Leaderboard Ad

നിറവും വംശവും നീതിയും

0

പത്തു പതിനഞ്ചു കൊല്ലം മുൻപ് കേട്ട കഥയാണ്.
ഒരു പ്രീമിയം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നല്ല മാർക്കുള്ള തന്റെ മകനെ ചേർക്കാൻ നാട്ടിൻപുറത്തുകാരനായ ഒരു സ്കൂൾ അദ്ധ്യാപകൻ എത്തി. അച്ഛന്റെ വേഷം മുണ്ടും ഷർട്ടും അച്ഛനെയും മകനെയും ആരും ഗൌനിച്ചില്ല. കാറിൽ വന്നവരും കോട്ടിട്ടവരും പാന്റിട്ടവരും നാഗരിക ജീവിതത്തിന്റെ അംശങ്ങൾ പ്രകടമായി പേറുന്നവരും ഒക്കെ അകത്തേക്ക് പോയി. എന്താണ് തങ്ങളെ വിളിക്കാത്തത് എന്നറിയാൻ ചെന്ന ആ അച്ഛനോട് നന്നായി പഠിക്കുന്നവർക്കുള്ള സ്ഥാപനമാണ്‌ എന്നും മാർക്ക് കുറഞ്ഞവർ മറ്റുവല്ല സ്ഥാപനങ്ങളിലും നോക്കുന്നതാണ് നല്ലത് എന്നുമാണ് മറുപടി കിട്ടിയത്. മുണ്ടുടുത്തവന്റെ മക്കൾ നല്ല മാർക്ക് വാങ്ങില്ല;അതുകൊണ്ട് ക്രീം ലെവലിൽ എത്തില്ല എന്നാണു ഭാഷ്യം .

ഈ വിഷയം ഓർമയിലേക്ക് വന്നത് സമീപ ദിവസം കൈക്കുഞ്ഞിനെ തട്ടിയെടുത്തു എന്നും പറഞ്ഞു നാട്ടുകാർ പോലീസിൽ ഏൽപിച്ച നാടോടി സ്ത്രീയുടെ അലറിക്കരയുന്ന മുഖം കണ്ടപ്പോഴാണ്. ചരിത്രാതീത കാലം മുതൽ ആള്ക്കൂട്ടത്തിന്റെ മനസ്സിൽ കുടിയേറിയ അല്ലെങ്കിൽ കാലക്രമേണ നിർമ്മിച്ചെടുത്ത ചില ബോധ്യങ്ങളുണ്ട് . നിറത്തെ, രൂപത്തെ, പെരുമാറ്റത്തെ സംബന്ധിച്ച ആ ബോധ്യങ്ങളുമായി യോജിച്ചു പോകാതെ വരുന്ന എന്തിനെയും ചോദ്യം ചെയ്യാനും വിചാരണ ചെയ്യാനുമുള്ള വാസനയാണ് ഈ സംഭവത്തിലൂടെ ഒരിക്കൽ കൂടി വെളിപ്പെട്ടത്. പലപ്പോഴും ഇതിനെ സമൂഹത്തിന്റെ ജാഗ്രതയായി ലഘൂകരിക്കാറുണ്ട് . എന്നാൽ അത്തരം ജാഗ്രതകൾ ഒരു വ്യക്തിയെ പരസ്യ വിചാരണ തരത്തിൽ എത്തുന്നത് നീതീകരിക്കാനാവില്ല.

കറുത്ത അമ്മയുടെ കൈയിൽ ഇരിക്കുന്ന വെളുത്ത കുട്ടിക്ക് മാത്രമേ സമൂഹത്തിനു പ്രശ്നമുള്ളൂ എന്ന് നമുക്ക് കാണാം . വെളുത്ത അമ്മയുടെ കൈയിലെ കറുത്ത കുട്ടിയെ ആരും ചോദ്യം ചെയ്യാറില്ല. ഫെയിസ് ബുക്കിലൂടെയും വാട്സ് അപ്പിലൂടെയും ‘സംശയാസ്പദമായ’ സ്ത്രീയുടെയും കുഞ്ഞിന്റെയും ചിത്രം എത്ര ലക്ഷം പേർ കണ്ടു? സമാനമായ സംഭവമായിരുന്നു ആറേഴു മാസം മുൻപ് ഹിമാചലിൽ ഇരുണ്ട നിറമുള്ള പുരുഷനൊപ്പം ബസ് സ്റെഷനിൽ ഉറങ്ങുന്ന വെളുത്ത കുഞ്ഞിന്റെ ചിത്രം. സുനിത കൃഷ്ണനെ പോലെ ദേശീയ തലത്തിൽ ശ്രദ്ധേയരായ മനുഷ്യാവകാശ പ്രവർത്തകർ വരെ ഈ ചിത്രം നവ മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുകയും ആ വ്യക്തിയെ മനുഷ്യക്കടത്തുകാരനായി ചിത്രീകരിക്കുകയും ചെയ്തിരുന്നു ഒരു ആൾക്കൂട്ടം നമുക്ക് നേരെ ഇത്തരം അന്വേഷണവുമായി വരുന്ന ദിവസം മാത്രമേ ഇതൊരു പ്രശ്നമായി ഓരോരുത്തർക്കും അനുഭവപ്പെടൂ . പലയിടത്തും കുഞ്ഞുങ്ങളെ കാണാതാവുന്നു അതുകൊണ്ടാണ് ആളുകൾക്ക് ഭയം എന്ന് ന്യായീകരിക്കാം. അത്തരം ഉദാഹരണങ്ങളും ധാരാളം കാണിക്കാനുണ്ടാവും പെണ്‍കുട്ടികൾ വഴി തെറ്റുന്നത് തടയാനാണ് ഞങ്ങൾ വടിയുമായി ബീച്ചിൽ ഒന്നിച്ചിരിക്കുന്നവരെ തല്ലി ഓടിക്കുന്നത് എന്ന യുക്തിയുടെ മറ്റൊരു രൂപമാണ് അത്. സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം ലോകത്താകമാനം മുസ്ലീങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന രീതിയിൽ പല സംഭവങ്ങളും അരങ്ങേറി. എ പി ജെ അബ്ദുൽ കലാമും ഷാരൂഖ് ഖാനുമൊക്കെ പ്രത്യേക പരിശോധനകൾക്ക് വിധേയരാവുന്ന അവസ്ഥ വന്നു. അത് ഭരണ കൂടങ്ങൾ നേരിട്ടു നടത്തുന്ന വംശീയ കടന്നു കയറ്റമായിരുന്നു.
ഇന്ത്യയിലൊട്ടാകെ നിരവധി കുട്ടികളെ കാണാതാവുന്നുണ്ട് ഈ കുട്ടികളെ കേന്ദ്രീകരിച്ചു ഭിക്ഷാടന മാഫിയകളും ഉണ്ട് .ഇതിനെ ഫലപ്രദമായി ചെറുക്കാൻ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്ന് തന്നെയാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്‌. അതേ സമയം ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന സംവിധാനങ്ങൾ ഇല്ല എന്ന വസ്തുത പൊതു ജനം നിയമം കൈയിലെടുക്കുന്നതിനെ ന്യായീകരിക്കുന്നതിനുള്ള വാദമായി ഉയർന്നു വരരുത്. ആൾക്കൂട്ടം വ്യക്തികളെ ആക്രമിക്കുന്നതും ചോദ്യം ചെയ്യുന്നതും കാട്ടു നീതിയാണ്. നിയമത്തിലും നീതി നിർവഹണ സംവിധാനത്തിലും പോരായ്മകൾ ഉണ്ടെങ്കിൽ അതിന്റെ പരിഷ്കരണത്തിനു വേണ്ടിയാവണം ശബ്ദം ഉയർത്തുന്നത് .

ലോകത്തെല്ലായിടത്തും പല രീതിയിൽ കാണുന്ന വംശീയതയുടെ അംശങ്ങൾ നമ്മളിലും ഒരു പാട് അടിഞ്ഞു കൂടിയിട്ടുണ്ട്. വെളുത്ത നിറം ലഭിക്കാൻ ശത കോടി കളുടെ സൌന്ദര്യ വർദ്ധക വസ്തുക്കൾ വിറ്റു പോകുന്ന നാടാണ് ഇന്ത്യ . സോപ്പ് വരെ നിറം നൽകും എന്ന് പറഞ്ഞാണ് നമ്മുടെ നാട്ടിൽ വിപണനം ചെയ്യപ്പെടുന്നത് അതിനായി രൂപപ്പെടുത്തി എടുത്ത ഒരു ബോധ്യമുണ്ട്. നിറത്തെ മഹത്വവൽക്കരികുന്ന ബോധം. കങ്കണ റാവത്ത് എന്ന അഭിനേത്രി തനിക്കു ലഭിച്ച രണ്ടു കോടി രൂപയുടെ സൌന്ദര്യ വർദ്ധക ഉല്പന്നത്തിന്റെ പരസ്യ ഓഫർ നിഷേധിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നത്‌ ഇവിടെയാണ്‌. സൌന്ദര്യത്തെയും നിറത്തെയും ബന്ധിപ്പിക്കുന്ന ലോജിക് തനിക്കു മനസിലാവുന്നില്ലെന്നും ഇരുണ്ട നിറമുള്ള തന്റെ സഹോദരിയെപ്പോലും സമൂഹത്തിനു മുന്നിൽ അപമാനിക്കുന്നതാവും ആ ഓഫർ സ്വീകരിച്ചാൽ താൻ ചെയ്യുന്നത് എന്നായിരുന്നു കങ്കണ പറഞ്ഞത്. ചില നേരങ്ങളിലെ ചില നിലപാടുകളാണ് മനുഷ്യന് അമരത്വം നൽകുന്നത് എന്ന് സുകുമാർ അഴീകോട് മുൻപൊരിക്കൽ പറഞ്ഞത് ഈ അവസരത്തിൽ ഓര്ക്കുന്നു . തന്റെ ഒറ്റ നിലപാടിലൂടെ കങ്കണ നേടിയതും ആ ആദരമാണ് മുതലാളിത്ത ലോകത്തെ വിപണി ആവശ്യപ്പെടുന്ന ശരികെട്ട സമവാക്യങ്ങളെ തിരസ്കരിക്കുകയാണ് അവർ അത് വഴി ചെയ്തത്

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജോലിയും ജീവിതവും തേടി എത്തുന്ന നിരവധി പേരുണ്ട് ഇന്ന് കേരളത്തിൽ . അവരെയൊക്കെ സംശയത്തിന്റെ കണ്ണിൽ കാണാനും ഏതു സമയത്തും ചോദ്യം ചെയ്യാനും തടയാനും കഴിയും എന്ന് ഒരു ബോധ്യം പലയിടത്തും മലയാളിയിൽ കണ്ടിട്ടുണ്ട്. മലയാളി തൊഴിൽ തേടി പോയ ഇടങ്ങളിൽ ഒന്നും അവനു നേരിടേണ്ടി വന്നിട്ടില്ലാത്ത അവസ്ഥയാണ് ഇത്. ദയഭായിയുമായി ബന്ധപ്പെട്ടു സമീപ കാലത്തുണ്ടായ വിവാദവും ഓർക്കുക . മറ്റു പ്രദേശങ്ങളിൽ നിന്നും എത്തുന്നവർക്ക് മാന്യമായി ജീവിക്കാനും സഞ്ചരിക്കാനും അവസരം ഉണ്ടാക്കുവാൻ സർക്കാർ സംവിധാനങ്ങളും ഇടപെടുക തന്നെ വേണം .
അതോടൊപ്പം വംശീയ മായ അംശങ്ങൾ പലതും മനോനിലയുടെ ഭാഗമാണ്. തുറന്ന ചർച്ചകളും പ്രചാരണങ്ങളും പുതിയ കാലത്തെ രാഷ്ട്രീയ ശരികളെപ്പറ്റിയുള്ള സംവാദങ്ങളും സജീവമാക്കി നിർത്തുക എന്നതാണ് അതിനു വേണ്ടുന്ന പ്രതിവിധി. മാധ്യമങ്ങൾക്കും വലിയൊരു പങ്കു ആ വിഷയത്തിലുണ്ട് . ഏതു നാട്ടുകാരാണ് അവരുടെ ജാതിയെന്തു നിറമെന്തു എന്നൊന്നും ആലോചിക്കാതെ രക്ഷിക്കാൻ മാൻഹോളിലേക്ക്‌ ഇറങ്ങിയ നൗഷാദിന്റെ ജീവത്യാഗം നമ്മളോട് ആവശ്യപ്പെടുന്നതും മനുഷ്യപക്ഷത്തു നിന്നുള്ള നിലപാടുകളാണ്

അലറിക്കരഞ്ഞു കൊണ്ട് തന്റെ കുട്ടിയെ നെഞ്ചോട്‌ ചേർത്ത് പിടിക്കുന്ന ആ അമ്മയുടെ ചിത്രം മനസാക്ഷിയുള്ള ഓരോരുത്തരെയും അസ്വസ്ഥമാക്കുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ ഈ വിഷയത്തെ അർഹിക്കുന്ന ഗൌരവത്തോടെ സമീപിക്കുക തന്നെ വേണം. പരിഷ്ക്രിതനാണ് എന്ന നമ്മുടെ ബോധ്യങ്ങളെ ഇല്ലാതാക്കുന്ന സംഭവമായിരുന്നു അത്. മാർട്ടിൻ ലൂതറിന്റെ വാക്കുകളാണ് ഓർമ്മയിലെത്തുന്നത്
“ഇന്നെനിക്കൊരു സ്വപ്നമുണ്ട്.
എല്ലാ താഴ്‌വരകളും മഹത്ത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്. ”

ആ സ്വപ്നത്തിലേക്ക് പ്രബുദ്ധർ എന്ന് ഇടയ്ക്കിടെ അവകാശപ്പെടാറുള്ള നാം എന്ന് എത്തിച്ചേരും ?

Share.

About Author

136q, 0.512s