Leaderboard Ad

അസഹിഷ്ണുതയുടെ നേര്‍കാഴ്ചകള്‍

0

എഴുതേണ്ടെന്ന് കരുതിയതാണ്. സുഹൃത്ത് ടിസി രാജേഷിന്റെ എഫ്.ബി പോസ്റ്റ് കണ്ടപ്പോള്‍ എഴുതാതെ വയ്യെന്നായി, അത് കൊണ്ടാണ്. സിന്ധു സൂര്യകുമാറിനെതിരായ ഭീഷണിഫോണ്‍കോളുകളെ പത്രപ്രവര്‍ത്തകസമൂഹം ഇത്ര ഗൗരവത്തിലെടുക്കേണ്ടിയിരുന്നില്ല , സിന്ധു ആ സംഭവത്തെ അവഗണിച്ചാല്‍ മതിയായിരുന്നു എന്നാണ് രാജേഷ് ആ പോസ്റ്റില്‍ പറയുന്നത്. ശക്തമായി വിയോജിക്കുന്നു. ഇപ്പോഴത്തേതിനെക്കാള്‍ ഗൗരവത്തിലെടുക്കണം ആ സംഭവത്തെ എന്ന് പറയാനാണ് ഈ എഴുത്ത്.
.
ഇന്ത്യാവിഷനില്‍. ബാല്‍താക്കറെ മരിച്ചവാര്‍ത്ത വന്ന നേരം. ഞാനാണ് ബുള്ളറ്റിന്‍ വായിക്കുന്നത്. പ്രമുഖരുടെ മരണം സംഭവിച്ചാല്‍ എല്ലായ്‌പോഴുമെന്ന പോലെ മറ്റ് പ്രമുഖരെ ഫോണില്‍ വിളിച്ച് പ്രതികരണം എടുക്കുകയാണ്. പല രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കള്‍ ഫോണില്‍ വരുന്നു, അനുശോചനം അറിയിക്കുന്നു. അങ്ങനെ പോവുകയാണ് ബുള്ളറ്റിന്‍. ഇടയ്ക്ക് ഫോണില്‍ ആളെ കിട്ടാത്ത സമയത്ത് മരണ വാര്‍ത്തയുടെ വിശദാംശങ്ങള്‍, അദ്ദേഹം ആരായിരുന്നു എന്നൊക്കെ നമ്മള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. ഇടയ്‌ക്കെപ്പോഴോ പിസിആറില്‍ നിന്ന് പ്രൊഡ്യൂസര്‍ ചെവിയില്‍ പറഞ്ഞു. ചേട്ടാ,വല്യ പ്രശ്‌നായിട്ടുണ്ട്. താക്കറേയെ അപമാനിച്ചൂന്ന് പറഞ്ഞിട്ട് തെറി വിളി വന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോ ഓഫീസില്‍ പോലീസ് വരും. പ്രൊഡ്യൂസര്‍ തമാശ പറയുകയാണെന്നാണ് വിചാരിച്ചത്. അല്ലായിരുന്നു.ബുള്ളറ്റിന്‍ കഴിഞ്ഞ് പുറത്തിറങ്ങി താഴേക്ക് നോക്കുമ്പോ സംഗതി ശരിയാണ്. പോലീസ് വന്നിട്ടുണ്ട്. റിസപ്ഷനിലെ ഫോണുകള്‍ താഴെ എടുത്ത് വെച്ചിരിക്കുന്നു. അല്ലാത്തവ കെടന്ന് നിര്‍ത്താതെ അടിക്കുകയാണ്.

സംഭവിച്ചത് ഇതാണ്, ഇടയ്‌ക്കെപ്പോഴോ ആരോ താക്കറെയെ സങ്കുചിതരാഷ്ട്രീയത്തിന്റെ വക്താവും നേതാവും എന്ന് വിശേഷിപ്പിച്ചിരുന്നേ്രത, ഉണ്ടാകും, താക്കറെയെ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് വിളിക്കുന്നത്, ശിവസേനക്കാരാണത്രേ. സഹദേവന്‍ സാറിന്റെയും ബഷീര്‍ക്കയുടെയും ഫോണിലേക്ക് നിര്‍ത്താതെ തെറിവിളിയാണ്. ഞങ്ങള്‍ അങ്ങോട്ട് വന്ന് ഓഫീസ് തല്ലിപ്പൊളിക്കും എന്ന് കൂടെ പറയുന്നുണ്ട്. ആദ്യമൊക്കെ അവഗണിച്ചെങ്കിലും പിന്നീട് രക്ഷയില്ലാണ്ടായപ്പോ പാലാരിവട്ടം പോലീസിനെ വിളിച്ച് പറഞ്ഞു.തമാശയായി എടുക്കേണ്ട ഞങ്ങള്‍ അങ്ങോട്ട് വരാം എന്ന് പറഞ്ഞാണ് പോലീസ് വന്ന് താഴെ കിടക്കുന്നത്.ഇതൊക്കെ ഈ ഒരു മണിക്കൂറിനകത്താണ് നടക്കുന്നത്. പോലീസ് വന്നതിന് ശേഷവും ഫോണ്‍ ഒന്നിന് പുറമെ ഒന്നായി അടിച്ച് കൊണ്ടിരിക്കുകയാണ്. സഹദേവന്‍സാറും, ബഷീര്‍ക്കയും സഹികെട്ട് ഇടയ്ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നുണ്ട്. ഓണ്‍ ചെയ്യുമ്പോ മുതല്‍ പിന്നെയും അടിച്ച് തുടങ്ങും. എടുത്ത് പോയാല്‍ എടാ പോടാ വിളികളാണ് അപ്പുറത്ത് നിന്ന്.ബഷീര്‍ എന്ന മുസ്ലീം പേര് പ്രത്യേകമായെടുത്ത് തെറിക്ക് ഘടകമാക്കുന്നുമുണ്ട്.ആ ദിവസം മുഴുവന്‍ അതങ്ങനെ തുടര്‍ന്നു. ഇടയ്ക്ക് താരതമ്യേന പ്രകോപനം കുറഞ്ഞൊരുത്തനോട് സംസാരിച്ചപ്പോള്‍ സഹദേവന്‍സാറിന് മനസ്സിലായ കാര്യം ഇതാണ്. ഇന്ത്യാവിഷന്‍ താക്കറെയെ അപമാനിച്ചു , ഈ നമ്പരുകളില്‍ വിളിക്കൂ എന്ന് പറഞ്ഞ് ആരൊക്കെയോ മെസ്സേജ് ചെയ്ത് നല്‍കിയതാണ് ഓഫീസിലെയും ഇവരിരുവരുടെയും നമ്പരുകള്‍.സംഘടിതമായ നീക്കം.
മാധ്യമസ്ഥാപനങ്ങളിലേക്കോ, മാധ്യമപ്രവര്‍ത്തകര്‍ക്കോ ചീത്തവിളി വരുന്നത് വളരെ സാധാരണമായ സംഭവമാണ്. തെറി വിളിക്കുന്നവര്‍ പറയുന്ന ഏറ്റവും സാധാരണമായ കാര്യമാണ് കൊല്ലും എന്നത്.സാധാരണഗതിയില്‍ അതങ്ങനെ തന്നെ അവഗണിക്കപ്പെടാറാണ് പതിവ്. പക്ഷെ സിന്ധുവിന്റെ കാര്യത്തില്‍ ഉണ്ടായത് അങ്ങനെ തള്ളിക്കളയേണ്ട സംഗതിയല്ല. രാജേഷ് പറയും പോലെ വാര്‍ത്ത കണ്ട് പ്രകോപിതനായ ഏതെങ്കിലുമൊരാള്‍ വിളിച്ച് നിന്നെ കൊന്ന് കളയും എന്ന് പറയുകയല്ല. ഇല്ലാത്തൊരു കുറ്റം ആരോപിച്ച് വലിയൊരാള്‍ക്കൂട്ടത്തെ മാനസികമായ ആക്രമണത്തിനായി നിയോഗിക്കുകയാണ്. ഒന്നിന് പിറകെ ഒന്നായി വിളിച്ച് തല്ലും,കൊല്ലും എന്ന് പറയുകയാണ്. ഒരാളായിരുന്നെങ്കില്‍ പോടാ പ്രാന്താ എന്ന് പറഞ്ഞ് അവഗണിക്കാമായിരുന്നു. താക്കറെയുടെ മരണത്തിന്റെയന്ന് ഞങ്ങളുടെ ഓഫീസ് അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ജോലി ചെയ്യാനാകാത്ത വിധം ഫ്രീസ് ചെയ്യപ്പെട്ടുവെന്നത് അനുഭവമാണ്.ഇത് പരിഹരിക്കുക എന്നതായി അന്നത്തെ ഏറ്റവും വലിയ പണി. അതിനും ഉപയോഗിക്കേണ്ട ഫോണുകള്‍ പക്ഷെ ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലുമാണ്.

മാധ്യമങ്ങളാല്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ആക്രമിക്കപ്പെടുമ്പോള്‍ അവയടെ അനുയായികളും മാധ്യമങ്ങളെ, ചിലപ്പോഴൊക്കെ മാധ്യമപ്രവര്‍ത്തകരെ ചീത്ത വിളിക്കാറുണ്ട്.സാധാരണമാണത്. പക്ഷെ ഇന്ത്യാവിഷന്റെയും സിന്ധുവിന്റെയും കാര്യത്തില്‍ ഈ സാധാരണ കാര്യമല്ല ഉണ്ടായത്. ഇത് കേരളത്തിലെ മറ്റൊരു രാഷ്ട്രീയപക്ഷവും ചെയ്യാത്ത സംഗതിയാണ് എന്നത് നല്ല ബോധ്യം വേണം. ഇന്ത്യാവിഷനില്‍ ശിവസേനയങ്കില്‍ സിന്ധുവിന്റെ കാര്യത്തില്‍ ബിജെപിക്കാര്‍ തന്നെ. എപ്പോള്‍ വേണമെങ്കിലും ആക്രമണസജ്ജരായി ഇങ്ങനെയൊരു കൂട്ടം നമുക്കിടയില്‍ തന്നെയുണ്ട് എന്നത് നിസ്സാര കാര്യമല്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഈ കൂട്ടത്തിന് പത്തേ പത്ത് മിനിറ്റിന്റെ സാവകാശത്തില്‍ തടസ്സപ്പെടുത്താനാകും എന്നതിനെയാണ് ഗൗരവമായി കാണേണ്ടത്. അത്തരം സംഗതികളിലേക്ക് എല്ലാരും പോയാല്‍ എന്താണുണ്ടാവുക എന്നത് ആലോചിക്കുകയും വേണം.

സിന്ധുവിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട മറ്റൊരു സംഗതി കൂടെയുണ്ട്. ബഷീര്‍ക്കയുടെ കാര്യത്തില്‍ മുസ്ലീം പേരിനെ അവരുപയോഗിച്ചത് പോലെ ഇവിടെ സ്ത്രീയെന്നതിനെയാണ് ഇവിടെ ആ ബഗിടാപ്പികള്‍ ഉപയോഗിച്ചിട്ടുണ്ടാവുക. ഫെയ്‌സ്ബുക്കില്‍ സ്ത്രീകളോട് പെരുമാറുന്ന മലയാളി ആണിന്റെ വാചകങ്ങള്‍ വായിക്കുന്നവരല്ലേ നമ്മള്. എങ്ങനെയാകും ഇങ്ങനെയൊരു കൂട്ടം സിന്ധുവിനോട് സംസാരിച്ചുട്ടുണ്ടാവുക എന്നത് ഊഹിക്കാനാകുന്നതേയുള്ളൂ. സ്ത്രീകളെ തെറിവിളിക്കുന്ന ഈ ഫ്രസ്‌ട്രേറ്റഡ് മല്ലു ആണ്‍കൂട്ടത്തിന്റെ ഭീഷണി കൊല്ലും എന്നതല്ല , അതെക്കാള്‍ വയലന്‍സ് നിറഞ്ഞ ഒന്നാണ് എന്ന് ഫെയ്‌സ്ബുക്ക് വായിക്കുന്നവര്‍ക്കെങ്കിലും അറിയാമല്ലോ. ഒരു നിമിഷം ഇടവേള നല്‍കാതെ , ഇമ്മാതിരി ഭീഷണി സംഘടിതമായി ഫോണില്‍ വിളിക്കുന്നത് ഒരു ഒറ്റവ്യക്തിയെ ഒരു നിലയ്ക്കും ബാധിക്കില്ല എന്നാണോ കരുതുന്നത്.
നിസ്സാരസംഗതിയല്ല ഇത്. ഇതാണ് ഞങ്ങളുടെ പ്രവര്‍ത്തനരീതി അടങ്ങി നിന്നോളണം എന്ന് ബോധ്യപ്പെടുത്തുകയാണ് അവര്‍. മറ്റാരെയും പോലല്ല ഞങ്ങളുടെ രീതി വേറെയാണ് എന്ന് ബോധ്യപ്പെടുത്തുകയാണ്. ഇതിനെ ആവശ്യമായ ഗൗരവത്തിലെടുത്ത് തന്നെ പ്രതിഷേധിക്കണമെന്നാണ് തോന്നുന്നത്.

Share.

About Author

116q, 0.722s