Leaderboard Ad

സ്മൈൽ പ്ലീസ്

0

സ്മൈൽ പ്ലീസ്

ടുത്തയിടെ ലോകത്തോട്‌ വിടപറഞ്ഞ ഫിലിമുകള്‍ക്ക് മുന്നേ ഫോട്ടോ എടുക്കാന്‍ ഉപയോഗിച്ചിരുന്നത് ചില്ല് പാളികളില്‍ ഫിലിമില്‍ കാണുന്ന കെമിക്കലുകള്‍ പുരട്ടിയായിരുന്നു. ഇരുട്ട് മുറികളിൽ വെച്ച് ഗ്ലാസിനു മുകളില്‍ കെമിക്കലുകള്‍ പതിപ്പിച്ചു ആ ഗ്ലാസ്പാളി മൂന്നുകാലുകളുള്ള വലിയ ഫീല്‍ഡ് ക്യാമറകളില്‍ ഒളിപ്പിച്ചു. തികച്ചും മാനുവലായി ഷട്ടർ സ്പീഡിനു പകരം ഫോട്ടോഗ്രാഫറുടെ കയ്യിന്റെ സ്പീഡിനു അനുസരിച്ച് ക്യാമറയുടെ ടോപ്‌ തുറന്നടയ്ക്കുമ്പോൾ ഒബ്ജെക്റ്റ് ആയി നില്‍ക്കുന്ന മനുഷ്യരുടെ ഇളക്കമില്ലാത്ത പ്രതിബിംബത്തിന് വേണ്ടി വിളിച്ചു പറഞ്ഞിരുന്ന വാക്കാണ്‌ “സ്മൈൽ പ്ലീസ് ” 1,2,3,

കറുപ്പും വെളുപ്പും നിറഞ്ഞ ഫോട്ടോഗ്രാഫിയുടെ ആദ്യകാലത്ത് “സ്മൈൽ പ്ലീസ് ”  എന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞു തീരുന്നതും ഒപ്പം ഫോട്ടോഗ്രാഫര്‍ ക്യാമറയുടെ ക്യാപ്പ് തുറന്നു ഒബ്ജെക്റ്റ്റ്റിലെ വെളിച്ചം എത്രയുണ്ടെന്ന് എന്നതിനനുസരിച്ച് ക്യാമറയുടെ ടോപ്‌ തിരിച്ചു അടയ്ക്കുകയും ചെയ്യുന്ന സമയം കൊണ്ട് ചിത്രം ക്യാമറയിലെ ഗ്ലാസ് പ്ലേറ്റില്‍ പതിഞ്ഞു കഴിഞ്ഞിരിക്കും . ടോപ്പ് എടുത്തു അടക്കുന്ന സമയംവരെ ക്യാമറയും “ഒബ്ജെക്റ്റും” (ഫോട്ടോ എടുക്കാന്‍ ഇരിക്കുന്ന ആളും) അനങ്ങാന്‍ പാടില്ല. കാരണം ഒരു ഫോട്ടോ എടുക്കാന്‍ ഏകദേശം മൂന്നു സെക്കന്റു സമയം വേണം എന്നത് കൊണ്ടുതന്നെ . അങ്ങിനെ എടുക്കുന്ന ചിത്രം പതിഞ്ഞ ഗ്ലാസ്പാളി ഒരു ഇരുട്ട് മുറിയില്‍ കൊണ്ട് പോയി അതിനകത്തെ ഗ്ലാസ്പാളി മറ്റു ചില കെമിക്കലുകളുടെ സഹായത്താല്‍ ഡവലപ്പു ചെയ്തുകിട്ടുന്ന നെഗറ്റീവ് എന്ന വികൃത ചിത്രത്തെ പോസറ്റീവ് പേപ്പറിലേക്ക്‌ പകര്‍ത്തുന്നത് വരെയുള്ള ഫോട്ടോഗ്രാഫറുടെ അധ്വാനം ഒരു ഭാരിച്ച ജോലിതന്നെയാണ്.

പോകെ പോകെ ഗ്ലാസ്പ്ലേറ്റുകള്‍ മാറി പ്ലാസ്റ്റിക്‌  പാളികളും പിന്നെ റോള്‍ ഫിലിമുകളും വന്നു എന്തൊക്കെ മാറ്റങ്ങളാണ് ഫോട്ടോഗ്രാഫിയില്‍ കാണിച്ചു കൂട്ടിയത് . തുടക്കത്തില്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആയിരുന്നെങ്കിലും മെല്ലെ മെല്ലെ അത് നിറങ്ങളിലേക്ക് അലിയാന്‍ തുടങ്ങി . ഒരു ഫോട്ടോയ്ക്ക് വേണ്ടി മൂന്നു സെക്കന്റു പോസ് ചെയ്തിരുന്ന സ്ഥാനത്തു . ഒരു സെക്കന്റിന്റെ 8000.യിരത്തില്‍ ഒരംശം സമയം കൊണ്ട് .അല്ലെങ്കില്‍ പതിനായിരത്തില്‍ ഒരംശം കൊണ്ട് ഫോട്ടോ എടുക്കാം,ഒരു സെക്കന്റ്റ്റിൽ ഇരുപതോളം ഫോടോ എടുക്കാവുന്ന continuous exposure പോലുള്ള സംവിധാനങ്ങള്‍ വരെ ചെറു ക്യാമറകളില്‍ പോലും ആയി എന്നായി അവസ്ഥ . അതും മാറി ഇപ്പോള്‍ ഫിലിം നിര്‍മിക്കുന്ന ഒരു കമ്പനി പോലും ലോകത്ത് നിലവിലില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത് .എല്ലാം ഡിജിറ്റല്‍ എന്ന സാങ്കേതിക വിദ്യയിലേക്ക് വഴി മാറിയിരിക്കുന്നു. സ്റ്റുഡിയോകളുടെ  അവിഭാജ്യ ഘടകമായിരുന്ന ഡാര്‍ക്ക് റൂമുകള്‍ ഇന്ന് ഒരിടത്തുപോലും ഇല്ല മാനുവല്‍ ലാബുകളും ആട്ടോമാറ്റിക് ലാബുകളും താണ്ടി അവസാനം ആധുനിക QSS മിഷിനുകളിലേക്ക് എല്ലാം പറിച്ചു നടപെട്ടു കഴിഞ്ഞപ്പോള്‍ ഫിലിമുകളില്‍ നിറങ്ങളുടെ ഘോഷയാത്രയായിരുന്നു ഇപ്പോള്‍ ലാബുകളും അടച്ചു പൂട്ടാന്‍ തയാറായി കഴിഞ്ഞു . കാരണം ലേസര്‍ പ്രിന്ററുകള്‍ ഒരു സോപ്പ് പെട്ടിയുടെ വലിപ്പത്തില്‍ നിങ്ങളുടെ മേശപ്പുറത്തു തന്നെയുണ്ട്‌

എടുത്ത ചിത്രങ്ങള്‍ക്ക് ടച്ചിംഗ്  എന്നൊരു മിനുക്ക് പണികള്‍ പണ്ട് സ്റ്റുഡിയോകളിൽ നടന്നിരുന്നു തുളയിട്ട ഒരു ബോര്‍ഡിനു ചുവട്ടില്‍ കത്തിച്ചു വച്ച ബള്‍ബിന്റെ വെളിച്ചത്തില്‍ കൂര്‍ത്ത കടലാസ് പെന്‍സിലിന്റെ സൂചിമുന കൊണ്ട് സുന്ദരൻമാരെയും സുന്ദരികളെയും  അണിയിച്ചൊരുക്കുന്ന കാഴ്ച ഇന്ന് സ്റ്റുഡിയോകളില്‍ കാണാന്‍ കഴിയില്ല . കടലാസ് പെന്‍സില്‍ രൂപാന്തരം സംഭവിച്ചു മൌസ് എന്നപേരില്‍ പാഞ്ഞു നടക്കുന്നു. ഒരു ദിവസം മുഴുവന്‍ ചടഞ്ഞിരുന്നു ചെയ്തിരുന്ന ടെച്ചിംഗ് ഇപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്നു. മുഖത്തെ ഒരു കറുത്ത പാട് മായ്ച്ചു കളയാന്‍ സൂക്ഷ്മമായ ജോലിയ്ക്ക് രണ്ടു മണിക്കൂര്‍ ആവശ്യമായിരുന്നത്‌ ഒരു ക്ലിക്ക് കൊണ്ട്‌ ഇന്ന് സാധിക്കും എന്ന സ്ഥിതി ചെറിയ കാര്യമല്ല.

photography

ഫോട്ടോഗ്രാഫി എന്നാല്‍ വെളിച്ചം കൊണ്ട് ചിത്രം വരയ്ക്കുക്ക എന്നാണു ചുരുക്ക അര്‍ഥം . വെളിച്ചമില്ലെങ്കില്‍ ഫോട്ടോഗ്രാഫിയില്ല. വെളിച്ചവും സമയവും കൊണ്ട് കാണിക്കുന്ന ഒരു തരം മാജിക്കാണ് ഫോട്ടോഗ്രാഫി. ഒരു വിഷയത്തെ. നമ്മുടെ മുന്നില്‍ കാണുന്ന ഒബ്ജെക്റ്റ്റ്റിലൂടെ പകര്‍ത്തിയെടുക്കാന്‍ ഫോട്ടോഗ്രാഫറുടെ ചിന്തകളും പരിചയ സമ്പത്തും കൂടിയേ മതിയാവൂ . വെളിച്ചത്തിന്റെ സാന്ദ്രതക്കനുസരിച്ചു സമയത്തില്‍ ഏറ്റകുറച്ചില്‍ വരുത്തി മികച്ച ചിത്രങ്ങള്‍ സൃഷ്ടിച്ചിരുന്ന പഴയ ഫോട്ടോഗ്രാഫർമാരുടെ  നിരന്തര പരീക്ഷണ നിരീക്ഷണങ്ങൾ  ഇന്നില്ല. ഒരു ഫോട്ടോ എടുത്താല്‍ ആ ഫിലിം ഡവലപ്പ് ചെയ്തു. ആ നെഗറ്റീവ്‌ ഫിലിമില്‍നിന്നും പോസറ്റീവ് പ്രിന്റു അടിച്ചു കാണുന്നതുവരെ .എത്ര പരിചയ സമ്പന്നനായ ഫോട്ടോഗ്രാഫർക്കും നെഞ്ചിനകത്ത് തീയായിരിക്കും. അത് മനസ്സിലാവണമെങ്കില്‍ ഇന്നത്തെ ക്യാമറകള്‍ക്ക് പിന്നില്‍ കാണുന്ന ചെറിയ കളര്‍ ഡിസ്പ്ലെ ഇല്ലാത്ത ക്യാമറയെകുറിച്ചു ഒന്ന് ചിന്തിച്ചാല്‍ മാത്രം മതി. എടുത്തുനോക്കി ശരിയല്ലെന്നു തോന്നിയാൽ അപ്പോള്‍ തന്നെ അത് മായ്ച്ചു കളഞ്ഞു വേറെ എടുക്കാന്‍ കഴിയുക എന്നത് ഇന്നത്തെ ഫോട്ടോഗ്രാഫര്‍മാരുടെ ഭാഗ്യമാണ് . ഒപ്പം ഫോട്ടോഗ്രഫിയോടു ഉണ്ടായിരുന്ന അര്‍പ്പണത്തിനു ഏറ്റ ഏറ്റവും വലിയ പ്രഹരം കൂടിയാണ്. മുന്‍കൂട്ടി അറിയാന്‍ കഴിയുന്നതുകൊണ്ട് പൂര്‍ണമായും മനസ്സിനെ കലയോട് ചേര്‍ത്തുവെക്കാന്‍ ആര്‍ക്കും സമയമില്ല . അതുകൊണ്ട് തന്നെ ഫോട്ടോഗ്രഫി എന്ന കല ഇല്ലാതായി കേവലം ചിത്രങ്ങള്‍ മാത്രമായി പോവുകയല്ലേ എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്.

ഫോട്ടോഗ്രാഫി തൊഴിലായി സ്വീകരിച്ചതിനു ശേഷം എത്രയോ സന്തോഷങ്ങളും ദുഖങ്ങളും ചൂണ്ടു വിരലിന്റെ ഞെക്കലിലൂടെ കടന്നു പോയിരിക്കുന്നു . എങ്കിലും എന്നും മായാതെനില്‍ക്കുന്ന വേദനകളാണ് പലപ്പോളും മനസ്സില്‍ ഓടി വരിക . വെടികെട്ടപകടം നടന്നു നിമിഷങ്ങള്‍ക്കകം അവിടെ എത്തി ചിന്നി ഭിന്നമായ മനുഷ്യ ശരീരങ്ങളും. അബുദാബിയിലെ ഹൈവേകളില്‍ ചതഞ്ഞരയുന്ന ജീവിതങ്ങളും പകര്‍ത്തപെട്ടതിനു ശേഷം ദിവസങ്ങളോളം ഭക്ഷണത്തോടുപോലും താല്പര്യമില്ലാത്ത അവസ്ഥയില ആവുമ്പോഴും ചിന്തിച്ചു പോവാറുണ്ട് എന്തിനാണ് ഞാനീ തൊഴില്‍ സ്വീകരിച്ചത് .

ജീവിതത്തില്‍ ഒരിക്കല്‍പോലും നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലാത്ത പല മഹത് വ്യക്തികളുമായും . കണ്ടു എന്ന് പുറത്തു പറയാന്‍ ഭയമുള്ള ഭീകരന്മാരുമായും ഫോടോഗ്രാഫര്‍ക്ക് അടുത്തിടപഴകാന്‍ കഴിയുന്നു . നമ്മുടെ വിവാഹം പോലുള്ള സുന്ദര നിമിഷങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറെ എത്ര വർഷം കഴിഞ്ഞാലും നമ്മള്‍ മറക്കില്ല . ഇതൊക്കെ വലുപ്പ ചെറുപ്പം ഇല്ലാതെ ഏതൊരു ഫോട്ടോഗ്രാഫറുടെയും അവസ്ഥയാണ്

ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും രണ്ടു രണ്ടു മേഖലകൾ ആണ് എങ്കിലും  ഫോട്ടോഗ്രാഫിയില്‍നിന്നും വീഡിയോഗ്രാഫിയിലേക്ക് ഒരു കുതിപ്പ് നടന്നിട്ട് അധികം കാലമായിട്ടില്ല . അതോടൊപ്പം വീഡിയോ ക്യാമറകളുടെ പുരോഗതിയും ഇമവെട്ടിതുറക്കുന്ന വേഗത്തിലായിരുന്നു. അതിപ്പോള്‍ ടേപ്പും ഫിലിമും ഇല്ലാത്ത HD (High Definition) ചിപ്പുകളില്‍ എത്തിനില്‍ക്കുന്നു . മൊബൈല്‍ ഫോണിലെ ക്യാമറകളില്‍ സിനിമ നിർമ്മിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത് . അല്പം ശ്രദ്ധിച്ചു കൈകാര്യം ചെയ്താല്‍ ഏതൊരാള്‍ക്കും ഇന്ന് ചെറു ക്യാമറകളില്‍ മികവുറ്റ ചെറു സിനിമകള്‍ ജനിപ്പിക്കാന്‍ കഴിയും . സിനിമക്ക് വേണ്ടി മദ്രാസിലേക്ക് വണ്ടി കയറി ജീവിതം നരകിച്ചു തീര്‍ത്ത ഒരു പാടുപേരെ കോടമ്പാക്കത്തെയും വടപളനിയിലെയും ചെറു ചായകടകളില്‍ പോലും തൂപ്പുകാരനും തുടപ്പുകാരനുമായി ഇന്ന് കാണാന്‍ കഴിയില്ല . കാരണം നമ്മുടെ മനസ്സിലെ സിനിമകള്‍ നമുക്ക് നിര്‍മിക്കാന്‍ കഴിയുന്ന ആ അവസ്ഥയിൽ നിന്നാണ് സന്തോഷ്‌ പണ്ടിറ്റുകള്‍ ജന്മം കൊള്ളുന്നത്‌ എന്നതും ഈ കാലത്തിന്റെ പ്രത്യേകതയാണ് .ഞങ്ങള്‍ക്കൊന്നും ലഭിക്കാത്ത സൗഭാഗ്യം പുതിയ തലമുറയ്ക്ക് ലഭിക്കുന്നു . അഭിനയം, വീഡിയോഗ്രാഫി, സ്റ്റില്‍ ഫോട്ടോഗ്രാഫി , എഡിറ്റിംഗ്, തുടങ്ങി എല്ലാ സാങ്കേതിക അറിവുകളും നേടാന്‍ ഇന്ന് ഡിഗ്രി വിദ്യാഭ്യാസവും ലഭ്യമാണ്. അവര്‍ക്ക് പരിശീലിക്കാന്‍ ആധുനിക ഡിജിറ്റല്‍ ക്യാമറകള്‍ വില കുറവില്‍ സുലഭവുമാണ്. പുതിയ തലമുറ എത്ര ഭാഗ്യം ചെയ്തവരാണ് .

എഡിറ്റിംഗ് എന്നാ സാങ്കേതികവിദ്യ  ഇന്ന് കമ്പ്യൂട്ടർ വഴി ആയപ്പോൾ കൂടുതല്‍ മികവു കൈവന്നിരിക്കുന്നു എന്നത് വലിയ കാര്യം തന്നെയാണ്. നോബുകള്‍ തിരിച്ചു പഞ്ച് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു. എടുത്ത അത്രയും വീഡിയോ കമ്പ്യൂട്ടറിൽ  കയറ്റി ആവശ്യമുള്ളത് കൂട്ടിച്ചേര്‍ക്കുന്ന ഒരു പാട് മികച്ച സോഫ്റ്റുവെയറുകള്‍ ഇന്ന് ലഭ്യമാണ് . മനസ്സില്‍ സങ്കല്‍പ്പിക്കുന്ന കളര്‍ ടോണുകള്‍ സന്ദര്‍ഭത്തിനു ചേരുന്ന വിധത്തില്‍ നല്‍കാന്‍ കഴിയുന്നത്‌ എത്ര തന്മയത്തത്തോടെയാണ് എന്ന് നമ്മളൊക്കെ ഇപ്പോള്‍ അനുഭവിച്ചറിയുന്ന സത്യങ്ങളാണ് . പണ്ടിത് ഷൂട്ടുചെയ്യുന്ന സമയത്ത് നല്‍കുന്ന വെളിച്ചത്തിലൂടെ മാത്രം, നല്‍കാന്‍ കഴിയുന്ന ഒന്നായിരുന്നു .കളര്‍ പേപ്പറില്‍ എഴുതിയുണ്ടാക്കിയ ടൈറ്റില്‍ കാര്‍ഡുകളൊക്കെ പോയി . ടൈറ്റിലുകള്‍ നമ്മുടെ ഭാവനക്ക് അനുസരിച്ച് ഗ്രാഫിക്കില്‍ തിരിഞ്ഞും മറിഞ്ഞും കളിക്കുന്നു സ്ക്രീനില്‍ . നമുക്ക് വേണ്ട ജീവജാലങ്ങളെ പോലും ഗ്രാഫിക്കില്‍ നിര്‍മിച്ചു ചേര്‍ക്കാം എന്നതൊക്കെ ഈ മേഖലയെ കൂടുതല്‍  ഊർജ്ജസ്വലം ആക്കി  മാറ്റിയിരിക്കുന്നു .

നല്ല ഉദ്ദേശത്തോടെ നടത്തുന്ന ഒരു പ്രസംഗം പ്രാസംഗികന്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത വിധം എഡിറ്റു ചെയ്തു തെറ്റായ ആശയം പ്രചരിപ്പിക്കാം എന്ന് അടുത്തയിടെ നമ്മള്‍ ചാനലുകളില്‍ കണ്ടു കഴിഞ്ഞു. സാമ്പ്രദായിക  എഡിറ്റിംഗ് രീതികള്‍ പോലും ഇന്ന് മാറി എഡിറ്റിംഗ് എന്ന കലയുടെ ശത്രുവായ ജംബു കട്ടുകളാണിന്നു താരം. ഒരു കുഞ്ഞു ക്യാമറയുംകൊണ്ട് ഒരു ചിത്രമെടുക്കുന്നതിനു മുന്നേ നിങ്ങളോർക്കുക്ക  നിങ്ങളെങ്ങനെ ഒരു ഫോട്ടോഗ്രാഫർ ആയെന്നു . കാരണം ഇന്ന് നിങ്ങൾക്ക് ഒരു സ്മൈൽ പ്ലീസ്  പോലും പറയേണ്ട കാര്യമില്ല നിങ്ങളുടെ മുന്നിലിരിക്കുന്ന ആള്‍ ചിരിച്ചു എങ്കിൽ മാത്രമേ കയ്യിലുള്ള ക്യാമറ ഫോട്ടോഎടുക്കൂ.

Share.

About Author

150q, 0.984s