Leaderboard Ad

കുട്ടി = കുറ്റവാളി?

0

ക്ലാസ്സ് മുറികളിലെ കടലിരമ്പങ്ങളുടെ വര്‍ത്തമാനാവസ്ഥയിലേക്ക് ഏറ്റവുമൊടുവിലായി ആഞ്ഞടിച്ചത് ഒരു കൊലപാതക വാര്‍ത്തയാണ്. ഇങ്ങ് വടക്കുള്ളോരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ സഹപാഠിയെ കൊന്ന്, സമൂഹമനസ്സാക്ഷിയെ മരവിപ്പിച്ച്സ്വയം നടുങ്ങി നില്‍ക്കുന്ന രണ്ടു വിദ്യാര്‍ഥികളെക്കുറിച്ചുള്ള  വാര്‍ത്ത. നാലുവയസ്സുകാരിയെ പീഡിപ്പിച്ച ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തവിശേഷത്തിന്‍റെ ചൂര് മായും മുന്നേയാണ്‌ ഇതെന്നോര്‍ക്കണം. ലഹരിയുടെ കനല്‍ച്ചുഴികളില്‍ സ്വയം അകപ്പെട്ടും അകപ്പെടുത്തിയും കൌമാരങ്ങളേറെയും പൊതു വിദ്യാലയങ്ങളുടെ ഉള്ളിടങ്ങളില്‍ അര്‍ദ്ധമയക്കത്തിലാണ്ടു കിടപ്പുണ്ട് എന്ന വിളറിയ സത്യം മനസ്സിലാക്കിയതും ഈയടുത്ത കാലത്ത് തന്നെ. ഭാവിയുടെ ഭാവാര്‍ത്ഥങ്ങളുടെ പരിശീലനക്കളരിയില്‍ എങ്ങനെ, എന്തുകൊണ്ട് ഇത് സംഭവിക്കുന്നുഎന്ന ചോദ്യം ആദ്യം വിരല്‍ ചൂണ്ടുക അധ്യാപകന് നേരെയായിരിക്കും. അറിവ് അതിന്റെ എല്ലാവിധ സാമൂഹിക സാംസ്കാരിക മാനങ്ങളോടും കൂടി വിനിമയം ചെയ്യപ്പെടേണ്ടുന്ന ഇടം തേടി എത്തുന്നവരാണ് വിദ്യാര്‍ഥികള്‍. ക്ലാസ്സ് മുറിക്കകത്തും  പുറത്തും സമൂഹത്തെ രൂപപ്പെടുത്താന്‍ ബാധ്യതപ്പെട്ടവര്‍ അധ്യാപകര്‍. മനുഷ്യന്‍ എന്ന ജൈവ നിര്‍മ്മിതിയെ മാനുഷികതയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ എന്ന നിലയില്‍ ഏറ്റവും ഉദാത്തമായൊരു സാമൂഹിക പ്രവര്‍ത്തനം കൂടി ആണ് അധ്യാപകര്‍ക്ക് നിര്‍വഹിക്കാനുള്ളത്. കുട്ടിയെചുറ്റിനില്‍ക്കുന്ന സാമൂഹിക, വൈകാരിക തലങ്ങളും കുടുംബപശ്ചാത്തലവും അവനുമായി ഏതു രീതിയിലാണ്സംവദിക്കപ്പെടേണ്ടത് എന്നതിന്‍റെ നേര്‍ക്കാഴ്ചയാണ്‌ അധ്യാപകനുണ്ടാവേണ്ടത്. കുറ്റവാളികളുടെ വികലമാനസിക നിലയിലേക്കു താഴുന്ന കുട്ടികളെ യഥാര്‍ത്ഥ മൂല്യങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിതന്നെയാണ്.

യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകന്‍ മാത്രമാണോ ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടത്? പുതുകാലത്തിന്റെ തിരത്തള്ളലില്‍ അരുതായ്മകളിലേയ്ക്ക് തെറിച്ചുവീഴുന്ന കൌമാരവും കുട്ടിത്തവുമെല്ലാം സമൂഹത്തിന്റെ ചുവടുപിഴച്ച ഇടപെടലുകളുടെ സൃഷ്ടിയാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. സ്നേഹം, ദയ, സഹിഷ്ണുത, സാഹോദര്യം, വിനയം, പരസ്പരബഹുമാനം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ ഒറ്റയടിക്ക് ഇറക്കുമതി ചെയ്യേണ്ടുന്ന സാമൂഹികസ്ഥാപനമാണ് അദ്ധ്യാപകന്‍ എന്ന ധാരണയില്‍ പൊതുസമൂഹം മാറിനില്‍ക്കുന്ന ഒരുസ്ഥിതിവിശേഷം നിലനില്‍ക്കുന്നു. രക്ഷിതാക്കള്‍, സര്‍ക്കാര്‍, നിയമസംവിധാനം, വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍, മീഡിയ, സന്നദ്ധസംഘങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ ചെറുതല്ലാത്ത പങ്കുവഹിക്കാനുണ്ട് ഈ കാര്യത്തില്‍. സാമൂഹിക-സാംസ്കാരിക വൈകാരിക ബന്ധങ്ങളുടെ ഉലയില്‍ അതീവ ശ്രദ്ധയോടെ ഊതിക്കാച്ചിയെടുക്കേണ്ടുന്ന പൊന്നാണ് കുട്ടിയുടെ സ്വഭാവമെങ്കില്‍ അത് ചെയ്യേണ്ടത് എല്ലാവരും കൂടിയാണ്. പൊതുസമൂഹത്തിന്റെ ഇടപെടല്‍ സക്രിയമാക്കുവാന്‍ മുന്നിട്ടു നില്‍ക്കുക എന്നത് അധ്യാപകന്‍റെ ധാര്‍മികമായ ഉത്തരവാദിത്വങ്ങളില്‍പ്പെടുന്നു.

ക്ലാസ്സില്‍ അഞ്ചു മിനുട്ട് താമസിച്ചുവന്ന പതിനാലുകാരന്‍ അടുത്തുകൂടെ പോയപ്പോള്‍ അനുഭവപ്പെട്ട സിഗരറ്റിന്‍റെ ഗന്ധം കൊണ്ടെത്തിച്ചത് ലഹരിയുടെ രൂപാന്തരങ്ങളില്‍ ലക്കുകെട്ടുപോയ കൌമാരങ്ങളുടെ ഞെട്ടിക്കുന്ന കണക്കിലേക്കായിരുന്നു എന്ന് ചില അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോള്‍ പല രീതിയിലുമുള്ള ലഹരിവസ്തുക്കള്‍ കുട്ടികളെ ഉപയോഗിച്ചുതന്നെ വില്‍പ്പന നടത്തുകയും വിതരണം ചെയ്യുകയും ചെയ്യാറുണ്ടായിരുന്നുവെത്രേ. പോലീസും നിയമവും ഇടപെട്ട്‌ അതിനു അറുതി വരുത്തിയെങ്കിലും കണ്മുന്നിലെ പാതിയടഞ്ഞ മിഴികളിലെ പാടകെട്ടിയ ലഹരി പലതും വിളിച്ചു പറയുന്നു കേട്ടവർ  നടുങ്ങുന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിതരണവും ഒക്കെ നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് പാടെ തുടച്ചുനീക്കാന്‍ നമ്മുടെ നിയമസംവിധാനത്തിനു കഴിയുന്നില്ലെന്നു വേണം പറയാന്‍. എത്ര തുരത്തിയാലും പതുങ്ങി നിന്നാക്രമിക്കുന്ന പ്രതിലോമശക്തിയായി ലഹരിയുടെ ദംഷ്ട്രകള്‍ കൂര്‍ത്ത് മൂര്‍ത്തുകൊണ്ടിരിക്കുന്നു. ചിന്താശേഷിയെ ദഹിപ്പിക്കുന്ന ലഹരിയുടെ രുചിഭേദങ്ങള്‍, വലിയൊരു വിഭാഗം കുട്ടികളെയും വിവേക ശൂന്യതയുടെ ചതുപ്പിലേക്ക് എടുത്തെറിഞ്ഞു കൊണ്ടിരിക്കുകയാണ്. അപകടകരമായൊരു മസ്തിഷ്ക നിര്‍മ്മിതിയിലൂടെ സ്ഥലകാലപരിസരങ്ങളെ നോക്കിക്കാണുന്ന കിറുങ്ങിയ കൌമാരം കൊല്ലും കൊലയും പീഡനവും നടത്തിയില്ലെങ്കിലേ അതിശയമുള്ളൂ. ലഹരിയുടെ വായ്ത്തലയേറ്റ് ശിരഛേദം സംഭവിച്ചു പോയ നിഷ്കളങ്കതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇച്ഛാശക്തിയോടെയുള്ള, ബോധപൂര്‍വ്വമായ , സജീവമായ ഇടപെടലുകള്‍ എല്ലാവരും ചേര്‍ന്ന് നടത്തേണ്ടതുണ്ട്. ഭരണ സംവിധാനവും പൊതുസമൂഹവും അധ്യാപകനൊപ്പം നിന്നാല്‍ കലങ്ങിയൊഴുകിപ്പോവാനുള്ളതേയുള്ളൂ, കൌമാരത്തെ മലിനമാക്കിയ ഈ കടും കറ.

ഇന്റര്‍നെറ്റ്‌, മൊബൈല്‍ തുടങ്ങിയവയുടെ ഇരുണ്ടവഴികള്‍ നല്‍കുന്ന ഭ്രമാത്മകതയില്‍ അഭിരമിച്ച്, ആവശ്യങ്ങള്‍ക്കും ദുര്‍മ്മോഹങ്ങള്‍ക്കുമിടയിലുള്ള അതിരേതെന്നറിയാതെ ദിശതെറ്റി നില്‍ക്കുന്ന അഴുകിയരോഗാവസ്ഥയും “കുട്ടി”യെ “കുറ്റവാളി”യാക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. ലൈംഗികതയുടെ രോഗാതുരഭാവനകള്‍ വിളയുന്ന അതിരില്ലാപ്പരപ്പിലേക്ക് വിരലൊന്നമര്‍ത്തിയാലെത്താം എന്ന അപാരസാധ്യത അവനെ വികലമനസ്സിന്‍റെ ഉടമയാക്കുകയാണ്. പെണ്ണുടലില്‍ ഗുരുവിനെക്കാണാതെ, സഹപാഠിയെക്കാണാതെ, സഹോദരിയെക്കാണാതെ, അമ്മയെക്കാണാതെ, മാംസക്കെട്ടുകള്‍ മാത്രമാണവരെന്ന ലൈംഗിക ജൈവികമാത്ര വായനയിലേക്ക് അവന്‍ ചിതറിത്തീരുകയാണ്. മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന കൂടുതല്‍ പാഠഭാഗങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണ്ടതുണ്ട്. ജീര്‍ണതകളെ ഇഷ്ടപെടുന്ന മാനസിക വൈകല്യത്തില്‍നിന്നും നല്ല ചിന്തയിലേക്ക് വളരാന്‍ പാകത്തില്‍, വര്‍ത്തമാന പരിസരങ്ങളുടെ പശ്ചാത്തലം മുന്നില്‍ കണ്ടുകൊണ്ട് പാഠപുസ്തകങ്ങള്‍ക്ക് രൂപം നല്‍കേണ്ടത് അനിവാര്യമായിരിക്കുന്നു. മാറിയ കാലത്തിന്‍റെ നൂതന വിഹ്വലതകള്‍ക്ക്‌ മുന്നില്‍ അടിപതറാതിരിക്കാന്‍, യുവത്വത്തിന്‍റെ മഹാജ്വാല തെളിയിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഭരണ നേതൃത്വവും ജാഗരൂകരായേ പറ്റൂ. ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം തന്നെ മൊബൈലും ഇന്റര്‍നെറ്റും കുട്ടി എങ്ങനെകൈകാര്യം ചെയ്യുന്നു എന്ന് നിരീക്ഷിക്കുകയും ചെയ്യേണ്ടതാണ്.

സ്കൂളുകളില്‍ ആരോഗ്യകരമായൊരു രാഷ്ട്രീയപ്രവര്‍ത്തനം എന്തുകൊണ്ടും അഭികാമ്യം തന്നെ. അനീതിക്കെതിരെയുള്ള പൊള്ളുന്ന മുദ്രാവാക്യമായ്ജ്വലിക്കുവാന്‍ ഒരു വിദ്യാര്‍ഥിയെ പ്രാപ്തമാക്കുക എന്നതാണ് ആരോഗ്യകരമായ രാഷ്ട്രീയപ്രവര്‍ത്തനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സര്‍ഗ്ഗാത്മകമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ തിളക്കമുള്ള ഉല്‍പ്പന്നമാണ്‌ ഒരു വിദ്യാര്‍ത്ഥി എങ്കില്‍ അവന്‍ ഒരിക്കലും സാംസ്കാരിക മൂല്യങ്ങളില്‍ നിന്നും നീതിബോധത്തില്‍ വ്യതിചലിക്കില്ല . എന്നാല്‍ തെറി പറയാനും തല്ലാനും മാത്രമാണ് രാഷ്ട്രീയം എന്ന് വിദ്യാര്‍ഥി ധരിക്കുന്നിടത്ത് അവന്‍റെ മനസ്സ് ചെകുത്താന്‍റെ പണിപ്പുരയായ്മാറുന്നു. അരാഷ്ട്രീയതയുടെ അഴുക്കേല്‍ക്കാതെ, സമുന്നതമായ ചിന്തകളുടെ തീപ്പന്തങ്ങളായി കത്തിത്തെളിയുവാനുള്ള തലമുറകളെ സൃഷ്ടിക്കുവാന്‍ മൂല്യബോധമുള്ള ഒരുവിദ്യാര്‍ഥി പ്രസ്ഥാനത്തിന് കഴിയും. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ക്രിയാത്മകമായി എന്തൊക്കെയാണ് ചെയ്യാന്‍ കഴിയുക എന്നത് വിദ്യാർത്ഥിപ്രസ്ഥാനങ്ങള്‍ ചിന്തിക്കേണ്ടതാണ്. മയക്കത്തിലാണ്ട യുവത്വത്തെ നന്മയിലെക്കുണര്‍ത്തുവാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കു കൂടി ഉണ്ടെന്നു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ബോധ്യപ്പെടേണ്ടുന്ന സമയം അതിക്രമിച്ചു. കാലിടറിപ്പോകുന്ന കൌമാരം സഹതാപം അര്‍ഹിക്കുന്നു. ഭരണസംവിധാനവുംനിയമവും പൊതുസമൂഹവും മാതാപിതാക്കളും അധ്യാപകനോട് ചേര്‍ന്ന് തന്നെ ഈ വിഷയത്തെ ഗൌരവമായി സമീപിക്കണ്ടതാണ്. ”കുട്ടി” യില്‍ നിന്നും “കുറ്റവാളി”യിലേക്കുള്ള മുള്‍വഴികളില്‍ വിധിവിചാരണകള്‍ കൂടാതെ, പരിഗണന നല്‍കാതെ അവനെ ഭ്രഷ്ടനാക്കിയാല്‍ കാലത്തിന്‍റെ വ്യാകരണത്തെറ്റുപോലെ ,സമൂഹത്തിന്റെ അഴുക്കുകാഴ്ചയായി അവന്‍ നമ്മുടെ കണ്ണിനെ കുത്തിമുറിവേല്‍പ്പിച്ചു കൊണ്ടിരിക്കും. തെറ്റിന്റെ വന്‍ വിസ്ഫോടനത്തിനുള്ള വെടിപ്പുരയില്‍ അവന്‍ സ്വയം സജ്ജമാകുന്നത് നാംകാണേണ്ടി വരും. അവനെ അങ്ങനെയൊരവസ്ഥയിലേക്ക് തള്ളിവിടുന്നതെന്തും ശിക്ഷാര്‍ഹാമാണ്. പ്രത്യേകശ്രദ്ധയും ,പരിഗണനയും ,സംരക്ഷണവും, സ്നേഹവും പിന്നെ ഏവരുടെയുംഒറ്റക്കെട്ടായ,ക്രിയാത്മകമായ ഇടപെടലും അവനെ കുട്ടിത്തമുള്ള,നന്മയുടെ പൊന്‍താരകമായി മാറ്റിയേക്കാം .

Share.

About Author

136q, 0.673s