Leaderboard Ad

“ഹിന്ദു ഉണർന്നാൽ” അഥവാ ഹിന്ദു ഐക്യവേദിയുടെ വ്യാമോഹങ്ങൾ

0

ഹിന്ദു ഉണർന്നാൽ അഥവാ ഹിന്ദു ഐക്യവേദിയുടെ വ്യാമോഹങ്ങൾ    ന്ത്യയെ സൈനികവത്ക്കരിക്കുക, സൈനിക സൈനികവത്ക്കരിക്കപ്പെട്ട ഇന്ത്യയെ ഹൈന്ദവവത്ക്കരിക്കുക എന്നത് ഹിന്ദു മഹാസഭയുടെ പ്രധാന നേതാക്കളിൽ ഒരാളായ ഡോ. ബി എസ് മൂഞ്ചെയുടെ അടിസ്ഥാന ആശയങ്ങളിൽ ഒന്നായിരുന്നു. 1935 ല്‍ ഇന്ത്യയിലെ ഹിന്ദു ഫാസിസ്റ്റ് ശക്തികൾ ആവിഷ്ക്കരിച്ച ഈ ഒരു ഉദ്ദേശ ലക്ഷ്യം ലക്ഷ്യമാണ് സംഘ പരിവാർ സംഘടനകൾ വിവിധ കൈവഴികളിലൂടെ പതീറ്റാണ്ടുകൾ ആയി നേടാൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.

        ഹൈന്ദവ ഏകീകരണം എന്ന പേരിൽ കേരളത്തിൽ സംഘ പരിവാറിന്റെയും, വിശിഷ്യ ബി എസ് മൂഞ്ചെയുടെ അടിസ്ഥാ ആശയങ്ങൾ കേരളത്തിൽ വേരോടിക്കുന്നതിനു കടുത്ത ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിലാണ് ഹിന്ദു ഐക്യവേദിയുടെ നിലവിലെ സംസ്ഥാന അധ്യക്ഷ കെ.പി. ശശികല എന്ന് വേണം കരുതാൻ. ഈ ഒരു സംശയത്തിന് ഊന്നൽ നൽകുന്ന സ്പന്ദിക്കുന്ന രേഖകൾ ഇന്റർനെറ്റിൽ വിഡിയോ – ലേഖന രൂപത്തിൽ നിർലോഭം ലഭ്യമാണ്.

“ഹിന്ദുവിനെ ഉണർത്തുക്ക, അവരെ സംഘടിപ്പിക്കുക്ക ഒടുവിൽ സൈനികവൽക്കരിക്കുക്ക” എന്ന ആശയത്തിലൂന്നി തീവ്രഹിന്ദുത്വ വാദികളെയും മൃദുഹിന്ദുത്വ വാദികളെയും ഒരു പോലെ “ആവേശം” കൊള്ളിക്കുന്ന പ്രസംഗ ശൈലി ആണ് കെ. പി ശശികല സ്വീകരിച്ചു വരുന്നത്. ഇന്ത്യൻ മതേതരത്വം, ശബരിമല, മലബാർ കലാപം, ഹൈന്ദവ സമൂഹം നേരിടുന്ന പ്രതിസന്തികൾ തുടങ്ങിയ വിഷയങ്ങൾ ആണ് പൊതുവിൽ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ യുട്യൂബ് വീഡിയോകളിൽ നിറഞ്ഞു നിൽക്കുന്ന വിഷയങ്ങൾ.

ഇന്ത്യൻ മതേതരത്വം

ഇന്ത്യൻ മതേതരത്വത്തിന്റെ ഏറ്റവും വലിയ ഭീഷണി ഹൈന്ദവ ഫാസിസം ആണ്. ഇന്ത്യയിലെ മതനിരപേക്ഷവാദികൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത ഇടങ്ങൾ ഇതിനകം തന്നെ സംഘപരിവാർ സംഘടനകൾ അഭേദ്യമായ ശൃംഖല വഴി രൂപീകരിച്ചു കഴിഞ്ഞു എന്നതു വേദനാജനകമായ ഒരു വസ്തുത ആണ്. അനേകായിരം പേരിലാണ് സംഘപരിവാർ സംഘടനകൾ ഇന്ന് ഇന്ത്യയിലെ വിവിദ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത്. ഇന്ത്യൻ ജനത ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും കൃത്യം ആയി വീക്ഷിച്ചാൽ വിവിധ പേരുകളിൽ, വിവിധ വേഷങ്ങളിൽ പ്രത്യക്ഷത്തിലും പരോക്ഷമായും സംഘപരിവാറിന്റെ മിന്നലാട്ടം ദർശിക്കാൻ സാധിക്കും.

     ഇത്തരം ഒരവസ്ഥ മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എന്നതുപോലെ കേരളത്തിലും ശക്തിപ്പെടുത്താൻ വേണ്ടിയാണ് ഇന്ത്യൻ മതേതരത്വം എന്നാൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പരിപോഷിപ്പിക്കാനും സ്വാധീനിക്കാനുമുള്ള ഒരു പ്രതലം മാത്രമാണെന്ന് സ്ഥാപിക്കാനും തീവ്ര-മൃദു ഹൈന്ദവവാദികളെ വിശ്വസിപ്പിക്കാനും കെ. പി ശശികല തന്റെ പ്രസംഗത്തിൽ ഉടനീളം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഹിന്ദു ഉണർന്നാൽ

       കെ. പി ശശികലയും കൂട്ടരും കേരളത്തിൽ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഈ വര്‍ഗീയതയുടെ ഭാഷ പക്ഷെ സമൂഹത്തിൽ നേര്‍പ്പിചെടുക്കുന്നത് വളരെ സ്വാഭാവികമായ രീതിയിലാണ്. ഇത്തരത്തിൽ ഉരുത്തിരിയുന്ന ഒരു വർഗീയ സാമൂഹിക പ്രതലം ഗുണകരം ആണോ എന്ന് ബോധമനസോടെ ഒരു വ്യക്തിക്ക് ചിന്തിക്കാൻ അവസരം ലഭിക്കും മുന്നേ തന്നെ അത് ആത്മബോധത്തിലെയ്ക്ക് അരിച്ചിറങ്ങുകയാണ് ചെയ്യുന്നത്. ഹൈന്ദവ ഫാസിസ്റ്റുകൾ തന്ത്രപരമായി കീഴടക്കിയ ഈ സാമൂഹിക പ്രതലങ്ങളിലേക്ക് ഏതു വിധം ആണ് കടന്നു ചെല്ലേണ്ടതെന്നു പുരോഗമന വാദികളെ കുഴയ്ക്കുന്ന ചോദ്യമാണ്. അതിനാൽ തന്നെ ഇത്തരക്കാരെ നേരിടാൻ പുതിയ രാഷ്ട്രീയ പ്രതിരോധ രീതി രൂപപ്പെടുത്തിയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മലബാർ കലാപവും ഇന്ത്യൻ സ്വാതന്ത്ര്യവും

    ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ മലബാർ കലാപത്തെ ശത്രു പക്ഷത്തിനൊപ്പം ചേർന്ന് ഒറ്റി കൊടുക്കുന്ന നിലപാട് ആണ് എന്നും സംഘപരിവാർ സംഘടനകൾ കൈകൊണ്ടിട്ടുള്ളത്. മലബാറിലെ ഈ കാർഷിക സമരത്തെ ആ രീതിയിൽ കൂട്ടിവായിക്കാൻ തുടക്കം മുതൽ തന്നെ സംഘപരിവാറിന്റെ നേതൃത്വത്തിൽ സംഘടിത ശ്രമം നടന്നിരുന്നു. എന്നാൽ, വസ്തുതാപരം ആയി ചിന്തിക്കുമ്പോൾ ആലി മുസ്ലിയാരുടേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടേയും സാരഥ്യത്തിൽ നടന്ന ആ സമരം ആണ് പിന്നീടു മലബാറിന്റെ സ്വത്വ രൂപീകരണത്തിനു തന്നെ നിർണായകമായ പങ്കു വഹിച്ച മുഖ്യ സംഭവങ്ങളിൽ ഒന്ന്.

ഹിന്ദു ഉണർന്നാൽ

       ഇന്ത്യൻ സ്വാതന്ത്യ സമരത്തിന്റെ കൈവഴികളിൽ വരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാർഷിക സമരം ആയിരുന്നു ചരിത്രകാരന്മാർ “മലബാർ കലാപം” എന്ന പേരിൽ രേഖപ്പെടുത്തിയ സമരം. അധിനിവേശ ബ്രിട്ടീഷ് സർക്കാർ ചുമത്തിയ ഭൂനികുതി പരിഷ്ക്കാരം ആണ് ഈ സമരത്തിന്റെ മൂല ഹേതു. ഇതിൽ വളരെ പ്രധാനം അർഹിക്കുന്ന ഒരു സംഭവം ഈ സമരം നയിച്ചത് കർഷക തൊഴിലാളികൾ ആണെന്നതാണ്. 1921 ആഗസ്‌ത്‌ മാസത്തിൽ ആരംഭിച്ച സമരം ബ്രിട്ടീഷ് സർക്കാരിനെതിരെയും, ഭൂമി കൈയ്യടക്കി വച്ചിരുന്ന ജന്മികൾക്കും എതിരെ ഉള്ള സമരം ആയി രൂപപ്പെട്ടു. സമരത്തിനു നേതൃത്വം നൽകിയവരെ ബ്രിട്ടീഷുകാർ തൂക്കി കൊന്നു. നിരവധി പേരെ വിവിധ ജയിലുകളിൽ പാർപ്പിച്ചു. കുപ്രസിദ്ധം ആയ “വാഗണ്‍ ട്രാജഡി ” നടന്നതും ഈ കാലയളവിൽ തന്നെ.

   ജന്മിത്വത്തിനു ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഈ സമരം. കൃഷി ഭൂമി കർഷകനു എന്ന ബോധം കർഷക തൊഴിലാളികളിൽ ഉറപ്പിക്കാൻ ഈ സമരത്തിനു സാധ്യമായി.1928 ല്‍ അവതരിപ്പിച്ച കുടിയായ്മ നിയമം ഈ സമരത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. ഹൈന്ദവ ജാതി വ്യവസ്ഥയുടെ മൂലക്കല്ല് ഇളക്കിയ സമരമായും ഇതിനെ വ്യാഖ്യാനിക്കുന്നു . പിന്നീട് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗം ആയ “പന്തിഭോജന”ത്തിനെതിരെ ഉള്ള ചിന്തയും ഉരുത്തിരിയുന്നത് ഈ സമരത്തിലൂടെയാണെന്നതും വിസ്മരിച്ചു കൂടാ. 1857 ൽ നടന്ന ഒന്നാം സ്വാതന്ത്യ സമരത്തിനു ശേഷം ബ്രിട്ടീഷ് ഭരണാധികാരികൾ നേരിട്ട ഏറ്റവും വലിയ സായുധ സമരം കൂടിയായിരുന്നു മലബാർ കലാപം. പിന്നീട് മലബാര്‍ കലാപത്തിന്റെ ആഹ്വാനവും താക്കീതും ഉൾക്കൊള്ളിച്ച പല ഹ്രസ്വരേഖകളും ബ്രിട്ടീഷുക്കാർ പിടിച്ചെടുക്കുകയും നിരോധിക്കുക്കയും ചെയ്തു. ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർ മാത്രം ഈ സമരത്തിൽ പങ്കെടുത്തു എന്നത് കൊണ്ട് മാത്രം കലാപത്തിനു പിന്നിലെ പ്രചോദനപരമായ വസ്തുതകൾ മറച്ചു വയ്ക്കപ്പെട്ടു.

      മലബാറിൽ നിന്ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ഉയർന്നു വന്ന ഈ അധിനിവേശ വിരുദ്ധ കർഷക രാഷ്ട്രീയ സമരത്തിന്റെ ചരിത്ര വസ്തുതകൾ വളച്ചൊടിക്കാനും , അത് വച്ച് മുതലെടുക്കാനും ഹിന്ദു ഐക്യ വേദി നടത്തുന്ന ഈ കുത്സിത ശ്രമങ്ങൾ കണ്ടറിഞ്ഞു തടയേണ്ടത് പുരോഗമന പ്രസ്ഥാനങ്ങളുടെ കടമയായി മാറുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളും സംഘപരിവാരവും

     പ്രത്യേകിച്ച് ഒരു നേതാവോ സംഘടിച്ച സംവിധാനമോ ഇല്ലാത്ത അല്ലെങ്കിൽ ആവശ്യം ഇല്ലാത്ത ഒരു വ്യവസ്ഥ ആണ് “ഹിന്ദു മത”ത്തിന് ഉള്ളത്. മറ്റൊരു വ്യാഖ്യാനത്തിൽ ഹിന്ദു മതത്തിന്റെ പിതൃത്വം ചുമക്കാൻ ആരെയും എൽപ്പിചിട്ടില്ല വിശേഷിച്ചു സംഘപരിവാർ സംഘടനകളെ. ഇല്ലാത്ത ഈ ആവകാശങ്ങൾ നേടിയെടുക്കുന്നതിനും, ഹൈന്ദവ ക്ഷേത്രങ്ങൾ, ആചാരങ്ങൾ, ആഘോഷങ്ങൾ എല്ലാം കാവിവൽക്കരിക്കാനുംസംഘപരിവാർ സംഘടനകൾ വളഞ്ഞ വഴി സ്വീകരിക്കുന്നത് ഇത് ആദ്യമായല്ല.

ഹിന്ദു ഉണർന്നാൽ

രാജ്യഭരണ കാലം മുതൽ തന്നെ പൊതുസ്ഥലത്തും പൊതു മുതൽ ഉപയോഗിച്ചും ആണ് ഹൈന്ദവ ക്ഷേത്രങ്ങളിലെ ദൈന്യംദിന ക്രിയകൾ നടത്തി കൊണ്ട് പോയിരുന്നത്. കേരളത്തിൽ ഇന്ന് കാണുന്ന ദേവസ്വങ്ങൾ രാജ്യഭരണ കാലം മുതൽ തന്നെ നിലവിൽ ഉള്ളതാണ്. പിന്നീട് വരുമാനം തീരെ ഇല്ലാത്തതും ക്ഷേത്ര ഭാരവാഹികൾക്ക് ക്ഷേത്ര ചുമതല കൊണ്ട് നടക്കാൻ ബുദ്ധിമുട്ടുള്ളതും ആയ കുറയേറെ ക്ഷേത്രങ്ങൾ ദേവസ്വത്തിൽ കൂട്ടിചെർക്കുക്കയുണ്ടായി. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ദേവസ്വം ബോർഡിലെക്കാണ് പോകുന്നത് അല്ലാതെ സർക്കാർ ഗജനാവിലേയ്ക്ക് അല്ല. പല ദേവസ്വങ്ങൾക്ക് കീഴിലും വിവിധ സ്ഥാപനങ്ങൾ പ്രവര്ത്തിക്കുന്നുണ്ട് ഉദാഹരണത്തിനു വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ തുടങ്ങിയവ. ഈ സ്ഥാപനങ്ങളിൽ എല്ലാം ജോലി ചെയ്യുന്നത് മറ്റു മതസ്ഥർ അല്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുത ആണ്. അതുപോലെ തന്നെ പ്രധാനം ആണ് വരുമാനം തീരെ ഇല്ലാത്ത ക്ഷേത്രങ്ങളിലെ കാര്യങ്ങൾ. ആ അമ്പലങ്ങളുടെ മുഴുവൻ ദൈനിക ചിലവും വഹിക്കുന്നത് ദേവസ്വം ബോർഡ്‌ ആണ്. വരുമാനം ഉള്ള ക്ഷേത്രങ്ങൾ കുറവും വരുമാനം ഇല്ലാത്ത ക്ഷേത്രങ്ങൾ കൂടുതലും ആണ് ഉള്ളത്. പിന്നീട് ദേവസ്വങ്ങൾക്ക് ഉണ്ടാവുന്ന നഷ്‌ടം പ്രതിവർഷം സർക്കാർ പൊതു ജനങ്ങളിൽ നിന്ന് നികുതിയിനത്തിൽ ലഭിക്കുന്ന പണത്തിൽ നിന്നാണ് സഹായ ദാനം അനുവദിക്കുന്നത്.

ചുരുക്കത്തിൽ ഇതാണ് വസ്തുത എന്നിരിക്കെ, വസ്തുതകളെ വളചൊടിക്കുന്നതും സമൂഹത്തെ തന്നെ രണ്ടായി വിഭജിക്കാൻ തരത്തിൽ ഉള്ള തികച്ചും അർത്ഥശൂന്യവും അസംബന്ധവും ആയ പ്രചാരണങ്ങൾ ആണ് ഹിന്ദു ഐക്യാവേദി പ്രവർത്തർകർ ഓണ്‍ലൈൻ ഇടങ്ങളിൽ പ്രച്ചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് യൂ ട്യൂബിൽ പ്രചരിക്കുന്ന വീഡിയോകൾ വീക്ഷിച്ചാൽ മനസിലാകും. ഇത്തരക്കാരെ കണ്ടറിഞ്ഞു ഫലവത്തായി തടയേണ്ടത് ജനാതിപത്യ വിശ്വാസികളുടെ കടമയായി മാറുന്നു.

ഓംകാരം വാൾത്തലയും

     ഇന്ത്യാ സ്വാതന്ത്ര്യത്തിനു മുന്പും ശേഷവും ഇന്ത്യയിൽ ഒട്ടനവധി വർഗീയ കലാപങ്ങൾ നടന്നിട്ടുണ്ട്. എല്ലാ കലാപങ്ങളിലും ഒരു ഭാഗത്ത് സംഘപരിവാർ കക്ഷികൾ ആണെന്നത് ഗൗരവപരം ആയി വിശകലനം ചെയ്യേണ്ട വസ്തുതയാണ്. ഇത്തരം കലാപങ്ങൾ അന്വേഷിച്ച നിരവധി കമ്മീഷണുകൾ ഈ വസ്തുതകൾ താങ്കളുടെ വൃത്താന്തരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമായും ആറിൽ അധികം വൃത്താന്തരേഖയിൽ ആർ എസ് എസ്സിന്റെ പേര് പരാമർശിച്ചതായി പറയുന്നു. ഈ നിലയിൽ വളരെ പ്രധാനപ്പെട്ട റിപ്പോർട്ട്‌ ആണ് 1979 ൽ ബീഹാറിൽ നടന്ന വർഗീയ കലാപത്തെ കുറിച്ചുള്ള ജസ്റ്റീസ് ജിതേന്ദ്ര നാരായൺ കമ്മീഷന്റെ പ്രസ്താവന. അത് പോലെ തന്നെ പ്രധാനമാണ് 1971 ലെ തലശ്ശേരി കലാപത്തെ കുറിച്ചുള്ള കമ്മീഷൻ റിപ്പോർട്ട്‌ . ആ കലാപത്തെ കുറിച്ച് ജസിറ്റീസ് വിതയത്തിൽ കമ്മീഷൻ ഈ വിധം രേഖപ്പെടുത്തി:

ഹിന്ദു ഉണർന്നാൽ

   “തലശ്ശേരിയിലെ ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധവികാരം വളർത്തിയതിലും അസ്വസ്ഥയുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലും ആർ.എസ്.എസ്. സജീവ പങ്കാളിത്തമാണ്‌ വഹിച്ചത് എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. സമാനമായ കാര്യം തന്നെയാണ് ജനസംഘത്തിന്റെ കാര്യത്തിലുമുള്ളത്. ജനസംഘിനും ആർ.എസ്.എസിനും തമ്മിൽ ഔദ്യോഗികമായി ബന്ധമില്ലായിരിക്കാമെങ്കിലും ജനസംഘിന്റെ സൈനിക വിഭാഗമായിട്ടാണ്‌ ആർ.എസ്.എസിനെ കണക്കാക്കിവരുന്നത്. ജനസംഘമാവട്ടെ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗവും” (ഉറവിടം).

    ഓംകാരവും, കുറുവടിയും, വാൾത്തലയും സമൂഹത്തിന്റെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് പതീറ്റാണ്ടുകൾ ആയി. ഭീതിയുടെയും, സ്വജനപക്ഷപാതത്തിന്റെയും സർവ്വ സീമകളും അതിലംഘിച്ചു സംഘ പരിവാരങ്ങൾ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് പാഞ്ഞടുക്കുക്കയാണ്. അസത്യങ്ങളും, വികല യാഥാര്‍ത്ഥ്യങ്ങളും നിരത്തി കെ പി ശശികല നടത്തുന്ന പ്രഭാഷണങ്ങൾ ഇതിൽ നിന്ന് വേറിട്ട്‌ കാണാവുന്ന വസ്തുതയല്ല. അത് കണ്ടറിഞ്ഞു ഫലപ്രദം ആയി തടയിടെണ്ടത് പുരോഗമന പ്രസ്ഥാങ്ങളുടെ ഭാരിച്ച കടമയായി മാറുന്നു. വളരെ ചുരുങ്ങിയ വാക്കുകകളിൽ അവസാനിപ്പിക്കേണ്ട ലേഖനം അല്ല ഈ വിഷയത്തിൽ ഉള്ളത് എന്ന് അറിയാം. ബാക്കി ഭാഗം വിശദീകരിക്കാനും അവ ചർച്ച ചെയ്യാനും വായനക്കാരെ സാദരം ക്ഷണിക്കുന്നു.

ഫോട്ടോ കടപ്പാട് ( photo courtesy  ): freerangestock.com. ,  stockvault.net , Wikipedia.org

Share.

About Author

137q, 0.691s