Leaderboard Ad

സോളാറും, നിയമസഭയും, വസ്തുതകളും

0

 കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ  തട്ടിപ്പായ സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട്‌ നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന്‌ അനുമതി തേടിക്കൊണ്ട് നല്‍കിയ നോട്ടീസിന്‌ ആഭ്യന്തരവകുപ്പ്‌ മന്ത്രി നല്‍കിയ മറുപടി, അദ്ദേഹം എത്ര പക്ഷപാതപരമായാണ്‌ കാര്യങ്ങള്‍ കാണുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌. കുറ്റം ചെയ്തവരെ കുറ്റവാളികളായി കാണാനല്ല അദ്ദേഹത്തിന്‌ താല്‍പ്പര്യം, അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തി സ്വജനതാല്‍പര്യം സംരക്ഷിക്കുകയെന്ന സത്യപ്രതിഞ്ജാലംഘനം നടത്താനാണ്‌ കൂടുതല്‍ താല്‍പ്പര്യം. ഞങ്ങള്‍ നല്‍കിയ നോട്ടീസിലെ കാര്യങ്ങള്‍ക്ക്‌ അദ്ദേഹം നല്‍കിയ വിശദീകരണം, പതിനായിരം കോടി രൂപയുടേതല്ല, അഞ്ച് കോടിയുടെ തട്ടിപ്പ്‌ മാത്രമാണ്‌ നടന്നിട്ടുള്ളത്‌ എന്നാണ്‌ . പതിനായിരം കോടി രൂപയുടെ തട്ടിപ്പ്‌ നടത്താനുള്ള ആസൂത്രണം മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ച് നിഗൂഢമായി, വമ്പന്മാരുടെ നേതൃത്വത്തില്‍ നടന്നുവെന്ന്‌ പറഞ്ഞത്‌ സര്‍ക്കാറിന്റെ ചീഫ്‌ വിപ്പായ ശ്രീ.പി.സി ജോര്‍ജ്ജാണ്‌, പ്രതിപക്ഷമല്ല. അദ്ദേഹം അത്‌ നിഷേധിച്ചിട്ടുമില്ല. വൈദ്യുതിമന്ത്രി ശ്രീ.ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടല്‍ കൊണ്ടാണ്‌ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയാതെ പോയത്‌ എന്നു പറഞ്ഞതും ചീഫ്‌ വിപ്പാണ്‌ . തട്ടിപ്പിലെ പ്രധാന പ്രതി സരിത.എസ്‌ .നായര്‍ പറയുന്നത്‌ തനിക്ക്‌ പത്ത്‌ കോടിയുടെ ബാധ്യതയുണ്ട് എന്നാണ്‌ .അതായത്‌ അതിനേക്കാള്‍ വലിയ തട്ടിപ്പ്‌ നടത്തിയിട്ടുണ്ട് എന്ന്‌ അവര്‍ തന്നെ സമ്മതിക്കുന്നു.

എന്നാല്‍ ആഭ്യന്തര മന്ത്രിയും, മുഖ്യമന്ത്രിയും പറയുന്നത്‌ അഞ്ച്‌ കോടിയുടെ തട്ടിപ്പേയുള്ളൂ എന്നാണ്‌ . ഇത്ര കൃത്യമായി ഇവര്‍ പറയുന്നുവെങ്കില്‍ കണക്ക്‌ പിഴച്ചത്‌ തട്ടിപ്പു നടത്തിയ സരിതക്കാണോ അതോ അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്കാണൊ എന്നത്‌ ഏറെ കൌതുകകരമായി തോന്നുന്നു. ഇവര്‍ക്ക്‌ സരിത എസ് നായരുടെ ബാധ്യത വെട്ടിക്കുറച്ച്‌ കാണിക്കേണ്ട തരത്തിലുള്ള എന്ത്‌ ആത്മബന്ധമാണ്‌ ഉള്ളത്‌ ?. മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു എന്നും, ഇരകളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുത്തി ഇടപാട്‌ ഉറപ്പിക്കുകയുണ്ടായി എന്നും ഇരകള്‍ തന്നെ പറയുന്നത്‌, മുഖ്യമന്ത്രിയുടെ ഓഫീസ്‌ തട്ടിപ്പിന്റെ പ്രധാനകേന്ദ്രമായി  പ്രവര്‍ത്തിച്ചു എന്നതിന്റെ തെളിവാണ്‌ . മുഖ്യമന്ത്രിയുടെ മറ്റൊരു വെളിപ്പെടുത്തല്‍ തോമസ്‌ കുരുവിള എന്റെ അടുത്ത ആളു തന്നെയാണ്‌, എന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്‌, എനിക്ക്‌ വേണ്ടിയാണ്‌ അദ്ദേഹം ഫോണ്‍ ചെയ്യാറുള്ളത്‌, അവര്‍ എന്റെ കൂടെ താമസിക്കാറുണ്ട് എന്നെല്ലാം മുഖ്യമന്ത്രി നിയമസഭയിലും പുറത്തും പറഞ്ഞുകൊണ്ടിരിക്കുകയാണ്‌ . ഡല്‍ഹി കേരള ഹൌസില്‍ കേരളത്തിലെ എം.എല്‍.എ മാര്‍ക്ക്‌ പോലും മുറികൊടുക്കാതെ പുറത്ത്‌ നിര്‍ത്തിക്കൊണ്ട് തോമസ് കുരുവിളാവിടെ സസുഖം വാഴുന്നു എന്ന്‌ പരാതി പറയുന്നത്‌ ഭരണകക്ഷി MLAമാര്‍ തന്നെയാണ്.

തോമസ്‌ കുരുവിള ജൂണ്‍ മൂന്നാം തിയതി ന്യുഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ ഒരു മുറിയെടുത്തിരുന്നു, മൂന്നുദിവസം മുറിയെടുത്തു താമസിച്ചത് കുരുവിളയല്ല. കുരുവിള താമസിച്ചത് മുഖ്യമന്ത്രിയുടെ കൂടെയാണ്, മുഖ്യമന്ത്രി തന്നെ പറയുകയും, കേരള  ഹൗസിലെ രേഖകള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അറിവോടെയുള്ള കുരുവിളയുടെ “അപരന്‍റെ” ലീലാഗ്രൂപ്പ്‌ ഹോട്ടലിലെ താമസവും, “അപരന്‍” ബിജു രാധാകൃഷ്ണന്‍ ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തത്, ബിജു രാധാകൃഷ്ണന്‍ എന്ന ക്രിമിനലുമായി മുഖ്യമന്ത്രിയുടെ ബന്ധം ശക്തിപ്പെടുത്തുന്നു. ലീലാ ഗ്രൂപ്പ് ഹോട്ടലിലെ നാല്‍പ്പതിനായിരത്തില്‍പരമുള്ള ബില്ല് അടച്ചതും കുരുവിളയാണ്. ഇനി കുരുവിള ഇതാര്‍ക്കുവേണ്ടി ചെയ്തതാണെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു.                  മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് “ട്രിവാണ്ട്രം ഗ്ലോബല്‍ സിറ്റി ഇനീഷ്യെറ്റിവ്” എന്ന സ്ഥാപനമാണ്‌. ഈ വിഷയം ഉയര്‍ന്നുവന്ന സാഹചര്യങ്ങളില്‍ എല്ലാം മുഖ്യമന്ത്രിയുടെ വസതിയെ സംബന്ധിച്ച് പറഞ്ഞ് പുകമറ സൃഷ്ട്ടിക്കേണ്ട കാര്യം എന്തായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അനര്‍ട്ടിന്‍റെ ലിസ്റ്റില്‍ പെടാത്ത ഒരു സ്ഥാപനം എങ്ങനെയാണ് സോളാര്‍ പാനല്‍ സ്ഥാപിച്ചത്? ഈ വിഷയം സഭയില്‍ വരുമെന്നുള്ളതു കൊണ്ടും, ഇതിനെ നേര്‍ക്കുനേര്‍ മറുപടി പറയേണ്ടിവരുമെന്നുള്ളതുകൊണ്ടുകൂടിയാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ വിസമ്മതിക്കുന്നത്‌.                 ബിജു രാധാകൃഷ്ണന്‍ എന്ന തട്ടിപ്പ്കേസിലെ പ്രതിയുടെ വക്കീല്‍ കുറെക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. വക്കീലും കക്ഷിയും തമ്മിലുള്ള വെളിപ്പെടുത്തലുകള്‍ “പ്രിവിലേജ് കമ്മ്യൂണിക്കേഷന്സി”ല്‍ ആണ് വരുന്നത്. ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വക്കീല്‍, പ്രതികളും ചേര്‍ന്നാണ്. വക്കീല്‍ അത് പുറത്തുപറഞ്ഞ സാഹചര്യത്തില്‍ അതൊരു മൊഴിയായി മാറി. ഇക്കാര്യം ആഭ്യന്തരവകുപ്പ് മൊഴിയായി സ്വീകരിച്ച് അതില്‍പ്പറയുന്ന ആളുകളെ ചോദ്യം ചെയ്യുകയോ,അറസ്റ്റ് ചെയ്യുകയോ ചെയ്യുമോ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിചല്ല, മറ്റൊരു വ്യക്തിയെക്കുറിച്ച്‌ ആയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?

 ടീം സോളാര്‍ കമ്പനിയെ കേരളത്തിന്‌ മുന്നില്‍ അവതരിപ്പിക്കുന്നത് പണമിടപാടുകള്‍ അടക്കമുള്ള കാര്യങ്ങള്‍ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ള സ്ഥലങ്ങളില്‍ വെച്ചാണല്ലോ?. ആര്‍ക്കും കയറി കച്ചവടം നടത്തി പിരിഞ്ഞുപോകാന്‍ പാകത്തില്‍ “ചാലക്കമ്പോള”ത്തിനു സമാനമായി ഈ ഓഫീസിനെ മാറ്റിയതിന്‍റെ ഉത്തരവാദിത്വം ആര്‍ക്കാണ് ? മുഖ്യമന്ത്രിയും മന്ത്രിമാരും PRD യും ചേര്‍ന്ന് ഈ കമ്പനിക്ക് വിശ്വാസ്യത ഉണ്ടാക്കിയതിന്‍റെ പേരിലലേ  വന്‍തുകകള്‍ തട്ടിയെടുക്കാന്‍ സംഘത്തിനു കഴിഞ്ഞത്. തട്ടിപ്പിനിരയായ എറണാകുളത്തെ സജാദ് പത്തനംതിട്ടയിലെ ശ്രീധരന്‍നായര്‍ എന്നിവര്‍ പറയുന്നത് മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ളയുമായും പ്രതികള്‍ക്കുള്ള അടുത്ത ബന്ധം കണ്ടാണ്‌ ഞങ്ങള്‍ ഇതില്‍ കുടുങ്ങിയത് എന്നാണ്. മുഖ്യമന്ത്രിയുടെ പേരുവച്ച് തട്ടിപ്പുകമ്പനി പണം കൈക്കലാക്കുന്നതായി മുന്‍പ് തന്നെ അറിയിപ്പ് ലഭിച്ചിട്ടുള്ളതാണ്. ഇത് സംബന്ധിച്ച പരാതി, പരാതിക്കാര്‍ ഏറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് കൊടുത്തിട്ടുള്ളതാണ്. ഈ സ്ഥാപനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തിന് മന്ത്രിമാരെ അയച്ചത് മുഖ്യമന്ത്രി അല്ലെ ? പബ്ലിക്റിലേഷന്‍സ് വകുപ്പിന്‍റെ മാസികയായ “ജനപഥ”ത്തിന്‍റെ ഏപ്രില്‍ മാസത്തെ മുഖാവരണത്തിലുള്ള എംബ്ലം ടീം  സോളാറിന്‍റെ അല്ലെ ? ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള മുന്‍ PRD ഡയറക്ടര്‍ ഫിറോസിന്‍റെ സ്വാധീനം ഇതിന് ഉപയോഗിച്ചിട്ടില്ലേ ?

ഒരു രൂപയുടെ പോലും നഷ്ടം സര്‍ക്കാരിന് ഉണ്ടായിട്ടില്ല എന്നാണു പുതിയ വാദം. ട്രെഷറിയുടെ നഷ്ടം പരിശോധിക്കാന്‍ മാത്രമല്ലല്ലോ ഈ സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സ്വന്തം പ്രജകളുടെ സമ്പത്ത് സംരക്ഷിക്കാന്‍ ഉള്ള ബാധ്യത ഗവര്‍മെന്റിനില്ലേ? സ്വന്തം പ്രജകളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍സംവിധാനത്തെയും, മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉപയോഗപ്പെടുത്താന്‍ കൂട്ടുനിന്നത് ഞങ്ങളാരുമല്ലല്ലോ. ഇതിന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രി അടക്കമുള്ള ഭരണകക്ഷിക്കല്ലേ. ആ ഉത്തരവാദിത്വത്തില്‍ നിന്നും തലയൂരാന്‍ കുറച്ചാളുകളെ പേര്‍സണല്‍ സ്റ്റാഫില്‍നിന്നും മാറ്റി നിര്‍ത്തിയത് കൊണ്ടായില്ലല്ലോ. എന്തിനാണോ മാറ്റിയത് ആ കാരണം സംബന്ധിച്ചുള്ള അന്വേഷണമോ അറെസ്റ്റോ നടന്നിട്ടില്ല.   ഗണ്‍മാന്‍ സലിം രാജ് തിരുവനന്തപുരം കടകംപിള്ളി വില്ലേജില്‍ 44.5 ഏക്കര്‍ ഭൂമി (200 കോടി മതിപ്പ് വില) തട്ടിയെടുത്ത കേസില്‍ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചിട്ട് 8 മാസമായി. എന്ത് നടപടി സ്വീകരിച്ചു? മറ്റൊരെണ്ണം കൊച്ചിയിലെ ഭൂമി തട്ടിപ്പ്, ആ കുടുംബം പത്രസമ്മേളനം നടത്തിയത് എല്ലാവരും കണ്ടതല്ലേ? ഇങ്ങനെ ഒട്ടനവധി കേസുകളില്‍ പ്രതിയായ സലിം രാജിനെ എന്തിനു സംരക്ഷിക്കുന്നു? എല്ലാ കാര്യങ്ങളും നിഗൂഡമായി ഒളിപ്പിച്ചു വെച്ച് കേരളത്തിലെ മുഖ്യമന്ത്രിയായി വാഴാമെന്നുള്ളത് വ്യാമോഹം മാത്രമായി അവശേഷിക്കാന്‍ പോവുകയാണ്.

മുഖ്യമന്ത്രിയും ഓഫീസും ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന തരത്തില്‍ സുതാര്യമായിരിക്കണം. ഇവിടെ വ്യക്തി അപ്രസക്തമാണ്. ഇതൊരു സംവിധാനമാണ്. ഈ പദവിയില്‍ നാളെ മറ്റൊരാള്‍ വരും, പോകും. ഇരിക്കുന്ന പദവിയും അതിന്റെ കേന്ദ്രസ്ഥാനമായ ഓഫീസും സംബന്ധിച്ച് അതിന്റെ ബഹുമാന്യതയും, വിശ്വാസ്യതയും, കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനു ഈ സര്‍ക്കാര്‍ തയ്യാറല്ല എന്നതാണ് ഇന്നത്തെ പ്രധാന പ്രശ്നം.  തട്ടിപ്പുകേസിലെ പ്രധാന പ്രതികളിലോരാളും, കൊലപാതകക്കേസിലെ പ്രതിയുമായ ബിജുരാധാകൃഷ്ണനുമായി മുഖ്യമന്ത്രിക്കുള്ള ആത്മബന്ധം എന്താണ്? യാതൊരു സാമൂഹിക അംഗീകാരവുമില്ലാത്ത, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുന്ന, സ്വന്തം ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയ, സാഡിസ്റ്റായ കൊലയാളിയോട് എന്ത് കുടുംബകാര്യമാണ് മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിട്ടുണ്ടാവുക? കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തിന്റെ പൊതുസ്വത്താണ്. ആ പദവിയിലിരിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് ഒളിച്ചു വെക്കാന്‍ മാത്രം ഒരു കാര്യവും ഉണ്ടാകാന്‍ പാടില്ല. ബിജു രാധാകൃഷ്ണനുമായുള്ള ചര്‍ച്ചയും, കൂടിക്കാഴ്ചയും പുറത്തുപറയാതിരിക്കാന്‍ മാത്രം രഹസ്യമാവുന്നതെന്തുകൊണ്ടാണ്? ഇത് പുതിയ സംശയങ്ങള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്നു എന്നുപറഞ്ഞാല്‍ അവരെ തെറ്റ് പറയാനാകില്ല. 24 മണിക്കൂറും ഓഫീസ് ജനങ്ങള്‍ക്കായി തുറന്നിടുന്ന, ജനങ്ങളുടെ ഇടയില്‍ മാത്രം ജീവിക്കുന്ന മുഖ്യമന്ത്രിക്ക് കൊലപാതകികളുമായുള്ള ആത്മബന്ധം എന്താണെന്നറിയാന്‍ തിരഞ്ഞെടുത്ത ജനങ്ങള്‍ക്കവകാശമുണ്ട്.  ബിജുവിന്റെ ബിസിനസ് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തു എന്നാണ് പുതിയ വാര്‍ത്തകളായി വന്നിരിക്കുന്നത്. ബിസിനസ് എന്നാല്‍ സോളാര്‍ തട്ടിപ്പല്ലേ? അതില്‍ ഇനിയും സഹായം നല്‍കാനായിരുന്നോ കൂടിക്കാഴ്ച? അതോ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി സ്വയം കുടുംബമില്ലാതാക്കിയ അയാളുടെ കുടുംബകാര്യം ചര്‍ച്ച ചെയ്യാനോ? എങ്കില്‍ അത് മുഖ്യമന്ത്രിക്കുള്ള അടുത്ത കുരുക്കായി മാറും എന്ന് അറിയാത്ത ആളല്ല കേരള മുഖ്യമന്ത്രി. അപ്പോള്‍ നിഗൂഡ രഹസ്യങ്ങളുടെ കേന്ദ്രമായി മുഖ്യമന്ത്രിയും ഓഫീസും മാറിയിരികയാണ്.

24 മണിക്കൂറും തുറന്നിട്ട്‌ നിഗൂഡതയുടെ കേന്ദ്രമായി കഴിയിന്നിടത്തോളം പിടിച്ചുനിൽകാനുള്ള മുഖ്യമന്ത്രിയുടെയും , അഭ്യന്തരമന്ത്രിയുടെയും മോഹം , മോഹമായി മാത്രം അവശേഷികാൻ പോകയാണ് . അറസ്റ്റ് ചെയ്യപ്പെട്ട  ശാലുമേനോൻ വെളുപെടുത്തിയ  കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ അഭ്യന്തരമന്ത്രികുണ്ടാവുന്ന നാക്ക് പിഴയും പരിഭ്രമവും , കേന്ദ്ര മന്ത്രി കൊടികുന്നിൽ സുരേഷുമായുള്ള   ശാലുമെനോന്റെ കുടുംബ ബന്ധവും , കഴിവും പ്രാഗൽഭ്യവുമുള്ള സിനിമ പ്രവർത്തകരും കലാകാരൻമാരും  നിൽകുമ്പോൾ അവരെ മറികടന്ന് സെൻസർ ബോർഡിൽ അംഗം ആക്കാനുമുള്ള  ശലുമെനോന്റെ കഴിവും കേരളം ചർച്ച ചെയ്തുകൊണ്ടിരികയാണ് . അതിലെ ഉന്നതർ ആരായാലും ശ്രീ രമേശ്‌ ചെന്നിത്തല പറഞ്ഞത് പോലെ വെള്ളം കുടിക്കുകയും , കുടിക്കാൻ ഒരുങ്ങി ഇരിക്കുകയുമാണ് … കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരികുന്നതിന്നുയെന്തെല്ലാം നിർദേശങ്ങളാണ് വൈദ്യുതി വകുപ്പ് മുന്നോട്ടു വെച്ചത് ..?

അതിൽ ഏതെങ്കിലും പദ്ധതികൾക്ക് കാര്യമായി പണം നീക്കി വെച്ചിടുണ്ടോ ?മൂവായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപികേണ്ട വിവധ പദ്ധതികൾ വെള്ളതിലാകിയില്ലേ  സർക്കാർ . ഒറിസ്സയിലെ ബൈതരണി കൽകരിപ്പാടം നഷ്ടപെടുത്തിയ സർകാരാണിത് . ഇവരാണ് സ്വകാര്യ സോളാർ കമ്പനിക്ക് വേണ്ടി ഇത്രയുമധികം ബുദ്ധിമുട്ടി  മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പടെ    തുറന്ന് കൊടുത്ത് സൗകര്യം ഒരുക്കുന്നത് . ഇത് ആരുടെ താല്പര്യസംരക്ഷണതിനാണെന്നാണ് ചോദിച്ചത് . അനധികൃതമായി ഗുണനിലവാരമില്ലാത്ത 78 സൌരോർജ പാനൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് . അവയെ നിയന്ത്രികണമെന്നും അഴിഞ്ഞാടാൻ അനുവദിക്കരുതെന്നുമുള്ള അനെർട്ടിന്റെ നിർദേശം സർകാരിന്റെ മുന്നിലുള്ളപ്പോഴാണ് ടീം സോളാർ സ്ഥാപിച്ച സൗരോർജ പാനലിന്റെ പ്രഭയിൽ കേരള മുഖ്യമന്ത്രി ഭരണം നടത്തുന്നത് . അത് പോലെ ശ്രീ ബാലകൃഷ്ണ പിള്ളയുടെ വീട്ടിൽ ടീം സോളാർ സ്ഥാപിച്ച സൗരൊർജ പാനലിന് സബ്സിഡി ലഭിച്ചു എന്ന് അവർ  പറയുന്നത് . ഈ തട്ടിപ്പിന്റെ വ്യാപ്തി അഗാധമാണ് .ഇത് പുറത്തു കൊണ്ടുവന്നത് സർക്കാരിന്റെ പോലീസ് സംവിധാനമോ മറ്റു അന്വേഷണ ഏജൻസികളോ അല്ല എന്നതാണ് ഏറെ പ്രധാന്യ മുള്ള കാര്യം . പ്രതിബദ്ധതയുള്ള  മാധ്യമ പ്രവര്‍ത്തകരുടെ  ശ്രമഫലമായാണ്  കേരളത്തെ  മൊത്തത്തില്‍  വിഴുങ്ങാനിരുന്ന കൊള്ളസംഘത്തില്‍നിന്ന്  ജനങ്ങളെ സംരക്ഷിക്കാനായത് . സര്‍ക്കാര്‍ ഇപ്പോഴും പ്രതികളെ  സംരക്ഷിക്കുന്നതിനും  മുഖ്യമന്ത്രി അടക്കം  മന്ത്രിസഭാംഗങ്ങള്‍ക്കുള്ള  ഇതിലെ  പങ്ക്  ഗോപ്യമായി വയ്ക്കാനുമാണ് . അതുകൊണ്ട് തന്നെയാണ്  ജുഡീഷ്യല്‍  അന്വേഷണത്തെ  ഭയക്കുന്നത് .

കേസ്‌  ഇല്ലാതാക്കാന്‍  വേണ്ടി  മാത്രമാണ്  , തന്നെ  കാണുമ്പോള്‍  സല്യൂട്ട്  ചെയ്യാന്‍  ബാധ്യസ്ഥമായ  പദവികളിലിരിക്കുന്ന  പോലീസ്‌ ഉദ്യോഗസ്ഥരെ കൊണ്ട്  ഇത് അന്വേഷിപ്പിക്കുന്നത്  .എന്നാല്‍  അങ്ങിനെ  രഹസ്യമായി  ഇതിനെ  കൈകാര്യം ചെയ്യാന്‍ ജനങ്ങളോട്  പ്രതിബദ്ധതയുള്ള  രാഷ്ട്രീയ പ്രസ്ഥാനം എന്ന  നിലക്ക്  ഞങ്ങള്‍ അനുവദിക്കയില്ല  .കേരളത്തിലെ  ജനങ്ങളുടെ  ആശങ്കകള്‍  മുഴുവന്‍ ദൂരീകരിക്കുന്നതിന്  നടപടി സ്വീകരിക്കുന്നതിനായി  ശക്തമായ നിലപാട് സ്വീകരിക്കും  .മടിയില്‍ കനമുള്ളത്  ഒളിപ്പിച്ചു  ജനങ്ങളെ  തട്ടിപ്പുകമ്പനിയുടെ  കെണിയിലേക്കു  എറിഞ്ഞുകൊടുത്തുകൊണ്ട്  കേരളജനതക്ക്  എതിരായ ഭരണം നടത്താന്‍ ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍  ആഗ്രഹിക്കാനുള്ള  സ്വാതന്ത്ര്യം  നല്‍കിക്കൊണ്ട്  നടപ്പാക്കാന്‍  അനുവദിക്കില്ലെന്നതിന്‍റെ   തെളിവുകളാണ്  കേരളത്തില്‍  ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന  ജനകീയ  പ്രക്ഷോഭം എന്ന്  ഭരണാധികാരികള്‍  മനസ്സിലാക്കുന്നത്  നന്നായിരിക്കും .

Share.

About Author

134q, 0.628s