Leaderboard Ad

സൈബര്‍ സ്പേസിലെ ‘ചാവേറുകള്‍’

1

സോഷ്യല്‍ മീഡിയ വരുന്ന തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും എന്ന വിഷയത്തില്‍ സെലിബ്രിറ്റി അവതാരക ശ്രീകല നയിച്ച അകം പുറം പരിപാടിയില്‍ സൈബര്‍ ഗുണ്ട സൈബര്‍ ചാവേര്‍ എന്ന് ലേബല്‍ ചെയ്ത് അവതരിപ്പിച്ചതില്‍ ഒന്ന് എന്റെ ഫേസ് ബുക്ക് പ്രോഫൈലും അതിലെ പോസ്റ്റുകളുമാണ്‌. ക്രിസ്തുമസ് അവധിയിലായിരുന്നതിനാല്‍ ഫേസ് ബുക്കോ മാതൃഭൂമി ചാനലോ കാണാന്‍ കഴിയാതിരുന്നതിനാല്‍ സംഗതി കാണാന്‍ വൈകി.

2073317_cyber-attack_7hqdjmj4am3d2cszxsyeykq4xpncurxrbvj6lwuht2ya6mzmafma_610x457
തിരഞ്ഞെടുപ്പില്‍ എങ്ങനെയാണ്‌ സോഷ്യല്‍ മീഡിയ സ്വാധീനിക്കുക എന്നതായിരുന്നു വിഷയമെങ്കിലും ജോസഫ് സി മാത്യു സൈബര്‍ ക്യാമ്പൈന്‍ നടത്തി വി.എസിനെ മുഖ്യമന്ത്രി ആക്കിയതൊഴികെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഒക്കെ മോശപ്പെട്ടത് എന്നൊരു സന്ദേശമാണ്‌ ഈ ചര്‍ച്ചയുടെ ആകെത്തുക. അതിനിടയില്‍ വന്ന ബൈറ്റിലാണ്‌ സൈബര്‍ ഗുണ്ട് സൈബര്‍ ചാവേര്‍ എന്ന പരാമര്‍ശവുമായി ബന്ധപ്പെടുത്തി എന്റെ പോസ്റ്റുകള്‍ കാണിച്ചത്.

ഈ പരിപാടി കണ്ടപ്പോള്‍ ഈ പ്രോഗ്രാമിന്റ് അവതാരകയും പ്രോഡ്യൂസറുമായ ശ്രീകലയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കേട്ട വിശദീകരണങ്ങള്‍ രസകരമായിരുന്നു. തികച്ചും യാഥര്‍ശ്ചികമായി വന്ന തിരഞ്ഞെടുപ്പായിരുന്നു അത്രെ എന്റെ പോസ്റ്റുകള്‍. സൈബര്‍ സ്പേസില്‍ ആക്റ്റിവായി ഉള്ളവരുടെ ചില പോസ്റ്റുകള്‍ കാണിക്കുക എന്നതില്‍ അപ്പുറം ഒരു അജണ്ടയുമില്ലാതെ നല്‍കിയ ഒരു വിഷ്വലിനെതിരെ ജനാധിപത്യ വിരുദ്ധമായ പ്രതികരണമാണ്‌ നടത്തുന്നതെന്ന് വരെ ആയി വ്യാഖ്യാനം . സൈബര്‍ ഗുണ്ട സൈബര്‍ ചാവേര്‍ എന്ന പദ പ്രയോഗത്തിലെ സറ്റയര്‍ വാല്യു പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ഇടുങ്ങിയ മനോഭാവമുള്ള ആളാണ്‌ ഞാന്‍ എന്ന് വരെ അവര്‍ വാദിച്ചു കളഞ്ഞു.യാദ്രിശ്ചികമായി മായി ഉണ്ടായ ഒരുപാട് സംഗതികളുടെ ഭാഗമായി എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ അതില്‍ ഖേദമുണ്ട് എന്ന് കൂടി ശ്രീകല പറഞ്ഞ് വച്ചു. ഒപ്പം ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയോട് സംസാരിക്കുമ്പോള്‍ ഉണ്ടാകേണ്ട മര്യദ കാണിക്കുന്നില്ല എന്ന് ഓര്‍മ്മിപ്പിക്കുകയു ചെയ്തു.

പൊതുബോധത്തിനൊപ്പം നില്‍ക്കാതിരുന്നതിനാല്‍ പതിച്ചു കിട്ടുന്ന ഒന്നാണ്‌ സൈബര്‍ ചാവേര്‍ എന്ന് വിളിയെന്ന് ആദ്യം അറിഞ്ഞത് ബ്ലോഗില്‍ നിന്നാണ്‌ . അകം പുറം ചര്‍ച്ചയുടെ പ്രധാന ആകര്‍ഷണമായിരുന്ന ബി.ആര്‍.പി ഭാസ്ക്കറാണ്‌ ആദ്യമായി അങ്ങനെ വിളിച്ച് തുടങ്ങുന്നത്. ചാനലുകളിലും പത്രങ്ങളിലും സെലിബ്രിറ്റി ആയിരുന്ന ബി.ആര്‍.പി ഭാസ്ക്കാര്‍ ബ്ലോഗിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഇട്ട കമന്റുകളോട് ബി.ആര്‍.പി നടത്തിയ പ്രതികരണമായിരുന്നു അത്.

ലാവ്ലിന്‍ കേസിലും മറ്റും മുഖ്യധാരാ മാധ്യമങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ലോജിക്കല്‍ അല്ലാത്ത വാര്‍ത്തകളെ ചൂണ്ടിക്കാട്ടുമ്പോള്‍ ഞങ്ങളില്‍ പലരും പാര്‍ട്ടി നിയോഗിച്ച ചാവേറുകളെന്ന് മുദ്ര കുത്താന്‍ പലരും രംഗത്തുണ്ടയിരുന്നു. അക്കാലത്തെ സെലിബ്രിറ്റികളായ വി.എസ്, എം.എന്‍ വിജയന്‍ തുടങ്ങിയവരെ ഒക്കെ വിമര്‍ശിക്കുന്നതും യഥാര്‍ത്ഥ ഇടതുപക്ഷം എന്ന പേരില്‍ നടന്ന് പൊറോട്ട് നാടകങ്ങള്‍ തുറന്ന് കാണിക്കാന്‍ ശ്രമിച്ചതുമൊക്കെ ഒരുപാട് ആക്ഷേപങ്ങള്‍ കേള്‍ക്കാന്‍ ഇടവന്നു.

എന്നാല്‍ സൈബര്‍ സ്പേസില്‍ ജനാധിപത്യം പുത്തുലയുക തന്നെയായിരുന്നു. അതി ശക്തമായ വാദ പ്രതിവാദങ്ങള്‍ അവിടെ നടന്നു. അത് പലതും അക്കാലത്തെ മാധ്യമ ചര്‍ച്ചകളെക്കാള്‍ എന്തുകൊണ്ടും മഹത്തരമായിരുന്നു. ആദ്യ കാലത്ത് ബ്ലോഗിലും പിന്നീട് ഗൂഗിള്‍ ബസിലും അതിന്‌ ശേഷം ഫേസ് ബുക്കിലും വന്‍ സംവാദങ്ങള്‍ തന്നെ നടന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും പലരും യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തിയിരുന്നു. അത്രക്ക് സംവേദനക്ഷമമായിരുന്ന സൈബര്‍ സ്പേസ്

കലാമിനെ പോലും കുഴക്കിയ അത്ഭുത പ്രതിഭ എന്ന ലേബലില്‍ മാതൃഭൂമി പത്രം അവതരിപ്പിച്ച ഹനാന്‍ എന്ന അത്ഭുത ബാലികയെപ്പറ്റിയിയുള്ള സിസി ജേക്കബ് എന്ന മാധ്യമ പ്രവര്‍ത്തകയുടെ സ്തോഭജനകമായ വാര്‍ത്തകളെ ഒക്കെ ശാസ്ത്രീയമായി ഒന്നൊന്നായി പൊളിച്ചടിക്കിയതും ഭാരതീയ ശാസ്ത്രമെന്ന പേരില്‍ വന്‍ അവകാശം നടത്തിയിരുന്ന ഡോ ഗോപാലകൃഷ്ണനെ ശാസ്ത്രീയമായി തന്നെ നേരിട്ടതും അക്കാലത്തെ പ്രധാന സൈബര്‍ നേട്ടങ്ങളായി ഞാന്‍ സ്മരിക്കുന്നു. ഡോ. സൂരജ് രാജന്റെ മെഡിക്കല്‍ ബ്ലോഗും അതിലൊക്കെ 200 അധികം കമന്റുകളിലൂടെ നടന്ന വന്‍ സംവാദങ്ങളും ഒക്കെ തങ്കലിപികളില്‍ എഴുതപ്പെട്ട സംഗതികളാണ്‌. അമ്പലങ്ങളുടെ സ്വത്ത് സര്‍ക്കാരിലേക്ക് പോകുന്നു അത് ന്യൂനപക്ഷ ക്ഷേമത്തിന്‌ ഉപയോഗിക്കുന്ന എന്ന കുപ്രചരങ്ങളും സംവരണമടക്കമുള്ള വിഷയങ്ങളില്‍ നടന്ന മികച്ച സംവാദങ്ങളും സൈബര്‍ സ്പേസില്‍ മാത്രമെ ഇത്രക്ക് ജനാധിപത്യപരമായി നടന്നിട്ടുള്ളൂ

സംവാദത്തിന്‌ തയ്യാറാകാതെ സൈബര്‍ സ്പേസില്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്‌. പത്രങ്ങളിലും ചാനലുകളിലുമൊക്കെ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് അവര്‍ ഇതുവരെ ശീലിച്ചിട്ടില്ലാത്ത കാര്യവുമാണത്. ബി.ആര്‍.പി ഭാസ്കറിനെ പോലെ ഉള്ളവരോട് സംവാദ സാധ്യത എന്തെ ഉപയോഗിക്കാത്തത് എന്ന ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം എനിക്ക് എന്റെ വഴി എന്നാണ്‌. അങ്ങനെ ഉള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ പറ്റാതെ വരുന്നു എന്നതാണ്‌ സത്യം . വിമര്‍ശനം മാത്രം നടത്തിപ്പോന്ന ഇത്തരത്തിലുള്ളവര്‍ക്ക് ഒരിക്കലും വഴങ്ങുന്ന ഒന്നായിരുന്നില്ല സൈബര്‍ സ്പേസിലെ സംവാദങ്ങള്‍. രാഷ്ട്രീയപ്പാര്‍ട്ടികളെ വള്ളി വര വിടാതെ ഓഡിറ്റ് ചെയ്യുന്നവരോട്‌ എന്തെ എം.പി വീരേന്ദ്രകുമാറിനെപ്പറ്റി പറായാത്തത് എന്ന് ചോദിച്ചാല്‍ പൂച്ച പുറത്ത് ചാടും . മാതൃഭുമി പത്രവും വീക്കിലിലും ഇപ്പോള്‍ ചാനലും നല്‍കുന്ന സ്പേസ് ഒറ്റ വിമര്‍ശനത്തോടെ നഷ്ടമാകും എന്ന് അവര്‍ക്ക് അറിയാം . അതുകൊണ്ട് തന്നെ വളരെ സേഫായി മാത്രമെ അവര്‍ അത്തരം കാര്യങ്ങളോട് പ്രതികരിക്കൂ. മാതൃഭൂമി പത്രത്തിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ എഴുതിയതിന്റെ പേരില്‍ നിയമ നടപടി നേരിടുന്ന സൈബര്‍ മാധ്യമങ്ങളോടുള്ള അവരുടെ അനുഭാവമില്ലായിമയും കൂടെ ഈ അവസരത്തില്‍ കൂട്ടി വായിച്ചാല്‍ സംഗതികളുടെ കിടപ്പ് മനസിലാകുകയും ചെയ്യും

akam-puram-sreekala
ദൃശ്യമാധ്യമങ്ങള്‍ക്ക് സ്വീകാര്യത വന്നപ്പോള്‍ പ്രിന്റ് മാധ്യമങ്ങള്‍ ദൃശ്യ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന പരിപാടികള്‍ തുടങ്ങീയിരുന്നു. എന്നാല്‍ ഇന്ന് ചില ദൃശ്യമാധ്യമങ്ങള്‍ക്ക് സൈബര്‍ സ്പേസില്‍ ഉള്ളവരെ ഇഷ്ടപ്പെടാതെ വരുന്നു എന്നതാണ്‌ അകം പുറം കാഴ്ചകളില്‍ നമ്മുക്ക് കണ്ടെത്താന്‍ കഴിയുന്നത്. എന്നാല്‍ സൈബര്‍ സ്പേസില്‍ ഉള്ളവരുടെ ശക്തമായ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുന്ന ഇന്ത്യാവിഷനെപ്പോലുള്ള മാധ്യമങ്ങള്‍ അവരെ വിമര്‍ശിക്കുന്നവരെ പോലും ഉള്‍ക്കൊണ്ട് കൊണ്ട് അവരുടെ സൈറ്റിലേക്ക് ലേഖനങ്ങള്‍ വാങ്ങുന്നത് ഈ അവസരത്തില്‍ എടുത്തു പറയേണ്ട ഒന്നാണ്‌. കൊടി കുത്തിയ പാരമ്പര്യ വാദികള്‍ ഇല്ലാത്തത് കൊണ്ടാകാം ഇന്ത്യവിഷന്‍ ഇത്തരത്തില്‍ സൈബര്‍ സ്പേസിലെ ജനാധിപത്യ പ്രവണതകളെ അംഗീകരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അത്തരത്തില്‍ പരസ്പര സഹകരണത്തിന്റെ ജനാധിപത്യ സാധ്യതകളെ പരമാവാധി ഉപയോഗിച്ച് മുന്നോട്ട് പോകുന്നതാണ്‌ യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനമെന്ന് സെലിബ്രിറ്റികള്‍ തിരിച്ചറിയട്ടെ എന്ന് നമുക്കാശംസിക്കാം

– കിരണ്‍ തോമസ്‌

Share.

About Author

134q, 0.788s