Leaderboard Ad

സ്വയംഭരണ കോളേജുകള്‍ അഥവാ സ്വയംഭരണ സര്‍വകലാശാലകള്‍

0

       മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ നേട്ടമായി മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയത് ഉന്നതവിദ്യാഭ്യാസരംഗത്ത്‌ സ്വയംഭരണ കോളേജുകള്‍ സ്ഥാപിച്ചു എന്നതാണ്. എന്നാല്‍ സ്വയം ഭരണ കോളേജുകള്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍,  നിയോഗിച്ച പ്രൊഫ. എന്‍ ആര്‍ മാധവമേനോന്‍ ചെയര്‍മാന്‍ ആയ പതിനൊന്നംഗ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് നല്‍കിയത്‌ 2013 ഏപ്രില്‍ അവസാനമായിരുന്നു. ആ റിപ്പോര്‍ട്ട് കൗണ്‍സില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചതാകട്ടെ മെയ്‌ മാസം രണ്ടാം വാരത്തിലും. സ്വയംഭരണ കോളേജുകള്‍ അനുവദിക്കാതെ തന്നെ അത് നടപ്പിലാക്കി എന്ന് പറഞ്ഞു കൊണ്ട് പരസ്യം ചെയ്യുമ്പോള്‍ സാക്ഷര കേരളത്തിന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്.  ഒരു കാര്യം ഉറപ്പിച്ചു പറയാം. സര്‍ക്കാര്‍ ഏതൊക്കെയോ കോളേജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കാന്‍ തീരുമാനിച്ചുറപ്പിച്ചിക്കുന്നു. സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുമെന്നുള്ള വിദ്യാഭ്യാസ മന്ത്രിയുടെ സമീപകാല പ്രസ്താവനകള്‍ കൂട്ടി ചേര്‍ത്ത് വായിക്കുമ്പോള്‍ സ്വയംഭരണ കോളേജുകള്‍ സ്വകാര്യസര്‍വകലാശാലയുടെ ആദ്യപടിയാണ് എന്ന് വേണം കരുതാന്‍..

മാധവ മേനോന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍

ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ നിലവിലുള്ള അഫിലിയേറ്റിംഗ് സംവിധാനത്തിന് പരിഹാരം ഇല്ല എന്ന് നിര്‍ദേശിക്കുന്ന കമ്മിറ്റി മുന്നോട്ടു വെക്കുന്ന ഏക ബദല്‍ സ്വയംഭരണ കോളേജുകളാണ്. സ്വയം ഭരണ കോളേജുകള്‍ക്ക് യു.ജി.സി പ്രത്യേക ഗ്രാന്റ് അനുവദിക്കുന്നുണ്ട്. പന്ത്രണ്ടാം പദ്ധതിയില്‍ 10 % കോളേജുകള്‍ എങ്കിലും സ്വയംഭരണ കോളേജുകള്‍ ആക്കാനുള്ള യു.ജി.സി യുടെ നിര്‍ദേശം പരിഗണിച്ച് കേരളത്തില്‍ ഈ അദ്ധ്യായവര്‍ഷം (2013-14) തന്നെ തിരഞ്ഞെടുക്കപ്പെട്ട കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാന്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. അതിനായി കമ്മിറ്റി മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്. യൂണിവേര്‍സിറ്റി ആക്ടില്‍ സ്വയം സ്വയം ഭരണ കോളേജുകള്‍ക്കായി പ്രത്യേക നിയമ ഭേദഗതി കൊണ്ട് വരുക, നാക് (NAAC) അക്രഡിറ്റെഷന്‍ ഉള്ളതും ഉന്നത അക്കാദമിക്‌ നിലവാരം പുലര്‍ത്തുന്നതും പത്തു വര്ഷം പ്രവര്‍ത്തന പരിചയം ഉള്ളതുമായ കോളേജുകളെ ഇതിനായി പരിഗണിക്കാം. മൊത്തം അദ്ധ്യപകരില്‍ മൂന്നിലൊന്ന് പേര്‍ക്കെങ്കിലും എം.ഫില്‍/പി.എച്ച്. ഡി ബിരുദം ഉണ്ടായിരിക്കണം. ഒരേ സമയം ബിരുദബിരുദാനന്തര കോഴ്സുകള്‍ നടത്തുന്ന സ്ഥാപനമായിരിക്കണം. കലാ കായിക രംഗങ്ങളില്‍ പങ്കെടുക്കുന്നതും ലൈബ്രറി ലബോറട്ടറി സൗകര്യങ്ങള്‍ ഉള്ളതുമായ കോളേജുകള്‍ ആയിരിക്കണം. ഓരോ കോളേജിനും അക്കാദമിക കാര്യങ്ങള്‍ക്കായി അക്കാദമിക്‌ കൗണ്‍സിലും പഠന ബോര്‍ഡുകളും ഉണ്ടാവണം. ഭരണകാര്യങ്ങള്‍ക്കായി പന്ത്രണ്ട് അംഗ ഗവേണിംഗ് കൗണ്‍സിലും സാമ്പത്തിക മാനേജ്മെന്റിനു ഫിനാന്‍സ്‌ കമ്മിറ്റിയും ഉണ്ടാവണം. ഇത്രയും സംവിധാനങ്ങള്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസമന്ത്രി ചെയര്‍മാന്‍ ആയ ഓട്ടോണമി അപ്പ്രൂവല്‍ കമ്മിറ്റിക്ക്‌ ഏതു കോളേജിനും സ്വയം ഭരണം നല്‍കാനായി യു.ജി.സി യോട് ആവിശ്യപ്പെടാം.

    സ്കീം അനുസരിച്ച് ഓട്ടോണമസ് കോളേജ് അനുവദിക്കാനുള്ള അധികാരം യു.ജി.സി ക്കാണ്. എന്നാല്‍ ആ അധികാരം കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക്‌ നല്‍കിയിരിക്കുന്നു. കേരളത്തില്‍ ഓട്ടോണമസ് കോളേജുകളെകുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ട മൂന്നാമത്തെ കമ്മിറ്റിയാണ് മാധവമേനോന്‍ കമ്മിറ്റി. ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്ത് 1987 ഇല്‍ കുസാറ്റ് വി.സി. ആയിരുന്ന ഡോ.ഗോപാലന്‍ ചെയര്‍മാനായും 1999 ഇല്‍ കോഴിക്കോട്‌ യൂണിവേര്‍സിറ്റി വൈസ്‌ ചാന്‍സലര്‍ ആയിരുന്നു ഡോ. കെ.കെ.എന്‍ കുറുപ്പ് ചെയര്‍മാന്‍ ആയും രണ്ടു കമ്മിറ്റികള്‍ പഠനം നടത്തിയിരുന്നു. അവര്‍ സമഗ്രമായ റിപ്പോര്‍ട്ടുകളും നല്‍കിയിരുന്നു. എന്നാല്‍ കേരള മണ്ണില്‍ ഓട്ടോണമസ് കോളേജുകള്‍ പ്രായോഗികമല്ല എന്ന് കണ്ടിട്ടാകണം എല്‍.ഡി.എഫ് സര്‍ക്കാര്‍ ആ നീക്കം ഉപേക്ഷിച്ചത്. മാധവമേനോന്‍ കമ്മിറ്റി, യു.ഡി.എഫ് സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ച് ഒരു റിപ്പോര്‍ട്ട് എഴുതി നല്‍കി എന്ന് വേണം കരുതാന്‍. കാരണം കമ്മിറ്റി നിര്‍ദേശിക്കുന മാനദണ്ഡങ്ങള്‍ മിക്കവയും ഒരു സ്വാശ്രയ കോളേജിനു വേണ്ട മിനിമം യോഗ്യതയാണ്. സ്വാശ്രയ കോളെജുകള്‍ക്ക് ഇപ്പോള്‍ തന്നെ സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണമുണ്ട്. കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക്ക് സ്വയംഭരണം കൂടി ലഭിക്കുന്നതോടെ ഏതു സ്വാശ്രയകോളേജിനും സ്വയംഭരണ കോളേജ് ആയി മാറാം.

അല്‍പം ചരിത്രം

 1857 – ല്‍ ആണ് ബ്രിട്ടീഷുകാര്‍ ബോംബെ, കല്‍ക്കട്ട, മദ്രാസ് എന്നീ നഗരങ്ങളില്‍ അഫിലിയേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ മൂന്നു സര്‍വകലാശാലകള്‍ ആരംഭിച്ചത്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ രൂപം കൊണ്ട കല്‍ക്കത്തയിലെ ഹിന്ദു കോളേജ് (1817), ആഗ്ര കോളേജ് (1827), പൂന കോളേജ് (1833), ബോംബേ എല്‍ഫില്‍സ്റന്‍ കോളേജ് (1834), മദ്രാസ്‌ ക്രിസ്ത്യന്‍ കോളേജ് (1852), തുടങ്ങി 27 സ്വയംഭരണ കോളേജുകളാണ് ഈ മൂന്നു യൂനിവേര്‍സിറ്റികളിലായി അഫിലിയേറ്റ്‌ ചെയ്യപ്പെട്ടത്‌. ഇവയില്‍ ചില കോളേജുകള്‍ യൂനിവേര്‍സിറ്റികളായി വികസിക്കുകയോ സ്വയം ഭരണ കോളേജുകളായി പൂര്‍വസ്ഥിതി പ്രാപിക്കുകയോ ഉണ്ടായി.

    ഒരര്‍ത്ഥത്തില്‍ രാജ്യത്ത്‌ ആദ്യമുണ്ടായ കോളേജുകള്‍ ഒക്കെ സ്വയംഭരണ കോളേജുകള്‍ ആയിരുന്നു എന്ന് പറയാം. വിദ്ധ്യാര്‍ത്ഥി പ്രവേശനം, കോഴ്സുകള്‍, പ്രവേശനം, പരീക്ഷകള്‍, മൂല്യനിര്‍ണ്ണയം, അദ്ധ്യാപകനിയമനം തുടങ്ങി എല്ലാം തീരുമാനിച്ചിരുന്നത് കോളേജ് അധികാരികള്‍ തന്നെ ആയിരുന്നു. അക്കാലത്ത്‌ കോളേജുകള്‍ കുറവായിരുന്നതിനാല്‍ പ്രശ്നങ്ങളും കുറവായിരുന്നു. ഇന്ന് കോളേജുകളുടെ എണ്ണം വര്‍ദ്ധിച്ചു. പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണതകളും വര്‍ദ്ധിച്ചു. വിദ്യാഭ്യാസം ഏറ്റവും ലാഭകരമായ വ്യവസായവുമായി മാറി.

  കോളേജുകളുടെ സ്വയം ഭരണം സംബന്ധിച്ച് പൊതുവായ ഒരു പോളിസി ഉണ്ടാക്കണമെന്ന് ആദ്യമായി യു.ജി.സി യോട് ആവിശ്യപ്പെട്ടത് പ്രൊഫ. മഹാജന്‍ കമ്മിറ്റിയാണ് (1964). തുടര്‍ന്ന് യൂണിവേര്‍സിറ്റി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പഠിക്കാന്‍ നിയുക്തമായ പ്രൊഫ. എസ്.കെ ‘സിദ്ധാന്ത’ കമ്മിറ്റിയും (1965) ഓട്ടോണമസ് കോളേജുകളുടെ ആവിശ്യകത ചൂണ്ടികാണിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കോത്താരി കമ്മീഷന്‍ ആധികാരികവും വ്യക്തവും ശക്തവുമായ നിര്‍ദേശങ്ങള്‍ ഓട്ടോണമസ് കോളേജുകളെ സംബന്ധിച്ച് യു.ജി.സിക്ക് സമര്‍പ്പിക്കുന്നത് (1966). 1968 ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിലവിലുള്ള അഫിലിയേറ്റിംഗ് സിസ്റ്റം സമഗ്രമായി പരിഷ്കരിക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ട കോളേജുകള്‍ക്ക് ഓട്ടോണമസ് പദവി നല്‍കണമെന്നും നിര്‍ദേശിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യു.ജി.സി നിയോഗിച്ച ഡോ. ഡി. എസ്. കോത്താരി, ഡോ. പി. ബി. ഗജേന്ദ്ര ഗാഡ്ഗര്‍, ഡോ. എ ലക്ഷ്മണ സ്വാമി മുതലിയാര്‍, ഡോ. കെ.എല്‍ ശ്രീമാലി തുടങ്ങിയ പ്രഗത്ഭമതികള്‍ അടങ്ങിയ കമ്മിറ്റി ഓട്ടോണമസ് കോളേജുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. 1973 – ല്‍ യു.ജി.സി എല്ലാ യൂനിവേര്‍സിറ്റികള്‍ക്കും സ്വയംഭരണ കോളേജുകള്‍ തുടങ്ങുന്നതിനുള്ള ജാഗ്രതാ നിര്‍ദേശം നല്‍കുകയുണ്ടായി. എന്നാല്‍ ഒരു ദശാബ്ദക്കാലം ഇത് സംബന്ധിച്ച് യാതൊരു തുടര്‍നടപടികളും ഉണ്ടായില്ല. മദ്രാസ്‌, മധുരൈ സര്‍വകലാശാലകളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ 1978 ഇല്‍ തമിഴ്‌നാട് സര്‍ക്കാരാണ് ആദ്യമായി ഓട്ടോണമസ് കോളേജുകള്‍ക്കായുള്ള നിയമഭേദഗതികള്‍ കൊണ്ട് വന്നത്. ഏറെ താമസിയാതെ 16 ഓട്ടോണമസ് കോളേജുകള്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

      ഏഴാം പഞ്ചവത്സര പദ്ധതിക്കാലത്ത് 500 ഓട്ടോണമസ് കോളേജുകള്‍ തുടങ്ങാന്‍ പദ്ധതി ഇട്ടിരുന്നു. ലാഭക്കണ്ണ്‍ ഉള്ള മാനേജ്‌മന്റുകള്‍ മാത്രമാണ് ഈ രംഗത്ത്‌ കടന്നു വരുന്നത്. സ്വാഭാവികമായി മാനേജ്മെന്റിന്റെ ഓട്ടോണമി ആയി അത് ചുരുങ്ങി. അതോടെ സ്വയംഭരണ കോളേജുകല്‍ക്കെതിരായ പ്രക്ഷോഭവും വ്യാപകമായി. നാലാം പഞ്ചവത്സര പദ്ധതി മുതല്‍ യു.ജി.സി തുടര്‍ച്ചയായി ഓട്ടോണമസ് കോളേജുകള്‍ക്കായുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു. എന്നാല്‍ അത് വേണ്ടത്ര സ്വീകാര്യത നേടിയില്ല. 17.08.2012 ന്റെ കണക്ക്‌ അനുസരിച്ച് രാജ്യത്തിപ്പോള്‍ 19 സംസ്ഥാനങ്ങളിലും 79 യൂണിവേര്‍സിറ്റികളിലുമായി 420 ഓട്ടോണമസ് കോളേജുകളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ തമിഴ്‌നാട്ടിലാണ് (149), അത് കഴിഞ്ഞാല്‍ ആന്ധ്രപ്രദേശ്‌ (71), കര്‍ണാടക (49), ഒറീസ (37), മധ്യപ്രദേശ്‌ (35) എന്നിങ്ങനെയാണ്. ഈ ലിസ്റ്റില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. ഉന്നത വിദ്യാഭ്യാസം രംഗത്ത്‌ ഏറ്റവും കൂടുതല്‍ വാണിജ്യവല്‍ക്കരണം നടക്കുന്ന തെക്കേ ഇന്ത്യയിലാണ് ഓട്ടോണമസ് കോളേജുകള്‍ കൂടുതല്‍ ഉള്ളത്.

 കേബ്‌ (CABE) കമ്മിറ്റി റിപ്പോര്‍ട്ട്

       കോളേജുകള്‍ക്ക് ഓട്ടോണമി നല്‍കുന്നത് സംബന്ധിച്ച് സമഗ്രമായ പഠനം നടന്നത് ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ്. അതാണ്‌ ഒന്നര ദശാബ്ദത്തോളമായി പ്രവര്‍ത്തനരഹിതമായി കിടന്ന കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതി (CABE) പുന:സംഘടിക്കപ്പെട്ടത്. പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. കാന്തി ബിശ്വാസ്‌ ചെയര്‍മാനും പ്രോഫോ. വേദപ്രകാശ്‌ (ഇപ്പോഴത്തെ യു. ജി. സി ചെയര്‍മാന്‍) മെമ്പര്‍ സെക്രട്ടറിയുമായ കേബ്‌ കമ്മിറ്റിയാണ് ഇന്ത്യയാകെ സഞ്ചരിച്ച് ചര്‍ച്ചകളും സംവാദങ്ങളും നടത്തി സമഗ്രമായ റിപ്പോര്‍ട്ട് അന്നത്തെ MHRD മന്ത്രി അര്‍ജുന്‍ സിംഗ് നു സമര്‍പ്പിച്ചത്‌. വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ആ റിപ്പോര്‍ട്ട് നടപ്പിലാക്കാതെ സര്‍ക്കാര്‍ മരവിപ്പിക്കുകായിരുന്നു.

 യു ഡി എഫ് സര്‍ക്കാരും ഓട്ടോമസ് കോളേജുകളും

      യു ഡി എഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ ഓട്ടോമസ് കോളേജുകള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ന്നിട്ടുണ്ട്. ഇ ടി മുഹമ്മദ്‌ ബഷീര്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്താണ് ഈ രംഗത്ത് ശക്തമായ ഇടപെടല്‍ ഉണ്ടായത്‌..,. അംബാനി-ബിര്‍ള കമീഷന്‍ കമീഷന്‍ റിപ്പോര്‍ട്ടിലൂടെ വിദ്യാഭ്യാസ രംഗത്ത് വാണിജ്യ വല്കരണത്തിന് ഏറെ പ്രചാരം ലഭിച്ച കാലം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പണം ചെലവഴിക്കുന്നതില്‍ നിന്നും ഘട്ടം ഘട്ടമായി പിന്മാറണമെന്നും സബ്സിഡി സമയബന്ധിതമായി നിര്‍ത്തലാക്കിക്കൊണ്ട് യൂസര്‍ ഫീ (user fee) വഴി വിദ്യാഭ്യാസത്തിന്‍റെ ചെലവ് പൂര്‍ണ്ണമായും ഉപഭോക്താവില്‍ നിന്നും ഈടാക്കണം(full coast recovery) എന്നുമുള്ള അംബാനി-ബിര്‍ള റിപ്പോര്‍ട്ടിന്‍റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു. അതിന്‍റെ ഭാഗമായി ഏകീകൃത സര്‍വകലാശാല നിയമം കൊണ്ട് വന്നു തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജ്‌ ഉള്‍പ്പെടെ സംസ്ഥാനത്തെ പതിനാല് കോളേജുകളെ സയംഭരണ കോളേജുകള്‍ ആക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ യു ഡി എഫ് സര്‍ക്കാരിന് പിന്നോക്കം പോകേണ്ടി വന്നു.

 കല്‍പ്പിതസര്‍വകലാശാലകളും ഠണ്ടന്‍ കമ്മിറ്റി റിപ്പോര്‍ട്ടും

        നമ്മുടെ രാജ്യത്ത്‌ ഏറ്റവുമധികം കല്‍പ്പിതസര്‍വകലാശാലകള്‍ ഉയര്‍ന്നു വന്നത് എന്‍ ഡി എ ഭരണകാലത്താണ്. വ്യക്തമായ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രം അനുവദിക്കപ്പെട്ടിരുന്ന കല്‍പ്പിതസര്‍വകലാശാലാ പദവി De navo catagory എന്നാ പ്രത്യോക പാക്കേജിലൂടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും യഥേഷ്ടം അനുവദിക്കുകയായിരുന്നു എന്‍ ഡി എ സര്‍ക്കാര്‍ ചെയ്തത്. അവരുടെ ഭരണകാലത്ത് കല്‍പ്പിതസര്‍വകലാശാലകളുടെ എണ്ണം ഒറ്റയടിക്ക് അമ്പതില്‍ നിന്നും തൊണ്ണൂറ്റിയാറായി വര്‍ദ്ധിപ്പിച്ചു. ഇന്ന് രാജ്യത്തു നൂറ്റിയമ്പതില്‍പരം കല്‍പ്പിതസര്‍വകലാശാലകളുണ്ട്. അവ വിദ്യാഭ്യാസ കച്ചവടത്തിനുള്ള കേന്ദ്രങ്ങള്‍ മാത്രമായത്തോടെ അതേക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടു വര്‍ഷം മുമ്പ്‌ പ്രൊഫസ്സര്‍ പി എന്‍ ഠണ്ടന്‍ ചെയര്‍മാനായി ഒരു കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. കമ്മിറ്റിയുടെ കണ്ടെത്തല്‍ എല്ലാവരെയും ഞെട്ടിക്കുകയുണ്ടായി.

    മിക്ക സ്ഥാപനങ്ങളും ‘University’ എന്ന പേര് ദുര്‍വിനിയോഗം ചെയ്യുന്നു പലസ്ഥലങ്ങളിലും നടത്തുന്ന പ്രോഗ്രാമുകളും കോഴ്സുകളും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ക്ലാസ്സ്‌ മുറികള്‍ പോയിട്ട് ഒരു നെയിം ബോര്‍ഡ് പോലും ഇല്ലാത്ത അനവധി സ്ഥാപനങ്ങള്‍, യോഗ്യത ഇല്ലാത്ത അധ്യാപകര്‍.., യാതോരു നിയന്ത്രണവും ഇല്ലാതെ ‘off campus’ സെന്‍ററുകള്‍.,. ഒരു വര്‍ഷം കൊണ്ട് ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് PLD ക്ക് പ്രവേശനം നല്‍കിയ കോളേജുകള്‍ വരെ ഉണ്ട്. എന്തിനേറെ വിദ്യാവിഹീനരായ ഒരു കൂട്ടം ആളുകളുടെ ‘ഫാമിലി എന്റര്‍പ്രൈസ്’ ആണ് പല കല്‍പ്പിതസര്‍വകലാശാലകളും. അതുകൊണ്ട് 44 കല്‍പ്പിതസര്‍വകലാശാലകളുടെ അംഗീകാരം ഉടന്‍ റദ്ദുചെയ്യണം എന്നും മറ്റൊരു 44 എണ്ണത്തിനു മിനിമം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മൂന്ന് വര്‍ഷം അനുവദിക്കണം എന്നും ശേഷിക്കുന്നവ മാത്രം നിലനിര്‍ത്തിയാല്‍ മതി എന്നുമാണ് ഠണ്ടന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചത് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അംഗീകാരം റദ്ദാക്കാന്‍ ഉള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോയെങ്കിലും സുപ്രീം കോടതി അനുവദിച്ച സ്റ്റേയെത്തുടര്‍ന്ന് മേല്‍പ്പറഞ്ഞ 44 കല്‍പ്പിതസര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും ‘സ്തുത്യര്‍ഹമായ സേവനം’ അനുഷ്ഠിച്ചു വരുന്നു. സ്വയംഭരണ കോളേജുകളിലും സംഭവിക്കാന്‍ പോകുന്നത് മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ കച്ചവടം തന്നെയായിരിക്കും. PLD ഉള്‍പ്പടെയുള്ള ബിരുദങ്ങള്‍ വിലക്ക് വാങ്ങാവുന്ന കേന്ദ്രങ്ങള്‍ ആയി സ്വയംഭരണ കോളേജുകള്‍ മാറും

 ഓട്ടോണമി ആര്‍ക്കുവേണ്ടി

നാളിതുവരെ എല്ലാ റിപ്പോര്‍ട്ടുകളും അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ ഓട്ടണോമികളെ കുറിച്ചാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്‌. . ഇവ മൂന്നും ഒരു കോളേജിനു നല്‍കുക എന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ നിയന്ത്രണം പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നാണര്‍ത്ഥം. മാനേജ്മെന്റുകള്‍ ആഗ്രഹിക്കുന്നതും അതാണ്‌., പന്ത്രണ്ടംഗ ഗവേര്‍ണിംഗ് ബോഡിയില്‍ ഒന്‍പതും മാനേജ്മെന്‍റ് പ്രതിനിധികള്‍ ആണ് അവര്‍ക്ക് സ്വയംഭരണത്തില്‍ മാത്രമായിരിക്കും താല്‍പ്പര്യം; ഉത്തരവാദിത്വത്തില്‍ ആയിരിക്കില്ല. ചൂഷണ വിമുക്തവും സമത്വാധിഷ്ടിതവുമായ ഒരു സമൂഹത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി മാത്രം നല്‍കാന്‍ കഴിയുന്ന ഒന്നായിട്ടാണ് കോത്താരി കമ്മീഷന്‍ ഒട്ടാണോമസ് കോളേജുകളെ വിഭാവനം ചെയ്തത്. ദീര്‍ഘനാളത്തെ പ്രവര്‍ത്തനം കൊണ്ട് സമൂഹത്തില്‍ ചിരപ്രതിഷ്ഠ നേടിയ സ്ഥാപനങ്ങളെ ആണ് ഇതിനായി പരിഗണിക്കുക. CABE കമ്മിറ്റി പറഞ്ഞത് NAAC ന്‍റെ A+ അല്ലെങ്കില്‍ A++ നേടിയ കോളേജുകളെ മാത്രമേ ഇതിനായി പരിഗണിക്കാവൂ എന്നാണ്. പ്രൊഫസര്‍ കെ കെ എന്‍ കുറുപ്പ് അധ്യക്ഷന്‍ ആയ കമ്മിറ്റി അമ്പതു വര്‍ഷമെങ്കിലും പ്രശംസാര്‍ഹമായ രീതിയില്‍ പ്രവര്‍ത്തന പരിചയം ഉള്ള സ്ഥാപനങ്ങളെ ആണ് പരിഗണിച്ചത്‌.,. മാധവമേനോന്‍ കമ്മിറ്റി അത് പത്ത് വര്‍ഷമായി കുറച്ചിരിക്കുന്നു . ഇത് പത്ത് വര്‍ഷം മുമ്പ് നമ്മുടെ നാട്ടില്‍ ആരംഭിച്ച സ്വാശ്രയ കോളേജുകള്‍ക്ക് ഈ പദവി നല്‍കാന്‍ ആണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ ആകുമോ?

യു ഡി എഫ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഓട്ടോമസ് കോളേജുകള്‍ സ്വശ്രയാധിഷ്ടിതം ആണ്. ചെറിയ മൂലധനം കൊണ്ട് വന്‍ ലാഭം കൊയ്യാവുന്ന വ്യവസായമായി വിദ്യാഭ്യാസം മാറിക്കഴിഞ്ഞിരിക്കുന്നു. നിലവാരം കുറഞ്ഞ സ്വാശ്രയകോളേജുകള്‍ അടച്ചു പൂട്ടണം എന്ന കേരള ഹൈക്കോടതി വിധിയെത്തുടര്‍ന്ന് അന്തംവിട്ടു നില്‍ക്കുന്ന സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വീണു കിട്ടിയ പിടിവള്ളി ആണ് സ്വയംഭരണാവകാശം. ഇത് വഴി ഓരോ സ്വയംഭരണ കോളേജും ഓരോ സ്വയംഭരണ സര്‍വകലാശാലകള്‍ ആയി മാറും.

അനുകൂലവാദം

    അക്കാദമിക പ്രവര്‍ത്തനങ്ങളിളും പഠന പ്രക്രിയയിലും അധ്യാപകര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം, വിദ്യാര്‍ഥി പ്രവേശനം മുതല്‍ പരീക്ഷയുടെ നടത്തിപ്പും ഫലപ്രഖ്യാപനവും വരെ എല്ലാം നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ തന്നെ നടത്താം. അധ്യാപകരുടെയോ ജീവനക്കാരുടെയോ വിദ്യാര്‍ഥികളുടെയോ സമരങ്ങളില്ല. കാലാനുസൃതമായി പ്രോഗ്രാമുകള്‍ (കോഴ്സുകള്‍))))()) പരിഷ്കരിക്കാം, കാലഹരണപ്പെട്ടത് ഒഴിവാക്കാം. അഫിലിയേറ്റിംഗ് സിസ്റ്റം പോകുന്നതോടെ എന്തിനും ഏതിനും യൂണിവേഴ്സിറ്റി അംഗീകാരത്തിനായുള്ള നെട്ടോട്ടം ഒഴിവാക്കാം. ഓരോ കോളേജും ഓരോ യൂണിവേഴ്സിറ്റി എന്ന നിലവരും , ഒരു കോളേജുകളിലെ കുട്ടികള്‍ പരസ്പരം മത്സരിച്ചാല്‍ മതിയാകും, ഗുണനിലവാരം വര്‍ധിക്കുന്നതിനനുസരിച്ച് പ്രശസ്തി വര്‍ധിക്കും . യു ജി സി യില്‍ നിന്നും പരമാവധി സഹായം വാങ്ങി എടുക്കാം

പ്രതികൂലവാദം

     അനുകൂലവശത്തേക്കാള്‍ പ്രതികൂല വശങ്ങള്‍ ആണ് കൂടുതല്‍ . സ്വയംഭരണം എന്നത് മാനേജുമെന്റുകളുടെ സ്വയംഭരണം ആണ്. സ്വയംഭരണ കോളേജുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ ഗുണനിലവാരം പുലര്‍ത്തുന്നവ നിലനില്‍ക്കും കുറഞ്ഞവ സ്വയം അടച്ചു പൂട്ടും. ഗുണനിലവാരം കുറഞ്ഞവയുടെ ബിരുദങ്ങള്‍ക്ക് കമ്പോളത്തില്‍ ഡിമാന്‍ഡ് ഉണ്ടാവില്ല.പ്രതിഭാകേന്ദ്രങ്ങളെ (centre of excellence) മാത്രം തെരഞ്ഞു പിടിച്ചു പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനയം സ്വയംഭരണ കോളേജുകളുടെ നിമ്നോന്നതമായ വികാസമാണ് സൃഷ്ടിക്കുക്ക. ആദ്യത്തെ മൂന്നു വര്‍ഷം കോളേജുകളുടെ പേര് വച്ച സര്‍ട്ടിഫികറ്റുകള്‍ ആണ് യൂണിവേഴ്സിറ്റി നല്‍കുക. തുടര്‍ന്ന് അതത് കോളേജുകള്‍ ആണ് ബിരുദ സര്‍ട്ടിഫികറ്റ് നല്‍കുക. ഇതോടെ അപ്രശസ്തമായ കോളേജുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അനാകര്‍ഷകം ആക്കുകയും ഇത് സ്വയംഭരണ കോളേജുകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മല്‍സരത്തിനു വഴി വെക്കുകയും ചെയ്യും. ഇന്‍റെര്‍ണല്‍ അസ്സസ്മെന്റുകളും മൂല്യനിര്‍ണ്ണയങ്ങളും സുതാര്യം അല്ലതാവും. വിവേചനവും സ്വജനപക്ഷപാതവും വര്‍ധിക്കും. അവകാശങ്ങള്‍ക്ക് വേണ്ടി വിലപേശാനോ സംഘടിക്കാനോ സമരം ചെയ്യാനോ സാധിക്കില്ല. അധ്യാപകരും ജീവനക്കാരും ചൂഷണത്തിന് വിധേയരാവും. ഇപ്പോള്‍ തന്നെ പല കോളേജുകളിലും അയ്യായിരത്തില്‍ താഴെ ആണ് അധ്യാപകരുടെ ശമ്പളം ചോദ്യം ചെയ്താല്‍ പിരിച്ചുവിടപ്പെടും. ഇത്തരക്കാര്‍ പഠിപ്പിക്കുന്ന വിഷയം തന്നെ ഒഴിവാക്കി വര്‍ക്ക്‌ ലോഡ്‌ ഇല്ലെന്ന കാരണം പറഞ്ഞു ജോലിയില്‍ നിന്നും പിരിച്ചു ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ട് .ഇത്തരം സംഭവങ്ങള്‍ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ധാരാളമായി സംഭവിക്കുന്നുമുണ്ട്. നിയമനങ്ങളില്‍ തത്വം പാലിക്കപ്പെടില്ല. ഇത്തരം സാഹചര്യങ്ങള്‍ പ്രബുദ്ധരായ കേരള ജനത വച്ച് പൊറുപ്പിക്കില്ല. ഈ പൊല്ലാപ്പുകള്‍ വേണ്ടെന്നു കരുതിയാവാം കേരളത്തില്‍ നാളിതുവരെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വയംഭരണ കോളേജുകള്‍ തുടങ്ങാന്‍ മുന്നോട്ടു വരാതിരുന്നത്. എന്നാല്‍ വ്യവസായങ്ങള്‍ക്ക് എന്ന പോലെ SEZ മോഡല്‍ സ്വയഭരണ കോളേജുകള്‍ ആണ് യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസ കച്ചവടം മുഖമുദ്രയാക്കിയ ഒരു സര്‍ക്കാരില്‍ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ഓട്ടോണമസ് കോളേജുകള്‍ കേരളത്തിന്‌ യോജിച്ചതല്ല

    കോളേജുകളെ പ്രതിഭാകേന്ദ്രങ്ങള്‍ ആക്കി മാറ്റുന്നതിന് ആരും എതിരല്ല. എല്ലാ കോളേജുകളും ഒരേ പോലെ പ്രതിഭാ കേന്ദ്രങ്ങള്‍ ആക്കി മാറ്റുകയാണ് വേണ്ടത്. മെച്ചപ്പെട്ട ഗുണനിലവാരമുള്ള സ്ഥാപനങ്ങളാണ്‌ മലയാളി ഇഷ്ടപ്പെടുന്നത്. സ്വയംഭരണ കോളേജുകള്‍ വിദ്യാഭ്യാസരംഗത്ത് വര്‍ഗീയവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും ആണ് സൃഷ്ടിക്കുക്ക. യു ജി സി യുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓട്ടോണമി ലഭിക്കാനുള്ള സാധ്യത കൂടുതലും ഇവിടുത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന കോളേജുകള്‍ക്കാണ്. അവര്‍ക്കുമേല്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാവില്ല. ഏതൊക്കെ സമുദായങ്ങള്‍ക്ക് എത്ര കോളേജുകള്‍ ആണ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത് എന്ന് ആര്‍ക്കറിയാം? എത്ര കോളേജുകള്‍ വേണമെങ്കിലും അനുവദിക്കാന്‍ കേന്ദ്രം തയ്യാറാണ് വിഭവങ്ങള്‍ എല്ലാം മാനേജ്‌മെന്റ്‌ കണ്ടെത്തിക്കൊള്ളണം എന്നുമാത്രം.

 കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്കൊന്നും ഇന്ന് ഓട്ടോണമി ഇല്ല. സര്‍ക്കാരിന്റെ  ഡിപ്പാർട്ട്മെന്റുകൾ  ആയി ഇവ അധ:പതിചിരിക്കുന്നു. രാഷ്ട്രീയ ഭിക്ഷാംദേഹികളെ കുടിയിരുത്താനുള്ള സ്ഥാപനങ്ങള്‍ ആയി സര്‍വകലാശാലകളെ അധ:പതിപ്പിച്ചു. വൈസ്‌ ചാന്‍സലര്‍ പദവിയുടെ മഹത്വം ഈ സര്‍ക്കാര്‍ ഇല്ലാതാക്കി തങ്ങളെ അനുകൂലിക്കുന്ന ജാതിമത ശക്തികള്‍ക്കും പാര്‍ശ്വവര്‍ത്തികള്‍ക്കുമായി അധികാരം വീതം വച്ചു നല്‍കുന്നു. എല്ലാ സര്‍വ്വകലാശാലകളും ഇന്ന് കടക്കെണിയില്‍ ആണ് . ഒരു പ്യൂണ്‍ തസ്തിക പോലും സൃഷ്ടിക്കാനുള്ള അധികാരം ഇവക്കില്ല. അതുകൊണ്ട് സ്വകാര്യ സര്‍വ്വകലാശാലകള്‍ സൃഷ്ടിക്കാനുള്ള കുറുക്കുവഴിയായ കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാനുള്ള ശ്രമം ഉപേക്ഷിച്ച് സര്‍വ്വകലാശാലകളെ സ്വയംഭരണ സ്ഥാപനങ്ങള്‍ ആക്കാനുള്ള നടപടി ആണ് സര്‍ക്കാര്‍ ആദ്യം കൈക്കൊള്ളേണ്ടത്.

(കാലടി സംസ്കൃത സർവകലാശാല മുൻ വൈസ്ചാൻസിലർ ആണ് ലേഖകൻ)

Share.

About Author

ഡോ : ജെ പ്രസാദ്‌ മുന്‍-വൈസ്‌ ചാന്‍സലര്‍, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല 'രാഗമാലിക' 32/967 B,മൂഴിക്കല്‍, ചെലവൂര്‍ പോസ്റ്റ്‌ കോഴിക്കോട്-673571

136q, 0.592s