Leaderboard Ad

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വിമർശിക്കപ്പെടുന്നു

2

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സാമുദായിക നിലപാടുകൾ വിശകലനം ചെയ്യുന്ന ലേഖന പരമ്പര നേർരേഖ ഓണ്‍ലൈൻ മാസികയിൽ ജൂണ്‍ ലക്കം മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. 

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിമർശിക്കപ്പെടുന്നുകേരള സംസ്ഥാനത്തിലെ മലപ്പുറം എന്ന അച്ചുതണ്ടില്‍ ഒതുങ്ങുന്ന ഒരു പ്രസ്ഥാനം, ഒരു  പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതു പക്ഷവുമായിസഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇടയായി എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍, ലീഗിന്റെ പതിറ്റാണ്ടുകള്‍ ദൈര്‍ഘ്യമുള്ള സാമുദായിക രാഷ്ട്രീയ നിലപാടുകളെ മൊത്തത്തില്‍ വിശകലന വിധേയമാക്കുമ്പോള്‍ ആ പ്രസ്ഥാനം കേരളത്തില്‍ രൂപപ്പെടുത്തിയെടുത്ത ചില രാഷ്ട്രീയ സമസ്യകള്‍ ഏറെ അപകടം പിടിച്ച ഒന്നാണെന്ന് കാണാം. ജനാധിപത്യ സംവിധാനത്തിന് വെല്ലു വിളി ഉയര്‍ത്തുന്ന അനേകായിരം ചോദ്യങ്ങൾ ആണ് ലീഗിന്റെ സാമുദായിക രാഷ്ട്രീയത്തില്‍ ഒളിഞ്ഞിരിക്കുന്നത്. കേരളത്തില്‍ വലതു മുന്നണിയുടെ പ്രധാന ഘടക കക്ഷി ആയി ഇപ്പോള്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ കറകളഞ്ഞ ഒരു മത നിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുവാന്‍ പ്രത്യേക രാഷ്ട്രീയ ചായ് വോ താല്‍പ്പര്യമോ ഇല്ലാത്ത ഒരു നിക്ഷ്പക്ഷവാദിക്ക്‌ പോലും കഴിയില്ല!

കേരളത്തിൽ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളും ആയി ചേർന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വളര്‍ത്തി കൊണ്ട് വന്ന സംശുദ്ധമായ മത നിരപേക്ഷ ബോധത്തിന്റെയും അതിലുപരി മുസ്ലിം സമൂഹത്തില്‍ ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട നാവോധാനാഭിലാഷങ്ങളുടെയും എതിര്‍ പക്ഷത്തു നില്‍ക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടേത്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ലീഗ് പിന്തുടർന്ന് വന്ന ജുഗുപ്സാവഹമായ രാഷ്ട്രീയ നിലപാടുകളുടെയും കേരളീയ പൊതു സമൂഹത്തിലും മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലും  പ്രതിഫലിച്ച തിന്മകളും ദുരന്തങ്ങളും ബോധപൂര്‍വ്വം കണ്ടില്ലന്നു നടിക്കുന്നവർക്കു മാത്രമേ ലീഗിനെ പിന്തുണക്കാന്‍ സാധിക്കൂ.

ജനാധിപത്യ സംസ്ക്കാരവുമായി  സഹകരിച്ചു നീങ്ങുകയും ജമാ അത്തെ ഇസ്ലാമിയെ പോലെ ഇസ്ലാമിക മതരാഷ്ട്രവാദം   ഉന്നയിക്കതിരിക്കുകയും ചെയ്യുന്നില്ല എന്നത് കൊണ്ട് മാത്രം   ലീഗിനെ മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല.    ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്ര സങ്കല്‍പരൂപത്തിന്റെ ദാർശനിക അടിത്തറയോട് ചേർന്ന് നിൽക്കുന്ന  ഒന്നാണ് ലീഗിന്റെ  സാമുദായിക രാഷ്ട്രീയ വാദം. പേരില്‍ തന്നെ മുസ്ലിം പ്രാതിനിധ്യം പ്രതിഫലിപ്പിക്കയും പ്രവര്‍ത്തനത്തിന്റെ അടിത്തട്ടില്‍ വര്‍ഗീയതയോളം സങ്കുചിതമായ സാമൂഹിക പക്ഷപാതയുക്തമായ ആശയങ്ങൾ  സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വര്‍ഗീയ രാഷ്ട്രീയ പ്രസ്ഥാനത്തെ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടി എന്ന് വിശേഷിപ്പിക്കുന്നത് തികച്ചും ബാലിശമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിൽ  നിലനിൽക്കാൻ വേണ്ടുന്ന ചെപ്പടി വിദ്യകൾ എല്ലാം ലീഗിന് മനപ്പാഠമാണ്. അത് കൊണ്ടാണ്  മതനിരപേക്ഷയുടെ മൂടുപടം അണിയാൻ  പേരിനു  രാമനും, താമിയും ഉള്‍പ്പെടെ ചില അമുസ്ലിം നാമധേയങ്ങള്‍  ഇപ്പോഴും ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലത്തില്‍ അപ്രധാമായ  ചുമതലകൾ വഹിക്കുന്നത്. അതെ സമയം,  നേതൃ നിരയില്‍ എവിടെയും ഒരു അമുസ്ലിം നേതാവിനെ ഒരു കാലത്തും ആർക്കും ചൂണ്ടിക്കാട്ടാനും  സാധിക്കില്ല.

മത-സാമുദായിക വികാരങ്ങളെ വോട്ടും അധികാരവും കൈയാളാൻ ഉള്ള ഉപകരണങ്ങൾ മാത്രമാക്കുക്ക എന്നുള്ളത് വര്‍ഗീയ രാഷ്ട്രീയത്തിന്റെ പൊതു സ്വഭാവമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും വക്താക്കളും പൊതുവെ ഈ രീതി തന്നെയാണ്  പിന്തുടരുന്നത്. ഇതിനെ ബന്ധിപ്പിക്കുന്ന ഒരു സൂചനയായി കണക്കിൽ എടുക്കാവുന്നതാണ് കെ എം ഷാജിയുടെ വിവാദ പ്രസംഗം. അധികാര പ്രാപ്തിയോളം എത്തുന്ന രാഷ്ട്രീയ ജാലവിദ്യകളുടെ ശ്രേണിയില്‍ മതവും തീവ്രവാദവും വിശ്വാസവും സാമുദായിക ശാക്തീകരണവുമായി ഒക്കെ ബന്ധപ്പെട്ട വാദഗതികളെ വിന്യസിപ്പിക്കുകയും, എന്നാല്‍ മത സമൂഹത്തിന്റെ അടിസ്ഥാനപരമായ ജീവല്‍ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നത് വര്‍ഗീയ രാഷ്ട്രീയ കക്ഷികള്‍ പൊതുവില്‍ പ്രകടിപ്പിക്കുന്ന ഒരു സമാനതയാണ് .ലീഗിന്റെ ഇന്നലെകളും ഇത് തന്നെയാണ് കാണുന്നത്. മുസ്ലിം ന്യുന പക്ഷത്തിന്റെ രക്ഷാ വേഷം സ്വയം അണിയുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, അധികാര മോഹവും ന്യൂനപക്ഷ താല്‍പ്പര്യങ്ങളും തമ്മില്‍ മുഖാമുഖം വരുമ്പോള്‍ അധികാര സ്വപ്നങ്ങളെ മാറോടണച്ചു മത ന്യുന പക്ഷങ്ങളെ നിഷ്ക്കരുണം തള്ളി പറയുമെന്ന് നിരവധി അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ന്യൂനപക്ഷത്തിന്റെ വോട്ടു ബാങ്കിനെ ലക്ഷ്യമാക്കി മാത്രം  പ്രവർത്തിക്കുകയും  മുസ്ലിം മേഖലകളിലും ഭൂരിപക്ഷ പ്രദേശങ്ങളിലും വേരുറപ്പിച്ചു അധികാര രാഷ്ട്രീയത്തിന്റെ വിലപേശലുകൾക്ക് സാധ്യതയോരുക്കുകയും ചെയ്യുന്ന ലീഗ് പക്ഷെ മതത്തെയും സാമുദായികവാദത്തെയും  ഉപയോഗിക്കുന്നത്  മത വിശ്വാസികളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനും ആവശ്യമായ രാഷ്ട്രീയ സ്വാദീനമുണ്ടാക്കുവാനല്ല എന്നത് ശ്രദ്ധേയമാണ്. ചുരുക്കി പറഞ്ഞാൽ അധികാര രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന വഞ്ചനാപരമായ നിലപാട് മാത്രമാണ് ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടേത്.

ഇതിനു മികച്ച ഒരുദാഹരണം ആണ് ബാബറി മസ്ജിദ്‌ പൊളിച്ചപ്പോള്‍ ലീഗ് സ്വീകരിച്ച നിലപാട്. അധികാരത്തില്‍ ഇരിക്കുന്ന കോണ്‍ഗ്രസ്‌ പാർട്ടിയോടുള്ള വിധേയത്വത്തിന്റെ പേരില്‍ ശക്തമായ ഒരു പ്രതിഷേധത്തിന് പോലും മുതിരാതെ നിക്ഷ്പക്ഷത പാലിച്ചു.അതെ സമയം ലീഗിന്റെ പോഷക സംഘടനകളില്‍ ചിലതിന്റെ സമ്മര്‍ദ്ധഫലമായി സംഘടനാതലത്തില്‍ പ്രകടനാത്മകമായ രീതിയില്‍ മാത്രം ചില പ്രസ്താവനകള്‍ നടത്തി മുസ്ലിം ന്യുനപക്ഷങ്ങളെ വഞ്ചിക്കുകയും ചെയ്തു. അധികാരവും ന്യുനപക്ഷ താല്‍പ്പര്യങ്ങളും തമ്മില്‍ മുഖാമുഖം വരുമ്പോള്‍ അധികാരം മാറ്റി വെക്കാന്‍ തയ്യാറല്ലാത്ത ലീഗ് നേതൃത്വം സത്യത്തില്‍ മുസ്ലിം ന്യൂനപക്ഷത്തെ തന്ത്ര പൂര്‍വ്വം കബളിപ്പിക്കുകയാണ്.

(തുടരും)
Share.

About Author

134q, 0.582s