Leaderboard Ad

സ്വാതന്ത്ര്യം വിലക്കുന്ന നിയമങ്ങൾ

0

   ന്നത്തെ കാലഘട്ടത്തിൽ വിവരസാങ്കേതിക വിദ്യ ഏറെ പുരോഗതി പ്രാപിച്ചിരിക്കുകയാണ്.ആധുനിക സമൂഹത്തിൽ വിവരസാങ്കേതിക വിദ്യ വളരെ  വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അത്രയേറെ ഇടപെടലുകൾ ആണ് വിവര സാങ്കേതിക വിദ്യയ്ക്കുള്ളത്.അതിൽ പൊതു സമൂഹം വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്  ഇന്റർനെറ്റ് എന്ന ലോകജാലകം

ഇന്റർനെറ്റ് ഇന്ന് സമൂഹത്തിനെ വളരെ ഏറെ സ്വാധീനിക്കുന്ന ഘടകം ആണ്. വ്യവസായ,വാണിജ്യ,സാംസ്കാരിക,രാഷ്ട്രീയ,വിജ്ഞാന മേഖലകളിൽ ഒക്കെ ഇന്റർനെറ്റ് ഒഴിച്ച് കൂടാൻ ആകാത്ത ഒന്നായി മാറിയിരിക്കുന്നു. സാധാരണക്കാർ മുതൽ വൻകിട മുതലാളിമാർ, സെലിബ്രിറ്റികൾ, ഭരണ തലവന്മാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിധം ജനങ്ങളും ഇന്ന് ഇന്റര്നെറ്റിന്റെ അനുസ്യൂതമായ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നു.

ഫെയ്സ്ബുക്ക്, ട്വിറ്റർ, ജി-പ്ലസ്, മറ്റു സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ. ബ്ലോഗുകൾ, മാഗസിനുകൾ, പത്രങ്ങൾ തുടങ്ങി നിരവധി സങ്കേതങ്ങളിലൂടെ അവർ തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും ആശയങ്ങളും പങ്കു വെക്കുന്നു. ജനങ്ങൾക്ക് അവരുടെ അഭിപ്രായം പേടി കൂടാതെ ലോകത്തിന്‍റെ ഏതു കോണിൽ ഇരുന്നു കൊണ്ടും പ്രകടിപ്പിക്കാൻ ഇന്റർനെറ്റ് മുഖാന്തിരം സാധിക്കുന്നു. മറഞ്ഞിരുന്നുകൊണ്ട് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ അപ്രിയ സത്യങ്ങൾ പങ്കുവെക്കാൻ സാധിക്കുന്നു എന്നത് ഇന്റര്നെറ്റ് നെ ജനങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരമാക്കുന്നു.

വിശാലമായ സൌഹൃദവലയങ്ങൾ ലോകമെമ്പാടും സൃഷ്ടിക്കാനും സമാന മനസ്കരായ ആളുകളുമായി ആശയ വിനിമയം നടത്താനും സർഗസൃഷ്ടികൾ പങ്കു വെക്കാനും സംവാദങ്ങളിൽ ഏര്‍പ്പെടാനും ഇന്റര്നെറ്റ് സഹായിക്കുന്നു. ഭരണകൂടങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ സോഷ്യൽ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ ഉയരുകയും ഭരണകൂടങ്ങളെ മറിച്ചിടാൻ ഉള്ള ആവേശം ജനങ്ങൾക്ക് പകർന്നു നല്‍കുകയും ചെയ്തത് സമീപകാല സംഭവവികാസങ്ങളിലൂടെ നമുക്ക് കാണാം. ഈജിപ്തിലേയും ലിബിയയിലേയും ഭരണകൂടങ്ങളെ മറിച്ചിടുന്നതിലും സൌദിയിൽ സ്ത്രീകള്‍ക്കു വോട്ടവകാശം നല്കുന്നതിലും അമേരിക്കയില്‍ വാള്‍ സ്ട്രീറ്റ്‌ പിടിച്ചെടുക്കല്‍ പോരാട്ടങ്ങള്‍ക്ക് സമരവീര്യം പകരാനും ഒക്കെ ഏറെ പങ്കു വഹിക്കാൻ ഇന്റർനെറ്റ്‌ വഴി സോഷ്യൽ നെറ്റ് വർക്കുകൾക്ക് സാധിച്ചു. ലോക പോലീസ് ചമയുന്ന അമേരിക്കൻ ഭീകരത പുറത്തുകൊണ്ടു വരാനും, ഇന്ത്യയിലെ അടക്കം നിരവധി അഴിമതി വീരന്മാരുടെ രഹസ്യ സമ്പാദ്യങ്ങളെ പറ്റിയും ഒക്കെ വിക്കി ലീക്സ് വഴി രേഖകൾ പുറത്തു വിടാൻ ജൂലിയന്‍ അസാന്ജെയെയും കൂട്ടരെയും സഹായിച്ചത് ഇന്റർനെറ്റ്‌ ആണ്. അതുപോലെ തന്നെ ലോകത്തെമ്പാടുമുള്ള മനുഷ്യന്റെ എല്ലാ സ്വകാര്യതകളെയും അപഹരിക്കുന്ന അമേരിക്കയുടെ ചാര പ്രവർത്തികളെ പറ്റി എഡ്വേര്‍ഡ് സ്നോഡന്‍ ലോകത്തെ അറിയിച്ചതും ഇന്റര്നെറ്റിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ്.

ഇന്ത്യയിൽ ആകട്ടെ സര്ക്കാരുകളുടെയും രാഷ്ട്രീയ പാർടികളുടെയും അഴിമതിക്കെതിരെയും, കേരളത്തിലെ മുല്ലപ്പെരിയാർ വിഷയത്തിലടക്കം സമൂഹത്തെ ബാധിക്കുന്ന ഓരോ കാര്യങ്ങളിലും സോഷ്യൽ നെറ്റ് വര്ക്കുകളിലൂടെ ഉയര്ന്നു വരുന്ന പ്രതിഷേധങ്ങൾ വലിയ രൂപത്തിൽ സമൂഹത്തില്‍ അലയടിക്കാറുണ്ട്.

ഇതുകൊണ്ട് തന്നെ പല ഭരണകൂടങ്ങളും വൻകിട കുത്തകകളും ഇന്റർനെറ്റിനെ ഏറെ ഭയക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ കൂച്ചു വിലങ്ങുകൾ ഇടുന്ന നടപടികൾ പല രാജ്യങ്ങളിലെ ഭരണകൂടങ്ങളും സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ജൂലിയന്‍ അസാന്ജെ, എഡ്വേര്‍ഡ് സ്നോഡന്‍ തുടങ്ങി ഇങ്ങു കൊച്ചു കേരളത്തിൽ പോലും പ്രതിഷേധം പ്രകടിപ്പിക്കുന്നവരെ കേസെടുത്തും വേട്ടയാടിയും ഭരണകൂടങ്ങൾ അടിച്ചമർത്താൻ നോക്കുകയാണ്.

ഗുണത്തോടൊപ്പം ഏറെ ദോഷവും ഇന്റര്നെറ്റ് പ്രധാനം ചെയ്യുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു, തീവ്രവാദം,വര്‍ഗീയത തുടങ്ങിയവ വളര്‍ത്താനും ഇന്റർനെറ്റ്‌ ദുരുപയോഗം ചെയ്യുന്നു. കുറ്റ കൃത്യങ്ങൾ തടയുന്നതിനെതിരെ നിയമം വേണം. പക്ഷെ അത് പ്രതിഷേധമോ എതിർപ്പോ പ്രകടിപ്പിക്കുന്നവരെ അടിച്ചമര്‍ത്തിക്കൊണ്ടോ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടോ ആകരുത്. അഭിപ്രായ സ്വാതന്ത്ര്യം മനുഷ്യന്‍റെ മൗലികാവകാശമാണ്. അതിനു തടയിടുന്ന ഏതു നിയമവും എതിര്‍ക്കപ്പെടെണ്ടത് തന്നെ ആണ്.

Share.

About Author

139q, 0.503s