Leaderboard Ad

ചെന്നൈ ദുരന്തം ; നാം പഠിക്കേണ്ടത്

0

കെട്ടിട നിർമാണ ചട്ടങ്ങൾ ഇളവ് ചെയ്യാൻ  കേരള സർക്കാർ തീരുമാനിച്ചിരിക്കുന്നു. എനിക്ക് ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല.  ഈയടുത്ത ദിവസം നടന്ന ഒരു ദുരന്തത്തിന്റെ , ഇന്നും അതിന്റെ ദുരിതം പേറുന്ന ഒരു ജനതയുടെ അനുഭവ കഥ ഞാനിവിടെ പങ്കുവെക്കുന്നു.  കഴിഞ്ഞ ഏഴു വർഷമായി ആ ജനതയുടെ കൂടെ ജീവിക്കുന്ന ഒരാൾ എന്ന നിലയിൽ ഈ ദുരന്തത്തിനും സാക്ഷ്യം വഹിക്കാൻ ഞാനും അവിടെയുണ്ടായിരുന്നു. വലിയൊരു ജനതക്ക് ജീവിതവും ഭക്ഷണവും നൽകിയ, അവരെ ഹൃദയം കൊണ്ട് സ്നേഹിച്ച, പരിചരിച്ച ഒരു നാട് ഇന്ന് ദുരന്തത്തിന്റെ കയങ്ങളിൽ മുങ്ങി നിലവിളിക്കുകയാണ്.   പറഞ്ഞു വരുന്നത് ചെന്നൈയെ കുറിച്ച് തന്നെയാണ്.

chennai flood

 

കഴിഞ്ഞ ഏഴു വർഷമായി എന്നെ പോലെ ഒരുപാട് പേരെ ഹൃദയത്തോട് ചേർത്തുപിടിച്ച, ജീവിതം തന്ന നന്മയുടെ ചെന്നൈ. തമിഴ് നാടിന്റെ തീരദേശത്ത് നിലകൊള്ളുന്ന പ്രദേശം എന്ന നിലക്ക് പ്രകൃതിയുടെ മിക്ക കോപങ്ങൾക്കും ഇരയാകേണ്ടി വരുന്ന ജനത കൂടിയാണ് ചെന്നൈയിലുള്ളത്. സുനാമി, ഭൂമി കുലുക്കം, കടൽ ക്ഷോഭങ്ങൾ, നീലം അടക്കം ചെറുതും വലുതുമായ അനവധി ചുഴലി കൊടുങ്കാറ്റുകൾ. ചെന്നൈ നേരിട്ട പ്രകൃതി ദുരന്തങ്ങൾ അനവധിയാണ്. അതിലേക്ക് ഒന്ന് കൂടി വ്യാപ്തിയിലും ആഘാതത്തിലും നേരത്തെ പ്രതിപാദിച്ചതിനെയൊക്കെ വെള്ളപ്പൊക്കം മുക്കിതാഴ്‍ത്തിയിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിലെ ഏതു വ്യതിയാനവും ചെന്നൈയെ മിക്കവാറും പിടികൂടാറുണ്ട്. അത് കൊണ്ട് തന്നെ പ്രവചനാതീതമായ കാലാവസ്ഥയാണ്‌ ചെന്നൈക്കുള്ളത്. ഇത്തവണയും വില്ലനായത് ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം തന്നെയാണ്. ചെന്നൈയെ മഴയുടെ കാർമേഘങ്ങൾ പിടികൂടിയിട്ട് ആഴ്ച മൂന്നാകുന്നു. നവംബർ രണ്ടാം വാരം തുടർച്ചയായി 3 നാൾ പെയ്ത മഴ ചെന്നൈയെ ഒരാഴ്ചയോളം വെള്ളത്തിൽ മുക്കി. അതിൽ നിന്നും ചെന്നൈ പൂർണമായും മുക്തമാകുന്നതിന് മുൻപാണ് വീണ്ടും മഴ ഡിസംബർ ആദ്യവാരം സംഹാര താണ്ഡവം ആടിയത്.. അത് ഇനിയും പൂർണ്ണമായി തോർന്നിട്ടില്ല. മഴ പെയ്തുകൊണ്ടേയിരിക്കുകയാണ് .

നവംബർ 30 ന് രാത്രി തുടങ്ങിയ മഴ ഒരുനിമിഷം വിടാതെ പെയ്തത് 2 രാത്രിയും 2 പകലും! ആ സംഹാരതാണ്ഡവത്തിന് ചെന്നൈ മഹാനഗരത്തെ മുക്കി കൊല്ലാനുള്ള ശേഷിയുണ്ടായിരുന്നു. നവംബർ 30 തിങ്കളാഴ്ച രാത്രി പെരുമഴയിൽ നനഞ്ഞ് കൊണ്ട് വീട്ടിലെത്തിയ ഞാൻ ആ മഴ 2 ദിവസം നിർത്താതെ പെയ്യുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ പതിവ് പോലെ എഴുന്നേറ്റ് ജോലിക്ക് പോകാനായി നോക്കുന്പോഴും മഴ നിർത്താതെ പെയ്തു കൊണ്ടിരിക്കുന്നു. ഓഫീസ് മൊത്തം വെള്ളത്തിനടിയിൽ ആണ് എന്ന സന്ദേശം സഹപ്രവർത്തകനിൽ നിന്നും കിട്ടിയതോടെ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ (Work from home ) തീരുമാനിച്ചു. ചൊവാഴ്ച വൈകുന്നേരത്തോടെ വൈദ്യതി ബന്ധം തകരാറിലായി. പിന്നീട് വൈദ്യതി ബന്ധം പുനസ്ഥാപിക്കപ്പെട്ടില്ല. അന്ന് രാത്രിയോടെ തന്നെ മൊബൈൽ കമ്മ്യൂണിക്കേഷനും തകരാറിലായി. വെളിച്ചവും പുറം ലോകവുമായുള്ള ബന്ധവുമില്ലാതെ ഒരു രാത്രി. മഴമൂലം പുറത്തിറങ്ങാൻ പറ്റാത്തതിനാൽ അന്ന് രാത്രി പട്ടിണി കിടന്നു. ബുധനാഴ്ച രാവിലെ ഭക്ഷണം തേടിയിറങ്ങി.വൈദ്യുതി ഇല്ലാത്തതിനാൽ ഒരു ഭക്ഷണ ശാലയും തുറന്നിട്ടില്ല. രണ്ടു പഴവും ഒരു ഗ്ലാസ് വെള്ളവും കുടിച്ചു വിശപ്പ് ശമിപ്പിച്ചു. വിശപ്പിന്റെ വിളി കൂടി വന്നപ്പോൾ ഉച്ചഭക്ഷണം തേടിയിറങ്ങി. ഒട്ടേറെ നേരത്തെ അലച്ചിലിന് ശേഷം പെരുന്ഗുഡി യിൽ നിന്നും അഡയാർ വരെ വെള്ളത്തിലൂടെ ഒരു യാത്ര. “കുട്ടനാട് റെസ്ടോരന്റ്” തേടി പോയപ്പോൾ അത് മുങ്ങി കിടക്കുന്നു. തിരിച്ച് OMR ലൂടെ ഭക്ഷണം തേടി അലച്ചിൽ. കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു. അവസാനം “സീ ഷെൽ ” തുറന്നു കിടക്കുന്നത് കണ്ട് അവിടെ കയറി തൽക്കാലം വിശപ്പടക്കി. അപ്പോഴും മനസിനെ അലട്ടിയ ചോദ്യം രാത്രി എവിടെനിന്ന് ഭക്ഷണം കിട്ടും എന്നതായിരുന്നു. തിരിച്ചു വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ വീണ്ടും മഴ. 2 മണിക്കൂറോളം ഹോട്ടലിന്റെ വെളിയിൽ മഴ തോരാൻ കാത്തു നിന്നു. മഴ തോരില്ല എന്ന് കണ്ടപ്പോൾ മഴയത്ത് തന്നെ വീട്ടിലേക്ക്. അതാവശ്യ വിശപ്പടക്കാൻ ബ്രെഡ്‌ തേടി അലച്ചിൽ. 3 തെരുവുകൾ മൊത്തം അന്വേഷിച്ചിട്ടും ഒരു പാക്കറ്റ് പോലും കിട്ടിയില്ല. എല്ലായിടത്തു നിന്നും കിട്ടുന്ന മറുപടി ഒന്ന് തന്നെ. ബ്രെഡ്‌ എല്ലാം വിറ്റു പോയി. രണ്ടു ദിവസമായി സ്റ്റോക്ക്‌ വരുന്നില്ല. പാലിന്റെ അവസ്ഥയും തഥൈവ. വൈദ്യതി ഇന്നും വരില്ല എന്നുള്ളത് കൊണ്ട് മെഴുകുതിരി ആയി അടുത്ത ലക്‌ഷ്യം. 3 കടകൾ കയറി ഇറങ്ങി. നോ രക്ഷ.

അവസാന ശ്രമം എന്ന നിലയിൽ അടുത്ത ഒരു കട കൂടി കയറി. ഭാഗ്യത്തിന് അവിടെ നിന്നും ഒരു പാക്കറ്റ് മെഴുകുതിരി കിട്ടി! വരുന്ന വഴിയിൽ ആശങ്കയുടെ അളവ് ഉയർത്തികൊണ്ട് വീടിനടുത്തുള്ള തടാകത്തിലെ വെള്ളം ക്രമാതീതമായി ഉയർന്നിരിക്കുന്നു. വീണ്ടും മഴ പെയ്താൽ അത് നിറഞ്ഞു മറയും. അത് സ്വാഭാവികമായും എന്റെ താമസസ്ഥലവും കവരും. ആശങ്കയുടെ ഒരു രാത്രി. മഴയുടെ ഓരോ തുള്ളിയും തുളച്ചു കയറിയത് ഹൃദയത്തിലേക്ക് കൂടിയാണ്. ഭാഗ്യത്തിന് അന്ന് രാത്രി മഴ ഒഴിഞ്ഞു നിന്നു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ പ്രഭാത ഭക്ഷണം തേടിയുള്ള അലച്ചിൽ. തലേന്നത്തേത് പോലെ തന്നെ കടകൾ മിക്കതും അടഞ്ഞു കിടക്കുന്നു. ഉള്ള കടകളിൽ തന്നെ കിട്ടാനുള്ളത് തക്കാളിചോറും തൈര് സാദവും മാത്രം. അവസാനം അലഞ്ഞലഞ്ഞ് ഒരു കടയിൽ 3 പൂരി കഴിച്ചു. അതിനിടയിൽ മാനം കറുക്കുകയും മഴ പെയ്യാനും തുടങ്ങി. ഇനിയും ചെന്നൈയിൽ തുടരുന്നത് ബുദ്ധിയല്ല എന്ന തോന്നൽ മനസ്സിൽ കടന്നു കൂടി. അങ്ങനെ സഹമുറിയനുമായി ചേർന്ന് ഒരു പലായനം. ചെന്നൈ നഗരം കടന്നു പുറത്തു വരിക എന്നത് ഒരു ഹിമാലയൻ ദൌത്യമായിരുന്നു. നാട്ടിലേക്കുള്ള തീവണ്ടികൾ എല്ലാം റദ്ദാക്കി ഇന്ത്യൻ റെയിൽവേ മാതൃകയായപ്പോൾ ബസുകളുടെ എണ്ണം കുറച്ചു ബസ് അധികൃതരും മാതൃകയായി. ഉച്ചക്ക് 3 മണിക്ക് തുടങ്ങിയ അലച്ചിൽ തീർന്നത് രാത്രി 7 മണിക്ക് സേലത്തേക്ക് ഒരു ബസ് കിട്ടിയപ്പോൾ! സേലത്ത് നിന്നും കൊയന്പത്തൂർ നഗരത്തിലേക്ക് പാതി രാത്രിയിൽ മറ്റൊരു ബസ്. അവിടെ നിന്നും പാലക്കാട് നഗരത്തിലേക്ക് , പിന്നെ ഷൊർന്നൂർ. അവിടെ നിന്നും നാഗർ കോവിലിൽ നിന്നും വരുന്ന ട്രെയിനിൽ നാട്ടിലേക്ക്.

ctK7AnV

3 ആഴ്ചത്തെ ദുരിതവും 3 ദിവസത്തെ ആശങ്ക നിറഞ്ഞ ജീവിതവും 28 മണിക്കൂർ നേരത്തെ പലായന യാത്രയും തന്നത് വലിയൊരു പാഠമാണ്. പ്രകൃതിയുടെ മുന്നിൽ മനുഷ്യൻ വെറും തൃണമാണ്. എന്തെല്ലാം രീതിയിൽ മനുഷ്യൻ അവന്റെ കേമത്തം കാട്ടാൻ ശ്രമിച്ചാലും അതൊന്നും പ്രകൃതിയുടെ മുന്നിൽ ഒന്നുമല്ല എന്നതാണ് ഓരോ പ്രകൃതി ദുരന്തവും തെളിയിക്കുന്നത്. ചെന്നൈ ദുരന്തവും നൽകുന്നത് മറ്റൊരു സന്ദേശമല്ല. കേരളം പഠിക്കേണ്ടുന്ന ഒരുപാട് പാഠങ്ങൾ ഈ ദുരന്തത്തിലുണ്ട്. മനുഷ്യന്റെ ദുരാർത്തിയുടെ വലിയൊരുദാഹരണമാണ് ചെന്നൈയിലെ ഉയർന്നു പൊങ്ങിയ വെള്ളക്കെട്ടുകൾ. പെയ്തിറങ്ങുന്ന വെള്ളത്തിന്‌ മണ്ണിനോട് ലയിച്ചു ചേരാൻ ഒരിഞ്ചു ഭൂമി കൊടുക്കാതെ കോണ്‍ക്രീറ്റ് വനങ്ങൾ പടുത്തുയർത്തിയ മനുഷ്യന്റെ ആർത്തിയുടെ സമകാലീക ഉദാഹരണമാണ് ചെന്നൈ. വെള്ളം മണ്ണിലേക്ക് ഊറ്റിയെടുക്കുന്നതിൽ തടാകങ്ങൾ നല്ലൊരു പങ്ക് വഹിക്കുന്നു. OMR റോഡ്‌ ഉൾപ്പെടുന്ന ECR മേഖലയിലെ ഇന്നത്തെ തടാകങ്ങളുടെ എണ്ണവും ഒരു 10 വർഷം മുൻപത്തെ എണ്ണവും എടുത്തു നോക്കുക. മനുഷ്യന്റെ ആർത്തി എത്രമാത്രമാണ് എന്ന് ആ കണക്കുകൾ പറയും 50 ഇൽ പരം ചെറുതും വലുതുമായ തടാകങ്ങൾ ഉണ്ടായിരുന്നയിടത്ത് ഇന്നുള്ളത് വിരലിൽ എണ്ണാവുന്ന തടാകങ്ങൾ മറ്റുള്ളവയൊക്കെ വൻകിട കോണ്‍ക്രീറ്റ് കെട്ടിടങ്ങൾക്ക് വഴിമാറി. പരിസ്ഥിതി ദുർബല പ്രദേശമെന്ന് സാക്ഷ്യപ്പെടുത്തിയ മേഖലയിൽ ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ളയിടങ്ങളിലെ അവസ്ഥ ഊഹിക്കാമല്ലോ. ബംഗ്ലൂരിലെയും ചെന്നൈയിലെയും പുനെയിലെയും, വിദേശ രാജ്യങ്ങളിലെയും അടക്കം വൻകിട കെട്ടിടങ്ങളേയും കൂറ്റൻ പാതകളെയും ചൂണ്ടി കാട്ടി ആ വികസനം കേരളത്തിലും വേണം എന്ന് പറയുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ട്. തീർച്ചയായും വികസനം വേണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം , മനുഷ്യ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടണം. പക്ഷെ പ്രകൃതിയെ, അതിന്റെ സംതുലിതാവസ്ഥയെ തകിടം മറിച്ചു കൊണ്ടുള്ള ഒന്നാവരുത് അത്. അങ്ങനെ വന്നാൽ കേരളത്തിലും ചെന്നൈ ആവർത്തിക്കപ്പെടും. ഇതിലും വലിയ തോതിൽ. കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവുകൾ നൽകാനുള്ള ത്വര കാണുന്പോൾ ഓർമ്മപ്പെടുത്താനുള്ളതും അത് തന്നെയാണ്. ഇത് ഒരു ഇരയുടെ അനുഭവ സാക്ഷ്യം കൂടിയാണ്.

വാൽക്കഷ്ണം : ഇതൊരിക്കലും പരിസ്ഥിതി തീവ്രവാദം അല്ല. അതിനോട് അണുകിട യോജിപ്പില്ല. വികസനത്തെ പരിസ്ഥിതിയോട് സമന്വയിപ്പിക്കാനും, പ്രകൃതിയോട് സമരസപ്പെടുത്താനും പറ്റുന്ന തരത്തിലുള്ള വികസന മാതൃകയാണ് നമുക്ക് വേണ്ടത്. അല്ലാതെ ഒരു പുല്ലുപോലും പറിക്കരുത്‌, ഒരു മരം പോലും വെട്ടരുത് എന്നൊക്കെ പറയുന്നവരോട് ഒരു യോജിപ്പും ഇല്ല.

– ജതിന്‍ ദാസ്

Share.

About Author

135q, 0.840s