Leaderboard Ad

സോളാറിൽ തട്ടി ദുർബലമായത് നിയമ വ്യവസ്ഥ

0

  നീതി നിർവഹണ സംവിധാനത്തിൽ സർക്കാരിന്‍റെ വിശ്വാസ്യതയും താല്‍പര്യവും ചോദ്യം ചെയ്യപെടുന്നത് നിയമ വ്യവസ്ഥിതി തന്നെ ചോദ്യം ചെയ്യപെടുന്നതിനു തുല്യമാണ്. സോളാർ വിഷയത്തിൽ സംശയങ്ങള്‍ക്ക് മറുപടി  ലഭിച്ചില്ല എന്ന തോന്നൽ ജനങ്ങളിൽ ഉയർന്നതിനർത്ഥം സാധാരണകാരന്‍റെ ജിവിതം ഈ രാജ്യത്തു  അത്യന്തം നിരാശാജനകവും അടിച്ചമര്‍ത്തപെട്ടതുമാണ് എന്നാണ്.  ഇത് ഭീതി നിറഞ്ഞ ഭരണമാണ് എന്ന് സമൂഹം തിരിച്ചറിയുന്നു.  നിയമ വ്യവസ്ഥിതിയെ സംരക്ഷിക്കുകയും ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി നടപടികൾ സ്വീകരിച്ചു  നടപ്പിലാക്കുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം ആണ് ജനാധിപത്യ സർക്കാരിന് ലോകത്തെവിടെയും ഉള്ള കടമ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ ഓരോ  സർക്കാരും  പ്രതിജ്ഞാബദ്ധമാണ്. കേവലം Arun1ഒരു തട്ടിപ്പ് കേസോ ഒരു പെണ്ണ് കേസോ മാത്രമാക്കി സോളാർ കേസിനെ ഒതുക്കാൻ ആകില്ല.  ടീം സോളാർ കമ്പനി കേരളത്തിൽ രജിസ്റ്റർ ചെയ്ത ഓഫീസുകൾ തുറന്നിരുന്നു എങ്കിലും തട്ടിപ്പിന്‍റെ പ്രഭവ കേന്ദ്രമായി പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസും, മുഖ്യമന്ത്രി നേരിട്ട് തന്നെയും ആണെന്ന് വ്യക്തമാക്കുന്ന സൂചനകൾ പലതും പുറത്തു വന്നിരുന്നു. മുഖ്യമന്ത്രി കൂട്ട് പ്രതിയാണോ എന്നതാണ് ഇനി ജുഡീഷ്യൽ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്.  ഓഫീസിനാണ് കുറ്റം, തനിക്കല്ല എന്നതാണ് മുഖ്യമന്ത്രി  ആദ്യം മുതൽ സ്വീകരിച്ച ന്യായം. എന്നാൽ, മുഖ്യ മന്ത്രിയോട്  ചോദിച്ചിട്ടാണ് താൻ 1.35 കോടി രൂപ നല്കിയതെന്നു എം കെ കുരിവിള വെളിപെടുത്തി . മറ്റൊരു ഇരയായ ടി സി മാത്യു, മുഖ്യമന്ത്രിയോടും കുടുംബത്തോടും ഇത് സംബന്ധിച്ച  പരാതി പറഞ്ഞിരുന്നു. എന്നാൽ ഈ പരാതിയെ കുറിച്ച് മുഖ്യമന്ത്രി തന്നെ സരിത നായരെ അറിയിക്കുകയും സരിത തന്നെ വിളിച്ചു ഭീഷണി പെടുത്തുകയും ചെയ്തതായും കുരുവിള വെളിപെടുത്തി. മുഖ്യമന്ത്രിയുടെ ഡൽഹിയിലെ സ്ഥിരം സഹായി തോമാസ് കുരുവിള സരിത നായരുമായി സോളാർ ബിസിനസ് സംബന്ധിച്ചു ചർച്ചകൾ നടത്തിയിരുന്നു എന്ന് പരസ്യമാക്കിയിരുന്നു. അധികാരമില്ലാതിരുന്നിട്ടും പെരിയാര്‍ വാലി ഇറിഗെഷന്‍റെ സ്റ്റാളില്‍ സോളാർ പാനൽ സ്ഥാപിക്കാൻ വിട്ടുകൊടുത്തതും ഈ സര്ക്കാരാണ്. 1998 ലെ ഹൈ കോടതി വിധിയെ മറികടന്നു നടത്തിയ സർക്കാർ ഇടപെടലായിരുന്നു ഇത്. 3000 sq ft  വിസ്തീര്‍ണ്ണമുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും, കൂടാതെ 2500   sq ft  വിസ്തീര്‍ണ്ണമുള്ള എല്ലാ വീടുകളിലും സോളാർ പാനെൽ ഘടിപ്പിക്കണം എന്ന  നിയമവും ഈ സര്‍ക്കാര്‍ 2013 ൽ പുറത്തിറക്കി. ഇതിന്റെ നടത്തിപ്പിൽ സ്വകാര്യ കമ്പനികളെയും ഉൾപെടുത്തണം എന്ന നിർദേശവും ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതെല്ലം വിരൽ ചൂണ്ടുന്നത്, ഇത്തരം നിയമങ്ങൾ ഉണ്ടാക്കാൻ മുന്‍കൈ എടുത്ത മുഖ്യമന്ത്രിയിലേക്ക് തന്നെ ആണ്. ശ്രീധരൻ നായര്‍ ഉന്നയിച്ച വസ്തുതകളെ കുറിച്ച്  അന്വേഷിച്ചാൽ മാത്രം മതിയാകും, ഉമ്മൻ ചാണ്ടി കുടുങ്ങാൻ! അദ്ദേഹത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ സി സി ടിവി ദൃശ്യങ്ങളും മൊബൈൽ ടവര്‍ കേന്ദ്രികരിച്ചുള്ള അന്വേഷണവും നടത്താൻ പോലീസെ  അന്വേഷണ സംഘം ഇതുവരെ തയ്യാറായില്ല. എന്നാൽ അന്വേഷണ സംഘത്തിൽ ഇല്ലാത്ത സ്വകാര്യ വ്യക്തികളെ കൊണ്ടുവന്നു ഇക്കാര്യം അന്വേഷിപ്പിച്ചു തടിതപ്പാൻ എടുത്ത തീരുമാനം ഗുരുതരമായ തെറ്റാണു. പാർലിമെന്റ് ആക്രമണ കേസുമായി ബന്ധപെട്ടു പരമോന്നത കോടതി തന്നെ ഇത്തരം അന്വേഷണങ്ങൾക്ക് പ്രസക്തിയില്ല എന്ന് വിമർശിച്ചിട്ടുണ്ട്. ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ അന്വേഷണം പ്രഹസനം നടത്തുന്ന ഉമ്മൻ ചാണ്ടിക്ക് ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല.

      മുഖ്യമന്ത്രിയുമായി ചേർന്ന് പ്രവര്‍ത്തിച്ചവരും തന്‍റെ ഓഫീസും സോളാറിൽ മുങ്ങിയപ്പോൾ തനിക്ക് സോളാറുമായി ബന്ധമില്ല എന്ന് തെളിയിക്കുന്ന വസ്തുതയൊന്നും ഉയർത്തി കാണിക്കാൻ മുഖ്യമന്ത്രിക്ക് ഉണ്ടായില്ല. കൂടാതെ സംശയത്തിന്‍റെ നിഴലിൽ നിന്നും പുറത്തു വന്നു മുഖ്യമന്ത്രി കസേരയുടെ വിശ്വാസ്യത നിലനിർത്താൻ ഉള്ള ബാധ്യത ഉമ്മൻ ചാണ്ടിക്കുണ്ടായിട്ടും അദ്ദേഹം ജനങ്ങളെ കബിളിപ്പിക്കാനാണ് ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സോളാർ വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ ജനം ഉറ്റു നോക്കിയ വിഷയമാണ് സരിതയുടെ മൊഴി. അത് അട്ടിമറിക്കാൻ സര്‍ക്കാരിനെ സഹായിച്ചതും ഉമ്മൻ ചാണ്ടിയുടെ നേരിട്ടുള്ള ഇടപെടലാണ്. ആരോപണ വിധേയൻ, ഉമ്മൻ ചാണ്ടി അധികാരത്തിൽ തുടരുന്നത് കോടതിയുടെ വിശ്വാസ്യത പോലും സംശയത്തിന്റെ നിഴലിൽ ആക്കാൻ ഇടയാക്കി. രണ്ടാം പ്രതിയായി സരിതയെ ചേർത്ത ഏറണാകുളം പോലീസ് സ്റ്റേഷനിലുള്ള ക്രൈം നമ്പർ 627/2013 എന്ന കേസ് നിയമ പരിപാലന ചരിത്രത്തിലെ മറ്റൊരു കറുത്ത ഏടാകും. സരിതയുടെ മൊഴി അട്ടിമറിക്കാനായി ഒരു സർക്കാർ സംവിധാനം തന്നെ ഒന്നായി രംഗത്തിറങ്ങി. ക്രിമിനൽ നടപടി ക്രമത്തിലെ 164 വകുപ്പ് കേസിലെ പ്രതികള്‍ക്ക് രക്ഷപെടാൻ ആകും വിധത്തിൽ വ്യഖ്യാനിക്കപെട്ടത് ബാഹ്യ സമർദ്ദം കൊണ്ടാണെന്ന് ജനം ഇപ്പോഴും അനുമാനിക്കുന്നു. കുറ്റ സമ്മത മൊഴി എന്നതിലുപരി പ്രസ്താവനകൾ കോടതിക്ക് മുന്നിൽ രേഖപെടുത്താം എന്നുള്ളതാണ് ഈ വകുപ്പ് [164(5)]. ഇത്തരം പ്രസ്താവനകൾ ആക്ഷേപങ്ങൾ ആകാം. കുറ്റകൃത്യത്തിൽ മറ്റുള്ളവരുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ ആകാം. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ ആകാം. ഗുരുതരമായ വെളിപെടുത്തൽ ആകാം. ഇതൊന്നും പരിഗണികാതെ സരിതയുടെ മൊഴി രേഖപെടുതുന്നതിൽ നിന്നും ഒഴിഞ്ഞു മാറാൻ മജിസ്ട്രട്റ്റ് ശ്രമിച്ചത് പാളിച്ചയാണ്. എന്നാൽ, തന്‍റെ ഉത്തരവിന്‍റെ നാലാം ഖണ്ഡികയിൽ പത്ര മാധ്യമങ്ങളെ വിമർശിക്കാൻ മജിസ്ട്ര്റെ മുതിര്‍ന്നിട്ടുണ്ട്. ഇത് ഏതു അധികാരം ഉപയോഗിച്ചാണ് എന്നത് ഇപ്പോഴും അവ്യക്തമാണ്.! ഉത്തരവിന്റെ രണ്ടാം ഖണ്ഡികയിൽ സരിത പ്രസ്താവന നടത്തിയിട്ടില്ലെന്നുണ്ട്. എന്നാൽ, 5 ഉം 6 ഉം ഖണ്ഡികയിൽ പ്രസ്താവന രേഖപെടുതാൻ തനിക്ക് അധികാരമില്ലെന്ന് മജിസ്ട്രെറ്റ് പറയുന്നു. സര്‍ക്കാരിനെതിരെ വ്യാജ പ്രചരണങ്ങളിൽ ചിലർ ഏർപ്പെട്ടിട്ടുണ്ട് എന്ന ഉത്തരവിലെ വീക്ഷണവും കൗതുകകാരമാണ്. ! മൊഴി എടുക്കാതെ ജയിലിലേക്ക് സരിതയെ പറഞ്ഞയച്ച മജിസ്ട്രെറ്റിന്‍റെ നടപടി പ്രതിഷേധാർഹമാണ്. ആറോ ഏഴോ കുറ്റവാളികൾ മാത്രമുള്ള അട്ടകുളങ്ങര ജയിലിലേക്ക് സരിതയെ ആഴ്ചകളോളം മാറ്റി താമസിപ്പിച്ച്, മൊഴി മാറ്റിക്കാൻ സർക്കാരിനു മജിസ്ട്രെറ്റിന്‍റെ ഉത്തരവ് സഹായകരമായി. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ സ്ഥിരം ജയിൽ സന്ദർശനത്തോടെ സരിതയുടെ അഭിഭാഷകന് (ഫെനി ബാലകൃഷ്ണൻ) ആദ്യം സരിത തന്നെ എഴുതി നല്കിയ 22 പേജു മൊഴി, 4 പേജായി ചുരുങ്ങി. സോളാർ ചർച്ചയ്ക്കിടെ ചെന്നിത്തലയെ മന്ത്രിയാക്കാൻ പുറപെട്ടു ക്ഷീണിച്ച് വിമാനത്താവളത്തിൽ എത്തിയ യഥാർത്ഥ കൂട്ടുപ്രതി മുഖ്യമന്ത്രി, തിരുത്തപെട്ട മൊഴിയെ ‘ശുഭകരം’ എന്ന് പറഞ്ഞാണ് സ്വീകരിച്ചത്.

സസ്പെൻഷനിൽ കഴിയുന്ന ഒരു സാധാരണ പോലീസുകാരന്റെ ( ഗണ്‍മാൻ സലിം രാജിന്‍റെ) ഫോണ്‍ വിളിയുടെ വിശദവിവരങ്ങൾ പോലും പുറത്തുവിടാൻ ഭയക്കുന്ന സർക്കാരാണ് ഇത്. രണ്ടു കക്ഷികള തമ്മില്ലുള്ള കേസിൽ സംസ്ഥാന സര്‍ക്കാരിന്‍റെ തലപ്പത്തുള്ള അഭിഭാഷകൻ അഡ്വക്കേറ്റ് ജനറൽ തന്നെ സലിം രാജിന് വേണ്ടി ഹാജരായത് സംസ്ഥാന ചരിതത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. പുറത്തു വിട്ട മന്ത്രിമാരുടെ ഫോണ്‍ വിളി രഹസ്യത്തെക്കൾ വലിയ രഹസ്യം, ഒളിച്ചു വെച്ചിരിക്കുന്ന സലിം രാജിന്‍റെ ഫോണ്‍ വിളികൾക്കുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ കീഴിൽ പ്രവര്‍ത്തിക്കുന്ന എ ജി യുടെ, കോടതിയിലുള്ള ഈ നിലപാട്! എ ജി (അഡ്വക്കേറ്റ് ജനറൽ ), ജോപ്പന് ജാമ്യം കൊടുക്കുന്നതിൽ എതിര്‍പ്പില്ല എന്ന് ഹൈകോടതിയിൽ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു . പണത്തിന്റെയും അധികാരത്തിന്റെയും ബലത്തിൽ ജോപ്പനെ കയ്യിൽ എടുത്തു കോടതികളിൽ കൂടുതൽ മൊഴികൾ മുഖ്യമന്ത്രിക്കെതിരെ ഉണ്ടാകാതിരിക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിൽ. കയ്യിൽ ഒരു രൂപ പോലും ഇല്ലെന്നും, പണം എല്ലാം ബിജുവും ശാലുവും ചേർന്ന് തട്ടിയതായും ആദ്യം കോടതിയിൽ പറഞ്ഞ സരിത, മൊഴി മാറ്റിയതിനു ശേഷം പണം കോടതിയിൽ കെട്ടി വെക്കുന്നതും നാം കണ്ടു. മൊഴിമാറ്റം വിവാദത്തെ പറ്റി പത്രങ്ങളിലും ചാനലുകളിലും വന്ന വാർത്തകളെ ഭരണ സംവിധാനം ഉപയോഗിച്ച് സരിതയ്ക്ക് പണമാക്കി മാറ്റാൻ കഴിഞ്ഞു.! അതിനിടെ, കുറ്റപത്രം സമയത്ത് നൽകാത്തതിനാൽ ഒരു കേസിൽ സരിതയ്ക്ക് ജാമ്യവും ലഭിച്ചു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ പിന്നിലേക്ക് നടത്തിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതിനു മറ്റൊരു തെളിവാണ് അത്. മുല്ലപെരിയാർ കേസിൽ സുപ്രീം കോടതിയിലെ കേരളത്തിന്റെ അഭിഭാഷകരെ സഹായിക്കാൻ കഴിയാതിരുന്ന എ ജി ക്ക്ഇപ്പോൾ സോളാർ കേസിൽ ഉള്ള അമിത താല്‍പര്യം സത്യം പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നു ആരെങ്കിലും കരുതിയാൽ കുറ്റപെടുത്താനാകില്ല!

    സോളാർ തട്ടിപ്പിലെ  ഓരോ കേസുകളും പല പോലീസ് മേധാവികളുടെയും നേതൃത്വത്തിൽ അന്വേഷിക്കുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ , വേണ്ടി വന്നാൽ ADGP യെ  കേസുമായി ബന്ധപ്പെട്ടു വിളിപ്പിക്കും എന്ന് വരെ ഹൈകോടതി താക്കീത് ചെയ്തു. സോളാറിലെ ഓരോ കേസുകളും പ്രത്യകം അന്വേഷിച്ചു തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലായും ആ കോടതി ഉത്തരവ് മാറി. എങ്കിലും തന്‍റെ കീഴിൽ ഉള്ള പോലീസുതന്നെ കേസ് അന്വേഷിച്ചു കൊള്ളണമെന്ന വാശി പിടിക്കപെടുമോ എന്നുള്ള അദ്ദേഹത്തിന്‍റെ ഭയത്തിൽ നിന്നും ഉടലെടുത്തതാണെന്ന് സമൂഹം ഒന്നാകെ മനസിലാക്കിയിട്ടും ജനാധിപത്യത്തിന്‍റെ അംശം നിലനില്‍ക്കാത്ത കോണ്‍ഗ്രസ്‌ നേതാക്കൾ  ഒന്നാകെ സ്വാഭാവികമായും ഇതിനെല്ലാം നേരെ കണ്ണടച്ചു.  സര്‍ക്കാരില ഏറ്റവും വിലയുള്ള ഏതെങ്കിലും അധികാര കസേര, എന്നാണ് ഹൈ കമാന്റിന്‍റെ കനിവോടെ  തനിക്ക് ലഭിക്കുക, എന്ന ചിന്തയിൽ മുഴുകിയ KPCC പ്രസിഡന്റിനു എന്ത് ജനാധിപത്യം, എന്ത് നിയമ പരിപാലനം ..?? തന്‍റെ നിലനില്പ്പിനായി കോണ്‍ഗ്രെസ്  പര്ടിയെയും മുഖ്യമന്ത്രി കസേരയും ഉപയോഗപെടുതിയിട്ടും കോണ്‍ഗ്രെസിലെ ഐ ഗ്രൂപ്പിനും  മറ്റുള്ളവര്ക്കും  ഒന്നും പറയാൻ ഉണ്ടായില്ല എന്നത് ആ പാർട്ടി ജനധിപത്യത്തിനെയും അതിനെ സംരക്ഷിക്കേണ്ട നിയമ വ്യസ്ഥിതിയെയും  എങ്ങനെ ആണ് കാണുന്നതെന്ന് പൊതു സമൂഹത്തിൽ തുറന്നു കാട്ടി. കേരളത്തിലെ പ്രശ്നങ്ങൾ മന്ത്രി സഭ പുന:സംഘടനയില്ലാത്തത് കൊണ്ട് ഉണ്ടാകുന്നതാണ് എന്ന നിലയിൽ ചർച്ച ചെയ്തു സോളാർ വിഷയത്തിൽ നിന്നും സമൂഹത്തിന്‍റെയും ഹൈകമാന്റിന്റെയും ശ്രദ്ധ തിരിച്ചു  രക്ഷനേടാൻ ഉള്ള ശ്രമവും ഉമ്മൻ ചാണ്ടി നടത്തി.  അധികാരത്തിൽ  കടിച്ചു തൂങ്ങി എല്ലാ അന്വേഷണങ്ങളും അട്ടിമറിച്ചു മുന്നേറാനുള്ള കൊണ്ടുപിടിച്ച ശ്രമമമാണ് ഉമ്മൻ ചാണ്ടി ഇപ്പോഴും നടത്തികൊണ്ടിരിക്കുന്നത്.

  സോളാർ കേസുമായി ബന്ധപെട്ടു പ്രധാനമായും 2 ചോദ്യങ്ങളാണ് ചാണ്ടിയുടെ വലതു പക്ഷം ഇപ്പോഴും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഒന്നാമതെത്, താരതമ്യേന ചെറിയ ഒരു അഴിമതി ആണ് സോളാർ എന്നതാണ് . ഇനി ഒരു വിഭാഗത്തിന്‍റെ സംശയം സർക്കാരിന് നഷ്ട്ടം വരാത്ത ഈ അഴിമതി എങ്ങനെ അഴിമതിയാകും’ എന്നും ആണ്.. ഒന്നാമതായി, അഴിമതിയുടെ വലിപ്പം കുറഞ്ഞത് കൊണ്ട് അഴിമതി അല്ലാതാകുന്നില്ല. വിഷയം ഈ തട്ടിപ്പ് കേസിൽ ഇപ്പോൾ അടങ്ങിയിരിക്കുന്ന കോടികളുടെ കണക്കല്ല. മറിച്ച് , തങ്ങൾക്കെതിരെ ഉയർന്ന ഇത്തരം കേസുകളിൽ എങ്ങനെ ആണ് ഒരു സർക്കാർ നിലപാട് എടുത്തത്? സർക്കാരിന്റെ നിലപാട് ആര്‍ക്ക് അനുകൂലമായി ഭവിച്ചു? കാരണം, കോടതിക്ക് മുന്നിൽ 1000 രൂപ കളവു ചെയ്തവനും 1 കോടി കളവു ചെയ്തവനും ഒരുപോലെ തന്നെ! കേരളത്തിൽ ഉടനീളം അഴിമതി നടത്താനായിരുന്നു സോളാർ കമ്പനിയുടെയും ഈ സർക്കാരിന്റെയും പരിപാടി. ഈ അഴിമതി മാധ്യമ പ്രവർത്തകരും ഇടതുപക്ഷവും ചേർന്ന് പുറത്തു കൊണ്ട് വന്നില്ലായിരുന്നു എങ്കിൽ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി ഈ സര്‍ക്കാര്‍ കാലാവധി തീരും മുന്‍പ് നടത്തുമായിരുന്നു എന്നത് തെളിവ് സഹിതമാണ് ഇടതു പക്ഷം ഉയര്‍ത്തികാണിച്ചത്. ഉമ്മൻ ചാണ്ടിയും ഓഫീസും നേരിട്ട് ഇതിൽ ഒക്കെ ഇടപെട്ടു എന്നതിന് നിരവധി തെളിവുകള്‍ ഇനിയും പുറത്തു വന്നുകൊണ്ടിരിക്കും. ഉമ്മൻ ചാണ്ടിക്കെതിരെ ഇതിനു മുനപ് പുറത്തു വന്ന അഴിമതി ആരോപണങ്ങളും, അതിൽ എല്ലാം ഉമ്മൻ ചാണ്ടി, രക്ഷപെടാൻ ഇത്തരം കുറുക്കു വിദ്യകൾ പ്രയോഗിച്ചു എന്നുള്ളതിനും തെളിവാണ് സോളാർ കേസിലെ ഉമ്മൻ ചാണ്ടിയുടെ നേരിട്ടുള്ള ഇടപെടലുകൾ. ഇനി ‘നഷ്ട്ടപ്പെട്ടത് സർക്കാരിന്റെ പണമല്ല’ എന്നാ വാദക്കാരോട്.. സര്‍ക്കാരിന്‍റെതല്ലാത്ത പണമൊക്കെ തട്ടിപ്പ് നടത്തി കൈക്കലാക്കാം എന്നോ? അതിനു കേരള ജനത കൂട്ട് നില്‍ക്കണം എന്നോ? അതിനാണോ ഇവിടെയുള്ള നിയമ സംവിധാനം ഉപയോഗിച്ചുള്ള ഭരണം? ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്ന ഭരണഘടനാപരമായ കടമ കൂടി സർക്കാരിനില്ലെ? അങ്ങനെ എങ്കിൽ സര്‍ക്കാരിന്‍റെ ഒരു രൂപ പോലും നഷ്ട്ടപെടുത്താത്ത ബണ്ടി ചോർ എങ്ങനെ കുറ്റകാരനാകും? ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ വൈമുഖ്യം കാണിച്ച ഉമ്മൻ ചാണ്ടിക്ക് ലഭിച്ച കനത്ത പ്രഹരമായിരുന്നു ഉപരോധ സമരം. നിയമങ്ങൾ ശക്തമായി തന്നെ നടപ്പിലാക്കണം എന്ന് വാദിക്കുന്നവർക്ക് മുന്നിൽ സൈന്യത്തെ ഇറക്കി ശത്രു രാജ്യത്തൊട് പെരുമാറുന്ന രീതിയിലാണ് ഈ സർക്കാർ പെരുമാറിയത്. ഉപരോധ സമരക്കാർക്കായി തിരുവനന്തപുരത്ത് നിർമിച്ച പാച്ചകപുര പൊളിച്ചു മാറ്റാനും സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ നഗരസഭയുടെ അനുമതിയോടെ തന്നെ നിർമിച്ച ഇവ പൊളിച്ചു മാറ്റാൻ നിലവിലില്ലാത്ത ഏതു നിയമമാണ് ഉപയോഗിക്കുന്നതെന്ന് പോലീസിനു പോലും നിശ്ചയമില്ലായിരുന്നു. ഉപരോധ സമരത്തിൽ നിന്നും രക്ഷപെടാനും സ്വന്തം കസേര സംരക്ഷിക്കാനും ജനങ്ങളുടെ പണവും അവര്‍ക്കായി ഉണ്ടാക്കിയ നിയമങ്ങളും ചവിട്ടി മെതിച്ചു കാൽകീഴിലക്കുന്ന കുതന്ത്ര ശാലിയായ ഒരു തട്ടിപ്പ് രാഷ്ട്രീയക്കാരനെയും ആണ് അവിടെ കാണാൻ കഴിയുക. ഗാന്ധീയ പരിവേഷം അണിഞ്ഞ നേതാവിന്റെ ഉള്ളിൽ ക്രൂരനായ ഹിറ്റ്ലര്‍ ആണ് ഉള്ളതെന്നും കാണാം.ഒരു ഘട്ടത്തിൽ മന്ത്രിമാരുടെ ഫോണ് ചോര്തി വാര്ത്ത കൊടുത്ത ഏഷ്യാനെറ്റ് ചന്നെലിനെതിരെ കേസ് എടുക്കുംമെന്നു ഉമ്മൻ ചാണ്ടി ഭീഷണി മുഴക്കി. എന്നാൽ തെഹല്ക്ക കേസിൽ മാധ്യമങ്ങള്ക്ക് സത്യം പുറത്തു കൊണ്ടുവരാൻ ഇത്തരം ഇടപെടലുകൾ നടത്താം എന്ന സുപ്രീം കോടതി വിധിയെ മറികടന്നായിരുന്നു ഈ കേസ് എടുക്കൽ. എന്നാൽ, ആ നടപടി വിജയിക്കില്ലെന്ന് കണ്ട ഉമ്മൻ ചാണ്ടി അതിൽ നിന്നും പിന്നീട് പിന്മാറിയതായാണ് ഇപ്പോൾ അറിയുന്നത്. ഇതിനിടെ, ഉമ്മൻ ചാണ്ടിയുടെയും അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെയും നേതൃത്വത്തിലുള്ള ‘ജനസമ്പർക്ക പരിപാടി’യുമായി ബന്ധപ്പെട്ട ഒരു വാർത്ത ഇക്കഴിഞ്ഞ ദിവസം ഇന്ത്യാവിഷനിൽ വന്നിരുന്നു. പരാതികൾ സ്വീകരിക്കാനുള്ള അവസാന തീയതി കഴിഞ്ഞപ്പോൾ പരാതിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്നാണ് ഇന്ത്യാവിഷൻ പറയുന്നത്. രണ്ടര ലക്ഷത്തിൽ അധികം പരാതികിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 77000 മാത്രമാണ് പരാതി ലഭിച്ചത്. ഓരോ ജില്ലയും തിരിച്ചുള്ള കണക്കുകൾ ചാനൽ കൊടുത്തിരുന്നു.. അതിൽ വലിയ അന്തരം ഉണ്ട്. ഉമ്മൻ ചാണ്ടിയിൽ ഉള്ള ജനവിശ്വാസം സോളാർ വിവാദത്തോടെ തകരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തങ്ങൾക്കു മുകളിൽ ഭരിക്കാനായി നിലകൊള്ളുന്ന നേത്രത്വത്തിൽ നിന്നും നീതി ലഭിക്കുമോ എന്ന വിശ്വാസം അവര്‍ക്ക് നഷ്ട്ടപെട്ടു എന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്ക് പോലും ഉണ്ടായി. അത് കൊണ്ട് കൂടിയാണ് ജനസംമ്പര്‍ക്ക പരിപാടി മാറ്റിവെച്ചത്. ഇപ്പോഴും സോളാർ കേസില്‍ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ബാക്കി നില്‍ക്കുന്നു. സരിതയുടെയും ബിജുവിന്റെയും ശാലുവിന്‍റെയും മുഴുവൻ സ്വത്തുകളും കണ്ടെടുത്താലും ഇനിയും പണത്തിന്റെ കണക്കു ബാക്കി പുറത്തു വരാൻ ഉണ്ട്. ഇതെവിടെ എന്ന് പറയാൻ പോലീസിനു ബാധ്യത ഉണ്ട്. സരിത നായരുടെ വിദേശ യാത്രകൾ എന്തിനു വേണ്ടി ആയിരുന്നു?. തമിഴ്നാട്ടിൽ പ്ലാന്റ് സ്ഥാപിക്കാനും കാറ്റാടി പാടം ഉണ്ടാക്കാനും കാണിച്ച സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നില്ല. അടിസ്ഥാന ഗുണങ്ങൾ ഇല്ലാത്ത സോളാർ ടീമിന് സർക്കാർ പ്രോജെകറ്റുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ആരുടെ നിര്‍ദേശപ്രകാരം? കേരളത്തിലെ കളക്ട്രെറ്റുകളിലും കേരള ഹൗസിലും ഇവരെ സഹായിച്ചത് ആരാണ്? ഇപ്പോൾ, ജുഡീഷ്യൽ അന്വേഷണ പരിധിയിൽ നിന്നും തന്‍റെ ഓഫീസിനെ രക്ഷിക്കാൻ ഉള്ള തത്രപാടിലാണ് ഉമ്മൻചാണ്ടി. തന്‍റെ ഓഫീസിൽ തെറ്റ് സംഭവിച്ചു എന്ന് ആണയിട്ട മുഖ്യമന്ത്രി തന്നെ അതിന്‍റെ തെളിവുകൾ നിലനിൽക്കുന്ന ഓഫീസിലേക്ക് അന്വേഷണം കൊണ്ടുവരരുത് എന്ന് പറയുന്നതിൽ എന്ത് യുക്തി ? ലഭിക്കുന്ന തെളിവുകൾ തനിക്കെതിരാകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇതെന്ന് സംശയിക്കാം . അതിനാൽ, നീതി നടപ്പിലാവണമെങ്കിൽ ഉമ്മൻ ചാണ്ടി തൽസ്ഥാനത് നിന്നും മാറി നിന്ന് അന്വേഷണം നേരിടണം എന്ന ആവശ്യത്തിൽ വെള്ളം ചേർക്കാൻ ആവില്ല. കോടതി പോലും ഇപ്പോഴും ഈ കേസിനെ സംബന്ധിച്ച് അന്വേഷണത്തിന് ആശ്രയിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ കീഴിൽ ഉള്ള പോലീസ് സംവിധാനത്തെ തന്നെ. ‘തെളിവുണ്ടെങ്കിൽ കൊണ്ടുവരു. താൻ, മുഖ്യമന്ത്രി കസേരയിലിരുന്നു അതോരോന്നും ഞാൻ പൊളിച്ചടുക്കി തരാം’ എന്ന നിലാപാട് ആണ് മുഖ്യമന്ത്രി ഇപ്പോഴും സ്വീകരിച്ചു പോരുന്നത്. കൂട്ടുപ്രതികൾ അറസ്റ്റിൽ ആയി, അതിനാൽ, നിക്ഷ്പക്ഷമായ ഒരു അന്വേഷണത്തിന് ഉമ്മൻ ചാണ്ടി മാറി നിന്നെ മതിയാകു. അത് തനിക്കു കീഴെ ഉള്ള ജുഡീഷ്യൽ അന്വേഷണമായാലും ശരി. തട്ടിപ്പിന്‍റെ ഉത്ഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് എന്നുള്ളതാണ് ഇവിടെ പ്രശ്നം. ! അധികാര സ്ഥാനത്തുള്ളവരുമായി ഇത്തരം മാഫിയകൾക്ക് ഉണ്ടായ അവിഹിത കൂട്ട് കെട്ടിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വരാൻ നിയമത്തെ അതിന്റെ വഴിക്ക് വിടണം. ഉമ്മൻ ചാണ്ടി അന്ന് പറഞ്ഞത് ഇങ്ങനെ : “ജനങ്ങൾക്ക് മുന്നിൽ സംശയത്തിന്റെ നിഴലിൽ ഒരു മുഖ്യമന്ത്രിക്ക് തുടരാൻ ആകില്ല. കരുണാകരൻ രാജി വെക്കണം. ” അത് തന്നെയാണ് സരിതയുടെ പ്രിയ കൂട്ടുപ്രതിയായ മിസ്റ്റർ ഉമ്മൻ ചാണ്ടി, നിങ്ങളോട് ഇപ്പോൾ ജനങ്ങൾക്ക് പറയാനുള്ളത്. “ഉമ്മൻ ചാണ്ടി രാജി വെക്കുക ..!”

( അടികുറിപ്പ് :സോളാർ കേസിൽ  നീതിയെ വ്യഭിച്ചരിച്ചവർ ആരൊക്കെ ? ഇത്രയും  പ്രമാദമായ  കേസിൽ ഇങ്ങനെ  ആണ് സ്ഥിതിയെങ്കിൽ  സാധാരണക്കാരുടെ കേസുകളിൽ  ആരും  അറിയാതെ എന്തെല്ലാം സംഭവിക്കുന്നു ? ഈ ചോദ്യങ്ങള്ക്ക് ഉത്തരം പറയേണ്ടതു ആരാണ് ? ന്നിയമ വ്യവസ്ഥിതിയുടെ അപചയം ആണ് ഓരോ കേസുകളിലും കാണാൻ ആകുക. നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് വ്യവസ്ഥിതി നാം പിന്തുടരുമ്പോൾ അതെ ബ്രിട്ടൻ ഇന്ന് നിയമങ്ങൾ പരിഷ്കരിക്കുന്നു. നീണ്ടു നില്‍ക്കുന്ന വിവാദങ്ങളും വൈകി വരുന്ന പരിഹാരവും  എന്നും സൂചിപ്പിക്കുന്നത് അതാണ്‌  . അഴിമതിക്കും  ചൂഷണത്തിനും  കൂട്ട് നില്ക്കുന്ന ഈ വ്യവസ്ഥിതി എന്ന്‌ മാറുന്നുവോ അന്നേ മോചനമുള്ളൂ..)

Share.

About Author

134q, 0.523s