Leaderboard Ad

സ്വാതന്ത്ര്യത്തിന്റെ വിളംബരം

0

ഒരുമനുഷ്യന്‍ 1927ല്‍ ജനിക്കുന്നു, 2014ല്‍ മരിക്കുന്നു. എണ്‍ പത്തിയാറുവര്‍ഷവും ഒരുമാസവും ജീവിക്കുന്നു. ഇത് ജീവചരിത്രമല്ല, ഒരുറിപ്പോര്‍ട്ട് മാത്രമാണ്. ഇതല്ല ഗബ്രിയേലാ ഗാര്‍ഷ്യാ മാര്‍ക്വേയ്‌സിന്റെ മഹത്ത്വം. അദ്ദേഹത്തിന്റെ രചനാസങ്കേതം മാജിക്ക് റിയലിസമോ മാജിക്കല്‍ റിയലിസമോ ആകുന്നതുമല്ല. കോളറക്കാലത്തെ പ്രണയത്തില്‍ ഭാവനാപൂര്‍ണ്ണമായി പുനരാവിഷ്‌കരിക്കപ്പെടുന്ന ഗാഢമായ ഒരനുരാഗത്തിലൂടെയാണ് മാര്‍ക്വേയ്‌സിന്റെ രക്ഷിതാക്കള്‍ക്ക് ഒരുമിക്കാനായത് എന്ന് കണ്ടെത്തുമ്പോള്‍ ഈ റിപ്പോര്‍ട്ട് ചരിത്രത്തിലേ്ക്കും പിന്നീട് സൃഷ്ടിപരതയിലേക്കും വളരുന്നു. യാഥാസ്ഥിതികനും സ്ത്രീനമ്പടനുമാണ് തന്റെ മകളുടെ കാമുകനെന്ന് മാര്‍ക്വേയ്‌സിന്റെ അമ്മ ലൂയിസയുടെപിതാവ് കരുതുന്നു. പക്ഷേ, ഒരുപരാതിക്കും പിരിക്കാനാവാത്ത ദാര്‍ഢ്യമായിരുന്നു ആ പ്രണയത്തിനുണ്ടായിരുന്നത്. വയലിന്‍വാദനത്തിലൂടെ, പ്രേമലേഖനങ്ങളിലൂടെ, അനന്തമായ കവിതകളിലൂടെ ഗബ്രിയേലാ എലിജിയോ ഗാര്‍ഷ്യഎന്നകാമുകന്‍ ലൂയിസയെ പിന്തുടരുകയായിരുന്നു.

മനമില്ലാ മനസ്സോടെയാണ് ഈ കമിതാക്കള്‍ക്ക് വിവാഹിതരാവാന്‍ കഴിഞ്ഞത്. മാര്‍ക്വേയ്‌സിന്റെ ജനനത്തിനും മുമ്പ്, അയാള്‍ കവിതയും പ്രണയവും പൈതൃകമായി നേടിക്കഴിഞ്ഞിരുന്നു. കൊളമ്പിയയില്‍ ജനിച്ച് വടക്കെ അമേരിക്കയുടെ തെക്കെ അതിര്‍ത്തിയില്‍ സ്ഥിരതാമസമാക്കിയ മാര്‍ക്വേയ്‌സിന് ചരിത്രവും പ്രണയവും കവിതയും ജന്മസിദ്ധമായിരുന്നുവെന്നാണിതിനര്‍ത്ഥം. അയാല്‍ റിപ്പോര്‍ട്ടര്‍മാത്രമാവാന്‍ തീരുമാനിച്ചാലും അയാള്‍ക്കതിനു കഴിയുമായിരുന്നില്ല. കവിതയും പ്രണയവും ചരിത്രവും അയാളില്‍ ലീനമായിരുന്നു. അവ എടുത്തുമാറ്റാന്‍ കഴിയുമായിരുന്നില്ല.

അതുകൊണ്ടാണ്, ജോസ് ആര്‍ക്കേഡിയോ ബുണ്ട്യയെ പോലൊരുകഥാപാത്രത്തിനു ജീവന്‍ നല്കാന്‍ മാര്‍ക്വേയ്‌സിനു സാധിച്ചത്. ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ ഒരുപാട് പരാജയങ്ങളിലൂടെയെങ്കിലും വിജയപൂര്‍വ്വം ജീവിക്കുന്ന ഈ ധിക്കാരിയുടെ കാതല്‍ ചരിത്രത്തിന്റേതാണ്.

ഇതിനു തെളിവു നല്കാനായി കഥകള്‍ ചുരുക്കിയെഴുതി ആളാവാനൊന്നും ഞാനില്ല. ലോകമെമ്പാടുമുള്ള വായനക്കാരായ ആരാധകരെ അദ്ദേഹം തന്നെ പറ്റിയുള്ള സങ്കല്പങ്ങളിലും സങ്കല്പനങ്ങളിലും ചുറ്റി വരിഞ്ഞിട്ടു. മാകൊണ്ട എന്ന ഇല്ലാനഗരത്തെ നിങ്ങളും ഞാനും സത്യനഗരമായി വായിക്കുന്നു. ഓരോ ജീവിതപരിസരത്തിനും ഓരോ ജീവിതസന്ധിക്കും മാകൊണ്ടയിലേക്കു നോക്കി പരിഹാരം കാണാനാകുമോ എന്നും നാം നോക്കി. കലയുടെ പ്രായോഗികതയെ പറ്റി വല്ലാതെ വേവലാതിപ്പെടുന്ന ഒരുജനതയായതുകൊണ്ടാവാം മലയാളി ഒരിക്കലും കാണാത്ത, കണ്ടുമുട്ടാനിടയില്ലാത്ത മാകൊണ്ടയില്‍ നിന്നും ഗാര്‍ഷ്യാ മാര്‍ക്വേയ്‌സില്‍നിന്നും പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് കരുതി. പക്ഷേ മാകൊണ്ടാ ഒരു സങ്കല്പനഗരം മാത്രമായിരുന്നു. അവിടെ നടന്ന കൂട്ടക്കൊലകളുടെവിവരണത്തില്‍നിന്നുദ്ഭൂതമാവുന്ന രക്തരോഷം സ്വാഭാവികമാണെങ്കിലും ചരിത്രസത്യം നമ്മുടെ വാഗണ്‍ ദുരന്തത്തേക്കാള്‍ ലഘുവായ ഒരുസംഭവമാണിതെന്നതാണ്. ഒരു പക്ഷേ ആറോ ഏഴോ പേര്‍ മരിച്ച ഒരു തൊഴിലാളിസമരത്തിന്റെ നോവല്‍വത്കരണം മാത്രമാണ് മൂവായിരം രക്തസാക്ഷികളുണ്ടായ സമരമെന്ന വിവരണത്തിലൂടെ മാര്‍ക്വേയ്‌സ് ചെയ്യുന്നത്. ഒരുപുല്‍ച്ചാടി കണ്ണില്‍നിന്നു പുറത്തുചാടി, അതോടെ മുത്തച്ഛന്‍ അന്ധനായിത്തീര്‍ന്നു എന്നാണല്ലോ വിവരണം. ഒരാളുടെ കണ്ണില്‍നിന്നും ഇതുവരെ ഒരുപുല്‍ച്ചാടിയും പുറത്തേക്കുചാടിയിട്ടില്ലെന്നാവും പഴയനിരൂപകന്റെ മതം. അതോടെ മാജിക്കല്‍ റിയലിസമെന്നല്ല, ലോകത്തെ മിക്കവാറും എല്ലാ രചനാസങ്കേതങ്ങളും മരിച്ചുപോവുകയും ചെയ്യും. നിരൂപകനാവാന്‍ ശരിയായ വഴി പുസ,്തകങ്ങള്‍ പൂര്‍ണ്ണമായി വായിക്കുകയാണെന്ന ഗുണപാഠം ഇവിടെ പ്രക്ഷേപിച്ചുകൊള്ളട്ടെ. ഇവിടെയൊക്കെ മാര്‍ക്വേയ്‌സിന്റെ രചനയുടെ ആകര്‍ഷണീയത ഞാന്‍ കാണുന്നു.

(രണ്ട്)
ആധുനികകാലത്തെ ഒരുനോവലില്‍ അഭിരമ്യമായ ഒരുഭൂത്തുണ്ട് കണ്ടെത്തുകയെന്നത് ക്ഷിപ്രസാധ്യമല്ല. മഴവില്ലുകളെ, ചാന്ദ്രരശ്മികളെ, വഴുതുന്ന പര്‍വതനിരകളെ, അഭൗമജൈവപംക്തിയെ ആവാഹിച്ചു കൊണ്ടുവരുന്നതിനു തുല്യമായൊരു കഠിനശ്രമമാണത്. ഭോഷമായ ഒരുരചനായത്‌നത്തിന്റെ വിഫലതയാണത്. അസംബന്ധതയുടെ അനന്തവിസ്തൃതിയാണത്. യക്ഷകിന്നരന്മാരും, മത്സ്യകന്യകമാരും കുള്ളന്മാരും ജാലവിദ്യക്കാരും ചിലപ്പോഴൊക്കെ രക്ഷസ്സുകളുമടങ്ങിയ അനന്തമായൊരസംബന്ധലോകം. പക്ഷേ മാകൊണ്ടയുടെ സൃഷ്ടിയിലൂടെ ഗാര്‍ഷ്‌യാ മാര്‍ക്വേയ്‌സ് ഈ പ്രശ്‌നം വളരെ ലളിതമായി നിര്‍ദ്ധാരണം ചെയ്തു. അതികഥാപാത്രങ്ങളടങ്ങിയ ഒരു ഭൂത്തുണ്ടാണെങ്കിലും സത്യലോകത്തിന്റെ തുടിപ്പാര്‍ന്ന ഒരുദേശമാണ് ഗാബോ സൃഷ്ടിച്ചത്.

ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെന്ന നോവലിലെ കഥാപാത്രങ്ങള്‍ അശരീരമായ അഭൗമശക്തികളായി , ഒരുതരം ഉന്മത്തതയോടെനില്ക്കുന്നതായി നമുക്കനുഭവപ്പെടുന്നു. ഒരിക്കലും നേടാത്തലക്ഷ്യങ്ങളുമായി ഈ കഥാപാത്രങ്ങള്‍ വനസ്ഥലികള്‍ കടന്നുപോവുകയും മരുപ്പരപ്പുകള്‍ കിതച്ചുകയറുകയും ചെയ്തിരിക്കാം. ആ പ്രയാണമെല്ലാം വിഫലമായിരിക്കാം. അപ്പോഴും അവയെല്ലാം, അവയുടെവിവരണമെല്ലാം, ആ വിവരണത്തിനുപയോഗിക്കുന്ന ഭാഷയെല്ലാം ജീവിതത്തിന്റെ നിറവുള്ളതാണ്. ഈ നിറവാണ് ഗാബോയുടെ മാജിക്ക്.

‘The men on the expedition felt overwhelmed by their most ancient memories in that paradise of dampness and silence, going back to before original sin, as their boots sank into pools of steaming oil and their machetes destroyed bloody lilies and golden salamanders. For a week, almost without speaking, they went ahead like sleepwalkers through a universe of grief, lighted only by the tenuous reflection of luminous insects, and their lungs were overwhelmed by a suffocating smell of blood.’
ഇത് കവിഭാഷയാണ്. ഭൂമിയേയും അതിന്റെ ക്രൂരസത്യങ്ങളേയുമറിയുന്ന, സ്വപ്‌നാടകനെപ്പോലെ അതിനെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്നൊരു കവിയുടെ ഭാഷയാണിത്.

കാലത്തിനപ്പുറം ഒരു നൂറ്റാണ്ടുകാലം പൂര്‍വ്വദര്‍ശനം ചെയ്യുന്നൊരു ജിപ്‌സിക്കുറിപ്പില്‍ രേഖപ്പെടുത്തപ്പെട്ട തന്റെ കുടുംബപുരാണം ഒരുകഥാപാത്രം ഈ നോവലിന്റെ അവസാനം കണ്ടെത്തുന്നുണ്ട്. കുടുംബസംഭവങ്ങളുടെ വിവരണമാണിതിലുള്ളതെങ്കിലും അവയൊന്നും രേഖീയകാലത്തിന്റെ ചട്ടങ്ങളിലല്ല വാര്‍ത്തുവെച്ചിരിക്കുന്നത്. ഒരുശതവര്‍ഷത്തെ ദിനസംഭവങ്ങള്‍ എല്ലാം ഒരേകാലത്തുനടക്കുന്നതായി, സഹസംഭവിക്കുന്നതായിട്ടാണ് ഈ തുണിത്തുണ്ടിലെ ചരിത്രം പറയുന്നത്. അവിടെ സ്മരണയും പ്രവചനവും, മിഥ്യയും സത്യവും, വര്‍ത്തമാനവും ഭൂതവും എല്ലാം വേര്‍തിരിക്കാനാവാതെ സഹവര്‍ത്തിക്കുകയാണ്. ഇത് ജിപ്‌സി ടെക്‌നിക്കാണ്. അവര്‍ക്ക് കാലവും ദേശവും മാറുന്നില്ല. അവര്‍ ഇന്ത്യയില്‍ തുടങ്ങിയിരിക്കാം, യൂറോപ്പിലും ചീനയിലും പുഷ്ടിപ്പെട്ടിരിക്കാം, ലോകത്തിന്റെ എല്ലാ ാൈഗങ്ങളിലും വ്യാപിച്ചിരിക്കാം. പക്ഷേ, അവര്‍ മാറുന്നില്ല, അവര്‍ അവര്‍ തന്നെയായിരിക്കുന്നു.

കടല്‍ത്തിരകള്‍പോലെ കഥാതന്തു മുന്നോട്ടും പിറകോട്ടുമായി മാറിമറയുന്നതാണ് ഏകാന്തതയില്‍ നാം കാണുന്നത്. എല്ലാ കഥകളും സത്യത്തില്‍ അങ്ങിനെയാണ്. അതറിയുമ്പോള്‍മാത്രമേ നല്ലനോവലുണ്ടാവുന്നുള്ളൂ. ആ സത്യമറിയുമ്പോള്‍ കണ്ണില്‍നിന്ന് പുല്‍ച്ചാടി ചാടുന്നതിനെ പറ്റി നിര്‍വിശങ്കം എഴുതാനാവുന്നു. അവിടെ കാലം അപ്രസക്തമാവുന്നു, ജീവിതമാണ് പ്രസക്തമായിട്ടുള്ളത്, ജിപ്‌സികളെപോലെ അനവരതം സഞ്ചരിക്കുന്ന മാനവഗാഥയാണ് സംഗതമായിട്ടുള്ളത്. കാലം നഷ്ടമാവുന്ന ഒരുജനതയുടെ ആത്മാവിഷ്‌കാരമാണ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍. ഈ നൂറുവര്‍ഷമെന്നത് സാമാന്യമായ ഗണനമല്ല, അത് ഏതുനൂറുമാവാം. നൂറുനൂറായിരമെന്ന് പറയുന്ന നൂറ്, നൂറുകണക്കിലെന്നു പറയുന്ന നൂറ്.

അഞ്ചുതലമുറകളാണ് നോവലില്‍ വാര്‍ന്നുവീഴുന്നത്. ജോസ് ആര്‍കേഡിയോ ബ്യൂണ്ടിയുടെയും ഉര്‍സുലയുടേയും പിന്‍ഗാമികളായ അഞ്ചുതലമുറകള്‍. അവരാണ് മാകൊണ്ടയുടെ സ്ഥാപകര്‍. ദക്ഷിണഅമേരിക്കയിലെവിടെയോഉള്ള ഒരുശുദ്ധജലതീരത്താണ് അവരീഗ്രാമം സ്ഥാപിച്ചത്. എന്നാല്‍ അതിനു സ്ഥലകാലക്ലപ്തതയൊന്നുമില്ല. ഈ ക്ലുപ്തതയില്ലായ്മ കേവലമായ ഒരാലങ്കാരികതയല്ല, മറിച്ച്, താനവതരിപ്പിക്കുന്ന ജനതയുടെ മാനസികാവസ്ഥയുടെ പ്രതിഫലനം തന്നെയാണ്. അതുകൊണ്ടാണ് എവിടെയാണ് മാകൊണ്ട എന്നചോദ്യത്തിനു അതൊരു മാനസികാവസ്ഥയാണെന്ന് മാര്‍ക്വേയ്‌സ് മറുപടി നല്കുന്നത്. മാകൊണ്ട എന്നപേരുണ്ടാവാം, ഈ മാകൊണ്ടയില്ല. ബ്യൂണ്ടിയയ്ക്ക് തന്റെ പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെ കുറിച്ച് ഒരുചുക്കുമറിയില്ലായിരുന്നു. എന്നാല്‍ എല്ലായ്‌പോഴും ഭൂപടങ്ങളും കോംപാസും അയാളോടൊപ്പമുണ്ടായിരുന്നു. തന്റെയിടം കണ്ടെത്താനുള്ള അദൃശ്യമായൊരുവെമ്പല്‍ എപ്പോഴുമയാളിലുണ്ടായിരുന്നോ?

സത്യത്തില്‍ ഈ നോവലില്‍ രണ്ടുകഥാപാത്രങ്ങളേയുള്ളൂ, ജോസ് ആര്‍കേഡിയോ ബ്യൂണ്ടിയും പത്‌നി ഉര്‍സുലയും. അവരുടെമക്കളും മക്കളുടെ മക്കളുമൊക്കെയായ ഇതരകഥാപാത്രങ്ങളെല്ലാം ഈ യിരുവരുടെ ശക്തിദൗര്‍ബ്ബല്യങ്ങളുടെ വിവിധരൂപങ്ങളായിരുന്നു. അവരില്‍നിന്നുതന്നെയുരുത്തിരിയുന്ന ശക്തിയും ശക്തിക്കുറവുമാണവ. പ്രായോഗികവീക്ഷണത്തിന്റേയും സഹനത്തിന്റേയും ഇഛാശക്തിയുടേയും മൂര്‍ത്തിമദ്ഭാവവും രൂപവുമാണ് ഉര്‍സുല. തന്റെ രണ്ടുമക്കള്‍ക്കുപിന്നാലെവന്ന അവരുടേയും പിറകെവന്നവരുടേയും അനേകം സന്താനങ്ങളെ പോറ്റിവളര്‍ത്തുന്നത് അവരാണ്, ഏതാണ്ട് 114 വയസ്സുവരെ, അതോ 122 വയസ്സോേ? ആര്‍ക്കാണത് കൃത്യമായി പറയാന്‍ കഴിയുക? അന്ത്യം വരെ തെളിമയാര്‍ന്ന മനസ്സോടെ കരുത്താര്‍ന്ന ശരീരത്തോടെ അവര്‍ ജീവിക്കുന്നു.

പുരുഷന്മാരുടെ ജീവിതം വ്യത്യസ്തമാണ്. എല്ലാവരും ഒന്നുകില്‍ ഒരു ആര്‍കേഡിയോ ആണ്, അല്ലെങ്കിലോ ഒരു ഒറീലിയാനോ ആണ്. അവര്‍ കടലില്‍ പോവുകയോ വിപ്ലവം നയിക്കുകയോ ജിപ്‌സികളെ അനുധാവനം ചെയ്യുകയോ, ജിപ്‌സി പെണ്ണുങ്ങളുമായി അപായകരമാം വിധം പ്രേമബദ്ധരാവുകയോ ചെയ്യുന്നു. പക്ഷേ എല്ലാ പുരുഷന്മാരും ഒരുകാര്യം സുനിശ്ചിതമായി ചെയ്യുന്നുണ്ട്, അവര്‍ കുടുംബാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുണ്ട്. കുടുംബത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നുണ്ട്, കുടുംബധനം വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.

ചരിത്രം വൃത്താകാരമായ ഒരുപ്രതിഭാസമാണ് ഈ നോവലില്‍. ബ്യൂണ്ടിയാ കുടുംബത്തിലെ പേരുകളും സ്വഭാവവിശേഷങ്ങളും തലമുറകളിലൂടെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയെന്നതാണ് ഇവിടെ ചരിത്രത്തിന്റെ ദൗത്യം. അന്വേഷണവ്യഗ്രരും യുക്തിവിചാരപടുക്കളും കരുത്തരുമായ ആര്‍കേഡിയോമാരും ശാന്തചിത്തരും ചിന്താശീലരുമായ ഒറീലിയോനോമാരുമാണ് ഇപ്രകാരം ആവര്‍ത്തനചക്രങ്ങളിലൂടെ പുനസ്സംഭവിക്കുകയും പുനരവതാരം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നത്. വാര്‍പ്പുമാതൃകയിലുള്ള കഥാപാത്രങ്ങള്‍ ഇല്ലേയില്ല, ഓരോ സന്ദര്‍ഭത്തിനുമനുസരിച്ച് ഉരുവപ്പെട്ടുവരികയാണവര്‍. ബൃഹത്തായ ഈ കഥ താളബദ്ധവും സമ്പന്നവും ആഖ്യാനചാരുതയുടെഅവസാനരൂപവുമായിത്തീരുന്നത് ഇതൊക്കെ കൊണ്ടാണ്. ഓരോപുറത്തിലും ഓരോ ഖണ്ഡികയിലും നവീനമായ ഒരുസാന്നിധ്യം വായനക്കാരനെ ഈനോവല്‍ അനുഭവിപ്പിക്കുന്നു.

ഇവിടെ വായനാനുഭവം സൗന്ദര്യശാസ്ത്രപരമായ ഒരുതരം തളര്‍ച്ചയാണെന്ന് പ്രഥമവായനയിലനുഭവപ്പെടും. ഏതെങ്കിലുമൊരാള്‍ക്കുമാത്രമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറം ജീവിതനിര്‍ഭരമാണ് ഓരോ പുറവും. അനാവശ്യമായ വാക്യങ്ങളില്ല, വാക്കുകളുമില്ല. ഗൗരവപ്പെട്ടവായനയാണ് ഈ കൃതി ആവശ്യപ്പെടുന്നത്. നോവലിന്റെ ആഖ്യാനം ഏകതാനമല്ല, സന്ദര്‍ഭത്തിനനുസരിച്ച് ആഖ്യാനരീതി മാറുന്നുണ്ട്, ചിലപ്പോഴത് പ്രഥമപുരുഷാഖ്യാനമാണെങ്കില്‍ മറ്റുചിലപ്പോള്‍ തൃതീയപുരുഷാഖ്യാനമാണ്. വിവിധകലാരൂപങ്ങളുടെ കൊളാഷാണ് ചിലപ്പോള്‍ ഏകാന്തത. ചിലപ്പോഴത് മൊണ്ടാഷിന്റെ രൂപം കൈവരിക്കുന്നുണ്ട്. ദൈനംദിനജീവിതത്തെ, അത്ഭുതപ്രവൃത്തികളുമായി സംയോജിപ്പിക്കാനുള്ള, ചരിത്രത്തെ ഐതിഹ്യങ്ങളുമായി സമന്വയിക്കാനുള്ള സിദ്ധിയാണ് മാര്‍ക്വേയ്‌സ് ഇവിടെ പ്രകടമാക്കുന്നത്.

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ വെറുമൊരുമാജിക്കോ കേവലമായൊരു കഥയോ മിത്തുകളുടെ ആഖ്യാനമോ അല്ല. മറിച്ച് ലത്തീനമേരിക്കന്‍ ചരിത്രത്തിന്റെ ഉള്‍ക്കളങ്ങളില്‍ തുടിച്ചുനില്ക്കുന്നൊരു മാതൃക ഈ നോവലിനുണ്ട്. ലത്തീനമേരിക്കന്‍ സംസ്‌കൃതിയുടെ ആത്മഭാവം കണ്ടെത്താനുള്ള അനേകം പാഠങ്ങളിലൊന്നാണ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈയര്‍ത്ഥത്തില്‍ ഈ നോവലിനെ ഒരുരേഖീയആര്‍ക്കൈവായി കാണാമെന്ന് ചിലര്‍പറയുന്നു. ഈ ആര്‍ക്കൈവ് മൃതസംഭവങ്ങളുടെ കേവലമായ ഒരറയല്ല. യൂറോപ്യന്‍ പര്യവേക്ഷകന്മാരുടെ പ്രയത്‌നത്തിലൂടെ അനാവരണം ചെയ്യപ്പെട്ട ലത്തീനമേരിക്കയുടെ പ്രതീകമാണ് നോവലില്‍ തന്നെവിവരിച്ചിരിക്കുന്ന ഈ ആര്‍ക്കൈവ്. ഈ ആര്‍ക്കൈവിന് ചരിത്രപരമായ സ്വത്വം കൈവരിക്കാന്‍ കഴിഞ്ഞത് അച്ചടിയന്ത്രത്തിന്റെ വരവോടെയാണ്. ലത്തീനമേരിക്കന്‍ സാഹിത്യത്തിന്റെ പ്രതീകമാണ് നോവലിലെ ഈ ആര്‍ക്കൈവ്. ഈ സാഹിത്യമാണ് ലത്തീനമേരിക്കന്‍ചരിത്രത്തിന്റെ അടിത്തറ.

ചുരുക്കത്തില്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ വിശ്വാസവും രൂപകങ്ങളും വസ്തുതകളായി പരിണമിക്കുന്നൊരിടമാണ്, സാധാരണവസ്തുതകള്‍ അനിശ്ചിതമായിത്തീരുന്നൊരിടവുമാണത്. അങ്ങിനെയാണ് ഇതിലെ ആഖ്യാനം മാജിക്കല്‍ റിയലിസമായിത്തീരുന്നത്. ഇത് നോവലിസ്റ്ററിയാതെയുണ്ടായ ഒരുരൂപമൊന്നുമല്ല. നോവലിസ്റ്റ് കാലാതിവര്‍ത്തിയായ ഒരു റിപ്പോര്‍ട്ടറായി മാറുകയും ചിലപ്പോള്‍ കഥാപാത്രങ്ങളില്‍ പരകായപ്രവേശം നടത്തുകയും ചെയ്തു. അന്നും ഇന്നും എന്നും തന്റെ വിവരണത്തില്‍ ഭാഗമായി. അന്നത്തെയെന്നും ഇന്നത്തെയെന്നും വേര്‍തിരിവില്ലാതെ സംഭവങ്ങളെ അദ്ദേഹം തന്റെ ആഖ്യാനത്തിന്റെഭാഗമാക്കിത്തീര്‍ത്തു. ഡിം , പാത്തുമ്മയുടെ ആട് പ്രസവിച്ചുവെന്ന് പറയുന്നലാഘവത്തോടെ കണ്ണില്‍നിന്ന് പുല്‍ച്ചാടി പുറത്തേക്കുചാടിയെന്നദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടിങ്ങിനിടയില്‍ നിരന്തരമായി ആവര്‍ത്തിക്കുന്ന സംഭവചക്രങ്ങളിലൂടെ ലത്തീനമേരിക്കയെ അദ്ദേഹം വരച്ചുകാട്ടി.

(മൂന്ന്)

ചരിത്രത്തിന്റെ ആവര്‍ത്തനമെന്ന ഈ ബന്ധനത്തില്‍നിന്ന് ഏകാധിപത്യത്തിന്റെ ജുഗുപ്‌സയും ക്രൗര്യവും ആഖ്യാനംചെയ്യപ്പെടുന്നൊരു മഹാരചനയിലേക്കാണ് മാര്‍ക്വേയ്‌സ് വീണ്ടും തന്റെ തൂലികയേന്തിയത്. ഏകാധിപതികളുടെ പരമ്പകളെ അദ്ദേഹത്തിനറിയാം. നിഗൂഢതകള്‍നിറഞ്ഞതും അതിയഥാതഥവും രൂക്ഷഹാസ്യമുള്ളതും വക്രീകരണസമൃദ്ധവുമാണ് ഈ നോവലിന്റെരചനാരീതി. ഏതോ ഒരു കരീബിയന്‍ രാജ്യത്തെ അജ്ഞാതനാമാവായ സൈന്യാധിപതി 107 മുതല്‍ 232 വരെ ഏതു പ്രായംവരേയും ജീവിച്ചു. അയാള്‍ക്ക് 5000 മക്കളുണ്ടായി.

അധികാരം ഭ്രാന്തായി മാറുന്നതിന്റെ കഥയാണ് ഓട്ടം ഓഫ് ദ പാട്ര്യാര്‍ക്ക്. ഈ ഏകാധിപതിയുടെ അധികാരം അത്രമേല്‍ ആത്യന്തികമാണ്: അയാള്‍വിചാരിക്കുന്നതിനനുസരിച്ച് പ്രഭാതങ്ങള്‍ സമയം മാറ്റുകയും മഞ്ഞുവീഴുന്നതിനുമുമ്പ് തന്നെ പനിനീര്‍പ്പൂക്കള്‍ വിടരുകയും ചെയ്യുമായിരുന്നു. പെറ്റുവീഴുന്ന പശുക്കിടാങ്ങളിലെല്ലാം പ്രസിഡണ്ടിന്റെ അധികാരമുദ്രയുണ്ടായിരുന്നു. ഏഴുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ ഉപയോഗിച്ച് അയാള്‍ ലോട്ടറികള്‍ സ്വന്തമാക്കുകയും രഹസ്യം പുറത്തു പറയാതിരിക്കുന്നതിന്നായി ആ കുഞ്ഞുങ്ങളെ അയാള്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. മാര്‍പാപ്പയും സര്‍വരാജ്യസമിതിയും ഇതിനെ പറ്റിവേവലാതിപ്പെട്ടപ്പോള്‍ അയാള്‍ഏതാണ്ട് 2000 വരുന്ന ഈകുഞ്ഞുങ്ങളെ പെട്ടികളിലടച്ച് കടലില്‍മുക്കി കൊല്ലുകയും ഈ കുട്ടികള്‍ ഒരിക്കലും ജീവിച്ചിരുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇയാളുടെ ഒരുരൂപം ഒ. വി. വിജയന്‍ തന്റെ ധര്‍മ്മപപുരാണത്തിലെ പ്രജാപതിയിലൂടെമലയാളികള്‍ക്കുമുമ്പില്‍ വരച്ചിരുന്നുവല്ലോ. അടിയന്തരാവസ്ഥയിലൂടെ ജനാധിപത്യത്തെ ഏകാധിപത്യവുമായി സമീകരിക്കാനുള്ള യത്‌നവും നാം കണ്ടറിഞ്ഞതാണല്ലോ. അല്ലെങ്കില്‍ ഭരണകൂടംതന്നെ സാമാന്യമായി അധികാരപ്രമത്തതയുടെ യുക്തിയിലാണല്ലോ നിലക്കൊള്ളുന്നത്. ഭരണകൂടത്തിന്റെ മൂന്ന് ശാഖകളും ഈ യുക്തിയെ പലപ്പോഴും ആശ്രയിക്കുന്നുണ്ട് എന്ന് നമുക്കറിയാം. നരേന്ദ്രമോദിയുടെ ഗുജറാത്തും, ജസ്റ്റീസ് ബസന്തിന്റെ സൂര്യനെല്ലി വിധിയും മറ്റെന്താണ് കാണിക്കുന്നത്?

ലത്തീനമേരിക്ക ഏകാധിപതികളുടെവിഹാരഭൂമിയായിരുന്നു. കൊളമ്പിയയിലും വെനിസ്വലയിലും അര്‍ജന്റീനയിലുമെല്ലാം ഒന്നിനുപിറകെ മറ്റൊന്നായി അമിതാധികാരപ്രവണരായ ഭരണാധികാരികള്‍ ജനങ്ങള്‍ക്കുമുന്നില്‍ കുതിരകയറി. ഇവരുടെ ചരിത്രവുമായി നല്ല ബന്ധമുണ്ടായിരുന്നു മാര്‍ക്വേയ്‌സിന്.

ഏകാധിപതികള്‍ക്ക് മാനവികതയില്ലെന്നാണ് മാര്‍ക്വേയ്‌സ് പറയുന്നത്. അവര്‍ക്ക് സ്‌നേഹിക്കാന്‍പോലുമാവില്ല. ഈ നോവലിലൂടെ എന്താണ് അദ്ദേഹം തെളിയിക്കുന്നത്? കേവലമായ ഏതെങ്കിലുമൊരുഗുണപാഠമല്ല അത്. ലത്തീനമേരിക്കയിലെ നിത്യസാന്നിധ്യമായ, നശിപ്പിക്കാനാവാത്ത, കൊന്നു കുഴിച്ചുമൂടാനാവാത്ത പൈശാചികശക്തിയെയാണ് അദ്ദേഹം വരച്ചുകാണിക്കുന്നത്. വര്‍ത്തമാനം ഒരാവര്‍ത്തനമാണ്, ഭൂതകാലത്തിന്റെ ആവര്‍ത്തനമാണെന്ന നിതാന്തമായൊരു സത്യത്തിന്റെ പ്രവചനമാണ് മാര്‍ക്വേയ്‌സ് ഈ നോവലിലൂടെനടത്തുന്നത്.

അത് നോവലിസ്റ്റിന്റെ സത്യമാണ്, സാമൂഹികശാസ്ത്രകാരന്റെ സത്യമാവണമെന്നില്ല. ഏകാധിപത്കളുടെ ശാശ്വതമായ സ്വാര്‍ത്ഥമാണിതിലെ പ്രതിപാദ്യം. പക്ഷേ ഈ നോവല്‍ പ്രസരിപ്പിക്കുന്ന പുതിയൊരൂര്‍ജ്ജമുണ്ട്, ഏതകാധിപതികള്‍ മരിക്കുന്നു, മനുഷ്യര്‍മരിക്കുവോളം സ്വാതന്ത്ര്യം നശിക്കുകയില്ലെന്ന അറിവില്‍നിന്ന് മനുഷ്യരാശിക്കുകിട്ടുന്നൊരൂര്‍ജ്ജം. അത്രമേല്‍ ശുഭാപ്തിവിശ്വാസം ഈ നോവല്‍ പ്രദാനം ചെയ്യുന്നുണ്ട്.

ഈ നോവല്‍ വലിയൊരാഹ്വാനംകൂടിയാണ്, കര്‍മ്മോന്മുഖരായിരിക്കാനുള്ള ആഹ്വാനം. എന്താണ് വികാരവത്തായ ഈ ആഹ്വാനം? മറ്റൊന്നുമല്ല, ചരിത്രത്തിലെ ഈ തിന്മ, ഏകാധിപത്യമെന്നതിന്മ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍മ്മംചെയ്യുകയെന്നതാണത്. ദക്ഷിണ അമേരിക്കന്‍ ഭൂമികയില്‍മാത്രമല്ല, വിശ്വമാകമാനം പ്രസക്തവും സംഗതവുമാണ് ഈ ആഹ്വാനം.

ചരിത്രവും രാഷ്ട്രീയവുമാണ് മാര്‍ക്വേയ്‌സിന്റെ ഇഷ്ടവിഷയങ്ങള്‍. കോളറക്കാലത്തെ പ്രേമം, ദു:ഖാകുലരായവേശ്യകളെകുറിച്ചുള്ള സ്മരണകള്‍ തുടങ്ങിയ ഇതരകൃതികളിലും മാര്‍ക്വേയ്‌സ് മനുഷ്യന്റെ ദു:ഖവും പ്രേമവും ആശങ്കകളുമാണ് ആവിഷ്‌കരിക്കുന്നത്. സാധാരണമനുഷ്യരുടെ അസാധാരണത്വങ്ങള്‍ നല്ല നിറക്കൂട്ടിലവതരിപ്പിക്കുന്നു, മാര്‍ക്വേയ്‌സ്. എഴുത്തുകാരന്‍ ചരിത്രത്തിന്റെ മനസ്സാക്ഷിയായിത്തീരുന്നതാണ് മാര്‍ക്വേയ്‌സില്‍ നാം കാണുന്നത്. ജോസ് ആര്‍ക്കേഡിയോ ബ്യൂണ്ടി ജിപ്‌സി നായകനെ വിശ്വസിക്കുകയും മാകൊണ്ടയുടെ പുറത്തെ ജീവിതത്തെയും പുരോഗതിയെയും പറ്റി ജിജ്ഞാസുവുമാകുന്നുണ്ട്. വിശാലമായ മനുഷ്യരാസിയുടെ ഭാഗമായിരിക്കാനുള്ള അദമ്യമായൊരു ത്വര ഈ ഇതിഹാസനായകന്നുണ്ട്. എല്ലായിടങ്ങളിലും ഏകാധിപതികളുടെ ജുഗുപ്‌സയും പെരുമാറ്റവും ്ന്തരമില്ലാത്തതാണ്. ഇവ ചരിത്രത്തിന്റെ കേവലമായ മൃതപാഠമല്ല. അവിടെയാണ് സര്‍ഗ്ഗാത്മകതയുടെ വലിയ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മാര്‍ക്വേയ് തന്റെ കഥകളെഴുതിയത്.

മാര്‍ക്വേയ്‌സിന്റെ രചനകള്‍ തീക്ഷ്ണമായ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാകുന്നു. ഇംഗ്ലണ്ടിന് ഒരു ബില്‍ ഓപ് റൈറ്റ്‌സ്, അമേരിക്കയ്ക്ക് ഒരു ഡിക്ലറേഷന്‍ ഓപ് ഇന്റിപെന്റന്‍സ്, ഫ്രാന്‍സിന് ഒരു ഡിക്ലറേഷന്‍ ഓപ് ദ റൈറ്റ് സ് ഓഫ് മാന്‍ ഉണ്ട്. ലത്തീനമേരിക്കയ്ക്ക് നൂറ്റാണ്ടു കാലത്തെ ഏകാന്തതയെ പറ്റിയുള്ളൊരു ഇതിഹാസവുമുണ്ട്. തന്റെ നൊബേല്‍ അവാഡ് സ്വീകാരപ്രസംഗത്തിനു അദ്ദേഹം ലത്താനമേരിക്കയുടെ ഏകാന്തത എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
‘Latin America neither wants, nor has any reason, to be a pawn without a will of its own; nor is it merely wishful thinking that its quest for independence and originality should become a Western aspiration’.
മാര്‍ക്വേയ് ഈ പ്രസംഗത്തില്‍ തന്റെ ജനതയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. ഫ്രാന്‍സിസ്‌കോ ദ മിറാന്റയുടെയും ജോസ് സാന്‍ മാര്‍ട്ടിയുടേയും ശബ്ദം മാര്‍ക്വേയ്‌സിലൂടെ പ്രതിധ്വനിക്കുകയാണ്. അനേകംയജമാനന്മാര്‍ക്കിടയില്‍, വിശിഷ്യ രണ്ടു യജമാനന്മാര്‍ക്കിടയില്‍ ഏകാന്തതയനുഭവിക്കുന്ന ഭൂപ്രദേശമാണ് തങ്ങളുടേതെന്ന് മാര്‍ക്വേയ്‌സ് പറയുന്നു. പക്ഷേ , ഏത് മര്‍ദ്ദനത്തിനും, കൊള്ളയ്ക്കും, അവഗണനയ്ക്കും ലത്തീനമേരിക്കന്‍ജനത ജീവിതം കൊണ്ട് മറുപടി പറയുന്നുവെന്ന് അദ്ദേഹം സ്വീഡിഷ് അക്കാദമിയുടെ ഉരിതലങ്ങളിരുന്നരുളുന്ന സാമ്രാജ്യദാസന്മാരെനോക്കി വിളംബരംചെയ്യുന്നു. പ്രളയങ്ങള്‍ക്കും പ്ലേഗുകള്‍ക്കും, ക്ഷാമത്തിനും മഹാമാരികള്‍ക്കും, നൂറ്റാണ്ടുകള്‍ക്കുമേലെ നൂറ്റാണ്ടുകള്‍ നീണ്ട മഹായുദ്ധങ്ങള്‍ക്കും മരണത്തിനുമേല്‍ ജീവിതത്തിനുള്ള നിസ്തര്‍ക്കമായ ഈ മഹത്ത്വം ഇല്ലായ്മചെയ്യാന്‍ കഴിഞ്ഞിട്ടിള്ളെന്ന് ഗാബോ ഹൃദയം കൊണ്ട് പറയുന്നു. ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ എന്ന് അദ്ദേഹം സ്പാനിഷ് ഭാഷയില്‍ ചോദിക്കുന്നു.

A new and sweeping utopia of life, where no one will be able to decide for others how they die, where love will prove true and happiness be possible, and where the races condemned to one hundred years of solitude will have, at last and forever, a second opportunity on earth.

അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിക്കുന്നു. നാം മരിക്കേണ്ടതെങ്ങിനെയെന്ന് നാം തന്നെ നിശ്ചയിക്കും. സ്‌നേഹം സത്യമാണെന്ന് നാം തെളിയിക്കും, ആനന്ദം സാധ്യമായ സംഗതിയാണ്, നൂറ്റാണ്ടുകാലം ഏകാന്തതയ്ക്കായിഴിദിക്കപ്പെട്ട മനുഷ്യവംശങ്ങള്‍ക്ക് ഈ ഭൂമിയില്‍ ഒരുസന്ദര്‍ഭം കൂടിലഭിക്കും. ഏകാന്തതയുടെ വാഴ്ത്തുപാട്ടുകാരന്‍ ഇതിന്നായാണ് സാഹിത്യരചനനടത്തിയത്.
എപ്പോഴും സാധാരണമനുഷ്യന്റെകൂടെയാണ് അദ്ദേഹം. അതുകൊണ്ടാണ് ലത്തീനമേരിക്കയിലെ മാനവികതയുടെ ഉയര്‍ന്നരൂപമായ ഫിദെല്‍ കാസ്‌ട്രോ അദ്ദേഹത്തിന്റെ നിത്യസൗഹൃദത്തിന് പാത്രമായത്.

മാര്‍ക്വേയ് നിര്യാതനായിരിക്കുന്നു. 2014 ഏി്രേല്‍ 17ന് അദ്ദേഹം നിര്യാതനായത് ചരിത്രസംഭവം തന്നെയാകുന്നു. ജനനം ചരിത്രമല്ലായിരുന്നു, മരണം ചരിത്രമാവുന്ന തരത്തില്‍ വിശ്വമനസ്സാക്ഷിയില്‍ ചോദ്യങ്ങളുടെ അഗ്നിനാളമുയര്‍ത്താന്‍ കഴിഞ്ഞ മഹാപ്രതിഭയുടെ സ്മറണയ്ക്കുമുപ്രില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.

> സി.പി. അബൂബക്കര്‍

Share.

About Author

ചിന്ത ചീഫ്‌ എഡിറ്റര്‍, വടകര സ്വദേശിയാണ്.

134q, 0.579s