Leaderboard Ad

അരാഷ്ട്രീയവൽക്കരണം : പുത്തൻ വെല്ലുവിളികൾ

0

ഇന്ന് നമ്മുടെ ക്യാമ്പസുകൾ അരാഷ്ട്രീയവൽക്കരണത്തിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നത്. ക്യാമ്പുസുകളിൽ വിദ്യാർത്ഥികളുടെ സംഘടിക്കാനുള്ള അവകാശം തച്ചുടക്കപ്പെടുന്നു. വെറും പള്ളികൂടങ്ങളായി ക്യാമ്പസുകളിലെ മാറ്റാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് അരാഷ്ട്രീയവൽക്കരണം. വിദ്യാർത്ഥികളുടെ മാത്രമല്ല ആധ്യാപകരുടെയും സംഘടിക്കാനുള്ള , പ്രതികരിക്കാനുള്ള അവകാശത്തേയാണ് ഇവിടെ കൂച്ചുവിലങ്ങിടുന്നത്. സ്വയംഭരണാവകാശം നേടുന്ന എല്ല കോളേജുകളിലും ആദ്യം നടപ്പിൽ വരുത്തുന്ന നയം അരാഷ്ട്രീയവൽക്കരണം ആണ്. എന്തിനാണ് കോളേജ് മാനേജ്‌മന്റ് അല്ലെങ്കിൽ മറ്റു ഭരണാധിവര്ഗങ്ങൾ സംഘടിക്കാനുള്ള അവകാശത്തെ ഭയക്കുന്നത്? എന്തുകൊണ്ടാണ് വിദ്യാർത്ഥികളുടെ രാഷ്ട്രീയ നിലപാടുകളെ എതിർക്കുന്നത്? വ്യക്തമായ ഒരു കാരണം തിരശ്ശീലക്കു പിന്നിൽ ഒളിച്ചിരിപ്പുണ്ട്.
ഇന്നത്തെ നമ്മുടെ ക്യാമ്പസുകൾ എന്നു പറയുന്നത് നമ്മുടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതകളാൽ സമ്പുഷ്ടമാണ്. കൂടാതെ സംഘടിച്ചു ആവശ്യങ്ങളും അവകശങ്ങളും നേടാനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ട്. എന്നാൽ ഇതിനെയാണ് മാനേജ്മെന്റുകൾ ഭയപ്പെടുന്നത്. “അച്ചടക്കമെന്ന” കപട മുഖാമൂടി അണിഞ്ഞു അവർ നടപ്പാക്കുന്ന ആരാഷ്ട്രീയവൽക്കരണം കാമ്പസുകളെ വൻ ദുരന്തത്തിലേക്കാണ് തള്ളിവിടുക. ക്യാമ്പ്‌സിന്റെ അക്രമ സ്വഭാവം ഒഴിവാക്കാമെന്നും അച്ചടക്കം നടപ്പാക്കുന്നത് വഴി അക്കാദമിക് നിലവാരം ഉയർത്താമെന്നും പറഞ്ഞുകൊണ്ട് ഭൂരിഭാഗം രക്ഷിതാക്കളുടെ കണ്ണിൽ പൊടിയിടുന്നു. ഈ കപട മുഖത്തെ വിശ്വസിച്ചുകൊണ്ടു ഭൂരിഭാഗം രക്ഷിതാക്കളും ഈ ചിലന്തി വലയിൽ വീണു പോകുകയാണ്. എന്നാൽ ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. അരാഷ്ട്രീയവൽക്കരണം നടപ്പാക്കുന്നത് വഴി, സർഗ്ഗാത്മകതയെ നഷ്ടപെടുത്തുമ്പോൾ ഇവിടെ യഥാർത്ഥത്തിൽ നടക്കുന്നത് വിദ്യാർത്ഥികളുടെ പ്രതികരണശേഷി ഇല്ലാതാക്കുകയാണ്. പ്രതികരണശേഷി ഇല്ലാത്ത വിദ്യാർഥികൾ ഉള്ളടത്തു മാത്രമേ മാനേജ്മെന്റിന്റെയും മറ്റ് ഭരണവർഗത്തിന്റെയും വ്യവസ്ഥാപിത താല്പര്യങ്ങൾ നടപ്പിലാക്കുവാൻ സാധിക്കുകയുള്ളു. അതിനു വേണ്ടിയാണിവർ അരാഷ്ട്രീയവാധത്തിന് വേണ്ടി മുറവിളി കൂട്ടുന്നത്. ക്യാമ്പുസുകളിൽ രാഷ്ട്രീയം അഥവാ സംഘടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിൽ തീർച്ചയായും വിദ്യാർഥികൾ തങ്ങൾക്കെതിരായ നിലപാടുകൾ മനസ്സിലാക്കുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യും. ഇത് ഇല്ലായ്മ ചെയ്യുവാനാണ് കപട അച്ചടക്ക വാദികളായി ഇവർ മുന്നോട്ട് വരുന്നത്.
വിദ്യാർത്ഥികളുടെ മാത്രമല്ല അധ്യാപകരുടെയും സംഘടന സ്വാതന്ത്ര്യത്തെ നശിപ്പിച്ചാൽ മാത്രമേ അവരുടെ ഉദ്ദേശ ലക്ഷ്യങ്ങൾ പൂർണമായും നടപ്പിലാകൂ. അരാഷ്ട്രീയവൽക്കരണത്തിന്റെ ആദ്യപടിയായി സർഗ്ഗാത്മകതയെ പറിച്ചെറിയുമ്പോൾ അതുവഴി വിദ്യാർത്ഥികൾ ചിന്തിക്കാൻ കഴിയാത്ത, ക്ലാസ്സ്റൂമുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നവരായി മാറും. പൊള്ളയായ അക്കാദമിക് നിലവാരത്തിൽ രക്ഷിതാക്കൾ മയങ്ങിവീഴുമ്പോൾ അവരറിയുന്നില്ല അറിവെന്നത് പാഠപുസ്തകത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല എന്നുള്ളത്. അതുതന്നെയാണ് കലാലയവും പള്ളിക്കുടവും തമ്മിലുള്ള അന്തരം. അങ്ങനെ വിദ്യാർത്ഥികളെ കൂപമൺഡൂകങ്ങളാക്കി മാറ്റി അധികാരി വർഗം അവരുടെ വ്യവസ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുന്നു. ഇവർ അവകാശപ്പെടുന്ന അക്കാദമിക് ഉയർച്ച താത്കാലികമാണെന്നും ജീവിതത്തിൽ ഈ വിദ്യാർത്ഥികൾ പരാജയപെട്ടു പോകുന്നു എന്നുള്ളതാണു തിരിച്ചറിയപ്പെടാതെ സത്യം.
ഇതിനെല്ലാം പുറമെ വ്യവസ്ഥാപിത താല്പര്യങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ മറന്നുപോകുന്ന ഒരു കാര്യം അല്ലെങ്കിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നമ്മുടെ ക്യാമ്പസുകളിൽ അരാഷ്ട്രീയവൽക്കരണം മൂലം കടന്നുവരുന്ന ഒരു മാരക വൈറസ് ആണ് “വർഗ്ഗിയത”. ഇന്ന് വിവിധ സംഘടനകളിലാണ് വിദ്യാർത്ഥികൾ നിലകൊള്ളുന്നതെങ്കിൽ വർഗ്ഗിയതയുടെ കടന്നുകയറ്റം ജാതിയുടെ പേരിൽ കടിപിടി കൂടുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെയാണ് സൃഷ്ടിക്കുക. ഞാൻ ഹിന്ദുവാണ് മുസ്ലിമാണ് ക്രിസ്ത്യനാണ് എന്ന് പറഞ്ഞുകൊണ്ട് നമ്മളുടെ വിദ്യാർത്ഥികൾ പരസ്പരം മത്സരിക്കുന്ന ഒരു കാലം അത് വിദൂരമല്ല. രാമനും വർഗീസും മൂസ്സയും ഒരുമിച്ചിരുന്നു പഠിക്കുന്ന, ഒരേ പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന കാഴ്ച്ചകൾ നമ്മുടെ കണ്ണുകളിൽ നിന്ന് മാഞ്ഞു പോകുവാൻ തുടങ്ങും. വ്യവസ്ഥാപിത താല്പര്യങ്ങൾക്കുവേണ്ടി അരാഷ്ട്രീയവൽക്കരണം നടത്തുമ്പോൾ, സർഗ്ഗാത്മകതയെ നഷ്ടപ്പെടുത്തുമ്പോൾ നമ്മൾ അറിയാതെ തന്നെ കടന്നുവരുന്ന ചില വിപത്തുകളാണ് ഇവയെല്ലാം. ഒരേ ബഞ്ചിലിരിന്നു പഠിക്കുന്ന വ്യത്യസ്ത മതസ്ഥരായ വിദ്യാർത്ഥികൾ ഇനി വെവ്വേറെ ബെഞ്ചുകളിലേക്കും അത് പിന്നീട് വ്യത്യസ്ത ക്ലാസ്സുകളിലേക്കും മാറും. ചില അറബി നടുകളിലെത്തുപോലെ സ്ത്രീയും പുരുഷനും ഒരുമിച്ചു ഒരു സ്കൂളിൽ പഠിക്കാത്തതുപോലെ മതത്തിനനുസരിച്ചു വ്യത്യസ്തമായ കാലാലയങ്ങളിലേക്ക് വഴിമാറും. ഇതിനെയെല്ലാം തടയാൻ ഒരു ഭരണാധിവർഗ്ഗത്തിനും അന്ന് സാധിക്കുകയില്ല. ഇതിനെല്ലാം ഇന്ന് തടസ്സമായി നിൽക്കുന്ന വിദ്യാർത്ഥികളുടെ സംഘടന ബോധത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തീർച്ചയായും തടയപ്പെടേണ്ടതാണ്.
ക്യാമ്പസുകളിലെ അരാഷ്ട്രീയവൽക്കരണത്തെ ഇതുവരെ തടഞ്ഞു നിർത്തിയിരുന്നത് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ ഇടപെടലുകളാണ്. എങ്കിലും ചുരുക്കം ചില ഇടങ്ങളിൽ സ്വയംഭരണാധികാരത്തിന്റെ മറപറ്റി ചില ക്യാമ്പസുകൾ അരാഷ്ട്രീയവൾക്കരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ദൂഷ്യവശങ്ങൾ താമസം കൂടാതെ തന്നെ നമ്മൾ കണ്ടതുമാണ്. ഇവരുടെ കപട മുഖത്തിൽ രക്ഷിതാക്കൾ വീണുപോകാതെ ഇരിക്കേണ്ടതാണ് ആദ്യം ശ്രദ്ധ കൊടുക്കേണ്ടത്. ഇല്ലേൽ നമ്മുടെ പുതു തലമുറ പ്രതികരണ ശേഷി ഇല്ലാത്ത ഒന്നായി മാറും. വർഗ്ഗീയതയുടെ പേരിൽ പരസ്പരം യുദ്ധം ചെയ്യാൻ ആരംഭിക്കും. പ്രതികരണശേഷി ഇല്ലാത്ത യൗവ്വനത്തിന് ഭാവിയിൽ നമ്മുടെ സമൂഹത്തിനു ഒന്നും ചെയ്യാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ അരാഷ്ട്രീയവൽക്കരണത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കികൊണ്ട് പ്രതികരണശേഷിയുള്ള, വർഗ്ഗീയതയെ ചെറുക്കുന്ന ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കാം.

Share.

About Author

136q, 0.537s