Leaderboard Ad

പിന്നിട്ട പാട്ടിന്റെ വഴികൾ

0

മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ സിതാര കൃഷ്ണകുമാറുമായി ശ്രീമതി സന്ധ്യാ വാസു നടത്തിയ അഭിമുഖം

പിന്നിട്ട പാട്ടിന്‍റെ വഴികൾ

നാലു  വയസ്സ്  മുതൽ ഞാൻ കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങി,  രാമനാട്ടുകര സതീശൻ മാഷിന്‍റെ കീഴിലും പിന്നീട്  സി.കെ രാമചന്ദ്രൻ മാഷുടെ കീഴിലുമായിരുന്നു പഠനം. മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തിയിലാണ് എന്‍റെ വീട്  അവിടുത്തെ സംഗീത സംസ്കാരത്തിന് കൂടുതൽ ആഭിമുഖ്യം ഹിന്ദുസ്ഥാനി സംഗീതത്തോടായത് കൊണ്ടും അച്ഛന്റെ സുഹൃത്തുക്കളുടെ സ്വാധീനം കൊണ്ടും പ്ലസ്‌– -ടു  പഠന കാലയളവിനു ശേഷം ഞാൻ ഹിന്ദുസ്ഥാനി പഠിക്കാൻ തീരുമാനിച്ചു. പാടുന്ന പാട്ടുകളെ കുറിച്ച് കൂടുതൽ അറിയണമെന്നുള്ള ആഗ്രഹം പലപ്പോഴും ഗുരുക്കന്മാരുടെ തിരക്ക് കാരണം സാധ്യമാകാറില്ലായിരുന്നു. എന്നാൽ ഹിന്ദുസ്ഥാനിയിലേക്ക് മാറിയപ്പോൾ ബാലപാഠങ്ങള്‍ മുതൽ കൃത്യമായി മനസിലാക്കിയപ്പോൾ പരിശീലനം നടത്താൻ കൂടുതൽ താല്‍പര്യം തോന്നി .

sithara

അവാര്‍ഡിനെ എങ്ങനെ നോക്കി കാണുന്നു?

മുന്‍പ് അറുപതോളം പാട്ടുകൾ പാടിയതിനു ശേഷമാണ് സെല്ലുലോയിഡിലെ “എനുണ്ടോടീ ” എന്ന പാട്ടു പാടിയത്. എന്നാൽ വളരെ പ്രാധാന്യമുള്ള ഒരു സിനിമയുടെ ഭാഗമായതിനാൽ ആ പാട്ട്‌  വളരെ പെട്ടെന്ന് സ്വീകരിക്കപ്പെട്ടു. ആ ഒരു സന്തോഷത്തിനിടക്കാണ് ഇത്തരമൊരു അംഗീകാരം എനിക്ക് ലഭിക്കുന്നത്.  സംഗീതപരമായി നോക്കിയാൽ എനിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല അവാർഡു ലഭിച്ചതിനു ശേഷം പരിശീലനം കൊണ്ട് മാത്രമാണല്ലോ അങ്ങിനെ ഒരു മാറ്റമുണ്ടാവുക എന്നാൽ എന്‍റെ പാട്ടുകള്‍ക്ക് പഴയതിനേക്കാൾ ശ്രദ്ധ ഇപ്പോൾ കിട്ടുന്നുണ്ട്  പക്ഷെ സത്യത്തിൽ കൂടുതൽ ഉത്തരവാദിത്വമാണ് അതെന്നിൽ ഉണ്ടാക്കിയിരിക്കുന്നത്. അവാര്‍ഡ്‌ ഉയരുവാനുള്ള ഒരെളുപ്പ മാര്‍ഗ്ഗമായി കരുതരുത് , അങ്ങനെ ചെയ്താൽ ജീവിതം സംഗീതത്തിനായി ഉഴിഞ്ഞു വച്ചിട്ടുള്ള പലരോടുമുള്ള അവഹേളനമാകുമത്.

കലോത്സവവേദികളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു സിതാര, ഇതു കരിയറിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് ?

തീര്‍ച്ചയായും കലോത്സവ വേദികൾ എന്‍റെ കരിയറിനെ പിന്തുണച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത്  യൂത്ത്  ഫെസ്റ്റിവലുകളാണ്  ഞാൻ പരിശീലിച്ചിരുന്നവ അവതരിപ്പിക്കാനുള്ള വേദിയൊരുക്കി തന്നിരുന്നത്. സംഗീതവും നൃത്തവും ഒരേ പ്രധാന്യത്തിൽ ശാസ്ത്രീയമായി അഭ്യസിക്കുകയും രണ്ടിനങ്ങളിലും  സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി കലാതിലകമായിരുന്നു. ചാനലുകളിലും മത്സരിച്ചിട്ടുണ്ട്, എന്നാൽ അവയൊക്കെയും കൂടെയുള്ളവരോട്‌ മത്സരിക്കാനുള്ള വേദികൾ എന്നതിനേക്കാൾ ഉപരി എന്‍റെ കഴിവുകൾ പ്രദർശിപ്പിക്കാനും സ്വയം തിരുത്താനുമുള്ള ഇടങ്ങളായാണ് ഞാൻ കണ്ടിരുന്നത്.

sithara krishnakumar

സ്കൂള്‍ കലോത്സവങ്ങള്‍ / സര്‍വകലാശാല കലോത്സവങ്ങള്‍ ഇതില്‍ ഏതാണ് സിതാരയിലെ കലാകാരിക്ക് ആത്മസംതൃപ്തി നല്‍കിയത് ?

രണ്ടു കലോത്സവ വേദികളും എന്നെ ഒത്തിരി സ്വധീനിച്ചിട്ടുണ്ട്. പക്ഷെ പ്രായ വ്യത്യാസം കൊണ്ട്  കഴ്ച്ചപാടുകൾക്ക്  മാറ്റം വന്നിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ വലിയ ഗൗരവത്തോടെയാണ് കലോത്സവങ്ങളെ കണ്ടിരുന്നത്, പക്ഷെ ഇപ്പോൾ അതൊക്കെ തമാശയായി തോന്നാറുണ്ട് . എന്നാൽ കോളെജിലെക്കെത്തിയപ്പോൾ സംഘബോധവും സൗഹൃദവും വർദ്ധിച്ചു. രക്ഷിതാക്കൾക്ക് പകരം പലപ്പോഴും വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ പിന്തുണ ഞാന്‍ ഒറ്റക്കല്ല എന്ന ബോധമുണ്ടാക്കുകയും ഞാൻ ഒരു സോഷ്യൽ ആനിമൽ ആണെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്തു.

പൊതുവേ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൊതു സമൂഹത്തില്‍ നിന്നും ഒട്ടകന്നാണ് നിൽക്കുന്നത് , എന്നാല്‍ നവമാധ്യമങ്ങളുടെ വരവോടെ ഇതിനു ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഫേസ്ബുക്കിലും ട്വിട്ടെറിലും  സജീവമായ സിതാരയ്ക്ക് ഇതിനു എത്രമാത്രം സാധിക്കുന്നുണ്ട് ?

മാധ്യമങ്ങളും മാധ്യമ സംവിധാനങ്ങളും പുന:നിർവചനം ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നമ്മൾ കടന്നു പോകുന്നത് , അതിന്‍റെ ഭാഗമാണ് ഈ മാറ്റങ്ങളും. ഒരു തൊഴിലിടവും ഒരു പ്രത്യേക വിഭാഗം ആളുകളുടെ മാത്രമല്ല. എല്ലാ മേഖലയിലുള്ള തൊഴിലാളികൾക്കും ഒരു പൊതു സ്വഭാവവുമുണ്ട്. എല്ലാവര്‍ക്കും വിവിധ തൊഴില്‍ മേഖലകളെ കുറിച്ച്  ധാരണയുള്ള കാലം കൂടിയാണിത്. തങ്ങളുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവക്കാനും മറ്റുള്ളവരുടെ വിവരങ്ങൾ അറിയാനുമുള്ള ആഗ്രഹവുമുണ്ട്, സോഷ്യൽ നെറ്റ്‌വർക്കിങ്  മീഡിയകള്‍ ഇത് സാദ്ധ്യമാക്കുന്നു.
ജനങ്ങൾക്ക്‌  വേണ്ടി പെർഫോം ചെയ്യുന്നവര്‍ക്കു അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയാനുള്ള ഒരിടം കിട്ടുന്നുണ്ട്, എന്നാൽ പഴയ സൌഹൃദങ്ങളൊക്കെ പഴയ സംവിധാനങ്ങളിലൂടെ ഞാൻ നിലനിർത്തുന്നുമുണ്ട്.

 

റിയാലിറ്റി ഷോകളില്‍ കൂടി ഉയര്‍ന്നു വന്ന പ്രതിഭകളെ പിന്നണിയില്‍ അവസരം നല്‍കാതെ തഴയുന്നു എന്ന ആരോപണം ഉണ്ട് , അത് എത്രമാത്രം ശരിയാണ് ?

പൂര്‍ണ്ണമായും അങ്ങനെ കരുതാനാവില്ല, റിയാലിറ്റി ഷോയിൽ പങ്കെടുത്തു തന്നെയാണ് ഞാനും ഈ രംഗത്തെത്തിയത്, എന്നാൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തത് കൊണ്ട് മാത്രം സിനിമാ രംഗത്തേക്ക് കടന്നു വരനാകില്ല, അതിനു സംഗീതത്തോടുള്ള അർപ്പണ മനോഭാവവും ഇതര വേദികളിലെ ഇടപെടലും അത്യാവശ്യമാണ്.

കുടുംബം

എന്‍റെ വീട്ടിൽ അച്ഛൻ, അമ്മ, ഞാൻ. അച്ഛൻ ഡോ: കൃഷ്ണകുമാർ കാലിക്കറ്റ്‌ യുണിവേഴ്സിറ്റിയിലാണ് പഠിപ്പിച്ചിരുന്നത്, ഇപ്പോൾ ഷാർജയിൽ വിസ്ഡം ഇൻസ്റ്റിറ്റ്യൂട്ടിൽ അസോസ്സിയേറ്റ്  പ്രൊഫസ്സർ ആണ്, അമ്മ ഹൗസ് വൈഫ്‌ ആണ്. ഒരു പെണ്‍കുട്ടിയായല്ലാതെ ഒരു മനുഷ്യ ജീവി എന്ന നിലയിലാണവർ എന്നെ വളർത്തിയത്. ബിരുദാനന്തര ബിരുദ പഠനകാലത്തായിരുന്നു വിവാഹം. കഴിവുള്ള പല സുഹൃത്തുക്കളും ഈ രംഗം വിട്ടു പോയപ്പോഴും എനിക്ക്  തുടരാൻ കഴിഞ്ഞത് സജീഷ് എന്‍റെ ജീവിതത്തിലുള്ളതിനാലാണ്. ഒരു ഡോക്ടർ ആണെങ്കിലും മുഴുവൻ സമയവും തന്‍റെ പ്രൊഫെഷനിൽ ബന്ധിക്കപെട്ടു കിടക്കാൻ ആഗ്രഹിക്കുന്ന ആളല്ല സജീഷ്. പഠിച്ചിരുന്ന കാലത്ത് കാലിക്കറ്റ്‌ യുണിവേഴ്സിറ്റി യൂണിയന്‍ ചെയർമാൻ ആയിരുന്നു, സിണ്ടികെറ്റ്  മെംബറായിരുന്നു. ഈ ഒരു സാഹചര്യമാണ് ഞങ്ങളുടെ വിവാഹത്തിലേക്ക് പോലും നയിച്ചത്.

സ്ത്രീത്വം അവഹേളിക്കപ്പെടുന്ന കാലഘട്ടമാണെന്നു തോന്നിയിട്ടുണ്ടോ?

സംരക്ഷണങ്ങളുടെ വലയത്തിൽ നിന്ന് കൊണ്ടാണ് പലപ്പോഴും നമ്മൾ സ്ത്രീത്വം എന്ന് സമൂഹം വിവക്ഷിക്കുന്ന സൗന്ദര്യവും അഭിമാനവും ആസ്വദിക്കുന്നത്. എന്നാൽ അത്തരം സംരക്ഷണവലയമില്ലാത്ത ഒരുപാടാളുകൾ നമുക്ക് ചുറ്റുമുണ്ട്. പെണ്‍കുട്ടികൾ എന്ന് പോലും വിശേഷിപ്പിക്കാന്‍ പറ്റാത്ത കൊച്ചുകുഞ്ഞുങ്ങൾ  പോലും സ്ത്രീയായി ജനിച്ചത്‌ കൊണ്ട് അക്രമിക്കപെടുന്നു. സംരക്ഷണ വലയം എന്ന ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്തവരെ  ഭാഗ്യ പരീക്ഷണത്തിനു വിട്ടു കൊടുക്കാൻ നമുക്ക് കഴിയില്ല. ഇവിടെ ജനിച്ചു വീഴുന്ന ഓരോ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ഒരു പോലെ ഭംഗിയായി ജീവിക്കാൻ കഴിയണം. കാലാകാലങ്ങളായി നിലനിന്നിരുന്ന പുരുഷാധിപത്യ സ്വഭാവമുള്ള നമ്മുടെ സമൂഹം സ്ത്രീകൾകെതിരെ സ്ത്രീകളെ കൊണ്ട് തന്നെ പറയിക്കുന്നു പലപ്പോളും ഇങ്ങനെ പറയുന്നവർ സുരക്ഷിതമായ ഇടങ്ങളിലാണ്, സീരിയലുകളിൽ വരുന്ന സ്ത്രീ കഥാപാത്രങ്ങൾ  പലപ്പോളും വളരെ ക്രൂരരാവുന്നതും ഇതിനാലാണ്. ഇതാണ് ഇതിനു പിന്നിലുള്ള അപകടവും, പുരുഷധിപത്യ സമൂഹത്തിന്‍റെ വിജയവും.

Sithara

സിതാര എന്ന പുരോഗമന പ്രസ്ഥാനത്തിന്റെ  സഹയാത്രികയ്ക്ക്   സമൂഹത്തിനോട് എന്താണ് പറയാന്‍ ഉള്ളത്?

ഭൂതകാലത്തിനെ വല്ലാതെ പുകഴ്ത്തുകയും നമ്മൾ ജീവിച്ചിരിക്കുന്ന കാലഘട്ടം മോശമാണെന്നു പറയുകയും ചെയ്യുന്ന ഒരു പ്രവണതയുണ്ട്, പക്ഷെ എന്നെ പേടിപ്പെടുത്തുന്ന ചിലതു  പറയാതെ വയ്യ, ഇപ്പോഴുള്ള വിദ്യാർത്ഥികൾ സഹജീവികൾ എന്ത് ചെയ്യുന്നു എന്നറിയുന്നതിനുള്ള താല്‍പര്യമില്ലായ്മ പ്രകടിപ്പിക്കുന്നത് കാണാം. പൊളിറ്റിക്സ്  എന്നാ വാക്കിനെ എങ്ങിനെ നിർവചിച്ചിരിക്കുന്നു എന്നത് പരിശോധിക്കെണ്ടതാണ് അരാഷ്ട്രീയമായി മനുഷ്യനു ജീവിക്കാൻ കഴിയില്ല, അവനു നിലനില്‍പ്പുണ്ടാകില്ല, ഒരു മനുഷ്യൻ എന്ന നിലയില്‍ ചുറ്റുപാടും നിരീക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അങ്ങിനെയല്ലാത്തവര്‍ പിന്നീടിത്തരം കാര്യങ്ങൾ തിരിച്ചറിയുന്ന സന്ദർഭം വരും.

Share.

About Author

151q, 0.731s