ്റുകളോടുള്ള സമീപനം എന്ത്?

എന്‍റെ ആദ്യസംരഭത്തില്‍ തന്നെ പല പരിമിതികളും നിലനില്‍ക്കെ ആ സിനിമ (വരൂ) ഹ്രസ്വചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് C.R 89 ന്‍റെ പ്രദര്‍ശനവുമായി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിലും എന്നെപ്പോലുള്ളവര്‍ക്കും ആസ്വാദകര്‍ക്കുമെല്ലാം വളരെ ഗുണപ്രദമാണ് ഇത്തരം വേദികള്‍. സിനിമ രംഗത്ത് സമാന്തരമായി പൊയ്ക്കൊണ്ടിരിക്കുന്ന പലവ്യക്തിത്വങ്ങളെ പരിചയപ്പെടാനും പുതിയ ആശയങ്ങള്‍ ലഭിക്കുവാനും കഴിയുന്ന അവസരങ്ങളായാണ് ഞാന്‍ ഇവയെ കാണുന്നത്. 8. സുദേവന്‍റെ സിനിമാ സങ്കല്പം ?ഈ സമൂഹത്തില്‍ ജീവിക്കുന്ന എനിക്ക് എന്‍റെ സമകാലീനരോട്, സമൂഹത്തോട്, വരും തലമുറകളോട് ,ഞാന്‍ അനുഭവിക്കുന്ന സന്തോഷങ്ങളും പ്രശ്നങ്ങളും തുറന്നുപറയാനുള്ള ഇടമെന്ന നിലയ്ക്കാണ് ഞാന്‍ സിനിമയെ കാണുന്നത്. അതില്‍ വ്യത്യസ്ത ആശയങ്ങള്‍ വിഷയവല്‍ക്കരിക്കപ്പെടുന്നു എന്നു മാത്രം. കേരളത്തില്‍ സിനിമാ മോഹവുമായി നടക്കുന്ന എന്‍റെയത്ര പോലും, സാഹചര്യം കിട്ടാത്ത ഒരുപാടു പേരുണ്ട്. അവരോട് പറയാനുള്ളത് നിങ്ങളുടെ സാഹചര്യത്തില്‍ നിന്നും സിനിമയെടുക്കാം. അതിനുള്ള സാധ്യതകള്‍ കണ്ടെത്തണമെന്നു മാത്രം.

പ്രേക്ഷകരോട്?

നിങ്ങള്‍ക്ക് നല്ലത് എന്ന് തോന്നുന്നതിനെമാത്രം അംഗീകരിക്കുക. അല്ലാത്തവയെ തള്ളിക്കളയുന്നതിനുള്ള പൂര്‍ണ്ണമായ അധികാരം നിങ്ങള്‍ക്കുണ്ട്.

Share.

About Author

151q, 0.563s