Leaderboard Ad

പിരമിഡുകളുടെ നാട്ടില്‍ – ഭാഗം 1

0

ഈജിപ്ത് , ചരിത്രം ഉറങ്ങി കിടക്കുന്ന ഈ ഭൂമിയിലേക്ക് ഒരു യാത്ര ചിരകാല സ്വപ്നമായിരുന്നു . ജീവിക്കുന്നത് സൗദി അറേബ്യയിൽ ആയതുകൊണ്ട് ഇവിടെ നിന്നും ഒരു ഈജിപ്ത് യാത്ര എന്നുള്ളത് അത്ര പ്രയാസമേറിയ കാര്യമല്ല എങ്കിലും പല കാരണത്താൽ അത് നീണ്ടു നീണ്ടു പോയി . പ്രവാസം അവസാനിപ്പിക്കണം എന്ന് തോന്നി തുടങ്ങിയ ഈ സന്ദർഭത്തിൽ , നാട്ടിൽ എത്തിയാൽ ഒരു ഈജിപ്ത് ടൂര് അത്ര എളുപ്പമല്ലാത്ത ഒരു കാര്യമാകും എന്ന തിരിച്ചറിവിൽ ഇത്തവണ എന്തായാലും പോകുക തന്നെ എന്ന് തീരുമാനിക്കുകയായിരുന്നു . പക്ഷെ അറബ് വസന്തത്തെ തുടര്ന്നുള്ള ഈജിപ്ഷ്യൻ രാഷ്ട്രീയാന്തരീക്ഷം അത്ര സുഖകരമാല്ലാത്തത് കൊണ്ട് അങ്ങോട്ടുള്ള യാത്ര എത്രമാത്രം സുരക്ഷിതമായിരിക്കും എന്ന ആശങ്ക പലരും പ്രകടിപ്പിച്ചു . കൂടെ വരാൻ ഒരുങ്ങിയിരുന്ന പലരും പല കാരണങ്ങളാലും പിൻവാങ്ങി . അവസാനം ഞാനും റഹ്മാൻ ഇക്കയും സുഹൃത്ത്‌ ജലീലും മാത്രം ബാക്കിയായി . എന്തുവന്നാലും പോകുക തന്നെ എന്ന് ഞങ്ങൾ തീരുമാനിച്ചു . അതിനു മുൻപായി ഈജിപ്തിൽ കുടുംബമായി താമസിക്കുന്ന സുഹൃത്ത്‌ അലിയുമായി ബന്ധപ്പെട്ട് അവിടം സുരക്ഷിതമാണോ എന്ന് തിരക്കി . ഇന്ത്യയേക്കാൾ സുരക്ഷിതത്വം ഇവിടെ നിങ്ങള്ക്ക് ഉറപ്പിക്കാം എന്നാണു അവരൊക്കെ പറഞ്ഞത് . അങ്ങനെ ഒരു എജൻസിയുമായ് ബന്ധപ്പെട്ടു ടൂര് പാക്കേജ് ശരിയാക്കി, ജിദ്ദയിൽ നിന്നും കെയ്റോ യിലേക്ക് പറന്നു .
.ഈജിപ്ത്, സഹസ്രാബ്ദങ്ങളുടെ ചരിത്രം ഉറങ്ങി കിടക്കുന്ന ഭൂമി ..

മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള നാടാണ് ഈജിപ്ത്.ഏതാണ്ട് 5000 കൊല്ലത്തെ മാനവ സംസ്കാരത്തെ കുറിച്ച് നമുക്ക് അറിവ് നല്കിയ ഭൂമി . വടക്ക് മെഡിറ്ററെനിയൻ കടലും കിഴക്ക് ചെങ്കടലുമാണ് . ചരിത്രാതീത കാലങ്ങളെ കുറിച്ചുള്ള പഠനത്തിനായി ഈജിപ്ത് നല്കിയ സംഭാവനകൾ വളരെ വലുതാണ്‌ . ശിലായുഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ആദിമ മനുഷ്യൻ ജീവിച്ചത് നൈൽ നദിയുടെ തീരത്താണ് എന്നാണു പറയപ്പെടുന്നത്‌ .

വിമാനം ലാന്‍ഡ്‌ ചെയ്യാനായി താഴ്ന്നു പറക്കുമ്പോള്‍ ഈജിപ്തിന്റെ മധ്യത്തിലൂടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഒഴുകുന്ന നൈല്‍ നദി ഒരു മനോഹര കാഴ്ചയാണെന്ന് പറഞ്ഞു കേട്ടിരുന്നു .പക്ഷെ വിന്‍ഡോ സീറ്റ് ലഭിക്കാത്തതിനാല്‍ ആ കാഴ്ച ആസ്വദിക്കാനായില്ല . ഞങ്ങളെ സ്വീകരിക്കാനായി സുഹൃത്ത്‌ അലിയും കുടുംബവും ടൂര്‍ ഗൈഡ് മുഹമ്മദും എത്തിയിരുന്നു .അവിടെ നിന്നും നേരെ ഞങ്ങള്ക്ക് താമസം എര്പ്പാടാക്കിയ പിരമിഡ് പാർക്ക്‌ റിസോർട്ടിലേക്ക് പോയി . ആദ്യത്തെ ദിവസം കൂടുതൽ സമയം ഒന്നും ബാക്കി ഇല്ലാത്തത് കൊണ്ട് സമീപത്തുള്ള ചരിത്ര പ്രാധാന്യമുള്ള ഏതാനും പുരാതന മോസ്ക്കുകളാണ് സന്ദര്ശിച്ചത് .

കെയ്റോയിലൂടെയുള്ള യാത്രയില്‍ ഉടനീളം നൈല്‍ നദിയുടെ സൌന്ദര്യം ആസ്വദിച്ചു . നൈലിന്‍റെ ദാനം എന്നാണു ഈജിപ്തിനെ കുറിച്ച് പറയുന്നത് . നൈല്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ ഈജിപ്ത് ഉണ്ടാകുമായിരുന്നോ ? ഈജിപ്ത് സൊമാലിയയെ പോലെ വെറുമൊരു പട്ടിണി രാജ്യമായി മാറുമായിരിക്കാം .പുരാതന കാലത്ത് നൈൽ നദി ഏല്ലാവർഷവും പ്രളയവുമായിട്ടാണെത്തുന്നത്‌. പ്രളയത്തിനോടൊപ്പം ഫലഭൂയിഷ്ടമായ എക്കൽ മണ്ണും അതു കൊണ്ടുവന്നു തള്ളുന്നു. ഫലഭൂയിഷ്ടമായ ഈ മണ്ണാണ് ആദിമ സംസ്കാരത്തിന് പിച്ച വയ്ക്കാനുള്ള വേദിയോരുക്കിയത് . ആഫ്രിക്കന്‍ കാടുകളിലൂടൊഴുകി വരുന്ന നൈല്‍ ഈജിപ്തിന്റെ തീരങ്ങളെ ഫലഭൂയിഷ്ഠമാക്കി ലോകചരിത്രത്തിനു അത്ഭുതങ്ങളാണ് സംഭാവന നല്‍കിയത് .

സൌദിയില്‍ നിന്നുംപോകുന്ന ഒരുസഞ്ചാരിക്ക് കെയ്റോനഗരം കണ്ണഞ്ചിപ്പിക്കുന്ന ഒരുകാഴ്ചയൊന്നുമല്ല .നിറം മങ്ങിയ നഗരം . പഴക്കംചെന്ന കെട്ടിടങ്ങള്‍ , ലോവര്‍ മിഡില്‍ ക്ലാസിനെ പ്രതിനിധാനം ചെയ്യുന്ന തെരുവുകള്‍ , പഴയവാഹനങ്ങള്‍ , സാധാരണക്കാരായ ജനങ്ങള്‍ ഇതൊക്കെയാണ് അവിടെയുള്ള കാഴ്ച . ഓട്ടോറിക്ഷകള്‍ നമ്മുടെ നാട്ടിലെപോലെ റോഡില്‍ നിറഞ്ഞോടുന്നത് കൌതുകമുളവാക്കുന്ന കാഴ്ചയായിരുന്നു . ഗള്‍ഫിലെ അഹങ്കാരികളായ മിസ്രി ( ഈജിപ്ഷ്യന്‍) കളെ കണ്ടു ശീലിച്ച ഞങ്ങള്‍ക്ക് ഈജിപ്തില്‍ എത്തിയപ്പോള്‍ അവിടെ കണ്ടവരുടെ ഭവ്യതയും വിനയവുംനിറഞ്ഞ പെരുമാറ്റം അത്ഭുതമായിരുന്നു . ടൂറിസം ഇല്ലെങ്കില്‍ തങ്ങളുടെ അന്നം മുട്ടും എന്ന ബോധ്യം അവിടെഓരോ ഈജിപ്ഷ്യനും ഉണ്ടെന്നു മനസിലായി .

ആവേശത്തോടെ ഈജിപ്തുകാര്‍ വരവേറ്റ അറബ് വസന്തം അവിടത്തെ ടൂറിസത്തിന്റെ നട്ടെല്ലൊടിച്ചു എന്നാണു നേരിട്ട് കണ്ടു മനസിലാക്കാന്‍ സാധിച്ചത് .മുല്ലപ്പൂവിപ്ലവം ഈജിപ്തിലെ പ്രധാന വരുമാനമാര്‍ഗ്ഗമായ ടൂറിസത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതത്തെ കുറിച്ച് ഞങ്ങളുടെഗൈഡ് മുഹമ്മദ്‌ ആശങ്ക പങ്കുവച്ചു. വിപ്ലവത്തിന് മുന്‍പ് ഒരുദിവസംപോലും ഒഴിവില്ലാതിരുന്ന അവനു ഇനി ഞങ്ങള്‍ മടങ്ങിയാല്‍ അടുത്ത ആള്‍ എന്ന് വരും എന്ന് കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ എന്ന നിരാശ ഞങ്ങളോട്പ്രകടിപ്പിച്ചു . ഈജിപ്ത് സേഫ് ആണ് എന്ന്എല്ലാവരോടും പറയണം എന്നും അവന്‍ പറഞ്ഞു. ഞങ്ങളുടെ അനുഭവവും അതുത്തന്നെ ആയിരുന്നു . യാതൊരുവിധ സുരക്ഷിതത്വ പ്രശ്നങ്ങളും ഞങ്ങള്‍ക്ക് അവിടെ അനുഭവപ്പെട്ടില്ല .

കെയ്റോ കാഴ്ചകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചുകൊണ്ട് ഇനിഅലക്സാണ്ട്രിയയിലേക്ക് ………..

ഫോട്ടോ : നൈല്‍ , ഈജിപ്ഷ്യന്‍ തെരുവുകള്‍ ,കെയ്റോയില്‍ താമസിച്ചിരുന്ന പിരമിഡ്പാര്‍ക്ക്‌ റിസോര്‍ട്ട് .

1

2

3

4

5

6

7

8

9

Share.

About Author

115q, 0.708s