Leaderboard Ad

സ്ത്രീശരീരങ്ങള്‍ പറയുന്നത്

0
കുറച്ചു ദിവസം മുന്‍പാണ്, ഒരു ഓണ്‍ലൈന്‍ മാസികയില്‍ ഒരു ലേഖനം വായിച്ചത്. ഒപ്പമുണ്ടായിരുന്ന ഗംഭീരന്‍ ചോദ്യം കുറിയ്ക്കാം, എന്തുകൊണ്ട് പുരുഷന്‍ സ്ത്രീയെ ഭയപ്പെടുന്നു?  രസകരമായ ചോദ്യം അല്ലേ!
സ്ത്രീകളെ പുരുഷന്‍മാര്‍ ഭയക്കുന്നു എന്നത് ഒരു വ്യത്യസ്തമായ ചിന്തയാണെങ്കില്‍ പോലും ചികഞ്ഞു നോക്കിയാല്‍ അത് തിരിച്ചറിയാം, കാരണം സ്ത്രീയുടെ മുകളില്‍ ആധിപത്യം ഉറപ്പിക്കാന്‍ പുരുഷന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്നെ അതിനു ഉദാഹരണം.
 ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍ ആണ്‍കുട്ടികളുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. പുതിയ തലമുറ ഒരുപരിധി വരെ മാറിയിട്ടുണ്ടെങ്കിലും ഇപ്പോഴും പാരമ്പര്യത്തിന്‍റെ, സമൂഹത്തിന്‍റെ ഒക്കെ നീതി വ്യവസ്ഥയില്‍ പെണ്‍ജീവിതങ്ങള്‍ മറ്റൊരു തലത്തിലാണ്, വായിക്കപ്പെടുന്നത്. അടുത്ത ദിവസം സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടു നിന്ന പ്ലസ്ടു കാരിയായ കസിനെ കുറിച്ച് ഒരു സുഹൃത്ത് പറയുകയുണ്ടായി. ബസ്സ്റ്റാന്‍ഡാണ്, ആളുകളുണ്ട്, എന്നു ശ്രദ്ധിക്കാതെ ആണ്‍സുഹൃത്തുക്കളോട് ഉച്ചത്തില്‍ തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ ഒരു ആണ്‍ സമൂഹം കാണുന്നത് ഭയത്തോടെയാണ്, പെണ്‍സമൂഹം കാണൂന്നത് ഉത്കണ്ഠയോടെയും. ഭയമെന്നു പറഞ്ഞതിന്, കാരണമുണ്ട്. സ്ത്രീ എന്നാല്‍ തനിക്ക് വഴങ്ങി ജീവിക്കേണ്ടവളാണെന്ന് പല പുരുഷന്‍മാരും ധരിച്ചു വച്ചിരിക്കുന്നു.
എന്തുകൊണ്ട് ഒരു സ്ത്രീ പുരുഷന്, വഴങ്ങി ജീവിക്കണം? സ്വന്തമായ വ്യക്തിത്വവും തീരുമാനങ്ങളും ഉണ്ടായിട്ടും അത്തരം ഇഷ്ടങ്ങള്‍ ചിലതെങ്കിലും മാറ്റി വച്ച് കൂടെയുള്ള പ്രിയപ്പെട്ടവനു വേണ്ടി അവയൊക്കെ ഉപേക്ഷിക്കാനും അവള്‍ക്ക് മടിയൊന്നുമില്ല. പക്ഷേ ആ മാറ്റിവയ്ക്കല്‍ പരിപൂര്‍ണമാകണമെങ്കില്‍ അവളുടെ ഒപ്പം നില്‍ക്കുന്ന പുരുഷന്‍റെ പ്രണയം അവള്‍ക്ക് അനുഭവിക്കാനാകണം. അവളുടെ തീരുമാനങ്ങളേയും പരിഗണിക്കുന്നവനായിരിക്കണം, ഒരു സുഹൃത്തിനേ പോലെ ഒപ്പം നില്‍ക്കുന്നവനായിരിക്കണം, അങ്ങനെ അല്ലാത്ത ഒരാള്‍ക്ക് അവള്‍ വഴങ്ങി കൊടുക്കുന്നത് പുരുഷനെ ഭയന്നു എന്ന് നടിച്ചിട്ടോ അതിലുമപ്പുറം സമൂഹത്തിന്‍റെ വിചാരണകളെ പേടിച്ചിട്ടോ ആണ്.
ആണ്‍ നോട്ടങ്ങളെ സ്ത്രീകള്‍ക്ക് വളരെയെളുപ്പം മറികടക്കാം. അവഗണനയുടെ ഒരു നൂല്‍പ്പാലത്തിനുള്ളില്‍ അവളുടെ ഹൃദയം അവള്‍ സുരക്ഷിതമാക്കി വയ്ക്കും. പക്ഷേ ഒരു പെണ്‍ നോട്ടത്തെ നേരിടാനുള്ള ക്ഷമത ഇപ്പോഴും ഒരു പുരുഷന്, വന്നിട്ടില്ല. ആ നോട്ടത്തെ അവന്‍ ഭയപ്പെടുന്നുണ്ട്. ഉള്ളിന്‍റെയുള്ളിലെ ആസ്വാദനത്തിനുമപ്പുറം അവളുടെ ശരീരത്തോട് തന്നെയാണ്, ആ ഭയവും. തന്‍റെ അധീനതയിലുള്ള ഒരുവള്‍ ഭയപ്പെട്ട് നിന്നില്ലെങ്കില്‍ അവള്‍ കൈവിട്ടു പോകുമോ എന്ന് അവന്‍ അതിരില്ലാതെ ഭയപ്പെടുന്നു. പരസ്പരമുള്ള ജീവിതത്തില്‍ അവളെ ആനദിപ്പിക്കാന്‍ കഴിയുന്നുണ്ടോ എന്നോര്‍ത്ത് ഭയപ്പെടുന്നു,
കാമവെറിയോടെ ഒരു സ്ത്രീയെ കടന്നു പിടിയ്ക്കുന്ന ഒരുവന്‍റെയുള്ളിലും അവളോടുള്ള ഒടുങ്ങാത്ത ഭയമല്ലാതെ മറ്റെന്താണ്?
ശാരീരികമായ കഴിവുകളില്‍ മുന്‍തൂക്കം സ്ത്രീയ്ക്കാണെന്ന് പറയപ്പെടുന്നു. വാത്സ്യായന മഹര്‍ഷി കാമശാസ്ത്രത്തില്‍ പ്രധാനമായി പറയുന്നതും വ്യത്യസ്തയായ പെണ്ണിനെ കുറിച്ചു തന്നെ. പുരാണങ്ങളില്‍ സ്ത്രീ എന്നത് പുരുഷനേക്കാള്‍ ശക്തിയുള്ള രൂപമായി കരുതി പോന്നു. ആദിശക്തി എന്നാണ്, അവളെ വിളിച്ചിരുന്നത്. പിന്നെ എന്നു മുതലാണ്, അവള്‍ ഇങ്ങനെ തഴയപ്പെട്ടു തുടങ്ങിയത്?
അവിരാമമായ ആത്മശക്തി അഹങ്കാരത്തിന്‍റെ പ്രതിഫലനമായപ്പോള്‍ എപ്പൊഴോ പുരോഗമനവാദിയായ പുരുഷന്‍ അവളെ ഓര്‍മ്മിപ്പിച്ചിരിക്കാം, “നിന്‍റെ ചാരിത്ര്യം ശുദ്ധീകരിക്കപ്പെടേണ്ടതാണ്. അത് നീ സംരക്ഷിക്കുക. അവസരം കിട്ടിയാല്‍ നിന്‍റെ ശരീരശുദ്ധിയെ ഇല്ലാതാക്കാന്‍ പുരുഷന്‍ നോക്കിയേക്കാം. അവിടെ നീ കളങ്കപ്പെട്ടു”.
അവനെ അതിരറ്റ് സ്നേഹിച്ചിരുന്ന ഒരുവള്‍ അത് അംഗീകരിക്കുകയും പിന്നീടെപ്പോഴോ മറ്റൊരുവനാല്‍ ശ്ചേദിക്കപ്പെട്ട മാനത്തെ ഓര്‍ത്ത് വിലപിച്ചിരിക്കുകയും ആവാം. അവിടെ ഒരു പാരമ്പര്യം തുടങ്ങുകയായിരുന്നു. അതുവരെ സ്ത്രീകളെ ഓര്‍മ്മിപ്പിക്കേണ്ടിയില്ലായിരുന്ന ചാരിത്യം എന്ന വിശുദ്ധത അവളുടെ അന്തസത്തയേക്കാള്‍ പരിപാവനമായി അവളുള്‍പ്പെടെ കൊണ്ടു നടക്കാന്‍ തുടങ്ങി.1362683564_1362683564_f0803k
വേശ്യാത്തെരുവുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു വസ്തുതയുണ്ട്. ഒരു ദിവസം തന്നെ എണ്ണിയാലൊടുങ്ങാത്ത പുരുഷന്‍മാരെ സ്വീകരിക്കുന്ന സ്ത്രീകളെ കുറിച്ചാണത്. അത് സ്ത്രീയ്ക്കു മാത്രം കാലം കൊടുത്ത ശരീര സവിശേഷതയാണ്. ഈ സവിശേഷത തന്നെയാണ്, അവള്‍ക്ക് ഇന്ന് അപമാനമായി തീര്‍ന്നിരിക്കുന്നതും. ഒരേ സമയം ഒരു സമൂഹം മറ്റൊരു ജനുസ്സിന്‍റെ ഒരു സവിശേഷതയെ ഭയപ്പെടുകയും അതേ ജനുസ്സ് അതിനെ മനസ്സിലാക്കാതെയിരിക്കുകയും, അതില്‍ അപമാനിതരാവുകയും. എന്തൊരു വിരോധാഭാസമാണിത്. റേപ്പ് ചെയ്യപ്പെടുന്ന ഓരോ സ്ത്രീ ശരീരത്തിലും മാനസികരോഗികളായ പുരുഷന്‍ തിരയുന്നതും നശിപ്പിക്കാന്‍ ശ്രമിക്കുന്നതും അവനില്‍ തന്നെയുള്ള ഭയത്തേയും അസ്വസ്ഥതയേയുമാണ്.
എന്താണ്, ഇതിനൊരു പ്രതിവിധി?
ചോദിച്ചു നോക്കൂ വളരെ കുറച്ച് ശതമാനമുള്ള മനോരോഗികളെ ഞങ്ങള്‍ സ്ത്രീകള്‍ ഗൌനിക്കുന്നില്ല, പകരം ഞങ്ങളുടെ മനസ്സിന്‍റെ കാഴ്ച്ചയെത്തുന്നത് സ്ത്രീകളെ കൈപിടിച്ച് അവളോടൊപ്പം നടക്കുന്ന പുരുഷന്‍മാരിലാണ്. അവരിലുള്ള ഭയത്തിന്‍റെ തോത് കുറക്കാനാണ്, ഞങ്ങള്‍ ശ്രമിക്കുന്നത്. കാരണം അവര്‍ക്ക് ഞങ്ങള്‍ വെറും സ്ത്രീ ശരീരങ്ങളല്ല, മറിച്ച് അപാരമായ ശക്തിശ്രോതസ്സാണ്. ഇനിയീ ചോദ്യം ചോദിക്കേണ്ടത് ഓരോരുത്തരും അവരവരുടെ മനസ്സാക്ഷിയോടാണ്, അവളുടെ നോട്ടങ്ങളെ നിങ്ങള്‍ ഭയപ്പെടുന്നുവോ? അവളുടെ ശരീരത്തെ ആര്‍ത്തിയോടെ കൊത്തിത്തിന്നാന്‍ തോന്നുന്നുവോ? ഒന്നോര്‍ക്കുക നിങ്ങള്‍ ഭയചകിതരാണ്…
ഭയത്തിന്‍റെ ഒടുവില്‍ ഒരുപക്ഷേ ഒരു ശരീരം നിങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങിയേക്കാം പക്ഷേ അവളിലെ പോരാട്ടവീര്യത്തിന്‍റെ അഗ്നി ജ്വലിച്ചുണര്‍ന്നാല്‍ ഒരു പെണ്‍നോട്ടത്തില്‍ പോലും നിങ്ങള്‍ ഉരുകി തീര്‍ന്നേക്കാം.
എന്നാണ്, ആ അഗ്നിജ്വാല സ്വയമേറ്റാന്‍ ഓരോ പെണ്ണിനുമാവുക?
എൻ ബി : പെണ്ണിനെ ബഹുമാനിക്കുന്ന, ഒപ്പം കൈപിടിച്ചു നടത്തുന്നവനേ… നിന്നെ ഞങ്ങള്‍ ബഹുമാനിക്കുന്നു. നിങ്ങള്‍ക്കു വായിക്കാനുള്ളതല്ല തൊട്ടു മുകളിലെഴുതിയത്.
ശ്രീ പാര്‍വതി
Share.

About Author

139q, 0.837s