Leaderboard Ad

സോഷ്യല്‍ നെറ്റ് വര്‍ക്കിലെ സ്ത്രീ – പുരുഷ വിചാരണകള്‍

0

1.

ഫേസ്ബുക്കിലെ  ഇന്‍ബോക്സില്‍ നിന്നും ഇടയ്ക്കു മലിന ജലം അതിന്റെ ചുമരിലൂടെ ഒലിച്ചിറങ്ങും! ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന ആ മലിന ജലത്തില്‍ കൊതുകകള്‍ പെറ്റുപെരുകയും ‘വഴിയാത്രക്കാര്‍ ‘ മൂക്കുപൊത്തി നടക്കാന്‍ ഇടയാകുകയും ചെയ്യും . അപ്രകാരം മൂക്ക് പൊത്തി നടക്കാന്‍ വിധിക്കപ്പെട്ട സൌഹൃദങ്ങളില്‍ ഞാന്‍ ഉള്‍പ്പെടെ പലരുമുണ്ട് . ചിലപ്പോള്‍ ഒരുതരം മാജിക്കല്‍ റിയലിസം പോലെ ഈ അവസ്ഥാന്തരങ്ങളെ കാണുകയും മൌനം കൊണ്ട് അതിനെ മറികടന്നു പോകാന്‍ ശ്രമിക്കുകയും ചെയ്യുന്ന പലരിലും ഒരാള്‍ മാത്രമായി അപ്പോള്‍ ഞാനും മാറുന്നു ! കേവലം ഒരു ദശകത്തിന്റെ ചരിത്രം പോലും പറയാനിടയില്ലാത്ത സോഷ്യല്‍ നെറ്റ് വര്‍ക്ക് ലോകത്തെ ‘സാമൂഹ്യ ജീവികൾ ‘ നടത്തുന്ന യുദ്ധ കോലാഹലങ്ങള്‍ ഇപ്പോള്‍ ഒരു ചരിത്രത്തിന്റെയും ഭാഗമല്ല ! അഥവാ ഈ ചരിത്രം പില്ക്കാലത്ത് ആരെങ്കിലും എഴുതാന്‍  ഇടയുണ്ടെങ്കില്‍ ആ ചരിത്രകാരന്‍ സൂക്ഷ്മമായും രേഖപ്പെടുത്തുക അവിടെ നടക്കുന്ന സ്ത്രീ – പുരുഷ വിചാരണകള്‍ ആകാമെന്നു തോന്നുന്നു ! പ്രസക്തമെന്നു തോന്നേണ്ട ചില വസ്തുതകൾ ഇത്തരം വിചാരണകളിൽ സ്പഷ്ടമായി കാണപ്പെടുമ്പോഴും ഇരുപക്ഷത്തിന്റെയും അനാവശ്യ അഹങ്കാര പെരുമഴയിൽ, തെറ്റായ നിരീക്ഷങ്ങളിൽ അതിന്റെ ഗരിമ നഷ്ടപ്പെടുത്തുന്നു.

 2.

ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു ദശകത്തിൽ കേരളത്തിൽ സ്ത്രീകൽക്കിടയിലുണ്ടായ ചില സാമൂഹ്യ മാറ്റങ്ങളും അതോടു ചേർന്ന് നില്ക്കുന്ന സോഷ്യൽ നെറ്റ് വര്ക്കിലെ സൌഹൃദങ്ങളും അല്പം നിരീക്ഷിക്കുന്നത് നല്ലതെന്ന് തോന്നുന്നു . സാമൂഹ്യ മാറ്റങ്ങളില്‍ പ്രധാനമായി തോന്നിയത് സ്വന്തം കാലില്‍ നില്‍ക്കാനുള്ള സ്ത്രീകളുടെ ത്വരയും അതിനനുസൃണമായി വരുന്ന ചില ഘടകങ്ങളും ആണ് . വളരെ കാലം മുന്‍പ് സക്കറിയ എന്ന എഴുത്തുകാരൻ പറഞ്ഞതോർക്കുന്നു . ‘ ചേറില്‍ജോലി ചെയ്യുന്ന ഒരു പെണ്ണിന് ഒരു കണ്ണാടി തുണ്ട് സമ്മാനിച്ചത്‌ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണ് . അവള്‍ അതിലൂടെ തന്റെ ചന്തം കണ്ടറിഞ്ഞു ‘ . ചെയ്യുന്ന തൊഴിലിനു അല്പം മാന്യമായ വേതനം കിട്ടിയ ഒരു പെണ്ണിന്റെ മനസ്സിന്റെ അനല്പ സന്തോഷം സക്കറിയയുടെ ഈ വരികളില്‍ സ്പഷ്ടമാണ് . എന്നിട്ടും സ്ത്രീകള്‍ പുരുഷന്റെ നിഴലില്‍ നിന്നും അധികം പുറത്തേക്ക് വന്നെന്നു തോന്നുന്ന ഒരു സമൂഹ ഘടന ഇവിടെ ഉണ്ടായില്ല . കുടുംബം എന്ന സൂക്ഷ്മ ഭരണ കൂടം മുതല്‍ രാഷ്ട്രത്തിന്റെ പരമോന്നതി വരെ നീളുന്ന ഭരണ സാക്ഷാല്‍ക്കാരങ്ങളില്‍ പുരുഷന്റെ അപ്രമാദിത്വം ഭേദിക്കുക അത്ര എളുപ്പമല്ലെന്ന നിസ്സംഗതയില്‍ , അല്ലെങ്കില്‍ നിശബ്ദമായി എല്ലാം ഏറ്റു വാങ്ങേണ്ട ഗതികേടില്‍ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ അവസ്ഥ തുടര്‍ന്നു ! ഇതിന്നിടയില്‍ വന്ന ഒറ്റപെട്ട ശബ്ദങ്ങള്‍ പോലും രസകരമായിതന്നെ തമസ്കരിക്കപ്പെട്ടു ! വളരെക്കാലം മുന്‍പ് മരങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ കവിയത്രിയും സാമൂഹ്യ പ്രവർത്തകയുമായ സുഗതകുമാരി തുടര്‍ച്ചയായി സംസാരിക്കുകയും എഴുതുകയും ചെയ്തപ്പോള്‍ അതിനെ അന്നത്തെ ഒരു നിയമസഭാ സാമാജികന്‍ ‘ ഓള് ‘ എന്ത് പറയുന്നു എന്ന നിലക്ക് പരിഹസിച്ചു ! പ്രകൃതി സംരക്ഷണത്തെ കുറിച്ച് പറഞ്ഞതിന് അത്രയും പരിഹാസം അന്ന് സ്ത്രീകൾ കേട്ടെങ്കില്‍ അന്നത്തെ രാഷ്ട്രീയ – സംസ്കാരീക – മത മേഖലകളെ കുറിച്ച് അഭിപ്രായം പറയുന്ന സ്ത്രീകള്‍ എത്രമാത്രം പഴി കേള്‍ക്കേണ്ടി വരും എന്നറിയുക ! തങ്ങളെ പൊതിയുന്ന ഇരുട്ടിനെ ഇരുട്ടിലിരുന്നു കൊണ്ട് ശപിക്കേണ്ട ഒരു ദുരവസ്ഥ സാക്ഷര കേരളത്തിലും സ്ത്രീകള്‍ക്ക് തുടരേണ്ടി വരുന്നുവെന്നല്ലെ ഇതൊക്കെ സൂചിപ്പിക്കുന്നത് !!

3.

ജോലി ചെയ്യുന്ന അല്ലെങ്കിൽ സ്വന്തം കാലില്‍ നില്ക്കാന്‍  കെല്‍പ്പുള്ള   സ്ത്രീകൾക്ക് പോലും സ്വന്തം അഭിപ്രായം അവരവരുടെ ഇത്തിരി വൃത്തത്തില്‍  ഒതുക്കേണ്ടി വന്ന അത്തരം സാഹചര്യത്തില്‍   നിന്നും ഇക്കഴിഞ്ഞ ദശകത്തില്‍ ഏറെ മാറ്റങ്ങൾ ഉണ്ടായി . അതില്‍ വളരെ പ്രാധാന്യം തോന്നിയത് ഗ്രാമ പഞ്ചായത്തുകളില്‍ സ്ത്രീകൾക്ക് കൈവന്ന 33% സംവരണം തന്നെ . 33 % സംവരണത്തിലൂടെ സ്ത്രീകള്‍  ഭരണത്തില്‍  വരുമ്പോഴും പലരും പരിഹസിച്ച ഒരു കാര്യം അവിടെ നടക്കാന്‍  ഇടയുള്ള പിന്‍ സീറ്റ്‌ ഡ്രൈവിങ്ങിനെ കുറിച്ചാണ്  . 33% സ്ത്രീകളുടെയും ബുദ്ധിയുടെ പ്രഭവ കേന്ദ്രം ആ സ്ത്രീകളുടെ ഭർത്താവോ സഹോദരനോ പിതാവോ ആകാമെന്നും , അത്തരത്തിലല്ലാതെ അടുക്കളയില്‍  കഴിയുന്ന പെണ്ണിന് അതൊക്കെ എങ്ങനെ സാധിക്കുമെന്നും ചിലർ പരിഹസിച്ചു കൊണ്ടിരുന്നു  . എന്നാല്‍ ഇത്തരം പരിഹാസങ്ങളെ കാറ്റില്‍  പറത്തുന്നതായിരുന്നു ഗ്രാമ പഞ്ചായത്തുകളില്‍ സ്ത്രീകളുടെ പ്രവർത്തനം . അപ്പോഴേക്കും പതുക്കെ പതുക്കെ പുരുഷ ഗര്‍ജനങ്ങള്‍ ഒന്നടങ്ങാന്‍  ഇടയായിയിരിക്കണം. ഇതിനകം പൊതുവേദികളില്‍  സ്ത്രീകളുടെ പങ്കു നിര്‍ണായക മെന്ന് തോന്നുന്ന അവസ്ഥയെ അംഗീകരിക്കുന്നവരും അല്ലാത്തവരും സമൂഹത്തില്‍  പിറവിയെടുക്കുകയും അതുവഴി സ്ത്രീ പക്ഷ വീക്ഷണങ്ങള്‍ പുരുഷ പ്ലാറ്റ് ഫോമില്‍  എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍  ഉണ്ടാകുന്ന ഘട്ടത്തിലേക്ക് അതൊക്കെ നീളുകയും ചെയ്തു . അതോടൊപ്പം സ്ത്രീകള്‍  രാഷ്ട്രീയം പറയാന്‍  തുടങ്ങി , മതത്തിന്റെ കട്ടിത്തോലുകളില്‍ പോറലുകള്‍ ഉണ്ടാക്കാന്‍ അവര്‍ പര്യാപ്തമായി , സംസ്കാരീക രംഗങ്ങളില്‍ അവരുടെ തെളിമ ശ്രദ്ധേയമായി ! അതേപോലെ തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ താഴെ തട്ടിലുള്ള സ്ത്രീകള്‍ക്ക് നല്കിയ പിന്‍ബലം ഈ കാലയളവില്‍ ഉണ്ടായ മറ്റൊരു വലിയൊരു നേട്ടമാണ് . തൊഴിലുറപ്പിന്റെ ഫണ്ട് വിഹിതത്തിലെ അഴിമതിയോ ഈ പദ്ധതി ഉണ്ടാക്കുന്ന ഉല്പാദന ക്ഷമതയെ കുറിച്ചുള്ള വേവലാതിയോ ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല . പകരം ആ പദ്ധതി താഴെ തട്ടിലെ അധികം കൂലിപ്പണിക്ക് പോകാതെ വീട്ടിൽ ‘ അടങ്ങിയൊതുങ്ങി ‘ കഴിഞ്ഞിരുന്ന പെണ്ണിന് നേരത്തെ സക്കറിയ പറഞ്ഞ ഒരു കണ്ണാടി തുണ്ടിന്റെ ഫലം ചെയ്തു ! അവര്‍ക്കും സ്വന്തം ഇഷ്ടത്തിനു ചിലവഴിക്കാന്‍  ഇത്തിരി സമ്പാദ്യം കൈവന്നു . ഇയ്യിടെ നാട്ടില്‍ പോയപ്പോള്‍  തൊഴിലുറപ്പിന്റെ ഭാഗമായി തൊടിയിലെ കാട് വെട്ടുന്ന പെണ്ണുങ്ങള്‍ അനൽപ്പ സന്തോഷത്തോടെ  അവരുടെ സ്വപ്നങ്ങൾ നെയ്യുന്നത് കണ്ടപ്പോള്‍എനിക്ക് തോന്നിയത് അവരില്‍  ഉദയം ചെയ്യുന്ന മാറ്റം ഇതേവരെയുള്ള അവരുടെ അടിച്ചമര്‍ത്തപ്പെട്ട ചില  നന്‍മയുടെ തെളിമയാണെന്നതാണ് ! അത് തുടരും . അല്ലെങ്കില്‍  തുടരണം .

4.

ഇതേ കാലയളവില്‍ തന്നെ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ സമൂഹത്തില്‍  സൃഷ്ടിച്ച മാറ്റം അത്ഭുതാവഹമാണ് ! എല്ലാവരുടെയും കൈയ്യില്‍ മൊബൈല്‍  ഫോണ്‍ . എല്ലാ വീടുകളിലും കമ്പ്യൂട്ടർ . അതൊക്കെ നമ്മുടെ ഒരയവമായി പെട്ടെന്ന് മാറി . ഉപകാരവും ഉപദ്രവവും ഒരേസമയം അവ നമുക്ക് തന്നുകൊണ്ടിരുന്നു . അരവിന്ദന്റെ ‘ ഒരിടത്ത് ‘ എന്ന സിനിമയില്‍ വെളിപ്പെടുത്തുന്ന ഒരു ഗ്രാമത്തില്‍  വൈദ്യുതി ആദ്യമായി വരുമ്പോള്‍  ഉണ്ടാകുന്ന വെളിച്ചവും ഇരുട്ടും പോലെ മൊബൈലും ഫോണും ഇന്റര്‍ നെറ്റും നമ്മുടെ ജീവിതത്തില്‍ കുറെ കയറ്റിറക്കങ്ങള്‍  സൃഷ്ടിച്ചു !! മുറിയിലെ നിശബ്ദതയില്‍  നിന്നും അകലങ്ങളിലേക്ക് മുഖങ്ങള്‍ തിരഞ്ഞു പോയവര്‍  , ആശ്വാസം തേടിയവര്‍  ഒടുക്കം മതിലുകള്‍ ചാടി ദുരന്ത ചക്രങ്ങളില്‍ ചതഞ്ഞരഞ്ഞു . ശീതീകരിക്കപ്പെട്ട സ്ത്രീ മനസ്സുകളില്‍ സോഷ്യല്‍  നെറ്റ് വർക്ക്‌ തെളിച്ചം തരുന്ന കിളി വാതിലുകളായി . അവര്‍ അവരുടെ വല്ലായ്മയുടെ അറുതിയില്‍ കഥയും കവിതയും ലേഖനങ്ങളും എഴുതി ഈ കിളിവാതിലിലൂടെ പുറംലോകത്തേക്കെറിഞ്ഞു. . എഴുതിയത് കേമമെന്നോ അല്ലായെന്നോ അളക്കുന്നതിനപ്പുറം അതവരുടെ മനസ്സാണെന്ന് കാണുന്നതാണ് അതിലെ ശരി . പതുക്കെ ആണിനും പെണ്ണിനും ഏകാന്തത ഒരു പഴയ വാക്കായി മാറി . ആരുമില്ലെങ്കിലും നമ്മുടെ മുറിയില്‍  ആയിരങ്ങളുടെ ആരവം നമ്മള്‍  അറിഞ്ഞു . സോഷ്യല്‍  നെറ്റ് വര്‍ക്കി ചുമരുകളില്‍   രാഷ്ട്രീയം – മതം – സംസ്കാരം പല കാഴ്ചകളിലൂടെ സംവാദമായി . ബഹളമായി . പരസ്പരം പോര്‍  വിളിയും തെറിവിളിയുമായി !

5.

തൊണ്ണൂറുകള്‍ക്ക് ശേഷം നമ്മുടെ നേരിട്ടുള്ള പരസ്പര ആശയ വിനിമയങ്ങളുടെ വിസ്തൃതി ഓരോ പുതിയ മാധ്യമങ്ങള്‍  വരുമ്പോഴും ചെറുതായികൊണ്ടിരുന്നു . ടി .വി ചാനലുകളുടെ വരവോടെ ഹൃസ്വമായി തുടങ്ങിയ നമ്മുടെ പരസ്പരമുള്ള കണ്ടുമുട്ടലുകളും ഇടപെടലുകളും സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ആഗമനത്തോടെ ഏതാണ്ട് ശൂന്യമായെന്ന് കരുതാം . അതേ സമയം സോഷ്യല്‍ നെറ്റ് വർക്കുകള്‍  പോസിറ്റീവ് ആയ ചില നേട്ടങ്ങള്‍  ഉണ്ടാക്കിയതും വിസ്മരിക്കരുത് . അതിലൊന്ന് പൊതുവെ സ്ത്രീകൾക്ക് അനുഭവവും നിരീക്ഷണവും അഭിപ്രായവും തുലോം കുറവെന്നു പുരുഷൻമാര്‍ പലപ്പോഴും സവിസ്തരം പറയുന്ന , കരുതുന്ന രാഷ്ട്രീയം – മതം – സംസ്കാരം എന്നീ വിഷയങ്ങളെ കുറിച്ച് സ്ത്രീകള്‍  സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ മികച്ച അഭിപ്രായം പറയാന്‍ തുടങ്ങിയതാണ്‌ ! സ്ത്രീകളുടെ പ്രസ്തുത വിഷയങ്ങളിലേക്കുള്ള കടന്നു കയറ്റം പലര്‍ക്കും അത്ര രസിക്കാന്‍ പോന്നതായിരുന്നില്ല . വാളുകളില്‍ അവര്‍  ഇട്ട അത്തരം പോസ്റ്റുകള്‍ ക്ക്‌ കീഴെ സ്ഥാനം പിടിക്കുന്ന അസഹിഷ്ണുതയുടെ വിസ്പോടനങ്ങള്‍  കാണിക്കുന്നത് അതാണ്‌ . ചില പുരുഷ കമന്റുകള്‍  നിറയെ സ്ത്രീ വിദ്വേഷം വേണ്ടത്ര കുമിഞ്ഞു കൂടിയതും കാണാം . എന്നിട്ടും അരിശം തീരാതെ ചിലര് , പണ്ടൊക്കെ അദ്ധ്യാപകനോടുള്ള അരിശത്തിനു ക്ലാസ്സ്‌ മുറിയില്‍  രാത്രി ചെന്ന് മല മൂത്ര വിസര്ജനം നടത്തുന്ന വികൃതി കൂട്ടങ്ങളെ പോലെ , സ്ത്രീകളുടെ മെസ്സേജ് ഇന്‍ബോക്സില്‍  തെറിയഭിഷേകം നടത്തി കൊണ്ടിരുന്നു ! നിരുപദ്രവമെന്ന് തോന്നുന്ന വല്ല പ്രണയമോ , പ്രകൃതിയേയോ കുറിച്ച് എഴുതുന്ന സ്ത്രീകളെക്കാള്‍ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്ന , സമകാലീക പ്രസക്തിയുള്ള ചില വിഷയങ്ങളെ കുറിച്ച് എഴുതുന്ന സ്ത്രീകളാകണം കൂടുതല്‍  വേട്ടയാടപെടുന്നത്‌ . അതേസമയം സോഷ്യല്‍ നെറ്റ് വർക്കുകളില്‍  വളരെ സുരക്ഷിതമായി സൌഹൃദങ്ങളെ കൊണ്ടുപോകാന്‍ ഉപയോഗിക്കേണ്ട കരുതലുകള്‍  ഒന്നുമേ സ്വീകരിക്കാതെ അയ്യായിരത്തോളം ‘സുഹൃത്തുക്കള്‍ക്ക് അംഗത്വം ‘ നല്കി , അത്തരക്കാരില്‍  നിന്നും പ്രകോപനം ഉണ്ടാകുമ്പോള്‍   നിലവിളിക്കുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല ! അത്തരം കുഴപ്പക്കാരെ ബ്ലോക്ക്‌ ചെയ്താല്‍  തീരാവുന്ന കാര്യത്തിന് പകരം പുരുഷ വിദ്വേഷം വമിക്കുന്ന പോസ്റ്റ്‌ നല്കി ഒരുതരം ഉന്മാദത്തില്‍  ഭ്രമിക്കുന്ന ചില സ്ത്രീകളുടെ രീതിയും വളരെ പ്രതിലോമകരം തന്നെ !

6.

സദാചാരത്തെ കുറിച്ചുള്ള സ്ത്രീ – പുരുഷ കാഴ്ചപ്പാടുകള്‍ സോഷ്യൽ നെറ്റ് വർക്കുകളില്‍ പലപ്പോഴും രോഷാഗ്നി പടര്‍ത്താറുണ്ട് !  സദാചാരം ഇന്നതായിരിക്കണം എന്ന് ഒരു ലിഖിത നിയമം ഇല്ലെങ്കിലും അത് നാം അനുവര്‍ത്തിച്ചു വരുന്ന നമ്മുടെ ചില പാരമ്പര്യങ്ങളെയും നമ്മുടെ സംസ്കാരത്തെയും മുൻനിര്‍ ത്തി നിലകൊള്ളുന്നു . കാലത്തിന്നനുസരിച്ച് അതില്‍  മാറ്റങ്ങള്‍  ഉണ്ടാകുന്നു . എങ്കിലും അത് എത്രവരെ പോകാം എന്നൊക്കെ നിജപ്പെടുത്തുക പ്രയാസം ! സ്ത്രീകളുടെ വസ്ത്രധാരണം , പൊതുവേദിയിലോ ആള്‍ക്കൂട്ടത്തിന് മുന്നിലോ സ്ത്രീകളുടെ ഇടപെടല്‍ , ലൈംഗീകതയെ കുറിച്ചുള്ള സ്ത്രീകളുടെ വിലയിരുത്തല്‍  തുടങ്ങിയവയൊക്കെ ചില പുരുഷ കാഴ്ചകളില്‍   അസ്വാരസ്യം സൃഷ്ടിക്കും . വളരെ മുന്‍പ് കോഴിക്കോട് വിപുലമായ തോതല്‍   നടന്ന കാബറെക്കെതിരെ സുഗതകുമാരി ടീച്ചറെ പോലുള്ളവര്‍ ശബ്ദമുയര്ത്തിയത് ഓര്‍ക്കുന്നു  . അതിന്റെ ഭാഗമായി ആ നഗ്നതാ പ്രദര്‍ശനം അവിടെ നിലച്ചു . പിന്നീട് പര്‍ദ്ദയെ കുറിച്ചും അതേപോലെ  വിവാദം വന്നു . ഒന്ന്  വസ്ത്രമില്ലായ്മയെ കുറിച്ചും മറ്റൊന്ന്  അമിത വസ്ത്രത്തെ കുറിച്ചും . ജീവിക്കാന്‍ വേണ്ടി   വസ്ത്ര മുരിയുന്ന  സ്ത്രീകളും പൂനം പാണ്ടയെ പോലെ പബ്ലിസിറ്റിക്ക് വേണ്ടി   അതിര്  വിട്ട നഗ്നതാ പ്രദർശനം നടത്തുന്നവരും    മതത്തിന്റെ ഇടപെടലില്‍ പര്‍ദ്ദ ധരിക്കേണ്ടി വരുന്ന സ്ത്രീകളും സദാചാരത്തെ കുറിച്ചുള്ള സംവാദങ്ങളില്‍  വിഷയങ്ങളായി വരുന്നത്  പരസ്പര വിരുദ്ധമെന്നത്    രസകരമാണ് ! ഓരോ രാജ്യത്തിന്റെയും സദാചാര ചിന്തകള്‍ , കാഴ്ചകള്‍  തികച്ചും വ്യത്യസ്തമാകാം . ആ നിലക്ക് നമുക്ക് നമ്മുടെ രാജ്യത്തോട് ചേര്‍ന്ന് നില്ക്കുന്ന രീതി അവലംബിക്കുന്നതാകും നല്ലത് .ചില രാജ്യങ്ങളില്‍  ഇന്ന വസ്ത്രം ധരിക്കണം എന്ന ഏര്‍പ്പാട്‌  ഉണ്ട് . ഇന്ത്യയില്‍  അങ്ങനെയൊന്നില്ല . എങ്കിലും നമ്മുടെ വസ്ത്രം നമ്മുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ ആകരുതെന്ന് തോന്നാറുണ്ട് . ഇതേ കുറിച്ചുള്ള ചില ഫെമിനിസ്റ്റ് കാഴ്ചകളെ , അവരുടെ അകം നിറഞ്ഞ പുരുഷ വിദ്വേഷത്തെ ,അതില്‍ നിന്നു വമിക്കുന്ന പക നിറഞ്ഞ പ്രതികരണങ്ങളെയൊക്കെ കാണുമ്പോള്‍ ഇതുസംബന്ധിച്ചുള്ള അവരുടെ ചിന്തകള്‍ തീവ്രവാദമാകുന്നുവോ എന്നുപോലും തോന്നാറുണ്ട്.  ! പലപ്പോഴും കാണേണ്ടത് അവര്‍  കാണുന്നുമില്ല . മറ്റൊന്ന് നമ്മുടെ സമകാലീന സിനിമകളിൽ ദരിദ്ര നായികമാര്‍  ഇല്ലല്ലോ ! അതേപോലെ ചില ഫെമിനിസ്റ്റ് കാഴ്ചകളില്‍  നിത്യ ജീവിതത്തില്‍  നാം പലപ്പോഴും കാണുന്ന ദുരിതങ്ങളുടെ ആ   പുറമ്പോക്ക് ദൃശ്യങ്ങളും  ഇല്ല . പലപ്പോഴും ശരിയായ വഴികളിലൂടെ , കാഴ്ചകളിലൂടെ സ്ത്രീകളെ നയിക്കാന്‍  സ്ത്രീകള്‍ക്ക് നല്ല സ്ത്രീ നേതൃത്വവും ഇല്ലെന്നതും ഒരു ദുരന്തമാണ് . അതേസമയം സദാചാരത്തെ കുറിച്ച് മതത്തിന്റെ ചുവടു പിടിച്ചു ചില പുരുഷ കേസരികള്‍  കാട്ടികൂട്ടുന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വളരെ  പരിതാപകരമാണ് ! അവരുടെ പല വാദങ്ങളും അപക്വവും ബുദ്ധി ശൂന്യവുമായി തോന്നും . സ്ത്രീകളുടെ മാനത്തിന്റെ കാവലാള്‍ എന്ന നിലയില്‍ പറയുന്ന ചിലരാണ് സ്ത്രീകളുടെ പോസ്റ്റിനു കീഴെ , അവരുടെ മെസ്സേജ് ഇന്‍ബോക്സില്‍  അസഭ്യത്തിന്റെ അമേദ്യം കലക്കി ഒഴിക്കുന്നത്.

7.

ഒരുപക്ഷെ ഇതര രാജ്യങ്ങളെയും   ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയും  അപേക്ഷിച്ച് മലയാളികള്‍  ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍  ആകാം ഇത്രയും സ്ത്രീ – പുരുഷ യുദ്ധങ്ങള്‍  നടക്കുന്നത് എന്ന് തോന്നുന്നു . ചിലപ്പോള്‍  ഈ പ്രസ്താവന തെറ്റാകാം . പക്ഷെ ഒരു കാര്യം പറയാതെ വയ്യ . മലയാളികളിൽ പലർക്കും ഇപ്പോഴും സ്ത്രീകളുമായുള്ള നല്ല സൗഹൃദം തികച്ചും അപരിചിതമാണ് . സ്ത്രീയെ ഒരു നല്ല സുഹൃത്തായി കാണാന്‍ പല മലയാളികളും ഇപ്പോഴും പഠിച്ചു കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു . അല്പം സ്വതന്ത്രമായി സോഷ്യല്‍ നെറ്റ് വർക്കില്‍ ഇടപെടുന്ന സ്ത്രീകള്‍ പല പുരുഷ കാഴ്ചയിലും ഒരു പൊതു സ്വത്ത് പോലെയാണ് ! ആ സ്ത്രീയുടെ കുടുംബമോ ,പ്രായമോ ,അവസ്ഥയോ ഒന്നും മനസ്സിലാക്കാതെയാണ് ചിലർ അവരെ സംബോധന ചെയ്യുന്നത് പോലും  .അപ്പോള്‍ തോന്നാവുന്നത് സൌഹൃദത്തില്‍  ആണ്‍ – പെണ്‍ മതിലുകള്‍  ഉണ്ടോ എന്നതാണ് ! യഥാര്‍ത്ഥത്തില്‍ അങ്ങനെ പാടില്ലെന്ന് നമ്മള്‍  പറയും . എന്നാല്‍  മലയാളികളുടെ സൌഹൃദത്തില്‍  അത് കൃത്യമായി ഉണ്ട് . നമ്മുടെ ക്ലാസ്സ്‌ മുറികളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകം പ്രത്യേകം ഇരുത്തിയപോലെ ഒരവസ്ഥ ! പണ്ടൊക്കെ നാട്ടിന്‍ പുറങ്ങളിലെ സ്കൂളില്‍   ആണ്‍കുട്ടികള്‍  വികൃതി കാട്ടിയാല്‍  ചില അദ്ധ്യാപകർ കൊടുക്കുന്ന ശിക്ഷ പെണ്‍കുട്ടികളുടെ ബെഞ്ചില്‍  ഇരുത്തുക എന്നതായിരുന്നു . ശത്രു രാജ്യത്ത് നിന്നും എത്തപെട്ടവനെ പോലെ പരുഷമായി പെണ്‍പക്ഷം അവനെ നോക്കും . ആണ്‍ കുട്ടികള്‍  കളിയാക്കി ആര്‍ത്ത് ചിരിക്കും . ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം മനസിലാക്കേണ്ട , ഒന്നിച്ചു ചിന്തിക്കേണ്ട  കുട്ടിക്കാലത്ത് തന്നെ അവർക്കിടയില്‍  അകലം സൃഷ്ടിക്കുന്ന  ഇടങ്ങളായി സ്കൂളുകളും വീടുകളും മാറുന്നു . അതിന് മാതാപിതാക്കളും അദ്ധ്യാപകരും മത മേലാളരും പലപ്പോഴും വഴിമരുന്നിടുന്നു  . അത്തരം  വീടുകളില്‍  നിന്നും ക്ലാസ്സ്‌ മുറിയില്‍  നിന്നും തുടങ്ങിയ ഈ ആണ്‍ – പെണ്‍ പോര് അല്ലെങ്കില്‍  ആ ഇടുങ്ങിയ സൌഹൃദ കാഴ്ചകള്‍  സോഷ്യല്‍ നെറ്റ് വർക്കില്‍ തുടര്‍ന്നില്ലങ്കിലല്ലേ അത്ഭുതമുള്ളൂ !!!

 

Share.

About Author

134q, 0.860s