Leaderboard Ad

അക്ബർ മാഷിനെ ഓർക്കുമ്പോൾ

0

അക്ബർ മാഷ്‌ കഥകളില്ലാത്ത ലോകത്തേക്ക് പോയിരിക്കുന്നു..

ഹൃദയത്തോട് ഞാൻ എന്നും ചേർത്ത് വെച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകരിൽ പ്രഥമ സ്ഥാനീയൻ .ഓരോ വാക്കിലും നോക്കിലും സ്നേഹം മാത്രമുണ്ടായിരുന്ന പ്രിയപ്പെട്ട അക്ബർ മാഷ്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാനീ ഓർമ്മകൾ അക്ഷരങളാക്കുന്നത്.ഒരുപക്ഷെ എന്റെ സ്വന്തം മാഷായതു കൊണ്ടാവാം ഈ മരണം എന്നെ ഇത്രയധികം വേദനിപ്പിക്കുന്നത്..മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ ഞങ്ങൾ വിദ്യാർഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകൻ കൂടിയായിരുന്നു. കുട്ടികളുടെ മനസ്സ് മനസ്സിലാക്കിയതുകൊണ്ടാവാം പതിവ് “അധ്യാപഹയ” ശൈലിയിൽ നിന്ന് മാറി കാർക്കഷ്യമൊട്ടുമില്ലതെ തമാശകൾ പറഞ്ഞു പാഠങ്ങൾ പറഞ്ഞു തന്ന മാഷിനെ എങ്ങനെയാണ് മറക്കാനാവുക ? കഥകളിലെ ഓരോ സംഭാഷണങ്ങളും വികാര തീവ്രമായി വായിച്ചുകേൾപ്പിച് വായനയുടെ സുഖം എന്തെന്ന് ഞങ്ങളെ പഠിപ്പിച്ച മാഷ്‌. സ്കൂളിലെ ഏകദേശം എല്ലാ അധ്യാപകർക്കും വട്ടപ്പേരിട്ട് വിളിച്ച ഞങ്ങൾ അക്ബർ മാഷിനു മാത്രം വട്ടപ്പേരിട്ടില്ല,സ്നേഹപൂർവ്വം “അക്കൂട്ടൻ” എന്ന് വിളിച്ചു. അറിയപ്പെടുന്ന എഴുത്തുകാരനാണ്‌ ഞങ്ങളുടെ മാഷെന്നതിൽ അന്നും ഇന്നും ഞങ്ങൾ അഭിമാനിച്ചി രുന്നു എന്നതും അൽപ്പസ്വല്പ്പം അഹങ്കരിച്ചിരുന്നു എന്നതും സത്യമാണ് മാഷിന്റെ മുന്നിൽ പ്രകടിപ്പിച്ചിരുന്നില്ല എങ്കിലും ..അതുകൊണ്ടാണല്ലോ ഇന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞിരിക്കുന്ന സമയത്തും അക്ബർ മാഷ് എന്റെ മാഷ്‌ ആയിരുന്നു എന്ന് ഞാനടക്കമുള്ള മാഷിന്റെ കുട്ടികളെല്ലാം പറയുന്നത്..

കണക്കു ക്ലാസിനു ശേഷം മനസ്സ് മടുത്തിരിക്കുന്ന ഞങ്ങൾക്കിടയിലേക്ക് മലയാള പുസ്തകവും കയ്യിലെടുത്ത് ചിരിച്ചുകൊണ്ട് കയറി വന്നിരുന്ന മാഷിന്റെ ചിത്രം മനസ്സിന്റെ ചില്ലലമാരിയിൽ അന്നത്തെ അതേ തിളക്കത്തോടെ എന്നുമുണ്ടാകും.. മാഷിനു പറയാൻ എന്നും ഒത്തിരി കഥകൾ ഉണ്ടായിരുന്നു,അനുഭവ കഥകളും പഴയ രസകരമായ ഓർമകളും അങ്ങനെയങ്ങനെ ഒത്തിരിയൊത്തിരി.. മാഷ്‌ പറയുന്ന നർമത്തിൽ പൊതിഞ്ഞ കഥകൾ എന്നും ഞങ്ങൾ കുട്ടികൾക്ക് പ്രിയപ്പെട്ടതായിരുന്നു.. കുഞ്ഞുങ്ങളുടെ മനസ്സ് ഇത്രയും മനസ്സിലാക്കിയ മറ്റൊരു അധ്യാപകനുണ്ടോ എന്ന് സംശയമാണ്..മാഷ്‌ ഞങ്ങള്ക്ക് കൂട്ടുകാരനായിരുന്നു,ഓരോ ക്ലാസ്സിലും ഒരായിരം കഥകൾ പറഞ്ഞു തന്ന കൂട്ടുകാരൻ.. ഏതു ആൾക്കൂട്ടത്തിൽ വെച്ച് കണ്ടാലും പേര് നീട്ടിവിളിച് വട്ടോളി സ്കൂളിലെ 9 J ക്ലാസിലെ ആ പഴയ വിദ്യാർഥിയോടുള്ള സ്നേഹം പ്രകടിപ്പിക്കാറുള്ള അക്ബർ മാഷ്‌, അച്ഛന്റെ കയ്യിൽ എനിക്കായി പുസ്തകങ്ങൾ കൊടുത്തു വിട്ടിരുന്ന എന്റെ പ്രിയപ്പെട്ട മാഷ്‌,..

ഏറ്റവും ഒടുവിൽ മാഗസിനിലേക്കുള്ള അഭിമുഖത്തിനു ചെന്നപ്പോൾ കയ്യൊപ്പിട്ട് സ്നേഹത്തോടെ തന്ന പുസ്തകം..ഇങ്ങനെ വ്യക്തിപരമായ ഓർമകളും ഒരുപാടുണ്ട് ഒരു പക്ഷെ ഒരു വലിയ കഥയെഴുതാൻ മാത്രം ,,.. നർമത്തിലൂടെ ഹൃദയത്തിലേക്ക് പകർന്ന കഥകളും നിറഞ്ഞ സ്നേഹവും ബാക്കിയാക്കി അക്ബർ മാഷ്‌ പോയി എന്ന് കേട്ടപ്പോൾ നിറഞ്ഞ കണ്ണീരിലും മനസ്സില് തെളിഞ്ഞു നില്ക്കുന്നത് ആ പഴയ മലയാളം ക്ലാസും നിറഞ്ഞ ചിരിയോടെ ക്ലാസ്സിലേക്ക് കയറി വരുന്ന മാഷിന്റെ ചിത്രവുമാണ്,, നിറഞ്ഞ സ്നേഹത്തിനും പകർന്നു തന്ന അക്ഷരങ്ങൾക്കും പകരം തരാൻ നന്ദി മാത്രമേയുള്ളൂ .

Share.

About Author

116q, 0.716s