Leaderboard Ad

കണ്ണൂർ വിമാനത്താവളം ഇടതുപക്ഷത്തിന്റെ സ്വപ്ന പദ്ധതി

0

വിമാനത്താവളസ്ഥലം കല്ലുകൊത്താൻ കൊടുത്ത യുഡിഎഫ്‌ സർക്കാർ ഇപ്പോൾ വികസനത്തിന്റെ അപ്പോസ്തലരാവുന്നു. അതാണ്‌ കണ്ണൂര്‍ എയര്‍ പോര്‍ട്ടിന്റെ കാര്യത്തില്‍ ഇപ്പോള്‍ കേരളം കാണുന്നത്.

ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോൾ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിമിന്റെ സഹകരണത്തോടെ ഇ.കെ നായനാർ മന്ത്രിസഭയാണ് വിമാനത്താവളത്തിന് ആദ്യമായി സങ്കോതികാനുമതി  നേടിയെടുത്തത്. പദ്ധതിക്കു തുടക്കം കുറിച്ച 1996ലെ നായനാര്‍ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞശേഷം വന്ന എ കെ ആന്റണി സര്‍ക്കാരിന് കണ്ണൂരില്‍ വിമാനത്താവളമേ ആവശ്യമില്ലെന്ന നിലപാടായിരുന്നു. അതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച കണ്ണൂരിലെ ലെയ്സണ്‍ ഓഫീസും മട്ടന്നൂരിലെ അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫീസും യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി.സർക്കാർ ഏറ്റെടുത്ത സ്ഥലം കല്ലുകൊത്താൻ വേണ്ടി പാട്ടത്തിനു കൊടുക്കുകയായിരുന്നു അന്ന് ചെയ്തത്.

യുഡിഎഫ് സർക്കാർ പദ്ധതി വേഗത്തിൽ മുമ്പോട്ട്കൊണ്ടുപോയില്ല എന്ന് മാത്രമല്ല മാറി മാറി വന്ന യുഡിഎഫ് സർക്കാരുകളുടെ സങ്കുചിത താല്പര്യത്തിന്റെ  ഭാഗമായി 5 വർഷത്തെയെങ്കിലും കാലതാമസം കണ്ണൂർ വിമാനത്താവള പദ്ധതിക്ക്‌ സംഭവിച്ചിട്ടുണ്ട് !!

2005 കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിനു തത്ത്വത്തിൽ അംഗീകാരം നൽകിയപ്പോൾ പോലും അന്നത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭ വെറും 192 ഏക്കർ ഭൂമി മാത്രമേ ഏറ്റെടുക്കാന്നായുള്ളൂ, യുഡിഎഫ് സർക്കാർ സ്ഥലമേറ്റെടുക്കൽ വേഗത്തിൽ നടപാക്കുന്നതിനു പകരം മരവിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തത്.

കഴിഞ്ഞ വി.എസ് മന്ത്രിസഭയാണ് ആവശ്യത്തിനുള്ള ഭൂമി വേഗത്തിൽ ഏറ്റെടുക്കാൻ തീരുമാനിച്ചത്. അച്യുതാനന്ദൻ സർക്കാർ ഭൂമി ഏറ്റെടുക്കലിനു കിൻഫ്രയെ ഏർപ്പെടുത്തി. ഫാസ്റ്റ് ട്രാക്കിൽ 2000 ഏക്കറോളം ഭൂമി വേഗത്തിൽ ഏറ്റെടുക്കാൻ  തീരുമാനിച്ചു. തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 2008 ജൂലായി മുൻ എയർ ഇന്ത്യ ചെയർമാനായിരുന്ന വി. തുളസീദാസിനെ വിമാനത്താവളം സ്പെഷൽ ഓഫീസറായി നിയമിച്ചു. അതോടൊപ്പം തന്നെ മുഖ്യമന്ത്രി ചെയർമാനായി കിയാൽ (KIAL, Kannur International Airport Limited) എന്നൊരു കമ്പനിയും രൂപീകരിച്ചു. പൊതുമേഖലാ സ്വകാര്യ സംരംഭങ്ങളുടെ സംയുക്ത പങ്കാളിത്ത വ്യവസ്ഥയിൽ വിമാനത്താവളം പണിയാമെന്ന കരാറിൽ 2010 ഫെബ്രുവരി 27-നു് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി നിലവിൽ വന്നു.

മുൻ എൽഡിഎഫ് സർക്കാർ നയം കേരളത്തിലെ എയർപോർട്ട്‌ ഹബ്ബായി കണ്ണൂർ വിമാനത്താവള പദ്ധതി മാറ്റാൻ ആയിരുന്നു.അതിനായി 4000 മീറ്റർ റൺവേ ആവശ്യമാണ്.റണ്‍വേയുടെ നീളം കൂട്ടിയാല്‍ അമേരിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള അത്യാധുനിക വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാന്‍ വഴിയൊരുങ്ങും.വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയുന്നതോടെ കേരളത്തിലേക്കു വിദേശസഞ്ചാരികളുടെ ഒഴുക്ക് കൂടുമെന്നായിരുന്നു വിലയിരുത്തല്‍.മാത്രവുമല്ല അനുബന്ധ പദ്ധതികളായി ഐ.ടി പാർക്കുകൾ ഉൾപ്പെടെയുള്ള സ്ഥാപിക്കുകയും അതിലൂടെ കയറ്റുമതി സാധ്യതയും, തൊഴിൽ സാധ്യതയും വർദ്ധിപ്പിച്ച് കണ്ണൂരിന്റെയും, മലബാറിന്റെയും മുഖഛായ മാറ്റാൻ ആയിരുന്നു പദ്ധതി.
അന്ന് മുഖ്യാതിഥിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ആയിരുന്ന ഉമ്മൻചാണ്ടിയെ ഇടതുപക്ഷ സർക്കാർ വിമാനത്താവള ശിലാസ്ഥാപന ചടങ്ങിന് ക്ഷണിച്ചപ്പോൾ അദ്ദേഹം പരിപാടിയിൽ നിന്നും മാറി നിൽക്കുകയായിരുന്നു ചെയ്തത്.!!

കണ്ണൂർ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനത്തിന് പങ്കെടുത്ത മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം ചടങ്ങിൽ വെച്ച് ജനങ്ങളോട് പറഞ്ഞത്
കണ്ണൂരിൽ വിമാനത്താവളം യാഥാര്‍ത്യമാകുമ്പോള്‍ നിങ്ങൾ ആദ്യം സ്മരിക്കേണ്ട നാമം മുൻ മുഖ്യമന്ത്രി ഇ കെ നായനാരെയാണ് എന്നാണ്. വിമാനതാവളത്തിന്റെ സങ്കോതിക അനുമതി കിട്ടാൻ വേണ്ടിയും,  അതിന് ശേഷം വേഗത്തിൽ തന്നെ മറ്റ് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോവാൻ വേണ്ടി അന്നത്തെ മുഖ്യമന്ത്രിയായ ഇ.കെ.നായനാരുടെ നിരന്തരശ്രമം എടുത്ത് പറയേണ്ട ഒന്നാണ്.

എന്നാൽ ഇന്ന് ഉമ്മൻ‌ചാണ്ടി സർക്കാർ വിമാനത്താവളപദ്ധതി മുൻ ഇടതുപക്ഷ സർക്കാരുകൾ വിഭാവനം ചെയ്ത രീതിയിലല്ല മുന്നോട്ട് കൊണ്ട് പോവുന്നത്. റണ്‍വേ വെട്ടിച്ചുരുക്കിയും,  വിമാനത്താവള അനുബന്ധ റോഡുകളുടെ നിര്‍മാണം വേണ്ടവിധത്തിൽ  നടത്താതെയും ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ്കളെലാം ഒഴിവാക്കിയും വിമാനത്താവള പദ്ധതിയുടെ ചിറക് അരിയാനാണ് ശ്രമം.

കണ്ണൂര്‍ വിമാനത്താവളം രാഷ്ട്രീയ പ്രശ്നമല്ല. മറിച്ച് വികസന പ്രശ്നമാണ്. വിമാന സര്‍വിസ് എപ്പോള്‍ ആരംഭിക്കുമെന്ന് ഉമ്മന്‍ ചാണ്ടിക്കു പറയാന്‍ സാധിക്കുന്നില്ല. ഒരു വിമാനമിറക്കുകയാണ് ലക്ഷ്യമെങ്കില്‍ ഇടതുമുന്നണിയുടെ ഭരണ കാലത്തുതന്നെയാകാമായിരുന്നു. എന്നാല്‍, ഇടതുമുന്നണിയുടെ ലക്ഷ്യം കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര നിലവാരത്തിലത്തെിക്കുക എന്നതാണ്. റണ്‍വേ നീളം 4000 മീറ്റര്‍ അനിവാര്യമാണ്. എങ്കിലേ വിമാനത്താവളം ലാഭകരമാവൂ.

കണ്ണൂർ വിമാനത്താവളത്തിന് സർവീസ് ആരംഭിക്കാനുള്ള സംവിധാനമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ അതിനെപറ്റി ഒരു ചർച്ചക്കളും യുഡിഎഫ് സർക്കാർ ഇതുവരെ നടത്തിയിട്ടില്ല പകരം അതിവേഗത്തിൽ ഉദ്ഘാടന മാമാങ്കം നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

രാഷ്ട്രീയലക്ഷ്യങ്ങൾക്കതീതമായ വികസനതാൽപര്യമാണ് വിമാനത്താവളത്തിന് ആവശ്യം. കണ്ണൂരിന്റെ സ്വപന പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ നാട്ടുകാർ ഈ ചതി പൊറുക്കില്ല!!

Share.

About Author

116q, 0.494s