Leaderboard Ad

അരവിന്ദന്റെ മരണത്തെക്കുറിച്ച്

0

അരവിന്ദന്‍ മരിച്ചത് ഇന്ന് രാവിലെയാണ്…!!
അടുത്തടുത്ത നാട്ടുകാര്‍ എന്നതില്‍ കവിഞ്ഞ് ഞാനും അരവിന്ദനും തമ്മില്‍ ഗാഢമായ സൗഹൃദം നിലനിന്നിരുന്നു .തുണിമില്ലില്‍ നിന്നും പണികഴിഞ്ഞുവന്നാല്‍ കിട്ടുന്ന സമയങ്ങള്‍ ഞങ്ങള്‍ പങ്കിട്ടെടുത്തിരുന്നു .കുഞ്ചാവരത്ത് എത്തിപ്പെട്ട വഴികള്‍ ഞങ്ങളുടേത് സമാനമായിരുന്നു .
വിടര്‍ന്ന ആകാശത്തില്‍ വെളിച്ചം മങ്ങിവരികയാണ്.മേഘപടലങ്ങളില്‍ തട്ടി താഴ്ന്നിറങ്ങുന്ന സൂര്യന്‍ ആകാശത്ത് ചിത്രപണികള്‍ തീര്‍ക്കുന്നു. നെല്‍വയലുകള്‍ക്കരികിലൂടെ നീണ്ടുപോകുന്ന മണ്‍പാതയുടെ അരികില്‍ കെട്ടിയുര്‍ത്തിയ ഇരിപ്പിടത്തില്‍, ചെമ്മണ്‍പാത മുറിച്ചുകടന്നുകൊണ്ട് നിരനിരയായി പോകുന്ന ഉറുമ്പുകളെ നോക്കി ഞാനിരുന്നു.ഉറുമ്പുകള്‍ യാത്ര തുടരുകയാണ്.കുറെ പേര്‍ ഒരു അരിമണിയും വഹിച്ചുകൊണ്ട് …മറ്റു ചിലര്‍ അതിനെ അനുഗമിച്ചുകൊണ്ട് ……
കുളിരുംപേറിക്കൊണ്ട് ഒരു ചെറുകാറ്റ് എന്നെ തൊട്ടുകടന്നുപോയി.തണുപ്പ് എന്റെ സിരകളെ മരവിപ്പിച്ചു.ഉള്ളിലെ കനല്‍ ജ്വലിച്ചു.
മണിക്കൂറുകളായി ഒരേ ഇരുപ്പായിരുന്നു.രാവിലെമുതല്‍ എവിടെയോക്കൊയോ അലഞ്ഞലഞ്ഞ്…….
ഇരുട്ട് വീണുതുടങ്ങിയപ്പോള്‍ ഞാന്‍ നടന്നു തുടങ്ങി.നടവഴിയില്‍ ഒരു പൊടുന്നനെ മുന്‍പിലായി എന്തോ ഒന്ന് കത്തിപടരുന്നു…തീയുടെ തുടുത്ത ചുകപ്പും ചാരത്തിന്റെ വെള്ളയും കറുപ്പും ചേര്‍ന്നലിഞ്ഞ് ഒരു പക്ഷി രൂപപ്പെടുന്നത് ഞാന്‍ കാണുകയാണ്.പേടിപ്പെടുത്തുന്ന ചിറകടിയോടെ എന്റെ മുന്നില്‍ നിന്നും കാറ്റിനെമുറിച്ച് ചിറകുകള്‍ ആഞ്ഞുവീശി അത് മുകളിലേക്ക് പറന്നു.
അത് മരണമാണെന്ന് എനിക്കറിയാമായിരുന്നു.ഉള്ളില്‍ നിന്നും കിതപ്പുകള്‍ ഉയരുന്നത് തടയുവാന്‍ എനിക്ക് സാധിച്ചില്ല.സമതലമായ പാത കടന്നുപോകുന്നുവെങ്കിലും കുഞ്ചാവരത്ത് നടന്നെത്തുകയന്നത് ചെങ്കുത്തായ ഒരു മലകയറുന്നതിനേക്കാള്‍ കഠിനമായെക്കുമെന്ന് എനിക്ക് തോന്നി.
കിതപ്പുകള്‍ക്കുള്ളില്‍ നിന്നും അരവിന്ദന്‍ എന്നെ വിളിക്കുന്നു.
വീശിയടിക്കുന്ന കാറ്റിന് അരവിന്ദന്റെ സ്വരം….
അലക്സേ….എടാ അലക്സേ ..
നടന്നുനടന്നൊടുവില്‍ ഞാന്‍ പ്രധാനപാതയിലേക്ക് കയറി.
കറുത്ത കമ്പിളിപുതപ്പുകൊണ്ട്‌ ആകാശം ഭൂമിയെ പൊതിഞ്ഞുകഴിഞ്ഞിരുന്നു.തെരുവ് വിളക്കുകളില്‍ ചിലത് പ്രകാശിക്കുന്നു.വെളിച്ചത്തിന്റെ മഞ്ഞ നിറം തെരുവില്‍ പടര്‍ന്നു കിടക്കുന്നു.കറുപ്പും മഞ്ഞയും ചേര്‍ന്ന് ഇടകലര്‍ന്ന തെരുവിലൂടെ ഞാന്‍ നടക്കുമ്പോള്‍ പലരും എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു..
.വഴിവക്കിലുള്ള കടകള്‍ ഓരോന്നായി അടഞ്ഞുകൊണ്ടിരിക്കുന്നു..വീട്ടിലേക്ക് പോകുവാന്‍ തുനിയുന്ന ഓരോ ആളും തെലുങ്ക് ഭാഷയില്‍ എന്തോക്കൊയോ………..
അവര്‍ എന്നെക്കുറിച്ചായിരിക്കും ചിലപ്പോള്‍ ..
അല്ലെങ്കില്‍ എന്റെ കൂടെ എന്നും കാണാറുള്ള അരവിന്ദനെക്കുറിച്ച്….
മനസ്സ് മന്ത്രിക്കുന്നു ………….
അലക്സ് നീ പിടിക്കപ്പെടും..അലക്സ് നിനക്ക് ഒന്നും ഒളിച്ചുവയ്ക്കാന്‍ കഴിയില്ല.
ഒടുവില്‍ ഒടുവില്‍ നീ ……
അലക്സ് നിന്റെ ജീവിതം ….
ഞാന്‍ നടത്തത്തിനു വേഗത കൂട്ടി.ആരുടേയും മുഖത്തേക്ക് നോക്കുവാന്‍ ഞാന്‍ തുനിഞ്ഞില്ല.
ഒടുവില്‍ എങ്ങനെയൊക്കെയോ മുറിയില്‍ എത്തി വാതിലടച്ചശേഷം…..എന്റെ കിതപ്പുകള്‍ക്ക് ഒരു അട്ടഹാസത്തെക്കാള്‍ ശബ്ദമുണ്ടായിരിക്കണം.മേശയുടെ മുകളില്‍ വച്ചിരുന്ന ജഗ്ഗിലെ വെള്ളം ഞാന്‍ ആര്‍ത്തിയോടെ കുടിച്ചു.
ഈ നശിച്ച രാത്രി എങ്ങനെയെങ്കിലും കഴിച്ചു കൂട്ടിയ ശേഷം…എവിടെക്കെങ്കിലും …
.ഇനിയൊളിക്കാന്‍ എനിക്കെവിടെയാണ്……………??
ചോദ്യങ്ങള്‍ എന്റെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാളുപോലെ തൂങ്ങിയാടി.
കുഞ്ചാവരത്തെ പഴയകെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ഞങ്ങളുടെ മുറി കണ്ടെത്തുക ഒരു അപരിചിതനെ സംബന്ധിച്ചിടത്തോളം വിഷമകരമാണ് ..എങ്കിലും ………ആരെങ്കിലും പോലീസിനു കൃത്യമായുള്ള വഴി പറഞ്ഞുകൊടുക്കുകയാണെങ്കില്‍
ഞാന്‍ ലൈറ്റിടാന്‍ തുനിഞ്ഞു.പക്ഷെ ബള്‍ബ് ഇന്നലെമുതല്‍ കത്തുന്നുണ്ടായിരുന്നില്ലല്ലോ .ഇന്ന് അരവിന്ദന്‍ വാങ്ങിക്കാമെന്നു പറഞ്ഞതുമായിരുന്നു ..
പക്ഷെ ……!!!
ഇരുട്ട്മൂടിയ മുറിയില്‍ വാരിവലിച്ചിട്ട വിരിപ്പുകളുള്ള കട്ടിലില്‍ ഞാന്‍ ഇരുന്നു..മുറിയെന്ന പോലെ മനസ്സും ഇരുട്ട്മൂടിയിരുന്നു .ഒരിറ്റു വെളിച്ചത്തിന് വേണ്ടി വെമ്പിയ മനസ്സ് എന്റെ കൈകള്‍ ചലിപ്പിച്ചു .ജനാലകള്‍ തുറക്കപ്പെട്ടു .പഴകിയ മരത്തിന്റെ ജനാലയുടെ അരികിലിരുന്ന വവ്വാല്‍ പേടിപ്പിക്കുന്ന ചിറകടിശബ്ദത്തോടെ പറന്നു .
ഞാന്‍ അറിയാതെ നിലവിളിച്ചുപോയി .
എന്റെയുള്ളില്‍ ഒരു കൊടുങ്കാറ്റടിച്ചു.ഒരു പേടിപ്പെടുത്തുന്ന ഇടിമിന്നല്‍ വന്നുപോയി.പെരുമഴയില്‍ എവിടെയോ ഉരുള്‍പൊട്ടല്‍…പാറകൂട്ടങ്ങള്‍ നിര്‍ത്താതെ എന്റെ നേര്‍ക്ക് ഒഴുകിവരുന്നു.ഞാന്‍ മലവെള്ളപാച്ചലിനുള്ളില്‍ എവിടെയോ…..
അരവിന്ദന്‍ മരിച്ചത് മുതല്‍ എന്നെ പിടികൂടിയ അസാധാരണമായ ഭയം ഇരട്ടിച്ചു .മുറിക്കുള്ളിലെ ചിലന്തിവലകള്‍ക്കിടയില്‍ കിടന്നു ശ്വാസംമുട്ടുന്ന ക്ലോക്കില്‍ കണ്ണുകള്‍ കൂര്‍പ്പിച്ചു ഞാന്‍ നോക്കി.സമയം ഒച്ചിനെപോലെ ഇഴഞ്ഞു നീങ്ങുകയാണ് .
മുറിയില്‍ നിന്നും പുറത്തിറങ്ങിപോയി ഒരു ബള്‍ബ് വാങ്ങി വരുവാന്‍ ഞാന്‍ ആലോചിക്കാതിരുന്നില്ല.പക്ഷെ പോകുകയുണ്ടായില്ല.കടകള്‍ ഓരോന്നായി അടഞ്ഞുകഴിഞ്ഞത് കണ്ടതാണല്ലോ.അതുമല്ലാതെ ആരെങ്കിലും എന്തെങ്കിലും ചോദിക്കാന്‍ ഇടയുണ്ടായാല്‍……….
ആര്‍ത്തിരമ്പി ഒരു തിരമാല ഹൃദയത്തിന്റെ ഭിത്തിയില്‍ വന്നിടിച്ചു.
മനസ്സിലെങ്ങും ശബ്ദങ്ങളുടെ ഘോഷയാത്ര.
ഇരുട്ടുമൂടിയ മുറിക്കുള്ളില്‍ നിന്നും ചിലപ്പോള്‍ ഇനിയൊരിക്കലും രക്ഷപെടാന്‍ സാധിക്കുകയില്ലെക്കുമെന്ന് എനിക്ക് തോന്നി.
ലോകം മുഴുവന്‍ ശബ്ദമുഖരിതമാണ്.ഇരുട്ടില്‍ സാധാരണയായി ഇല്ലാത്ത അനേകം ശബ്ദങ്ങള്‍.വീടിന്റെ മുന്‍പില്‍ വഴിയിലൂടെ ആരോക്കൊയോ ഒച്ചപ്പാടുണ്ടാക്കികൊണ്ട് കടന്നുപോകുന്നു.
ഞാന്‍ നന്നായി വിയര്‍ത്തിരുന്നു.വിശപ്പില്ലാതായിരിക്കുന്നു.ദാഹം മാത്രം..
ജഗ്ഗ് വീണ്ടും ഉയര്‍ത്തിനോക്കി..ബാക്കിയുണ്ടായിരുന്ന വെള്ളം ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു.
ഉറക്കം വരാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു കിടന്നു .
അരവിന്ദന്‍ ഇല്ലാതെ, ഒറ്റയ്ക്ക് ആദ്യമായാണ് ഈ വാടകമുറിയില്‍, അതും ഒരു രാത്രിയില്‍ ..
.അരവിന്ദന്റെ കട്ടില്‍ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു .ഹാങ്ങറില്‍ കൊളുത്തിയിട്ട ഷര്‍ട്ട്,അരവിന്ദന്റെ ബാഗ്…..എല്ലാം എന്റെ നേര്‍ക്ക് കണ്ണുകള്‍ പായിക്കുന്നു…
ഈശ്വരാ …..
ഉറക്കം വരുന്നുണ്ടായിരുന്നില്ല.ഞാന്‍ പുതപ്പ്കൊണ്ട് ദേഹമാസകലം മൂടി.വിയര്‍ക്കുന്നുണ്ടായിരുന്നു.
അരവിന്ദന്റെ മുഖം….അരവിന്ദന്റെ സംസാരങ്ങള്‍….
അരവിന്ദനെ പരിചയപ്പെട്ടതുമുതലുള്ള ദിവസങ്ങള്‍….
ഒടുവില്‍ ചുരുങ്ങി ചുരുങ്ങി അരവിന്ദനും ഞാനും മാത്രമുള്ള ഇന്നത്തെ ദിവസം…
അലക്സ് ….നിനക്ക് രക്ഷപെടാനാകില്ല …അലക്സ് നീയിത്ര ക്രൂരനായിരുന്നുവോ ..
അരവിന്ദന്‍ എന്റെയുള്ളിലിരുന്നു ചോദിക്കുന്നു..
എന്റെയുള്ളില്‍ പെരുമഴ പെയ്യുന്നു..
ഈശ്വരാ …അരവിന്ദന്‍ ….
ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കുന്നു.
അവധിദിവസമായ ഇന്ന്…
ദൈവമേ ഇന്ന് ഇല്ലാതായെങ്കില്‍…
പ്രോജക്ടരുടെ ശബ്ദത്താല്‍ റീലുകള്‍ മറിഞ്ഞുകൊണ്ട് ഒരു സിനിമ പോലെ ഇന്ന്…
ഞങ്ങള്‍ കുഞ്ചാവരം ടൌണിലേക്കുള്ള കാല്‍നടയാത്രയില്‍..
നടന്നൊടുവില്‍ കനാലിനു കുറുകെ പണിതപാലത്തില്‍ നിന്നും കുറെ നേരം വെള്ളത്തിന്റെ ഗതിയെനോക്കികൊണ്ട് പലതും പറഞ്ഞ് അങ്ങനെ ഞങ്ങള്‍……..
ഞങ്ങള്‍ ഇലകളും കടലാസ്സുതുണ്ടുകളും വെള്ളത്തിലേക്ക് ഇട്ട്…അത് ഒഴുകിയൊഴുകി ഒടുവില്‍ കടലിലേക്ക് എത്തുന്നതിനെക്കുറിച്ച് സംസാരിച്ച്….ചെറിയ കുട്ടികളെപോലെ..
സംസാരിച്ചുകൊണ്ടിരിക്കെ കനാലിന്റെ കരയില്‍ ഒരു എന്തോ ഒന്ന് ഒരു ബാഗ് പോലെ തോന്നിക്കുന്ന….
അരവിന്ദനാണ് ആദ്യം കണ്ടത് …
ബാഗില്‍ നിറച്ചു ആയിരത്തിന്റെ നോട്ടുകള്‍ ഞങ്ങളെനോക്കികൊണ്ട്‌….
ആരുടെയെങ്കിലും കയ്യില്‍ നഷ്ടപ്പെട്ടതായിരിക്കണം…
റബ്ബര്‍ബാന്ടിട്ടു ഭദ്രമായി വച്ച..നോട്ടുകെട്ടുകള്‍ ഞങ്ങള്‍ ഓരോന്നായി എണ്ണിയെണ്ണി…ചുറ്റിലും നോക്കികൊണ്ട് …..ഇല്ല ആരുമില്ല…
ആയിരത്തിന്റെ ആയിരം നോട്ടുകള്‍..ഹൃദയം പന്തയക്കുതിരയെപ്പോലെ കുതിച്ചുപാഞ്ഞ്….
നാട് സ്വപ്നം കണ്ട്….
വീട് സ്വപ്നം കണ്ട്…
നിറമുള്ള ജീവിതം സ്വപ്നം കണ്ട്….
പൊടുന്നനെ പാതിമാത്രം പൂര്‍ത്തിയായെക്കാവുന്നവയെല്ലേ ഇതെന്നോര്‍ത്ത്…യാഥാര്‍ത്ഥ്യത്തിന്റെ മണല്‍ തിട്ടയില്‍ ചുടുകാറ്റെറ്റ്…ദേഹം പൊള്ളിക്കൊണ്ട്.
അരവിന്ദാ ….എന്റെ സ്വപ്‌നങ്ങള്‍…അരവിന്ദാ…എന്റെ നിറങ്ങള്‍ …നിനക്ക് ആരുമില്ലല്ലോ അരവിന്ദാ…നിനക്കെന്തിനാണു അരവിന്ദാ ഇത്രയും…..
അരവിന്ദന്‍ ചിരിക്കുകയാണ്….
ഞാനും സ്വപ്‌നങ്ങള്‍ കാണുകയാണലക്സേ….
അനാഥനായ നിനക്കെന്ത് സ്വപ്‌നങ്ങള്‍ അരവിന്ദാ…..
അരവിന്ദന്‍ ഊറിചിരിക്കുകയാണ്.
വാക്കുകളുടെ ചൂണ്ടല്‍കൊരുത്തില്‍ തൊട്ടുനോക്കാതെ അരവിന്ദന്‍ സ്വപ്നങ്ങളുടെ അഗാധമായ മാളങ്ങളിലേക്ക് പോയൊളിക്കുന്നു..
ഞാന്‍ വീണ്ടും …വീണ്ടും ….
എന്റെ വാക്കുകള്‍ കനാലിന്റെ ഒഴുക്കില്‍ മറയുകയാണ്.. എന്റെ ശബ്ദത്തിന്റെ ഗതിമാറ്റം അരവിന്ദനെ ഞെട്ടിക്കുന്നുണ്ടായിരുന്നില്ല..
ഒടുവില്‍ വേറെ വഴിയില്ലാതെ വന്നപ്പോള്‍ ….ഞങ്ങള്‍ തമ്മില്‍..
ഭൂമിയെ ചവിട്ടിമെതിച്ച്…പുല്ലുകള്‍ ഞെരിഞ്ഞമ്മര്‍ന്ന്‍…
കനാലുകള്‍ക്ക് സമീപമൊന്നും ആരും ……….
ഒഴുക്കിന്റെ ശബ്ദം മാത്രം…ഞാന്‍ എങ്ങനെയോക്കൊയോ അവന്റെ കയ്യില്‍ നിന്നും ബാഗ് തട്ടിപ്പറിച്ച്….
“അലക്സേ….അലക്സേ….”
ഒഴുക്കിന്റെ ശബ്ദത്തില്‍ എല്ലാം അലിഞ്ഞലിഞ്ഞ്….
എന്തോ കനാലിലേക്ക് മറിഞ്ഞുവീണ ഓര്‍മ്മയില്‍ ..എങ്ങോട്ടെന്നില്ലാതെ ബാഗുമായി ഓടിയോടി ഒടുവില്‍ …
എവിടെയോക്കൊയോ ചുറ്റിതിരിഞ്ഞ്‌ ഒരു ഭ്രാന്തനെപ്പോലെ….
ഭക്ഷണം കഴിക്കാന്‍ മറന്ന്….സമാധാനം നഷ്ടപ്പെട്ട് …ഒടുവില്‍ ഇരുട്ടിയശേഷം മുറിയിലേക്ക് തിരിച്ചെത്തിയിട്ടും……

ഒരു സിനിമപോലെ ഉള്ളില്‍ മിന്നിമറഞ്ഞ ദൃശ്യങ്ങളിലെ റീലുകള്‍ പൊടുന്നനെ നിന്നു.ക്ലോക്കിലെ സെക്കന്റ് സൂചികളുടെ ശബ്ദം കാതുകള്‍ പതിച്ചു.പൊടുന്നനെ എനിക്ക് പണത്തെക്കുറിച്ച് ഓര്‍മ്മ വന്നു …
അതെവിടയാണ് ….
അസ്വസ്ഥത നിറഞ്ഞ ഓട്ടത്തിനിടയില്‍ അത് ഇനി വഴിയിലെവിടെയെങ്കിലും ………..
എന്റെ കണ്ണുകള്‍ ചുറ്റിലും പരതി.
ഇല്ല.നഷ്ടപ്പെട്ടിട്ടില്ല.മേശപ്പുറത്തു ഞാന്‍ തന്നെ വന്നുകയറിയ ഉടന്‍ എപ്പോഴോ ..
മേശയുടെ മുകളില്‍ മറ്റുള്ള തുറിച്ചു നോട്ടങ്ങള്‍ക്കിടയില്‍ നിന്നും പണംനിറഞ്ഞ ബാഗുമെന്നെ..
ഉള്ളില്‍ പെയ്യുന്ന പെരുമഴയെയും വീശിയടിക്കുന്ന കൊടുംകാറ്റിനെയും എനിക്ക് നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ല.കണ്ണുകള്‍ ചുവന്ന പക്ഷി എന്നെ കൊത്തിവലിക്കുവാന്‍ തയ്യാറെടുക്കുന്നു.മഴയുടെയും കാറ്റിന്റെയും പക്ഷിയുടെയും ശബ്ദങ്ങളില്‍ എന്നോടുള്ള അടങ്ങാത്ത പക.
വിറയ്ക്കുന്ന കൈകള്‍കൊണ്ട് ഇരുട്ടില്‍ ഞാന്‍ ഒരു പേനയ്ക്കും കടലാസ്സിനും വേണ്ടി തിരഞ്ഞു.ഒടുവില്‍ അരവിന്ദന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു പേന കണ്ടെടുത്തു. കണക്കുകള്‍ സൂക്ഷിക്കുന്ന പുസ്തകത്തില്‍ നിന്നും ഒരു കടലാസു പറിച്ചെടുത്തു.
എഴുതുവാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.വിറയ്ക്കുന്ന കൈകള്‍കൊണ്ട് ഞാന്‍ കടലാസ്സില്‍ എന്തോക്കൊയോ കോറിവരച്ചു..വൃത്തിയില്ലാത്ത അക്ഷരങ്ങള്‍ വീണു കടലാസ് കരഞ്ഞു..രണ്ടു വരികള്‍ എങ്ങനെയോ എഴുതി പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ പേരെഴുതി ഒപ്പിട്ടു.
ഞാന്‍ എഴുതിയത് കുഞ്ചാവരത്തെ ആര്‍ക്കും വായിക്കുവാന്‍ അറിയില്ലെന്ന വിഡ്ഢിത്തെക്കുറിച്ചൊന്നും അപ്പോഴെനിക്ക് ഓര്‍മ്മയുണ്ടായില്ലെന്നിരിക്കണം…
മുറിപൂട്ടുവാന്‍ പോലും മിനക്കെടാതെ പണമടങ്ങിയ ബാഗുമായി ഞാന്‍ ഇറങ്ങി നടന്നു.ഒടുവില്‍ നടന്നു നടന്നു അരവിന്ദനെ അവസാനമായി കണ്ട കനാലിനരികില്‍ ഞാന്‍ നിന്നു. പണം കനാലിലേക്ക് വലിച്ചെറിഞ്ഞു.കാറ്റില്‍ അപ്പൂപ്പന്‍ താടികള്‍ ഒഴുകുന്നതുപോലെ കറന്‍സികള്‍ പൊങ്ങിയും താണും ഒഴുകിപോകുന്നത് ഞാന്‍ അല്‍പ്പനേരം നോക്കി നിന്നു.അതിനു ശേഷം ഞാന്‍ നടന്നു നടന്നു കൃഷ്ണനദിയുടെ തീരത്ത് എത്തുകയാണ്..
ഇരുട്ടില്‍ നദി ശാന്തമായി ഒഴുകുന്നു.അരവിന്ദന്‍ ഒഴുകിപോയത് ഞാന്‍ മനസ്സില്‍ കാണുകയാണ്..അല്‍പ്പനേരത്തെ ചിന്തകള്‍ക്ക് ശേഷം ഞാന്‍ ആ പുഴയുടെ കരയില്‍ ഇരുന്നു…
എന്റെ മനസ്സ് ശൂന്യമായിരുന്നു.
എന്റെ സ്വപ്നങ്ങള്‍ക്ക് നിറമില്ലായിരുന്നു..
ഒരു മുനിയുടെ നിസ്സംഗഭാവത്തോടു കൂടി ഇരിക്കുന്ന എന്നെ പക്ഷെ പുഴയില്‍ നിന്നും രണ്ടു കണ്ണുകള്‍ തുറിച്ചു നോക്കുന്നത് ഞാന്‍ ആ ഇരുട്ടിലും വ്യക്തമായി കാണുന്നുണ്ടായിരുന്നു.അവയെന്നെ വിളിക്കുന്നതായി എനിക്ക് മനസ്സിലാകുന്നുണ്ട് .
എന്റെ നിസ്സഹായതയെ കാണുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല.

നിങ്ങള്‍ക്ക് ശാന്തമായി ഒഴുകുന്ന പുഴയെമാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ.

Share.

About Author

വിനീഷ് നരിക്കോട്. കണ്ണൂര് തളിപ്പറമ്പിനടുത്ത നരിക്കോട് സ്വദേശം . 'കടലാസ്സു തൊപ്പി' എന്ന പേരില്‍ ഒരു ചെറുകഥ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു.

118q, 0.686s